Tuesday 1 November 2022

കിങ് കോങ് പാർട്ട് 2

ചെറിയപ്രായത്തിൽ, എന്നു വെച്ചാൽ ഒരു ഏഴിലോ എട്ടിലോ ഒക്കെ ആയിരുന്നിരിക്കണം, അവധികളിൽ മാമന്റോടെ പോയി നിൽക്കാറുള്ള സമയത്തെ ഒരു സാധാ ദിവസം.

അന്നത്തെ എന്റെ റോൾമോഡലായിരുന്ന, ഞാൻ വാലുപോലെ കൂടെ നടന്നിരുന്ന, ഷനുച്ചേട്ടൻ എന്ന ഞങ്ങടെ ഏറ്റോം മൂത്ത കസിൻ ചേട്ടൻ, രാവിലെ ന്യൂസ്പേപ്പറിൽ സിനിമാപ്പരസ്യമൊക്കെ നോക്കുകയാണ്.

എന്നിട്ട് പതുക്കെ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പു വരുത്തി എന്നോട് ഒരു ചോദ്യം.

"ഡാ, മ്മക്ക് രണ്ടാൾക്കും ഒര് സിനിമ കാണാൻ പോയാലോ?"

"മ്മള് മാത്രോ?!" ആശ്ചര്യം, ആകാംക്ഷ, സാഹസികത, ഒടുവിൽ ഭയം!

"ആടാ, ആരും കൊറെ നേരത്തേക്കൊന്നും നമ്മളെ അന്നേഷിക്കാനൊന്നും പോണില്ല. എല്ലാരും നല്ല തിരക്കിലാ. മ്മക്ക് മിണ്ടാണ്ടെ പോയിവരാ."

സ്വരം താഴ്ത്തിപ്പറഞ്ഞ് മൂപ്പര്, പേപ്പറിന്റെ മൂലയിലെ ചെറുബോക്സിലേയ്ക്ക് ചൂണ്ടി.

'APE, The Great APE' ന്നു പറഞ്ഞ ഒരു ഇംഗ്ലീഷ് പടത്തിന്റെ പോസ്റ്റർ, നടുവിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന ഒരു ഗൊറില്ലയുടെ പടം.

"കിങ് കോങിന്റെ സെക്കന്റ് പാർട്ടാ ടാ"

"കിങ് കോങ്" എന്റെ ഉള്ളിൽ കത്തി നിക്കുന്ന പടമാണ്. അതിന്റെ സെക്കന്റ് പാർട്ട് കാണാൻ പോവാനാണ് ക്ഷണം. പക്ഷേ, ആരോടും പറയാതെ സിനിമയ്ക്ക് പോവാന്നു പറയുന്നതാണ് വലിയ വിഷയം. ടെൻഷൻ!

നോക്കുമ്പോ പടം തൃശ്ശൂർ രാഗത്തിൽ! നിരാശ!

"തൃശ്ശൂരോ?! നടക്കില്ല ഷനുച്ചേട്ടാ, ഞാൻ വിചാരിച്ചു ഇവിടെ അടുത്തെവിടെങ്കിലും ആവും ന്ന്. തൃശ്ശൂര് വരെ മ്മള് പറയാണ്ട് പോവേ? നമ്മളെ ഇവിടെ അന്വേഷിക്കില്ലേ? ആരെങ്കിലും അറിഞ്ഞാ തീർന്നു!"

"ടാ, ഇവിടെ ആണെങ്കിലല്ലേ മ്മളേ ആളോൾക്ക് അറിയുള്ളൂ. ഇത് തൃശ്ശൂര് ടൗണില്, അതും പകല്, അതും സിനിമാതിയറ്ററില് മ്മളെ ആര് അറിയാനാ?"

ഷനുച്ചേട്ടൻ ബുദ്ധിമാനാണ്. കാര്യം ശരിയാണ്. എന്നാലും, വീട്ടീന്ന് നടന്നോ സൈക്കിളിലോ എടമുട്ടത്തുപോയി, ബസ് കേറി തൃശ്ശൂര് ടൗണെത്താൻ മിനിമം ഒരൊന്നര മണിക്കൂറെട്ക്കും. പിന്നെ സിനിമ കണ്ട്, മ്മടോടയ്ക്കുള്ള ബസ് കേറി തിരിച്ചെത്താനുള്ള ടൈമൊക്കെപ്പാടെ എങ്ങനെ കൂട്ടിയാലും, അമ്മയുടെ രണ്ടു വിളികൾക്കിടയിലുള്ള സമയത്തേക്കാൾ വളരേ കൂടുതലായിരിക്കും.

പക്ഷേ, ഭയം തോറ്റു, ഹോർമോണുകൾ വിജയിച്ചു.

ഏതാണ് അരമുക്കാക്കിലോമീറ്റർ അകലെയുള്ള, 'കുറ്റിസ്റ്റേഡിയം' എന്നറിയപ്പെടുന്ന കുറ്റിപ്പാടത്ത് കളിക്കാൻ പോവാണ് എന്നൊരു സംഗതി ഒഴുക്കൻ മട്ടിൽ പലരോടായി പറഞ്ഞു വെയ്ക്കുന്നതായിരുന്നു ആദ്യപടി. "അതിനിപ്പ ഞാൻ തലേം കുത്തി നിക്കണാ?" ന്നുള്ള മട്ടിൽ പലരും പ്രതികരിച്ചെങ്കിലും, "ഞങ്ങൾ വിളിപ്പുറത്തില്ല" എന്ന സംഗതി അവരുടെ ഉള്ളിൽക്കേറി രെജിസ്റ്ററാവുക എന്നതായിരുന്നല്ലോ നമ്മൾടെ ലക്ഷ്യം. അതു മിക്കവാറും, 'വടക്കുനോക്കിയന്ത്ര'ത്തിൽ നിന്നും കിട്ടിയ ഐഡിയ ആയിരുന്നിരിക്കണം.

"കുറ്റിപ്പാടം വരെ പോവുന്നുണ്ടെങ്കിൽ മഞ്ചാടിപ്പറമ്പില് പോയിട്ട് തെങ്ങുംതടത്തില് വല്ല മടലും വീണുകിടക്കുന്നുണ്ടെങ്കിൽ വലിച്ചു മോട്ടോർപ്പുരേടെ അവിടേക്കിട്ടോളോ ട്ട്രാ" ന്ന് അച്ഛാച്ഛൻ പറഞ്ഞത് വലിയൊരു ഗുണായി. വൈകാനൊരു ന്യായം കൂടി കിട്ടീലോ!

സോ, അര മണിക്കൂറോളം സാഹചര്യങ്ങളെ സസൂക്ഷ്മം വിലയിരുത്തിയ ശേഷം, രണ്ടും കൽപ്പിച്ച് ഞങ്ങളിറങ്ങി. നല്ല ഉടുപ്പൊക്കെ ഇട്ട്, ആരും കാണാതെ സൈക്കിളെടുത്ത് നേരെ ഇടവഴി വെച്ച് എടമുട്ടത്തേക്ക്. അവിടുന്ന് ആദ്യം കണ്ട തൃശ്ശൂര് ബസ്സീക്കേറി ടൗണിലേയ്ക്ക്. "ചേട്ടാ രാഗത്തിന്റെ മുന്നില് നിർത്തോ" ന്ന് കണ്ടക്റ്ററോട് ചോദിച്ച പാടെ പുള്ളിയ്ക്ക് കത്തിക്കാണണം, ഇവമ്മാര് ബസ്സില് രാഗത്തിലേയ്ക്ക് ആദ്യായിട്ടാണ്ന്ന്. പക്ഷേ, പുള്ളി ചിരിച്ച് "എറങ്ങാറാവുമ്പ ഞാൻ പറയാ ട്ടാ" ന്ന് പറഞ്ഞു. ഞങ്ങള് ഹാപ്പിയായി.

അങ്ങനെ പഴേ സ്റ്റാന്റിലിറങ്ങി, ചോയ്ച്ച് ചോയ്ച്ച് നടന്ന് ഞങ്ങൾ സിനിമയ്ക്ക് മുന്നേ തന്നെ തിയറ്ററിലെത്തി. നല്ല തിരക്കുണ്ടാവുംന്ന് വിചാരിച്ചിട്ട് നോക്കുമ്പോ കൗണ്ടറിൽ ഒരു മനുഷ്യനില്ല. "ചേട്ടാ, ഗോറില്ലേരെ സിനിമയ്ക്ക് രണ്ട് ടിക്കറ്റ്" ന്ന് പറഞ്ഞു കൗണ്ടറിലെ അർദ്ധവൃത്താകൃതിയുള്ള ദ്വാരത്തിലേയ്ക്കു കാശുനീട്ടിയ ഷനുച്ചേട്ടന്റെ കൈകൾ റോസ്കളറിലുള്ള (പിങ്കൊക്കെ പിന്നെ വന്നതാണ്) രണ്ടു ടിക്കറ്റുകളുമായി പുറത്തേയ്ക്കു വന്നു. "പകലായോണ്ടാവും ആളില്ലാത്തേ" ന്നു സമാധാനിച്ച് ടിക്കറ്റുമെടുത്ത് ഞങ്ങൾ അകത്ത് കേറി. 

രാഗത്തിന്റെ അക്രമ സൗണ്ട് സിസ്റ്റത്തിൽ 'ദ് റോബോട്ട്സ്' മ്യൂസിക്കിന്റെ താളത്തിനൊപ്പം, കൂറ്റൻ സ്ക്രീനിന്റെ മുന്നിലെ, ഞൊറികൾക്കിടയിൽ കുഞ്ഞു ബൾബുകൾ തൂക്കിയ ചുവന്ന കർട്ടൻ പതിയെ ഉയർന്നു. രോമകൂപങ്ങൾ എഴുന്നേറ്റു നിന്നു. പതിയെ പടം തുടങ്ങി.

അങ്ങനെ, വെടികൊണ്ട് വീണിടത്തുനിന്നും ഉയിർത്തെഴുന്നേറ്റു വന്ന് പോലീസാരേം ഗുണ്ടകളേം തവിടുപൊടിയാക്കുന്ന ഭീമാകാരൻ "കിങ് കോങ്" നേം പ്രതീക്ഷിച്ചിരുന്ന ഞങ്ങൾ കാണുന്നതെന്താ, ഗൊറില്ലകളെ കുറിച്ചുള്ള ഒരു നെരേറ്റഡ് ഡോക്യുമെന്ററി!! ഗോറില്ല, എങ്ങനെ ജനിക്കുന്നു, എങ്ങനെ വളരുന്നു, എന്തൊക്കെ തിന്നുന്നു, എങ്ങനെ ഡിംഗോൾഫിക്കേഷൻ നടത്തുന്നു, അതിന്റെ കുഞ്ഞുകുട്ടിപരാധീനതകൾ എന്തൊക്കെ, എന്നു തുടങ്ങി ഒരു ഒന്നര മണിക്കൂർ സ്റ്റഡിക്ലാസ്. 'കിങ് കോങ്' ദിപ്പ വരും ദിപ്പ വരും ന്ന് വിചാരിച്ച് ഞങ്ങളൊരു മുക്കാ മണിക്കൂറൊക്കെ ക്ഷമിച്ചു കാണണം.

"അല്ല ഷനുച്ചേട്ടാ, ഇത്... കിങ് കോങല്ലല്ലോ!"

"തെറ്റീന്നാട്ട്രാ തോന്ന്ണേ, ഇതതല്ല"

അങ്ങനെ പണി കിട്ടീന്ന് മനസ്സിയാലപ്പോ അന്യോന്യം നോക്കി, "നമ്മക്കിത് ആരോടും പറയണ്ടാ, ല്ലേ?" ന്ന് നിശ്ശബ്ദമായി അംഗീകരിച്ച്, ഞങ്ങൾ ദദു മുഴുവനും ദൈന്യതയോടെ ഇരുന്നു കണ്ടു; ഡയലോഗൊന്നും ഒരു വക മനസ്സിലാവുന്നില്ലെങ്കിലും കാശുമുടക്കീതല്ലേ!

'നാശം, ഇതിനാണെങ്കിൽ എടമുട്ടത്തെ 'ഏയ്ഞ്ചലീ' ന്ന് വൈൽഡ്ലൈഫ് കാസറ്റൊരെണ്ണം എടുത്ത് കണ്ടാ മതിയായിരുന്നു' എന്ന തോന്നലും ഇടയ്ക്ക് തലപൊക്കാതിരുന്നില്ല.

അങ്ങനെ ആദ്യത്തെ ഒറ്റയ്ക്കുള്ള സിനിമാപരിപാടി ഫൗളായതിന്റെ വെഷമത്തിൽ, 'പടം' തീർന്നതും ഞങ്ങൾ നേരെ ഇറങ്ങി ശക്തനിലേക്ക് ഓടി ആദ്യം കിട്ടിയ ബസ്സ് കേറി തിരിച്ചെത്തി. പോരുന്ന വഴിയ്ക്ക് മഞ്ചാടിപ്പറമ്പു വഴിയൊന്ന് തിരിഞ്ഞ്, അവിടെ കിടന്ന രണ്ടു മടലെടുത്ത് മോട്ടർപ്പുരേടേ അടുത്തേയ്ക്ക് മാറ്റിയിടാനും മറന്നില്ല.

ഒടുവിൽ വീടിന്റെ മതിലിന്റെ വെളിയിൽ കുറച്ചു നേരം നിന്ന്, അകത്തു നിന്നും നിലവിളീം നെഞ്ചത്തടീം ഒന്നും കേൾക്കുന്നില്ലാന്ന് ഉറപ്പു വരുത്തി പതിയെ ഞങ്ങൾ അകത്തുകേറി. "കൊറേ നേരായല്ലടാ നോക്ക്ണേ, എവ്ടെപ്പോയി കെടക്കായിരുന്നൂ?" ന്ന് അമ്മ ചോദിച്ചെങ്കിലും അതൊരു സാധാരണ ടോണിലായിരുന്നു. 'കുറ്റിപ്പാടത്തെ കളിയും മഞ്ചാടിപ്പറമ്പിലെ മടലും' പദ്ധതി വിജയിച്ചതിൽ ഞങ്ങൾ ഗൂഢമായി ആഹ്ലാദിച്ചു.

പടം അലമ്പായിരുന്നെങ്കിലും, ആദ്യത്തെ ഒറ്റയ്ക്കുള്ള ആ തൃശ്ശൂർ പോക്ക് ഇങ്ങനെ പച്ചയ്ക്ക് നിക്കുന്നുണ്ട് ഇപ്പോഴും!

No comments:

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...