Tuesday 12 December 2023

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കതിൽ പ്രത്യേകിച്ച് വേറേ മറുപടിയൊന്നും പറയേണ്ട കാര്യമില്ലല്ലോ.


പക്ഷേ, സംഗതി ഡിസമ്പറിലാണ്, അതു വരെ എല്ലാ ആഴ്ചയും രണ്ടു ദിവസം ഡാൻസ് പ്രാക്റ്റീസ് ചെയ്യണം ത്രേ! ശ്ശെടാ, അതെന്തു പരിപാടിയെന്നൊക്കെ അന്വേഷിച്ചുവന്നപ്പോഴാണ്, ഹിസ്പാനിക് കൾച്ചറിൽ “ക്വിൻസിയന്യേറ” (quinceañera) എന്നറിയപ്പെടുന്ന, പെൺകുട്ടികളുടെ പതിനഞ്ചാം പിറന്നാളിനെപ്പറ്റി മനസ്സിലാവുന്നത്. സംഗതി കളറാണ്, ന്നു വെച്ചാൽ ഒരു കല്യാണം പോലെ കളർ!


വീട്ടുകാരുടെ സാമ്പത്തികത്തിന്റെ മാക്സിമം ലെവലിൽ ഫോർമലായ ചടങ്ങു സംഘടിപ്പിക്കുന്നു, വിവാഹം പോലെത്തന്നെ. വിവാഹത്തേക്കാൾ കേമമായി നടത്തുന്നവരുമുണ്ടത്രേ! പെൺകുട്ടി ഒരു രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങുന്നു. കുട്ടിയുടെ ഏറ്റവുമടുത്ത കുറച്ചുകൂട്ടുകാർ ഒരുപോലെയുള്ള വേഷവിധാനങ്ങളിൽ മുഴുവൻ സമയവും കുട്ടിയെ അനുഗമിക്കുന്നുണ്ടാവും. അവരുടെ വക നൃത്തനൃത്യങ്ങൾ!


ഇതുവരെ അങ്ങനൊരു സംഗതി കൂടാൻ ചാൻസ് കിട്ടാത്തതിനാൽ, “ഞങ്ങളേം വിളിക്കുവോഡേയ്” ന്ന ആറ്റിറ്റ്യൂഡിൽ, എന്നാൽ “വേണെങ്കിൽ ഞാനും വരാം കേട്ടോ” എന്ന ആഗ്രഹത്തോടെ ചോദിച്ചപ്പോ “നിങ്ങളേം ക്ഷണിച്ചിട്ടുണ്ട്, പക്ഷേ വരണ്ടാ” എന്ന് സല്പുത്രൻ കട്ടായം പറഞ്ഞു, കാരണം അവന്റെ നൃത്തം തന്നെ! പക്ഷേ, കിട്ടിയ ചാൻസ് ഞങ്ങൾ വിടൂല്ലെന്നവനറിയാമായിരുന്നു. ഡാൻസ് പ്രാക്റ്റീസിന് അവനെ അവരോടെ കൊണ്ടാക്കുമ്പോ, ഒരു ക്ഷണക്കത്ത് ആ ക്ടാവിന്റെ അമ്മ നമുക്ക് തന്നു. “ഞങ്ങളെന്തായാലും ആദ്യത്തെ ബസ്സിന് തന്നെ എത്തും ചേച്ചീ” ന്ന് ഞാൻ ഉറപ്പുകൊടുത്തു.


അങ്ങനെ കഴിഞ്ഞ ശനിയാഴ്ച ഇവിടെ അടുത്തൊരു റിസോർട്ടിലായിരുന്നു പരിപാടി. വാസു ഉൾപ്പെടെ നാലഞ്ച് ആൺകുട്ടികൾക്കും, മൂന്നാല് പെൺകുട്ടികൾക്കുമാണ് പിറന്നാൾക്ടാവിനെ അനുഗമിക്കാനുള്ള പ്രത്യേക ക്ഷണമുണ്ടായിരുന്നത്. അവർക്ക് പ്രത്യേക വേഷവിധാനങ്ങളുണ്ടായിരുന്നു; ഐവറി/നീല കോംബിയിലുള്ള ഫുൾസ്യൂട്ട് ആമ്പിള്ളേർക്കും, നീല/ഗ്രേ ഡ്രസ്സ് പെമ്പിള്ളേർക്കും. ചുള്ളമ്മാരും ചുള്ളികളും മ്യാരക ലുക്കിലായിരുന്നു.


കഥകളിക്കാരുടേതുപോലെ, അരയ്ക്കു താഴെ വിരിഞ്ഞു നിൽക്കുന്ന, അതിസുന്ദരമായ, വലിയ ല്വാവന്റർ ഉടുപ്പൊക്കെയിട്ട്, കിരീടമൊക്കെ വെച്ച്, പൂക്കളും പിടിച്ച്, ഒരു രാജകുമാരിയെയെപ്പോലെയുള്ള വേഷവിധാനത്തിൽ ജ്വലിച്ചു നിന്നിരുന്ന പിറന്നാൾകുട്ടിയുടെ കൂടെ നിന്ന് ഞങ്ങൾ ഓരോ പടമൊക്കെ ഏടുത്തു.


ഒരു 200-300 പേരുണ്ടായിരുന്നിരിക്കണം മൊത്തം. പടമെടുപ്പു കഴിഞ്ഞ് കോക്ക്ടെയിൽ പാർട്ടി. ഒരു അഞ്ചുപത്തു ടീനേജേഴ്സ് അടങ്ങിയ ബാന്റിന്റെ തകർപ്പൻ മ്യൂസിക് വിത്ത് പാട്ട്! സ്പാനിഷ് പാട്ടുകളായിരുന്നു മൊത്തം. മെക്സിക്കൻ/ഹിസ്പാനിക് വേഷവിധാനത്തിൽ, വയലിനും ഗിറ്റാറും, റ്റ്രമ്പറ്റും വെച്ച് അക്രമ പെരുക്ക്. ഒരു മൂന്ന് മണിക്കൂർ ലവരുടെ അഴിഞ്ഞാട്ടമായിരുന്നു! ഇവർക്ക് തൊണ്ട ഇനി ആവശ്യമില്ലേ എന്നു വരെ തോന്നിപ്പോയി! ട്രഡീഷനൽ എന്ന് കേട്ടാൽ തോന്നിപ്പിക്കുന്ന ഹൈപിച്ച് പാട്ടുകളൊക്കെ ചീളുകേസുകളെപ്പോലെ, ഒന്നിനുപുറകേ ഒന്നായി പിള്ളേരു തള്ളിമറിക്കുന്നു!


ഒരു മണിക്കൂർ കോക്ക്ടെയിൽ പരിപാടി കഴിഞ്ഞതും, ഡിന്നർ ഹാളിന്റെ വാതിൽ തുടക്കപ്പെട്ടു. മനോഹരമായി അലങ്കരിച്ച ഹാളിനകത്ത് അടുക്കോടെ ക്രമീകരിച്ച വട്ടമേശകളിൽ അതിഥികളെല്ലാരും ഇരുന്നു. നടുവിലെ തളത്തിൽ, പെൺകുട്ടിയ്ക്കൊപ്പം വാസു ആന്റ് പാർട്ടിയുടെ വക വാൾട്സ് ആയിരുന്നു അടുത്തത്. സൂപ്പർ പരിപാടി!


അതുകഴിഞ്ഞ്, ഭക്ഷണത്തിനിടെ, കുട്ടിയെ നടുവിൽ ഒരു സിംഹാസനത്തിലിരുത്തി ഗിഫ്റ്റ് തുറക്കൽ പരിപാടി നടന്നു. കുട്ടിയുടെ ഗോഡ്ഫാദറും മദറും, പിന്നെ അച്ഛനുമമ്മേം കൊടുത്ത ഗിഫ്റ്റുകൾ മാത്രമാണ് അവിടെ ഇരുന്നു തുറന്നത്. നല്ല മ്യാരക ബ്രാന്റുകളുടെ മ്യാരക പ്രോഡക്റ്റുകളൊക്കെയായിരുന്നുവെന്നൊക്കെ തിലകത്തിന്റെ ലൈവ് കമന്ററിയിൽ നിന്നും ഞാൻ മനസ്സിലാക്കി.


അപ്പോഴേയ്ക്കും ഡ്രസ്സ് മാറി വെള്ള ടീഷർട്ടും ജീൻസുമിട്ടു വന്ന വാസു ആന്റ് പാർട്ടി വക അടുത്ത ഡാൻസ് അരങ്ങേറി. പെൺകുട്ടിയെ എടുത്തുപൊക്കുന്നു, വട്ടം കറക്കുന്നു, അങ്ങനെ കുറേ ജഗപൊക!


പിന്നെ, അച്ഛന്റേം അമ്മേടെം കുട്ടീടെം വക നന്ദിപ്രകാശിപ്പിക്കൽ. എല്ലാരും വളരേ ഇമോഷണലായി സംസാരിച്ചു. കൂടുതലും സ്പാനിഷിലായതിനാൽ, ഞങ്ങൾക്ക് കാര്യമായി ഇമോഷണൽ കോണ്ട്രിബ്യൂഷൻ നടത്താൻ പറ്റിയില്ല. എന്നാലും കൂക്കിവിളിക്കേണ്ടിടത്ത് കൂക്കി വിളിച്ചും വിസിലടിച്ചും, കൈ കൊട്ടേണ്ടിടത്ത് ഓവറാക്കിയും നമ്മളാലാവുന്ന വിധം അലമ്പുകാണിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു.


പിന്നീട്, അച്ഛനും മകളും കൂടി പതിഞ്ഞ ഈണത്തിലുള്ള ഗാനത്തിനൊപ്പം, സാവധാനം ചുവടുവെച്ചുകൊണ്ടുള്ള ഒരു നൃത്തമായിരുന്നു. പെൺകുട്ടി ആകെ വികാരാധീനയായി കരയുന്നതും, കണ്ണുതുടയ്ക്കുന്നതുമൊക്കെ കാണാമായിരുന്നു.


അതിനു ശേഷം സ്റ്റേജ് പബ്ലിക്കിനുവേണ്ടി തുറന്നു കൊടുത്തു. അടുത്ത രണ്ടുമണിക്കൂറോളം അവിടെ വെള്ളമടി ആന്റ് ഡാൻസായിരുന്നു അതിഥികളുടെ വക! അവിടെ എനിക്ക് കലാപ്രതിഭയ്ക്ക് ഒരു സാധ്യതയുണ്ടായിരുന്നെങ്കിലും, അത്യാവശ്യമായി വേറൊരിടാത്ത് ഫുഡ്ഡടി ഏറ്റിട്ടുണ്ടായിരുന്നതിനാൽ, മനസ്സിലാമനസ്സോടെ പോവേണ്ടി വന്നു. പുത്രനെ കുറേക്കഴിഞ്ഞ്, ഒരു 11 മണിയോടെ പോയി പിക്ക് ചെയ്തോണ്ടു വരികയായിരുന്നു.


നല്ലോരു അനുഭവായിരുന്നു! കുറേ നാളുകൂടി ഒരു കല്യാണത്തിനു പോയ ഫീലു കിട്ടി. 


Wednesday 22 November 2023

ഞാൻ കണ്ട ഫൈനൽ

 ഹൗസാറ്റ്!!!!!!!!!

ബുമ്രയ്ക്കൊപ്പം ഒരു ലക്ഷം പേർ അലറിവിളിച്ചു. അമ്പയറുടെ വലതുകയ്യിന്റെ ചൂണ്ടുവിരൽ മുകളിലേയ്ക്കുയർന്നു. 

സ്മിത്ത് വീണിരിക്കുന്നു! ഓസ്റ്റ്രേലിയയുടെ മൂന്നാം വിക്കറ്റും വീണിരിക്കുന്നു!

ബാറ്റിങ് കിതച്ചപ്പോൾ, ചുറ്റിലുമിരുന്ന, തളർന്ന് നിശബ്ദരായ ആ ഒരു ലക്ഷം പേർക്കുവേണ്ടിയും, ടീവിക്കും മൊബൈലിനും മുന്നിൽ ഹൃദയം പെരുമ്പറ കൊട്ടിയിരുന്ന കോടിക്കണക്കിനു ഇന്ത്യക്കാർക്കു വേണ്ടിയും, വിശ്വസ്തരായ ബുമ്രയും ഷമിയും ഒന്നിച്ച് കങ്കാരുക്കളുടെ മുൻനിരയിൽ തീവിതറുന്നു...

തകർത്തടിക്കാൻ വന്ന മാർഷും, നിലയുറപ്പിച്ച് കഥകഴിക്കുന്ന സ്മിത്തും പുറത്ത്!

ഇനി ഹെഡും ലബൂഷെയിനും മാക്സ്വെലും, പിന്നെ ഇങ്ലിസും തീർന്നാൽ പിൻനിരക്കാർ!

പത്താമോവറിൽ ഷമിയുടെ കത്തിപ്പാറി വന്ന തകർപ്പൻ പന്തിൽ ലബൂഷെയിനു പിഴയ്ക്കുന്നു, ഓഫ്സ്റ്റമ്പിൽ പിച്ച് ചെയ്ത് ലൈൻ ഹോൾഡ് ചെയ്ത് സീം ചെയ്തുവന്ന പന്തിനെ തെറ്റായ ലൈനിൽ കളിച്ച ലബുവിന്റെ വലതുകാലിലെപാഡിൽ മുട്ടുയരത്തിൽ പന്തുതട്ടുമ്പോഴേ ഉറപ്പായിരുന്നു, അവൻ വീണു! ഷമി, വീണ്ടും മാജിക്!

75 ആവുമ്പോഴേക്കും നാലു പേർ പുറത്ത്!

മാക്സ്വെവെല്ലും ഹെഡും ക്രീസിൽ. ഒരേ രീതിയിൽ പ്രതികരിക്കുന്ന രണ്ടു കളിക്കാർ!

അഞ്ചോവർ വീതമെറിഞ്ഞു കഴിഞ്ഞ ബുമ്രയും ഷമിയും; ഓരോ ഓവർ കൂടി എറിയാൻ അവർക്ക് കഴിയുമോ? അതിനു രോഹിത് തയ്യാറാവുമോ?

ഇല്ല, സിറാജ് വരുന്നു!

പക്ഷേ, പിന്നത്തെ നാലോവറുകളിൽ കാര്യമായ ഒന്നും സംഭവിക്കുന്നില്ല. ആദ്യ പതിനഞ്ച്-ഇരുപത് ഓവറുകൾ തീർന്നാൽ, പന്തിന്റെ പുതുമ നഷ്ടപ്പെട്ടു കഴിഞ്ഞാൽ, പിന്നെ ബാറ്റിങ് എത്രയോ അനായാസകരമായിരിക്കുമെന്ന തിരിച്ചറിവുണ്ടായ ഓസികൾ ബുദ്ധിപരമായി നീങ്ങുകയാണ്. ജനം മുൾമുനയിലാണ്, അവർ അക്ഷമരായിക്കൊണ്ടിരിക്കുന്നു.

തന്റെ മൂന്നാമോവറിനായി സിറാജ് തയ്യാറെടുത്തുകഴിഞ്ഞു. അസാധാരണമായ രീതിയിൽ കോലിയും ഷമിയും ബുംരയും രോഹിതും അവന്റെ ചുറ്റിലും നിന്ന് നിരന്തരമായ നിർദ്ദേശങ്ങൾ നൽകുന്നു. സിറാജിന്റെ കണ്ണുകളിൽ തീ ജ്വലിക്കുന്നതുപോലെ!

റണ്ണപ്പ് തുടങ്ങിയ സിറാജിന്റെ തടഞ്ഞുകൊണ്ട് രോഹിത്, ഒന്നാം സ്ലിപിനെ രണ്ടിലേക്കു മാറ്റുന്നു. സ്ക്വയർ ലെഗിനെ ബൗണ്ടറിയിലേക്ക് നീക്കി, ഡീപ് കവറിനെ തേഡ്മാനിലേക്ക്, വളരേ ഫൈനായി കൊണ്ടു വരുന്നു. സിറാജും ക്യാപ്റ്റനും തമ്മിൽ വാക്കുകളില്ലാത്ത എന്തോ ആശയവിനിമയം നടക്കുന്നു.

അനന്യസാധാരണമായ വേഗതയിൽ ഒട്ടും സ്ഥലം നൽകാതെ ഷോട്ട് പിച്ച് ചെയ്ത പന്ത്, പക്ഷേ നിർണ്ണയിക്കുന്നതിൽ പരാജയപ്പെട്ട മാക്സ്വെൽ സ്വിച്ച് ഹിറ്റിനു ശ്രമിക്കുന്നു. വിഡ്ത് ഒട്ടുമില്ലാത്ത ലൈനിൽ 144 കിമീയിൽ വന്ന പന്ത് ടോപ് എഡ്ജ് എടുത്ത് ആകാശത്തേയ്ക്ക്!!! തേഡ്മാനിൽ കൃത്യമായി ബുമ്രയുടെ കൈകൾ അതേറ്റു വാങ്ങുന്നു! സ്റ്റേഡിയം അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളുന്നു!

ജോഷ് ഇങ്ലിസ് എന്ന താരതമ്യേന പരിചയക്കുറവുള്ള ബാറ്റർ, തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട, ഏറ്റവും സമ്മർദ്ദം നിറഞ്ഞ പരിസരത്ത് എത്തിപ്പെടുകയാണ്. തീതുപ്പാൻ വെമ്പി നിൽക്കുന്ന സിറാജിനു വേണ്ടി രോഹിത്ത് ഒരു സ്ലിപ്പിനേയും ഗള്ളിയേയും കൂടി കൊണ്ടുവരുന്നു. ഷോർട്ട് ബോൾ പ്രതീക്ഷിച്ച് ഒരല്പം ബാക്ഫുട്ടിൽ മുങ്കൂട്ടി തയ്യാറായ ജോഷിനെ, പക്ഷേ സിറാജ് ബുദ്ധിപരമായി കബളിപ്പിക്കുന്നു. കുതിച്ചു വന്ന സിറാജിന്റെ വിരലുകൾ കാണിച്ച മന്ത്രവിദ്യയിൽ 120 കിമീയിൽ പെർഫെക്റ്റ് ലെങ്തിൽ വന്നു വീഴുന്ന മാസ്മരികമായ ഒരു യോർക്കർ! ബാറ്റു താഴ്ത്താനൊരല്പം വൈകിയ ഇടവേള മതിയായിരുന്നു ആ പന്തിന് ഓഫ്സ്റ്റമ്പിനേയും ജോഷിന്റെ വീര്യത്തേയും വീഴ്ത്താൻ! 

ഓസ്റ്റ്രേലിയ ആറിന് നൂറ്!!

തുടർന്ന് സിറാജും ജഡേജയും ഹൃദയം കൊണ്ടെറിഞ്ഞു കൊണ്ടിരുന്ന മൂന്നു നാലോവറുകൾ! ധൈര്യസമേതനായി ഒരു പോരാളിയെപ്പോലെ 4 ബൗണ്ടറികൾ നേടുന്ന ഹെഡ്! അഫ്ഘാനിസ്ഥാനെതിരെ പൊരുതിയ പോരാട്ടം കാഴ്ചവെക്കാനുറച്ചെന്ന വണ്ണം ക്ഷമയോടെ നിലയുറപ്പിക്കുന്ന കമ്മിൻസ്!

ടേൺ ഒട്ടും കിട്ടാത്ത നിരാശയിലും ലൈനും ലെങ്തിലും കടുകുമണി വിട്ടുകൊടുക്കാതെ ജഡേജയും പിന്നീട് കുൽദീപും എറിയുന്ന ആറോവറുകൾ കൂടി.

ഓസീസ് 150/6.

വിക്കറ്റുകൾ വേണം, അല്ലാതെ ഈ ഗെയിം ഇന്ത്യയ്ക്ക് ജയിക്കാനാവില്ല.

ബുമ്ര തിരിച്ചു വരുന്നു. ആദ്യപന്തിൽ കമ്മിൻസിന്റെ ബാറ്റിന്റെ ഇൻസൈഡ് എഡ്ജിൽ നിന്നും ബൗണ്ടറി! അടുത്ത പന്തിൽ സിംഗിൾ, ഹെഡ് അനായാസമായി നേരിടുന്ന മൂന്ന് പന്തുകൾ. പിച്ചിൽ നിന്നും യാതൊരു ആനുകൂല്യവും ഇല്ലെന്ന് ബുമ്ര തിരിച്ചറിയുന്നു. സ്റ്റേഡിയത്തിന്റെ ആരവം കുറഞ്ഞുവരുന്നുവോ? അവർ ഒരു അട്ടിമറി മണത്തു തുടങ്ങുന്നോ?!

എന്നാൽ, ബുമ്രയെ ബുമ്രയാക്കിയതെന്തോ, അതായിരുന്നു ഹെഡിനു കാത്തു വെച്ച അവസാന പന്ത്. 145 കിമീയിൽ ചീറിപ്പാഞ്ഞെത്തുന്ന യോർക്കർ തടയാൻ കഴിയാതെ ഹെഡ് ബാലൻസ് തെറ്റി വീഴുന്നു, മിഡിൽ സ്റ്റമ്പും ലെഗ്സ്റ്റമ്പും കടപുഴകിത്തെറിക്കുന്നു! കൈകളുയർത്തി മന്ദഹസിക്കുന്ന ബുമ്ര! അലറിയടുക്കുന്ന കോലിയും രോഹിത്തും! ഇരമ്പിയാർത്ത് ബുമ്രയെ വാരിപ്പുണരുന്ന മറ്റുള്ളവർ!

തുടർന്നുള്ള മൂന്നേ മൂന്നോവറുകളിൽ വാലറ്റത്തെ തുടച്ചു നീക്കുന്ന ബുമ്രയും ഷമിയും! വർദ്ധിതവീര്യത്തോടെ, മനസ്സും ശരീരവും സമ്പൂർണ്ണമായി സമർപ്പിച്ചുകൊണ്ട് പന്തെറിഞ്ഞ ഇരുവർക്കും ഒരു കാവ്യനീതിപോലെ നാലു വിക്കറ്റുകൾ വീതം!

ലോകകപ്പുയർത്തി, സംതൃപ്തിയോടെ, ആഹ്ലാദം മറച്ചുവെക്കാൻ കഴിയാതെ ചിരിച്ചും കളിച്ചും, നിറകണ്ണുകളോടെ ആഘോഷിക്കുന്ന ഇന്ത്യൻ ടീം!!

ഒന്നരമാസത്തോളം രാത്രി 1230 മുതൽ ഉറക്കമെന്തെന്നറിയാതെ ഇരുന്ന് കണ്ട ഒരു ടൂർണ്ണമെന്റിന്റെ ആവേശോജ്ജ്വലമായ അന്ത്യം!

അവിസ്മരണീയമായ, അജയ്യമായ, കരുത്താർന്ന ഒരു ലോകകപ്പ് വിജയത്തിന്റെ പരിസമാപ്തി!


ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...