Showing posts with label കഴിമ്പ്രം കഥകള്‍. Show all posts
Showing posts with label കഴിമ്പ്രം കഥകള്‍. Show all posts

Saturday, 30 May 2020

യതി വാർത്താ:

ഡാ അറിഞ്ഞടാ…?”

മൂലക്ക് ഒരു കുഞ്ഞിസ്റ്റാന്റടിച്ച് പ്രതിഷ്ഠിച്ചിരുന്ന ഐടിഐ മുദ്രയുള്ള ലൈറ്റ് പച്ചക്കളർ ഫോണിന്റങ്ങേപ്രത്ത് നിന്ന് ലുലൂന്റെ ശ്വാസംകിട്ടാതെയുള്ള കെതപ്പ്.

“എന്തൂട്ട്…?”

“കുംബ്ലേ പത്ത് വിക്കറ്റെടുത്തൂടാ! ഇന്ത്യ ജയിച്ചു!”

“ഏ... കളി കഴിഞ്ഞാ? കാലത്ത് നോക്കീപ്പോ അവമ്മാര് നല്ല കളിയാരുന്നൂലോ…”

“പിന്നല്ലാ, കുംബ്ലേ കേറി മേഞ്ഞുടാ.. പത്ത് വിക്കറ്റ് മൂപ്പർക്ക്ണ്”

“ഹമ്മേ, കലക്ക്യേലാ.. ബാക്കി ആർക്കൊക്കെയാടാ കിട്ടിയേ..?”

“എന്തൂട്ട്?”

“വിക്കറ്റോള്”

“നിനക്ക് വട്ടായാ..! ഡാ, പത്തും കുംബ്ലേക്കാന്ന്”

“ആടാ.. ബാക്കി നാലെണ്ണം ഇല്ലേ എന്നാലും?”

“ഡാ പൊട്ടാ, മൊത്തം ടെസ്റ്റിലല്ല, അവമ്മാര്ടെ സെക്കന്റ് ഇന്നിങ്സിലെ പത്തില് പത്തു വിക്കറ്റും 
കുംബ്ലേക്കാടാ കിട്ടീത്. ലോകറെക്കോർഡാടാ!”

“ഉവ്വാ...?! ശരിക്കും...?” മേല് മൊത്തം ഒരു തരിപ്പാ കേറി.

“സത്യം. നീ വേം പോയി ടീവി വെച്ച് നോക്ക്…”

പറന്നു ചെന്ന് ടീവി ഓണാക്കുമ്പോ, ക്രിക്കറ്റ് ശ്വസിച്ചു ജീവിച്ചിരുന്ന അന്നത്തെ മാനസികാവസ്ഥയിൽ ഒരു നിലക്കും മാപ്പുനൽകാൻ കഴിയാത്ത തരത്തിലുള്ള എന്തോ മാരകപ്രോഗ്രാം ദൂരദർശനിൽ ഓടിക്കൊണ്ടിരിക്കുന്നു.

“കോപ്പ്, ന്യൂസൊക്കെ ഇനി ഏത് നേരത്താണാവോ.. ഇവമ്മാർക്കിതൊക്കെ ഒന്നെഴുതിക്കാണിച്ചൂടെ" ന്ന് പ്രാവി തിരിയുമ്പോ അച്ഛമ്മ ഉമ്മറത്തിരുന്ന് 'കടലാസ്' വായിക്കുന്നു.

"അല്ലച്ഛമ്മേ, ഇപ്പ റേഡിയോല് ന്യൂസ്ണ്ടാ?"

"ആ, ഇപ്പ തൊടങ്ങും. എന്തേ?"

മറുപടിക്കുപോലും ഒരു നിമിഷം കളയാണ്ടെ പാഞ്ഞുചെന്ന് റേഡിയോ ഓണാക്കി.

“സമ്പ്രതി വാർത്താഹ ശുയന്താം..പ്രവാചകാഹ..”

“ഓഹോ.. കറക്റ്റ് ടൈമിൽ സംസ്കൃതം വാർത്ത തന്നെ ല്ലേ... വെൽഡൺ യൂണിവേഴ്സ്, വെൽ ഡൺ" ന്നും നിരാശപ്പെട്ട്, എന്നാലും തോൽക്കാൻ തയ്യാറാവാതെ വല്ല തുമ്പോ തുരുമ്പോ കിട്ട്വോന്ന് നോക്കാം ന്ന് ആശ്വസിച്ച്, കാതുകൂർപ്പിച്ച് അന്നാ ന്യൂസിലെ ഓരോരോ അരിമണികളും പെറുക്കിപ്പെറുക്കി ചുമരിൽ ചാരി നിന്നതിന്റെ ഒടുവിൽ, നമുക്കാവശ്യമുള്ള വാക്കുകൾ മാത്രം ഒരു മായാജാലം പോലെ ചെവി ഫിൽട്ടർ ചെയ്തെടുത്തു തന്നു.

“ഭാരതാ ഹ പാകിസ്താന ഹ ക്രിക്കറ്റ് ക്രീഡാ ഹ കുംബ്ലേ ഹ ദശമ ഹ…”

“അടിച്ചു മോനേ!!!” ന്നും അലറി പടൂന്റെ വീട്ടിലേക്ക് ഇറങ്ങി ഓടീതും, അടുത്ത ന്യൂസ് ടെലികാസ്റ്റിൽ ഹൈലൈറ്റ്സ് കാണും വരേം, പിന്നെയുള്ള ഓരോ ന്യൂസിലും അതിന്റെ റിപീറ്റേഷൻ കണ്ടോണ്ടിരിക്കുമ്പോഴും ഉണ്ടായ ആ ആ, ഇത്..

ഓർക്കുമ്പോ തന്നെ… ദേ .. !

ബൈസിക്കിൾ ഡയറി


എഞ്ചിനീയറിങിന്റെ കൗൺസിലിങ്ങൊക്കെ കഴിഞ്ഞ് ഇടുക്കീലെ കോളേജിന്റെ പ്രണയലേഖനവും കാത്തിരിക്കുന്ന പരമബോറടിയുടെ മൂർദ്ധന്യാവസ്ഥയിലെ ദിനങ്ങളിലൊന്നിൽ...
 
അന്നൊക്കെ രാവിലെ തന്നെ കുളിച്ച് കുട്ടപ്പനായി, ശേഖരശാന്തീടവിടന്ന് വാങ്ങി വെച്ച രക്തചന്ദനത്തിന്റെ മുട്ടി അമ്മീമെലൊരച്ചെടുത്തതീന്ന് കൊറച്ചെടുത്ത് നെറ്റീമെ ഇരിഞ്ച് നീളത്തിൽ ചാർത്തി, ഡിസ്കോ ലൈറ്റിട്ട സെറ്റപ്പിന്റെ ഉള്ളിലിരിക്കുന്ന ഗണപതിയുടെ മുന്നിലിരിക്കുന്ന വിളക്കിന്റെ തിരി കരിഞ്ഞതിൽ നിന്ന് ലേശെടുത്ത് രക്തചന്ദനക്കുറീടെ താഴെ ഇത്തിരി നീളം കുറവിൽ കടുകുമണി ലെങ്തിൽ അപ്രത്തേക്കും ഇപ്രത്തേക്കും അളവു മാറാതെ കൃത്യം സെന്ററിൽത്തന്നെ അപ്ലൈ ചെയ്ത്, സൈക്കിളുമെടുത്തിറങ്ങി വിനൂന്റെ ഉമ്മറത്ത് കുറേനേരത്തേക്ക് കുറ്റിയടിക്കുന്ന പതിവുണ്ടായിരുന്നു. ആയിടെ മൊത്തം അലൈന്മെന്റു പൊളിച്ചുപണിത് പുതുപുത്തൻ മോടിയിൽ സെറ്റപ്പാക്കി ഇറങ്ങിത്തുടങ്ങിയ മനോരമയിലെ സ്പോർട്സ് പേജ് ഒരക്ഷരം വിടാതെ വായിച്ചുതീർക്കുകയും, കഴിഞ്ഞ ക്രിക്കറ്റ് കളികളെ ഇഴകീറി പരിശോധിക്കുകയും അടുത്ത് വരാൻ പോവുന്ന കളിയെപ്പറ്റി കൂലങ്കുഷമായി ചർച്ചിക്കുകയും, സത്യം പറഞ്ഞാ സ്കൂളിലേക്ക് പോവുന്ന ചില തല്പരകക്ഷികളെ കാണുകയും, ആർക്കും പരാതിയില്ലാത്ത "ഒരു ചെറുചിരി അങ്ങോട്ട്, ഒരു പുഞ്ചിരി ഇങ്ങോട്ട്" സ്കീമിൽ പങ്കെടുക്കുകയുമൊക്കെയാണ് ഉദ്ദേശ്യം.
 
മൂവായിരത്തിച്ചില്ലാനം കുട്ടികൾ പഠിക്കുന്ന കഴിമ്പ്രം സ്കൂളിലന്ന് കഷ്ടിച്ചൊരഞ്ഞൂറ് സൈക്കിള് തികച്ച് വെക്കാനുള്ള സ്ഥലം ഇല്ലാത്തോണ്ട് ഒരു പത്തുനൂറ് സൈക്കിളൊക്കെ എല്ലാ ദിവസോം, സ്കൂളിന്റെ അയല്പക്കത്തുള്ള സഹൃദയരായ നാട്ടുകാരുടെ പറമ്പിലെന്ന പോലെ, വിനൂന്റെ വീടും തറവാടുമൊക്കെ ഇരിക്കുന്ന, തുറന്നു കിടന്നിരുന്ന മ്മടെ അയലൊക്കപ്പറമ്പിലും കാണുമായിരുന്നു. അങ്ങനെ ഒരുമാതിരി ടൈമിലൊക്കെ ഞങ്ങടെ താവളമായിരുന്ന ആ പറമ്പിൽ സൈക്കിൾ വെക്കാൻ വരുന്ന സ്കൂൾകുട്ടികളോട്, വിശിഷ്യാ ലേഡിബേഡ് ഉടമകളോട്, “ദവടെ വെക്കല്ലടിവളേ, ആളേൾക്ക് പോണ്ടേ”, “ഹെയ് അവടെ വെച്ചാ മറ്റേ സൈക്കിളെട്ക്കാൻ പറ്റോ, നീയങ്ട് ലേശാ നീക്കി വെച്ചേ” ന്നൊക്കെ പറഞ്ഞ് പട്ടിഷോ കാണിക്കാറുള്ള ടൈം.
 
ഒരൂസം ഇങ്ങനെ പിള്ളേരൊക്കെ സ്കൂളീപ്പോയി, ബെല്ലൊക്കെ അടിച്ചുകഴിഞ്ഞ് കുറേനേരം കത്തിയടി കഴിഞ്ഞപ്പോ ഒരു തോറ്റം, 

“അല്ല വിന്വോ, മ്മക്കീ സൈക്കൊളൊക്കെ ഒന്ന് അറേഞ്ച് ചെയ്ത് വെച്ച് പിള്ളേരെ ഞെട്ടിച്ചാലോ?”. 

അഞ്ചിന്റെ പൈസക്ക് ഗുണമില്ലാത്ത ആ ഐഡിയ പക്ഷേ സംഘത്തെ ഉഷാറായി. സൈക്കിളുകൾ ബ്രാന്റനുസരിച്ച് പല ഭാഗങ്ങളിലേക്ക് മാറ്റി ലൈനപ്പാക്കി വെക്കപ്പെട്ടു. ലേഡീബേഡുകൾ പുളിമരത്തിന്റെ അടീല് വട്ടത്തില്, ബീഎസ്സേകൾ അയ്നീടെ താഴെ നീളത്തില്, വേറെ ചിലത് വരിവരിയായി നടവഴീടെ രണ്ടു സൈഡില്, അതിൽത്തന്നെ ആമ്പിള്ളെർടേം പെമ്പിള്ളേർടേം വേറെവേറെ സെക്ഷനുകൾ, അങ്ങനങ്ങനെ മൊത്തത്തിൽ പൊരിഞ്ഞ പരിപാടി. ലേഡീബേഡിന്റേം, ബീഎസ്സേടേം അതിപ്രസരത്തിൽ ലൈംലൈറ്റ് കിട്ടാത്ത ചെല ഹീറോ ഇമ്പാക്റ്റുകളും ഫോട്ടോണുകളും അപൂർവം ചെല അറ്റ്ലസുകളും, മറ്റു പല ഓർമ്മയില്ലാബ്രാന്റുകളും അടിച്ചുകൂട്ടി ഒരു മൂലക്ക് കൊണ്ടു വെച്ചു. അതിന്റെടക്ക് “മ്മക്ക് കളറു നോക്കി ഒന്നുങ്കൂടി അറെഞ്ച് ചെയ്താലാ?” ന്നൊരു രണ്ടാംതോറ്റത്തിന്റെ പുറത്ത് ബ്രാന്റിന്റെ സെക്ഷനുകൾ കളറിന്റെ അടിസ്ഥാനത്തിൽ സബ്സെക്ഷനുകളാക്കി മാറ്റി ഒരു റീഅറേഞ്ച്മെന്റ് കൂടി നടത്തിക്കഴിഞ്ഞപ്പോ പറമ്പൊരുമാതിരി സൈക്കിളുകളുടെ മെഗാമേള നടക്കുന്ന ഏതോ മൈതാനത്തിന്റെ ലുക്കായി. മനോഹരായിരുന്നു സീൻ!
 
വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ ഗ്രാമത്തെ മൊത്തം രക്ഷിച്ച പട്ടാളക്കാർ വൈന്നേരം ബാരക്കിൽ രണ്ടെണ്ണമടിച്ച് ക്ഷീണം മാറ്റാനിരിക്കുന്ന ഫീലിൽ, അവിടെ ഒരു തെങ്ങുംചോട്ടിൽ ഞങ്ങൾ കയ്യും ബേക്കിൽ കുത്തി മലന്നു കിടന്ന് അന്നത്തെ അധ്വാനത്തിന്റെ ഫലം ആസ്വദിച്ചിരുന്നു.
വൈന്നേരം സ്കൂള് വിടാറായപ്പോ അന്തംവിടുന്ന പിള്ളേരെ കാണാൻ പട മൂന്നു മണിയോടെ തന്നെ സെറ്റായി റെഡിയായിരുന്നു.
 
നാലുമണിക്ക് കൂട്ടബെല്ലടിച്ച് രണ്ടുമിനിറ്റ് തികയും മുന്നേ പിള്ളേര് വന്നു തുടങ്ങി. വരുന്നവർ വരുന്നവർ “ഇതെന്ത് കൂത്ത്, എന്റെ സൈക്കിളെവടെ” എന്നമ്പരന്നും ലേശം പരിഭ്രമിച്ചും പരതിനടക്കുന്ന കണ്ടപ്പോ “ഞങ്ങളാട്ടാ ഈ കർമ്മം ചെയ്തത്, നന്ദിയൊന്നും പറയണ്ട ഒരാവശ്യോം ഇല്ല” എന്ന ഭാവത്തിൽ ഞങ്ങളവടെ ചായേം കുടിച്ചിങ്ങനെ സിരിച്ചിരുന്നു.
 
“ദേ നിങ്ങളിങ്ങനെ തോന്ന്യേ പോലെ സൈക്കിളൊക്കെ വെച്ച് പോയാ പറമ്പൊക്കെ കാണാൻ മോശല്ലേ?" 
"നാളെത്തൊട്ട് ഇന്ന് വെച്ച പോലെ അറേഞ്ച് ചെയ്ത് വെച്ചോളോട്ടാ.." 
"ഇന്ന് ഞങ്ങള് ഹെല്പ് ചെയ്തു. ഞങ്ങൾ എല്ലാ ദിവസോം ഇവിടെ തന്നെ കാണും, നിങ്ങളെ ഹെല്പാനായിട്ട്” 

എന്നിങ്ങനെ ഓരോ പത്ത് മിനിറ്റിലും ഓരോ അനൗൺസ്മെന്റും നടത്തി ആ ദിവസവും അതിന്റടുത്ത ദിവസവും ഞങ്ങൾ ടൈം കില്ലി. പിള്ളേർക്കാണെങ്കിൽ “ഇവമ്മാരിത് സീരിയസായിട്ടാണോ, അതോ പിരി പോയിട്ടാണോ” ന്ന് കൺഫ്യൂഷനുമുണ്ട്, എന്നാ പറഞ്ഞ പോലെ ചെയ്തില്ലെങ്കി ഇവമ്മാർടെ ഏരിയയിൽ ധൈര്യായിട്ടെങ്ങനെയാ സൈക്കിളും വെച്ച് പോവാൻ പറ്റാന്ന് നല്ല ഡൗട്ടുമുണ്ട്. ഞങ്ങക്കാണെങ്കിൽ അവർടെ ആ കൺഫ്യൂഷനൊക്കെ ഒന്നുരണ്ടു ദിവസം അത്യാവശ്യം നല്ല എന്റർടെയിന്റ്മെന്റ് ആയിരുന്നു.
 
ഇപ്പോ ആലോചിക്കുമ്പോ, എന്തിന്റെ കേടായിരുന്നോ ആവോ, ആ പെമ്പിള്ളേരൊക്കെ എന്ത് വിചാരിച്ചു കാണോ ആവോ! ഹൗ...

Wednesday, 5 June 2013

ഹൌ-ന്ന്???

ആന്ധ്രയിലെ ഏതോ കുഗ്രാമത്തില്‍ എലെക്ഷന്‍ ഡ്യൂട്ടിക്ക് പോയ കഥ പറയുകയായിരുന്നു പോലീസ് ചേട്ടായി:

പത്തു നൂറ് പോലീസുകാര്‍ ഉണ്ടായിരുന്നുത്രേ അന്ന് ഇവിടുന്ന് ആന്ധ്രയില്‍ പോയ ടീമില്‍. അവിടെ സ്റ്റേഷനീന്നു അവരെ ഡ്യൂട്ടി സ്ഥലത്തേക്ക് കൊണ്ട് പോകാന്‍ വന്നത് ആകെ ഒരു മിനി ബസ്സും ഒരു ജീപ്പില്‍ രണ്ട് ആന്ധ്രപോലീസുകാരും. അവമ്മാര്‍ക്കാണെങ്കില്‍ തെലുങ്ക് അല്ലാതെ മറ്റൊരു ഭാഷയും അറിയില്ല.

കുറെയൊക്കെ ഇവര് കാര്യം മനസ്സിലാക്കാന്‍ നോക്കി.
ഒടുവില്‍ ഇതൊരു നടക്ക് പോവില്ലെന്ന് മനസ്സിലായപ്പോ കലി കയറിയ നമ്മടെ ഒരു പോലീസുകാരന്‍ നിരന്നു നില്‍ക്കുന്ന പോലീസുകാരെയും കൂടിക്കിടക്കുന്ന അവരുടെ സാധന ജംഗമങ്ങളെയും ഒക്കെ ചൂണ്ടി കയ്യും കാലുമൊക്കെ ഇളക്കി മാക്സിമം ആക്ഷനില്‍ മുറി ഇംഗ്ലീഷില്‍ നീട്ടിയും കുറച്ചും ഒരു പെട,

"യൂ ലുക്ക് ഹിയര്‍... ഹണ്ട്റഡാആആആന്‍റ് ഫിഫ്ടി പോലീസ്മെന്‍.. ഇക്കണ്ട ലഗ്ഗേജ്... ജസ്റ്റ് വണ്‍ ബസ്??... ഹൌ?"

തെലങ്കന്മാര്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി എന്നിട്ട് ആകെ അറിയാവുന്ന ഇംഗ്ലീഷ് സ്റ്റോക്കൊഴിച്ചു,

"വാട്ട് സാര്‍???"

കേരളാ പോലീസുകാരന്റെ ഒരു അലര്‍ച്ചയാണ് പിന്നെ കേട്ടതുത്രെ ,

"എടാ പുല്ലേ ഹൌന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്!!!!"

* * *

അന്ന് വൈകുന്നേരം ഒരു വിധേന പ്രസ്തുത കുഗ്രാമം പുല്‍കിയ ശേഷം, അവടത്തെ ഒരു ലോക്കല്‍ ചായക്കടയില്‍ ഇതേ പോലീസേട്ടനും മ്മടെ ചേട്ടായിയും കൂടെ ചെന്നു. അവടെ നില്‍ക്കുന്ന പയ്യന്‍ കൊണ്ട് വെച്ച തണുത്ത വെള്ളം പോലീസേട്ടന് ഇഷ്ടപ്പെട്ടില്ല. ചൂടുവെള്ളം വേണം, അതെങ്ങനെ തെലുങ്കില്‍ പറയുമെന്ന് ഒരു നിശ്ചയവുമില്ല താനും. ഒടുവില്‍ രണ്ടും കല്പിച്ച് മൂപ്പര്‍ പയ്യനെ കൈ കാട്ടി വിളിച്ചു. എന്നിട്ട് ചൂണ്ടുവിരല്‍ ഉയര്‍ത്തി കാണിച്ചു. അത് പതിയെ ഗ്ലാസ്സിലെ വെള്ളത്തില്‍ മുക്കി എടുത്തു. എന്നിട്ട് ആ വിരലില്‍ ഒന്ന് ഊതിയിട്ടു പ്രസന്നമായ മുഖഭാവം വരുത്തിയിട്ട് പറഞ്ഞു,

"നോ പ്രോബ്ലം"

ചുറ്റും ഇരുന്നവരൊക്കെ ഇയ്യാളെന്താ ഈ കാണിക്കുന്നതെന്ന ഭാവത്തില്‍ പരസ്പരം നോക്കി. അതൊന്നും മൈന്‍ഡ് ചെയ്യാതെ പോലീസേട്ടന്‍ തന്‍റെ ഭാവാഭിനയം തുടര്‍ന്നു. വിരല്‍ ഒന്നൂടെ വെള്ളത്തില്‍ മുക്കിയിട്ടു പൊള്ളിയ പോലെ വലിച്ചെടുത്തു കുടഞ്ഞു ഊതി "ഹൌ ഹൌ"-ന്നു ശബ്ദവും ഉണ്ടാക്കിയിട്ട് ആ ഗ്ലാസ് എടുത്തു കൊടുത്തിട്ടു അടുക്കളയിലേക്ക് ചൂണ്ടി ശുദ്ധമലയാളത്തില്‍ അലറി,

"പോയി കൊണ്ട് വാടാ"...

Friday, 3 May 2013

പ്രകാശേട്ടന്‍..

പ്രകാശേട്ടന്‍റെ ബൈക്ക് ഒരൂസം കുമാരേട്ടന്‍റെ കാറിന്‍റെ ബേക്കില്‍ കൊണ്ടന്നലക്കി. സാമാന്യം ശക്തിയായ ആ ഇടിയില്‍ പ്രകാശേട്ടന്‍റെ കൈയ്ക്കും മറ്റും സാരമായ പരിക്ക് പറ്റുകയും 800-ന്‍റെ ബേക്കിലെ ചില്ല് പൊട്ടുകയും മറ്റും ചെയ്തു. ഓടിക്കൂടിയ ആളുകളുടെ സഹായത്തോടെ രക്തം വാര്‍ന്നൊഴുകുന്ന കയ്യും താങ്ങി എണീറ്റ പ്രകാശേട്ടനോട് കുമാരേട്ടന്‍റെ പരിഭ്രമത്തോടെയുള്ള ചോദ്യം ഇതായിരുന്നു:

"അല്ല പ്രകാശാ, മ്മക്കീ ചില്ലിന്‍റെ കാര്യം ഇപ്പൊ എന്താ ചെയ്യണ്ടേ?"

=======

ഇക്കഴിഞ്ഞ വിഷുന്‍റന്ന് പ്രകാശേട്ടന്‍ സെന്‍ററില്‍ കത്തി വെച്ച് നിക്കുമ്പോ ദേ വരുന്നു സെയിം ഓള്‍ഡ്‌ കുമാരേട്ടന്‍ ഇന്‍ ഹിസ്‌ സെയിം ഓള്‍ഡ്‌ 800. സെന്‍ററിലെ കത്തിയടി കണ്ട് പതിയെ സ്ലോ ആക്കിയ മൂപ്പരോട് പ്രകാശേട്ടന്‍, "അല്ല കുമാരേട്ടാ, SAS വാഴെലേടെ കന്ന് കൃഷിഭവനില്‍ വന്നിട്ട് നിങ്ങള് ഇത് വരെ വാങ്ങാന്‍ പോയില്ലേ? അതിപ്പോ തീര്‍ന്നിണ്ടാവോലോ"
കേട്ട പാതി കേള്‍ക്കാത്ത പാതി കുമാരേട്ടന്‍റെ 800, കൃഷിഭവനിലേക്ക് നിലം തൊടാതെ പറക്കുകയായിരുന്നു എന്നാണു ദൃക്സാക്ഷികളായ ദോഷൈകദൃക്കുകളുടെ മൊഴി.

അതിന്‍റെ ആഫ്ടര്‍ ഇഫക്ട് എന്തായെന്ന് അറിയാതെ ഒരു സമാധാനോമില്ല! :)

Friday, 27 March 2009

ലില്ലിക്കഥ

ലില്ലിക്കുട്ടിക്ക് ഏഴഴകായിരുന്നു.

വേഷവിധാനത്തില്‍ മാത്രം ലേശം മാറ്റമുണ്ടെന്നൊഴിച്ചാല്‍, ഒരു റഫറന്‍സിനു വേണ്ടി മാത്രം, വേണമെങ്കില്‍ കോണ്ടലീസ റൈസ് ചേച്ചിയുടെ മുറിച്ച മുറി എന്നു പറയാം. കഴിമ്പ്രത്തിന്‍റെ ദൈനംദിന ജീവിതത്തില്‍ തദ്ദേശീയരായ സ്ത്രീപ്രജകള്‍ കാര്യമായ സംഭാവനകളൊന്നും നല്‍കാതിരുന്ന ഒരു കാലഘട്ടത്തിലാണ്‌ പിറന്നു വീണതെന്നതിനാല്‍, നാലാളറിയണമെങ്കില്‍ അല്‍പ്പം തക്കിടതരികിടകളെല്ലാം വേണമെന്ന അറിവ് കൌമാരം വിട്ടതിന്‍റെ പിറ്റേന്ന് മുതല്‍ ലില്ലിക്കുട്ടിയ്ക്കുണ്ടായി എന്നതു വാസ്തവം.
സ്കൂളുമായുള്ള ബന്ധം വിച്ഛേദിച്ചതിനു ശേഷം ലില്ലിക്കുട്ടിയുടെ നേരംപോക്കുകള്‍ കഴിമ്പ്രത്തെ വേറൊരു പണിയുമില്ലാ-ഉണ്ണികള്‍ക്കൊപ്പമായിരുന്നു. അവര്‍ക്കും ഒരു രസം, ലില്ലിക്കുട്ടിയ്ക്കും ഒരു രസം.

അങ്ങനെ കുടുംബത്തില്‍പ്പിറന്നവരും അല്ലാത്തവരുമൊക്കെ തന്‍റെ പറമ്പിലൂടെ "ലില്ലിക്കുട്ടി ഭവനി"ലേയ്ക്ക് മാര്‍ച്ചു ചെയ്യുന്നതു കണ്ട മിലിറ്ററി സിംഹം ഹിറ്റ്ലര്‍ മാധവന്‍കുട്ടിയാണ്‌ ലില്ലിക്കുട്ടിയ്ക്കു നേരേ ആദ്യ യുദ്ധഭീഷണി മുഴക്കിയത്. എന്നാല്‍ സുനാമി ഇളകി വരുന്നെന്നു പറഞ്ഞാല്‍പ്പോലും "എന്നാലിന്നൊന്നു കുളിച്ചേക്കാം" എന്ന ഭാവം മാത്രം കാണിക്കുന്ന ലില്ലിക്കുട്ടിയ്ക്കുണ്ടോ വല്ല കുലുക്കവും. അവള്‍ തന്‍റെ ആദര്‍ശങ്ങളില്‍ അടിയുറച്ചു നിന്നു. ലില്ലിക്കുട്ടിയുടെ അത്രേം തൊലിക്കട്ടിയില്ലാത്ത നാട്ടുകാര്‍ വഴി ലേശം വളഞ്ഞു വരാന്‍ തുടങ്ങിയെന്നു മാത്രം.

അങ്ങനെയിരിക്കെ, നാട്ടിലെ പ്രധാന ഉല്‍സവമായ മാവില്‍ക്കുത്ത് പൂരം വന്നു. എല്ലാക്കൊല്ലത്തെയും പോലെ അഞ്ചാറു കരിവീരന്മാര്‍ പൂരം കൊഴുപ്പിക്കാന്‍ പല ഭാഗങ്ങളില്‍ നിന്നും വന്നെത്തി. നാട്ടുകാര്‍ക്ക് മേല്‍പ്പറഞ്ഞ ആനകള്‍ കൌതുകവും സന്തോഷവുമൊക്കെയായിരുന്നെങ്കിലും, ലില്ലിക്കുട്ടിയുടെ ഫാമിലിക്കു മാത്രം അവ പേടിസ്വപ്നമായിരുന്നു. കാരണമെന്താ, ആനകളെ മുഴുവനും തളക്കുന്നത് ശങ്കുമാഷ്ടെ പറമ്പിന്‍റെ മൂലയിലാണ്‌, എന്ന്വച്ചാല്‍ ലില്ലിക്കുട്ടിയുടെ ഓലപ്പുര നില്‍ക്കുന്ന അഞ്ചു സെന്‍റിനോട് തൊട്ട്. ഈ രണ്ടു പറമ്പിനേം വേര്‍തിരിക്കുന്ന വേലി ലില്ലിക്കുട്ടി വളര്‍ത്തിയിരുന്ന ആട്ടിന്‍കുട്ടികള്‍ക്കോ കോഴികള്‍ക്കോ വരെ ഒരു ഭീഷണിയല്ലെന്നിരിക്കെ, അതിനെ വിശ്വസിച്ച് ലില്ലിക്കുട്ടി എങ്ങനെ കിടന്നുറങ്ങും. അതു കൊണ്ടു തന്നെ രാത്രികളില്‍ മുള്ളാനെന്ന വ്യാജേന ഇടക്കിടയ്ക്ക് പുറത്തിറങ്ങി ആനകള്‍ കെട്ടിയിടത്തു തന്നെയുണ്ടോ, അതോ കോലായില്‍കേറിയിരുപ്പുണ്ടോ എന്നൊക്കെ നോക്കുകയും , ജീവന്‍ ബാക്കിയുണ്ടെന്നുറപ്പു വരുത്തുകയുമായിരുന്നു പാവം ലില്ലിക്കുട്ടിയുടെ ഉല്‍സവരാത്രികളിലെ പ്രധാനപണി.

അല്ലാണ്ടുള്ള പകല്‍സമയങ്ങളില്‍ ചെറുപ്പക്കാരായ പാപ്പാന്മാരോട് കത്തിയടിക്കാനും ലില്ലിക്കുട്ടി സമയം കണ്ടെത്തുക പതിവായിരുന്നു. പകലു മുഴുവന്‍ ആനകളെ നോക്കി നോക്കി കുരു പൊട്ടി നില്‍ക്കുന്നപാപ്പാന്മാര്‍ക്ക് ലില്ലിക്കുട്ടിയെ കാണുമ്പോള്‍ "ഇതെങ്കിലിത്" എന്ന ഒരു ചിന്ത വരുന്നതിലും തെറ്റു പറയാന്‍ പറ്റില്ല.

അങ്ങനെയിരിക്കെയാണ്‌, അക്കൊല്ലത്തെ പൂരത്തിന്‌ ലക്ഷണമൊത്ത ഒരു ആനയുടെ കൊമ്പില്‍ത്തൂങ്ങി ലക്ഷണം അത്ര പോരാത്ത രാജ്കുമാര്‍ എന്ന രാജുമോന്‍ കഴിമ്പ്രത്ത് കാലു കുത്തുന്നത്. ദോഷം പറയരുതല്ലോ, രാജുമോന്‍ സുന്ദരനായിരുന്നു, വിരിഞ്ഞു നില്‍ക്കുന്ന നെഞ്ചുംകൂടും 6 പാക്ക് ആബ്സും ബലിഷ്ഠമായ കരങ്ങളും കട്ടിമീശയും കണ്ടാല്‍ ഏതു മോളുമൊന്നു മയങ്ങിപ്പോവും. എന്നല്ലാ, മയങ്ങി. ലില്ലിക്കുട്ടിയല്ല, ഉല്‍സവപ്പറമ്പിലെ വള-മാല-ചാന്ത്-പൊട്ട് കച്ചവടക്കാര്‍ക്കു നേരെ ഒളികണ്ണെറിഞ്ഞ് ഷോപ്പിങ്ങ് നടത്തുന്ന അവളെക്കണ്ട രാജുമോന്‍. പൂരം കഴിഞ്ഞതിന്‍റെ പിറ്റേന്ന് രാജുമോന്‍ ലില്ലിക്കുട്ടിയുടെ കുടുംബത്തു ചെന്നു പെണ്ണു ചോദിച്ചു.

അങ്ങനെ, അരോഗദൃഢഗാത്രനും കട്ടിമീശക്കാരനുമായ രാജുപ്പുലി അന്നേയ്ക്ക് പത്താം നാള്‍ ലില്ലിക്കുട്ടിയുടെ കഴുത്തില്‍ കുരുക്കിട്ടു. വിവാഹശേഷം ലില്ലിക്കുട്ടിയുടെ സ്നേഹമസൃണമായ നിര്‍ബന്ധത്തിനു വഴങ്ങി രാജുമോന്‍ തന്‍റെ ഊരുചുറ്റല്‍ അവസാനിപ്പിച്ചു. നാട്ടിലെ അല്ലറ ചില്ലറ പണികളിലേയ്ക്ക് തിരിഞ്ഞ രാജ് വളരേപ്പെട്ടെന്നു തന്നെ നാട്ടുകാര്‍ക്കു വേണ്ടപ്പെട്ടവനായി. തെങ്ങിനു തടമെടുക്കാനായാലും, വളമിടാനായാലും, കുളം വറ്റിക്കാനായാലും, മീന്‍ പിടിക്കാനായാലും, ഇലക്ട്രിക് പോസ്റ്റില്‍ വീണ പട്ട എടുത്തുമാറ്റാനായാലും, കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാനായാലും എന്തിന്, അറ്റ കൈയ്ക്ക് കടലില്‍ പോവാന്‍ വരെ രാജുമോന്‍ റെഡിയായിരുന്നു!!

ലില്ലിച്ചേച്ചിയുടെ മൂത്ത സഹോദരി അമ്മിണിച്ചേച്ചിയുടെ ഹബ്ബി ഒരു ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്നു. മൂന്നരയടി പൊക്കമുള്ള ആ സിംഹം ഗര്‍ജ്ജിക്കുമ്പോള്‍ വമിക്കുന്ന ചാരായത്തിന്‍റെ മണം സഹിക്കാന്‍ വയ്യാതെ, അങ്ങേരുടെ കൂടെയുള്ള പൊറുതി അകാലത്തില്‍ ടെര്‍മിനേറ്റ് ചെയ്ത്, സഹോദരിക്കും അമ്മയ്ക്കുമൊപ്പം സ്വവസതിയില്‍ താമസിച്ച്, കൂലിപ്പണിയ്ക്കു പോയി സ്വന്തമായി വരുമാനമുണ്ടാക്കി മൂന്നു കുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്യുന്ന തങ്കപ്പെട്ട ഒരു സ്ത്രീ ആയിരുന്നു അമ്മിണിച്ചേച്ചി. ഭാര്യയുടെ ഈ പ്രവര്‍ത്തി അത്രയ്ക്കിഷ്ടപ്പെടാത്ത ഹബ്ബി പണി കഴിഞ്ഞു കിട്ടുന്നതെല്ലാം വൃന്ദാരബാറിന്‍റെ ഓണര്‍ ശ്രീനിവാസേട്ടനു കൊടുത്ത് ഫുള്‍ടാങ്കായി വന്ന് ഇടയ്ക്കിടെ തെറിവിളി നടത്തും. ഒടുവില്‍ റിലേ കട്ടായിക്കഴിയുമ്പോള്‍ പറമ്പില്‍ത്തന്നെ കിടന്നുറങ്ങി വെളുപ്പിനേ പോവുകയായിരുന്നു മൂപ്പരുടെ ഒരു രീതി.

എന്നാല്‍...
രാജുമോന്‍ അവതരിച്ചതോടെ ഈ രീതികള്‍ നടക്കാതെയായി. പല തവണ രാജുമോനുമായി എന്‍കൌണ്ടറിന്‌ നമ്മുടെ സിംഹം ശ്രമിച്ചെങ്കിലും രാജുമോന്‍ സുരേഷ് ഗോപി സ്റ്റൈലില്‍ ഒഴിഞ്ഞുമാറിക്കൊണ്ടേ ഇരുന്നു. എന്നാല്‍ അതിന്‍റെ ക്ളൈമാക്സ് സിംഹത്തിനൂഹിക്കാന്‍ കഴിയാവുന്നതിനേക്കാള്‍ കനത്തതായിരുന്നു. സിംഹത്തിന്റെ പതിവുബെഡ്റൂമായ ആ പറമ്പിലിട്ട് രാജുമോന്‍ സിംഹത്തെ തല്ലിത്തകര്‍ത്തു. ഇരുമ്പിന്‍കൂടം പോലുള്ള തന്‍റെ കൈകള്‍ കൊണ്ട് സിംഹത്തിന്‍റെ നെഞ്ചാംകൂട്ടില്‍ രാജുമോന്‍ പൊങ്കാലയിട്ടു. സമീപവാസികളെ മുഴുവനും സാക്ഷിയാക്കി അങ്കം ജയിച്ച രാജുമോന്‍, കുന്നത്തിന്‍റെ ചുവന്ന അണ്ടര്‍വെയറുമിട്ട്, 123 കിഡ്-നെപ്പോലെ നടത്തിയ വിജയാഹ്ളാദം അങ്ങേരെ ഞങ്ങള്‍ പീക്കിരികളുടെ മാച്ചോമാനാക്കി മാറ്റി.

അനാഥനായിരുന്ന തന്നെ എടുത്തു വളര്‍ത്തിയ പള്ളീലച്ചന്‍റെയും ആരുമറിയാതെ ഒളിഞ്ഞു നിന്ന് ഒരു ദിവസം താന്‍ കണ്ട തന്‍റെ പണക്കാരായ അച്ഛനമ്മമാരുടെയും കഥ ഒരിക്കല്‍ രാജുമോന്‍ പറഞ്ഞപ്പോള്‍, കേട്ടുനിന്ന ഞങ്ങളുടെ കണ്ണും നിറഞ്ഞുപോയിരുന്നു. അന്നേ ഉടലെടുത്തിരുന്ന ആരാധനാമനോഭാവം ഈ സംഭവത്തോടെ ഇരട്ടിക്കുകയും സമയം കിട്ടുമ്പോഴൊക്കെ രാജുമോന്‍റെ വീരസ്യങ്ങള്‍ കേള്‍ക്കാന്‍ കുട്ടിപ്പട പിന്നാലെ പായുന്നതും പതിവായി.

അങ്ങനെ കാക്ക കരയുകയും പട്ടി കുരയ്ക്കുകയും ശാന്തേച്ചി രാമഡുവിനെ തെറി വിളിച്ചെണീപ്പിക്കുകയും ചെയ്ത, കഴിമ്പ്രത്തെ ഒരു ടിപ്പിക്കല്‍ പുലര്‍കാലത്ത് രാജുമോന്‍ മിസ്സിങ്ങായി. രാജുമോനെ അന്വേഷിച്ച് പലരും പല വഴിയ്ക്ക് പോയി. ചേമ്പിന്‍തണ്ടുപോലെ തളര്‍ന്നു കിടന്ന ലില്ലിക്കുട്ടിയെ ആശ്വസിപ്പിക്കാന്‍ അയല്‍പക്കത്തെ സ്ത്രീകള്‍ ഇടയ്ക്കിടെ വന്നുംപോയും കൊണ്ടിരുന്നു എന്നതൊഴിച്ചാല്‍, കാര്യമായ പുരോഗതിയൊന്നും ഇക്കാര്യത്തിലുണ്ടായില്ല. ദിവസങ്ങള്‍ ആഴ്ചകളുടെ കൂടെ മാസങ്ങളിലേറി പൊയ്ക്കൊണ്ടേ ഇരുന്നു.

രാജുമോന്‍റെ വരവോടെ ലില്ലിക്കുട്ടിയുടെ കമ്പനി നഷ്ടപ്പെട്ട യുവകോമളന്‍മാര്‍ മാത്രം സന്തോഷിച്ചു. അവരുടെ അപവാദപ്രചരണങ്ങള്‍ നാട്ടുകാര്‍ വിശ്വസിച്ചു തുടങ്ങി. അങ്ങനെ ഇനി രാജുമോന്‍ തിരിച്ചുവരില്ലെന്ന വിശ്വാസം ഉറച്ചു തുടങ്ങിയപ്പോള്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് രാജ് ലില്ലിക്കുട്ടിയുടെ പടി കേറി വന്നു. വെറുംകയ്യോടെയല്ല, ഒരു ബാഗ് നിറയെ മധുരപലഹാരങ്ങളും, പിന്നെ ഒരു വലിയ കുപ്പി ഹോര്‍ലിക്സും! അമ്മയ്ക്ക് കമ്പിളിയും ചേച്ചിക്കും പിള്ളേര്‍ക്കും ഉടുപ്പുകളും ലില്ലിക്കുട്ടിക്ക് ഹോര്‍ലിക്സും കൊടുത്തൊതുക്കിയ രാജുമോന്‍ പറഞ്ഞ കഥകളില്‍ ബോംബെയും (മുംബൈ, അതു തന്നെ), അധോലോകവും സംഘട്ടനങ്ങളും നീണ്ട ആശുപത്രിവാസവുമെല്ലാമുണ്ടായിരുന്നു. എല്ലാം കേട്ട് തരിച്ചിരുന്ന, ആ ആവറേജ് കഴിമ്പ്രം ഫാമിലി രാജുമോനെ സസന്തോഷം സല്‍ക്കരിച്ചു. എന്നാല്‍ എല്ലാവരുടെയും കണ്ണില്‍ പൊടിയിട്ട് മറ്റൊരു പുലര്‍കാലത്ത് രാജുമോന്‍ എന്നെന്നേക്കുമായി അപ്രത്യക്ഷനായി.

ഒരു കാര്യത്തില്‍ ഒന്നില്‍ക്കൂടുതല്‍ തവണ ഞെട്ടുന്നത് ഇഷ്ടമല്ലാത്തവരായതു കൊണ്ടും, കഴിമ്പ്രത്ത് രാജുമോനെ റീപ്ളേസ് ചെയ്ത പലരും കൂടുതല്‍ ശുഷ്കാന്തിയുള്ളവരായതു കൊണ്ടും, നാട്ടുകാര്‍ക്ക് അതൊരു പെട്ടിക്കോളം വാര്‍ത്ത മാത്രമായി മാറി. എന്നാല്‍ ലില്ലിക്കുട്ടിയ്ക്ക് അതിനു കഴിയില്ലല്ലോ, അവള്‍ രാജുമോനെ കാത്തിരുന്നു. ഏറെക്കാലം കഴിഞ്ഞിട്ടും രാജ്സെയ്തികള്‍ കിട്ടാതായപ്പോള്‍, അങ്ങേരെ ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ലില്ലിക്കുട്ടിയ്ക്ക് ബോധ്യപ്പെട്ടു.

രാജുമോന്‍റെ കൂടെ നടക്കുമ്പോള്‍, തന്‍റെ പഴയ കമ്പനികളെ കണ്ടാല്‍, അങ്ങേരുടെ കരിവീട്ടി പോലുള്ള കൈകളില്‍ കുറേക്കൂടി മുറുകെപ്പിടിച്ച്, "കണ്ട്റാ മക്കളേ, വാഴപ്പിണ്ടി പോല്യൊള്ള നിന്‍റെ കയ്യിലെ നീരല്ല, ദേ ഇത്ണ്‌ ഈ മസില്‍ മസില്‍ എന്നു പറയുന്ന സാധനം" എന്ന ഭാവത്തില്‍ പുച്ഛത്തോടെ നോക്കിയിരുന്ന ലില്ലിമോള്‍, പിന്നെ അവമ്മാരോട് ചിരിച്ചു കാണിച്ചു തുടങ്ങി. ഹിറ്റ്ലറുടെ കണ്ണില്‍പ്പെടാതെ ലില്ലിഭവനിലേയ്ക്ക് സമയത്തും അസമയത്തും ആരാധകവൃന്ദത്തിന്‍റെ വിസിറ്റുകള്‍ വീണ്ടും ഉണ്ടാവാന്‍ തുടങ്ങി. ഇടയ്ക്കിടെ അമ്മിണിച്ചേച്ചിയും ലില്ലിയും തമ്മിലുള്ള അങ്കംവെട്ടിന്‍റെ ഒച്ച അയല്‍ക്കാരുടെ ഉറക്കവും കെടുത്താന്‍ തുടങ്ങി. എന്നാല്‍ ലില്ലിക്കുണ്ടോ വല്ല കുലുക്കവും!

അവള്‍ രണ്ടും കല്‍പ്പിച്ചു തന്നെയായിരുന്നു. അവളുടെ ലക്‌ഷ്യങ്ങള്‍ മറ്റൊന്നായിരുന്നു. ഇരുട്ടു പരക്കുമ്പോള്‍ റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന കാറുകളില്‍ ലില്ലിക്കുട്ടി കയറിപ്പോവുന്നതു പതിവായി. സല്‍ഗുണസമ്പന്നന്മാരും സദാചാരത്തിന്‍റെ അപ്പോസ്തലന്മാരും എല്ലാം തികഞ്ഞവരുമായ നാട്ടുകാര്‍ കുശുകുശുത്തു, അപവാദം പറഞ്ഞു. പക്ഷേ, ഹൂ കെയ്ഴ്സ്?! ലില്ലിക്കുട്ടി തന്‍റെ പാത തെരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. പിന്നെന്താ, പകലൊക്കെ അല്ലറചില്ലറ പരദൂഷണം പറയുമെന്നല്ലേയുള്ളൂ; അങ്ങ് പടിഞ്ഞാറ്‌ സൂര്യന്‍ കടലിലെ ചേറില്‍ പൂണ്ടുകഴിഞ്ഞാല്‍പ്പിന്നെ നാട്ടുകാരുടെ വകയും നല്ല പ്രോത്സാഹനമായിരുന്നല്ലോ.

അശുഭം...

Saturday, 7 June 2008

ഒരു മുനിശാപത്തിന്‍റെ കഥ

ക്രിസ്തു ജനിക്കുന്നതിനും ഏകദേശം പത്തുരണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രേഷ്ഠനായ ഒരു മുനിവര്യന്‍ കഴിമ്പ്രം ബീച്ചിലൂടെ വരികയുണ്ടായി. അവിടെ ഉണക്കാനിട്ടിരുന്ന ചെമ്മീനിലോ മറ്റോ അദ്ദേഹം അറിയാതെ ചവിട്ടുകയും, അതു കണ്ട അവിടത്തെ അന്നത്തെ തദ്ദേശവാസികള്‍ അദ്ദേഹത്തെ കണക്കിന്‌ പ്രഹരിക്കുകയും ചെയ്തു. കോപം കൊണ്ട് വിസിബിലിറ്റി നഷ്ടപ്പെട്ട അദ്ദേഹം കടപ്പുറത്തെ മണ്ണു വാരി എതിരാളികള്‍ക്ക് നേരെ എറിഞ്ഞു കൊണ്ട് ഇങ്ങനെ ശപിച്ചു, "കലികാലം തുടങ്ങുമ്പോള്‍ മുതല്‍ ഒരാള്‍ കഴിഞ്ഞാല്‍ മറ്റൊരാളെന്ന കണക്കിന്‌ ഇന്നാട്ടില്‍ ഒരു കാല്‍/അര/മുഴു ലൂസ് ഉണ്ടായിക്കൊണ്ടേ ഇരിക്കട്ടെ... ജിംഭുംഭാ!!". ഭയങ്കര തപശ്ശക്തിയുള്ള മുനിയല്ലേ, മുകളിലുള്ള പോഗ്രാം മാനേജേഴ്സിന്‌ അനുസരിക്കാതെ നിവൃത്തിയില്ലല്ലോ. തല്ഫലമായി, അന്നു മുതല്‍ എന്‍റെ നാട്ടില്‍, കഴിമ്പ്രത്ത് അങ്ങനെ ഒരാള്‍ എല്ലാക്കാലവും ഉണ്ടായിപ്പോന്നു.

എടമുട്ടം അമ്മിണി എന്ന പേരില്‍ പ്രശസ്തയായിരുന്ന അമ്മിണിയായിരുന്നു എന്‍റെ ഓര്‍മ്മയിലെ ആദ്യത്തെ അത്തരം കഥാപാത്രം. അമ്മയുടെ സാരിത്തുമ്പില്‍പ്പിടിച്ച് ചെന്ത്രാപ്പിന്നിയിലേക്ക് പോവാന്‍ എടമുട്ടം ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോളെപ്പൊഴോ ആണ്‌ അമ്മിണിയെ ആദ്യം ഞാന്‍ കണ്ടത്. അഴുക്കു പുരണ്ട് കറുത്ത ഒരു ചേല ചുറ്റി, വര്‍ഷങ്ങളായി വെള്ളം കാണാത്ത തലയിലെ ജടയില്‍ ഒരു ഉണക്കക്കമ്പു കുത്തി വെച്ച്, മുറുക്കാന്‍റെ അവശിഷ്ടങ്ങള്‍ ഉണങ്ങിപ്പിടിച്ച ചുണ്ടുകള്‍ വിടര്‍ത്തി അവര്‍ ഉറക്കെ പാടുമായിരുന്നു... "അരിയിടിക്കെടി പെണ്ണുങ്ങളേ...അരിയിടിക്കെടി പെണ്ണുങ്ങളേ..." എന്ന്. ലോകത്തുള്ള സകലമാന വട്ടുകേസുകളും അന്നെന്‍റെ ആരാധനാകഥാപാത്രങ്ങളായിരുന്നതിനാല്‍ എനിക്കവരോടും കടുത്ത ബഹുമാനമായിരുന്നു. അവര്‍ വരുമ്പോഴേക്കും ബസ്സ്റ്റോപ്പില്‍ നിക്കുന്ന ആബാലവൃദ്ധം ജനങ്ങളും, പ്രത്യേകിച്ച് സ്ത്രീകള്‍, ഒന്ന് ഒതുങ്ങുമായിരുന്നു, എപ്പോഴാണ്‌ ആ തിരുമുഖത്തു നിന്നും അസ്സല്‍ പുളിച്ച തെറി ഒഴുകി വരുന്നതെന്നു പറയാന്‍ പറ്റില്ലല്ലോ... എന്തിനാ അമ്മിണിക്ക് പണിയുണ്ടാക്കുന്നതെന്നു വെച്ചിട്ടാവും, എല്ലാരും അമ്മിണിയെ ബഹുമാനിച്ചു പോന്നു.

എടമുട്ടത്തെ "തീരം" തിയ്യറ്ററിന്‍റെ എതിരെയുള്ള, പഴയ കുഞ്ഞിമാമി വൈദ്യരുടെ കെട്ടിടത്തിന്‍റെ വരാന്തയായിരുന്നു മൂപ്പത്തിയാരുടെ അന്തിയുറക്കം. പകലു മുഴുവന്‍ രാജ്യം മുഴുവനും ചുറ്റിനടക്കലും തെറിവിളിയുമെല്ലാം കഴിഞ്ഞ് നാവും ശരീരവും അടക്കിവെച്ച് അമ്മിണി വിശ്രമം തുടങ്ങുമ്പോഴായിരുന്നു എടമുട്ടത്തിന്‍റെ മാനത്ത് അമ്പിളിയമ്മാവന്‍ പോലും വന്നിരുന്നത്, അല്ലാ വെറുതെ ഒരു കാര്യവുമില്ലാതെ പച്ചത്തെറി കേള്‍ക്കാന്‍ ആര്‍ക്കും ഒരു ചമ്മല്‍ കാണില്ലേ..?

അങ്ങനെ അമ്മിണി എടമുട്ടത്തിന്‍റെയും കഴിമ്പ്രത്തിന്‍റെയുമൊക്കെ കണ്‍മണിയായി വാഴുന്ന കാലത്തെ ഒരു പ്രഭാതത്തിലാണ്‌ എടമുട്ടത്ത് ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അമ്മിണിയുടെ ഡെഡ്ബോഡി മതിലകത്തെ ഒരു പൊട്ടക്കുളത്തില്‍ പൊന്തിയിരിക്കുന്നു... ആദ്യമൊക്കെ ആരോ പൊട്ടിച്ച ഗുണ്ടായിരിക്കുമെന്നു കരുതിയെങ്കിലും പിന്നീടത് സത്യമാണെന്ന് ബോധ്യമായി. അന്ന് നാട്ടിലൊക്കെ കിഡ്നി കൊള്ളക്കാരിറങ്ങിയ കാലമായിരുന്നതു കൊണ്ട് എല്ലാവരും അങ്ങനെ സംശയിച്ചു. അങ്ങനെ അവിടത്തെ ആദ്യത്തെ ലൂസ് ശാപം അവസാനിച്ചു. എന്നാല്‍ അധികം വൈകാതെ തന്നെ ഗാങ്ങിലേക്ക് അടുത്ത മെമ്പര്‍ എത്തി. ഇത്തവണ അതു കഴിമ്പ്രം ബേസ്ഡ് ആയ ഒരാളായിരുന്നു. കുഞ്ഞമ്മിണി...

കുഞ്ഞമ്മിണി വളരെ ശാന്തയായിരുന്നു. കഴിമ്പ്രത്ത് വൈദ്യരുടെ കട മുതല്‍ എടമുട്ടം സെന്‍ററു വരെ എത്ര ദൂരമുണ്ടെന്നു സര്‍ക്കാര്‍ കണക്കിനേക്കാള്‍ കൃത്യമായ കണക്ക് കുഞ്ഞമ്മിണിയുടെ കയ്യിലുണ്ട്. അത്രയധികം തവണയാണ്‌ കുഞ്ഞമ്മിണി മേല്‍പ്പറഞ്ഞ ദൂരം ദിവസവും അങ്ങോട്ടുമിങ്ങോട്ടും കവര്‍ ചെയ്യുന്നത്. കാലത്ത് വൈദ്യരുടെ കടയുടെ അടുത്തു നിന്നും തുടങ്ങുന്ന ട്രിപ്പടി വൈകുന്നേരമാവും വരെ തുടരും. രാത്രി വീട്ടില്‍ ചേക്കേറും. രാവിലെ വീണ്ടും ഈ പതിവു തുടരും. ഇടക്ക് വഴിയില്‍ ചുമ്മാ നിന്ന് ആരോടൊക്കെയോ എന്തൊക്കെയോ ഉറക്കെ സംസാരിക്കും.. പിന്നേം നടപ്പു തുടരും.

ഇങ്ങനെ പൊതുവെ ശാന്തയാണെങ്കിലും, പ്രകോപിപ്പിച്ചാല്‍ കുഞമ്മിണി ആളാകെ മാറും. കൊടുങ്ങല്ലൂരമ്മയെ പ്രീതിപ്പെടുത്തതിനേക്കാള്‍ ഭീകരമായ സരസ്വതീവിളയാട്ടമായിരിക്കും പിന്നീടവിടെ. പക്ഷേ, വളരെ കുറച്ചു മാത്രമേ അതിനൊരവസരം നാട്ടുകാര്‍ ഉണ്ടാക്കിയിട്ടുള്ളൂ. കുറെ നാള്‍ അങ്ങനെ നടന്ന കുഞ്ഞമ്മിണിയെ ഒടുവില്‍ വീട്ടുകാര്‍ ചികില്‍സിച്ചു ഭേദമാക്കി. ഒരിക്കല്‍ അമ്മേടെ വീട്ടില്‍ പോവുമ്പോള്‍ അതാ എതിരെ വരുന്നു, കുളിച്ചു വൃത്തിയായി, മുടിയൊക്കെ മെടഞ്ഞിട്ട്, കയ്യിലൊരു പാല്‍പ്പാത്രവുമായി കുഞ്ഞമ്മിണി. ഞാനാദ്യമൊന്നു ഭയന്നെങ്കിലും പതിവില്ലാത ഒരു ഐശ്വര്യത്തോടെ വരുന്ന കുഞ്ഞമ്മിണിയെക്കണ്ട് എനിക്ക് അത്ഭുതം തോന്നി. അമ്മയെ കണ്ടപ്പോള്‍ കുഞ്ഞമ്മിണി "വീട്ടീപ്പോവ്വാ ടീച്ചറേ?" എന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു. അതു കഴിഞ്ഞ് കുഞ്ഞമ്മിണി പോയ ശേഷമാണ്‌ ഇവര്‍ക്കു ഭേദമായ വിവരം അമ്മ എന്നോട് പറഞ്ഞത്. ഭ്രാന്ത് ഭേദമാവുന്ന അസുഖമാണെന്ന് അന്നാണ്‌ എനിക്കാദ്യമായ അറിവു കിട്ടുന്നതും. എന്തായാലും അതിനു ശേഷം കഴിമ്പ്രവും എടമുട്ടവും കുറേ നാള്‍ ശാന്തമായിരുന്നു...

പക്ഷേ, ആ ശാന്തത അശാന്തതയാവാന്‍ അധികനാള്‍ വേണ്ടി വന്നില്ല. കുഞ്ഞപ്പായി രംഗത്തിറങ്ങിയത് അക്കാലത്തായിരുന്നു. മുന്‍ഗാമികളെപ്പോലെ മുഴുവനും ഇളകിപ്പോയ ഒരു അവസ്ഥയിലല്ലെങ്കിലും എവിടെയോ എന്തോ കുഴപ്പം ഒറ്റനോട്ടത്തില്‍ത്തന്നെ ആര്‍ക്കും തോന്നുമായിരുന്നു. ഉല്‍സവപ്പറമ്പുകളും ആളു കൂടുന്ന ഇടങ്ങളും, എടമുട്ടത്തെ 'ലാസ് വേഗാസ്' ആയ വൃന്ദാര ബാറുമെല്ലാം കുഞ്ഞപ്പായിയുടെ കേളീരംഗങ്ങളായി. ഒരിക്കല്‍ നൂറേ നൂറില്‍ പോയിരുന്ന ഒരു ഓട്ടോയില്‍ നിന്ന്, നിര്‍ത്തിയിട്ട ട്രെയിനില്‍നിന്നിറങ്ങുന്ന ലാഘവത്തോടെ ഇറങ്ങാന്‍ നോക്കിയതിന്‍റെ ഫലമായി, ശയനപ്രദക്ഷിണം ഫാസ്റ്റ് ഫോര്‍വേഡ് അടിച്ച കണക്കെ മുന്നിലൂടെ ഉരുണ്ട്പിരണ്ട് പാഞ്ഞു പോയ കുഞ്ഞപ്പായിയെക്കണ്ട് ഞാന്‍ അന്തം വിട്ട് നിന്നിട്ടുണ്ട്. അടുത്തുള്ള മതിലിലിടിച്ചു നിന്ന ആ പോക്കിനൊടുവില്‍ "ഹൊ, ഞാനൊന്നുറങ്ങിപ്പോയി" എന്ന മട്ടില്‍ നാലു പാടും നോക്കു കണ്ണും മിഴിച്ച് കൂളായി മൂപ്പരെണീറ്റും പോയി. അത്യാവശ്യം തല്ലുകൊള്ളിത്തരം കയ്യിലുണ്ടായിരുന്ന കുഞ്ഞപ്പായിയുടെ കഷ്ടകാലത്തിനാണ്‌ വലപ്പാട് സര്‍ക്കിളായി ഉണ്ണിരാജയും എസ്സൈ ആയി ജോസും വരുന്നത്.

വലപ്പാട് സര്‍ക്കിളിലുള്ള പ്രദേശത്തുള്ള സകലമാന ചട്ടമ്പികളെയും പോക്കറ്റടിക്കാരെയും മറ്റു ലോക്കല്‍ കൊള്ളികളെയുമെല്ലാം നിരത്തി നിലം പരിശാക്കി മുന്നേറിയ ഉണ്ണിരാജയും ജോസും അന്നത്തെ പിള്ളേരുടെ ഹീറോസ് ആയി മാറിയ കാലം, കുഞ്ഞപ്പായിയുടെ കഷ്ടകാലം. എടമുട്ടം തൈപ്പൂയത്തിണ്‌ അന്നൊക്കെ സംഘര്‍ഷമുണ്ടാവുക സര്‍വ്വസാധാരണമായിരുന്നു. വൃന്ദാരയില്‍ ഏറ്റവുമധികം കച്ചവടം നടക്കുകയും, അമ്പലപ്പറമ്പിനു തൊട്ടു നില്‍ക്കുന്ന "തീര"ത്തില്‍ അക്കൊല്ലത്തെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഇക്കിളിപ്പടം വരികയും ചെയ്യുന്ന, വര്‍ഷത്തിലെ ഏക സന്ദര്‍ഭമാണ്‌ ഓരോ എടമുട്ടം തൈപ്പൂയവും. അതു കൊണ്ടു തന്നെ വടക്കു തൃപ്രയാര്‍ മുതല്‍ തെക്ക് ചെന്ത്രാപ്പിന്നി വരെയും കിഴക്ക് കാട്ടൂര്‍ മുതല്‍ പടിഞ്ഞാറ് കടലിനക്കരെ നിന്നു വരെയും ഉള്ള നാട്ടുകാര്‍ അവിടെ അന്നൊത്തുകൂടും. രാത്രിയിലെ വെടിക്കെട്ടൊക്കെക്കഴിഞ്ഞ് നാടകമോ ഗാനമേളയോ ഒക്കെ നടക്കുമ്പോഴാണ്‌ സാധാരണ അടി തുടങ്ങാറ്. അക്കൊല്ലം ഗാനമേളയായിരുന്നു. നാട്ടുകാരനായ സിജു അടക്കമുള്ള ഒരു പിടി യുവഗായകര്‍ ശ്രീമുരുകഭഗവാനെനെ അമ്പലത്തില്‍നിന്നോടിച്ച് കടലില്‍ ചാടാന്‍ പ്രേരിപ്പിക്കും വിധം തൊണ്ട പൊട്ടിക്കുന്നു. കയ്യിലെ കാശു മുഴുവന്‍ വൃന്ദാരയില്‍ കൊടുത്ത് ചെറുതും വലുതുമൊക്കെ അടിച്ച് ഇളകി നില്‍ക്കുന്ന പാവം ജനം ഇതൊക്കെ എത്ര നേരം സഹിക്കും...?! ഓരോരുത്തര്‍ അവിടവിടെ തല പൊക്കിത്തുടങ്ങി. എന്നാല്‍, സര്‍ക്കിളിന്‍റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ ഏഡമ്മാരും പീസികളും ചേര്‍ന്ന് അവമ്മാരെയെല്ലാം ഒതുക്കിക്കൊണ്ടിരിക്കുമ്പോളാണ്‌ മൈതാനത്തിരുന്നിരുന്ന പുരുഷാരത്തിനു നടുവില്‍ ഒരാള്‍ മാത്രം എണീറ്റു നിന്ന് ഭരതനാട്യം കളിക്കുന്നതു കണ്ടത്, മറ്റാരുമല്ല കുഞ്ഞപ്പായി തന്നെ! ഇരിയെടാ അവിടെ എന്നാക്രോശിച്ച പീസിയോട് ആദ്യമൊക്കെ മര്യാദ കാട്ടിയെങ്കിലും പിന്നെപ്പിന്നെ കുഞ്ഞപ്പായി "ഏതോ ഒരു കള്ളുകുടിയന്‍ അവിടെക്കിടന്നു ബഹളമുണ്ടാക്കുന്നല്ലോ, ശല്യം.." എന്ന മട്ടിലായി അങ്ങേരോടുള്ള സമീപനം. അതു പീസിക്കു പിടിച്ചില്ല, പുരുഷാരത്തിനിടയില്‍ നിന്നും കുഞ്ഞപ്പായിയെ പുഷ്പം പോലെ തൂക്കിയെടുത്ത് അവര്‍ ജീപ്പിലേക്കെറിഞ്ഞു. കുഞ്ഞപ്പായിയുടെ ദീനരോദനങ്ങളൊന്നും അവമ്മാരുണ്ടോ വക വെക്കുന്നു!

പിന്നീട് കുറച്ചു നാള്‍ കഴിഞ്ഞ് വളരെ ഡീസന്‍റായ കുഞ്ഞപ്പായിയെയാണ്‌ കഴിമ്പ്രത്തുകാര്‍ കണ്ടത്. എല്ലാരോടും കുശലം പറഞ്ഞ് കോമഡിയടിച്ചു നടക്കാന്‍ തുടങ്ങിയ കുഞ്ഞപ്പായി ഞങള്‍ക്കൊരത്ഭുതമായിരുന്നു. ഉണ്ണിരാജയോ ജോസോ അങ്ങനെ കൂടിയ പുള്ളികളാരോ കേറി മേഞ്ഞെന്നോ ഉണ്ണിരാജ സ്വന്തം ചെലവില്‍ ആയുര്‍വ്വേദചികില്‍സ നടത്തിയതിന്‍റെ ഫലമായാണ്‌ ഇത്രയെങ്കിലും ആരോഗ്യം അതിനു ശേഷം തിരിച്ചു കിട്ടിയതെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പരന്നതോടെയാണ്‌ ഈ ഭാവമാറ്റത്തിന്‍റെ പിന്നിലെ സംഗതി നാട്ടുകാര്‍ക്ക് പിടികിട്ടിയത്. എനിവേയ്സ്, കുഞ്ഞപ്പായി നല്ലവനായി. പക്ഷേ, വളരേ നാളുകള്‍ക്കു ശേഷം കേട്ട വാര്‍ത്ത കുഞ്ഞപ്പായി വടക്കെവിടെയോ ഒരു മരത്തില്‍ തൂങ്ങി നില്‍ക്കുന്നു എന്നായിരുന്നു. കാര്യകാരണങ്ങളൊന്നും വെളിവാക്കാതെയുള്ളതായിരുന്നു ആ സംഭവം. അങ്ങനെ കുഞ്ഞപ്പായിയും നാട്ടുകാര്‍ക്ക് ഓര്‍മ്മയായി മാറി.

പിന്നീട് കുറെ നാള്‍ വീണ്ടും കഴിമ്പ്രം ശാന്തമായി. മുനിശാപം മാറിയെന്നു നിനച്ച് നാട്ടുകാര്‍ സമാധാനിച്ചപ്പോഴാണ്‌ അടുത്ത ആള്‍ ആ റോള്‍ ഏറ്റെടുത്ത് രംഗത്തു വന്നത്. ഇവരും കഴിമ്പ്രത്തു നിന്നു തന്നെയായിരുന്നു. മൂപ്പത്തിയാര്‍ വളരെ നിരുപദ്രവകാരിയാണ്‌, പലപ്പോഴും നടക്കാന്‍ മറന്നു പോയ പോലെ വല്ല തൂണിലോ മതിലിലോ ചാരി നിപ്പുണ്ടാവും, വീഴാതെ നോക്കാനുള്ള ഒരു സ്വയരക്ഷ. പുള്ളിക്കാരിക്ക് ബീഡിവലി പഥ്യമാണ്‌. എങ്ങനേലും കടകളില്‍ നിന്ന് അവ ചോദിച്ച് സംഘടിപ്പിച്ചെടുക്കും. അതും വലിച്ച് വല്ല മൂലയിലോ ഒഴിഞ്ഞ പറമ്പിലോ റോഡിന്‍റെ നടുവിലോ പോയി മൂപ്പത്തി ഇരുന്നോളും. വെള്ളം ശരീരത്തെ അശുദ്ധമാക്കുമെന്ന വിശ്വാസക്കാരിയായതിനാല്‍ കുളി ഒഴിവാക്കി എന്നതൊഴിച്ചാല്‍ അധികം ഉപദ്രവമില്ല, ആര്‍ക്കുമൊട്ടു പരാതിയുമില്ല. എന്നാല്‍.... കുറേക്കഴിഞപ്പോള്‍ വെള്ളത്തിനോടെന്ന പോലെ മൂപ്പത്തിക്ക് വസ്ത്രത്തിലുമുള്ള വിശ്വാസം നഷ്ടമായി. ആളുകള്‍ കുറേ നാളൊക്കെ ഉടുപ്പിട്ട് കൊടുത്തുകൊണ്ടേ ഇരുന്നെങ്കിലും പിന്നീടാ ശ്രമം ഉപേക്ഷിച്ചു. ഇപ്പൊ അര്‍ദ്ധ-ജൈനമത വിശ്വാസിയായി കഴിമ്പ്രത്തും പ്രാന്തപ്രദേശങ്ങളിലുമായി ചുറ്റിത്തിരിയുകയാണ്‌ കക്ഷി.

മുനിശാപം അതിന്‍റെ ഉച്ചസ്ഥായിയിലെത്തിയതിന്‍റെ ഫലമായോ എന്തോ, ഇപ്പോള്‍ കക്ഷിക്കു കൂട്ടായി മറ്റൊരാള്‍ കൂടി നാട്ടിലുണ്ട്, പഴയ കുഞ്ഞമ്മിണി. എന്തോ ജാതകദോഷഫലമായി, മാറിയ അസുഖമൊക്കെ അവര്‍ക്ക് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരികയായിരുന്നു. ഇപ്പോഴും എടമുട്ടം-കഴിമ്പ്രം റൂട്ടില്‍ പോകുമ്പൊ മിനിമം ഒരു തവണയെങ്കിലും ഈ രണ്ടു കക്ഷികളെയും കാണാം, പകുതി വസ്ത്രം ധരിച്ച് മൂപ്പത്തിയാരും, പോയിട്ടെന്തോ ധൃതിയുണ്ടെന്ന മട്ടില്‍ പാഞ്ഞു പോകുന്ന കുഞ്ഞമ്മിണിയും...!

* * * * * *
വൈകിപ്പോയ ജാമ്യം: മുകളില്‍ പറഞ്ഞിരിക്കുന്നതൊന്നും തന്നെ ഏതെങ്കിലും വ്യക്തികളെ അധിക്ഷേപിക്കാന്‍ വേണ്ടി എഴുതിയതല്ല. ഇനി ഏതെങ്കിലും കോണിലൂടെ അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍ ദയവായി ആ കോണിലൂടെയുള്ള നോട്ടം അങ്ങ് ഒഴിവാക്കുക. എന്തിനാ വെറുതെ... :)

Friday, 11 January 2008

സച്ചിന്‍റെ വെള്ളംകുപ്പി

"ചേട്ടനറിഞ്ഞോ, സലിച്ചേട്ടന്‍ കൊച്ചീന്ന് വന്നപ്പൊ എന്തൂട്ടാ കോണ്ട് വന്നേന്ന്?"

"ഇനിക്കറിഞ്ഞൂട..ന്തൂട്ടാ?"

"ഒരു വെള്ളംകുപ്പി"

"വെള്ളംകുപ്പ്യാ? ഹിഹി.. ഒന്നു പോയേരാ. ആസ്സാക്കാ?"

"അല്ല ചേട്ടാ, സത്യായിട്ടും. സച്ചിന്‍ കുടിച്ച വെള്ളത്തിന്‍റെ ബാക്ക്യാണ്‌ന്നാ ല്ലാരും പറയണേ.."

"ന്തൂട്ട്??!!!"

"ആന്ന്, വേണെങ്ങെ വിശ്ശൊസിച്ചാ മതി. ഞാമ്പൂവ്വാ."

"നിക്കറാ, ശരിക്കും സച്ചിന്‍ കുടിച്ച വെള്ളാണോ?"

"അതേന്ന്, അവ്ടെ എല്ലാരൂണ്ട്. ചേട്ടന്‍ വര്ണ്ടാ??"

"ന്നാ വാടാ. വേഗം പൂവ്വാ"

* * *

"സലിച്ചേട്ടാ.."

"ഉം.."

"സലിച്ചേട്ടനെപ്പഴാ വന്നേ?"

"കൊറേ നേരായി..ന്തേ?"

"കള്യൊക്കെ എങ്ങനിണ്ടായിര്ന്നു?"

"കളിയൊക്കെ എപ്പഴായാലും കാണാല്ലോ. ഞാന്‍ കളിക്കാര്ടെ അട്ത്തായിര്ന്നു. സാറിനോട് പ്രത്യേകം പറഞ്ഞ് വാങ്ങിയതാ ഡ്രെസ്സിങ്ങ് റൂമിന്‍റെ അട്ത്ത് തന്നെ ഡ്യൂട്ടി"

ഇതില്‍പ്പരം ചിടുങ്ങുകള്‍ക്കൊന്നും വേണ്ടിയിരുന്നില്ല. ഞാനും വിശ്വസിച്ചു. ആരാധന, അസൂയ, ആകാംക്ഷ എല്ലാം കണ്ണുകളില്‍ തത്തിക്കളിച്ചു. സലിച്ചേട്ടന്‍ ഇടംകണ്ണിട്ട് നോക്കി. എല്ലാവരും ഭയഭക്തിബഹുമാനത്തോടെ തന്നെ നോക്കി നില്‍ക്കുന്നതു കണ്ട് ഒരു പുച്ഛച്ചിരി ചിരിച്ചു. നമുക്കുണ്ടോ അതില്‍ വല്ല ചേതവും.

"സലിച്ചേട്ടനൊരു കുപ്പി കൊണ്ടു വന്ന്‌ണ്ട്ന്ന്..."

"ഉം.."

"നിക്ക്യൊന്ന് കാണിച്ചര്വോ?"

പണ്ടാരം! ഇനീം കാത്തിരിക്കാന്‍ ക്ഷമയില്ല.സലിച്ചേട്ടനൊന്നു നോക്കി. വീണ്ടും പുച്ഛച്ചിരി ചിരിച്ചു. എന്നിട്ട് ഗൌരവത്തോടെ എണീറ്റ് അകത്തേക്കു പോയി. ഒരു കവറും കൊണ്ട് തിരിച്ചു വന്നു.

കീടങ്ങള്‍ ഇളകി.

"എല്ലാരും മിണ്ടാതെ നിക്ക്. വരി വര്യായിട്ട്.. കൈ കെട്ടി നിക്കണം. ഇല്ലെങ്കില്‍ കാണിച്ചു തരുന്ന പ്രശ്നല്യ."

ദുഷ്ടാ, ഒരിത്തിരി വെള്ളം കാണിച്ചു തരാന്‍ ഇത്രേം ജാടയോ... ഹും ഒരിക്കല്‍ ഞാനും പൂവും കളി കാണാന്‍. അന്ന് കാണിച്ചരാ.

പക്ഷേ, അത് പിന്നീട്, ഇപ്പൊ സച്ചിന്‍ കുടിച്ച വെള്ളംകുപ്പി കാണണം. പറ്റുകയാണെങ്കില്‍, അല്ല സലിച്ചേട്ടന്‍റെ കാലു പിടിച്ചിട്ടാണെങ്കിലും ഒരിത്തിരി അതീന്ന് കുടിക്കണം.ഹൊ!! ന്നിട്ട് വേണം നാളെ ക്ളാസ്സില്‌ പോയി നാല്‌ ഡയലോഗടിക്കാന്‍. ഹോ! ഓര്‍ക്കുമ്പൊ കുളിരു കോരുന്നു.

ആകാംക്ഷയും ആക്രാന്തവും ഇട കലര്‍ന്ന വികാരത്തോടെ ഒരുത്തനൊരുത്തന്‍റെ തോളില്‍ താങ്ങി നിന്നു കൊണ്ട്, കവറില്‍ നിന്ന് പുറത്തേക്കു വരുന്ന സലിച്ചേട്ടന്‍റെ കൈകളിലേക്ക് ഇമ വെട്ടാതെ നോക്കി നിന്നു. ആ കൈകള്‍ക്ക് ആവശ്യത്തിലേറെ നീളമുണ്ടെന്ന് അപ്പോള്‍ തോന്നി.

ഒടുവില്‍ ആ കുപ്പി വെളിയില്‍ പ്രത്യക്ഷപ്പെട്ടു. പകുതിയോളം വെള്ളമുള്ള ആ പ്ളാസ്റ്റിക് കുപ്പി.. സച്ചിന്‍ കുടിച്ച വെള്ളത്തിന്‍റെ ബാക്കി. വിശ്വസിക്കണോ വേണ്ടയോ എന്ന് ഉറപ്പിക്കാന്‍ പ്രയാസം. ന്നാലും സച്ചിനും സലിച്ചേട്ടനും തമ്മിലിങ്ങനെ വെള്ളം കൈ മാറാനുള്ള അവസരം എങ്ങനെ കിട്ടി??!!പക്ഷേ, ഇപ്പൊ അതൊന്നും ചിന്തിക്കേണ്ട സമയമല്ല. സച്ചിന്‍ കുടിച്ചതു തന്നെ. സലിച്ചേട്ടന്‍ ആ കുപ്പിയെ പരിചരിക്കുന്നതു കണ്ടാലറിയാം.

"ഡ്രെസ്സിങ്ങ് റൂമിന്‍റെ തൊട്ടടുത്താരുന്നു ഡ്യൂട്ടി. കളിക്കാര്‍ പുറത്തേക്കിറങ്ങുന്നതും തിരിച്ചു കേറുന്നതുമൊക്കെ ന്‍റെ മുന്നീക്കൂട്യായിരുന്നു. എല്ലാരും കളിക്കാരെ തൊടാന്‍ വേണ്ടി എന്തൊരു തിക്കും തെരക്ക്വായീര്ന്നു. ഞാനൊറ്റെണ്ണത്തിനേം മൈന്‍ഡ് ചെയ്തില്ല. ചെയ്താ അവമ്മാരു നമ്മടെ തലേക്കേറും. നമ്മളിവിടെ ക്രിക്കറ്റ് കളിക്കാത്തതൊന്ന്വല്ലല്ലൊ. എസ്സെന്‍ കോളേജിന്‍റെ ക്യാപ്റ്റനായിര്ന്നപ്പൊ ഞാന്‍ കളിച്ച കളി പോലൊന്നും ഇവമ്മാര്‍ കളിച്ചിട്ടുണ്ടോ..എവടെ?".

വാ പൊളിച്ചു വെച്ച്, സച്ചിന്‍റെ വെള്ളംകുപ്പിയിലേക്ക് കണ്ണും നട്ട് ഞങ്ങള്‍ കഥ കേട്ടിരുന്നു. നമ്മക്കെന്ത് എസ്സെന്‍ കോളേജ്, നമ്മക്കെന്ത് ക്യപ്റ്റന്‍സി? സച്ചിന്‍റെ വെള്ളംകുപ്പിയില്‍ നിന്നൊരു തുള്ളി..അതാണിപ്പൊ പരമമായ ലക്‌ഷ്യം.

"അങ്ങനെ ഇരിക്കുമ്പൊ ദേ സച്ചിന്‍ വരുന്നു. കയ്യില്‍ ഈ കുപ്പിയുമുണ്ട്. അങ്ങേരു പകുതിയേ കുടിച്ചിട്ടുണ്ടായിരുന്നുള്ളൂ." കുപ്പിയെ ശ്രദ്ധാപൂര്‍വ്വം കയ്യിലെടുത്തു കൊണ്ട് സലിച്ചേട്ടന്‍ തുടര്‍ന്നു.
ഞങ്ങള്‍ കാതു കൂര്‍പ്പിച്ചിരുന്നു. സച്ചിന്‍ രംഗത്തെത്തിക്കഴിഞ്ഞു.

"എനിക്ക് നല്ല ദാഹമുണ്ടായിരുന്നു, അങ്ങേരു ഡീസന്‍റായിരുന്നെന്നു തോന്നുന്നു, എന്‍റെ മുഖം കണ്ടപ്പൊ അങ്ങേര്‍ക്കു തോന്നിക്കാണും. അല്ലാ, കാലത്തു മുതല്‍ ആ രൊറ്റ നിപ്പു നിക്കണത് മൂപ്പരും കണ്ടതാണല്ലൊ.
ന്‍റട്ത്ത് രൊറ്റ ചോദ്യം, 'ഓഫീസര്‍, യൂ വാണ്ട് സം വാട്ടര്‍?'-ന്ന്"

"എന്‍റെയീ നിപ്പും ലുക്കുമൊക്കെ കണ്ടപ്പൊ മൂപ്പരു വിചാരിച്ചു കാണും ഞാന്‍ വല്ല ഓഫീസറുമായിരിക്കുമെന്നേ."
പിന്നെ പിന്നേ, കൊതി മൂത്ത് നോക്കി നിന്നപ്പൊ ചോദിച്ചതാവും, പ്രാക്ക് കിട്ടണ്ടാന്ന് വെച്ചിട്ട്, ഞാന്‍ മനസ്സിലോര്‍ത്തു. പക്ഷേ, സംയമനം പാലിച്ചേ പറ്റൂ, സച്ചിന്‍റെ വെള്ളംകുപ്പി മുന്നില്‍ത്തന്നെ ഇരിപ്പുണ്ട്.

"നല്ല ദാഹണ്ടായിരുന്നോണ്ട് മാത്രം, അല്ലെങ്കില്‍ ഞാനിങ്ങനെ വെള്ളൊന്നും വാങ്ങില്ലായിരുന്നു."
'യാ' ന്നു പറഞ്ഞപ്പൊ മൂപ്പരിതെന്‍റെ നേരെ നീട്ടി. വാങ്ങിയപ്പൊ ന്‍റെ കൈ മൂപ്പര്ടെ കയ്യിലൊന്നു തട്ടി.

അത്രേം പറഞ്ഞ് സലിച്ചേട്ടനൊന്ന് നിര്‍ത്തി. എന്നിട്ട് ഞങ്ങളെ പാളിയൊന്ന് നോക്കി. എല്ലാരും ഞെട്ടിയിരിക്ക്യാണ്‌. സലിച്ചേട്ടന്‍ സച്ചിനെ തൊട്ടിരിക്കുന്നു. ഭാഗ്യവാന്‍!! കണ്ണുകള്‍ കുപ്പിയില്‍ നിന്നു മാറി ഇപ്പൊ സലിച്ചേട്ടന്‍റെ കൈകളിലാണ്‌ ഫോക്കസ് ചെയ്തിരിക്കുന്നത്.
പഴയ പുച്ഛച്ചിരിയുടെ കൂടെ ലേശം ഗൂഢച്ചിരി കൂടെ മിക്സ് ചെയ്ത് സലിച്ചേട്ടന്‍ കൊച്ചിപുരാണം തുടര്‍ന്നു.

"കുറച്ച് കുടിച്ചിട്ട് ഞാന്‍ 'താങ്ക് യൂ വെരി മച്ച് സച്ചിന്‍' ന്നു പറഞ്ഞ് കുപ്പി തിരിച്ച് നീട്ടി. അപ്പൊ മൂപ്പരു പറയാ, 'നൊ. യൂ കീപ് ഇറ്റ്. ഐ ഹാവ് ഗോട്ട് സം മോര്‍ ബോട്ടില്‍സ് ഹിയര്‍'-ന്ന്. സച്ചിന്‍ പറഞ്ഞതല്ലേന്നു കരുതി ഞാന്‍ പിന്നെ അതു കയ്യില്‍തന്നെ വച്ചു."

ആരാധന കൊണ്ട് പാരവശ്യരായിപ്പോയ ചിടുങ്ങുകളെ നോക്കി സലിച്ചേട്ടന്‍ പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും ഒരു അടപ്പ് വെള്ളം വീതം തരുന്നതായിരിക്കും.
സന്തോഷം കൊണ്ട് ചിടുങ്ങുകള്‍ നൃത്തം ചെയ്തു. തിക്കും തിരക്കും കൂട്ടി. അമ്പലത്തിലെ പുണ്യാഹം വാങ്ങാനെന്ന പോലെ വലതു കൈ വീട്ടി ഞാനുള്‍പ്പെടെയുള്ള പാവങ്ങള്‍ നിന്നു. രാജാ സലിച്ചേട്ടന്‍ അവര്‍കള്‍ ശ്രദ്ധാപൂര്‍വ്വം കുപ്പിയുടെ മൂടിയിലേക്കു പകര്‍ന്ന ആ പുണ്യജലം ഓരോരുത്തര്‍ക്കായി വിതരണം ചെയ്തു.

ഒടുവില്‍ ബാക്കി വന്ന ലേശം വെള്ളം തിരിച്ച് കവറിലേക്ക് വെച്ച് ഒരു ജേതാവിനെപ്പോലെ സലിച്ചേട്ടന്‍ മന്ദഹസിച്ചു. സച്ചിന്‍ കുടിച്ചതിന്‍റെ ബാക്കി വെള്ളം, സച്ചിനെ തൊട്ട കൈകളില്‍ നിന്ന് ഏറ്റു വാങ്ങിക്കുടിച്ച നിര്‍വൃതിയോടെ, ചിടുങ്ങുകള്‍ നിറഞ്ഞ ഹൃദയവും കൂട്ടിപ്പിടിച്ച കൈകളുമായി പതിയെപ്പതിയെ പിരിഞ്ഞു പോയി.

* * *
ന്നാലും ന്‍റെ സലിച്ചേട്ടാ... ;)

Tuesday, 4 December 2007

കൌബോയ്

തലയില്‍ അമേരിക്കന്‍ അടക്കാമരത്തിന്‍റെ പാളത്തൊപ്പിയും വെച്ച്, അങ്ങോട്ടുമിങ്ങോട്ടും ചങ്ങലകള്‍ തൂക്കിയിട്ട ഫേഡഡ് ജീന്‍സുമിട്ട്, ഒരു കയ്യില്‍ റിവോള്‍വറും മറുകയ്യില്‍ കടിഞ്ഞാണുമേന്തി, കൊടൈക്കനാലില്‍ കണ്ടതെല്ലാം കുതിരയാണോ, അതോ കുതിരക്കാഷ്ഠമാണോ എന്ന് സംശയിപ്പിക്കുന്ന തരത്തില്‍ പടര്‍ന്നു പന്തലിച്ചു വളര്‍ന്നു നില്‍ക്കുന്ന പടുകൂറ്റന്‍ അശ്വങ്ങളില്‍ക്കേറി, "ഗുഡ് ബാഡ് അഗ്ളി"-യുടെ ബാക്ഗ്രൌണ്ട് മ്യൂസിക്കുമിട്ട് കുതിച്ചു പായുന്ന, ഡികാപ്രിയോയുടെ മുഖഛായയുള്ള, ഷേവ് ചെയ്യാതെയും കുളിക്കാതെയും നടക്കുന്ന ലവന്മാരെയാണ്‌ ഞാന്‍ ഉദ്ദേശിച്ചതെന്നു കരുതിയോ..എങ്കില്‍ തെറ്റി...പാടെ തെറ്റി... ഇത് നമ്മടെ മറ്റേ കൌബോയ് ആണ്‌. കൌ-ന്‍റെ ബോയ്...പശൂന്‍റെ ആണ്‍കുട്ടി...കാള!

തറവാട്ടില്‍ താമസിക്കുന്ന സമയത്ത് അവിടെ ഒരു പശു ഉണ്ടായിരുന്നു, ലക്ഷ്മി. ഈ ലക്ഷ്മി അച്ഛമ്മയുടെ കണ്ണിലുണ്ണിയായിരുന്നു. കിഴക്കേലെ ശാന്തേട്ടന്‍റെ വീട്ടില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, എല്ലും തോലുമായ, ചാകാറായ ഒരു പശുക്കുട്ടിയെ എടുത്തു കൊണ്ട് വന്ന് വെള്ളവും വൈക്കോലും പിണ്ണാക്കുമൊക്കെക്കൊടുത്ത് ഇന്നത്തെ ലക്ഷ്മിയാക്കി മാറ്റിയ കഥ, ഞാനൊരു ഒരു കൊച്ചുകീടമായിരുന്ന കാലം മുതലേ കേള്‍ക്കാറുണ്ടായിരുന്നു. ഈ ലക്ഷ്മിയെ ഒന്നു രണ്ടു വര്‍ഷം കൂടുമ്പോള്‍ "ചവിട്ടിക്കാന്‍" കൊണ്ടു പോകാറുള്ളതിന്‍റെ ഫലമായി പ്രസവങ്ങളും പതിവായിരുന്നു. അങ്ങനെ പ്രസവിക്കുന്ന അവസരങ്ങള്‍ എനിക്കും മറ്റു ചെറുതുകള്‍ക്കും ഉല്‍സവമായിരുന്നു. പ്രസവം എന്ന ആ മഹാസംഭവം മുഴുവനും കണ്ണിമ വെട്ടാതെയും, എന്തിനെന്നറിയാതെ ടെന്‍ഷനടിച്ചും ഞാന്‍ വായും പൊളിച്ച് കണ്ടു നില്‍ക്കുമായിരുന്നു.

അങ്ങനെ പ്രസവിച്ചു വീഴുന്ന പശുക്ക്‌ടാങ്ങളുടെ കൂടെ കുറച്ചു ദിവസം കളിച്ചു നടക്കുകയും, പിന്നീട് അവയ്ക്കു വിവരം വെക്കുമ്പോള്‍, നമ്മടെ പാവം അമ്മയെ നമ്മളെ കാട്ടി കൊതിപ്പിച്ച്, അമ്മയെക്കൊണ്ട് ചുരത്തിപ്പിച്ച്, ആ പാല്‍ മുഴുവനും കറന്നെടുത്തു വിറ്റ് പുട്ടടിക്കുന്ന ടീമിന്‍റെ ഈ പിള്ളേര്ടെ അടുത്ത് നമുക്കെന്ത് ബിസിനസ്സ് എന്നു അവര്‍ മനസ്സിലാക്കുമ്പോഴത്തെ പ്രതികരണമെന്നോണം തങ്ങളുടെ പ്രതിഷേധമുറകളായ ചവിട്ടും കുത്തും തുടങ്ങുമ്പോള്‍ ഡീസന്‍റായി പിന്‍വാങ്ങുകയും ചെയ്യുക എന്നത് രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചിട്ടുള്ള ഒരു ചരിത്രമായിരുന്നു.

അങ്ങനെയിരിക്കെ ലക്ഷ്മി പൂര്‍ണ്ണഗര്‍ഭിണിയായിരിക്കുന്ന ഒരു സമയം. വീട്ടില്‍ നിന്നെല്ലാരും പഴനിയിലേക്കൊരു യാത്ര നടത്താനൊരുങ്ങി. ലക്ഷ്മീടെ കുട്ടീനെ ആദ്യം കാണണോ, അതോ പഴനി കാണണോ..ലക്ഷ്മീടെ കുട്ടി-പഴനി, പഴനി-ലക്ഷ്മീടെ കുട്ടി എന്നിങ്ങനെയുള്ള ഡൈലമക്കൊടുവില്‍ യാത്ര ചെയ്യാനുള്ള മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ വോട്ടിന്‍റെ പിന്‍ബലത്തില്‍ ഞാന്‍ പഴനിട്രിപ്പിന്‌ പോയി. അവിടെ ചെന്നു മലയൊക്കെ ഓടിക്കയറി അതിനേക്കാള്‍ സ്പീഡില്‍ ഇറങ്ങിയൊക്കെ പോരുന്ന വഴിക്ക്, ലക്ഷ്മീടെ കുട്ടിക്കു കഴുത്തില്‍ കെട്ടിക്കൊടുക്കാന്‍ ഒരു ചുവന്ന മാലയും, പിന്നൊരു മഞ്ഞ മാലയും വാങ്ങിപ്പിച്ച് ഞാന്‍ കയ്യില്‍ വെച്ചു, കെട്ക്കട്ടെ നമ്മടെ വക ഒരു മാല!

വീട്ടിലെത്തിയപ്പൊള്‍, യാത്രക്കു വരാതെ ലക്ഷ്മീടെ അടുത്തു നിന്നിരുന്ന ആരോ പറഞ്ഞു ലക്ഷ്മി പ്രസവിച്ചൂന്ന്. കേട്ട പാതി കേള്‍ക്കാത്ത പാതി വേറെ ചിടുങ്ങുകളൊന്നും കാണുന്നതിനു മുന്‍പ് അതിനെ കാണാനും (എന്നാലല്ലേ പിന്നീട് "ഞാനാദ്യം കണ്ട്റാ മൊനേ" എന്ന് മേനി പറയാന്‍ പറ്റുകയുള്ളൂ) മാല ഇട്ടു കൊടുക്കാനും വേണ്ടി ഞാന്‍ ഉടുപ്പു പോലും മാറാതെ തൊഴുത്തിലേക്കോടി. പുല്ലൂട്ടില്‍ നിന്നും ഡ്രൈ നൂഡില്‍സ് കഴിച്ചു കൊണ്ടിരുന്ന ലക്ഷ്മിയെയല്ലതെ അവിടെ മറ്റൊന്നിനേം കണ്ടില്ല. അപ്പോളാണ്‌ പറമ്പില്‍ നിന്നും ഒടപ്പെറന്നോള്‍ടേം മറ്റും ബഹളം കേള്‍ക്കുന്നത്. ഛെ, മോശായല്ലൊ. അവള്‍ നമ്മളേക്കാളും മുമ്പ് കണ്ടു, ഇനിപ്പൊ കുറേ നാളേക്ക് ചെവീല്‍ മൂട്ട പോയ പോലെ ഇതന്നെ പറഞ്ഞോണ്ട് നടക്കും എന്നൊക്കെ ഓര്‍ത്ത് നിരാശപ്പെട്ട് ഞാന്‍ ബഹളം കേട്ടിടത്തേക്ക് ഓടി.

അവിടെ ചെല്ലുമ്പോള്‍ നല്ല സുന്ദരിയായ ഒരു പശുക്കുട്ടി പറമ്പു മുഴുവനും ഓടി നടക്കുന്നതു കണ്ടു. ഹായ്. നല്ല ഭംഗിയുള്ള ക്‌ടാവ്. അതിന്‍റെ ഒപ്പം ഓടിയെത്താന്‍ ലേശം പണിപ്പെട്ടെങ്കിലും ഒടുവില്‍ ഒരു വിധം കഴുത്തില്‍ ഞാനാ മാലകള്‍ രണ്ടും കെട്ടിക്കൊടുത്തു. ഇളം തവിട്ടു നിറത്തിലുള്ള ശരീരവും , വെളുത്ത രോമമുള്ള കാലുകളും, അറ്റത്തു കറുത്ത രോമങ്ങളുള്ള കുഞ്ഞിവാലും ഒക്കെച്ചേര്‍ന്ന അവളൊരു കൊച്ചുസുന്ദരിയായിരുന്നു. "അച്ഛമ്മേ, നമ്മടെ പശുക്കുട്ടിക്ക് ഞാന്‍ പേരിടുംട്ടാ", ഒടപ്പെറന്നോള്‍ക്ക് ആ ബുദ്ധി തോന്നുന്നതിലും മുമ്പ് അവകാശം സ്ഥാപിക്കാന്‍ ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. തൊഴുത്തില്‍ ലക്ഷ്മിയുടെ പ്രസവത്തിന്‍റെ എന്തോ കോംപ്ളക്സിറ്റി ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന അച്ഛമ്മ ലേശം നിരാശയോടെ മറുപടി പറഞ്ഞു, "അത് മൂരിക്കുട്ട്യാണ്ടാ".
"മൂരിക്കുട്ട്യോ, അത് മൂരിക്കല്ലെ ഉണ്ടാവുക, ഇത് പശുക്കുട്ട്യല്ലേ" എന്നെനിക്ക് അപ്പൊത്തന്നെ സംശയം തോന്നുകയും അവരൊക്കെ മൂത്തവരല്ലേ, നമ്മളേക്കാള്‍ വിവരം കാണുമല്ലോ എന്ന് കരുതി ആ സംശയം എന്‍റെ ഉള്ളില്‍ത്തന്നെ കുഴിച്ചു മൂടുകയും ചെയ്തെങ്കിലും മൂരിക്കുട്ടിക്കെന്താപ്പൊ കൊഴപ്പം എന്നെനിക്ക് മനസ്സിലായില്ല.

കുറച്ചു നേരം അവിടെം ഇവിടെം ഒക്കെ ചുറ്റിനടക്കുകയും സംസാരങ്ങള്‍ ഡീകോഡ് ചെയ്തതിന്‍റെയും ഫലമായി മൂരിക്കുട്ടിയെ നമുക്കാവശ്യമില്ല എന്ന ഒരു നഗ്നസത്യം എനിക്കു മനസ്സിലായി. എന്ത്! മൂരിക്കുട്ടിയായാലിപ്പൊ ഇവര്‍ക്കെന്താ, എന്‍റെ വീട്ടില്‍ കാളേണ്ട് എന്ന് എനിക്ക് സ്കൂളില്‍ ഡയലോഗടിച്ചൂടെ, ഛെ, ഈ വല്യോരെന്താ ഇതൊന്നും ചിന്തിക്കാത്തതെന്നു വിചാരിച്ച് ഞാന്‍ ലജ്ജിച്ചു. ഇവര്‍ക്കു വേണ്ടെങ്കില്‍ വേണ്ട ചുമ്മാ ആ തൊഴുത്തില്‍ ഇതും കൂടെ നിന്നോട്ടെ എന്ന് ഞാന്‍ അച്ഛമ്മയോട് പറഞ്ഞു. പക്ഷേ, കാര്യങ്ങള്‍ കൈ വിട്ടു പോവുകയായിരുന്നു. മൂരിക്കുട്ടിയെ വില്‍ക്കാന്‍ അന്നു തന്നെ ആളെ ഏര്‍പ്പാടു ചെയ്തിരുന്നു.

ഒരു പാടമോ പറമ്പു കിളച്ച് നടത്തുന്ന കൃഷിയോ ഇല്ലാത്ത കഴിമ്പ്രത്ത് ഒരു കാളയെ വളര്‍ത്തുന്നതിന്‍റെ ഔചിത്യത്തെക്കുറിച്ച് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞെങ്കിലും, ലക്ഷ്മീടെ കുട്ടീനെ അങ്ങനെയങ്ങോട്ട് വിട്ടു കൊടുക്കാന്‍ എനിക്കന്ന് കഴിയുമായിരുന്നില്ല.
പക്ഷേ, ഒടുവില്‍ അന്നു തന്നെ വൈകീട്ട് ഒരു ചെറിയ കയറും കയ്യിലിട്ട്, ഒരു നീല ബനിയനും ഇട്ട് ഒരാള്‍ അതിനെ കൊണ്ടു പോവാനെത്തി. കച്ചവടം ഉറപ്പിച്ച് ആ കയറില്‍ കെട്ടി അയാള്‍ അതിനേം കൊണ്ടു വളവു തിരിഞ്ഞു പോവുമ്പോള്‍ എനിക്ക് സങ്കടം സഹിക്കാന്‍ പറ്റിയില്ല. അച്ഛമ്മയെ കെട്ടിപ്പിടിച്ച് ഞാന്‍ ഉറക്കെ കരഞ്ഞു. എന്നെ ചേര്‍ത്തു പിടിച്ച് തലയില്‍ തടവിക്കൊണ്ട് ആശ്വസിപ്പിക്കാനെന്നോണം അച്ഛമ്മ അപ്പോള്‍ പറയുന്നുണ്ടായിരുന്നു, "ലക്ഷ്മി ഇനീം പ്രസവിക്കൂടാ..നീ വെഷമിക്കല്ലെ.." പക്ഷെ, അച്ഛമ്മയുടെ തൊണ്ടയിലും വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.

***
എഴുതി വന്നപ്പൊ ‍ഓര്‍ത്ത് സങ്കടായി!

ചെറിയ ഹൈക്കും വലിയ നടത്തവും

2022 നടത്തങ്ങളുടെ കൊല്ലമായിരുന്നു. കൊറോണ കെട്ടിവീട്ടിലിരുത്തിയതിന്റെ ബോറടിയും, കഴിഞ്ഞ കോഴിദിനത്തിനു  ഭാര്യ  സമ്മാനിച്ച വാച്ചിലെ എക്സർസൈസ് ചല...