ബെയ്ർഗനിൽ നിന്നും ഗേയ്റേങ്ങറിലേക്ക് ഏകദേശം ഏഴു മണിക്കൂറിൽത്താഴെ ഡ്രൈവുണ്ട്. ബെയ്ർഗനിലെ ഹൈവേയിലേക്കുള്ള എൻട്രി മിസ്സായി കണ്ണിൽക്കണ്ട വഴിയിലൂടെയൊക്കെ വണ്ടി കയറ്റിത്തിരിച്ച് പ്രാന്തായി ഒടുവിൽ ശരിയായ വഴിയിലേക്ക് തിരികെ കയറുമ്പോൾ, ജീവിതത്തിൽ ഒരിക്കലും മറക്കാനിടയില്ലാത്ത വിധം വശ്യസൗന്ദര്യം നിറഞ്ഞ ഒരു യാത്രയാണ് നോർവ്വേ കാത്തുവെച്ചിരിക്കുന്നതെന്ന് ഞങ്ങളറിഞ്ഞിരുന്നില്ല.
ഒരു വശം തടാകവും മറുവശം പച്ചവിരിച്ച കുന്നും മലനിരകളുമാണ്, വീതികുറഞ്ഞതെങ്കിലും തടസ്സങ്ങളൊന്നുമില്ലാത്ത ഹൈവേയുടെ ഇരുവശവും ഉണ്ടായിരുന്നത്. മുന്നോട്ടുപോവുന്തോറും കാഴ്ചയുടെ മനോഹാരിത കൂടിക്കൂടി വന്നു. ചെറിയ വെള്ളച്ചാട്ടങ്ങൾക്കും, കുത്തിയൊഴുകുന്ന നീർച്ചാലുകൾക്കും സമാന്തരമായി, വഴി വളഞ്ഞുപുളഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഇടക്കിടെ വരുന്ന ടണലുകളിലേക്കുള്ള പ്രവേശനകവാടങ്ങൾ, ഹരിതാഭയണിഞ്ഞും മലയുടെ ഭാഗമെന്നുതോന്നുന്ന വിധത്തിൽ യാതൊരു ഏച്ചുകെട്ടലുകളുമില്ലാതെയും നിലകൊണ്ടു.
പൈൻമരങ്ങളും അരുവിയും മരങ്ങൾ നിറഞ്ഞ മലയുമെല്ലാമുള്ള ഒരിടത്ത് വണ്ടി നിർത്തി ഞങ്ങൾ കുറെ സമയം ചെലവഴിച്ചു. ആകാശം ചെറുതായി മൂടിനിൽക്കുന്നതിനാൽ അന്തരീക്ഷത്തിന് വല്ലാത്തൊരു നിഗൂഢസൗന്ദര്യം തോന്നി. ചെറുതായി മഴ പൊടിയുന്നുണ്ടായിരുന്നു.
മുന്നോട്ടുള്ള വഴിയിൽ ഓപ്പെടാൽ എന്ന സ്ഥലത്ത് ഫെറി കടക്കണമായിരുന്നു. പത്തുമിനിട്ടോളം വരിയിൽ കാത്തുനിന്ന ശേഷം ഞങ്ങൾ ഫെറിയിൽ പ്രവേശിച്ചു. വണ്ടി പാർക്കു ചെയ്ത ശേഷം മുകളിലെ കഫേയിൽ പോയി ഞങ്ങൾ ഓരോ കാപ്പിയും ഹോട്ട്ഡോഗും ക്രോസാന്റുമൊക്കെ അകത്താക്കി. ഏകദേശം പതിനഞ്ചുമിനിട്ടുകൊണ്ട് ഫെറി അപ്പുറത്തെത്തി. ഷായ് എന്നസ്ഥലത്ത് ഞങ്ങൾ പോളേട്ടനെ ചാർജ് ചെയ്യാൻ നിർത്തി. എവിടെ നിർത്തിയാലും ചുറ്റും ഒരു രക്ഷയുമില്ലാത്ത രമണിയാൽ സമൃദ്ധമായ പ്രകൃതിയാണ് ചുറ്റും.
ഉയരംകൂടിയ മലനിരകളുള്ള പ്രദേശമായ ഗേയ്റേങ്ങറിനോട് അടുക്കുന്തോറും റോഡിന്റെ വീതി കുറഞ്ഞുവന്നു. ഒരു മലയിറങ്ങിവരുമ്പോൾ, പടം വരച്ചുവെച്ചിരിക്കുന്നതു പോലെ ആകർഷിപ്പിക്കുന്ന വീടുകളും വഴികളും പുൽമേടുകളുമുള്ള ഊൾഡൻ എന്ന ഒരു ചെറിയ ഗ്രാമത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു. കടുംപച്ചയും കരിനീലയും നിറങ്ങളിൽ അതിർത്തികെട്ടിയ, മഴക്കാറും മേഘങ്ങളും പുതച്ചുനിന്ന വലിയ മലനിരകളുടെ പശ്ചാത്തലത്തിൽ, ഊൾഡൻ അതീവഹൃദ്യമായ ദൃശ്യാനുഭവമേകിക്കൊണ്ട് ഞങ്ങൾക്ക് വഴിതന്നു.
വയനാട്ടിലെ ചുരങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു ഭാഗത്തെ ഏതാനും ഹെയർപിന്നുകൾ കയറിച്ചെന്നപ്പോൾ, വലതുവശത്തെ ഭീമൻ മലയിൽ നിന്നും ഒരു വലിയ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നുണ്ടായിരുന്നു. അവിടേക്ക് ഹൈക്ക് ചെയ്തുപോവുന്നവർ, വഴിയരികിലെ പാർക്കിങ്ങിൽ വണ്ടികൾ നിർത്തി മലയിറങ്ങാൻ തയ്യാറെടുക്കുന്നതു കണ്ടു. ഏതാനും ദൂരം പിന്നിട്ടപ്പോൾ വലിയൊരു മല തുരന്നുണ്ടാക്കിയ ഓപ്പ്ലോയ്സ്ടണൽ എന്ന അഞ്ചുകിലോമീറ്ററോളം ദൂരമുള്ള ഒരു വലിയ തുരങ്കം ഞങ്ങൾ പിന്നിട്ടു.
തുരങ്കം കടന്നുചെന്നപ്പോൾ തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയായിരുന്നു മറുവശത്ത്. തുരങ്കത്തിനിപ്പുറം പച്ചപ്പിന്റെയും ഹരിതാഭയുടെയും അതിപ്രസരമായിരുന്നെങ്കിൽ, ഓപ്പ്ലോയ്സ്ടണലിനപ്പുറം വരണ്ടും ശുഷ്കിച്ചും കാണപ്പെട്ടു. മലനിരകളിലെ പാറക്കെട്ടുകളിൽ പിടിച്ചുവളരുന്ന മഞ്ഞയും ചെമപ്പുരാശിയുമുള്ള പായലുകളും ചെറിയ പുല്ലുകളുമല്ലാതെ മറ്റൊന്നുമില്ലാത്ത ഒരു പ്രദേശം.
അവിടെനിന്നും മലയിറങ്ങി താഴെയിറങ്ങണം ഗേയ്റേങ്ങർ എത്താൻ. ഹെയർപിന്നുകളും, മൂടൽമഞ്ഞും, ചാറ്റൽമഴയും, മരക്കൂട്ടങ്ങളും എല്ലാം ചേർന്ന, കൊടൈക്കനാലിനെയും ഊട്ടിയേയുമൊക്കെ ഓർമ്മിപ്പിക്കുന്ന കാലാവസ്ഥ വളരേപ്പെട്ടെന്നായിരുന്നു നേരത്തെ കണ്ട ശുഷ്കിച്ച അവസ്ഥയിൽ നിന്നും ദൃശ്യങ്ങളെ മാറ്റിമറിച്ചത്. വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. കുത്തനെയുള്ള മലയിലെ വളഞ്ഞുപുളഞ്ഞ വഴി പതിയെ ഇറങ്ങി എട്ടുമണിയോടെ ഒടുവിൽ ഞങ്ങൾ ഗേയ്റേങ്ങർ പിടിച്ചു.
ഹോട്ടലിലേക്ക് സ്വാഗതം ചെയ്ത റിസപ്ഷനിലെ ചേച്ചി, "ഫ്യോഡിലേക്ക് കാഴ്ചയുള്ള മുറിയാണ് കേട്ടോ" എന്ന് പുഞ്ചിരിയോടെ പറഞ്ഞു. ബുക്കിംഗ് സമയത്ത് അങ്ങനൊരു അഭ്യർത്ഥന ഞങ്ങൾ അയച്ചിരുന്നു. "നന്ദി പ്രിൻസി, ഒരായിരം നന്ദി" എന്നരുളി, വെളുക്കെയൊരു ചിരി കൂടി ചേച്ചിക്കു സമ്മാനിച്ചുകൊണ്ട് ഞങ്ങൾ റൂമിൽ പോയി സെറ്റിലായി. ചേച്ചി വെറുതെ പറഞ്ഞതല്ല, അതീവസുന്ദരമായ കാഴ്ച സമ്മാനിക്കുന്ന ബാൽക്കണിയുള്ള മുറിയായിരുന്നു ഞങ്ങൾക്ക് തന്നത്. ഇരുവശവും മലകൾ കോട്ടകെട്ടിയ ഫ്യോഡ്, മേഘംമൂടിയ ആകാശത്തിന്റെ പശ്ചാത്തലത്തിൽ ഇരട്ടിസൗന്ദര്യത്തിൽ കാണപ്പെട്ടു.
ഭക്ഷണത്തിന് മുട്ടുണ്ടാവാതിരിക്കാൻ നേരത്തെ തന്നെ ഞങ്ങൾ ഡിന്നർ റിസർവേഷൻ ചെയ്തിരുന്നു. റൂമിൽ ചെക്കിന് ചെയ്ത ശേഷം ഞങ്ങൾ റസ്റ്റോറന്റിൽ പോയി സ്റ്റേയ്ക്കും പാസ്തയും ബിയറിനൊപ്പം സേവിച്ചു. ഫ്ലോമിലെ ഉറക്കനഷ്ടമോ മറ്റോ തലവേദനയുടെയും ചെറിയ ഉൾക്കുളിരിന്റെയും രൂപത്തിൽ എന്നെ അലട്ടിക്കൊണ്ടിരുന്നു. ആലന്റെ മരുന്നുഡപ്പി റെയ്ഡ് ചെയ്തുകിട്ടിയ പാരസെറ്റാമോൾ ഗുളികകളായിരുന്നു എന്നെ നേരെ നടക്കാൻ പ്രാപ്തനാക്കിക്കൊണ്ടിരുന്നത്. ആഹാരം കഴിഞ്ഞു റൂമിലെത്തിയ ഞങ്ങൾ യാത്രാക്ഷീണത്തിൽ പെട്ടെന്നുതന്നെ ഉറക്കത്തിലേക്ക് വീണു.
രാവിലെ എഴുന്നേറ്റ് ബാൽക്കണി തുറന്നപ്പോൾ ഫ്യോഡിൽ ഒരു വലിയ ക്രൂസ് കപ്പൽ ഡോക്ക് ചെയ്യുന്നുണ്ടായിരുന്നു. ഒത്തയൊരു കൊമ്പൻ, പാപ്പാന്റെ കല്പനയിൽ അങ്ങോട്ടുമിങ്ങോട്ടും തിരിയുന്നതുപോലെ ചെറിയൊരു ടഗ്ബോട്ട് ആ വമ്പൻ കപ്പലിനെ തിരിച്ചുവളച്ച് ഡോക്കിൽ നങ്കൂരമിടുവിച്ചു. വിഭവസമൃദ്ധമായിരുന്നു ഹോട്ടലിലെ ബ്രേക്ഫാസ്റ്റ്. അതുകഴിച്ച് ചെക്കൗട്ട് ചെയ്ത ഞങ്ങൾ, കാറുമെടുത്ത് നേരെ ഹെലിസിൽറ്റ് എന്ന സ്ഥലത്തേക്കുള്ള ഫെറി പിടിക്കാൻ ഡോക്കിലേക്ക് നീങ്ങി. കൃത്യസമയത്തു തന്നെ എത്തിയ ഫെറി, ഒരു കൂറ്റൻ സ്രാവ് വാ പൊളിക്കുന്ന ചേലിൽ അതിന്റെ പ്രവേശനകവാടം ഉയർത്തി. അതിലൂടെ ഉള്ളിൽക്കടന്നു കാർ പാർക്കുചെയ്ത ശേഷം, ഞങ്ങൾ മുകളിലെ നിലയിൽ കാഴ്ചകൾ കാണാൻ ചെന്നുനിന്നു.
പ്രഭാതത്തിന്റെ മുഴുവൻ സൗന്ദര്യവുമാവാഹിച്ച മലനിരകളും ജലസഞ്ചയവും കണ്ണിനും മനസ്സിനും കുളിർമയേകിക്കൊണ്ടിരുന്നു. ഹരിതപ്രഭയിൽ മുങ്ങിയ മലകളുടെ താഴ്വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ചെറുഗ്രാമങ്ങളുടെ മനോഹാരിത എത്രയെഴുതിയാലും വർണ്ണിച്ചാലും ഒരിക്കലും പകർത്താനാവാത്തവിധമാണ് നോർവേ അതിന്റെ സർവ്വപ്രൗഢിയോടും കൂടി അവിടെ വിരാജിക്കുന്നത്. ശൈത്യത്തിൽ ഈ മലകളെല്ലാം മഞ്ഞുമൂടിക്കിടക്കുന്നത് സങ്കൽപ്പിക്കുമ്പോൾ കൗതുകം ഇരട്ടിക്കും.
അതിശയകരമായ വിധം ഉയരത്തിൽ നിന്നും മലകളിൽ നിന്നും ഫ്യോഡിലേക്ക് വീഴുന്ന, സെവൻ സിസ്റ്റേഴ്സ് എന്ന പേരിലറിയപ്പെടുന്ന, ഏഴ് അരുവികൾ ചേർന്നു സൃഷ്ടിക്കുന്ന വെള്ളച്ചാട്ടങ്ങളും പിന്നിട്ട് ഒന്നരമണിക്കൂറിന് ശേഷം ഹെലിസിൽറ്റിൽ ഫെറി അവസാനിച്ചു. അവിടെ നിന്നും ഒരുമണിക്കൂറോളം യാത്ര ചെയ്ത്, സ്ട്രീൻ എന്ന കൊച്ചുടൗണിൽ കണ്ട ടെസ്ല ചാർജറിൽ പോളേട്ടനെ കുത്തിയിട്ട്, ഞങ്ങൾ ലഞ്ചിനായി നീങ്ങി. ഫ്രൈഡ് ചിക്കനെപ്പോലെയിരിക്കുന്ന പൊരിച്ച ബീഫും, ചിക്കൻ ബർഗറുമെല്ലാം അകത്താക്കി വരുമ്പോഴേക്കും പോളേട്ടൻ ഫുൾചാർജ്ജുമായി ഓസ്ലോയിലേക്ക് പറക്കാൻ റെഡിയായി മിനുങ്ങി നിന്നു. വഴിയിലെ ഒരു ചെറിയ പാലത്തിനടിയിലെ അരുവിയിൽ മീൻ പിടിക്കാനിറങ്ങുന്ന ഒരു അച്ഛനെയും മകനെയും നോക്കി ഞാൻ കൈവീശി.
സുന്ദരങ്ങളായ നിരവധി ഗ്രാമങ്ങളെയും, പ്രത്യേകതരം ഏതോ പാറപ്പൊടിയുടെ സാന്നിധ്യത്താൽ, സവിശേഷമായൊരു പച്ചകലർന്ന നീലനിറത്തിൽ വെട്ടിത്തിളങ്ങുന്ന ന്യോസെറ്റർവാറ്റ്നെ തടാകതീരങ്ങളെയും പിന്നിട്ട്, ഏതാനും മണിക്കൂറുകൾക്കു ശേഷം ഓസ്ലോയുടെ നഗരപ്രൗഢിയിലേക്ക് ഞങ്ങൾ ചെന്നുകയറി. തീർന്നുപോയൊരു റോഡ്ട്രിപ്പിന്റെ മധുരിക്കുന്ന നിരാശ, പീപ്പിൾ പബിലെ സഹൃദയനായ സെർവർ വെച്ചുനീട്ടിയ സ്വാദിഷ്ടമായ ബർഗറുകൾ ബിയറുകൾക്കൊപ്പം കാലിയാക്കിക്കൊണ്ട് ഞങ്ങൾ വൃഥാ മറക്കാൻ ശ്രമിച്ചു. പിറ്റേന്നു പകൽസമയം ഓസ്ലോയിലെ തെരുവുകളിലും, സുവനീർ ഷോപ്പുകളിലും, പുരാതനമായ പള്ളിയിലും ചെലവഴിച്ച ശേഷം, ബണൂപും ആലനും വൈകുന്നേരത്തെ വിമാനത്തിൽ അവരവരുടെ ജീവിതങ്ങളിലേക്ക് തിരികെപ്പോയി. പത്തുദിവസങ്ങൾക്കുശേഷം ആദ്യമായി ഒറ്റയ്ക്കായിപ്പോയതിന്റെ ശൂന്യാതാബോധം തിരിച്ചറിഞ്ഞ ഞാൻ, ഹോട്ടൽമുറിയിൽ യാത്രയുടെ മധുരം അയവിയറക്കിക്കൊണ്ടെപ്പോഴോ ഉറക്കത്തിലേക്ക് വീണു.
എന്നേക്കുമായ ഓർമ്മകൾ ഉള്ളിൽ രാകിമിനുക്കിവെച്ചതിന്റെ സംതൃപ്തിയിൽ, പിറ്റേന്നത്തെ വിമാനത്തിൽ ഞാനും എന്നിലേക്കു തിരികെയെത്തി.