Friday 29 July 2022

ചായയും കത്തിയും മഴയും

 ഇവിടെ ചായ ഇല്ലേ?!

തൃപ്രയാറിന്റെ ഹൃദയത്തിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന വൈ-മാളിന്റെ കഫറ്റീരിയയിൽ ചായ കിട്ടില്ലത്രേ!

ശ്രീത്തും അളിയനും ഞാനും പരസ്പരം നോക്കി ഇരിപ്പാണ്. ചായയുടെ അഭാവം സൃഷ്ടിച്ച ശൂന്യതയാണ് മുഖാമുഖത്തിന്റെ വിഷയം. വൈകുന്നേരം നാലുമണിക്ക് ചൈനീസ് ഫുഡോ, പിസയോ, ഒക്കെ കഴിക്കാൻ മാത്രം ഓളംവെട്ടൊന്നും ആയിട്ടില്ല. പിന്നെ ആകെ കാണുന്ന ഓപ്ഷൻ ഫലൂദയാണ്. പുറത്താണെങ്കിൽ മഴക്കാറിന്റെ ഇരുളിച്ചയും, നേരിയ തണുപ്പും, ചാറ്റൽമഴയുമൊക്കെയായി നല്ല സ്റ്റൈലൻ ശീതളിപ്പ്. അതിനാൽ, ഫലൂദയെന്നത് അലുവയിലെ മീഞ്ചാറായിരിക്കും. ചൂടൻ ചായയ്ക്ക് ചൂടൻ ചായ തന്നെ വേണം.

അങ്ങനെ ചായയുടെ സാക്ഷാത്ക്കാരം സ്വപ്നം കണ്ടിരിക്കുമ്പോ ഗെഡിയും ദേവിയും പ്രത്യക്ഷപ്പെട്ടു. രണ്ടിനും ലുക്കിൽപ്പോലും ഒരു മാറ്റവുമില്ല. അതേ മുഖങ്ങൾ, അതേ ചിരി, അതേ വർത്തമാനം, അതേ രസം!

ഒഴിവാക്കാനാവാത്തതെന്തോ വന്നു കയറിയതുകൊണ്ട് റെനീഷിന് വരാൻ പറ്റില്ലെന്നു മെസേജ് വന്നു, അതൊരു നഷ്ടമായി. അഞ്ചാംക്ലാസ്സിൽ വെച്ച് അവന്റെ ചോറുംപാത്രത്തിൽ നിന്ന് ദിവസേന കഴിച്ചിരിരുന്ന പുട്ടിന്റേം പഴത്തിന്റേം ഇഡ്ലിടേം ചമ്മന്തിയുടേം കഥ അയവിറക്കി ഒന്നൂകൂടി ചിരിക്കാമായിരുന്നു.

നാട്ടിലെ കൂട്ടുകാരുമായി ഒന്നു കൂടണം, ഓരോ ചായ കുടിക്കണം, കുറേ കത്തി വെക്കണം. ദിത്രേം മോഹമേ ഉണ്ടാരുന്നുള്ളൂ. ഗെഡിയുടെ കൂടെ ഇത്തിരി നേരം പഴേ പത്താം ക്ലാസ്സുകാരനാവാമെന്നുള്ളതാണ് ആ മോഹലഡുവിലെ മുന്തിരി. അങ്ങനെ മൊത്തത്തിൽ വിരിഞ്ഞുവിടർന്നു നിൽക്കുന്ന നൊസ്റ്റി അന്തരീക്ഷം, ആവി പാറുന്ന അടിച്ച ചായയെയും മൊരിഞ്ഞ പരിപ്പുവടയേയും കഠിനമായി ആഗ്രഹിക്കുന്നു. സോ, സമയം കളയാതെ യൂസഫലിച്ചേട്ടനോടുള്ള പരിഭവത്തോടെ പുറത്തിറങ്ങി.

അഞ്ചുപേരെ ഗർഭം ധരിച്ച ശ്രീത്തിന്റെ ശകടം ഹൈവേയിൽക്കേറി ചായ തപ്പി നീങ്ങി. "അജീടെ ചായക്കട", "ന്റുമ്മൂമ്മാന്റെ ചായക്കട", "ചായപ്പീട്യ"...  നാട്ടിൽ ചായക്കട കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടില്ല. നാട്ടികയെത്തും മുന്നേ വലതുവശം കണ്ട "ചായക്ലബ്ബി"ലെ നില്പനടിക്കാനുള്ള സെറ്റപ്പിൽ, ചോദിക്കാതെ ചേർത്ത ഏലക്കായ ഇത്തിരി നിരാശപ്പെടുത്തിയ രണ്ടു ചായയും, മോശമില്ലാത്ത ഓരോ പരിപ്പുവടയും സവാളവടയും, കുറേ ചിരികളും ഉള്ളിൽ കുതിർന്നമർന്നു. കോടതിക്കഥകളും, ക്ഷീരവികസനവും, വീടുപണിയുടെ ആവലാതികളും, എണ്ണയൂറ്റും, ട്രാഫിക്ക് പരിഭവങ്ങളും, അമേരിക്കയും അവിടെ ചിതറിവീണുകൊണ്ടിരുന്നു.

ഉള്ളിൽ ഇരുട്ടുകുത്തിയ അവസ്ഥയിൽ നിന്നും കുതറിയെണീറ്റ്, വാശിക്ക് സ്വന്തം കാലിൽ കുതിച്ചുനീങ്ങുന്നവളുടെ സ്വപ്നഗൃഹമായിരുന്നു ഹൈലൈറ്റ്. നേരെ അങ്ങോട്ടു വെച്ചുപിടിച്ചു. അവസാനവട്ട മിനുക്കുപണികൾ തകൃതിയിൽ നടന്നുകൊണ്ടിരിക്കുന്ന നല്ല അസ്സൽ വീട്. ശൗചാലയത്തിന്റെ വാതിലിന്മേൽ ലെമൺ പീസുകൾ വീണു മുങ്ങിത്താഴുന്ന മാർട്ടീനി ഗ്ലാസ്സിന്റെ പടത്തിന്റെ ഡിസൈൻ വെച്ച ബുദ്ധിയെ അഭിനന്ദിച്ച വകയിൽ കിട്ടിയതെല്ലാം വാങ്ങിക്കൂട്ടി അവിടുന്നിറങ്ങുമ്പോൾ, ദേവിയുടെ സ്ഥിരം ഐറ്റമായ രസികൻ റവലഡു ഒരു പൊതി മുടക്കമില്ലാതെ വന്നെത്തി. വീടുപാർക്കൽ കൂടാൻ പറ്റില്ല, ലീവ് തീരും. തിരിച്ചു  പോവുന്നതിനു മുന്നേ തിലകത്തിനേയും കൂട്ടി  ഒന്നൂടെ വരണമെന്ന് ഉള്ളിലുറപ്പിച്ചു.

നേരെ ഗെഡിയുടെ വീട്ടിലേയ്ക്കായിരുന്നു. അകത്തേതു പോരാതെ, യാത്ര പറഞ്ഞിറങ്ങി പടിക്കൽ നിന്ന് വീണ്ടും തുടങ്ങിയ കത്തിയടിയിൽ മണിക്കൂർ ഒന്നര പോയതറിഞ്ഞില്ല. നാട്ടുവർത്തമാനവും, ലോകവർത്തമാനവും, ഇടയിലൂടെ പറയാതെ പറയുന്ന ഇത്തിരി കഥകളും നൂലുപോലെ പെയ്തുകൊണ്ടിരുന്നു. 

മഴയ്ക്ക് കടുപ്പത്തിലൊന്നു ശാസിക്കേണ്ടി വന്നു, പടിയ്ക്കൽ പാതിവഴിയിൽ ഇറങ്ങാൻ കൂട്ടാക്കാതിരുന്ന മനസ്സിനെ കൺവിൻസ് ചെയ്ത് ഒടുവിൽ പുറപ്പെടുവിയ്ക്കാൻ. വരണ്ട തടാകത്തിന്റെ ഹൃദയത്തിലേക്ക് പതിക്കുന്ന പുതുവർഷം പോലെയുള്ള ഒരു സായാഹ്നം വീണലിഞ്ഞു താഴ്ന്നു. ആദ്യമൊന്ന് പൊള്ളിച്ച്, പിന്നെ ആസ്വദിപ്പിച്ച്, പതിയെ ഉള്ളിലേയ്ക്കാഴ്ന്ന നനുത്ത അനുഭൂതികൾ. ഒരു ചാറ്റിനും പകർന്നു തരാൻ കഴിയാത്ത പൊട്ടിച്ചിരികൾ, കളിയാക്കലുകൾ, കുറിയ നനുത്ത നോട്ടങ്ങൾ. ഇനിയൊരു കാഴ്ചയുണ്ടാവും വരെ ചേതനയെ റീച്ചാർജ്ജു ചെയ്തു തരുന്നതുപോലെ. ഒരു മെസേജിനപ്പുറമെങ്കിലും, മുഖദാവിലിനിയെന്ന് എന്ന ചോദ്യം മുറ്റിനിൽക്കുന്ന, പരസ്പരം കൊളുത്തിവലിക്കുന്ന യാത്ര പറച്ചിലുകൾ... 

അഞ്ചു പഴയ പത്താംക്ലാസ്സുകാർക്കിടയിൽ ഒരു മഴ കൂടി പെയ്തിറങ്ങി.

No comments:

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...