Friday, 3 April 2026

ചെറിയ ഹൈക്കും വലിയ നടത്തവും

2022 നടത്തങ്ങളുടെ കൊല്ലമായിരുന്നു.

കൊറോണ കെട്ടിവീട്ടിലിരുത്തിയതിന്റെ ബോറടിയും, കഴിഞ്ഞ കോഴിദിനത്തിനു ഭാര്യ സമ്മാനിച്ച വാച്ചിലെ എക്സർസൈസ് ചലഞ്ചുകൾ തീർക്കുകയെന്ന പുതിയ ഇന്ററസ്റ്റും കൂടിച്ചേർന്നാണ് ഈ നടത്തപ്പരിപാടി ഒരു ഹരമായി മാറിയത്. നടന്നും ഓടിയും, ഭക്ഷണത്തിൽ കാര്യമായ കോമ്പ്രമൈസുകൾ ചെയ്യാതെ അങ്ങനെ ഏഴെട്ടുകിലോ കുറയ്ക്കാൻ ഈ കാലയളവിൽ പറ്റിയിരുന്നു.

സോ, ഈ നടത്തപ്രാന്ത് അങ്ങനെ തിലകത്തിനും പകർന്നതിന്റെ ഭാഗമായി പുള്ളി ഒരു ഷൂ വാങ്ങാൻ തീരുമാനിച്ചു. ചെറിയൊരു ഡ്രൈവും ആവും എന്നുള്ള നിലക്ക് കുറച്ചുദൂരെ, കമ്പനി ഔറ്റ്ലെറ്റുകൾ നിറയെയുള്ള ഗിൽറോയിലേയ്ക്കൂ പോവാമെന്നു ഞങ്ങൾ തീരുമാനിച്ചൂ.

അങ്ങനെ ലഞ്ചുകഴിഞ്ഞ് അങ്ങോട്ടൊരു പെടപെടച്ച് അവിടുന്ന് ഷൂ ഒക്കെ വാങ്ങി തിരിച്ചുവരുമ്പോ ഒരു മൂന്നു മണിയായിക്കാണും. വരുന്ന വഴിയിലുള്ള ഏതെങ്കിലും ഹൈക്കിങ് ട്രെയിലിൽ കേറി ഒന്നു നടന്നിട്ട് പുതിയ ഷൂ ഉൽഘാടിച്ചിട്ടു പോവാമെന്നൊരു ആഗ്രഹം അപ്പോൾ ഉടലെടുത്തു. അതിന്റെ പുറത്ത് ഞങ്ങൾ റൂട്ടിലുള്ള പറ്റിയ സ്ഥലങ്ങൾ നോക്കി, ഒരു വലിയ തടാകത്തിന്റെ അരികിലുള്ള, രണ്ടുമൂന്നു കുന്നുകളെ ചുറ്റിയുള്ള ഒരു ട്രെയിൽ കണ്ട് ഉറപ്പിച്ചു.വിന്ററായതിനാൽ നാലരയോടെ സൂര്യമണി മുങ്ങും. സോ, മൊത്തം ട്രെയിൽ എടുക്കാൻ നമുക്ക് പറ്റില്ലാന്ന് ആദ്യമേ തീരുമാനിച്ചു. പാർക്കിങ്ങിൽ നിന്നും തടാകം വരെ പോയി തിരിച്ചു വരുന്ന, രണ്ടു മൈലിന്റെ ഒരു കുഞ്ഞുലൂപ്പ് ആണ് ഞങ്ങൾ തെരെഞ്ഞെടുത്തത്.

അങ്ങനെ ഞങ്ങൾ നടപ്പ് തുടങ്ങി. നല്ല അന്തരീക്ഷം, അധികം ജനത ഇല്ല. ആകെ ഉള്ളത് ഇടക്കുവരുന്ന സൈക്കിളുകാരാണ്. അവരോടിങ്ങനെ കൈയും കാണിച്ച് , വഴിയിലെ ഓക്കുമരങ്ങളുടെ ചാഞ്ഞകൊമ്പുക്കളിൽ ആടിത്തൂങ്ങി, പടമെടുപ്പുകളുമൊക്കെയായി, അസ്തമയത്തിന്റെ പുറപ്പാടുകളൊക്കെ കണ്ട് വർത്താനം പറഞ്ഞ് ഞങ്ങളിങ്ങനെ
ദൂരെ കാണുന്ന തടാകത്തെ ലക്ഷ്യമാക്കി നടന്നു.

ഇടക്കൊരു ഫോർക് വന്നു. അതാണെങ്കിൽ ഗൂഗിൽ മാപിൽ അടയാളപ്പെടുത്തിയിട്ടില്ല. ആൾട്രെയിൽസ് എന്ന ആപ്പാണ് സാധാരണ യൂസാറുള്ളത്. അതിലാണെങ്കിൽ റൂട്ട് കൃത്യമായി ലേക്കിലേക്ക് കാണിക്കുന്നുമുണ്ട്. രണ്ടും കല്പിച്ച് ഞങ്ങൾ ലേക്കിന്റെ ദിശയിലേക്ക് നടക്കാൻ തുടങ്ങി. ഏകദേശം ഒരു മണിക്കൂറോളം നടന്നു കഴിഞ്ഞ് ലേക്കിനടുത്ത് ചെന്ന് ഫോട്ടോയെടുപ്പൊക്കെ കഴിഞ്ഞപ്പോഴേക്കും, സൂര്യൻ സാന്താക്രൂസ് മലനിരകളുടെ ഉച്ചി തൊട്ടിരുന്നു. എന്നാലിനി തിരിച്ചുപോവാന്നു വിചാരിച്ചു മാപ് നോക്കിയപ്പോ ഞങ്ങളു വന്ന ലൂപ്പ് കറങ്ങിത്തിരിഞ്ഞ് പാർക്കിങ് ലോട്ടിൽ നിന്നു വന്ന വഴിയിലേക്കു തന്നെ തിരിച്ചെത്തുന്നതായിട്ടാണ് കണ്ടത്. സോ, അതേ വഴി ഒരു മൈൽ നടന്നാൽ വെളിച്ചം പോവുമ്പോഴെക്കും തിരിച്ചെത്താമെന്ന കണക്കുകൂട്ടലിൽ ഞങ്ങൾ മാപ്പ് ഫോളോ ചെയ്ത് നടപ്പുതുടർന്നു.

ഒരു ഇരുപതുമിനിറ്റൂടെ കഴിഞ്ഞപ്പോ എനിക്കെന്തോ പന്തികേടു തോന്നി. മാപിലെ ട്രെയിലും നമ്മുടെ നടപ്പും തമ്മിൽ അങ്ങോട്ട് കൃത്യമായി അലൈൻ ആവുന്നില്ല. ആ ഗാപ് കൂടിക്കൂടി വരുന്നു. ഒരഞ്ചുമിനിട്ട് കൂലങ്കുഷമായി നിന്നാലോചിച്ചപ്പോഴാണ് സംഗതി കത്തീത്. ഇടക്കെപ്പോഴോ നമ്മുടെ ട്രെയിലിൽ നിന്നുള്ള ഏതോ ടേൺ ഞങ്ങൾക്കു മിസ്സായിട്ടുണ്ട്. ഞങ്ങളിപ്പോ പാർക്കിങ്ങിൽ നിന്നും നാലുമൈൽ ദൂരെയാണ്. ഒരു വശത്ത് കുറ്റിക്കാടുപിടിച്ച കുന്നുകളും മറ്റേ സൈഡിൽ എമണ്ടനൊരു തടാകവും! ഒരു മനുഷ്യക്കുഞ്ഞിനെപ്പോലും കാണാനില്ല. തണുപ്പും ഇരുട്ടും ഏറി വരുന്നുമുണ്ട്.

ഗൂഗിൾമാപ്പെടുത്ത് അട്ടത്തുവെച്ച് ആൾട്രെയിൽസ് ആപ്പ് ഓപ്പൺ ചെയ്തു. അതിൽ ഇപ്പോൾ നമ്മുടെ ട്രെയിൽ വൃത്തിയായി കാണുന്നുണ്ട്. വെറും എട്ടര മൈലുള്ള ഒരു ലൂപ്പിന്റെ ഏകദേശം മധ്യത്തിലായാണ് നുമ്മടെ അപ്ലത്തെ നിപ്പ്! അടിപൊളി! അധികം ആലോചിച്ച് കരിക്കാതെ തിലകത്തിനോട് കാര്യം പറഞ്ഞു. എന്താണ് ബെസ്റ്റ് പോംവഴിയെന്നാലോചിച്ചു, തിരിച്ചുനടന്നാൽ ഒരു മണിക്കൂറു കൊണ്ട് പാർക്കിങ്ങിലെത്താം. മുന്നോട്ടുപോയാൽ ഏകദേശം മൂന്നുമൂന്നര മൈൽ എടുക്കും, കുറച്ചു സമയം ലാഭിക്കാം. പക്ഷേ മുന്നിലുള്ള സ്ഥലത്തിന്റെ ഭൂമിശാസ്ത്രം എന്തായിരിക്കുമെന്ന് നമുക്കൊരു ധാരണയും ഇല്ല. വല്ല കാടും വരുമോ, അതോ മൃഗങ്ങൾ ഇറങ്ങുന്ന വല്ല സ്ഥലവുമാണോ, ഇരുട്ടിൽ പരിചയമില്ലാത്ത സ്ഥലത്തൂടെ പോവുന്നതാണോ അതോ വന്ന വഴി തിരിച്ചുപോവുന്നതാണോ ബെറ്റർ എന്നതൊക്കെയായിരുന്നു ചിന്ത.

ഒടുവിൽ നേരെ തന്നെ പോയി കിട്ടുന്ന സമയം ലാഭിക്കാമെന്ന ഓപ്ഷനാണ് നറുക്കുവീണത്. ചെറുതായി നമുക്ക് ഒരു ആധിയൊക്കെ വന്നു തുടങ്ങിയിരുന്നു. ഒരാഴ്ച മുൻപോ മറ്റോ ആയിരുന്നു അടുത്തുള്ള മറ്റൊരു ട്രെയിലിൽ മൗണ്ടൻ ലയൺ ഏലിയാസ് പ്യൂമ ഏലിയാസ് കൂഗർ ആരെയോ ആക്രമിച്ചൂന്നൊക്കെ പറഞ്ഞ് ആ പാർക്ക് പുള്ളിയെ പിടികൂടുന്ന വരെ പൂട്ടിയിട്ടത്. നമ്മളിപ്പോ നടക്കുന്ന ഏരിയയും ഏതാണ്ടൊരു കുറ്റിക്കാട് ഫീലായിക്കൊണ്ടിരിക്കുകയുമാണ്.

ഏതാണ്ടൊരു പത്തുമിനിറ്റ് കഴിഞ്ഞപ്പോഴെക്കും കർട്ടനിട്ട പോലെ വെളിച്ചം പോയതും കുറേ മരങ്ങളുള്ള ഒരു ഏരിയയിലേക്ക് ട്രെയിൽ തിരിഞ്ഞതും ഒന്നിച്ചായിരുന്നു. സൂര്യമണി സാന്താക്രൂസിലേക്കു താഴ്ന്നാൽപ്പിന്നെ അന്ധകാരം പരക്കുന്നത് ശടപടേ ശടപടേന്നായിരിക്കുമെന്നായിരുന്നു ശാസ്ത്രം! ഉള്ളിലെ കിളികൾ പറക്കണോ വേണ്ടയോ എന്ന ചിന്തയിൽ അസ്വസ്ഥത കാണിച്ചു തുടങ്ങുന്നുണ്ടായിരുന്നു. തിലകവും പുത്രക്കല്ലും ഓള്രെഡി നല്ല ടെൻഷനിലായിരുന്നു. മാപ്പിൽ നമ്മുടെ റൂട്ട് വളരേ വളരേ കറക്റ്റാണ് എന്നതുമാത്രമായിരുന്നു ആശ്വാസം. പക്ഷേ, ഞങ്ങൾ രണ്ടുപേരുടേയും ഫോണിൽ ബാറ്ററി ചാർജ് ചുവപ്പിലായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. മാപ്പിട്ട് നടന്നാ ചാർജ്ജ് പെട്ടെന്ന് തീരുന്നതു കാരണം ഒരാളുടെ ഫോൺ ഓഫ് ഫ്ലൈറ്റ് മോഡിലാക്കി വെച്ചു. ഭാഗ്യത്തിന് അന്ന് ചെറുതായി നിലാവെളിച്ചമുള്ള ടൈമായിരുന്നു. ഇടക്ക് വരുന്ന മരക്കൂട്ടങ്ങളുടേം കുറ്റിക്കാടിന്റേം ഏരിയയിൽ മൂന്നുപേരുടേം കയ്യിലെ വാച്ചിലെ ഫ്ലാഷ് ലൈറ്റ് വെച്ച് വഴിനോക്കി നടക്കാൻ പറ്റുന്നുണ്ടായിരുന്നു.

അങ്ങനെ കുറേ നടന്നു കഴിഞ്ഞപ്പോ, ട്രെയിൽ മറ്റൊരു ഫോർക്കിലെത്തി. അവിടെ വെച്ച് പാഞ്ഞുവരുന്ന ഒരു സൈക്കിൾകാരനെ കണ്ടു. പുള്ളിക്ക് ഞങ്ങളെ ആ സമയത്ത് അവിടെ കണ്ടതിൽ ആകെ അത്ഭുതം. പുള്ളി ലേറ്റായ കാരണം പാഞ്ഞുപോയ്ക്കൊണ്ടിരിക്കാണ്, ഞങ്ങൾ വന്ന വഴിയിലൂടെ. ഞാൻ ഓൾട്രെയിൽസ് മാപ് കാണിച്ച് ഈ വഴി അറിയാമോന്ന് പുള്ളിയോട് ചോദിച്ചു. പുള്ളി അങ്ങനൊരു വഴി കണ്ടിട്ടില്ലെന്ന്! ഞങ്ങളാകെ ടെൻഷനിലായി. ഒരു അഞ്ചു മൈലോളം നമ്മൾ നടന്നു കഴിഞ്ഞു. ഇനി മൂന്നു മൈലൂടെ നടന്നാൽ എത്തുമെന്ന പ്രതീക്ഷയിലാണ് നടപ്പ്. അങ്ങനൊരു വഴി ഇല്ലെന്ന് പുള്ളി പറയുമ്പോ ഇനി തിരിച്ചു പോവുന്നതാണോ സുരക്ഷിതം എന്നതായിരുന്നു ചിന്ത. ഓൾട്രെയിൽസ് മാപ്പുകൾ ഹൈക്ക് ചെയ്യുന്നവർ അപ്ഡേറ്റ് ചെയ്യുന്നതാണെന്നാണറിവ്. അതെപ്പോഴും ഒഫീഷ്യൽ ആവണമെന്നില്ല. സോ, അതിലൊരു റിസ്ക് എലമെന്റുണ്ട്.

പുള്ളി നമുക്ക് ആൾടെ ഫ്ലാഷ്ലൈറ്റ് ഓഫർ ചെയ്തു, നേരെ നടന്നാൽ അഞ്ചാറു മൈലിൽ മറ്റൊരു പാർക്കിങ് ഉണ്ടെന്നു പറഞ്ഞു. പക്ഷേ അത് ഞങ്ങളുടേതല്ല എന്ന് നമുക്ക് മനസിലായി. എന്തായാലും പുള്ളിയോട് വിട്ടോളാൻ പറഞ്ഞ് ഞങ്ങൾ ആപ്പ് കാണിക്കുന്ന മാപ്പ് തന്നെ തുടരാൻ തീരുമാനിച്ചു.

ഏതാനും അടി നടന്നപ്പോത്തന്നെ ട്രെയിലിൽ നിന്നും, കാട്ടുതീ പിടിച്ചാൽ പടരാതിരിക്കാൻ ഇടക്ക് പുല്ലും ചെടികളുമൊക്കെ മാറ്റി ഉണ്ടാക്കിയിടുന്ന വലിയ വഴികൾ പോലെയുള്ള ഫയർ റോഡുകളിലൊന്നു കണ്ടു. അതിലേക്കു തിരിയാനാണ് മാപ് പറയുന്നത്. അതാണെങ്കിൽ കുത്തനെ ഒരു കുന്നിലേക്കുള്ള കയറ്റവുമായിരുന്നു. ഭാര്യേം മോനുമൊക്കെ അപ്പോഴേക്കും നല്ല പോലെ ടെൻഷനും ക്ഷീണവും അടിച്ച് ആകെ പരവശരായിരുന്നു. ഓരോ മരത്തിന്റെ അടുത്തെത്തുമ്പോഴും പ്രേതപടങ്ങളിലെ പോലുള്ള ഒരു മാതിരി കിളികളുടെ ഒച്ചയും, ഇടക്കിടക്ക് കേൾക്കുന്ന മൂങ്ങകളുടെ നല്ല ബാസിട്ട സൗണ്ടുമൊക്കെ ചേർന്ന് സീൻ ആകെ നല്ല ഡാർക്കായിരുന്നു. കയറ്റം കണ്ടതോടെ തിലകത്തിന്റെ നല്ല ജീവൻ പോയി. പുള്ളി ആകെ പരവശയായിക്കഴിഞ്ഞിരുന്നു.

രണ്ടോ മൂന്നോ നല്ല കയറ്റിറക്കങ്ങളും രണ്ടു കുന്നുകളും ഞങ്ങൾ താണ്ടിക്കഴിഞ്ഞിരുന്നു. കുന്നിന്റെ താഴെ ഫോണിനു റേഞ്ച് കിട്ടുന്നില്ലായിരുന്നു. സോ, മാപ്പിനെ വിശ്വസിക്കാൻ പറ്റാതായി. റേഞ്ച് കിട്ടുന്ന ടൈമിൽ മാക്സിമം മുന്നോട്ടുള്ള വളവുകളും തിരിവുകളും മന:പാഠമാക്കാനാണ് പിന്നെ നോക്കിയത്. ഇങ്ങനൊരു കുടുക്കിൽ ചാടുമെന്ന് ഒരു വിദൂരമായ ചിന്ത പോലുമില്ലാത്തതിനാൽ യാതൊരു പ്രിപ്പറേഷനുമില്ലാത്തതിന്റെ ഒരു ടെൻഷനും ഉള്ളിലിങ്ങനെ വളരുന്നുണ്ടായിരുന്നു. കുന്നിന്റെ മുകളിൽ ഫോണിനു റേഞ്ച് വരുമെന്ന പ്രതീക്ഷയിൽ ആദ്യം മുകളിലെത്തിയിട്ട് കുറച്ചുനേരം വിശ്രമിച്ചിട്ട് വീണ്ടും നടക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. തുടർച്ചയായ മൂന്നാമത്തെ കുന്നായിരുന്നു കയറേണ്ടിയിരിരുന്നത്. മുകളിലെത്തിയപ്പോഴേക്കും മൂന്നു പേരുടേയും പരിപ്പ് ലൂസായിരുന്നു.

ആ ഏരിയയിലൊന്നും മനുഷ്യവാസത്തിന്റെയോ സാന്നിധ്യത്തിന്റെയോ ഒരു ചെറിയ സാധ്യത പോലും കാണാഞ്ഞതിനാൽ, ഒരു മുൻകരുതലിന് പാർക്ക് റേഞ്ചറുടെ നമ്പർ (എന്തോ ഭാഗ്യത്തിന് റേഞ്ച് വ്ന്ന ടൈമിൽ അത് നോക്കി സേവ് ചെയ്തു വെച്ചിരുന്നു) ട്രൈ ചെയ്തു. ആ ഭീകരനാണെങ്കിൽ അന്നു ലീവെടുത്ത് പോയിരിക്കുന്നു. ഓഫീസ് സമയം കഴിഞ്ഞതിനാൽ ഓഫീസ് നമ്പറിലും വോയ്സ് മെസേജിലേക്കാണ് പോവുന്നത്. ആകെ പ്രാന്തു വന്നു. എന്തായാലും കുന്നിന്റെ മുകളിലെത്തി റേഞ്ച് വന്ന ടൈമിൽ ഒരു കൂട്ടുകാരിയെ വിളിച്ച്, കിട്ടിയ എട്ടിന്റെ പണിയുടെ വിശദാംശങ്ങൾ ധരിപ്പിച്ചു. രണ്ടു മൈലിൽ താഴെയേ ഇനി മാപ്പിൽ ദൂരം കാണിക്കുന്നുള്ളൂവെന്നതിനാൽ എന്തെങ്കിലും കാരണവശാൽ ഇനി ഒരു മണിക്കൂറിനുള്ളിൽ ഞങ്ങളെ കോണ്ടാക്റ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ 911 വിളിക്കാൻ പറഞ്ഞ് ഫോൺ വെച്ചു.

അടുത്തൊരു ചെറിയ കുന്നൂടെ കേറിക്കഴിഞ്ഞപ്പോഴാണ് ആശ്വാസം നൽകുന്ന കാഴ്ച കണ്ടത്. ആദ്യം ഞങ്ങൾ ചുറ്റിവന്ന തടാകവും അതിന്രപ്രത്തുള്ള വീടുകളുടെ വെളിച്ചവുമെല്ലാം ഒരു പൊട്ടുപൊലെ കാണുന്നു. സംഗതി നമ്മുടെ ദിശ കൃത്യമാണെന്ന് അത് തെളിയിച്ചല്ലോന്നുള്ള സമാധാനമായിരുന്നു അപ്പോ. പിന്നീട് മൊത്തം ഇറക്കമായിരുന്നു. കയറിയ കയറ്റങ്ങൾക്കെല്ലാം കൂടി കോമ്പൻസേറ്റ് ചെയ്യാൻ കിട്ടിയ ഇറക്കങ്ങൾ. പക്ഷേ തിടുക്കപ്പെട്ടുള്ള ഇറക്കത്തിൽ തിലകത്തിനു കാലുതെറ്റി ഒരു വീഴ്ച അനുഭവിക്കേണ്ടി വന്നു. പാവം ആകെ ഫ്രസ്റ്റ്രേറ്റഡ് ആയി അതോടു കൂടി. ആകെയുള്ള ആശ്വാസം അകലെ കാണുന്ന പാർക്കിങിലേതെന്ന് നമ്മൾ വിശ്വസിക്കുന്ന ഒരു ലൈറ്റായിരുന്നു. അതിനെ ലക്ഷ്യമാക്കി ഞങ്ങൾ ആഞ്ഞുനടന്നു.

ഏതാണ്ട് അവിടത്തെ സെറ്റപ്പുകളൊക്കെ കാണുന്ന ദൂരത്തിലായപ്പോ ഞങ്ങൾ നടത്തം തുടങ്ങിയ സ്ഥലമെത്തിയെന്നു ഞങ്ങൾക്കു മനസ്സിലായി. ഒരു വലിയ കട്ട മഞ്ഞെടുത്ത് ഉള്ളിൽ വെച്ച ഫീലായിരുന്നു അപ്പോ. ദൂരെ ഇരുട്ടിൽ കിടന്നിരുന്ന കാറിലേക്ക് ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഓടുകയായിരുന്നു. 
സൂര്യാസ്തമയം വരെയേ അവിടെ പാർക്കിങ് പാടുള്ളൂ. ഇതിപ്പൊ അസ്തമയും കഴിഞ്ഞ് ഒന്നര മണിക്കൂറോ മറ്റോ ആയി. പക്ഷേ, ഭാഗ്യത്തിന് റേഞ്ചർമാർ ടിക്കറ്റൊന്നും അടിച്ചു വെച്ചിട്ടില്ലായിരുന്നു. ആകെ ഇരുട്ടത്ത് ആ വിജനപ്രദേശത്ത് ഞങ്ങടെ വണ്ടി മാത്രം കെടപ്പുണ്ട്. ഭാഗ്യത്തിന് അവർ മെയിൻ റോഡിൽ നിന്നും പാർക്കിലേക് തിരിയുന്ന ഇടത്തെ ഗേറ്റ് അടച്ചിട്ടില്ലായിരുന്നു. കൂട്ടുകാരിയെ വിളിച്ച് നമ്മുടെ സ്റ്റാറ്റസൊക്കെ കൊടുത്ത് ഞങ്ങളങ്ങനെ വണ്ടി തിരിച്ച് വീട്ടിലേക്കു വിട്ടു.

അങ്ങനെ, രണ്ടു മൈൽ നടക്കാൻ പോയി വഴി തെറ്റി, എട്ടുമൈൽ ഇരുട്ടിൽ വിജനതയിൽ കണ്ട കാട്ടിലും മേട്ടിലും അലഞ്ഞ ശേഷം വീടണഞ്ഞപ്പോ കിട്ടിയ ആശ്വാസം! എന്റമ്മോ!

വാൽ:
ശരിക്കും മുന്നോട്ടു നടക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്നാണ് നമ്മൾ പിന്നെ മനസിലാക്കിയത്. ഇരുട്ടിൽ അറിയാത്ത വഴിയിലേക്ക് പോവുന്നതിനേക്കാൾ കുറച്ചെങ്കിലും പരിചയമുള്ള, വന്ന വഴി തന്നെ തിരിച്ചു നടക്കുന്നതായിരുന്നു ശരി. ഒപ്പം, ഇനി എപ്പോ നടക്കാൻ പോവുമ്പോഴും ആ ഏരിയയിലെ ട്രെയിലുകളെ കുറിച്ച് ഒരു മിനിമം ധാരണ ഉണ്ടാക്കി വെക്കുവാനും ശ്രദ്ധിക്കാൻ തീരുമാനിച്ചു.

Wednesday, 1 April 2026

ഒരു ഭാരതീയശകാരം

രാവിലെത്തന്നെ രോഷാകുലനായ ഒരു ഭാരതീയന്റെ ശകാരം കേൾക്കാനുള്ള സൗഭാഗ്യമുണ്ടായി.

പുത്രനെ സ്കൂളിൽ കൊണ്ടുവിടാൻ പോയതായിരുന്നു. സ്കൂളിന്റെ പുറകിലെ ചെറിയ സ്ട്രീറ്റിലാണ് വിടാറ്. അവിടെ ആ സമയത്ത്, പൊതുവേ ഒരു 5-10 കാറുകളുടെ ഒരു ചെറിയ നിര ഉണ്ടാവും. എല്ലാവരും സഹകരിച്ച് പെട്ടെന്നുപെട്ടെന്ന് ഡ്രോപ്പ് ചെയ്ത് പോവലാണ് പതിവ്.

പൊതുവേ, ഞാനായിട്ട് വണ്ടി റോഡിൽ നിർത്തി ഇറക്കാറില്ല, പകരം വലത്തോട്ട് ചേർത്ത് പാർക്ക് ചെയ്തിട്ടാണ് ഇറക്കാറ്. എന്നിരുന്നാലും, ആരെങ്കിലും മുന്നിൽ നിർത്തി ഇറക്കാൻ തുടങ്ങിയാൽ ഉടനെ പുത്രനോടും ഇറങ്ങിക്കൊള്ളാൻ പറയും. ആകെ 3 സെക്കന്റിൽ പരിപാടി കഴിയും - സമയവും ലാഭം. വളരെ ചെറിയ സ്ട്രീറ്റ് ആയതിനാലും, ഇറങ്ങുന്നത് വലതുവശത്തേക്കായതിനാലും റിസ്കൊന്നും ഇല്ല. സ്കൂൾ ഇടതുവശത്തായതിനാൽ, ഇറങ്ങുന്ന കുട്ടികൾ റോഡ് ക്രോസ് ചെയ്യാനായിട്ട് കൂടി ചിലപ്പോൾ ഒരു ഡിലേ ഉണ്ടാവാറുണ്ട്. അവിടെ ക്രോസ്-വാക്കും ഉണ്ട്. അവിടെയും ആരും അലമ്പുണ്ടാക്കാറില്ല - അവനോന്റെ പിള്ളേരാണല്ലോ.

ഇന്ന്, എന്റെ മുന്നിലെ വണ്ടി നിർത്തിയപ്പോ, പതിവുപോലെ ഞാൻ മകനോടും ഇറങ്ങിക്കോളാൻ പറഞ്ഞു, അവൻ പെട്ടെന്ന് തന്നെ ഇറങ്ങി. മുന്നിലെ കാർ നീങ്ങാത്തതിനാൽ ഞാൻ വെയിറ്റിങ്ങിലാണ്. ഇന്നധികം കാറുകൾ ഉണ്ടായിരുന്നില്ല. പിന്നിലൊരു ടെസ്ല പാഞ്ഞുവരുന്നതും ഫ്ലാഷ് ചെയ്യുന്നതുമൊക്കെ ഞാൻ കണ്ടു. ഇയാളിതെന്തോന്ന് എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. പുള്ളി പിന്നിൽ നിർത്തുന്നു, ചറപറാ ഹോണടിക്കുന്നു. എന്റെ മുന്നിലെ കാർ വിട്ടുപോയെങ്കിലും, വേറെയും കുട്ടികൾ ആ സമയത്ത് ക്രോസ് ചെയ്യാൻ എത്തിയതിനാൽ ഞാൻ വീണ്ടും വെയിറ്റിങ്. ക്ഷുഭിതൻ വീണ്ടും ഹോങ്കിങ്.

ഞാൻ വിൻഡോ താഴ്ത്തി “എന്തൊന്നേടെയ്” എന്ന വിരലുകൊണ്ടുള്ള മറ്റേ പ്രത്യേക ആക്ഷൻ (പ്ലക്യൂ അല്ല) കാണിച്ചു.

ക്ഷുഭിതനതു പിടിച്ചില്ല, ലവൻ എന്നെ ഓവർടേക്ക് ചെയ്തുവന്ന് സൈഡിൽ നിർത്തുന്നു. എന്നിട്ട് “എക്സ്ക്യൂസ് മീ എക്സ്ക്യൂസ് മി” എന്നലറുന്നു.

വലതുവശത്തു നിന്നും കുട്ടികൾ ക്രോസ് ചെയ്യുന്നതിൽ ശ്രദ്ധിക്കുന്ന ഞാൻ ഇടതുവശത്തെ ക്ഷുഭിതന്റെ ലീലകൾ ഏതാനും നിമിഷത്തേക്ക് അവഗണിക്കുന്നു.

കുട്ടികൾ എന്റെ കാറിന്റെ മുന്നിൽ നിന്നും മാറിക്കഴിഞ്ഞപ്പോ ഞാൻ അവനോട്, “എന്താ മാന്യ?” എന്നാരാഞ്ഞു.

അപ്പോൾ ക്ഷു: “ഇതൊരു ഡ്രോപ്പ് സോൺ ആണോ? ഏടോ ആണോ?”

ഞാൻ: “ആയാലും ഇല്ലെങ്കിലും മുന്നിലെ കാർ പോവാതെ എനിക്ക് പോവാൻ കഴിയില്ലല്ലോ പങ്കാളീ?”

ക്ഷു: “തനിക്ക് കുറച്ചൊക്കെ സിവിക് സെൻസ് കാണിച്ചുകൂടെ?”

പൊടുന്നനെ, പത്താം ക്ലാസിലെ 'ചരിത്രവും പൗരധർമ്മവും' ക്ലാസ്സും സേവ്യൻമാഷിന്റെ ചൂരൽ പ്രയോഗവും എന്റെ കണ്ണിൽ മിന്നിമാഞ്ഞു. ചന്തിയിലെവിടെയോ പഴയ പെരുപ്പ് അനുഭവപ്പെടുന്നത് പോലെ തോന്നി, ഞാൻ അറിയാതെ അവിടെയൊക്കെ ഒന്ന് തടവിപ്പോയി.

ടൈംട്രാവൽ കഴിഞ്ഞ് തിരിച്ചെത്തിയ ഞാൻ ചോദിച്ചു, “മുന്നിലെ വണ്ടി, കുട്ടികൾക്ക് ക്രോസ് ചെയ്യാനായി നിർത്തിയിട്ടിരിക്കുന്ന സാഹചര്യത്തിൽ, സിവിക് സെൻസിനേക്കാൾ സുരക്ഷയ്ക്കല്ലേ മുൻതൂക്കം, പങ്കാളീ? എന്നിരുന്നാലും, ഇനിയിപ്പോ സിവിക് സെൻസ് ഇവിടെ എങ്ങനെ ആയിരിക്കണമെന്നാണ് അങ്ങ് കരുതുന്നത്?“

ക്ഷു: “മുന്നിലെ വണ്ടി നീങ്ങുന്നില്ലെങ്കിൽ നിങ്ങൾ ഹോങ്കണം മിസ്റ്റർ. ഞാൻ ഹോങ്കിയത് കണ്ടില്ലേ?”

ഞാൻ: “അയ്ശരി. സോറി, ഹോങ്കിങ് ചെയ്യാൻ എനിക്ക് തൽക്കാലം സൗകര്യപ്പെടില്ല. പങ്കാളി തൽക്കാലം വിട്ടുപോവൂ.”

ക്ഷു: “നിങ്ങൾ എന്തായാലും അല്പമെങ്കിലും സിവിക് സെൻസ് കാണിക്കണം ഹേ”

ഞാൻ: “ഏടോ മാന്യാ, താൻ എന്നെ സിവിക് സെൻസ് പഠിപ്പിക്കാൻ നിർത്തിയിരിക്കുന്നത് റോങ് സൈഡിലാണ്, അതും പാസിങ് അനുവദിയ്ക്കാത്ത സ്ഥലത്ത്, അതും സ്കൂൾ സോണിൽ, അതും സ്വന്തം കാറിന്റെ കാൽ ഭാഗം കുട്ടികൾ നടക്കുന്ന ക്രോസ്-വാക്കിൽ കേറ്റി നിർത്തിയിട്ട്, അതും കുട്ടികൾ ക്രോസ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത്. അതുകൊണ്ട്, കൂടുതൽ ക്ലാസെടുക്കാതെ ഇയ്യാളു പോയേ”

ക്ഷുഭിതന്റെ കുരു പൊട്ടിയെന്ന് തോന്നുന്നു. പുള്ളി മറ്റേ ക്ലാസിക്ക് സാധനം എടുത്ത് ഒറ്റ വീശാണ്.

“തന്നെപ്പോലുള്ള ഇന്ത്യക്കാര് കാരണമാണ് സകല ഇന്ത്യക്കാരും വിഡ്ഢികളാണെന്ന് ഇവിടെയുള്ളവർ വിചാരിക്കുന്നത്!”

എന്നിട്ട് ഇരുവശത്തും കുട്ടികളെ ഇറക്കാൻ നിർത്തിക്കൊണ്ടിരിക്കുന്ന കാറുകൾക്കും, പലയിടത്തായി ക്രോസ് ചെയ്യുന്ന കുട്ടികൾക്കും ഇടയിലൂടെ, ഒരു 35-40 മൈൽ സ്പീഡിൽ ഒറ്റ പോക്ക്!!

അങ്ങനെ, ആത്മാഭിമാനവും പൗരബോധവുമുള്ള ആ ക്ഷുഭിതഭാരതീയനുമായുള്ള സൗഹൃദസംഭാഷണം കഴിഞ്ഞപ്പോ, ദൂരദർശനിലേക്ക് ഫോൺ ചെയ്ത അഡ്വക്കേറ്റ് ശ്യാംപ്രകാശിനു കൈവന്ന അതേ വികാരമാണ് എന്നിലും തികട്ടിവന്നത്.

“ഹോ! രാവിലെത്തന്നെ ഒരുത്തന്റെ വായിലിരിക്കുന്നതു കേട്ടപ്പോ എന്തൊരാശ്വാസം!”

Wednesday, 12 March 2025

ഡങ്ക് സിനിമാറ്റിക് അപ്രോച്ച്

ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്ട്, പക്ഷേ എല്ലാരും രസികൻ മൂഡിലാണ്.

അപ്പോ ആശാൻ പതിയെ പറഞ്ഞു. "ഇതൊക്കെ കാണുമ്പോ എനിക്ക് വേറൊരു കാര്യമാണ് ഓർമ്മ വരുന്നത്; ഡങ്ക് (Dunk) സിനിമാറ്റിക് അപ്രോച്ച്."

"അതെന്താ സംഗതി", കീടങ്ങൾ എല്ലാം ഒന്നിച്ചു ചോദിച്ചു.

"പറയാം..", ആകെയൊന്ന് ഇളകി, ഇരുപ്പൊന്ന് ശരിയാക്കി ആശാൻ തുടർന്നു.

"Kill The Duck എന്ന സിനിമയിലാണ് പുള്ളി ഈ അപ്രോച്ച് കൊണ്ട് വന്നത്. പല വിധ ഡെമോഗ്രാഫിയിലുള്ള, പല രാജ്യത്തു നിന്നുമുള്ള, പല തരം വംശീയരായ 6-7 ആളുകളെ തെരഞ്ഞെടുത്ത് ഒന്നിച്ചൊരു സ്ഥലത്ത് പാർപ്പിക്കുന്നു. കറുമ്പനും, വെളുമ്പനും, ചൈനീസ് വംശജനും, ഇന്ത്യനും, അങ്ങനെ നാനാജാതി മനുഷ്യർ. ആകെയുള്ള സമാനത എന്നത് ഇവർക്കെല്ലാം ടൈഫോയിഡ് ഉണ്ട് എന്നതാണ്. പക്ഷേ അതവർക്കാർക്കും അറിയില്ല"

കീടങ്ങൾ ആകാംക്ഷാകുതൂഹലരായി കണ്ണിമവെട്ടാതെ നോക്കി നിൽക്കെ ആശാൻ തുടർന്നു,

"പിന്നീട് ഇവരിലൊരാൾക്ക് രോഗമുണ്ടെന്ന് അവരോട് പറയുന്നു; പക്ഷേ, അപ്പോഴും ആർക്കാണെന്ന് പറയില്ല. അവർ ഒരേ സമയം ദുഃഖിതരും കോപാകുലരുമാകുന്നു. രോഗം മറച്ചുവെച്ച് ആരാണ് ഇവിടേക്ക് വന്നതെന്നതായിരുന്നു അവരുടെ ദേഷ്യത്തിന്റെ കാരണം."

"പരസ്പരം കുറെ നേരം വഴക്കടിച്ചു ശേഷം അവർ ചേരി തിരിഞ്ഞ് ഒരാളെ രോഗത്തിന്റെ കാരണക്കാരനാക്കി മുദ്ര കുത്തി. അയാളെത്ര അപേക്ഷിച്ചുപറഞ്ഞിട്ടും ബാക്കിയുള്ളവർ അയാളെ ചെവിക്കൊണ്ടില്ല. ഒറ്റപ്പെട്ടുപോയ അയാൾ പിന്നീടൊരു പ്രത്യേകനിമിഷത്തിൽ ആ സീനിൽ നിന്നും അപ്രത്യക്ഷനായി!"

"എന്നിട്ട്???"

"മറ്റുള്ളവർ അയാൾ സ്വർഗ്ഗത്തിലേക്കാണോ നരകത്തിലേക്കാണോ പോയത് എന്ന കാര്യത്തിൽ വാഗ്വാദമാരംഭിച്ചു. സ്വർഗ്ഗത്തിലേക്ക് ഒരു കാരണവശാലും അയാൾ പോകില്ലെന്ന് അവർ ആശ്വസിക്കാൻ ശ്രമിച്ചു. എന്നാൽ ആ സമയത്ത് മറ്റൊരു ഉജ്ജ്വലമായ സംഗതി അവിടെ നടന്നു..."

"എന്താ എന്താ???"

"കിടൂ.. പോണ്ടെ...? എണിക്ക് എനീക്ക്"

"ഏ..ആരാ എങ്ട് പോവാനാ...?"

"ദേ, ഇന്നെനിക്ക് പി.ടി. ഉള്ളതാണെ, ലേറ്റാവാൻ പറ്റില്ല ട്ടാ!!"

"എന്ത്...? അയ്യോ, അപ്പോ ഡങ്ക് അപ്രോച്ച്..? നോ!!!!!!! വൈ!! ഒരു മിനിറ്റ് കൂടി തരായിരുന്നില്ലേ ദുഷ്...!"

ഞാനിനി എന്ത് ചെയ്യും മല്ലയ്യാസ്?!... 

Tuesday, 12 December 2023

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കതിൽ പ്രത്യേകിച്ച് വേറേ മറുപടിയൊന്നും പറയേണ്ട കാര്യമില്ലല്ലോ.


പക്ഷേ, സംഗതി ഡിസമ്പറിലാണ്, അതു വരെ എല്ലാ ആഴ്ചയും രണ്ടു ദിവസം ഡാൻസ് പ്രാക്റ്റീസ് ചെയ്യണം ത്രേ! ശ്ശെടാ, അതെന്തു പരിപാടിയെന്നൊക്കെ അന്വേഷിച്ചുവന്നപ്പോഴാണ്, ഹിസ്പാനിക് കൾച്ചറിൽ “ക്വിൻസിയന്യേറ” (quinceañera) എന്നറിയപ്പെടുന്ന, പെൺകുട്ടികളുടെ പതിനഞ്ചാം പിറന്നാളിനെപ്പറ്റി മനസ്സിലാവുന്നത്. സംഗതി കളറാണ്, ന്നു വെച്ചാൽ ഒരു കല്യാണം പോലെ കളർ!


വീട്ടുകാരുടെ സാമ്പത്തികത്തിന്റെ മാക്സിമം ലെവലിൽ ഫോർമലായ ചടങ്ങു സംഘടിപ്പിക്കുന്നു, വിവാഹം പോലെത്തന്നെ. വിവാഹത്തേക്കാൾ കേമമായി നടത്തുന്നവരുമുണ്ടത്രേ! പെൺകുട്ടി ഒരു രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങുന്നു. കുട്ടിയുടെ ഏറ്റവുമടുത്ത കുറച്ചുകൂട്ടുകാർ ഒരുപോലെയുള്ള വേഷവിധാനങ്ങളിൽ മുഴുവൻ സമയവും കുട്ടിയെ അനുഗമിക്കുന്നുണ്ടാവും. അവരുടെ വക നൃത്തനൃത്യങ്ങൾ!


ഇതുവരെ അങ്ങനൊരു സംഗതി കൂടാൻ ചാൻസ് കിട്ടാത്തതിനാൽ, “ഞങ്ങളേം വിളിക്കുവോഡേയ്” ന്ന ആറ്റിറ്റ്യൂഡിൽ, എന്നാൽ “വേണെങ്കിൽ ഞാനും വരാം കേട്ടോ” എന്ന ആഗ്രഹത്തോടെ ചോദിച്ചപ്പോ “നിങ്ങളേം ക്ഷണിച്ചിട്ടുണ്ട്, പക്ഷേ വരണ്ടാ” എന്ന് സല്പുത്രൻ കട്ടായം പറഞ്ഞു, കാരണം അവന്റെ നൃത്തം തന്നെ! പക്ഷേ, കിട്ടിയ ചാൻസ് ഞങ്ങൾ വിടൂല്ലെന്നവനറിയാമായിരുന്നു. ഡാൻസ് പ്രാക്റ്റീസിന് അവനെ അവരോടെ കൊണ്ടാക്കുമ്പോ, ഒരു ക്ഷണക്കത്ത് ആ ക്ടാവിന്റെ അമ്മ നമുക്ക് തന്നു. “ഞങ്ങളെന്തായാലും ആദ്യത്തെ ബസ്സിന് തന്നെ എത്തും ചേച്ചീ” ന്ന് ഞാൻ ഉറപ്പുകൊടുത്തു.


അങ്ങനെ കഴിഞ്ഞ ശനിയാഴ്ച ഇവിടെ അടുത്തൊരു റിസോർട്ടിലായിരുന്നു പരിപാടി. വാസു ഉൾപ്പെടെ നാലഞ്ച് ആൺകുട്ടികൾക്കും, മൂന്നാല് പെൺകുട്ടികൾക്കുമാണ് പിറന്നാൾക്ടാവിനെ അനുഗമിക്കാനുള്ള പ്രത്യേക ക്ഷണമുണ്ടായിരുന്നത്. അവർക്ക് പ്രത്യേക വേഷവിധാനങ്ങളുണ്ടായിരുന്നു; ഐവറി/നീല കോംബിയിലുള്ള ഫുൾസ്യൂട്ട് ആമ്പിള്ളേർക്കും, നീല/ഗ്രേ ഡ്രസ്സ് പെമ്പിള്ളേർക്കും. ചുള്ളമ്മാരും ചുള്ളികളും മ്യാരക ലുക്കിലായിരുന്നു.


കഥകളിക്കാരുടേതുപോലെ, അരയ്ക്കു താഴെ വിരിഞ്ഞു നിൽക്കുന്ന, അതിസുന്ദരമായ, വലിയ ല്വാവന്റർ ഉടുപ്പൊക്കെയിട്ട്, കിരീടമൊക്കെ വെച്ച്, പൂക്കളും പിടിച്ച്, ഒരു രാജകുമാരിയെയെപ്പോലെയുള്ള വേഷവിധാനത്തിൽ ജ്വലിച്ചു നിന്നിരുന്ന പിറന്നാൾകുട്ടിയുടെ കൂടെ നിന്ന് ഞങ്ങൾ ഓരോ പടമൊക്കെ ഏടുത്തു.


ഒരു 200-300 പേരുണ്ടായിരുന്നിരിക്കണം മൊത്തം. പടമെടുപ്പു കഴിഞ്ഞ് കോക്ക്ടെയിൽ പാർട്ടി. ഒരു അഞ്ചുപത്തു ടീനേജേഴ്സ് അടങ്ങിയ ബാന്റിന്റെ തകർപ്പൻ മ്യൂസിക് വിത്ത് പാട്ട്! സ്പാനിഷ് പാട്ടുകളായിരുന്നു മൊത്തം. മെക്സിക്കൻ/ഹിസ്പാനിക് വേഷവിധാനത്തിൽ, വയലിനും ഗിറ്റാറും, റ്റ്രമ്പറ്റും വെച്ച് അക്രമ പെരുക്ക്. ഒരു മൂന്ന് മണിക്കൂർ ലവരുടെ അഴിഞ്ഞാട്ടമായിരുന്നു! ഇവർക്ക് തൊണ്ട ഇനി ആവശ്യമില്ലേ എന്നു വരെ തോന്നിപ്പോയി! ട്രഡീഷനൽ എന്ന് കേട്ടാൽ തോന്നിപ്പിക്കുന്ന ഹൈപിച്ച് പാട്ടുകളൊക്കെ ചീളുകേസുകളെപ്പോലെ, ഒന്നിനുപുറകേ ഒന്നായി പിള്ളേരു തള്ളിമറിക്കുന്നു!


ഒരു മണിക്കൂർ കോക്ക്ടെയിൽ പരിപാടി കഴിഞ്ഞതും, ഡിന്നർ ഹാളിന്റെ വാതിൽ തുടക്കപ്പെട്ടു. മനോഹരമായി അലങ്കരിച്ച ഹാളിനകത്ത് അടുക്കോടെ ക്രമീകരിച്ച വട്ടമേശകളിൽ അതിഥികളെല്ലാരും ഇരുന്നു. നടുവിലെ തളത്തിൽ, പെൺകുട്ടിയ്ക്കൊപ്പം വാസു ആന്റ് പാർട്ടിയുടെ വക വാൾട്സ് ആയിരുന്നു അടുത്തത്. സൂപ്പർ പരിപാടി!


അതുകഴിഞ്ഞ്, ഭക്ഷണത്തിനിടെ, കുട്ടിയെ നടുവിൽ ഒരു സിംഹാസനത്തിലിരുത്തി ഗിഫ്റ്റ് തുറക്കൽ പരിപാടി നടന്നു. കുട്ടിയുടെ ഗോഡ്ഫാദറും മദറും, പിന്നെ അച്ഛനുമമ്മേം കൊടുത്ത ഗിഫ്റ്റുകൾ മാത്രമാണ് അവിടെ ഇരുന്നു തുറന്നത്. നല്ല മ്യാരക ബ്രാന്റുകളുടെ മ്യാരക പ്രോഡക്റ്റുകളൊക്കെയായിരുന്നുവെന്നൊക്കെ തിലകത്തിന്റെ ലൈവ് കമന്ററിയിൽ നിന്നും ഞാൻ മനസ്സിലാക്കി.


അപ്പോഴേയ്ക്കും ഡ്രസ്സ് മാറി വെള്ള ടീഷർട്ടും ജീൻസുമിട്ടു വന്ന വാസു ആന്റ് പാർട്ടി വക അടുത്ത ഡാൻസ് അരങ്ങേറി. പെൺകുട്ടിയെ എടുത്തുപൊക്കുന്നു, വട്ടം കറക്കുന്നു, അങ്ങനെ കുറേ ജഗപൊക!


പിന്നെ, അച്ഛന്റേം അമ്മേടെം കുട്ടീടെം വക നന്ദിപ്രകാശിപ്പിക്കൽ. എല്ലാരും വളരേ ഇമോഷണലായി സംസാരിച്ചു. കൂടുതലും സ്പാനിഷിലായതിനാൽ, ഞങ്ങൾക്ക് കാര്യമായി ഇമോഷണൽ കോണ്ട്രിബ്യൂഷൻ നടത്താൻ പറ്റിയില്ല. എന്നാലും കൂക്കിവിളിക്കേണ്ടിടത്ത് കൂക്കി വിളിച്ചും വിസിലടിച്ചും, കൈ കൊട്ടേണ്ടിടത്ത് ഓവറാക്കിയും നമ്മളാലാവുന്ന വിധം അലമ്പുകാണിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു.


പിന്നീട്, അച്ഛനും മകളും കൂടി പതിഞ്ഞ ഈണത്തിലുള്ള ഗാനത്തിനൊപ്പം, സാവധാനം ചുവടുവെച്ചുകൊണ്ടുള്ള ഒരു നൃത്തമായിരുന്നു. പെൺകുട്ടി ആകെ വികാരാധീനയായി കരയുന്നതും, കണ്ണുതുടയ്ക്കുന്നതുമൊക്കെ കാണാമായിരുന്നു.


അതിനു ശേഷം സ്റ്റേജ് പബ്ലിക്കിനുവേണ്ടി തുറന്നു കൊടുത്തു. അടുത്ത രണ്ടുമണിക്കൂറോളം അവിടെ വെള്ളമടി ആന്റ് ഡാൻസായിരുന്നു അതിഥികളുടെ വക! അവിടെ എനിക്ക് കലാപ്രതിഭയ്ക്ക് ഒരു സാധ്യതയുണ്ടായിരുന്നെങ്കിലും, അത്യാവശ്യമായി വേറൊരിടാത്ത് ഫുഡ്ഡടി ഏറ്റിട്ടുണ്ടായിരുന്നതിനാൽ, മനസ്സിലാമനസ്സോടെ പോവേണ്ടി വന്നു. പുത്രനെ കുറേക്കഴിഞ്ഞ്, ഒരു 11 മണിയോടെ പോയി പിക്ക് ചെയ്തോണ്ടു വരികയായിരുന്നു.


നല്ലോരു അനുഭവായിരുന്നു! കുറേ നാളുകൂടി ഒരു കല്യാണത്തിനു പോയ ഫീലു കിട്ടി. 


Wednesday, 22 November 2023

ഞാൻ കണ്ട ഫൈനൽ

 ഹൗസാറ്റ്!!!!!!!!!

ബുമ്രയ്ക്കൊപ്പം ഒരു ലക്ഷം പേർ അലറിവിളിച്ചു. അമ്പയറുടെ വലതുകയ്യിന്റെ ചൂണ്ടുവിരൽ മുകളിലേയ്ക്കുയർന്നു. 

സ്മിത്ത് വീണിരിക്കുന്നു! ഓസ്റ്റ്രേലിയയുടെ മൂന്നാം വിക്കറ്റും വീണിരിക്കുന്നു!

ബാറ്റിങ് കിതച്ചപ്പോൾ, ചുറ്റിലുമിരുന്ന, തളർന്ന് നിശബ്ദരായ ആ ഒരു ലക്ഷം പേർക്കുവേണ്ടിയും, ടീവിക്കും മൊബൈലിനും മുന്നിൽ ഹൃദയം പെരുമ്പറ കൊട്ടിയിരുന്ന കോടിക്കണക്കിനു ഇന്ത്യക്കാർക്കു വേണ്ടിയും, വിശ്വസ്തരായ ബുമ്രയും ഷമിയും ഒന്നിച്ച് കങ്കാരുക്കളുടെ മുൻനിരയിൽ തീവിതറുന്നു...

തകർത്തടിക്കാൻ വന്ന മാർഷും, നിലയുറപ്പിച്ച് കഥകഴിക്കുന്ന സ്മിത്തും പുറത്ത്!

ഇനി ഹെഡും ലബൂഷെയിനും മാക്സ്വെലും, പിന്നെ ഇങ്ലിസും തീർന്നാൽ പിൻനിരക്കാർ!

പത്താമോവറിൽ ഷമിയുടെ കത്തിപ്പാറി വന്ന തകർപ്പൻ പന്തിൽ ലബൂഷെയിനു പിഴയ്ക്കുന്നു, ഓഫ്സ്റ്റമ്പിൽ പിച്ച് ചെയ്ത് ലൈൻ ഹോൾഡ് ചെയ്ത് സീം ചെയ്തുവന്ന പന്തിനെ തെറ്റായ ലൈനിൽ കളിച്ച ലബുവിന്റെ വലതുകാലിലെപാഡിൽ മുട്ടുയരത്തിൽ പന്തുതട്ടുമ്പോഴേ ഉറപ്പായിരുന്നു, അവൻ വീണു! ഷമി, വീണ്ടും മാജിക്!

75 ആവുമ്പോഴേക്കും നാലു പേർ പുറത്ത്!

മാക്സ്വെവെല്ലും ഹെഡും ക്രീസിൽ. ഒരേ രീതിയിൽ പ്രതികരിക്കുന്ന രണ്ടു കളിക്കാർ!

അഞ്ചോവർ വീതമെറിഞ്ഞു കഴിഞ്ഞ ബുമ്രയും ഷമിയും; ഓരോ ഓവർ കൂടി എറിയാൻ അവർക്ക് കഴിയുമോ? അതിനു രോഹിത് തയ്യാറാവുമോ?

ഇല്ല, സിറാജ് വരുന്നു!

പക്ഷേ, പിന്നത്തെ നാലോവറുകളിൽ കാര്യമായ ഒന്നും സംഭവിക്കുന്നില്ല. ആദ്യ പതിനഞ്ച്-ഇരുപത് ഓവറുകൾ തീർന്നാൽ, പന്തിന്റെ പുതുമ നഷ്ടപ്പെട്ടു കഴിഞ്ഞാൽ, പിന്നെ ബാറ്റിങ് എത്രയോ അനായാസകരമായിരിക്കുമെന്ന തിരിച്ചറിവുണ്ടായ ഓസികൾ ബുദ്ധിപരമായി നീങ്ങുകയാണ്. ജനം മുൾമുനയിലാണ്, അവർ അക്ഷമരായിക്കൊണ്ടിരിക്കുന്നു.

തന്റെ മൂന്നാമോവറിനായി സിറാജ് തയ്യാറെടുത്തുകഴിഞ്ഞു. അസാധാരണമായ രീതിയിൽ കോലിയും ഷമിയും ബുംരയും രോഹിതും അവന്റെ ചുറ്റിലും നിന്ന് നിരന്തരമായ നിർദ്ദേശങ്ങൾ നൽകുന്നു. സിറാജിന്റെ കണ്ണുകളിൽ തീ ജ്വലിക്കുന്നതുപോലെ!

റണ്ണപ്പ് തുടങ്ങിയ സിറാജിന്റെ തടഞ്ഞുകൊണ്ട് രോഹിത്, ഒന്നാം സ്ലിപിനെ രണ്ടിലേക്കു മാറ്റുന്നു. സ്ക്വയർ ലെഗിനെ ബൗണ്ടറിയിലേക്ക് നീക്കി, ഡീപ് കവറിനെ തേഡ്മാനിലേക്ക്, വളരേ ഫൈനായി കൊണ്ടു വരുന്നു. സിറാജും ക്യാപ്റ്റനും തമ്മിൽ വാക്കുകളില്ലാത്ത എന്തോ ആശയവിനിമയം നടക്കുന്നു.

അനന്യസാധാരണമായ വേഗതയിൽ ഒട്ടും സ്ഥലം നൽകാതെ ഷോട്ട് പിച്ച് ചെയ്ത പന്ത്, പക്ഷേ നിർണ്ണയിക്കുന്നതിൽ പരാജയപ്പെട്ട മാക്സ്വെൽ സ്വിച്ച് ഹിറ്റിനു ശ്രമിക്കുന്നു. വിഡ്ത് ഒട്ടുമില്ലാത്ത ലൈനിൽ 144 കിമീയിൽ വന്ന പന്ത് ടോപ് എഡ്ജ് എടുത്ത് ആകാശത്തേയ്ക്ക്!!! തേഡ്മാനിൽ കൃത്യമായി ബുമ്രയുടെ കൈകൾ അതേറ്റു വാങ്ങുന്നു! സ്റ്റേഡിയം അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളുന്നു!

ജോഷ് ഇങ്ലിസ് എന്ന താരതമ്യേന പരിചയക്കുറവുള്ള ബാറ്റർ, തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട, ഏറ്റവും സമ്മർദ്ദം നിറഞ്ഞ പരിസരത്ത് എത്തിപ്പെടുകയാണ്. തീതുപ്പാൻ വെമ്പി നിൽക്കുന്ന സിറാജിനു വേണ്ടി രോഹിത്ത് ഒരു സ്ലിപ്പിനേയും ഗള്ളിയേയും കൂടി കൊണ്ടുവരുന്നു. ഷോർട്ട് ബോൾ പ്രതീക്ഷിച്ച് ഒരല്പം ബാക്ഫുട്ടിൽ മുങ്കൂട്ടി തയ്യാറായ ജോഷിനെ, പക്ഷേ സിറാജ് ബുദ്ധിപരമായി കബളിപ്പിക്കുന്നു. കുതിച്ചു വന്ന സിറാജിന്റെ വിരലുകൾ കാണിച്ച മന്ത്രവിദ്യയിൽ 120 കിമീയിൽ പെർഫെക്റ്റ് ലെങ്തിൽ വന്നു വീഴുന്ന മാസ്മരികമായ ഒരു യോർക്കർ! ബാറ്റു താഴ്ത്താനൊരല്പം വൈകിയ ഇടവേള മതിയായിരുന്നു ആ പന്തിന് ഓഫ്സ്റ്റമ്പിനേയും ജോഷിന്റെ വീര്യത്തേയും വീഴ്ത്താൻ! 

ഓസ്റ്റ്രേലിയ ആറിന് നൂറ്!!

തുടർന്ന് സിറാജും ജഡേജയും ഹൃദയം കൊണ്ടെറിഞ്ഞു കൊണ്ടിരുന്ന മൂന്നു നാലോവറുകൾ! ധൈര്യസമേതനായി ഒരു പോരാളിയെപ്പോലെ 4 ബൗണ്ടറികൾ നേടുന്ന ഹെഡ്! അഫ്ഘാനിസ്ഥാനെതിരെ പൊരുതിയ പോരാട്ടം കാഴ്ചവെക്കാനുറച്ചെന്ന വണ്ണം ക്ഷമയോടെ നിലയുറപ്പിക്കുന്ന കമ്മിൻസ്!

ടേൺ ഒട്ടും കിട്ടാത്ത നിരാശയിലും ലൈനും ലെങ്തിലും കടുകുമണി വിട്ടുകൊടുക്കാതെ ജഡേജയും പിന്നീട് കുൽദീപും എറിയുന്ന ആറോവറുകൾ കൂടി.

ഓസീസ് 150/6.

വിക്കറ്റുകൾ വേണം, അല്ലാതെ ഈ ഗെയിം ഇന്ത്യയ്ക്ക് ജയിക്കാനാവില്ല.

ബുമ്ര തിരിച്ചു വരുന്നു. ആദ്യപന്തിൽ കമ്മിൻസിന്റെ ബാറ്റിന്റെ ഇൻസൈഡ് എഡ്ജിൽ നിന്നും ബൗണ്ടറി! അടുത്ത പന്തിൽ സിംഗിൾ, ഹെഡ് അനായാസമായി നേരിടുന്ന മൂന്ന് പന്തുകൾ. പിച്ചിൽ നിന്നും യാതൊരു ആനുകൂല്യവും ഇല്ലെന്ന് ബുമ്ര തിരിച്ചറിയുന്നു. സ്റ്റേഡിയത്തിന്റെ ആരവം കുറഞ്ഞുവരുന്നുവോ? അവർ ഒരു അട്ടിമറി മണത്തു തുടങ്ങുന്നോ?!

എന്നാൽ, ബുമ്രയെ ബുമ്രയാക്കിയതെന്തോ, അതായിരുന്നു ഹെഡിനു കാത്തു വെച്ച അവസാന പന്ത്. 145 കിമീയിൽ ചീറിപ്പാഞ്ഞെത്തുന്ന യോർക്കർ തടയാൻ കഴിയാതെ ഹെഡ് ബാലൻസ് തെറ്റി വീഴുന്നു, മിഡിൽ സ്റ്റമ്പും ലെഗ്സ്റ്റമ്പും കടപുഴകിത്തെറിക്കുന്നു! കൈകളുയർത്തി മന്ദഹസിക്കുന്ന ബുമ്ര! അലറിയടുക്കുന്ന കോലിയും രോഹിത്തും! ഇരമ്പിയാർത്ത് ബുമ്രയെ വാരിപ്പുണരുന്ന മറ്റുള്ളവർ!

തുടർന്നുള്ള മൂന്നേ മൂന്നോവറുകളിൽ വാലറ്റത്തെ തുടച്ചു നീക്കുന്ന ബുമ്രയും ഷമിയും! വർദ്ധിതവീര്യത്തോടെ, മനസ്സും ശരീരവും സമ്പൂർണ്ണമായി സമർപ്പിച്ചുകൊണ്ട് പന്തെറിഞ്ഞ ഇരുവർക്കും ഒരു കാവ്യനീതിപോലെ നാലു വിക്കറ്റുകൾ വീതം!

ലോകകപ്പുയർത്തി, സംതൃപ്തിയോടെ, ആഹ്ലാദം മറച്ചുവെക്കാൻ കഴിയാതെ ചിരിച്ചും കളിച്ചും, നിറകണ്ണുകളോടെ ആഘോഷിക്കുന്ന ഇന്ത്യൻ ടീം!!

ഒന്നരമാസത്തോളം രാത്രി 1230 മുതൽ ഉറക്കമെന്തെന്നറിയാതെ ഇരുന്ന് കണ്ട ഒരു ടൂർണ്ണമെന്റിന്റെ ആവേശോജ്ജ്വലമായ അന്ത്യം!

അവിസ്മരണീയമായ, അജയ്യമായ, കരുത്താർന്ന ഒരു ലോകകപ്പ് വിജയത്തിന്റെ പരിസമാപ്തി!


Tuesday, 1 November 2022

കിങ് കോങ് പാർട്ട് 2

ചെറിയപ്രായത്തിൽ, എന്നു വെച്ചാൽ ഒരു ഏഴിലോ എട്ടിലോ ഒക്കെ ആയിരുന്നിരിക്കണം, അവധികളിൽ മാമന്റോടെ പോയി നിൽക്കാറുള്ള സമയത്തെ ഒരു സാധാ ദിവസം.

അന്നത്തെ എന്റെ റോൾമോഡലായിരുന്ന, ഞാൻ വാലുപോലെ കൂടെ നടന്നിരുന്ന, ഷനുച്ചേട്ടൻ എന്ന ഞങ്ങടെ ഏറ്റോം മൂത്ത കസിൻ ചേട്ടൻ, രാവിലെ ന്യൂസ്പേപ്പറിൽ സിനിമാപ്പരസ്യമൊക്കെ നോക്കുകയാണ്.

എന്നിട്ട് പതുക്കെ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പു വരുത്തി എന്നോട് ഒരു ചോദ്യം.

"ഡാ, മ്മക്ക് രണ്ടാൾക്കും ഒര് സിനിമ കാണാൻ പോയാലോ?"

"മ്മള് മാത്രോ?!" ആശ്ചര്യം, ആകാംക്ഷ, സാഹസികത, ഒടുവിൽ ഭയം!

"ആടാ, ആരും കൊറെ നേരത്തേക്കൊന്നും നമ്മളെ അന്നേഷിക്കാനൊന്നും പോണില്ല. എല്ലാരും നല്ല തിരക്കിലാ. മ്മക്ക് മിണ്ടാണ്ടെ പോയിവരാ."

സ്വരം താഴ്ത്തിപ്പറഞ്ഞ് മൂപ്പര്, പേപ്പറിന്റെ മൂലയിലെ ചെറുബോക്സിലേയ്ക്ക് ചൂണ്ടി.

'APE, The Great APE' ന്നു പറഞ്ഞ ഒരു ഇംഗ്ലീഷ് പടത്തിന്റെ പോസ്റ്റർ, നടുവിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന ഒരു ഗൊറില്ലയുടെ പടം.

"കിങ് കോങിന്റെ സെക്കന്റ് പാർട്ടാ ടാ"

"കിങ് കോങ്" എന്റെ ഉള്ളിൽ കത്തി നിക്കുന്ന പടമാണ്. അതിന്റെ സെക്കന്റ് പാർട്ട് കാണാൻ പോവാനാണ് ക്ഷണം. പക്ഷേ, ആരോടും പറയാതെ സിനിമയ്ക്ക് പോവാന്നു പറയുന്നതാണ് വലിയ വിഷയം. ടെൻഷൻ!

നോക്കുമ്പോ പടം തൃശ്ശൂർ രാഗത്തിൽ! നിരാശ!

"തൃശ്ശൂരോ?! നടക്കില്ല ഷനുച്ചേട്ടാ, ഞാൻ വിചാരിച്ചു ഇവിടെ അടുത്തെവിടെങ്കിലും ആവും ന്ന്. തൃശ്ശൂര് വരെ മ്മള് പറയാണ്ട് പോവേ? നമ്മളെ ഇവിടെ അന്വേഷിക്കില്ലേ? ആരെങ്കിലും അറിഞ്ഞാ തീർന്നു!"

"ടാ, ഇവിടെ ആണെങ്കിലല്ലേ മ്മളേ ആളോൾക്ക് അറിയുള്ളൂ. ഇത് തൃശ്ശൂര് ടൗണില്, അതും പകല്, അതും സിനിമാതിയറ്ററില് മ്മളെ ആര് അറിയാനാ?"

ഷനുച്ചേട്ടൻ ബുദ്ധിമാനാണ്. കാര്യം ശരിയാണ്. എന്നാലും, വീട്ടീന്ന് നടന്നോ സൈക്കിളിലോ എടമുട്ടത്തുപോയി, ബസ് കേറി തൃശ്ശൂര് ടൗണെത്താൻ മിനിമം ഒരൊന്നര മണിക്കൂറെട്ക്കും. പിന്നെ സിനിമ കണ്ട്, മ്മടോടയ്ക്കുള്ള ബസ് കേറി തിരിച്ചെത്താനുള്ള ടൈമൊക്കെപ്പാടെ എങ്ങനെ കൂട്ടിയാലും, അമ്മയുടെ രണ്ടു വിളികൾക്കിടയിലുള്ള സമയത്തേക്കാൾ വളരേ കൂടുതലായിരിക്കും.

പക്ഷേ, ഭയം തോറ്റു, ഹോർമോണുകൾ വിജയിച്ചു.

ഏതാണ് അരമുക്കാക്കിലോമീറ്റർ അകലെയുള്ള, 'കുറ്റിസ്റ്റേഡിയം' എന്നറിയപ്പെടുന്ന കുറ്റിപ്പാടത്ത് കളിക്കാൻ പോവാണ് എന്നൊരു സംഗതി ഒഴുക്കൻ മട്ടിൽ പലരോടായി പറഞ്ഞു വെയ്ക്കുന്നതായിരുന്നു ആദ്യപടി. "അതിനിപ്പ ഞാൻ തലേം കുത്തി നിക്കണാ?" ന്നുള്ള മട്ടിൽ പലരും പ്രതികരിച്ചെങ്കിലും, "ഞങ്ങൾ വിളിപ്പുറത്തില്ല" എന്ന സംഗതി അവരുടെ ഉള്ളിൽക്കേറി രെജിസ്റ്ററാവുക എന്നതായിരുന്നല്ലോ നമ്മൾടെ ലക്ഷ്യം. അതു മിക്കവാറും, 'വടക്കുനോക്കിയന്ത്ര'ത്തിൽ നിന്നും കിട്ടിയ ഐഡിയ ആയിരുന്നിരിക്കണം.

"കുറ്റിപ്പാടം വരെ പോവുന്നുണ്ടെങ്കിൽ മഞ്ചാടിപ്പറമ്പില് പോയിട്ട് തെങ്ങുംതടത്തില് വല്ല മടലും വീണുകിടക്കുന്നുണ്ടെങ്കിൽ വലിച്ചു മോട്ടോർപ്പുരേടെ അവിടേക്കിട്ടോളോ ട്ട്രാ" ന്ന് അച്ഛാച്ഛൻ പറഞ്ഞത് വലിയൊരു ഗുണായി. വൈകാനൊരു ന്യായം കൂടി കിട്ടീലോ!

സോ, അര മണിക്കൂറോളം സാഹചര്യങ്ങളെ സസൂക്ഷ്മം വിലയിരുത്തിയ ശേഷം, രണ്ടും കൽപ്പിച്ച് ഞങ്ങളിറങ്ങി. നല്ല ഉടുപ്പൊക്കെ ഇട്ട്, ആരും കാണാതെ സൈക്കിളെടുത്ത് നേരെ ഇടവഴി വെച്ച് എടമുട്ടത്തേക്ക്. അവിടുന്ന് ആദ്യം കണ്ട തൃശ്ശൂര് ബസ്സീക്കേറി ടൗണിലേയ്ക്ക്. "ചേട്ടാ രാഗത്തിന്റെ മുന്നില് നിർത്തോ" ന്ന് കണ്ടക്റ്ററോട് ചോദിച്ച പാടെ പുള്ളിയ്ക്ക് കത്തിക്കാണണം, ഇവമ്മാര് ബസ്സില് രാഗത്തിലേയ്ക്ക് ആദ്യായിട്ടാണ്ന്ന്. പക്ഷേ, പുള്ളി ചിരിച്ച് "എറങ്ങാറാവുമ്പ ഞാൻ പറയാ ട്ടാ" ന്ന് പറഞ്ഞു. ഞങ്ങള് ഹാപ്പിയായി.

അങ്ങനെ പഴേ സ്റ്റാന്റിലിറങ്ങി, ചോയ്ച്ച് ചോയ്ച്ച് നടന്ന് ഞങ്ങൾ സിനിമയ്ക്ക് മുന്നേ തന്നെ തിയറ്ററിലെത്തി. നല്ല തിരക്കുണ്ടാവുംന്ന് വിചാരിച്ചിട്ട് നോക്കുമ്പോ കൗണ്ടറിൽ ഒരു മനുഷ്യനില്ല. "ചേട്ടാ, ഗോറില്ലേരെ സിനിമയ്ക്ക് രണ്ട് ടിക്കറ്റ്" ന്ന് പറഞ്ഞു കൗണ്ടറിലെ അർദ്ധവൃത്താകൃതിയുള്ള ദ്വാരത്തിലേയ്ക്കു കാശുനീട്ടിയ ഷനുച്ചേട്ടന്റെ കൈകൾ റോസ്കളറിലുള്ള (പിങ്കൊക്കെ പിന്നെ വന്നതാണ്) രണ്ടു ടിക്കറ്റുകളുമായി പുറത്തേയ്ക്കു വന്നു. "പകലായോണ്ടാവും ആളില്ലാത്തേ" ന്നു സമാധാനിച്ച് ടിക്കറ്റുമെടുത്ത് ഞങ്ങൾ അകത്ത് കേറി. 

രാഗത്തിന്റെ അക്രമ സൗണ്ട് സിസ്റ്റത്തിൽ 'ദ് റോബോട്ട്സ്' മ്യൂസിക്കിന്റെ താളത്തിനൊപ്പം, കൂറ്റൻ സ്ക്രീനിന്റെ മുന്നിലെ, ഞൊറികൾക്കിടയിൽ കുഞ്ഞു ബൾബുകൾ തൂക്കിയ ചുവന്ന കർട്ടൻ പതിയെ ഉയർന്നു. രോമകൂപങ്ങൾ എഴുന്നേറ്റു നിന്നു. പതിയെ പടം തുടങ്ങി.

അങ്ങനെ, വെടികൊണ്ട് വീണിടത്തുനിന്നും ഉയിർത്തെഴുന്നേറ്റു വന്ന് പോലീസാരേം ഗുണ്ടകളേം തവിടുപൊടിയാക്കുന്ന ഭീമാകാരൻ "കിങ് കോങ്" നേം പ്രതീക്ഷിച്ചിരുന്ന ഞങ്ങൾ കാണുന്നതെന്താ, ഗൊറില്ലകളെ കുറിച്ചുള്ള ഒരു നെരേറ്റഡ് ഡോക്യുമെന്ററി!! ഗോറില്ല, എങ്ങനെ ജനിക്കുന്നു, എങ്ങനെ വളരുന്നു, എന്തൊക്കെ തിന്നുന്നു, എങ്ങനെ ഡിംഗോൾഫിക്കേഷൻ നടത്തുന്നു, അതിന്റെ കുഞ്ഞുകുട്ടിപരാധീനതകൾ എന്തൊക്കെ, എന്നു തുടങ്ങി ഒരു ഒന്നര മണിക്കൂർ സ്റ്റഡിക്ലാസ്. 'കിങ് കോങ്' ദിപ്പ വരും ദിപ്പ വരും ന്ന് വിചാരിച്ച് ഞങ്ങളൊരു മുക്കാ മണിക്കൂറൊക്കെ ക്ഷമിച്ചു കാണണം.

"അല്ല ഷനുച്ചേട്ടാ, ഇത്... കിങ് കോങല്ലല്ലോ!"

"തെറ്റീന്നാട്ട്രാ തോന്ന്ണേ, ഇതതല്ല"

അങ്ങനെ പണി കിട്ടീന്ന് മനസ്സിയാലപ്പോ അന്യോന്യം നോക്കി, "നമ്മക്കിത് ആരോടും പറയണ്ടാ, ല്ലേ?" ന്ന് നിശ്ശബ്ദമായി അംഗീകരിച്ച്, ഞങ്ങൾ ദദു മുഴുവനും ദൈന്യതയോടെ ഇരുന്നു കണ്ടു; ഡയലോഗൊന്നും ഒരു വക മനസ്സിലാവുന്നില്ലെങ്കിലും കാശുമുടക്കീതല്ലേ!

'നാശം, ഇതിനാണെങ്കിൽ എടമുട്ടത്തെ 'ഏയ്ഞ്ചലീ' ന്ന് വൈൽഡ്ലൈഫ് കാസറ്റൊരെണ്ണം എടുത്ത് കണ്ടാ മതിയായിരുന്നു' എന്ന തോന്നലും ഇടയ്ക്ക് തലപൊക്കാതിരുന്നില്ല.

അങ്ങനെ ആദ്യത്തെ ഒറ്റയ്ക്കുള്ള സിനിമാപരിപാടി ഫൗളായതിന്റെ വെഷമത്തിൽ, 'പടം' തീർന്നതും ഞങ്ങൾ നേരെ ഇറങ്ങി ശക്തനിലേക്ക് ഓടി ആദ്യം കിട്ടിയ ബസ്സ് കേറി തിരിച്ചെത്തി. പോരുന്ന വഴിയ്ക്ക് മഞ്ചാടിപ്പറമ്പു വഴിയൊന്ന് തിരിഞ്ഞ്, അവിടെ കിടന്ന രണ്ടു മടലെടുത്ത് മോട്ടർപ്പുരേടേ അടുത്തേയ്ക്ക് മാറ്റിയിടാനും മറന്നില്ല.

ഒടുവിൽ വീടിന്റെ മതിലിന്റെ വെളിയിൽ കുറച്ചു നേരം നിന്ന്, അകത്തു നിന്നും നിലവിളീം നെഞ്ചത്തടീം ഒന്നും കേൾക്കുന്നില്ലാന്ന് ഉറപ്പു വരുത്തി പതിയെ ഞങ്ങൾ അകത്തുകേറി. "കൊറേ നേരായല്ലടാ നോക്ക്ണേ, എവ്ടെപ്പോയി കെടക്കായിരുന്നൂ?" ന്ന് അമ്മ ചോദിച്ചെങ്കിലും അതൊരു സാധാരണ ടോണിലായിരുന്നു. 'കുറ്റിപ്പാടത്തെ കളിയും മഞ്ചാടിപ്പറമ്പിലെ മടലും' പദ്ധതി വിജയിച്ചതിൽ ഞങ്ങൾ ഗൂഢമായി ആഹ്ലാദിച്ചു.

പടം അലമ്പായിരുന്നെങ്കിലും, ആദ്യത്തെ ഒറ്റയ്ക്കുള്ള ആ തൃശ്ശൂർ പോക്ക് ഇങ്ങനെ പച്ചയ്ക്ക് നിക്കുന്നുണ്ട് ഇപ്പോഴും!

Friday, 29 July 2022

ചായയും കത്തിയും മഴയും

 ഇവിടെ ചായ ഇല്ലേ?!

തൃപ്രയാറിന്റെ ഹൃദയത്തിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന വൈ-മാളിന്റെ കഫറ്റീരിയയിൽ ചായ കിട്ടില്ലത്രേ!

ശ്രീത്തും അളിയനും ഞാനും പരസ്പരം നോക്കി ഇരിപ്പാണ്. ചായയുടെ അഭാവം സൃഷ്ടിച്ച ശൂന്യതയാണ് മുഖാമുഖത്തിന്റെ വിഷയം. വൈകുന്നേരം നാലുമണിക്ക് ചൈനീസ് ഫുഡോ, പിസയോ, ഒക്കെ കഴിക്കാൻ മാത്രം ഓളംവെട്ടൊന്നും ആയിട്ടില്ല. പിന്നെ ആകെ കാണുന്ന ഓപ്ഷൻ ഫലൂദയാണ്. പുറത്താണെങ്കിൽ മഴക്കാറിന്റെ ഇരുളിച്ചയും, നേരിയ തണുപ്പും, ചാറ്റൽമഴയുമൊക്കെയായി നല്ല സ്റ്റൈലൻ ശീതളിപ്പ്. അതിനാൽ, ഫലൂദയെന്നത് അലുവയിലെ മീഞ്ചാറായിരിക്കും. ചൂടൻ ചായയ്ക്ക് ചൂടൻ ചായ തന്നെ വേണം.

അങ്ങനെ ചായയുടെ സാക്ഷാത്ക്കാരം സ്വപ്നം കണ്ടിരിക്കുമ്പോ ഗെഡിയും ദേവിയും പ്രത്യക്ഷപ്പെട്ടു. രണ്ടിനും ലുക്കിൽപ്പോലും ഒരു മാറ്റവുമില്ല. അതേ മുഖങ്ങൾ, അതേ ചിരി, അതേ വർത്തമാനം, അതേ രസം!

ഒഴിവാക്കാനാവാത്തതെന്തോ വന്നു കയറിയതുകൊണ്ട് റെനീഷിന് വരാൻ പറ്റില്ലെന്നു മെസേജ് വന്നു, അതൊരു നഷ്ടമായി. അഞ്ചാംക്ലാസ്സിൽ വെച്ച് അവന്റെ ചോറുംപാത്രത്തിൽ നിന്ന് ദിവസേന കഴിച്ചിരിരുന്ന പുട്ടിന്റേം പഴത്തിന്റേം ഇഡ്ലിടേം ചമ്മന്തിയുടേം കഥ അയവിറക്കി ഒന്നൂകൂടി ചിരിക്കാമായിരുന്നു.

നാട്ടിലെ കൂട്ടുകാരുമായി ഒന്നു കൂടണം, ഓരോ ചായ കുടിക്കണം, കുറേ കത്തി വെക്കണം. ദിത്രേം മോഹമേ ഉണ്ടാരുന്നുള്ളൂ. ഗെഡിയുടെ കൂടെ ഇത്തിരി നേരം പഴേ പത്താം ക്ലാസ്സുകാരനാവാമെന്നുള്ളതാണ് ആ മോഹലഡുവിലെ മുന്തിരി. അങ്ങനെ മൊത്തത്തിൽ വിരിഞ്ഞുവിടർന്നു നിൽക്കുന്ന നൊസ്റ്റി അന്തരീക്ഷം, ആവി പാറുന്ന അടിച്ച ചായയെയും മൊരിഞ്ഞ പരിപ്പുവടയേയും കഠിനമായി ആഗ്രഹിക്കുന്നു. സോ, സമയം കളയാതെ യൂസഫലിച്ചേട്ടനോടുള്ള പരിഭവത്തോടെ പുറത്തിറങ്ങി.

അഞ്ചുപേരെ ഗർഭം ധരിച്ച ശ്രീത്തിന്റെ ശകടം ഹൈവേയിൽക്കേറി ചായ തപ്പി നീങ്ങി. "അജീടെ ചായക്കട", "ന്റുമ്മൂമ്മാന്റെ ചായക്കട", "ചായപ്പീട്യ"...  നാട്ടിൽ ചായക്കട കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടില്ല. നാട്ടികയെത്തും മുന്നേ വലതുവശം കണ്ട "ചായക്ലബ്ബി"ലെ നില്പനടിക്കാനുള്ള സെറ്റപ്പിൽ, ചോദിക്കാതെ ചേർത്ത ഏലക്കായ ഇത്തിരി നിരാശപ്പെടുത്തിയ രണ്ടു ചായയും, മോശമില്ലാത്ത ഓരോ പരിപ്പുവടയും സവാളവടയും, കുറേ ചിരികളും ഉള്ളിൽ കുതിർന്നമർന്നു. കോടതിക്കഥകളും, ക്ഷീരവികസനവും, വീടുപണിയുടെ ആവലാതികളും, എണ്ണയൂറ്റും, ട്രാഫിക്ക് പരിഭവങ്ങളും, അമേരിക്കയും അവിടെ ചിതറിവീണുകൊണ്ടിരുന്നു.

ഉള്ളിൽ ഇരുട്ടുകുത്തിയ അവസ്ഥയിൽ നിന്നും കുതറിയെണീറ്റ്, വാശിക്ക് സ്വന്തം കാലിൽ കുതിച്ചുനീങ്ങുന്നവളുടെ സ്വപ്നഗൃഹമായിരുന്നു ഹൈലൈറ്റ്. നേരെ അങ്ങോട്ടു വെച്ചുപിടിച്ചു. അവസാനവട്ട മിനുക്കുപണികൾ തകൃതിയിൽ നടന്നുകൊണ്ടിരിക്കുന്ന നല്ല അസ്സൽ വീട്. ശൗചാലയത്തിന്റെ വാതിലിന്മേൽ ലെമൺ പീസുകൾ വീണു മുങ്ങിത്താഴുന്ന മാർട്ടീനി ഗ്ലാസ്സിന്റെ പടത്തിന്റെ ഡിസൈൻ വെച്ച ബുദ്ധിയെ അഭിനന്ദിച്ച വകയിൽ കിട്ടിയതെല്ലാം വാങ്ങിക്കൂട്ടി അവിടുന്നിറങ്ങുമ്പോൾ, ദേവിയുടെ സ്ഥിരം ഐറ്റമായ രസികൻ റവലഡു ഒരു പൊതി മുടക്കമില്ലാതെ വന്നെത്തി. വീടുപാർക്കൽ കൂടാൻ പറ്റില്ല, ലീവ് തീരും. തിരിച്ചു  പോവുന്നതിനു മുന്നേ തിലകത്തിനേയും കൂട്ടി  ഒന്നൂടെ വരണമെന്ന് ഉള്ളിലുറപ്പിച്ചു.

നേരെ ഗെഡിയുടെ വീട്ടിലേയ്ക്കായിരുന്നു. അകത്തേതു പോരാതെ, യാത്ര പറഞ്ഞിറങ്ങി പടിക്കൽ നിന്ന് വീണ്ടും തുടങ്ങിയ കത്തിയടിയിൽ മണിക്കൂർ ഒന്നര പോയതറിഞ്ഞില്ല. നാട്ടുവർത്തമാനവും, ലോകവർത്തമാനവും, ഇടയിലൂടെ പറയാതെ പറയുന്ന ഇത്തിരി കഥകളും നൂലുപോലെ പെയ്തുകൊണ്ടിരുന്നു. 

മഴയ്ക്ക് കടുപ്പത്തിലൊന്നു ശാസിക്കേണ്ടി വന്നു, പടിയ്ക്കൽ പാതിവഴിയിൽ ഇറങ്ങാൻ കൂട്ടാക്കാതിരുന്ന മനസ്സിനെ കൺവിൻസ് ചെയ്ത് ഒടുവിൽ പുറപ്പെടുവിയ്ക്കാൻ. വരണ്ട തടാകത്തിന്റെ ഹൃദയത്തിലേക്ക് പതിക്കുന്ന പുതുവർഷം പോലെയുള്ള ഒരു സായാഹ്നം വീണലിഞ്ഞു താഴ്ന്നു. ആദ്യമൊന്ന് പൊള്ളിച്ച്, പിന്നെ ആസ്വദിപ്പിച്ച്, പതിയെ ഉള്ളിലേയ്ക്കാഴ്ന്ന നനുത്ത അനുഭൂതികൾ. ഒരു ചാറ്റിനും പകർന്നു തരാൻ കഴിയാത്ത പൊട്ടിച്ചിരികൾ, കളിയാക്കലുകൾ, കുറിയ നനുത്ത നോട്ടങ്ങൾ. ഇനിയൊരു കാഴ്ചയുണ്ടാവും വരെ ചേതനയെ റീച്ചാർജ്ജു ചെയ്തു തരുന്നതുപോലെ. ഒരു മെസേജിനപ്പുറമെങ്കിലും, മുഖദാവിലിനിയെന്ന് എന്ന ചോദ്യം മുറ്റിനിൽക്കുന്ന, പരസ്പരം കൊളുത്തിവലിക്കുന്ന യാത്ര പറച്ചിലുകൾ... 

അഞ്ചു പഴയ പത്താംക്ലാസ്സുകാർക്കിടയിൽ ഒരു മഴ കൂടി പെയ്തിറങ്ങി.

Saturday, 30 May 2020

യതി വാർത്താ:

ഡാ അറിഞ്ഞടാ…?”

മൂലക്ക് ഒരു കുഞ്ഞിസ്റ്റാന്റടിച്ച് പ്രതിഷ്ഠിച്ചിരുന്ന ഐടിഐ മുദ്രയുള്ള ലൈറ്റ് പച്ചക്കളർ ഫോണിന്റങ്ങേപ്രത്ത് നിന്ന് ലുലൂന്റെ ശ്വാസംകിട്ടാതെയുള്ള കെതപ്പ്.

“എന്തൂട്ട്…?”

“കുംബ്ലേ പത്ത് വിക്കറ്റെടുത്തൂടാ! ഇന്ത്യ ജയിച്ചു!”

“ഏ... കളി കഴിഞ്ഞാ? കാലത്ത് നോക്കീപ്പോ അവമ്മാര് നല്ല കളിയാരുന്നൂലോ…”

“പിന്നല്ലാ, കുംബ്ലേ കേറി മേഞ്ഞുടാ.. പത്ത് വിക്കറ്റ് മൂപ്പർക്ക്ണ്”

“ഹമ്മേ, കലക്ക്യേലാ.. ബാക്കി ആർക്കൊക്കെയാടാ കിട്ടിയേ..?”

“എന്തൂട്ട്?”

“വിക്കറ്റോള്”

“നിനക്ക് വട്ടായാ..! ഡാ, പത്തും കുംബ്ലേക്കാന്ന്”

“ആടാ.. ബാക്കി നാലെണ്ണം ഇല്ലേ എന്നാലും?”

“ഡാ പൊട്ടാ, മൊത്തം ടെസ്റ്റിലല്ല, അവമ്മാര്ടെ സെക്കന്റ് ഇന്നിങ്സിലെ പത്തില് പത്തു വിക്കറ്റും 
കുംബ്ലേക്കാടാ കിട്ടീത്. ലോകറെക്കോർഡാടാ!”

“ഉവ്വാ...?! ശരിക്കും...?” മേല് മൊത്തം ഒരു തരിപ്പാ കേറി.

“സത്യം. നീ വേം പോയി ടീവി വെച്ച് നോക്ക്…”

പറന്നു ചെന്ന് ടീവി ഓണാക്കുമ്പോ, ക്രിക്കറ്റ് ശ്വസിച്ചു ജീവിച്ചിരുന്ന അന്നത്തെ മാനസികാവസ്ഥയിൽ ഒരു നിലക്കും മാപ്പുനൽകാൻ കഴിയാത്ത തരത്തിലുള്ള എന്തോ മാരകപ്രോഗ്രാം ദൂരദർശനിൽ ഓടിക്കൊണ്ടിരിക്കുന്നു.

“കോപ്പ്, ന്യൂസൊക്കെ ഇനി ഏത് നേരത്താണാവോ.. ഇവമ്മാർക്കിതൊക്കെ ഒന്നെഴുതിക്കാണിച്ചൂടെ" ന്ന് പ്രാവി തിരിയുമ്പോ അച്ഛമ്മ ഉമ്മറത്തിരുന്ന് 'കടലാസ്' വായിക്കുന്നു.

"അല്ലച്ഛമ്മേ, ഇപ്പ റേഡിയോല് ന്യൂസ്ണ്ടാ?"

"ആ, ഇപ്പ തൊടങ്ങും. എന്തേ?"

മറുപടിക്കുപോലും ഒരു നിമിഷം കളയാണ്ടെ പാഞ്ഞുചെന്ന് റേഡിയോ ഓണാക്കി.

“സമ്പ്രതി വാർത്താഹ ശുയന്താം..പ്രവാചകാഹ..”

“ഓഹോ.. കറക്റ്റ് ടൈമിൽ സംസ്കൃതം വാർത്ത തന്നെ ല്ലേ... വെൽഡൺ യൂണിവേഴ്സ്, വെൽ ഡൺ" ന്നും നിരാശപ്പെട്ട്, എന്നാലും തോൽക്കാൻ തയ്യാറാവാതെ വല്ല തുമ്പോ തുരുമ്പോ കിട്ട്വോന്ന് നോക്കാം ന്ന് ആശ്വസിച്ച്, കാതുകൂർപ്പിച്ച് അന്നാ ന്യൂസിലെ ഓരോരോ അരിമണികളും പെറുക്കിപ്പെറുക്കി ചുമരിൽ ചാരി നിന്നതിന്റെ ഒടുവിൽ, നമുക്കാവശ്യമുള്ള വാക്കുകൾ മാത്രം ഒരു മായാജാലം പോലെ ചെവി ഫിൽട്ടർ ചെയ്തെടുത്തു തന്നു.

“ഭാരതാ ഹ പാകിസ്താന ഹ ക്രിക്കറ്റ് ക്രീഡാ ഹ കുംബ്ലേ ഹ ദശമ ഹ…”

“അടിച്ചു മോനേ!!!” ന്നും അലറി പടൂന്റെ വീട്ടിലേക്ക് ഇറങ്ങി ഓടീതും, അടുത്ത ന്യൂസ് ടെലികാസ്റ്റിൽ ഹൈലൈറ്റ്സ് കാണും വരേം, പിന്നെയുള്ള ഓരോ ന്യൂസിലും അതിന്റെ റിപീറ്റേഷൻ കണ്ടോണ്ടിരിക്കുമ്പോഴും ഉണ്ടായ ആ ആ, ഇത്..

ഓർക്കുമ്പോ തന്നെ… ദേ .. !

ബൈസിക്കിൾ ഡയറി


എഞ്ചിനീയറിങിന്റെ കൗൺസിലിങ്ങൊക്കെ കഴിഞ്ഞ് ഇടുക്കീലെ കോളേജിന്റെ പ്രണയലേഖനവും കാത്തിരിക്കുന്ന പരമബോറടിയുടെ മൂർദ്ധന്യാവസ്ഥയിലെ ദിനങ്ങളിലൊന്നിൽ...
 
അന്നൊക്കെ രാവിലെ തന്നെ കുളിച്ച് കുട്ടപ്പനായി, ശേഖരശാന്തീടവിടന്ന് വാങ്ങി വെച്ച രക്തചന്ദനത്തിന്റെ മുട്ടി അമ്മീമെലൊരച്ചെടുത്തതീന്ന് കൊറച്ചെടുത്ത് നെറ്റീമെ ഇരിഞ്ച് നീളത്തിൽ ചാർത്തി, ഡിസ്കോ ലൈറ്റിട്ട സെറ്റപ്പിന്റെ ഉള്ളിലിരിക്കുന്ന ഗണപതിയുടെ മുന്നിലിരിക്കുന്ന വിളക്കിന്റെ തിരി കരിഞ്ഞതിൽ നിന്ന് ലേശെടുത്ത് രക്തചന്ദനക്കുറീടെ താഴെ ഇത്തിരി നീളം കുറവിൽ കടുകുമണി ലെങ്തിൽ അപ്രത്തേക്കും ഇപ്രത്തേക്കും അളവു മാറാതെ കൃത്യം സെന്ററിൽത്തന്നെ അപ്ലൈ ചെയ്ത്, സൈക്കിളുമെടുത്തിറങ്ങി വിനൂന്റെ ഉമ്മറത്ത് കുറേനേരത്തേക്ക് കുറ്റിയടിക്കുന്ന പതിവുണ്ടായിരുന്നു. ആയിടെ മൊത്തം അലൈന്മെന്റു പൊളിച്ചുപണിത് പുതുപുത്തൻ മോടിയിൽ സെറ്റപ്പാക്കി ഇറങ്ങിത്തുടങ്ങിയ മനോരമയിലെ സ്പോർട്സ് പേജ് ഒരക്ഷരം വിടാതെ വായിച്ചുതീർക്കുകയും, കഴിഞ്ഞ ക്രിക്കറ്റ് കളികളെ ഇഴകീറി പരിശോധിക്കുകയും അടുത്ത് വരാൻ പോവുന്ന കളിയെപ്പറ്റി കൂലങ്കുഷമായി ചർച്ചിക്കുകയും, സത്യം പറഞ്ഞാ സ്കൂളിലേക്ക് പോവുന്ന ചില തല്പരകക്ഷികളെ കാണുകയും, ആർക്കും പരാതിയില്ലാത്ത "ഒരു ചെറുചിരി അങ്ങോട്ട്, ഒരു പുഞ്ചിരി ഇങ്ങോട്ട്" സ്കീമിൽ പങ്കെടുക്കുകയുമൊക്കെയാണ് ഉദ്ദേശ്യം.
 
മൂവായിരത്തിച്ചില്ലാനം കുട്ടികൾ പഠിക്കുന്ന കഴിമ്പ്രം സ്കൂളിലന്ന് കഷ്ടിച്ചൊരഞ്ഞൂറ് സൈക്കിള് തികച്ച് വെക്കാനുള്ള സ്ഥലം ഇല്ലാത്തോണ്ട് ഒരു പത്തുനൂറ് സൈക്കിളൊക്കെ എല്ലാ ദിവസോം, സ്കൂളിന്റെ അയല്പക്കത്തുള്ള സഹൃദയരായ നാട്ടുകാരുടെ പറമ്പിലെന്ന പോലെ, വിനൂന്റെ വീടും തറവാടുമൊക്കെ ഇരിക്കുന്ന, തുറന്നു കിടന്നിരുന്ന മ്മടെ അയലൊക്കപ്പറമ്പിലും കാണുമായിരുന്നു. അങ്ങനെ ഒരുമാതിരി ടൈമിലൊക്കെ ഞങ്ങടെ താവളമായിരുന്ന ആ പറമ്പിൽ സൈക്കിൾ വെക്കാൻ വരുന്ന സ്കൂൾകുട്ടികളോട്, വിശിഷ്യാ ലേഡിബേഡ് ഉടമകളോട്, “ദവടെ വെക്കല്ലടിവളേ, ആളേൾക്ക് പോണ്ടേ”, “ഹെയ് അവടെ വെച്ചാ മറ്റേ സൈക്കിളെട്ക്കാൻ പറ്റോ, നീയങ്ട് ലേശാ നീക്കി വെച്ചേ” ന്നൊക്കെ പറഞ്ഞ് പട്ടിഷോ കാണിക്കാറുള്ള ടൈം.
 
ഒരൂസം ഇങ്ങനെ പിള്ളേരൊക്കെ സ്കൂളീപ്പോയി, ബെല്ലൊക്കെ അടിച്ചുകഴിഞ്ഞ് കുറേനേരം കത്തിയടി കഴിഞ്ഞപ്പോ ഒരു തോറ്റം, 

“അല്ല വിന്വോ, മ്മക്കീ സൈക്കൊളൊക്കെ ഒന്ന് അറേഞ്ച് ചെയ്ത് വെച്ച് പിള്ളേരെ ഞെട്ടിച്ചാലോ?”. 

അഞ്ചിന്റെ പൈസക്ക് ഗുണമില്ലാത്ത ആ ഐഡിയ പക്ഷേ സംഘത്തെ ഉഷാറായി. സൈക്കിളുകൾ ബ്രാന്റനുസരിച്ച് പല ഭാഗങ്ങളിലേക്ക് മാറ്റി ലൈനപ്പാക്കി വെക്കപ്പെട്ടു. ലേഡീബേഡുകൾ പുളിമരത്തിന്റെ അടീല് വട്ടത്തില്, ബീഎസ്സേകൾ അയ്നീടെ താഴെ നീളത്തില്, വേറെ ചിലത് വരിവരിയായി നടവഴീടെ രണ്ടു സൈഡില്, അതിൽത്തന്നെ ആമ്പിള്ളെർടേം പെമ്പിള്ളേർടേം വേറെവേറെ സെക്ഷനുകൾ, അങ്ങനങ്ങനെ മൊത്തത്തിൽ പൊരിഞ്ഞ പരിപാടി. ലേഡീബേഡിന്റേം, ബീഎസ്സേടേം അതിപ്രസരത്തിൽ ലൈംലൈറ്റ് കിട്ടാത്ത ചെല ഹീറോ ഇമ്പാക്റ്റുകളും ഫോട്ടോണുകളും അപൂർവം ചെല അറ്റ്ലസുകളും, മറ്റു പല ഓർമ്മയില്ലാബ്രാന്റുകളും അടിച്ചുകൂട്ടി ഒരു മൂലക്ക് കൊണ്ടു വെച്ചു. അതിന്റെടക്ക് “മ്മക്ക് കളറു നോക്കി ഒന്നുങ്കൂടി അറെഞ്ച് ചെയ്താലാ?” ന്നൊരു രണ്ടാംതോറ്റത്തിന്റെ പുറത്ത് ബ്രാന്റിന്റെ സെക്ഷനുകൾ കളറിന്റെ അടിസ്ഥാനത്തിൽ സബ്സെക്ഷനുകളാക്കി മാറ്റി ഒരു റീഅറേഞ്ച്മെന്റ് കൂടി നടത്തിക്കഴിഞ്ഞപ്പോ പറമ്പൊരുമാതിരി സൈക്കിളുകളുടെ മെഗാമേള നടക്കുന്ന ഏതോ മൈതാനത്തിന്റെ ലുക്കായി. മനോഹരായിരുന്നു സീൻ!
 
വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ ഗ്രാമത്തെ മൊത്തം രക്ഷിച്ച പട്ടാളക്കാർ വൈന്നേരം ബാരക്കിൽ രണ്ടെണ്ണമടിച്ച് ക്ഷീണം മാറ്റാനിരിക്കുന്ന ഫീലിൽ, അവിടെ ഒരു തെങ്ങുംചോട്ടിൽ ഞങ്ങൾ കയ്യും ബേക്കിൽ കുത്തി മലന്നു കിടന്ന് അന്നത്തെ അധ്വാനത്തിന്റെ ഫലം ആസ്വദിച്ചിരുന്നു.
വൈന്നേരം സ്കൂള് വിടാറായപ്പോ അന്തംവിടുന്ന പിള്ളേരെ കാണാൻ പട മൂന്നു മണിയോടെ തന്നെ സെറ്റായി റെഡിയായിരുന്നു.
 
നാലുമണിക്ക് കൂട്ടബെല്ലടിച്ച് രണ്ടുമിനിറ്റ് തികയും മുന്നേ പിള്ളേര് വന്നു തുടങ്ങി. വരുന്നവർ വരുന്നവർ “ഇതെന്ത് കൂത്ത്, എന്റെ സൈക്കിളെവടെ” എന്നമ്പരന്നും ലേശം പരിഭ്രമിച്ചും പരതിനടക്കുന്ന കണ്ടപ്പോ “ഞങ്ങളാട്ടാ ഈ കർമ്മം ചെയ്തത്, നന്ദിയൊന്നും പറയണ്ട ഒരാവശ്യോം ഇല്ല” എന്ന ഭാവത്തിൽ ഞങ്ങളവടെ ചായേം കുടിച്ചിങ്ങനെ സിരിച്ചിരുന്നു.
 
“ദേ നിങ്ങളിങ്ങനെ തോന്ന്യേ പോലെ സൈക്കിളൊക്കെ വെച്ച് പോയാ പറമ്പൊക്കെ കാണാൻ മോശല്ലേ?" 
"നാളെത്തൊട്ട് ഇന്ന് വെച്ച പോലെ അറേഞ്ച് ചെയ്ത് വെച്ചോളോട്ടാ.." 
"ഇന്ന് ഞങ്ങള് ഹെല്പ് ചെയ്തു. ഞങ്ങൾ എല്ലാ ദിവസോം ഇവിടെ തന്നെ കാണും, നിങ്ങളെ ഹെല്പാനായിട്ട്” 

എന്നിങ്ങനെ ഓരോ പത്ത് മിനിറ്റിലും ഓരോ അനൗൺസ്മെന്റും നടത്തി ആ ദിവസവും അതിന്റടുത്ത ദിവസവും ഞങ്ങൾ ടൈം കില്ലി. പിള്ളേർക്കാണെങ്കിൽ “ഇവമ്മാരിത് സീരിയസായിട്ടാണോ, അതോ പിരി പോയിട്ടാണോ” ന്ന് കൺഫ്യൂഷനുമുണ്ട്, എന്നാ പറഞ്ഞ പോലെ ചെയ്തില്ലെങ്കി ഇവമ്മാർടെ ഏരിയയിൽ ധൈര്യായിട്ടെങ്ങനെയാ സൈക്കിളും വെച്ച് പോവാൻ പറ്റാന്ന് നല്ല ഡൗട്ടുമുണ്ട്. ഞങ്ങക്കാണെങ്കിൽ അവർടെ ആ കൺഫ്യൂഷനൊക്കെ ഒന്നുരണ്ടു ദിവസം അത്യാവശ്യം നല്ല എന്റർടെയിന്റ്മെന്റ് ആയിരുന്നു.
 
ഇപ്പോ ആലോചിക്കുമ്പോ, എന്തിന്റെ കേടായിരുന്നോ ആവോ, ആ പെമ്പിള്ളേരൊക്കെ എന്ത് വിചാരിച്ചു കാണോ ആവോ! ഹൗ...

Thursday, 14 February 2019

നെല്ലിയാമ്പതി

ക്ഷീണിതനായ ഒരു വൃദ്ധൻ ചുമട് താങ്ങി വേച്ചുവേച്ചു വരുന്നത് പോലെ പോലെ എസ്.ആർ.ടി. ബസ് മലയിലെ വളവും തിരിഞ്ഞു കയറി സ്റ്റോപ്പിൽ വന്നു. ബോർഡിലെ 'നെല്ലിയാമ്പതി' എന്ന വാക്കിനടുത്ത് ഓഫാക്കാൻ മറന്നു പോയ ഒരു കുഞ്ഞുബൾബ് നിന്നു കത്തുന്നുണ്ട്.

ബസ്സിൽ കൊള്ളാവുന്നത്രയും ആളുകൾ തിങ്ങി നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. നെല്ലിയാമ്പതിയിലേക്ക് ദൂരം ഇനിയും ഏറെയുണ്ട്. അടുത്ത വണ്ടിയാണെങ്കിൽ ഇനി രണ്ടു മണിക്കൂറെങ്കിലും കഴിയും, അതും വന്നാൽ വന്നു എന്ന് പറയാം. രണ്ടും കല്പിച്ച് മുത്തശ്ശനോട് ചോദിച്ചു, "മുത്തശ്ശന് ഇരുന്നു തന്നെ പോണംന്നുണ്ടോ?"

"നീ പോയേന്റെ കുട്ട്യേ. നെന്റെ കൂട്ടത്തിലെ കുട്ട്യോൾടെ പോലത്തെ പിണ്ണത്തടി അല്ലിത്, ഉരുക്കാണ് ഉരുക്ക്. നീ വേണെങ്കി സീറ്റു കിട്ടുന്ന വണ്ടിക്ക് പിന്നെ വന്നോളൂ, ഞാനും മുത്തശ്ശീം വടി പോലെ നിന്ന് ഇതിൽത്തന്നെ പോക്കോളാം"

ചോദിച്ചത് വേണ്ടാരുന്നൂന്ന് തോന്നി. വയസ്സ് എഴുപത്തഞ്ചാണ് മുത്തശ്ശന്, മുത്തശ്ശിക്ക് തൊണ്ണൂറ്റഞ്ചും, പക്ഷേ അതും പറഞ്ഞങ്ങോട്ട് പോയാ വെറുതെ തോറ്റു മടങ്ങുകയേ പിന്നെ നിവർത്തിയുള്ളൂ.

കിട്ടിയ ഇടയിൽ മൂന്നു പേരും പടികളിൽ നിന്ന്, വാതിൽ ഭദ്രമായി ചേർത്തടച്ചതും കിളി പുറകിൽ നിന്നും അലറുന്നതു കേട്ടു,

"പൂവാ... പൂവാ"

കഠിനാധ്വാനത്തോടെ ഡ്രൈവർ ഗിയർ വീഴ്ത്തുന്ന ശബ്ദം ആർത്തു വന്നു. മനസ്സില്ലാമനസ്സോടെ ബസ് മുരടനക്കി മുന്നോട്ടു നീങ്ങി.

വഴിയിൽ പുകമഞ്ഞു കനം വെച്ചു വരുന്നുണ്ട്. പോത്തുണ്ടി ഡാമിലെ വെള്ളപ്പരപ്പിൽ തട്ടി വെളിച്ചം ചിതറിത്തെറിക്കുന്നുണ്ട്. ടൂറിനു വന്ന ഏതോ സ്‌കൂളിലെ കുട്ടികൾ ഡാമിന്റെ മുകളിൽ നിരന്നു നിന്ന് പടമെടുക്കുന്നു. ആകാശത്തിന്റെ നിറം കരിനീലയോ അതോ ചാരനിറമോ എന്നറിയാൻ കഴിയുന്നില്ല, ദൂരെ മലനിരകൾ കറുപ്പു മൂടിക്കഴിഞ്ഞു. മഴ വരാതിരുന്നാൽ മതിയായിരുന്നു.

ബസിനു വേഗം കുറവെങ്കിലും കാറ്റിന്റെ ശക്തി അല്പം കൂടുതലായി തോന്നുന്നുണ്ട്. മഴക്കാറുള്ളതുകൊണ്ട് തണുപ്പും നല്ല പോലെ അടിക്കുന്നു. ചെറുതായി വിറക്കുന്നുണ്ടെന്നു മനസിലായി. ആധിയോടെ മുത്തശ്ശിയെ നോക്കി. അവർ ഒരു ചെറിയ മുഷിപ്പുപോലുമില്ലാതെ മുത്തശ്ശനോടെന്തോക്കെയോ കാര്യമായി സംസാരിച്ചുകൊണ്ടിരുന്നു. ഒന്ന് മയങ്ങണമെന്നുണ്ട്, പക്ഷെ ഈ നിൽപ്പിൽ എങ്ങനെ....

മണിക്കൂർ ഒന്ന് കഴിഞ്ഞു, ഒരു വലിയ വളവിന്റെ അരികിൽ വണ്ടി നിന്നു. "കാപ്പി കുടിക്കാൻ പത്തുമിനിറ്റ് സമയമുണ്ട്", വണ്ടി നിർത്തുന്നതിനു മുൻപേ  ചാടിയിറങ്ങിയ കിളി ബസിനകത്തേക്ക് വിളിച്ചു പറഞ്ഞു.

വാതിൽ തുറക്കാൻ ഇത്തിരി പ്രയാസപ്പെട്ടു. അതുകണ്ട്, മുഖത്തു കാർമേഘം ഉരുണ്ടുകൂടിവന്ന  കിളി വന്ന് വാതിൽ വലിച്ചു തുറന്നു. മുഖത്തു പോലും നോക്കാതെ അയാൾ പിറുപിറുത്തുകൊണ്ട് മൂലയിലുള്ള ചെറിയ ചായക്കടയിലേക്ക് ധൃതിയിൽ നടന്നുപോയി.

മുത്തശ്ശനു നേരെ കൈ നീട്ടിയെങ്കിലും നീരസം ഘനീഭവിച്ച ഒരു നോട്ടത്തോടെ അദ്ദേഹം ആ വാഗ്ദാനം നിരസിച്ചു കൊണ്ട് സ്വയം ഇറങ്ങി വന്നു. പിന്നാലെ മുത്തശ്ശിയും ഇറങ്ങി. ഇരുവർക്കുമുള്ള ചായ പറയാൻ ഞാൻ മുന്നോട്ടു നീങ്ങി.

കടയിൽ എല്ലാവരും ആദ്യത്തെ ചായ തനിക്കു കിട്ടണമെന്ന ആഗ്രഹത്തിൽ തിക്കിത്തിരക്കുന്നുണ്ട്. ഇന്റർവെൽ സമയത്ത് സ്‌കൂളിനു പുറത്തെ മിഠായിക്കടകളെ പൊതിഞ്ഞുനിൽക്കുന്ന കുട്ടികളുടെ മുഖത്തെ ആശങ്കയാണ് പലർക്കും. കഴുത്തിൽ ഒരു നീല തൂവാല കെട്ടിയ ഡ്രൈവർക്കുള്ള സ്‌പെഷൽ ചായ അതിനകം വന്നു കഴിഞ്ഞിരുന്നു. ആദരവോടെ അയാളെ നോക്കിക്കൊണ്ടു നിൽക്കുന്ന ബസ് യാത്രക്കാരായ രണ്ടുകുട്ടികളെ നോക്കി കുസൃതിയോടെ കണ്ണിറുക്കിക്കാണിച്ച ശേഷം, അയാൾ കൊക്കക്കരികിലുള്ള ഒരു മൈൽക്കുറ്റിയിയിലിരുന്ന് തന്റെ ചായ ഊതിയൂതി ആസ്വദിക്കാൻ തുടങ്ങി.

സമോവറിന്റെ അരികിൽ ഒരു ഇരുപതുപേരെങ്കിലുമുണ്ട്. മുഷിവോടെ ഞാൻ മുത്തശ്ശന്റെ നേരെ നോക്കി.

"ചായ ഒന്നും വേണ്ട, കുറച്ചു മുൻപേ ആഹാരം കഴിച്ചതല്ലേ ഉള്ളൂ, പ്രസാദിങ്ങു പോന്നോളൂ", മുത്തശ്ശിയാണ് പറഞ്ഞത്. ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നെങ്കിലും ആ ചിന്ത നാലായി മടക്കി കീശയിൽ വെച്ച് അവരുടെ അടുത്തേക്ക് നടന്നു.

പെട്ടെന്ന് കൊക്കയുടെ അരികിലൂടെയുള്ള നടവഴിയിലൂടെ കുറച്ചു പേർ കയറി വന്നു. തലയിൽ കെട്ടും, കണ്ണാടിയും, തോളിൽ ബാഗുകളുമൊക്കെയുണ്ട്, മലകയറ്റക്കാരാവണം. ഇനിയും പകുതിയോളം മല കയറാൻ ബാക്കിയുണ്ട്. സംഗതി എളുപ്പമല്ല. ദിനവും ഒരു കുന്നു നടന്നു കയറി പോയിരുന്ന കോളേജ് ദിനങ്ങൾ ഓർത്തു. അന്നതൊക്കെ എത്ര എളുപ്പമായിരുന്നു. ഇന്നാണെങ്കിൽ പത്തടി നടക്കാനുള്ള ത്വര പോലും കെട്ടു പോയിരിക്കുന്നു. ലജ്ജ തോന്നി.

മലകയറ്റക്കാരുടെ സംഘം ചായ കുടിക്കാൻ നിൽക്കാതെ നീങ്ങി കഴിഞ്ഞപ്പോൾ കുറച്ചു പുറകിലായി നല്ല ഉയരമുള്ള ഒരാൾ ഒറ്റക്ക് കയറി വന്നു. ഒറ്റനോട്ടത്തിൽ ആളെ മനസിലായി. ഋത്വിക് റോഷനെ മുൻപും ടിവിയിൽ കണ്ട പരിചയമുണ്ട്, ഒന്നു മുന്നോട്ടു നീങ്ങി അയാൾക്ക് കൈ വാഗ്ദാനം ചെയ്തു.

"പ്രസാദെന്താ ഇവിടെ, ഇന്ന് ഓഫീസില്ലെ?" ഋത്വിക് ചോദിച്ചു.

"ഇല്ല, മുത്തശ്ശനേം മുത്തശ്ശിയേം കൊണ്ടൊന്ന് നെല്ലിയാമ്പതിക്ക് പോവാണ്."

അവൻ അവരെ നോക്കി കൈകൂപ്പി. മുത്തശ്ശൻ മുഖം തിരിച്ചു, ആൾക്ക് സിനിമാക്കാരെ ഇഷ്ടമല്ല. മുത്തശ്ശി ചിരിച്ചു.

അവൻ പുറകിലേക്കൊന്ന് വലിഞ്ഞ് എന്റെ ചെവിയിൽ ചോദിച്ചു, "നിനക്ക് നാണമില്ലെടെ, ബസ്സിൽ മല കയറാൻ...! നിന്നെ പോലുള്ള ചെറുപ്പക്കാരൊക്കെ ഇങ്ങനെ മടി പിടിക്കാൻ തുടങ്ങിയാലോ? അയ്യേ, ഛെ..."

അവന്റെ ചോദ്യം കേട്ട് ചൂളിപ്പോയി. എത്ര മല കയറിയവനാ എന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു, അവൻ കേൾക്കണ്ടെന്നോർത്തു മനസ്സിൽ പറഞ്ഞാശ്വസിച്ചു.

എന്റെ വാടിയ ചിരി കണ്ടിട്ടാവണം, ഋത്വിക് ഒന്നയഞ്ഞു. പതിയെ മാറ്റി നിർത്തി ചോദിച്ചു, "നീ വരുന്നോ എന്റെ കൂടെ കയറാൻ? എനിക്കീ ബോറു കമ്പനി ഇഷ്ടപ്പെട്ടില്ല. അതാ അവരെ വിട്ട് ഒറ്റക്ക് നടക്കുന്നത്. നീയാവുമ്പോ ബെസ്റ്റാണ്... നമുക്ക് എസ്.പി.വെങ്കിടേഷിന്റെ പാട്ടുകളൊക്കെ പാടി ജോളിയായി കയറാം. മുത്തശ്ശനും മുത്തശ്ശീം ബസിൽ വന്നോട്ടെ..."

അതൊരു നല്ല പദ്ധതിയാണ്. മനസ് മുരടിച്ചിരിക്കുകയാണ്. ഒന്ന് ഫ്രെഷാവാം, നല്ല ഉന്മേഷം തോന്നി.

മുത്തശ്ശനോട് കാര്യം പറയാൻ തുടങ്ങിയപ്പോഴേ അദ്ദേഹം കൈ കാണിച്ചു പറഞ്ഞു,"കുട്ടി അവന്റെ കൂടെ നടന്നു പോരെ, ഞങ്ങൾ ബസിൽ പൊയ്‌ക്കോളാ"

ഡ്രൈവർ ആ സമയത്ത് കയറി ഇരുന്ന് കഴിഞ്ഞിരുന്നു. സ്റ്റിയറിങ്ങിൽ കൈ കുത്തി പിന്നോട്ട് തിരിഞ്ഞിരുന്ന്, കൂടെക്കൂടെ വാച്ചിൽ നോക്കി അക്ഷമ കാണിക്കുന്നുണ്ട് അയാൾ. കിളി എല്ലാവരെയും കുത്തിക്കയറ്റുകയാണ്. മുന്നോട്ടു നീങ്ങി നിൽക്കാനുള്ള ആജ്ഞക്ക് ആക്കം പോരെന്നു തോന്നുമ്പോഴൊക്കെ അയാൾ ബസ്സിന്റെ വശത്ത് ആഞ്ഞടിച്ചു കൊണ്ടിരുന്നു. സീറ്റുകൾ കിട്ടണമെന്ന് എല്ലാവർക്കുമുണ്ടെങ്കിലും പല നിറത്തിലുള്ള തൂവാലകളും പുസ്തകങ്ങളും ഉടമസ്ഥരല്ലാത്തവരെ സീറ്റുകളിൽ നിന്നുമകറ്റി നിർത്തി.

ഒടുവിൽ, മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഊഴമായി. അവരെ ഫുട്‍ബോർഡിൽ കയറ്റി ഞാൻ വാതിലടച്ചു. കിളിയുടെ അലർച്ചയിൽ ഡ്രൈവർ കടിഞ്ഞാൺ ഇളക്കി. നീങ്ങി നിരങ്ങി അകലുന്ന ബസ്സിന്റെ നേരെ വെറുതെ ഞാൻ കൈ വീശി. മുത്തശ്ശന്റെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛച്ചിരി ഉണ്ടായിരുന്നത് പോലെ തോന്നി.

"ഡേയ്.. വാഡേയ്, ബസ് പോയില്ലേ...!" ഋത്വിക്കിന്റെ വിളി ചിന്തയിൽ നിന്നുണർത്തി.

"യാ, പോവാം." നീണ്ട കാലുകൾ വലിച്ചു വെച്ച് റോഡ് മുറിച്ചു കടന്ന് അപ്പുറത്തേക്കെത്തി നിൽക്കുന്ന അവന്റെ അരികിലേക്ക്, കീശയിലെ നോട്ടുകൾ താഴെ പോവാതെ പൊത്തിപ്പിടിച്ചു ഞാൻ ധൃതിയിൽ ഓടി. മലയുടെ മുകളിലേക്ക് ഒരു മണ്ണിരയെപ്പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴിയിലേക്ക് ഞങ്ങൾ ഊർന്നു കയറി.

* * *

"ഹെന്താ മനുഷ്യാ ഈ വെളുപ്പാൻ കാലത്തു മേലേക്ക് പൊത്തിപ്പിടിച്ചു കേറുന്നേ" ന്നൊരു അലർച്ചയും വെള്ളിടി വെട്ടുന്ന പോലെ മുതുകത്തൊരു ചവിട്ടുമാണ് സ്ഥലകാലബോധത്തിലേക്ക് ടിക്കറ്റു തന്നത്. കണ്ണു മിഴിച്ചപ്പോൾ തറയിലാണ് കിടപ്പ്. പതിയെ എഴുന്നേറ്റ് കർട്ടൻ മാറ്റി നോക്കിയപ്പോൾ, രണ്ടു നാളായി കിഴക്കൻതീരത്തെ ആക്രമിച്ചുകൊണ്ടിരിക്കുന്ന മഞ്ഞുകാറ്റ് ഒട്ടും തീവ്രത കുറയാതെ  അവിടെ തന്നെ ഉണ്ട്, എങ്ങും പോയിട്ടില്ല. ഇന്നും വീട്ടിൽത്തന്നെ അടച്ചുപൂട്ടിയിരുന്നു മുഷിയേണ്ടി വരും.

ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ കടന്നൽ കുത്തിയ മുഖശ്രീയോടെ മയങ്ങാൻ ശ്രമിക്കുന്ന നല്ലപാതിയെ പതിയെ ഉന്തിനീക്കിക്കിടത്തി പുതപ്പുവലിച്ചുകേറ്റി ഒന്നൂടെ കിടന്നു. ഇടയ്ക്കു മുറിഞ്ഞു പോയ ആ കാട്ടുവഴിയിലേക്ക് ഒന്നുകൂടി ഏന്തിയെത്താൻ പറ്റുമോന്നു നോക്കാം. നെല്ലിയാമ്പതിക്ക് മുകളിലേക്കു നടന്നു കയറാൻ വെമ്പുന്ന മനസ്സു മാത്രം പക്ഷേ സംശയിച്ചു നിന്നു, "ഋത്വിക് പോയിക്കാണുമോ..."

* * *
പ്രകോപനം: കെപി കണ്ട സ്വപ്നം

Tuesday, 5 January 2016

വയലട

ഇത്തവണത്തെ വർഷാവസാന അലച്ചിലിൽ ഏറ്റവും മനസ്സ് നിറഞ്ഞത് കോഴിക്കോട് വയലടക്കടുത്തുള്ള കാവുംപുറത്തേക്കുള്ള യാത്രയിലാണ്. തട്ടുതട്ടായ ഭൂപ്രകൃതിയുള്ള ഒരു ടിപ്പിക്കൽ ഹൈറേഞ്ച് കുടിയേറ്റ കർഷക ഗ്രാമം. അവിടെ തന്റെ രണ്ടേക്കർ സ്ഥലത്ത്, വെല്ലുവിളിക്കുന്ന പ്രകൃതിയെ ചിരിച്ചു കൊണ്ട് നേരിട്ട് ജീവിക്കുന്ന മാധവൻ എന്ന കർഷകനെ പരിചയപ്പെടാൻ അവസരം കിട്ടി. അഞ്ചാറു തട്ടിലായി കുത്തനെ നിൽക്കുന്ന ഭൂമിയിൽ, താഴെ റോഡിലേക്കും മുകളിലെ തട്ടിലെ വീട്ടിലേക്കും അസംഖ്യം തവണയുള്ള കയറ്റിറക്കങ്ങൾക്കും, പിന്നെ നാലഞ്ചു കിലോമീറ്റർ താഴെ തലയാട്ടേക്കുള്ള തന്റെ ദിനചര്യയായ കാൽനട യാത്രകൾക്കുമിടയിൽ, അറുപത്തേഴാം വയസ്സിലും വാർധക്യം തോറ്റുനിൽക്കുന്ന ഒരു മനുഷ്യൻ.

നാല്പത് കൊല്ലം മുൻപെയാണ് മാധവേട്ടൻ ഇവിടേക്ക് കുടിയേറുന്നത്. ഇന്നും കാവുംപുറത്തേക്ക് നല്ലൊരു റോഡ്‌ ഉണ്ടാക്കി വരുന്നേയുള്ളൂ. മാധവേട്ടന്റെ വീടിനു മുന്നൂറു-നാനൂറു മീറ്ററെങ്കിലും താഴെക്കൂടെയാണ് ആ റോഡ്‌ പണിയുന്നത്. മാധവേട്ടന്റെ ഭൂമിയിൽ പലതാണ് കൃഷികൾ. ഇടക്ക് വല്ലപ്പോഴും വന്നു കേറുന്ന അതിഥികളെ സൽക്കരിക്കാൻ വലിയ ഉത്സാഹമാണ് ആൾക്ക്. മുകളിലത്തെ തട്ടുകളിലൊന്നിൽ കെട്ടിയ കുഞ്ഞു വീടിന്റെ ഉമ്മറത്ത്, കുത്തനെയുള്ള കയറ്റം കയറി തരിപ്പണമായ ഞങ്ങളെ ഇരുത്തി മൂപ്പർ കരിക്കിടാൻ പോയി. മുന്നിൽത്തന്നെയുള്ള രണ്ടു നില പൊക്കമുള്ള ഒരു തെങ്ങിന്റെ മണ്ടയിലെക്ക് ഒരു തോട്ടി വെച്ചു നാല് കുത്ത്, കരിംപച്ച നിറത്തിലുള്ള വലിപ്പം കുറഞ്ഞ കരിക്കുകൾ നാലഞ്ചെണ്ണം താഴെ വീണു. ഉറപ്പുള്ള തറയിലേക്കുള്ള വീഴ്ചയിൽ ഒന്നുരണ്ടെണ്ണം പൊട്ടിപ്പോയി. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ആ മനുഷ്യന്റെ പരിപാലനത്തിൽ തഴച്ചു വളരുന്ന തെങ്ങിൽ വിളഞ്ഞ കരിക്കുകൾ ഒട്ടും നിരാശപ്പെടുത്തിയില്ല. ഒരു കുഞ്ഞു കരിക്കിൽ നിന്നും കിട്ടിയത് രണ്ടു സ്റ്റീൽ ഗ്ലാസ് നിറയെ സ്വാദുള്ള വെള്ളം. ബാംഗ്ലൂരിലും ഹൈവെയിലുമൊക്കെ കിട്ടുന്നതിനെ ഇനി മേലിൽ കരിക്കാടി എന്ന് വിളിക്കാൻ മനസ്സിലുറപ്പിച്ച്, മനസ്സ് കവിയുവോളം മോന്തിക്കുടിച്ചു.

കരിക്ക് തീർന്നപ്പോഴേക്കും വീടിനു മുന്നിൽ നിന്ന രണ്ടു ചേംപിൻ ചെടികൾ പുള്ളി കുത്തി മറിച്ചിട്ടു. ചേമ്പിനു വലിപ്പം അധികം ആയിട്ടില്ലായിരുന്നു എങ്കിലും മൊത്തം ഫലം പൊതിഞ്ഞു വെച്ചു. വളർച്ചയുടെ പല ഘട്ടത്തിലുള്ള ജാതിക്കയും, മുറ്റത്തു കായ്ച്ചു നിൽക്കുന്ന കൊളംപ് അടക്കാമരത്തിലെ ഇത്തിരിപ്പോന്ന അടക്കകളും ഒരു കൊച്ചുകൂട്ടുകാരന്റെ സ്നേഹത്തോടെ, വാസുണ്ണിയുടെ കുഞ്ഞു കൈകളിലേക്ക് മൂപ്പർ വെച്ചു കൊടുത്തു. മുന്നിൽ തന്നെ താഴത്തെ തട്ടുകളിലെക്ക് ഉന്തിച്ചു നിന്നിരുന്ന ഒരു പാറയിൽ ഒരഭ്യാസിയെപ്പോലെ ചാടിക്കേറി അതിന്റെ അറ്റത്തു പുറത്തേക്കു വളർന്നു വലുതായി നിൽക്കുന്ന മരത്തിൽ നിന്നും നാല് ചുരക്ക കൂടി കുത്തിയിട്ട് തന്നിട്ടേ ആൾക്ക് തൃപ്തിയായുള്ളൂ.

കോഴികളെ വളർത്തണമെന്നുണ്ടെങ്കിലും പരുന്തിന്റെ ശല്യം കാരണം അത് നടക്കില്ല എന്നാണ് മാധവേട്ടൻ പറയുന്നത്. മൂപ്പർക്ക് രണ്ടു പോത്തിൻകുട്ടികളുണ്ട്. കാട്ടുപന്നിയുടെ ശല്യം ഇടക്കുണ്ടാകും. പണ്ടായിരുന്നെങ്കിൽ കൈവശമുണ്ടായിരുന്ന ഒരു കള്ളത്തോക്ക് ഉപയോഗപ്പെട്ടിരുന്നു. പക്ഷേ കാലം മാറിയപ്പോൾ കുടുംബത്തിലെ ഒരു പോലീസുകാരന്റെ ഉപദേശപ്രകാരം അത് വിറ്റുകളയുകയായിരുന്നു. അല്ലെങ്കിൽ നമുക്കൊന്നു കറങ്ങാമായിരുന്നു എന്നാണു മൂപ്പർ പറയുന്നത്. "നിങ്ങളവിടെ ചൂടു കാരണം ഉഷ്ണിച്ചു കഴിയുംപോ ഞങ്ങൾക്കിവിടെ രാത്രി കരിംപടം പുതക്കാതെ കിടക്കാംപറ്റൂല്ല", പല്ലൊന്നും ബാക്കിയില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ട് മാധവേട്ടൻ പറഞ്ഞു.

അദ്ദേഹത്തിന്റെ ഊഷ്മളമായ ആതിഥ്യം ആസ്വദിച്ചു തിരിച്ചുള്ള യാത്ര മുഴുവൻ, ചെന്നെത്തിപ്പെടാൻ ഒരു വഴി പോലുമില്ലാത്ത ഇത്തരം ഇടങ്ങളിലേക്ക്, ഈ മനുഷ്യനെപ്പോലുള്ളവർ പതിറ്റാണ്ടുകൾക്കുമുൻപ് ജീവിതം കരുപ്പിടിപ്പിക്കാനായി നടത്തിയ സമരയാത്രകളുടെ കാഠിന്യമായിരുന്നു മനസ്സ് നിറയെ. എങ്ങനെയായിരിക്കും വിജയത്തിനോ ജീവനോ ഒരുറപ്പുമില്ലാതെ, ഭീതിപ്പെടുത്തുന്ന ചുറ്റുപാടുകളോട് മല്ലിട്ടും പൊരുതിയും അവർ തങ്ങളുടെ സാന്നിധ്യം അത്തരമിടങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ടാവുക എന്നത് എന്റെ തലച്ചോറിന്റെ ചുളിവുകളിൽ തെളിയുന്നവയായിരുന്നില്ല. ചൂടിനായാലും തണുപ്പിനായാലും ആഹാരത്തിന്റെ സ്വാദിനായാലും മറ്റെന്തു മാനുഷികവികാരങ്ങൾക്കായാലും യഥാർത്ഥ ആസ്വാദനശേഷി കൈവരുന്നത്, പ്രകൃതിയോട് അതിന്റെ പൂർണ്ണതയിൽ കീഴ്പ്പെട്ട് ജീവിക്കുംപോഴാണെന്നത് തിരിച്ചറിയുകയാണ്...

Wednesday, 5 June 2013

ഹൌ-ന്ന്???

ആന്ധ്രയിലെ ഏതോ കുഗ്രാമത്തില്‍ എലെക്ഷന്‍ ഡ്യൂട്ടിക്ക് പോയ കഥ പറയുകയായിരുന്നു പോലീസ് ചേട്ടായി:

പത്തു നൂറ് പോലീസുകാര്‍ ഉണ്ടായിരുന്നുത്രേ അന്ന് ഇവിടുന്ന് ആന്ധ്രയില്‍ പോയ ടീമില്‍. അവിടെ സ്റ്റേഷനീന്നു അവരെ ഡ്യൂട്ടി സ്ഥലത്തേക്ക് കൊണ്ട് പോകാന്‍ വന്നത് ആകെ ഒരു മിനി ബസ്സും ഒരു ജീപ്പില്‍ രണ്ട് ആന്ധ്രപോലീസുകാരും. അവമ്മാര്‍ക്കാണെങ്കില്‍ തെലുങ്ക് അല്ലാതെ മറ്റൊരു ഭാഷയും അറിയില്ല.

കുറെയൊക്കെ ഇവര് കാര്യം മനസ്സിലാക്കാന്‍ നോക്കി.
ഒടുവില്‍ ഇതൊരു നടക്ക് പോവില്ലെന്ന് മനസ്സിലായപ്പോ കലി കയറിയ നമ്മടെ ഒരു പോലീസുകാരന്‍ നിരന്നു നില്‍ക്കുന്ന പോലീസുകാരെയും കൂടിക്കിടക്കുന്ന അവരുടെ സാധന ജംഗമങ്ങളെയും ഒക്കെ ചൂണ്ടി കയ്യും കാലുമൊക്കെ ഇളക്കി മാക്സിമം ആക്ഷനില്‍ മുറി ഇംഗ്ലീഷില്‍ നീട്ടിയും കുറച്ചും ഒരു പെട,

"യൂ ലുക്ക് ഹിയര്‍... ഹണ്ട്റഡാആആആന്‍റ് ഫിഫ്ടി പോലീസ്മെന്‍.. ഇക്കണ്ട ലഗ്ഗേജ്... ജസ്റ്റ് വണ്‍ ബസ്??... ഹൌ?"

തെലങ്കന്മാര്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി എന്നിട്ട് ആകെ അറിയാവുന്ന ഇംഗ്ലീഷ് സ്റ്റോക്കൊഴിച്ചു,

"വാട്ട് സാര്‍???"

കേരളാ പോലീസുകാരന്റെ ഒരു അലര്‍ച്ചയാണ് പിന്നെ കേട്ടതുത്രെ ,

"എടാ പുല്ലേ ഹൌന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്!!!!"

* * *

അന്ന് വൈകുന്നേരം ഒരു വിധേന പ്രസ്തുത കുഗ്രാമം പുല്‍കിയ ശേഷം, അവടത്തെ ഒരു ലോക്കല്‍ ചായക്കടയില്‍ ഇതേ പോലീസേട്ടനും മ്മടെ ചേട്ടായിയും കൂടെ ചെന്നു. അവടെ നില്‍ക്കുന്ന പയ്യന്‍ കൊണ്ട് വെച്ച തണുത്ത വെള്ളം പോലീസേട്ടന് ഇഷ്ടപ്പെട്ടില്ല. ചൂടുവെള്ളം വേണം, അതെങ്ങനെ തെലുങ്കില്‍ പറയുമെന്ന് ഒരു നിശ്ചയവുമില്ല താനും. ഒടുവില്‍ രണ്ടും കല്പിച്ച് മൂപ്പര്‍ പയ്യനെ കൈ കാട്ടി വിളിച്ചു. എന്നിട്ട് ചൂണ്ടുവിരല്‍ ഉയര്‍ത്തി കാണിച്ചു. അത് പതിയെ ഗ്ലാസ്സിലെ വെള്ളത്തില്‍ മുക്കി എടുത്തു. എന്നിട്ട് ആ വിരലില്‍ ഒന്ന് ഊതിയിട്ടു പ്രസന്നമായ മുഖഭാവം വരുത്തിയിട്ട് പറഞ്ഞു,

"നോ പ്രോബ്ലം"

ചുറ്റും ഇരുന്നവരൊക്കെ ഇയ്യാളെന്താ ഈ കാണിക്കുന്നതെന്ന ഭാവത്തില്‍ പരസ്പരം നോക്കി. അതൊന്നും മൈന്‍ഡ് ചെയ്യാതെ പോലീസേട്ടന്‍ തന്‍റെ ഭാവാഭിനയം തുടര്‍ന്നു. വിരല്‍ ഒന്നൂടെ വെള്ളത്തില്‍ മുക്കിയിട്ടു പൊള്ളിയ പോലെ വലിച്ചെടുത്തു കുടഞ്ഞു ഊതി "ഹൌ ഹൌ"-ന്നു ശബ്ദവും ഉണ്ടാക്കിയിട്ട് ആ ഗ്ലാസ് എടുത്തു കൊടുത്തിട്ടു അടുക്കളയിലേക്ക് ചൂണ്ടി ശുദ്ധമലയാളത്തില്‍ അലറി,

"പോയി കൊണ്ട് വാടാ"...

Friday, 3 May 2013

നടക്ക്വാവോ...

ഒരു BMW X6 വാങ്ങണം...വലിയൊരു സ്വപ്നമാണ്..

ന്നിട്ട്, അതിന്‍റെ മുന്നിലെ ചില്ലിന്റെ മേലെ "ശ്രീ കാടാമ്പുഴഭഗവതി ഈ വാഹനത്തിന്‍റെ ഐശ്വര്യം" -ന്നും താഴെ "അമ്മേ നാരായണ"-ന്നും സ്റ്റിക്കര്‍ അടിക്കണം. ബേക്കിലെ ബംപറില്‍ "കരിങ്കണ്ണാ നോക്കല്ലറാ", "SOUND HORN", "I LOVE INDIA", "VOLVO" എന്നിങ്ങനെ മൂന്നാല് ഐറ്റം നമ്പര്‍ മേമ്പൊടികളും...

നടക്ക്വാവോ...!

പ്രകാശേട്ടന്‍..

പ്രകാശേട്ടന്‍റെ ബൈക്ക് ഒരൂസം കുമാരേട്ടന്‍റെ കാറിന്‍റെ ബേക്കില്‍ കൊണ്ടന്നലക്കി. സാമാന്യം ശക്തിയായ ആ ഇടിയില്‍ പ്രകാശേട്ടന്‍റെ കൈയ്ക്കും മറ്റും സാരമായ പരിക്ക് പറ്റുകയും 800-ന്‍റെ ബേക്കിലെ ചില്ല് പൊട്ടുകയും മറ്റും ചെയ്തു. ഓടിക്കൂടിയ ആളുകളുടെ സഹായത്തോടെ രക്തം വാര്‍ന്നൊഴുകുന്ന കയ്യും താങ്ങി എണീറ്റ പ്രകാശേട്ടനോട് കുമാരേട്ടന്‍റെ പരിഭ്രമത്തോടെയുള്ള ചോദ്യം ഇതായിരുന്നു:

"അല്ല പ്രകാശാ, മ്മക്കീ ചില്ലിന്‍റെ കാര്യം ഇപ്പൊ എന്താ ചെയ്യണ്ടേ?"

=======

ഇക്കഴിഞ്ഞ വിഷുന്‍റന്ന് പ്രകാശേട്ടന്‍ സെന്‍ററില്‍ കത്തി വെച്ച് നിക്കുമ്പോ ദേ വരുന്നു സെയിം ഓള്‍ഡ്‌ കുമാരേട്ടന്‍ ഇന്‍ ഹിസ്‌ സെയിം ഓള്‍ഡ്‌ 800. സെന്‍ററിലെ കത്തിയടി കണ്ട് പതിയെ സ്ലോ ആക്കിയ മൂപ്പരോട് പ്രകാശേട്ടന്‍, "അല്ല കുമാരേട്ടാ, SAS വാഴെലേടെ കന്ന് കൃഷിഭവനില്‍ വന്നിട്ട് നിങ്ങള് ഇത് വരെ വാങ്ങാന്‍ പോയില്ലേ? അതിപ്പോ തീര്‍ന്നിണ്ടാവോലോ"
കേട്ട പാതി കേള്‍ക്കാത്ത പാതി കുമാരേട്ടന്‍റെ 800, കൃഷിഭവനിലേക്ക് നിലം തൊടാതെ പറക്കുകയായിരുന്നു എന്നാണു ദൃക്സാക്ഷികളായ ദോഷൈകദൃക്കുകളുടെ മൊഴി.

അതിന്‍റെ ആഫ്ടര്‍ ഇഫക്ട് എന്തായെന്ന് അറിയാതെ ഒരു സമാധാനോമില്ല! :)

Wednesday, 28 December 2011

കമാന്റോ ഓപറേഷൻ

സ്പെഷൽ ഫോഴ്സിലെ അംഗങ്ങൾ ആ കൊച്ചുമേശക്കു ചുറ്റും വട്ടം കൂടി നിന്നു. നിവർത്തി വെച്ചിരുന്ന കൊച്ചു മാപ്പിലെ പൊസിഷനുകൾ വിവരിച്ച ശേഷം എല്ലാവരുടെ മുഖത്തേക്കും ഒന്നു കണ്ണോടിച്ച മേജർ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു,

"നമ്മൾ കാത്തിരുന്ന ആ ദിനം വന്നെത്തിയിരിക്കുന്നു. ഒരു പാട് നാളത്തെ പരിശ്രമത്തിനൊടുവിൽ മൗലാനാ മസൂദ് അസ്ഹറിന്റെ കൃത്യമായ സങ്കേതം നമ്മൾ കണ്ടെത്തിക്കഴിഞ്ഞു. അവിടെ നിന്നും മാറി രക്ഷപെടുവാൻ ഇനിയൊരവസരം നാം കൊടുത്തു കൂടാ. സ്ട്രൈക്കിനുള്ള അനുമതി കിട്ടിക്കഴിഞ്ഞു. വിതിൻ ടൂ അവേഴ്സ്, അതായത് കൃത്യം എട്ടു മണിക്ക് നമ്മൾ അവരുടെ താവളം അറ്റാക്ക് ചെയ്യുന്നു. ജീവനോടെ പിടിക്കുക എന്നതാണ് ലക്്ഷ്യമെങ്കിലും നിവൃത്തിയില്ലെങ്കിൽ ഷൂട്ട് ഹിം ഡെഡ്. കോയീ ഷക്ക്ക്ക്???"

"നഹീ സാബ്.."

പച്ചക്കളർ കേമോഫ്ലാജ് യൂണിഫോം ധരിച്ച നേവി സീൽസ് ഞൊടിയിടയിൽ ഗിയർ ധരിച്ചു റെഡിയായി. പെട്ടെന്ന് ഒരു മൊബൈൽ ഫോൺ ശബ്ദം. എന്റെ ഫോണായിരുന്നു. പോക്കറ്റിൽ നിന്ന് ഫോണേടുത്തു നോക്കുമ്പൊ വീട്ടിൽ നിന്നും അച്ഛനാണ് വിളിക്കുന്നത്.

"ഡാ, കൊല്ലത്ത്-ന്ന് അളിയന്റെ അച്ഛനുമമ്മേമൊക്കെ വന്നിട്ടുണ്ട്. നീ ഇവ്ടം വരെ ഒന്നു വന്നിട്ട് പൊക്കോ.."

"ശരി..ദേ വരുന്നു"

"സാബ്, ഞാനൊന്ന് വീടു വരെ പോയിട്ട് വരാം. എന്നെ കണ്ടില്ലെങ്കിൽ നിങ്ങൾ വിട്ടോ.. ഞാൻ ഏഴരേടെ ബസ്സിന് അങ്ങെത്തിയേക്കാം.."

"ഓക്കേ.. ഗിയർ അപ് എന്റ് ഗെറ്റ് റെഡി ഗയ്സ്... "

"വീ ആർ ഗുഡ് ടു ഗോ സർർർർർ.."

കഴിമ്പ്രം സ്കൂളിൽ സെറ്റ് ചെയ്ത താൽക്കാലിക പട്ടാളക്യാമ്പിൽ നിന്നും വീട്ടിലേക്ക് ഞാൻ വേഗം ഓടി.

--

വീട്ടിൽ പോയി വേറെന്തൊക്കെയോ ആയി ബിസിയായതിനാൽ കമാന്റോ ഓപറേഷന്റെ അപ്ഡേറ്റ് കിട്ടിയില്ല.. എന്തായാവോ...

Wednesday, 24 March 2010

വെല്‍കം ടു കിണികിണി സര്‍വീസ്‌

"വെല്‍കം ടു കിണികിണി സര്‍വീസ്‌ ഓഫ് ഡിംഗ് ഡിംഗ് മൊബൈല്‍സ്... പ്ലീസ് പ്രസ്‌ 1 ടു കണ്ടിന്യൂ..."

"എതെന്തിനാപ്പോ ഒരു "പ്രസ് 1"? അങ്ങ് കണ്ടിന്യൂ ചെയ്താപോരെ? മണ്ടന്മാര്‍.."

ഒന്ന് ചിരിച്ച് രാജുമോന്‍ വണ്ണമര്‍ത്തി...

"പ്രസ്‌ വണ്‍ ഫോര്‍ ഇംഗ്ലീഷ്... ടു ഫോര്‍ മല്ലു... ത്രീ ഫോര്‍ കന്നട.. ഫോര്‍ ഫോര്‍ ജാപ്പനീസ്... ഫൈവ് ഫോര്‍ തുളു...സിക്സ് ഫോര്‍ ..."

ടെന്‍ഷനായിപ്പോയ രാജുമോന്‍ ഒന്നാലോചിച്ച് രണ്ടമര്‍ത്തി. രാജുമോന് പണ്ടേ അങ്ക്രെസി ഇഷ്ടല്ല.

"പ്രസ്‌ വണ്‍ ഫോര്‍ ബില്ലിംഗ് ആന്‍ഡ്‌ താരിഫ്‌ റിലേറ്റഡ് ..."

"ശ്ശെടാ... ഇവരെ ഇന്ന് ഞാന്‍..."

രാജുമോന് ലേശം കലി വന്നെങ്കിലും ഒന്നമര്‍ത്തി വെയ്റ്റ്‌ ചെയ്യാമെന്നു വെച്ചു.

"പ്രസ്‌ വണ്‍ ഫോര്‍ ബില്ലിംഗ്..പ്രസ്‌ ടു ഫോര്‍ താരിഫ്‌..."

"ഓഹോ...കളിക്യാ???"

പെരുവിരലീന്നു തരിച്ചു വന്നെങ്കിലും രാജിനു വണ്ണടിക്കാതെ നിവൃത്തിയില്ലല്ലോ...

"പ്രസ്‌ വണ്‍ ഫോര്‍ ബില്‍ അമൌണ്ട്..ടു ഫോര്‍ അണ്‍ബില്‍ഡ്‌ അമൌണ്ട്..."

"ഈശ്വരാ..."

രാജുമോന്‍ അറിയാതെ ദൈവത്തെ വിളിച്ചു പോയി... ഏതെങ്കിലുമൊരു "എക്സിക്യുട്ടിവിനെ" കയ്യില്‍ കിട്ടാന്‍ അവന്‍റെ കൈ തരിച്ചു...

അങ്ങനെ അര മണിക്കൂര്‍ നമ്പരടിച്ചു കറങ്ങിതിരിഞ്ഞ ശേഷം ഏതോ മധുരഭാഷിണിയുടെ ഫോണിലേക്ക് രാജ് എത്തിപ്പെട്ടു...

മധുരഭാഷിണി അമ്മച്ചി, "സാറേ.. വെല്‍കം ടു കിണികിണി സര്‍വീസ്‌ ഓഫ് ഡിംഗ് ഡിംഗ് മൊബൈല്‍സ്... സാറിന്‍റെ പേരൊന്നു പറയുമോ?"

"പറയാമെടി പറയാം... എല്ലാം പറയാം..." മനസ്സില്‍ വന്ന പാട്ടുകളെ അടക്കിപ്പിടിച്ച് രാജുമോന്‍ ഉത്തരിച്ചു.

"ഞാന്‍ ജബ ജബ"

"ഫോണ്‍ നമ്പര്‍?"

"2255"

"ഇഷ്ടപെട്ട ടി.വി. ചാനല്‍?"

"ആജ് തക്"

"ങേ... ഇഷ്ട നടന്‍?"

"ശക്തി കപൂര്‍"

"അമ്പട കള്ളാ... ഇഷ്ടഭക്ഷണം?"

"പൊറോട്ടേം ബീഫ്‌ ഫ്രൈയും... ബീഫ്‌ അധികം മോരിയാന്‍ പാടില്ലാട്ടാ..."

"ആഹാ... എല്ലാം ശരിയാണല്ലോ... അപ്പൊ താന്‍ തന്നെ ജബ ജബ... മിടുക്കന്‍... പറയൂ.. ഞാന്‍ ഏതു വിധത്തിലാ താങ്കളെ സഹായിക്കേണ്ടത്?"

"ആരു വിധത്തിലും സഹായിക്കണ്ട, ഉപദ്രവിക്കാതിരുന്നാല്‍ മാത്രം മതി. നിങ്ങളുടെ സഹായവും സേവനവുമോന്നും എനിക്കിനി ആവശ്യമില്ല. അത്രേ ഉള്ളൂ. ഒക്കെ ഞാന്‍ നിര്‍ത്താന്‍ തീരുമാനിച്ചു. അങ്ങോട്ടോ ഇങ്ങോട്ടോ തരാന്‍ വല്ലോം ഉണ്ടെങ്കില്‍ ഇപ്പൊ പറയണം, അത് പറയാനാ ഇപ്പ ഞാന്‍ വിളിച്ചേ..."

"അയ്യോ... എന്ത് പറ്റി സാറേ... ഞങ്ങള്‍ കിടിലമല്ലേ? സാറിന് പോരെങ്കില്‍ ഇനീം വേണേല്‍ കിടിലമാവാം.."

"ഊതല്ലേ... കിടിലം ആയിടത്തോളം മതി... അത് തന്നെ സഹിക്കാന്‍ പറ്റാഞ്ഞിട്ടാ..."

"ഓ..വേണ്ടേ വേണ്ട... അല്ലാതെ ഞാനെന്നാ പറയാനാ... ഇയ്യാള് പോയേ.."

"ആഹ... ഇപ്പൊ അങ്ങനായോ? എവിടെ എന്‍റെ സെക്യൂരിറ്റി ഡിപാസിറ്റ്?"

"ഓ... ഞാനിപ്പോ എന്‍റെ കമ്പ്യൂട്ടറില്‍ വായിച്ചോണ്ടിരിക്യാ ഇയാള്‍ടെ തനികോണം... അതേ, ഇടക്കൊക്കെ ബില്ലടക്കുന്നോര്‍ക്കാ ഇതൊക്കെ തിരിച്ചു കൊടുക്കുക... അല്ലാതെ എന്‍റെ അപ്പനല്ല ഈ സ്ഥാപനം നടത്തുന്നത്, ചോദിക്കുന്നോര്‍ക്കൊക്കെ എടുത്തു വെളമ്പാന്‍..."

"നീ കൊള്ളാമല്ലോ മോളേ... എപ്പഴാ ഞാന്‍ ബില്ലടക്കാഞ്ഞേ? ഏ? എപ്പഴാന്ന്?", രാജുമോന്‍റെ രക്തം തിളച്ചു.

"കഴിഞ്ഞ 3 മാസത്തെ..."

"ഓഹോ..അത്... അത്... ആഹാ... അപ്പൊ അതിനു മുന്‍പൊക്കെ അടച്ചതോ.. അതിനൊന്നും ഒരു വേലേം ഇല്ലേ?", തിളച്ച രക്തം വാങ്ങി വെച്ച് രാജുമോന്‍ ഡീസന്‍റ് ആയി.

"വെല ഉണ്ടല്ലോ... അതല്ലേ അപ്പോഴൊന്നും കണക്ഷന്‍ കട്ട്‌ ചെയ്യാഞ്ഞത്.."

"വേലയെറക്കല്ലേ... മര്യാദക്കെന്‍റെ കാശു തരുന്നോ ഇല്ലയോ.. എനിക്കിപ്പറിയണം..."

"തരുന്നില്ല"

"ദേ പെണ്ണേ, കളിക്കല്ലേ. നൂറു കാര്യം ചെയ്യാനുള്ള കാശാ. പെണങ്ങല്ലേ... ആരോടും പറയണ്ട, ആ കവലക്കടുത്തുള്ള ചായക്കടയില്‍ വന്നാ മതി. നിനക്ക്‌ ഞാനൊരു 500 ഉര്‍പ്യ തന്നെക്കാ, എന്തേ?"

"ദേ കെളവാ... എന്‍റെ വായിലിരിക്കുന്നതൊന്നും കേക്കാണ്ടേ പോയേ... "

"അയ്യോ ഞാന്‍ കേളവന്‍ ഒന്നുമല്ല... നല്ല തണ്ടും തടിയുമുള്ള ചുണക്കുട്ടനാ..."

"ആരായാലും... താന്‍ വെച്ചിട്ട് പോയേ... എനിക്ക് അപ്പറത്തെ ഷാജിടെ കൂടെ ഊണ് കഴിക്കാന്‍ പോണം. ഇനീം വൈകിയാ അവന്‍ ആ ഉണക്കമീന്‍ ബിജിമോള്‍ടൊപ്പം പോവും. അല്ലെങ്കിലും തന്നോടിതൊക്കെ പറഞ്ഞിട്ടെന്തിനാ? എന്‍റെ വെഷമം എനിക്കല്ലേ അറിയൂ. താനൊന്നു പോയി തര്വോ?"

"അപ്പൊ എന്‍റെ ഡിപാസിറ്റ്‌????"

"ശ്ശോ! താനാ ഡിപാസിറ്റിന്നൊന്നു വിടെടോ, എന്നിട്ട് ഇവിടെ വന്നൊരു പരാതി എഴുതിത്താ. ഒക്കെ ശരിയാക്കാം."

"എന്നെ വിളിച്ചു വരുത്തി സെക്യൂരിറ്റിയെക്കൊണ്ട് എടുത്തിട്ട് അലക്കാനല്ലേ?"

"അല്ല മനുഷ്യാ... താന്‍ ഞാന്‍ പറയുന്നതൊന്നു കേള്‍ക്ക്..."

"ഹും.. ശരി... ഞാന്‍ അപ്പൊ നാളെ വീട്ടില്‍ പറഞ്ഞിട്ട് അങ്ങോട്ട് വരാം..."

"ശരി. ഒക്കെ ഇവിടെ വന്നിട്ടു നമുക്ക് ശരിയാക്കാം. സാറിനു മറ്റെന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ടോ?"

"ശ്ശോ, നമ്മളിത്രേം അടുപ്പമായ നിലയ്ക്ക് സാറെന്നോന്നും വിളിക്കണ്ടട്ടാ. പിന്നെ ചോദിച്ച നിലയ്ക്ക് എനിക്കൊരു സഹായം വേണമായിരുന്നു. ആ വളവില്‍ ഉള്ള നിങ്ങടെ കമ്പനീടെ അഞ്ചേക്കര്‍ സ്ഥലമില്ലേ? അതും പിന്നെ ആ കൃഷിയാപ്പീസിനു മുകളിലെ ടവറും എനിക്ക് ചുമ്മാ സഹായമായി കിട്ടിയാ കൊള്ളാമെന്നുണ്ട്. തര്വോ? അല്ല തര്വോ? ഇല്ലല്ലോ?അപ്പോപ്പിന്നെ ഒരു പാട് ഡയലോഗടിക്കരുത്, കേട്ടോ മോളെ? ഹല്ലാ പിന്നെ.."

"@#$%^$#$!@$%#@$@!$^&"

"ഓക്കെ. അപ്പൊ എല്ലാം പറഞ്ഞ പോലെ"

"ഓക്കെ. കിണികിണി-യില്‍ വിളിച്ചതിനു നന്ദി... ടാ ഷാജീ, നിക്കടാ, ഞാനും വരുന്നു.."

"ഓ ഓ.."

<ക്ലിംഗ്>

Friday, 19 March 2010

ഭും!!!

ഭും...!!!

ആറാം ഫ്ലോറിനെ പിടിച്ചു കുലുക്കിക്കൊണ്ട് ലാബില്‍ നിന്നുമൊരു പൊട്ടിത്തെറി ശബ്ദം ഉയര്‍ന്നു.

ക്യു.ഏ. മാനേജര്‍ പരമു ഉള്‍പ്പെടെ സകലമാന ലോകരും ലാബിലേക്ക്‌ പാഞ്ഞു.

ചെന്നപ്പോള്‍ എന്താ അവസ്ഥ?

കമ്പ്ലീറ്റ്‌ റിഗ്രഷന്‍ സെറ്റപ്പ് പൊട്ടിത്തകര്‍ന്നു തവിടുപോടിയായി കിടക്കുന്നു. ആകെ പുകമയം... കരിഞ്ഞ വയറിന്‍റെയും മറ്റും മണവും, ആകെക്കൂടെ ജഗപൊഗ...!

"ഓ.. നന്ന ദേവരെ... എന ഇദു... ഹേഗ ആയിത്തു ഇദു????", ദുരന്തസീന്‍ കണ്ട പരമു അറിയാതെ മാതൃലാംഗ്വേജില്‍ നിലവിളിച്ചു.

"ഇറ്റ്‌സ് ഓള്‍ ഗോണ്‍ മേന്‍. ഹൌ കാന്‍ ദിസ് ഹാപ്പന്‍??", പലരും ഒന്നിച്ച് ഒരേ ഡയലോഗ് അടിച്ചു.

"ഷോര്‍ട്ട് ആയതാണെന്നു തോന്നുന്നു", തിരുവല്ലക്കാരന്‍ ടെസ്റ്റര്‍ തടിയന്‍ ഞെട്ടലോടെ ആത്മഗതം ചെയ്തു.

പരമുവിന്‍റെ അന്നനാളത്തിലൂടെ ലെവന്‍ കെ.വി. സൈസ് ഷോക്കിന്‍റെ ജമ്പോ പാക്കറ്റ്സ് ഒന്ന് രണ്ടെണ്ണം‌ പാഞ്ഞു പോയി. നാളെ തുടങ്ങാനിരുന്ന ടെസ്റ്റിങ്ങിനുള്ള സെറ്റപ്പാണ്. വല്യ മാനേജര്‍ പാകിസ്താനിയോടിനി എന്തു പറയും? ഇന്നലത്തെ വീക്`ലി സൊറ-മീറ്റിംഗില്‍ കൂടി ക്രിക്കറ്റ്‌ വിഷയത്തില്‍ അങ്ങേരെ എടുത്തിട്ട് വാരിയതാണ്. വേണ്ടായിരുന്നു. എന്നാലും കഴിഞ്ഞ ആഴ്ച ഓഡിറ്റ്‌ കഴിഞ്ഞ ലാബാണ്. ഈ അബദ്ധമെങ്ങനെ സംഭവിച്ചു? പരമു ചുറ്റിനും നോക്കി.

കമ്പ്ലീറ്റ്‌ ടെസ്റ്റര്‍മാരും ആഹ്ലാദം കലര്‍ന്ന അമ്പരപ്പില്‍ നില്പാണ്. ആര്‍ക്കും ഈ മഹാഭാഗ്യം വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇനി ഇതൊന്നു നന്നാക്കി ഓടാന്‍ പാകമാകുമ്പോളേക്കും മിനിമം രണ്ടാഴ്ച എടുക്കും. എല്ലാവരും പരമുവിനെ നോക്കി വളിച്ച ചിരികള്‍ സംഭാവന ചെയ്തു.

"ദ്രോഹികള്‍", പരമു മനസ്സില്‍ പറഞ്ഞു. എല്ലാര്‍ക്കും ഇന്നത്തെ പണികളും കൊടുത്ത്‌ നാല് തെറിയും വിളിച്ച് ടി.ടി. കളിക്കാന്‍ നില്‍ക്കുമ്പോഴല്ലേ ഈ ഇടിത്തീ തലയില്‍ വീണത്‌? പരമു നിരാശയുടെ അഗാധതയിലേക്ക്‌ മുങ്ങാംകുഴിയിട്ടു.

തിരിച്ച് സീറ്റിലെത്തിയപ്പോള്‍ തടിയന്‍ അടുത്തെത്തി.

"ഇനിപ്പോ കുറച്ചൂസം സുഖായില്ലേ?", ഞാന്‍ ചോദിച്ചു.

"യെസ്. രക്ഷപെട്ടു. ഇത്ര കൃത്യമായി ആ സെറ്റപ്പിന്‍റെ മര്‍മ്മം പൊളിക്കാന്‍ പറ്റുമെന്നു ഞാന്‍ കരുതിയില്ല."

"എന്തൂട്ട് ന്ന്??!!"

"കുറെ നാളായി ആ പരട്ട പരമു ഞങ്ങള്‍ക്കിട്ട് പണിയുന്നു. ഇതയാള്‍ക്കുള്ള ഒരു ഉഗാദി ഗിഫ്റ്റ്‌ ആണ്... ഹിഹി!"

"അണ്ണാ... നീ എന്താ ഉദ്ദേശിച്ചത്? അപ്പോ ഇതിലൊരു കൊണ്‍സ്പിരസി...?!"

"അതെ മോനെ... കഴിഞ്ഞ തവണ നാട്ടില്‍പോയപ്പോള്‍ വാങ്ങി വെച്ച ഒരു ഗുണ്ട്... ശിവകാശി മെയ്ഡ് വെറുമൊരു കൊച്ചു ഗുണ്ട്. ദാട്സ് ആള്‍, റിഗ്രഷന്‍റെ അപ്പൂപ്പന്‍ സെറ്റപ്പ് വരെ ഇതേലെ ഭും!!!! പിണ്ണാക്ക് പരുവമാവും. ഹിഹിഹി..."

തടിയന്‍റെ ചിരി എന്‍റെ ക്യുബിക്കിളിനു ചുറ്റും മുഴങ്ങി. അറിയാതെ ഞാന്‍ ലാബിലെ എന്‍റെ സ്റ്റാക്ക് സെറ്റപ്പിനെ നോക്കിപ്പോയി. പ്രത്യാശയുടെ ചെറു പാക്കറ്റുകള്‍ എന്‍റെ തലച്ചോറിന്‍റെ പോര്‍ട്ടില്‍ വന്നു ഹിറ്റിക്കൊണ്ടേയിരുന്നു... വിത്ത്‌ നോ ജിറ്റര്‍ അറ്റ്‌ ആള്‍... :)

<തുടര്‍ന്നാല്‍ ചെലപ്പോ പണി പാളും>

Tuesday, 9 March 2010

വിമന്‍സ്‌ ഡേ

എന്തായിത്...???!!!

ഇന്നലെ വരെ പപ്പും പൂടയും നിറഞ്ഞ്, ചിക്സ്‌ ലാന്റിലെ കൂട്ടില്‍ തീറ്റക്കും വെള്ളത്തിനും പിന്നാലെ പാഞ്ഞുനടക്കുന്ന നനഞ്ഞ കോഴികളെ ഓര്‍മിപ്പിച്ചിരുന്ന കൂതറ ലേഡീസ്‌ മുഴുവനും ഇതാ വൃത്തിയായി ഡ്രസ്സ്‌ ചെയ്തു വെച്ചിരിക്കുന്ന റിയല്‍ ഗോള്‍ഡ്‌ ബ്രോയലെഴ്സ് ആയി മാറിയിരിക്കുന്നെന്നോ??

മുറ്റം അടിക്കാനും പാത്രം മോറാനും വരുന്ന ഈസ്റ്റ്മാന്‍ കളര്‍ ജയമാലയെ ഓര്‍മ്മിപ്പിച്ചിരുന്നവര്‍ ഇന്നിതാ ബോഡി ഗാഡിന്റെ പോസ്റ്ററിലെ നയന്‍ താരയെപ്പോലെ കണ്ണുകളെ ചൂണ്ടയിട്ട് കൊളുത്തി വലിക്കുന്നോ..??

ഇന്നലെ വരെ വെറുമൊരു അഹങ്കാരി കുതിരയായി മാത്രം കണ്ടിരുന്ന ആ കോണിലെ വെളുത്തു മെലിഞ്ഞ
ടെസ്റ്റര്‍ കന്നടിഗപൈങ്കിളി... ഇന്നിതാ അവള്‍ മംത മോഹനെപോലെ കണ്ണെഴുതി പൊട്ടും തൊട്ട് ചുവപ്പും കറുപ്പും ഇടകലര്‍ന്ന അലക്കാനൊരു സാരിയുമുടുത്ത് മന്ദഹാസം പൊഴിച്ച് പാറിപ്പാറി നടക്കുന്നോ?? (ഈശ്വരാ... കണ്ട്രോള്‍ കുടി..)

ആയ കാലത്ത്‌ ഇവരെയൊക്കെ ഒന്നു മൈന്‍ഡ്‌ ചെയ്യാമായിരുന്നു..ചെയ്തില്ല... എന്‍റെ പിഴ...എന്‍റെ ഊക്കനൊരു പിഴ...

ഒരു സാരിക്ക്... കേവലമൊരു സാരിക്ക് ഇത്രേം മാജിക്കല്‍ പവറോ???!!!!

മൈ ഡിയര്‍ കടവുള്‍.... ഒടുക്കത്തെ ചതിയായിപ്പോയി കേട്ടോ...

Friday, 5 March 2010

കിളിക്കൊഞ്ചല്‍ 2.0

മൊബൈല്‍ഫോണ്‍ കാണാതെ അന്വേഷിച്ചു വിഷമിച്ചു നടക്കുന്ന ചെറിയ കിളിയോട് വലിയ കിളി: സാരമില്ലെടി, തല്‍ക്കാലം നീ എന്‍റെ ഫോണ്‍ ഉപയോഗിച്ചോ.

കുഞ്ഞിക്കിളി: അതിനു നമ്പറൊന്നും എനിക്കറിയില്ല, ഒക്കെ ആ സിമ്മിലല്ലേ?

വലിയ കിളി: അതിനെന്താടി? തല്‍ക്കാലം നിന്‍റെ സിം എന്‍റെ ഫോണില്‍ ഇട്ട് വിളിച്ചോന്നേ...

കുഞ്ഞിക്കിളി: ഓ.. ഞാനതോര്‍ത്തില്ല..

രണ്ടു കിളികളും ഹാപ്പി ആയി...

* * *

"ഇത് നോക്ക്യേടീ, ഫ്രീവേയിലെ റ്റ്രാഫിക്ക് കണ്ടാ? എത്ര മൈലാ ബ്ലോക്ക്! ഹെലികോപ്റ്റടീന്നുള്ള ഷോട്ടാ"

"എന്താ ലേ...! പക്ഷേ ഒരു സംശയം..."

"എന്തേ..?"

"അങ്ങോട്ട് പോവുന്ന ലൈനിലെ വണ്ടികളെല്ലാം എന്തിനാ ചൊമന്ന ലൈട്ടിട്ട് പോണേ?"

"എന്റീശ്വരാാ!!!!"

Friday, 19 February 2010

ലൈഫ് ഇന്‍ഷുറന്‍സ്

കൂട്ടുകാരന്‍റെ കൂട്ടുകാരന്‍: സോ, നിങ്ങളുടെ ഈ ഇന്‍ഷുറന്‍സ് എടുത്താല്‍ എനിക്ക് 5 വര്‍ഷത്തെ ലൈഫ് കവറേജ് കിട്ടുമെന്ന് ചുരുക്കം... ആം ഐ കറക്ട്?

ഫോണിന്റെ അങ്ങേതലയ്ക്കല്‍ ഇന്‍ഷുറന്‍സ് ഏജന്റ് ഡെസ്പരേറ്റ് കോമളാംഗി: അതേ സര്‍... 5 ലക്ഷം ഉറപ്പായും കിട്ടും...

കൂ. കൂ. : ഇനി, ഇന്‍ കേസ്, ഈ അഞ്ചു കൊല്ലം എനിക്കൊന്നും പറ്റിയില്ലെങ്കില്‍...?

കോമള്‍: സര്‍... വൈ ഡോണ്ട് യൂ തിങ്ക് പോസിറ്റിവ്‌ലി?.... യൂ വില്‍ ഡെഫിനിറ്റ്ലി.....

<പെട്ടെന്നു നിശ്ശബ്ദത... ഫോണ്‍ കട്ടായ ശബ്ദം..>

...

ചെറിയ ഹൈക്കും വലിയ നടത്തവും

2022 നടത്തങ്ങളുടെ കൊല്ലമായിരുന്നു. കൊറോണ കെട്ടിവീട്ടിലിരുത്തിയതിന്റെ ബോറടിയും, കഴിഞ്ഞ കോഴിദിനത്തിനു  ഭാര്യ  സമ്മാനിച്ച വാച്ചിലെ എക്സർസൈസ് ചല...