Wednesday, 9 July 2008
ബാലചരിതം
"എടാ, അവള്‍ സാധാരണക്കാരിയല്ല, അസ്സലായി എഴുതും, അപാരഭാവന! അവള്‍ടെ കുറേ എഴുത്തുകുത്തുകളാണ് ഇതില്. കുറേ കവിതകളും മറ്റും. എന്നോട് വായിച്ചു നോക്കാന്‍ പറഞ്ഞു".
ഓഹോ, അതാണു കാര്യം. കുറച്ചു നാളായി ബാലനീ അസുഖം തുടങ്ങിയിട്ട്. CS-ലെ ആ നീണ്ട മുടിയുള്ള പെങ്കൊച്ചിനെക്കാണുമ്പോളുള്ള മിസ്സിങ്ങ് കണ്ടപ്പോഴേ തോന്നിയതാണ് ഇതിവിടെയൊക്കെ എത്തിപ്പെടുമെന്ന്. ശരി, അപ്പൊ അവളോട് സൊള്ളി ഡയറിയും വാങ്ങി വന്നിരിക്കുകയാണ് ചുള്ളന്‍. കൊള്ളാമല്ലോ, കാര്യങ്ങള്‍ക്ക് നല്ല വേഗതയുണ്ട്.
മെസ്സിലെ ചൂടുചായ-മുഷ്ബീര്‍ പഴംപൊരി സെഷന്‍ തീരുന്നതിനു മുമ്പേ, കുട്ടകം പോലുള്ള ഗ്ളാസ്സിലെ പാതിയോളം ചായയെ ബേസിനിലേക്കൊഴിച്ച്, പകുതി പഴംപൊരി മേശപ്പുറത്തുപേക്ഷിച്ച്, പഹയന്‍ മാളത്തിലേയ്ക്ക് ഓടിപ്പോയി.
"ഡാ ഡാ, ആ ഡയറി അവിടെത്തന്നെ കാണൂല്ലേ, കുറച്ചു കഴിഞ്ഞ് നോക്കിയാല്‍ എഴുതിയതൊന്നും മാഞ്ഞുപോവത്തില്ലല്ലോ..." കെ.പി. വിളിച്ചു പറഞ്ഞു. പക്ഷേ, F4-ലെ ബെഡ്റൂമിന്‍റെ കതകടഞ്ഞു കഴിഞ്ഞിരുന്നു.
ഈയ്യിടെയുള്ള ബാലന്‍റെ ചുറ്റിക്കളികളെക്കുറിച്ചും, സോഫ്റ്റ്കോര്‍ണറുകളെക്കുറിച്ചും, തുളസിക്കതിരിനോടും നീണ്ട മുടിയോടും മലയാളത്തനിമയോടുമൊക്കെ അവനു വര്‍ദ്ധിച്ചു വരുന്ന താല്‍പര്യത്തെക്കുറിച്ചും, അവിടെ സംഘത്തിന്‍റെ ചര്‍ച്ച നടന്നു.
"എനിക്ക് ചില സംശയങ്ങളൊക്കെയുണ്ട്...ഹും...", ആലന്‍ ആത്മഗതം ചെയ്തു.
"എന്തോന്ന് സംശയം? ഇവനവളെ വളച്ചെടുക്കാനുള്ള പരിപാടിയാണ്, വേറൊന്നുമല്ല", ഖാന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.
കുറ്റിക്കാട്ടൂരിന്‍റെ ഭാവിവികസനപദ്ധതികളെക്കുറിച്ചും കോളേജ് മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയെക്കുറിച്ചും പണക്കൊതിയെക്കുറിച്ചും രോഷപൂര്‍വ്വം നടത്താറുള്ള സ്ഥിരം ചര്‍ച്ച കൂടി കഴിഞ്ഞ ശേഷം സംഘം അടിയിലെത്തിയപ്പോള്‍, ബാലന്‍റെ മുറിയില്‍ നിന്നും വയലിന്‍ നാദം ഉയരുന്നതു കേട്ടു! ശ്ശെടാ, ഈ നേരത്ത് ഇവനിതു പതിവില്ലല്ലൊ, മുറിയില്‍ച്ചെന്ന് കതകുതട്ടിയപ്പോള്‍ തുറക്കാനൊരു താമസമുണ്ടായിരുന്നു. അകത്തു കേറിയപ്പോള്‍ തുറന്നു വെച്ച ഡയറിയുടെ താളില്‍ ഒരു കവിത കുറിച്ചിട്ടിരിക്കുന്നു. കവിത വായിച്ച യുവകവി പ്രേം അത്ഭുതത്തോടെ മൊഴിഞ്ഞു, "ഏ, അപ്പോ ഇവള്‍ മാധവിക്കുട്ടിയുടെ ആളാണോ?"
"അതേടാ, സൂപ്പര്‍ കവിത! കാമുകനെ കാത്തിരിക്കുന്ന കാമുകിയുടെ മനോവിചാരങ്ങളുടെ അത്യുഗ്രന്‍ ആവിഷ്കാരം! ഇത്ര മനോഹരമായ ഒരു കവിത അടുത്തൊന്നും ഞാന്‍ കണ്ടിട്ടില്ല. ചരണത്തിലെ ആ പ്രയോഗങ്ങളോക്കെക്കണ്ടോ? ഇങ്ങനെയൊക്കെ എഴുതാനവള്‍ക്കു കഴിയുമെന്ന് ഞാനൊരിക്കലും കരുതിയില്ല. അവളുടെ ഈ കവിതയെ എങ്ങനെ ഒന്നു അഭിനന്ദിക്കുമെന്നു കരുതിയപ്പോളാണ് ഇങ്ങനൊരു ഐഡിയ തോന്നിയത്", ബാലന്‍ ആവേശത്തിന്‍റെ മുള്‍മുനയിലായിരുന്നു.
"എന്ത് ഐഡിയ?", സംഘത്തിന് താല്‍പര്യമുണര്‍ന്നു.
"ഞാനിതിനു ട്യൂണ്‍ കൊടുക്കും, എന്നിട്ട് നാളെ അവളെ കേള്‍പ്പിക്കും, സ്വന്തം കവിതയ്ക്ക് മറ്റൊരാള്‍ ട്യൂണ്‍ കൊടുത്ത് അതു കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും ഒരു സന്തോഷമുണ്ടാകില്ലേ, യേത്?".
"ഓ, അപ്പോ ആ ട്യൂണ്‍ ജനിപ്പിച്ച സന്തോഷം വഴി നിനക്ക് മറ്റു പാതകള്‍ വെട്ടിത്തുറക്കാമെന്ന്... ഗൊള്ളാം, നല്ല ഐഡിയ", പ്രേമിന്‍റെ ഇടംകാലനടി പോസ്റ്റിന്‍റെ വലതുമൂലയിലേയ്ക്ക് പതിച്ചു. ബാലന്‍ ഒരു ഇളിഭ്യച്ചിരി ചിരിച്ചു.
കൂട്ടത്തില്‍ സംഗീതബോധമുള്ള ഒരെയൊരുവന്‍ ബാലനാണ്; കുറേക്കാലം ഒരു പാവം തിമിലയുടെ ഇരുകരണവും പുകച്ച കേ.പിയും ഇടയ്ക്ക് രാഗം, താളം, ബോധം എന്നൊക്കെപ്പറയാറുണ്ടെങ്കിലും. അതു കൊണ്ട് ബാലന്‍റെ ഈ ഉദ്യമത്തിന് ആദ്യമേ തന്നെ കെ.പി. പിന്തുണ പ്രഖ്യാപിച്ചു. വഴിയേ എല്ലാവരും. അന്ന് അത്താഴത്തിന് മുകളിലേക്ക് പോവുമ്പോഴും ബാലന്‍റെ മുറി തുറന്നിരുന്നില്ല. അകത്ത് വയലിന്‍ കരഞ്ഞു കൊണ്ടേ ഇരിക്കുന്നു. മുറിയില്‍ കയറാന്‍ പറ്റാതെ ബാലന്‍റെ സഹവാസി ദീപക് ഫ്ളാറ്റുകള്‍ തോറും അലഞ്ഞു നടക്കുന്നു. വാതിലില്‍ മുട്ടിയപ്പോള്‍ "ഞാന്‍ വന്നേക്കാം" എന്ന മറുപടി കിട്ടിയതു കൊണ്ട് സംഘം ജീവിതലക്‌ഷ്യം നിറവേറ്റാന്‍ മുകളിലേയ്ക്ക് നടന്നു. രാത്രി ഏറെ വൈകിയിട്ടും ബാലന്‍റെ വയലിന്‍ കരച്ചില്‍ തുടരുന്നുണ്ടായിരുന്നു.
പിറ്റേന്ന് അതിരാവിലെത്തന്നെ ബാലന്‍ ഉറക്കമുണര്‍ന്നു. എട്ടരയുടെ ബസ്സില്‍ വരുന്ന കാമുകിയെക്കാണാന്‍ ബദ്ധപ്പെട്ട് ഒരുങ്ങുന്നതിനിടെ ഞാന്‍ ബാലനെക്കണ്ടപ്പോള്‍ ഊക്കനൊരു ട്യൂണ്‍ കിട്ടിയതിന്‍റെ സര്‍വ്വലക്ഷണങ്ങളും ആ മുഖത്തു മിന്നിമായുന്നുണ്ടായിരുന്നു. കുളിച്ച് കുട്ടപ്പനായി നേരത്തേ ഒരുങ്ങി നില്‍പ്പാണ് കക്ഷി. കൊള്ളാം.
"ഡാ, ഇന്നു നിന്നെ വെറുതെ വിട്ടിരിക്കുന്നു, നീ അവള്‍ടെ അടുത്ത് ട്യൂണ്‍ കേള്‍പ്പിക്കുമ്പൊ ശല്യപ്പെടുത്തേണ്ട എന്ന് സംഘം തീരുമാനിച്ചിട്ടുണ്ട്", ബാലന്‍റെ മുഖത്ത് ആശ്വാസത്തിന്‍റെ ചെമ്പരത്തിപ്പൂക്കള്‍ പൂത്തുലഞ്ഞു.
വൈകീട്ട് ബാലന്‍റെ ഉദ്യമത്തിന്‍റെ ഫലമറിയാനുള്ള തിടുക്കത്തിലായിരുന്നു എല്ലാരും. കോളേജില്‍ വെച്ച് അവന്‍റെ ഭാവത്തില്‍ പ്രത്യേകിച്ചൊരു മാറ്റം കണ്ടതായി തോന്നിയില്ല, ആരും അങ്ങനെയൊന്നും പറഞ്ഞതുമില്ല.
"ഇനിയിപ്പൊ അവള്‍ക്കത് കേള്‍പ്പിച്ചു കൊടുക്കാന്‍ അവസരം കിട്ടിക്കാണില്ലേ, അതോ അവളെങ്ങാനും 'ഇയാളുടെ കോപ്പിലെ ഒരു ട്യൂണ്‍, കൊണ്ട് പോടാ' എന്നെങ്ങാനും താങ്ങിയിരിക്കുമോ, ഏയ്... അവളൊരു മിണ്ടാപ്പൂച്ചയല്ലേ, അങ്ങനൊന്നും പറയത്തില്ല..." ആലന്‍ പിറുപിറുത്തുകൊണ്ടേ ഇരുന്നു.
നേരം സന്ധ്യയാവാറായപ്പോള്‍, ബാലന്‍ കയറി വന്നു. മുഖത്താകെ ഒരു തരം കരിഞ്ഞ ഭാവം, വിഷാദത്തിന്‍റെ നൂലാമാലകള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന ആ മുഖത്ത് നിരാശയുടെ ചിലന്തിക്കുഞ്ഞുക്കള്‍ ഓടിക്കളിക്കുന്നു. "ബാലാ, എന്തു പറ്റി? ട്യൂണ്‍ തന്ത്രം ഏറ്റില്ലേ?", എല്ലാവരും ആകാംക്ഷയോടെ ആ മുഖത്ത് കണ്ണും നട്ടിരിപ്പാണ്. പത്തുവര്‍ഷം പഴക്കമുള്ള പച്ച ജാന്‍സ്പോര്‍ട്ട് ബാഗ് കസേരയിലേയ്ക്ക് വലിച്ചറിഞ്ഞ് ബാലന്‍ എല്ലാവരെയും ഒന്നു നോക്കി. എന്നിട്ട് വിഷണ്ണഭാവത്തോടെ പറഞ്ഞു.
"ഉച്ചക്ക് അവളെ ഒതുക്കത്തിലൊന്നു കിട്ടിയപ്പോ ഞാന്‍ കരുതി ഇതു തന്നെ ടൈം എന്ന്. പക്ഷേ, ഞാനാകെ നെര്‍വസ്സ് ആയിരുന്നു. ഒരു തുടക്കം കിട്ടാന്‍ വേണ്ടി ആ കവിതയെ ഞാന്‍ കുറേ പൊക്കിപ്പറഞ്ഞു. അവള്‍ ചിരിച്ചു. എനിക്ക് ആവേശമായി. റൂട്ട് ഒന്നൂടൊന്നു ക്ളിയറാക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു, 'ഇയ്യാളാണ് ഇതെഴുതിയതെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. സത്യം പറ, ഇതെങ്ങനെ ഒപ്പിച്ചു?' എന്ന് ..." ബാലന്‍ ഒന്നു നിര്‍ത്തി, നിരാശയുടെ മുകുളങ്ങള്‍ കുറേയെണ്ണം കൂടി ആ മുഖത്ത് മുളച്ച്, വിരിഞ്ഞ്, പൊഴിഞ്ഞു വീണു.
"അപ്പോ...?", സംഘത്തിന് ആകാംക്ഷ സഹിക്കാനായില്ല.
"അവളുടെ മറുപടി എന്‍റെ ചങ്കിലാണ് കൊണ്ടത്, 'അയ്യോ, അത് പുതിയ ഒരു സിനിമയിലെയാ, കണ്ണകി. വരികള്‍ക്കൊക്കെ നല്ല ഭാവം, കേള്‍ക്കാന്‍ നല്ല ഇമ്പമുള്ള ട്യൂണ്‍. എനിക്ക് വളരേ ഇഷ്ടായി, അതാ ഡയറിയില്‍ അത് എഴുതി വെച്ചേ...'"
ഒരു നിമിഷം അന്തം വിട്ടു നിന്ന സംഘത്തില്‍ നിന്നും മാലപ്പടക്കം പൊട്ടിയ കണക്കെ പൊട്ടിച്ചിരി ഉയര്‍ന്നു. തലേന്ന് മെസ്സില്‍ പകുതി ബാക്കി വെച്ച പഴംപൊരിയെയും, രാത്രി നഷ്ടപ്പെടുത്തിയ പൊറോട്ട-ചിക്കനെയും, ഉറക്കത്തെയും, അതിലുപരി, യുഗയുഗാന്തരങ്ങളോളം നില നിന്നേക്കാവുന്ന സംഘം വക പീഢകളേയും മനസ്സിലോര്‍ത്ത് സ്വയം പ്‌രാകിക്കൊണ്ട് ബാലന്‍ ദൂരെ തെങ്ങിന്‍തലപ്പുകള്‍ക്കു മുകളിലൂടെ മറയുന്ന പ്രത്യാശയുടെ പകല്‍വെളിച്ചത്തെ നോക്കിനിന്നു. അവന്‍റെ ഉള്ളില്‍, തലേന്നു രാത്രി മോഹനകല്യാണിയില്‍ താന്‍ ചിട്ടപ്പെടുത്തിയ ആ വരികള്‍ അപ്പോള്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
"എന്നു വരും നീ... എന്നു വരും നീ...
എന്‍റെ കിനാപ്പന്തലില്‍...വെറുതേ...
എന്‍റെ കിനാപ്പന്തലില്‍..."
* * *
വാല്‍:
ബാലന്‍റെ കല്യാണം അടുത്ത മാസമാണ്. വധു ആരാണെന്നിനി പ്രത്യേകം പറയണ്ടല്ലോ, ല്ലേ? ;)
Monday, 7 July 2008
പെരുമഴക്കാലം
മഴ അതിശക്തിയായി പെയ്തുകൊണ്ടിരിക്കുകയായിരുന്നു. കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡിനെ തോടാക്കിക്കൊണ്ട് വെള്ളച്ചാലുകള്‍ കുത്തിപ്പാഞ്ഞൊഴുകുന്നു. ഇടയ്ക്ക് വീശുന്ന ശക്തിയായ കാറ്റിലുലഞ്ഞ് കാവടിയാടുന്ന മാവുകളും ഇടയ്ക്കിടെ വീഴുന്ന ഓലപ്പട്ടകളുടെ ശബ്ദവും ഇരുണ്ട മാനത്ത് പെരുമ്പറ കൊട്ടുന്ന ഇടിമുഴക്കവുമൊക്കെച്ചേര്‍ന്ന് പ്രകൃതി അതിന്‍റെ വശ്യതയാര്‍ന്ന ഒരു ദൃശ്യാവിഷ്കാരം അവിടെ മാളിയേക്കല്‍ ഹോസ്റ്റലിനു പുറത്ത് നടമാടിക്കൊണ്ടിരിക്കുന്നു.
എത്ര കണ്ടാലും മതിവരാത്തതെന്തെന്നു ചോദിച്ചാല്‍, ആനയെയും കടലിനെയും കൂടാതെ മഴ എന്നു കൂടി ഒരു ഉത്തരം എന്നും മനസ്സിലുണ്ടായിരുന്നു. പുറത്ത് മഴ തകൃതിയായി പെയ്യുമ്പോള്‍, ശരീരത്തെ ചൂഴ്ന്നു കയറാന്‍ ശ്രമിക്കുന്ന തണുപ്പിന്‍റെ സൂചിക്കുത്തുകളെ വക വെക്കാതെ ഒരു ബര്‍മുഡയോ മുണ്ടോ മാത്രം ധരിച്ച്, വരാന്തയില്‍ "F6-ന്‍റെ സ്വന്തം കസേര" എന്നെഴുതിയ പ്ളാസ്റ്റിക് കസേരയും വലിച്ചിട്ട്, കാലു രണ്ടും പാരപെറ്റില്‍ വെച്ച് ചടഞ്ഞു കൂടിയിരിക്കുകയെന്നത് ഹോസ്റ്റല്‍ജീവിതത്തിലെ ഏറ്റവും നനുത്ത സുഖങ്ങളിലൊന്നായിരുന്നു. ടാര്‍ ചെയ്യാത്ത റോഡിലൂടെ പാഞ്ഞു പോകുന്ന "ന്യൂ ഇന്‍ഡ്യ"യും "ഫിഫാ പാലസു"മെല്ലാം ചേര്‍ന്ന് ചെമ്മണ്ണു പുതപ്പിച്ച് മൂടിവെക്കുന്ന തങ്ങളുടെ സൌന്ദര്യം, മഴവെള്ളം ഒഴുകിയിറങ്ങുന്നതോടെ പുറത്ത് വന്നു തുടങ്ങുമ്പോള്‍, വഴിവക്കിലെയും മറ്റും ശീമക്കൊന്നകളും, കശുമാവുകളും, തെങ്ങുകളുമെല്ലാം ആഹ്ളാദത്തില്‍ മതിമറന്ന് നീരാടാന്‍ തുടങ്ങും. പുറമെയുള്ള ചെമപ്പുനിറം മാഞ്ഞുപോയിത്തുടങ്ങുന്നതോടെ പച്ചപ്പിന്‍റെ സൌന്ദര്യമെന്തെന്ന് വിളിച്ചോതിക്കൊണ്ട് അവ ഊര്‍ജ്ജസ്വലതയോടെ ആടിയുലയും.
വിരിഞ്ഞാടുന്ന തെങ്ങിന്‍തലപ്പുകളുടെ കരിംപച്ചയും, അവയ്ക്കു പുറകില്‍, സൂര്യനെ മൂടിവെച്ച് സമയബോധത്തെ ദിശതെറ്റിക്കുന്ന ഇരുണ്ട മേഘങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ആകാശവും ചേര്‍ന്നു സൃഷ്ടിച്ചിരുന്ന ആ നിഗൂഢസൌന്ദര്യം എത്ര കണ്ടാലും മതിവരാത്ത ഒരു വിസ്മയമായിരുന്നു. മഴ കനത്തു തുടങ്ങുമ്പോള്‍, മുന്‍വശത്തെ പാടം വെള്ളം കൊണ്ട് നിറയും. പുഴയിലെ ചെറുദ്വീപുകളെന്ന വണ്ണം, ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന വരമ്പുകളില്‍ നട്ടിട്ടുള്ള തെങ്ങുകളും അവയുടെ പുറത്തുകാണുന്ന വേരുകള്‍ തീര്‍ക്കുന്ന പൊല്ലകളും മാത്രം അപ്പോള്‍ ആ പാടത്ത് പൊന്തി നില്‍ക്കുന്നതു കാണാം. പാടം നിറഞ്ഞൊഴുകുന്ന വെള്ളം മുന്‍വശത്തെ റോഡിനെ പുണര്‍ന്നു കൊണ്ട് ഹോസ്റ്റലിന്‍റെ പടിവാതില്‍ വരെ കയറി വരും. എന്നാല്‍ ഉയര്‍ന്നു നില്‍ക്കുന്ന വളപ്പിലേയ്ക്ക് കയറാന്‍ കഴിയാതെ വെള്ളച്ചാലുകള്‍ നിരാശയോടെ പിന്‍വാങ്ങുന്നതും വീണ്ടും അതിനായി ശ്രമിക്കുന്നതും കൌതുകമുണര്‍ത്തുന്ന ഒരു കാഴ്ചയായിരുന്നു.
മഴയുടെ ഹുങ്കാരം കൂടിവരുന്നതിനൊപ്പം ഹോസ്റ്റലില്‍ ആവേശത്തിന്‍റെ അലയടികളും ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. ഓരോരുത്തരായി പുറത്തേയ്ക്കു വന്ന് തോളില്‍ കയ്യിട്ട് നിരനിരയായി നിന്ന് മഴത്തുള്ളികളെ കയ്യിലെടുത്ത് അമ്മാനമാടി നോക്കുന്നുണ്ട്. ഒരു കയ്യില്‍ സോമര്‍വില്ലിയെയും താങ്ങിപ്പിടിച്ച് പുറത്തേക്ക് വന്ന നിഖില്‍ തന്‍റെ സ്വതസിദ്ധവും നിഷ്കളങ്കവുമായ മുറി-മലയാളത്തില്‍ മഴയെപ്പറ്റി എന്തോ ആവേശത്തോടെ പറയുന്നുണ്ട്. വരാന്തയുടെ അങ്ങേയറ്റത്ത് മടിയിലിരിക്കുന്ന "ജാവ അണ്‍ലീഷ്ഡ്"-നെ മുണ്ടു കൊണ്ട് മഴ നനയാതെ മൂടിവെച്ച്, പുട്ട് മാനം നോക്കിയിരിക്കുന്നു. അവിടെ F4-യില്‍ പിന്‍റോയുടെ കൂക്കുവിളി കേള്‍ക്കുന്നുണ്ട്. അടിയില്‍, കാടനെ ആരൊക്കെയോ ചേര്‍ന്ന് ചൊറിയുന്നുണ്ടെന്നു തോന്നുന്നു. ഇപ്പൊ തെറിവിളി കേള്‍ക്കാം.ഈ ആലന്‍ ഇതു വരെ എണീറ്റില്ലേ?
"എടാ ആലാ.. മ*$&%#..." ...
"എന്താടാ %^$#$%"...
"ഇവടെ വാടാ.."
F5-ന്‍റെ കവാടത്തില്‍ പുള്ളിനിക്കറിട്ട ആലന്‍റെ ദിവ്യരൂപം തെളിഞ്ഞു വന്നു. ഉറക്കം നഷ്ടപ്പെട്ട അവന്‍റെ പകുതിയടഞ്ഞ കണ്ണുകളില്‍ കളിപ്പാട്ടം കളഞ്ഞു പോയ ഒരു കുഞ്ഞിന്‍റെ ദൈന്യതയായിരുന്നു. പ്രേം അവനെ വലിച്ചു കൊണ്ട് വന്ന് കസേരയിലിരുത്തി.
"നീ മഴ കണ്ടില്ലേ?"
ആലന്‍ എന്നെ രൂക്ഷമായൊന്നു നോക്കി. ഇതു പറയാനാണോ പുന്നാരമോനേ നീ എന്നെ വിളിച്ചു വരുത്തിയതെന്ന ഭാവത്തില്‍. ഞാനതു കണ്ടില്ലെന്നു നടിച്ചു. ആലനെ ചൊറിയുക എന്നത് പണ്ടും ഒരു വിനോദമായിരുന്നല്ലോ.
തോരാനൊരു ഭാവവുമില്ലാതെ പെയ്തു കൊണ്ടിരിക്കുന്ന മഴയെ നോക്കിയിരുന്ന ആലന്‍റെ ഭാവം പതിയെ മാറുന്നുണ്ടായിരുന്നു. അലസതയില്‍ തുടങ്ങി, ആശങ്കയുടെ സങ്കീര്‍ണ്ണമായ മേഖലകളിലൂടെ സഞ്ചരിച്ച്, നിസ്സംഗതയുടെ ഒരു പ്രത്യേക അവസ്ഥയിലെത്തി ആ ഭാവമാറ്റം അവസാനിച്ചു.
ഇടയ്ക്കിടെ ആഞ്ഞടിക്കുന്ന കാറ്റില്‍ "ശീതന്‍" മുഖത്ത് തട്ടിയുടയുന്നുണ്ടായിരുനു. പക്ഷേ, തുടച്ചുകളയാന്‍ മനസ്സു വരുന്നില്ല. മുഖത്ത് കൂടിനില്‍ക്കുന്ന വെള്ളത്തുള്ളികളെല്ലാം ചേര്‍ന്ന് ഇരുപുരികങ്ങള്‍ക്കുമിടയിലൂടെ ഒരു നീര്‍ച്ചാലായി രൂപം കൊണ്ട്, മുഖത്തുകൂടെ ഒഴുകി ചുണ്ടിലെത്തിച്ചേരുമ്പോള്‍, ശുദ്ധമായ മഴവെള്ളത്തിന്‍റെ നനുത്ത സ്വാദ് ബോധമണ്ഡലത്തെ തൊട്ടുണര്‍ത്തുന്നത് വല്ലാത്തൊരു സുഖമായിരുന്നു.
മഴയത്ത് കുടയുമെടുത്ത്, നനഞ്ഞു കൊണ്ട് പുറത്തേയ്ക്ക് പോയവരാരോ അടിയിലെത്തി വിളിച്ചു പറഞ്ഞു. "കുറ്റിക്കാട്ടൂരാകെ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. റോഡില്‍ അരപ്പൊക്കത്തില്‍ വെള്ളം നിറഞ്ഞിരിക്കുന്നു."
രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ദൂരെയെവിടെയോ ഏതോ ബണ്ട് പൊട്ടിയിട്ടുണ്ട്. അതാണത്രെ കുറ്റിക്കാട്ടൂരില്‍ വെള്ളംകയറാന്‍ കാരണം. ഏതായാലുമൊന്നു പോയി നോക്കാന്‍ നിശ്ചയിച്ച് ആലനേം കുത്തിപ്പൊക്കി പുറത്തേക്കിറങ്ങി. മഴയ്ക്കൊരു കുറവുമില്ല. എന്നാലും മനുഷ്യന്‍റെ കൌതുകത്തെ തടയാന്‍ കഴിവില്ലാത്ത മഴയെ ഗൌനിക്കാതെ പുറത്തിറങ്ങിയപ്പോള്‍, റോഡിലൂടെ മുണ്ടും പോക്കിപ്പിടിച്ച് കാലുകള്‍ വലിച്ചു വലിച്ച് നടന്നു നീങ്ങുന്ന കുറേപ്പേരെ കണ്ടു. അവരുടെ പാത പിന്തുടര്‍ന്ന് നീങ്ങുമ്പോള്‍ ലേശം പേടിയും ഉള്ളിലുണ്ടായിരുന്നു. റോഡിന്‍റെ വശത്തുള്ള പാടത്തൊക്കെ പാമ്പിനേം കീരിയെയുമൊക്കെ കാണുന്നത് സര്‍വ്വസാധാരണമായ സമയത്ത്, അരയ്ക്കു കീഴെ "എക്സ്പോസ്ഡ്" ആയി ഇങ്ങനെ വെള്ളത്തില്‍ നീങ്ങുന്നത് അത്ര പന്തിയല്ല. പ്രത്യേകിച്ച് അവയുടെ ആവാസസ്ഥാനങ്ങളാകെ മഴ തകര്‍ത്തിരിക്കുന്ന അവസ്ഥയില്‍. എന്തായാലും അതൊന്നും ഇപ്പൊ ഓര്‍ക്കാത്തിരിക്കുന്നതാണ് നല്ലതെന്നു തോന്നി.
കുറ്റിക്കാട്ടൂരെത്തിയപ്പോള്‍ കണ്ട കാഴ്ച വല്ലാത്തതായിരുന്നു. ടൌണാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. മൂന്നും നാലും തവണ മണ്ണിട്ടുയര്‍ത്തി ടാര്‍ ചെയ്ത മാവൂര്‍റോഡിന്‍റെ തരി പോലും പുറത്തു കാണാനില്ല. കടകളൊന്നും തുറന്നിട്ടില്ല, തുറന്നിട്ട് കാര്യവുമില്ലെന്നു തോന്നുന്നു, സാധനങ്ങളൊക്കെ വെള്ളം കയറി നശിച്ചു കാണണം. ഒന്നു രണ്ട് കടകളൊക്കെ തുറന്നിട്ടുണ്ട്. നശിച്ചുപോയ സാധനങ്ങള്‍ നോക്കി നിരാശയോടെ നില്‍ക്കുന്ന കടക്കാരെക്കണ്ടപ്പോള്‍ വിഷമം തോന്നാതിരുന്നില്ല. സെന്‍ററിനടുത്ത് കുടില്‍കെട്ടി താമസിച്ചിരുന്ന തമിഴന്മാരുടെ കൂരകള്‍ മുഴുവനും വെള്ളത്തില്‍ നാശമായിപ്പോയിരിക്കുന്നു. അവിടെ കളക്ടറോ മറ്റോ വന്നിട്ടുണ്ടെന്നോ നാശനഷ്ടങ്ങളുടെ കണക്കെടുക്കുകയാണെന്നോ ഒക്കെ പറയുന്നതു കേട്ടു.കുറച്ചു നേരം അവിടെ ചുറ്റിയ ശേഷം തിരിച്ചു ഹോസ്റ്റലിലേയ്ക്ക് പോന്നു. അപ്പോഴേയ്ക്കും മഴ കൊണ്ട് ദേഹമാസകലം നനഞ്ഞു കുതിര്‍ന്നിരുന്നു. ഒട്ടിയിരിക്കുന്ന ഷര്‍ട്ടില്‍ വീണ്ടും മഴവെള്ളം വീഴുമ്പോഴുണ്ടാകുന്ന സുഖമുള്ള ആ അസ്വസ്ഥതയെ ആസ്വദിച്ചു കൊണ്ട് തിരിച്ച് പോരവേ മഴയുടെ ശക്തി കുറഞ്ഞു വരുന്നതായി തോന്നി.
വൈകുന്നേരമായപ്പോഴേക്കും മഴ ശമിച്ചു. രൌദ്രഭാവത്തില്‍ ആടിയുറഞ്ഞ് താണ്ഡവമാടിയ വൃക്ഷങ്ങള്‍ ശാന്തമായി നില കൊണ്ടു. ഒടിഞ്ഞു വീണ മരക്കൊമ്പുകളും ഓലപ്പട്ടകളും കടപ്ളാവിന്‍റെ വലിയ ഇലകളും ചേര്‍ന്ന് ചുറ്റുപാടുമുള്ള തൊടികള്‍ക്ക് അപൂര്‍വ്വമായ ഒരു ഭീകരതയും അപരിചിതത്വവും സൃഷ്ടിച്ചു. കാറ്റില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്ന ചില കശുമാവുകള്‍ ചെരിഞ്ഞ് നിലംപറ്റാറായി നില്‍പ്പുണ്ട്. ശീമക്കൊന്നകളുടെയും മറ്റു ചെറുമരങ്ങളുടെയും കൊമ്പുകള്‍ക്ക് കാറ്റിന്‍റെ സംഹാരശക്തിയില്‍ കാര്യമായ രൂപമാറ്റം സംഭവിച്ചിരിക്കുന്നു. നനഞ്ഞുകുതിര്‍ന്ന ചിറകുകള്‍ കുടഞ്ഞുണക്കിക്കൊണ്ട് കാക്കകളും ചെമ്പോത്തുകളും മരക്കൊമ്പുകളില്‍ ചേക്കേറിക്കഴിഞ്ഞു.
പൊഴിഞ്ഞു വീണ ഇലകള്‍ക്കിടയില്‍ നിന്നും മാങ്ങകള്‍ പെറുക്കാന്‍ ഓടി നടക്കുന്ന കുട്ടികളെ ജനലിലൂടെ നോക്കിക്കൊണ്ട് വസ്ത്രം മാറുമ്പോളാണ് രണ്ടുമൂന്നു ദിവസത്തേയ്ക്ക് ക്ളാസ്സുണ്ടാവില്ലെന്ന അപ്ഡേറ്റുമായി പ്രേം വന്നത്. "നന്നായി, ഈ ക്ളൈമറ്റില്‍ ക്ളാസ്സിലിരിക്കുന്നതിലും സുഖം ഈ വരാന്ത തന്നെയാസ്റ്റാ.." എന്ന് ഉരുവിട്ട്, കുളിമുറിയില്‍ക്കേറി തണുത്തുറഞ്ഞ വെള്ളത്തില്‍ ഞാനൊരു നീണ്ട ഒരു കുളി പാസ്സാക്കി.
അത്താഴത്തിനു ശേഷം, കിടക്ക വിരിച്ച് തലചായ്ച്ചപ്പോള്‍, പുറത്ത് വീണ്ടും മഴ ചാറുന്നതിന്‍റെ ലക്ഷണങ്ങള്‍ കേട്ടു തുടങ്ങി. "ഇതൊരു നടയ്ക്ക് പോവുന്ന ലക്ഷണമില്ലാ..." എന്ന് പിറുപിറുത്ത് പ്രേം പുതപ്പിനടിയിലേയ്ക്ക് പിന്‍വാങ്ങിയതും, ശക്തിയായ ഒരു ഇടിമുഴക്കത്തോടെ മഴ കോരിച്ചൊരിഞ്ഞതും ഒന്നിച്ചായിരുന്നു. ആദ്യമൊന്നു മടിച്ചെങ്കിലും ഇരുട്ടില്‍ നിന്ന് മഴയുടെ നാദത്തെ മാത്രം ശ്രവിച്ചു കൊണ്ടിരിക്കുമ്പോഴുള്ള ആ സുഖത്തെ ഓര്‍ത്ത് ഒരു ബര്‍മുഡയും വലിച്ചു കേറ്റി വരാന്തയിലെത്തിയപ്പോള്‍, മങ്ങിയ വെളിച്ചത്തില്‍, അട്ടറവെള്ളത്തിന്‍റെ ശബ്ദത്തെ കാതോര്‍ത്ത്, ട്രേഡ്മാര്‍ക്ക് നിസ്സംഗതയോടെ, പുറത്തേയ്ക്കും നോക്കിക്കൊണ്ട് ആലന്‍ അവിടെ ഇരിപ്പുണ്ടായിരുന്നു.
Monday, 24 December 2007
ലാസ്റ്റ് പ്രണയം. ഇനി ഇല്യേ...!
വാട്ടെവര്‍ ഇറ്റീസ്..കാര്‍ഡ് കിട്ടി.. എനിക്കു മാത്രല്ല. ക്ളാസ്സില്‍ ഞങ്ങള്‍ അഞ്ചു-പത്തു പേര്‍ ഒരു ഗാങ്ങായിരുന്നു. അതിലെ പെണ്‍കിടാങ്ങളുടെ വകയായിരുന്നു ആ കാര്‍ഡുകള്‍. ആര്‍ച്ചീസ് ഭഗവതി നമ്മുടെ പോക്കറ്റിനു ചേര്‍ന്ന കമ്പനിയല്ലാതിരുന്നതിനാല്‍ അവിടെ കാണിക്കയിടല്‍ വളരെ കുറവായിരുന്നു, പെണ്‍സുഹൃത്തുക്കള്‍ക്ക് അതിലൊട്ടു പരിഭവോം ഇല്ലായിരുന്നു. നല്ല കുട്ടികള്‍!
അങ്ങനെ, എനിക്കു കിട്ടിയ കാര്‍ഡ് ഞാന്‍ തുറന്നു. കയ്യക്ഷരം കണ്ടാലറിയാം, ഇതാ മുന്‍ബെഞ്ചിലിരിക്കുന്ന കുട്ടിപ്പിശാശിന്‍റെയാണ്. സംഗതി അവളൊരു നാലുനാലരയടി പൊക്കത്തില്‍ രൂപം പൂണ്ടിട്ടുള്ള, ഉണ്ടക്കണ്ണിയും, തോളറ്റം വരെ മാത്രം നീണ്ട് പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കാര്‍കൂന്തലിനുടമയും ആയിരുന്നെങ്കില്ലും...കാണാന്‍ അത്ര മോശൊന്ന്വല്ലായിരുന്നു. അറ്റ്ലീസ്റ്റ് എനിക്ക് കാര്‍ഡൊക്കെ തന്നതല്ലേ. കൂട്ടത്തിലെ കിലുക്കാംപെട്ടി, എന്തു വളിപ്പു പറഞ്ഞാലും ആദ്യം കുറേ നേരം ചിരിക്കുകയും പിന്നെ സ്വകാര്യമായി വന്ന് കാര്യകാരണസഹിതം അര്‍ഥം മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ജന്‍മം. കോഴിക്കോടിന്‍റെ, സോറി, കോയിക്കോടിന്‍റെ തനിമലയാളത്തില് "യ്യാ പേപ്പര്‍ കീറിക്കാള്..", "ങ്ങള് ശെന്യാഴ്ച വന്നോള്‍ണ്ടീന്‍...", "ഓന് തീരെ വയ്യേനു.." എന്നൊക്കെ പറഞ്ഞ് ഞങ്ങളുടെ പാവം ആലപ്പുഴക്കാരന്‍ ആലനെ കണ്‍ഫ്യൂസ് ചെയ്യിച്ചവള്‍...
കാര്‍ഡ് ഞാന്‍ തുറന്നു. കൊള്ളാം... അഞ്ചുറുപ്പ്യേടെയാണെങ്കിലും ചിത്രപ്പണിയൊക്കെയുണ്ട്. എന്തോ എഴുതീട്ടുമുണ്ടല്ലൊ... എന്താദ്. ഇംഗ്ളീഷ് കൂട്ടക്ഷരമൊക്കെ വായിക്കാന്‍ പഠിച്ചു വരുന്നേ ഉള്ളൂ. "my heart is the best gift that anyone could have. may it be urs and always...". ഉം. ഹാര്‍ട്ട്..ഹാര്‍ട്ട് കൊറേ കേട്ട്‌ട്ട്ണ്ട്.. ഗിഫ്റ്റ് ..ഉം.... ഗിഫ്റ്റ്.. പിന്നെന്തൂട്ടാദ്... എന്താ ഈ "urs"... (ഞാനന്ന് ചാറ്റിങ്ങില്‍ ശിശുക്കുട്ടി ആയിരുന്നു, sms യുഗം വരുന്നേ ഉണ്ടായിരുന്നുമുള്ളൂ..) .. പിന്നെ കുബുദ്ധി വെച്ച് ചിന്തിച്ചപ്പൊ ഞെട്ടിപ്പോയി... ഇതിന്‍റെ അര്‍ഥം, ലവളെന്നെ കാതലിക്കിറേന്‍ എന്നല്ലേ....പടച്ചോനേ... മനസ്സിലെവിടെയോ അവളോട് എനിക്ക് എപ്പൊഴോ ഉണ്ടായിപ്പോയിരുന്ന ഒരു ഇദ്... ഞങ്ങളെല്ലാരുടെയും സൌഹൃദത്തിന്‍റെ കെട്ടുറപ്പിലും ആ വലയത്തിലും ഞാനറിയാതെ മറന്നു കളയാന്‍ ശ്രമിച്ച ആ ഇദ്... ആ ഇദല്ലേ ഇന്നീ കാര്‍ഡില്‍, ചങ്ങലക്കണ്ണി പോലെയുള്ള അവളുടെ കയ്യക്ഷരത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതും?? ?!! അപ്പോ കുട്ടിപ്പിശാശിനും "അദ്" ഉണ്ടായിരുന്നോ....??
ഒരിക്കല്‍ക്കൂടി ആ വരികള്‍ വായിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല... തുറന്നു വായിക്കണംന്നുണ്ട്..എന്നാല്‍ തുറക്കാന്‍ പറ്റുന്നില്ല. അതു പോക്കറ്റില്‍ തന്നെ വെച്ച് ഞാനവളെ പാളിയൊന്നു നോക്കി. അവളാണെങ്കില്‍ ദേ യാതൊരു ഭാവമാറ്റവുമില്ലാതെ പതിവു പോലെ, ഇന്‍സൈഡ് ചെയ്തു വന്നവരുടെ ഷര്‍ട്ട് വലിച്ച് പുറത്തിട്ടും, കണ്ടവരെയൊക്കെ നുള്ളിയും പാഞ്ഞു നടക്കുന്നു. ഹൊ, ഈ പെണ്‍കുട്ടികളുടെ ഒരു കാര്യം. എന്തൊരു ആക്ടിങ്ങ്. മനുഷ്യനിവിടെ നെഞ്ചു പൊള്ളീട്ട് നിക്കാമ്മേല..ഹും..
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ക്രിസ്‌മസ് അവധിക്കു മുന്‍പുള്ള അവസാനദിവസം. വൈകീട്ട് കോളേജ് വിടാന്‍ നേരായി. എനിക്ക് അവളോട് എന്തെങ്കിലുമൊക്കെ ചോദിക്കണമെന്നുണ്ട്. "എങ്ങനെ എവിടെ വെച്ച് എപ്പൊ ആണ് സ്മോളേ.. നിനക്കെന്നോട് ലവ്വായതെന്ന്..." പറ്റണില്ലാ... പ്ളസ് ടൂവില്‍ ജൂനിയര്‍ ക്ടാവ് മേഘയോട് മിണ്ടുമ്പോഴും, എക്സ്-ലവ് സുന്ദരിയോട് മിണ്ടുമ്പൊഴുമൊന്നും ഈ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ലല്ലൊ... ഛെ.. എനിക്ക് നാണക്കേട് തോന്നി.
അങ്ങനെ അന്ന് വൈകീട്ട്, ഏതൊരു പ്രാവശ്യത്തെയും പോലെ, കൂട്ടുകാരോടൊത്ത് അഞ്ചര മണിയ്ക്കുള്ള കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റിയിലേറി ഞാന്‍ തൃശൂരിലേക്കു മടങ്ങി. പോകുന്ന പോക്കിലെല്ലാം പോക്കറ്റിലിരുന്ന് ഹൃദയത്തില്‍ തപ്പു കൊട്ടുന്ന കാര്‍ഡിലെ വരികളായിരുന്നു മനസ്സില്‍. അപ്പോഴും ഒന്നൂടെ എടുത്ത് വായിക്കാന്‍ ധൈര്യം പോര. ഛെ, അവളോടൊന്ന് കണ്‍ഫേം ചെയ്തിട്ട് പോന്നാ മതിയായിരുന്നു. ഇതിപ്പൊ ഫോണ്‍ ചെയ്തൊക്കെ ചോദിക്കുന്നതില്‍ ഒരു ത്രില്ലില്ല. പറഞ്ഞിട്ടെന്താ, പോയ ബുദ്ധി എലിഫന്റ് പുള്ളിങ്ങ് നോ കമിങ്ങ്...
രാത്രി ഒമ്പതരയ്ക്ക് വണ്ടി തൃശൂരിലെത്തി. തൃപ്രയാറേക്കുള്ള ലാസ്റ്റ് ബസ്സ് പിടിക്കാന്‍ ചെട്ടിയങ്ങാടിയിലേക്ക് ഞാന്‍ ഓടിക്കിതച്ചെത്തി. ഭാഗ്യം വണ്ടി വരുന്നേ ഉള്ളൂ. വണ്ടി ഫുള്ളായിരുന്നു. എന്നാലും പിടിച്ചു തൂങ്ങി നിന്നു. തിരക്കു കുറച്ചു നേരമേ കാണൂ. ഒടുവില്‍ ചേര്‍പ്പിലെത്താറായപ്പൊ സീറ്റ് കിട്ടി. ബാഗൊക്കെ അടീലേക്ക് വെച്ച് ഞാന്‍ ഒന്നു സ്വസ്ഥമായി ഇരുന്നു. വീണ്ടും ഹാര്‍ട്ടില്‍ തപ്പു കൊട്ടല്‍... ഞാന്‍ പോക്കറ്റില്‍ നിന്ന് കാര്‍ഡ് പതിയെ എടുത്തു. തുറന്നു. "my beat is the best gift that anyone could have. may it be urs and always.." എന്ത്...!!!!! ഞാന്‍ വീണ്ടും വായിച്ചു. അതെ, beat തനെ.. അപ്പൊ ഹാര്‍ട്ടെവിടെ? കോഴിക്കോട് നിന്ന് തൃശൂരെത്തിയപ്പോഴേക്കും heart മാറി beat ആയോ... എന്‍റെ സര്‍വ്വ നാഡീഞരമ്പുകളും തളര്‍ന്നു... ഈശ്വരാ... ഇതു വേണ്ടായിരുന്നു. ഇത്രേം നേരം മോഹിപ്പിച്ചിട്ട്, ഇതിപ്പൊ ഒരു മാതിരി ഡാഷ് പണിയായിപ്പോയി. ക്ളാസ്സില്‍ വെച്ച് ഒന്നൂടെ ഒന്നു വായിക്കാനുള്ള ബോധം നീ എനിക്കു തന്നില്ലല്ലൊ... പണ്ട് പ്രേമടീച്ചര്‍ കൂട്ടക്ഷരം എഴുതാന്‍ പഠിപ്പിച്ചപ്പോ മര്യാദയ്ക്ക് പഠിച്ചാ മത്യായിരുന്നു...! കഷ്ടം! ഒരു പകല്‍സമയം കൊണ്ട് എന്തൊക്കെ പ്രതീക്ഷിച്ചു കൂട്ടി...!! എന്നാലും ഭാഗ്യായി, അവളോടൊന്നും പോയി ചോദിക്കാഞ്ഞത്. എല്ലാരും കൂടി എന്നെ വറുത്തെടുത്ത് വിളമ്പിയേനെ. ഒന്നും സംഭവിക്കാത്തതു പോലെ, പുറത്തു നിന്നും വീശുന്ന തണുത്ത കാറ്റും കൊണ്ട് പോക്കറ്റിലിട്ട കാര്‍ഡിനെ വെറുതെ ഒരു കൈ കൊണ്ട് ചേര്‍ത്തുപിടിച്ച്, ചെറിയൊരു നഷ്ടബോധത്തോടെ ഞാന്‍ പുറത്തേക്കും നോക്കിയിരുന്നു...
***
ബീറ്റിന്‍റെ കഥ:
തലേ ദിവസം മറ്റൊരു സുഹൃത്ത്, വീട്ടിലുണ്ടാക്കിയ പാല്‍പേഡ കൊണ്ടു വന്നിരുന്നു. ആക്രാന്തം മൂത്ത് എല്ലാരും കൂടെ കയ്യിട്ടു വാരി അതെല്ലാം ശടശടേന്ന് ഫിനിഷ് ചെയ്തു. ഞാനല്‍പ്പം വൈകിപ്പോയിരുന്നു. വന്നപ്പോള്‍ പാത്രം കാലി. ഞാന്‍ ചുറ്റും നോക്കി. കുട്ടിപ്പിശാശിന്‍റെ കയ്യില്‍ സംഭവം ഉണ്ട്. സിമ്പിളായി ചെന്നു ഞാനതു തട്ടിപ്പറിച്ച് ഓടാന്‍ നോക്കി, എവടെ, അവളാരാ മോള്... ഞാന്‍ ഓടാന്‍ തിരിഞ്ഞതും, പുറം പള്ളിപ്പുറമാകുന്ന സൈസ് ഒരു വീക്കായിരുന്നു നടുമ്പുറത്തിന്‍റെ സെന്‍റര്‍ ഓഫ് അട്രാക്ഷനില്‍ത്തന്നെ എനിക്ക് കിട്ടിയത്... ഹോ!!! കോളേജ് മുഴുവനും ആ ശബ്ദം കേട്ടിട്ടുണ്ടാവും. ആ സംഭവമായിരുന്നു കാര്‍ഡെഴുതാന്‍ ലവള്‍ക്ക് പ്രചോദനമായത്... പക്ഷേ, ഉള്ളിലെപ്പൊഴോ എനിക്കുണ്ടായിരുന്നെന്നു മുമ്പ് പറഞ്ഞ ആ "ഇദി"ന്‍റെ ഫലമായായിരിക്കണം, എനിക്ക് beat-നു പകരം heart എന്ന് തോന്നാന്‍ കാരണം..ഹാ.. എന്തു ചെയ്യാന്‍.. പോയില്ലേ..!
***
വാല്‍:
ഒരു കുഞ്ഞി കാര്യം കൂടി... വരുന്ന മെയ്മാസത്തില്‍ ഞങ്ങളുടെ വിവാഹമാണ്. അനുഗ്രഹിക്കണം...! :)
Monday, 9 July 2007
കുറ്റിക്കാട്ടൂരിന്‍റെ മണ്ണില്‍
കാട്ടുപോത്തിനെക്കാണാന്‍ മൃഗശാലയില്‍ച്ചെന്നിട്ട്, പോത്ത് തിരിഞ്ഞു നിന്നു തന്നാലുണ്ടാവുന്ന അവസ്ഥയായിരുന്നു കുന്നിന്‍മുകളിലെ കാഴ്ച. പുറം തിരിഞ്ഞു നില്‍ക്കുന്ന പോലെ ഒരു മൂന്നു നില കെട്ടിടം. ഇതെന്തു കൂത്ത്, ഇതിന്‍റെ മുന്‍ഭാഗം എവടെ, അപ്രത്തെ കൊക്കയുടെ സൈഡിലൂടെ ഊഞ്ഞാലില്‍ തൂങ്ങിയാണോ കേറണ്ടി വരിക എന്നൊക്കെ വെറുതെ ചിന്തിച്ച് ബോറടിച്ച് ഞനതിന്‍റെ ഉള്ളിലേക്ക് കയറി.
ഇനിയൊരു നാലു വര്‍ഷത്തേക്ക് ഞാന്‍ ചുമ്മാ അലഞ്ഞു തിരിഞ്ഞു നടക്കേണ്ട ക്ളാസ്സ്മുറികളും ക്യാമ്പസും (അവിടെ പഠിച്ചവര്‍ ക്ഷമിക്കുക, കോളേജിന്‍റെ ചുറ്റുപാടുമുള്ള ഭൂപ്രദേശത്തെ അങ്ങനെ വിളിക്കുന്നത് ക്യാമ്പസുകള്‍ക്കൊരു നാണക്കേടാണെന്നറിയാം, പക്ഷേ, കൊതുകിനുമില്ലേ ഇഷ്ടാ മറ്റേപ്രശ്നം... ;) ) ഒക്കെ ചുറ്റിനടന്നു. വൈകീട്ടായപ്പോളേക്കും പട്ടയില്‍ക്കുന്നിന്‍റെ താഴെയുള്ള മാളിയേക്കല്‍ ഹോസ്റ്റലിലേക്ക് അവിടെ വന്നു ചേര്‍ന്ന കുഞ്ഞാടുകളെയെല്ലാം അഡ്മിറ്റ് ചെയ്തു.
അവിടെ നിന്നുമാണ് ചരിത്രം തുടങ്ങുന്നത്. വന്നു ചേര്‍ന്ന ആട്ടിന്‍കുട്ടികളെയും കാളക്കൂറ്റന്‍മാരെയും കുറുക്കന്‍മാരെയും കടുവകളെയുമെല്ലാം അവിടെ നിന്നിരുന്ന ശിങ്കിടികള്‍ കൊക്കയുടെ സൈഡിലുണ്ടാക്കിയ വര്‍ക്ക് ഷോപ്പില്‍ തയ്യാറാക്കിയ വേദിയിലേക്കാനയിച്ചു. അവിടെ വച്ച് ഒരു പാട് വലിയ ആത്മാക്കളുടെ ഇടയീല്‍ വെച്ച് ആരൊല്ലെയോ എന്തൊക്കെയോ പ്രഖ്യാപനങ്ങളും നടത്തി. ശരി, എല്ലാം കേട്ടപ്പൊ ഹയര്‍ ഓപ്ഷനും കട്ടു ചെയ്യാന്‍ ഞാനങ്ങോട്ട് ഡിസൈഡഡ്‌ഡ്‌ഡ്‌ഡ്‌ഡ്. (പതുക്കെപ്പറയട്ടെ, ഓന്തോടിയാല്‍ വേലി വരെ എന്നറിയാവുന്നതോണ്ട് "ഓടണ്ട" എന്നൊരു തീരുമാനമെടുത്തെന്നേയുള്ളൂ) ;)
വൈകീട്ടു മലയിറങ്ങി, താഴ്വാരത്തെ ഹോസ്റ്റലില്‍ എല്ലാ കന്നുകളും മുളഞ്ഞു. അവിടെ വച്ച് തഫു എന്ന, ഭാവിയില്‍ വലിയ ഇനമാണെന്ന് ഞാന്‍ മനസ്സിലാക്കിയ, ഒരു സീധാ സാധാ ആദ്മിയെക്കണ്ടു. "ഓരങ്ങനെ പലതും പറയും. പഷേ, ഇങ്ങളതൊന്നും കാര്യാക്കണ്ടാ. അതൊന്നും നടക്കൂലാന്ന്" എന്നൊക്കെ ചില അഡ്മിഷന്‍ കിട്ടാത്തോരോടു പറയണ കേട്ടു. ഇടപെട്ട് അടിവാങ്ങുന്ന ശീലം കുറച്ചു നാളേക്കു മാറ്റി വെച്ചിരുന്നതിനാല്‍ കൂടുതല്‍ അലമ്പിനു പോവാതെ രണ്ടു നില ഹോസ്റ്റലിന്‍റെ മോളിലെ മൂലയിലെ ഫ്ളാറ്റില്‍ (തെറ്റിദ്ധരിക്കല്ലേ, രണ്ടു റൂമിലും ഒരു വരാന്ത പോലത്തെ കിച്ചണിലും കൂടി ഏഴാളാണു താമസം തുടങ്ങിയത്) കിട്ടിയ കട്ടിലിന്‍റെ മോളിലേക്ക് പെട്ടിയും കുണ്ടാമണ്ടികളും വലിച്ചെറിഞ്ഞ് കുത്തിയിരുന്നപ്പൊ, കൊന്നത്തെങ്ങിന്‍റെ പൊക്കത്തിലുള്ളൊരുത്തന്‍ വന്നു കൈ തന്നു,
"എന്താ പേര്?"
"പ്രേമന്‍, നമ്മടെയോ?"
പേരും അച്ഛന്‍റെ പേരും വീട്ടുപേരും ചേര്‍ത്ത് നീട്ടിപ്പറഞ്ഞ് അവനെ കണ്‍ഫ്യൂഷന്‍റെ പരമാനന്ദത്തിലേക്ക് പറഞ്ഞയച്ച ശേഷം മുറിയുടെ ജനലു തുറന്നു നോക്കി. ഹോസ്റ്റല്‍കെട്ടിടത്തോടു ചേര്‍ന്നു നില്‍ക്കുന്ന അപ്പുറത്തെ വീട്ടിലെ ഉമ്മറത്തെ പടികളില്‍ നല്ല നയനാനന്തകരമായ കാഴ്ചകള്‍. കോഴിക്കോടിനെപ്പറ്റി കേട്ടപ്പോള്‍ ലിമ്പുവും പടുവും രാമഡുവുമൊക്കെ തന്ന മറ്റേ ഉപദേശങ്ങളെ തല്‍ക്കാലം ഞാന്‍ മാറ്റി വെച്ചു. കോഴിക്കോട് ഈസ് ബ്യൂട്ടിഫുള്‍ മോനേ, എന്ന് മനസ്സില്‍പ്പറഞ്ഞു. അതു കേട്ടീട്ടാവൂല്ലെന്നെനിക്കൊറപ്പാണ്, പടികളിരുന്ന പഞ്ചവര്‍ണ്ണക്കിളികളെപ്പിന്നെക്കണ്ടില്ല. ആ, നമ്മളിവിടൊക്കെത്തന്നെക്കാണുമെന്ന ഒരു അഹങ്കാരത്തോടെ, ലാലു അലക്സ് സ്റ്റൈലിലൊന്നു ചിരിച്ച് ഞാന്‍ ജനലടച്ചു. മിട്ടായിത്തെരുവിലെ മൊയ്തീന്‍പള്ളിയോടു തൊട്ടു നിക്കുന്ന കടയില്‍ നിന്നും വാങ്ങിയ കോസടിയും തലയിണയും കട്ടിലില്‍ നിവര്‍ത്തി വെച്ചു. സാധനങ്ങളൊക്കെ ആവുമ്പോലെയൊക്കെ അടുക്കി വെച്ചു. വിറ്റ്കോ-യില്‍ നിന്നും വാങ്ങിയ വി.ഐ.പി-യുടെ പെട്ടി അടി ഉരഞ്ഞ് ആനവണ്ടീടെ സൈഡ് പോലെ ആവാതിരിക്കാന്‍, അവിടെ നിന്നു തന്നെ വാങ്ങിയ, പട്ടാളക്കാര്ടെ പോലത്തെ പെട്ടിക്കവറിട്ടു കൊടുത്ത്, ഒരടി പൊക്കമുള്ള ഉരുക്കുകട്ടിലിന്‍റെ അടിയിലേക്കു തള്ളി വെച്ചു. ബക്കറ്റും കപ്പുമൊക്കെ റൂമില്‍തന്നെ വെച്ചു. "ആ, ഇനിയൊക്കെ എനിക്ക് തോന്നുമ്പൊ ചെയ്യു"മെന്ന് സ്വയം പറഞ്ഞ് ഞാനെന്‍റെ കോസടിയിലേക്കു ചെരിഞ്ഞു. അപ്പൊ മൂന്നാമത്തെ അന്തേവാസിയായ രണ്ടാമത്തെ കൊന്നത്തടിക്കാരന്‍ അവിടെ വന്നു. ലവനെ ഞാന്‍ വന്നപ്പഴേ പരിചയപ്പെട്ടതാണ്. ഇവറ്റോള്‍ക്കൊക്കെ എന്താ ഈ പൊക്കംന്ന് വെച്ച് എനിക്ക് അസൂയ വന്നു. അപ്പഴേ പറഞ്ഞതാ എനിക്ക് ഹോര്‍ലിക്സ് വാങ്ങിത്തരാന്‍. ഇനിപ്പൊ പറഞ്ഞിട്ടെന്താ എന്നാലോചിച്ച് അവമ്മാര്ടെ പൊക്കമൊക്കെ ചോദിച്ച് നിര്‍വൃതിയടഞ്ഞു. "എനിക്കും വെക്കൂടാ പൊക്കം, എന്‍റെ മുന്നില് മൂന്നു കൊല്ലണ്ട്. ഒരു മൂന്നിഞ്ചൊക്കെ എന്തായാലും കൂടും"ന്ന് മനസ്സില്‍പ്പറഞ്ഞ്, അടുത്ത രണ്ടു ദിവസമായ ശനീം ഞായറും അതു കഴിഞ്ഞാ കോളേജില് പൂവലുമൊക്കെ ആലോചിച്ച്, ഞാന്‍ പുറത്തു പോയി ഒരു കസേരയില്‍ ഇരുന്നു. ആറരയോടെ മഗ്‌രിബിനുള്ള ബാങ്കു വിളി കേട്ടപ്പോളാണ് തൊട്ടടുത്തൊരു പള്ളിയുണ്ടെന്നറീഞ്ഞത്. ലോറിയില്‍ നിന്ന് ബേബിമെറ്റലിറക്കുന്ന പോലത്തെ ശബ്ദത്തില്‍ ഒരു അപ്പൂപ്പന്‍റെ ശബ്ദം. പാവം.
ഏഴരയോടേ അത്താഴത്തിന് മേലോട്ട് പോയി, തെറ്റിദ്ധരിക്കണ്ട. ടെറസ്സില്‍, ഷീറ്റിട്ടു മറച്ച മെസ്സ്. കൊള്ളാം. ചുറ്റും നെറ്റ് മാത്രമേ അടിച്ചിട്ടുള്ളൂ, റോഡ് മൊത്തമായി കാണാം. അതെനിക്കു വളരേ വളരേ ഇഷ്ടമായി. കഴിമ്പ്രത്ത്, ശാന്തേട്ടന്‍റെ പൂട്ടിപ്പോയ പഴയ ഐസുകടയുടെ മുന്നിലും, സ്കൂള്‍കുട്ടികള്‍ ലേഡി ബേഡ് കൊണ്ടു വെക്കുന്ന പടുവിന്‍റെ പറമ്പിലും, ഒരു നാലു നാലര നേരത്ത് റോഡിലേക്കും നോക്കി കുത്തിയിരുന്നിരുന്നതും മനസ്സിലോര്‍ത്ത്, മലബാറിന്‍റെ തനതായ (പേരറിയാഞ്ഞിട്ടല്ല, തോരന്‍, അല്ല, കാളന്‍, അല്ല സാമ്പാറ്, ശ്ശൊ, ഇപ്പത്തന്നെ ഓര്‍മ്മേണ്ടാര്‍ന്ന്) ഒന്നു രണ്ട് കറികളും കൂട്ടി അത്താഴിച്ച ശേഷം, മുറിയിലേക്ക് തിരിച്ചു വന്നു. അതിന്‍റെ ഇടയില്‍ കുറെപ്പേരെ പരിചയപ്പെട്ടു.
മുറിയില്‍ വന്ന്, വീട്ടില്‍ നിന്ന് കൊണ്ടു വന്ന കണസകുണുസകളെല്ലാം കൂടി, എനിക്കായി കൊണ്ടുവരപ്പെട്ട പച്ചക്കളര്‍ സ്റ്റീല്‍മേശയുടെ വലിപ്പില്‍ ഫില്‍ ചെയ്ത്, "കളേഴ്സ് കളേഴ്സ്" എന്ന് ഒച്ചയിടുന്ന മനസ്സിനെ "മിണ്ടാണ്ടിരിക്ക്‌റാ" എന്ന് പറഞ്ഞ് പേടിപ്പിച്ച്, എന്‍റെ കോഴിക്കോട്ടെ ആദ്യരാത്രിയുടെ മനോഹാരിതയിലേക്ക് ഞാന്‍ ഊളാക്കു കുത്തിയിറങ്ങി... ങുര്‍ര്‍ര്‍..ങുര്‍ര്‍ര്‍...
(തുടരുമായിരിക്കും...)
Thursday, 5 July 2007
കോയിക്കോട്ടേയ്ക്ക്
അച്ഛന്‍റെ സുഗ്രീവാജ്ഞയ്ക്കു മുമ്പില്‍ എന്‍റെ "മച്ച് എവൈറ്റെഡ്" പ്രീഡിഗി മോഹങ്ങള്‍, കരിമ്പന സിനിമയില്‍ ആദ്യരാത്രി കഴിഞ്ഞു വന്ന സീമയുടെ ബ്ളൌസു പോലെ ആയത് കുറച്ചൊന്നുമല്ല എനിക്ക് വിഷമമുണ്ടാക്കിയത്. ഒമ്പതു കൊല്ലത്തെ കഴിമ്പ്രം സ്കൂളിലെ പട്ടാളച്ചിട്ടക്കു കീഴിലെ ജീവിതത്തിനു ശേഷം, നാട്ടിക എസ്സെന്‍റെ ചൂടും ചൂരും അറിഞ്ഞു ഒന്നര്‍മ്മാദിക്കാനുള്ള എന്‍റെ മോഹങ്ങള്‍ കരിഞ്ഞുമലിഞ്ഞുമാശു ഇല്ലാതായ അന്ത തീരുമാനം മൂലം എസ്സെന്‍ കോളേജിന് ഒരു കുട്ടിസഖാവിനെ നഷ്ടപ്പെട്ട കരിദിനങ്ങളായിരുന്നു അവ.
സ്കൂള്‍ ജീവിതവുമായി യൂണിഫോമില്‍ മാത്രം വ്യത്യാസമുണ്ടായിരുന്ന കഴിമ്പ്രത്തെ തന്നെ പ്ളസ്ടു ജീവിതം. ജീവപര്യന്തം കഴിഞ്ഞു പോണവനോട് "നിക്ക്‌ട്ടാ, ഒരു രണ്ടു കൊല്ലം കൂടെ കഴിഞ്ഞിട്ടു പോവാ.." എന്നു പറഞ്ഞാലുള്ള അവസ്ഥയായിരുന്നു അന്നെനിയ്ക്കും സമാനപീഢനത്തിനു പാത്രമായ ചുറ്റുവട്ടത്തെ മറ്റു പുലികള്‍ക്കും. എന്തായാലും "ഉള്ളതു കൊണ്ടോണം പോലെ, പ്ളസ്ടുവെങ്കില്‍ പ്ളസ്ടു" എന്നു കരുതി, പീജേ ജോസപ്പിനെ ശപിച്ച് ഞാനവിടെ പഠനം തുടങ്ങി.
ആ കാലത്ത്, പ്ളസ്ടു കഴിഞ്ഞാലെന്ത് എന്നൊന്നും യാതൊരു ധാരണയുമില്ലാത്ത അവസ്ഥയാണ്. പ്ളസ്ടു കഴിഞ്ഞാല്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റില്‍ ഡിഗ്രീ, പീജീ അങ്ങനെ വിദൂരങ്ങളിലെവിടെയോ ഉള്ള എന്തൊക്കെയോ ആയിരുന്നു കേട്ടറിവ്. അല്ലെങ്കിലും അതൊന്നും നമ്മളെ അലട്ടുന്ന പ്രശ്നമായിരുന്നില്ലല്ലോ അന്ന്, ഏത്! പക്ഷേ...
കഴിമ്പ്രത്തിന്‍റെ(എന്ന്വച്ചാ, കഴിമ്പ്രം സ്കൂളിന്‍റെ) ഗ്ളാമര്‍ കോമ്പറ്റീഷനിലെ അന്നാട്ടിലെ മുഖ്യ എതിരാളികളായിരുന്ന ചെന്ത്രാപ്പിന്നി എസ്സെന്‍ വിദ്യാഭവനില്‍ പഠിച്ചിരുന്ന നമ്മടെ സ്വന്തം കസിനാണ് ഈ ലോകത്ത് "എന്‍ട്രന്‍സ്" എന്ന ഒരു കലാപരിപാടി വര്‍ഷാവര്‍ഷം കൊണ്ടാടപ്പെടുണ്ടെന്നും, സയന്‍സ് ഗ്രൂപ്പില്‍ പഠിക്കുന്ന എന്നെപ്പോലുള്ള ജീവികള്‍ ഇതൊക്കെ എഴുതുവാന്‍ വേണ്ടിയാണ് ജനിച്ചതെന്നുമൊക്കെ എന്നെ ധരിപ്പിച്ചത്. ആ, പോട്ട് പുല്ലെന്നും പറഞ്ഞ്, അച്ഛനും ഞാനും കൂടെ ഒരു ദിവസം എട്ടരയുടെ സീതുവില്‍ കേറി വെച്ചു പിടിച്ചു. എവിടേക്കാ, തൃശ്ശൂരേക്ക്..എന്തിനാ, ജയറാംസാറിനെ കാണണം, എന്‍ട്രന്‍സു പഠിക്കണം. അങ്ങനെ പഠിച്ചിട്ടും പഠിച്ചിട്ടും വെടി തീരാതെ ബാക്കിയുണ്ടായിരുന്ന ഞാന്‍ ഏതോ ഒരു സുപ്രഭാതത്തില്‍ എന്‍റെ അന്ത പുതിയ അങ്കവും തുടങ്ങി.
കാലത്തിന്‍റെ വണ്ടി ഷൂമാക്കറും അലോന്‍സോയും മാറി മാറി ഓടിച്ചിരുന്ന കാലമായിരുന്നു അത്. ആഴ്ചയില്‍ ആറു ദിവസവും ഒടുക്കത്തെ പ്ളസ്ടു ക്ളാസുണ്ടാകുമായിരുന്നു. രണ്ടാം ശനിയാഴ്ച മാത്രം അതിനെ "സ്പെഷല്‍" എന്ന ഓമനപ്പേരില്‍ വിളിച്ചു. എന്നെങ്കിലും ഞാന്‍ വിദ്യാഭ്യാസമന്ത്രി ആവുകയാണെങ്കില്‍ അന്ത ശനിയാഴ്ചക്ളാസ്സുകളെയും കൂടെപ്പിറന്ത സ്പെഷലിനെയും എടുത്ത് അറബിക്കടലില്‍ തട്ടുമെന്നു കരുതി രോഷമടക്കിയിരുന്ന ആ കാലത്താണ് ചൊറിച്ചിലു പോരാഞ്ഞിട്ട് ഞാന്‍ എല്ലാ ഞായറാഴ്ചയും ഏഴരയുടെ ശ്രീരാമിലേറി തൃശൂരു പോയി ജയറാംസാറിന്‍റെറ്റെയും മറ്റു സാറമ്മാരുടെയും (മാഷിനെ സാറെന്ന് ആദ്യമായി വിളിച്ചത് അവിടെയാണ്) വായിലിരിക്കുന്നത് കേള്‍ക്കാന്‍ തൃശ്ശൂര്-കോട്ടപ്പുറത്തെ ആ കടുവക്കൂട്ടിലേക്ക് കെട്ടിയെടുത്തിരുന്നത്.
എന്നാല്‍...
രണ്ടു വര്‍ഷത്തെ അതിഭീകര പ്രയത്നത്തിനു ശേഷം എന്‍ട്രന്‍സിന്‍റെ റിസല്‍റ്റു വന്നപ്പോള്‍ കഴിമ്പ്രം ഞെട്ടി. (വേളേക്കാട് തറവാട് ഞെട്ടി എന്നു തിരുത്തി വായിക്കാനപേക്ഷ). "നമ്മടെ ഫോണ്‍ നമ്പറെന്തൂട്ട്‌ണ്ടാ നിന്‍റെ നമ്പറിന്‍റെ നേരെ എഴ്ത്യേക്കണേ" എന്ന മട്ടിലുള്ള ചോദ്യങ്ങള്‍ ഉണ്ടാക്കിയ ഞെട്ടലില്‍ നിന്നും വിമുക്തനാവാനും അച്ഛനടക്കമുള്ള എന്‍റെ അഭ്യുദയകാംക്ഷികളെ വിമുക്തരാക്കാനും, തറവാട്ടിലെ ആസ്ഥാനപഠിപ്പിസ്റ്റെന്ന ദുഷ്പേരു വഹിച്ചിരുന്ന ഞാന്‍ അന്ന് ആ പുലര്‍ച്ചയ്ക്ക് "ഞാന്‍ പോളീല് ചേരാന്‍ പൂവാണ്" എന്നൊരു നയപ്രഖ്യാപനം നടത്തി. റ്റെക്നോളജിസ്റ്റും റ്റെക്നീഷ്യനും തമ്മില്‍ സ്പെല്ലിങ്ങില്‍ മാത്രമേ വ്യത്യാസമുണ്ടാവൂ എന്ന് അത്രയും കാലം തൃശൂരു പോയി വന്ന എന്‍റെ യാത്രാനുഭവജ്ഞാനം വെച്ച് ഞാന്‍ നിരൂപിച്ചു.
***
അങ്ങനെയൊരു ആഗസ്റ്റ് പുലരിയില്‍ തൃപ്രയാര്‍ ശ്രീരാമപോളിയില്‍ ഞാന്‍ കാലെടുത്തു വെച്ചു. നല്ല ക്യാമ്പസ്. കുറേ മരങ്ങള്‍, ഒടുക്കത്തെ വെയിലില്ല. പഴയ സ്റ്റൈലിലുള്ള കെട്ടിടങ്ങളും ക്ളാസ്സ്മുറികളും. സര്‍ക്കാര്‍സ്ഥാപനങ്ങളുടെ ഒരു തരം സുഖമുള്ള പേപ്പര്‍മണമുള്ള മുറികള്‍, അടക്കാനും തുറക്കാനും ശ്ശി കായികാധ്വാനമാവശ്യമുള്ള ഗമണ്ടന്‍ വാതിലുകളും ജനലുകളും..എന്തു കൊണ്ടും എനിക്കിഷ്ടമായി. ഇതു തന്നെ നമ്മുടെ ലോകം, ഞാന്‍ നിശ്ചയിച്ചു.
കാര്യങ്ങളെല്ലാം കുശാലായി മുന്നോട്ടു പോയി. റാഗിങ്ങും മറ്റുമെല്ലാം അതിന്‍റെ വഴിക്കു തകൃതിയായി നടന്നുകൊണ്ടിരുന്നു. പക്ഷേ, പൊതുവെ ഒരു സൌഹൃദാന്തരീക്ഷമായതിനാല്‍ ആകെപ്പാടെ മനസ്സിനു കുളിര്‍മ്മയുണ്ടായിരുന്ന ദിവസങ്ങളായിരുന്നു അവ. അതിനിടെ ഇലക്ഷന്‍ വന്നു. അന്നേ വരെ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രത്തെ (ഇവനാരെടാ എന്നു വിചാരിക്കരുത്, എന്‍റെ തറവാട് പാര്‍ട്ടി ആപ്പീസു പോലെയായിരുന്നു..) വെല്ലുവിളിച്ച് ഞാന്‍ മറ്റൊന്നില്‍ കൂടുകൂട്ടാന്‍ നോക്കി. ക്ളാസ്സ്‌റെപ്പായി മല്‍സരിച്ചു, സ്വതന്ത്രനായിട്ട്. 24-ഓളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഹായ്...സന്തോഷായി. എന്നാല്‍ രാഷ്ട്രീയത്തിന്‍റെ അനവസരത്തിലുള്ള ഇടപെടലുകളില്‍ എനിക്ക് ഭാഗഭാക്കാവാന്‍ കഴിയുമായിരുന്നില്ല. ഞാനത് ശക്തമായി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അങ്ങനെ ഞാനെന്‍റെ പഴയ ചിന്താഗതിയിലേക്ക് തിരിച്ചു പോയി.
ഇത്തരം ചെറിയ ചെറിയ ഗുലുമാലുകള്‍ക്കിടെ ഒന്നാം വര്‍ഷപരീക്ഷ വന്നു. പക്ഷേ, ആ സമയത്ത് എനിക്ക് പിന്നേം എന്‍ട്രന്‍സെഴുതണമെന്നൊരു ആഗ്രഹം കയറിക്കൂടി. മടിച്ചുമടിച്ചാണ് അന്ന് അച്ഛനോട് ആ ആഗ്രഹം പറഞ്ഞത്. പക്ഷേ അച്ഛന്‍ വളരെ നോര്‍മ്മലായി പ്രതികരിച്ചു. അവസാനം കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയാകരുതെന്നു മാത്രം ഒരു ഉപദേശം തന്നു. സൂപ്പര്‍...ഞാന്‍ വളരെ ഹാപ്പിയായി!
പിന്നെയുള്ള ഒരു മാസം അത്യുഗ്രന്‍ പഠിപ്പു പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കുറേ നോട്ടെല്ലാം അവിടന്നും ഇവിടന്നുമൊക്കെ സമ്പാദിച്ചു. ചിരിച്ചു കൊണ്ട് നമ്പൂതിരിഭാഷയില്‍ ഫിസിക്സ് പഠിപ്പിച്ചിരുന്ന ജയറാംസാറിനെയും, ചുമരില്‍ ചാരി നിന്ന്, കൈ പിന്നില്‍കെട്ടി, കാലാട്ടിക്കൊണ്ട്, സൌമ്യമായി പിതാവിന്‍റെ സുഖസൌകര്യമന്വേഷിക്കുന്ന രാധാകൃഷ്ണന്‍ സാറിനെയും, പിന്നെ നല്ല അസ്സല്‍ തൃശ്ശൂര്‍ഭാഷയില്‍ വൃത്തിയായി പാട്ടും പാടി കണക്കുക്ളാസ്സെടുത്തിരുന്ന അജിത്ത്‌രാജ സാറിനെയുമൊക്കെ മനസ്സില്‍ ധ്യാനിച്ച് പഴയ തൃശൂര്‍ ചരിതങ്ങളുടെ ബാക്കിപത്രങ്ങളും മറിച്ചു നോക്കാന്‍ തുടങ്ങി. തൃശ്ശൂരെ എന്‍ട്രന്‍സ് പുലി പീ.സി-യുടെ നോട്ടുകളും സംഘടിപ്പിച്ചു. വാഹ്, ക്യാ ബാത് ഥാ, എന്തൊരു ഒരുക്കമായിരുന്നു!!! അങ്ങനെ അന്ത വര്‍ഷത്തെ പരീക്ഷയില്‍ ഞാന്‍ ഒന്നൂടെ എന്‍റെ ഭാഗ്യം പരീക്ഷിച്ചു.
മാര്‍ക്കു വന്നപ്പോ, വിചാരിച്ചതിന്‍റെ ഏഴയലത്തെത്തിയില്ലെങ്കിലും ഒന്നു ഇടിച്ചു നിക്കാനുള്ള റാങ്ക് ഉണ്ടായിരുന്നതു കൊണ്ട് ഏതെങ്കിലുമൊരു കോളേജില്‍ അഡ്മിഷന്‍ കിട്ടുമെന്നൊരു വിശ്വാസം ബലപ്പെട്ടു കിട്ടി. ഇടുക്കി എഞ്ചിനീറിങ്ങ് കോളേജിലായിരുന്നു ആദ്യത്തെ അഡ്മിഷന്‍ കിട്ടിയത് (ഇപ്പൊ റാങ്കിനെപ്പറ്റി ഏകദേശധാരണ കിട്ടീലോ, ല്ലേ?). അതേത്തു രാജ്യത്താണെന്നൊക്കെ അന്വേഷിച്ചു പിടിച്ചു വന്നപ്പോത്തന്നെ ഊപ്പാടെളകിയിരുന്നു. ആരൊക്കെയോ പറഞ്ഞു, അവടത്തെ പഴയ ഒരു ആശുപത്രിയിലാണ് കോളേജ് ഇപ്പൊ നടക്കുന്നത്. എന്ത്!! ഹോസ്പത്രിയിലും കോളേജോ, ഇനി മെഡിക്കല്‍ കോളേജാണോ അന്ത മഹാന്‍ ഉദ്ദേശിച്ചതെന്നൊക്കെ എനിക്കു ഡൌട്ടടിച്ചു. ആ, എന്തു ഡാഷെങ്കിലുമാവട്ടേന്നു മനസ്സില്‍ കരുതിയിരിക്കുമ്പോഴാണ് വെളുപ്പിന് തൃപ്രയാറു നിന്നും കട്ടപ്പനക്കൊരു ബസ്സുണ്ടെന്നു ഞാനറിയുന്നത്. എന്ത്!, ഞാന്‍ പിന്നേം ഞെട്ടി. ഇതെന്തു കൂത്ത്, കഴിമ്പ്രത്തു നിന്നും കോവളത്തേക്ക് ബസ്സ് സര്‍വ്വീസു തുടങ്ങീന്നു പറഞ്ഞാലും ഞാന്‍ വിശ്വസിക്കും. എന്നാലിത്... പക്ഷേ, സംഗതി സത്യമായിരുന്നു. കടവുള്‍ജി, എന്നെ ഇടുക്കിയിലേക്കു പറിച്ചു നടാന്‍ നീങ്ക മനഃപൂര്‍വ്വം സെറ്റിങ്സ് നടത്തുകയാണോ, "സുഖമോ ദേവി"-യിലെപോലെ ഒരു കാമ്പസ് എന്ന എന്‍റെ സ്വപ്നത്തിന്‍റെ കതിരിന്‍മേല്‍ താങ്കള്‍ കുരുടാന്‍ അടിക്കുകയാണോ. എന്‍റെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി.
എന്തൊക്കെയായാലും കൂടുതല്‍ ഞെട്ടിരസിക്കാന്‍ അവസരം നല്‍കാതെ, അഡ്മിഷനു മുമ്പു തന്നെ എനിക്ക് കോഴിക്കോട്ടേക്ക് ഹയര്‍ ഓപ്ഷന്‍ കിട്ടി. ഏ.ഡബ്ളിയൂ.എഛ് എഞ്ചിനീറിങ്ങ് കോളേജ്... ടെന്‍ടെടേന്‍..!!!ഒരു മാതിരി പച്ചക്കറിക്കടയുടെ പേരു പോലെ ആദ്യം തോന്നിയെങ്കിലും, അന്വേഷിച്ചു പിടിച്ചു വന്നപ്പൊ സംഗതി കൊള്ളാമെന്നു തോന്നി. കോളേജ് പുതുതായി തുടങ്ങുന്നതാണ് എന്ന ഒരു പ്രസ്താവന എനിക്കങ്ങോട്ട് ദഹിച്ചില്ലെങ്കിലും ആവശ്യക്കാരനു ഔചിത്യമില്ലെന്ന് പണ്ടാരോ പറഞ്ഞതു കൊണ്ടു മാത്രം പാവപ്പെട്ട ഞാന്‍ ക്ഷമിച്ചു. പിന്നെ, കട്ടപ്പന എന്നതിനേക്കാള്‍ കേള്‍ക്കാന്‍ സുഖം കാലിക്കറ്റ് തന്നെ എന്നും ഞാനങ്ങോട്ട് ഉറപ്പിച്ചു. അങ്ങനെയങ്ങനെ, എഞ്ചിനീറിങ്ങ് മോഹങ്ങള്‍ക്ക് പച്ചഷേഡും, സ്വപ്നങ്ങളുടെ ബാക്ഗ്രൌണ്ടുകള്‍ക്ക് ഒപ്പനമ്യൂസിക്കുമായി നവമ്പര്‍ മാസത്തെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ഞാന്‍ പിതൃസമേതം കോഴിക്കോട് നഗരത്തില്‍ നിന്നും പത്തുപന്ത്രണ്ടു കി.മീ. കിഴക്കുള്ള കുറ്റിക്കാട്ടൂര്‍ ഗ്രാമത്തിനു അഞ്ചാറു ഫര്‍ലോങ്ങ് തെക്ക് സ്ഥിതി ചെയ്യുന്ന പട്ടയില്‍കുന്നെന്ന മൊട്ടക്കുന്നില്‍, പണിതിട്ടും പണിതിട്ടും പണി തീരാത്ത അന്ത സ്ഥാപനത്തില്‍ കാലെടുത്തു കുത്തി.
(തുടരാം, തുടരാതിരിക്കാം. മന്സമ്മാരെ കാര്യല്ലെ കോയാ, ഇന്നാട്ടില് ആരേം ബിസ്സൊസിക്കാന്‍ പറ്റൂലാന്ന്.. ;) )
ചെറിയ ഹൈക്കും വലിയ നടത്തവും
2022 നടത്തങ്ങളുടെ കൊല്ലമായിരുന്നു. കൊറോണ കെട്ടിവീട്ടിലിരുത്തിയതിന്റെ ബോറടിയും, കഴിഞ്ഞ കോഴിദിനത്തിനു ഭാര്യ സമ്മാനിച്ച വാച്ചിലെ എക്സർസൈസ് ചല...
-
രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്‍റെ മുഖഭാവത്തോടെയാണ് അന്ന് വൈകീട്ട് ബാലന്‍ ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യ...
-
പക്വത വരാത്ത പ്രായത്തില്‍, ഒരു ബാലരമ വാങ്ങാന്‍ പോവാന്‍ വരെ അച്ഛന്‍റെ/അമ്മയുടെ കാശ് മാത്രമല്ല, അവരുടെ അകമ്പടി വരെ ആവശ്യമുള്ള ചെറുപ്പകാലങ്ങളില...
-
"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..." ദാസേട്ടന് ഉറക്കെപ്പറഞ്ഞു. "ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ...