തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ സന്തോഷം പകരുന്നതാണ് എഞ്ചിനീറിങ്ങ് കോളേജ് ജീവിതം. അതെഴുതാനാണിരുന്നതും. പക്ഷേ, അതിലേക്കെത്തിയ വഴി പറയാതെ അങ്ങോട്ട് പോവാന്‍ മനസ്സു വരാത്തതിനാല്‍ ജീവിതത്തിന്‍റെ റ്റേണിങ്ങ് പോയിന്‍റെന്നു തോന്നുന്ന ഒരിടത്ത് നിന്നും തുടങ്ങാമെന്നു വെച്ചു, ഈ മനുഷ്യന്‍റെ ഒരു കാര്യം. ഇത്രയൊക്ക്യേ ഉള്ളൂന്ന്... :).
അച്ഛന്‍റെ സുഗ്രീവാജ്ഞയ്ക്കു മുമ്പില്‍ എന്‍റെ "മച്ച് എവൈറ്റെഡ്" പ്രീഡിഗി മോഹങ്ങള്‍, കരിമ്പന സിനിമയില്‍ ആദ്യരാത്രി കഴിഞ്ഞു വന്ന സീമയുടെ ബ്ളൌസു പോലെ ആയത് കുറച്ചൊന്നുമല്ല എനിക്ക് വിഷമമുണ്ടാക്കിയത്. ഒമ്പതു കൊല്ലത്തെ കഴിമ്പ്രം സ്കൂളിലെ പട്ടാളച്ചിട്ടക്കു കീഴിലെ ജീവിതത്തിനു ശേഷം, നാട്ടിക എസ്സെന്‍റെ ചൂടും ചൂരും അറിഞ്ഞു ഒന്നര്‍മ്മാദിക്കാനുള്ള എന്‍റെ മോഹങ്ങള്‍ കരിഞ്ഞുമലിഞ്ഞുമാശു ഇല്ലാതായ അന്ത തീരുമാനം മൂലം എസ്സെന്‍ കോളേജിന് ഒരു കുട്ടിസഖാവിനെ നഷ്ടപ്പെട്ട കരിദിനങ്ങളായിരുന്നു അവ.
സ്കൂള്‍ ജീവിതവുമായി യൂണിഫോമില്‍ മാത്രം വ്യത്യാസമുണ്ടായിരുന്ന കഴിമ്പ്രത്തെ തന്നെ പ്ളസ്ടു ജീവിതം. ജീവപര്യന്തം കഴിഞ്ഞു പോണവനോട് "നിക്ക്‌ട്ടാ, ഒരു രണ്ടു കൊല്ലം കൂടെ കഴിഞ്ഞിട്ടു പോവാ.." എന്നു പറഞ്ഞാലുള്ള അവസ്ഥയായിരുന്നു അന്നെനിയ്ക്കും സമാനപീഢനത്തിനു പാത്രമായ ചുറ്റുവട്ടത്തെ മറ്റു പുലികള്‍ക്കും. എന്തായാലും "ഉള്ളതു കൊണ്ടോണം പോലെ, പ്ളസ്ടുവെങ്കില്‍ പ്ളസ്ടു" എന്നു കരുതി, പീജേ ജോസപ്പിനെ ശപിച്ച് ഞാനവിടെ പഠനം തുടങ്ങി.
ആ കാലത്ത്, പ്ളസ്ടു കഴിഞ്ഞാലെന്ത് എന്നൊന്നും യാതൊരു ധാരണയുമില്ലാത്ത അവസ്ഥയാണ്. പ്ളസ്ടു കഴിഞ്ഞാല്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റില്‍ ഡിഗ്രീ, പീജീ അങ്ങനെ വിദൂരങ്ങളിലെവിടെയോ ഉള്ള എന്തൊക്കെയോ ആയിരുന്നു കേട്ടറിവ്. അല്ലെങ്കിലും അതൊന്നും നമ്മളെ അലട്ടുന്ന പ്രശ്നമായിരുന്നില്ലല്ലോ അന്ന്, ഏത്! പക്ഷേ...
കഴിമ്പ്രത്തിന്‍റെ(എന്ന്വച്ചാ, കഴിമ്പ്രം സ്കൂളിന്‍റെ) ഗ്ളാമര്‍ കോമ്പറ്റീഷനിലെ അന്നാട്ടിലെ മുഖ്യ എതിരാളികളായിരുന്ന ചെന്ത്രാപ്പിന്നി എസ്സെന്‍ വിദ്യാഭവനില്‍ പഠിച്ചിരുന്ന നമ്മടെ സ്വന്തം കസിനാണ് ഈ ലോകത്ത് "എന്‍ട്രന്‍സ്" എന്ന ഒരു കലാപരിപാടി വര്‍ഷാവര്‍ഷം കൊണ്ടാടപ്പെടുണ്ടെന്നും, സയന്‍സ് ഗ്രൂപ്പില്‍ പഠിക്കുന്ന എന്നെപ്പോലുള്ള ജീവികള്‍ ഇതൊക്കെ എഴുതുവാന്‍ വേണ്ടിയാണ് ജനിച്ചതെന്നുമൊക്കെ എന്നെ ധരിപ്പിച്ചത്. ആ, പോട്ട് പുല്ലെന്നും പറഞ്ഞ്, അച്ഛനും ഞാനും കൂടെ ഒരു ദിവസം എട്ടരയുടെ സീതുവില്‍ കേറി വെച്ചു പിടിച്ചു. എവിടേക്കാ, തൃശ്ശൂരേക്ക്..എന്തിനാ, ജയറാംസാറിനെ കാണണം, എന്‍ട്രന്‍സു പഠിക്കണം. അങ്ങനെ പഠിച്ചിട്ടും പഠിച്ചിട്ടും വെടി തീരാതെ ബാക്കിയുണ്ടായിരുന്ന ഞാന്‍ ഏതോ ഒരു സുപ്രഭാതത്തില്‍ എന്‍റെ അന്ത പുതിയ അങ്കവും തുടങ്ങി.
കാലത്തിന്‍റെ വണ്ടി ഷൂമാക്കറും അലോന്‍സോയും മാറി മാറി ഓടിച്ചിരുന്ന കാലമായിരുന്നു അത്. ആഴ്ചയില്‍ ആറു ദിവസവും ഒടുക്കത്തെ പ്ളസ്ടു ക്ളാസുണ്ടാകുമായിരുന്നു. രണ്ടാം ശനിയാഴ്ച മാത്രം അതിനെ "സ്പെഷല്‍" എന്ന ഓമനപ്പേരില്‍ വിളിച്ചു. എന്നെങ്കിലും ഞാന്‍ വിദ്യാഭ്യാസമന്ത്രി ആവുകയാണെങ്കില്‍ അന്ത ശനിയാഴ്ചക്ളാസ്സുകളെയും കൂടെപ്പിറന്ത സ്പെഷലിനെയും എടുത്ത് അറബിക്കടലില്‍ തട്ടുമെന്നു കരുതി രോഷമടക്കിയിരുന്ന ആ കാലത്താണ് ചൊറിച്ചിലു പോരാഞ്ഞിട്ട് ഞാന്‍ എല്ലാ ഞായറാഴ്ചയും ഏഴരയുടെ ശ്രീരാമിലേറി തൃശൂരു പോയി ജയറാംസാറിന്‍റെറ്റെയും മറ്റു സാറമ്മാരുടെയും (മാഷിനെ സാറെന്ന് ആദ്യമായി വിളിച്ചത് അവിടെയാണ്) വായിലിരിക്കുന്നത് കേള്‍ക്കാന്‍ തൃശ്ശൂര്-കോട്ടപ്പുറത്തെ ആ കടുവക്കൂട്ടിലേക്ക് കെട്ടിയെടുത്തിരുന്നത്.
എന്നാല്‍...
രണ്ടു വര്‍ഷത്തെ അതിഭീകര പ്രയത്നത്തിനു ശേഷം എന്‍ട്രന്‍സിന്‍റെ റിസല്‍റ്റു വന്നപ്പോള്‍ കഴിമ്പ്രം ഞെട്ടി. (വേളേക്കാട് തറവാട് ഞെട്ടി എന്നു തിരുത്തി വായിക്കാനപേക്ഷ). "നമ്മടെ ഫോണ്‍ നമ്പറെന്തൂട്ട്‌ണ്ടാ നിന്‍റെ നമ്പറിന്‍റെ നേരെ എഴ്ത്യേക്കണേ" എന്ന മട്ടിലുള്ള ചോദ്യങ്ങള്‍ ഉണ്ടാക്കിയ ഞെട്ടലില്‍ നിന്നും വിമുക്തനാവാനും അച്ഛനടക്കമുള്ള എന്‍റെ അഭ്യുദയകാംക്ഷികളെ വിമുക്തരാക്കാനും, തറവാട്ടിലെ ആസ്ഥാനപഠിപ്പിസ്റ്റെന്ന ദുഷ്പേരു വഹിച്ചിരുന്ന ഞാന്‍ അന്ന് ആ പുലര്‍ച്ചയ്ക്ക് "ഞാന്‍ പോളീല് ചേരാന്‍ പൂവാണ്" എന്നൊരു നയപ്രഖ്യാപനം നടത്തി. റ്റെക്നോളജിസ്റ്റും റ്റെക്നീഷ്യനും തമ്മില്‍ സ്പെല്ലിങ്ങില്‍ മാത്രമേ വ്യത്യാസമുണ്ടാവൂ എന്ന് അത്രയും കാലം തൃശൂരു പോയി വന്ന എന്‍റെ യാത്രാനുഭവജ്ഞാനം വെച്ച് ഞാന്‍ നിരൂപിച്ചു.
***
അങ്ങനെയൊരു ആഗസ്റ്റ് പുലരിയില്‍ തൃപ്രയാര്‍ ശ്രീരാമപോളിയില്‍ ഞാന്‍ കാലെടുത്തു വെച്ചു. നല്ല ക്യാമ്പസ്. കുറേ മരങ്ങള്‍, ഒടുക്കത്തെ വെയിലില്ല. പഴയ സ്റ്റൈലിലുള്ള കെട്ടിടങ്ങളും ക്ളാസ്സ്മുറികളും. സര്‍ക്കാര്‍സ്ഥാപനങ്ങളുടെ ഒരു തരം സുഖമുള്ള പേപ്പര്‍മണമുള്ള മുറികള്‍, അടക്കാനും തുറക്കാനും ശ്ശി കായികാധ്വാനമാവശ്യമുള്ള ഗമണ്ടന്‍ വാതിലുകളും ജനലുകളും..എന്തു കൊണ്ടും എനിക്കിഷ്ടമായി. ഇതു തന്നെ നമ്മുടെ ലോകം, ഞാന്‍ നിശ്ചയിച്ചു.
കാര്യങ്ങളെല്ലാം കുശാലായി മുന്നോട്ടു പോയി. റാഗിങ്ങും മറ്റുമെല്ലാം അതിന്‍റെ വഴിക്കു തകൃതിയായി നടന്നുകൊണ്ടിരുന്നു. പക്ഷേ, പൊതുവെ ഒരു സൌഹൃദാന്തരീക്ഷമായതിനാല്‍ ആകെപ്പാടെ മനസ്സിനു കുളിര്‍മ്മയുണ്ടായിരുന്ന ദിവസങ്ങളായിരുന്നു അവ. അതിനിടെ ഇലക്ഷന്‍ വന്നു. അന്നേ വരെ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രത്തെ (ഇവനാരെടാ എന്നു വിചാരിക്കരുത്, എന്‍റെ തറവാട് പാര്‍ട്ടി ആപ്പീസു പോലെയായിരുന്നു..) വെല്ലുവിളിച്ച് ഞാന്‍ മറ്റൊന്നില്‍ കൂടുകൂട്ടാന്‍ നോക്കി. ക്ളാസ്സ്‌റെപ്പായി മല്‍സരിച്ചു, സ്വതന്ത്രനായിട്ട്. 24-ഓളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഹായ്...സന്തോഷായി. എന്നാല്‍ രാഷ്ട്രീയത്തിന്‍റെ അനവസരത്തിലുള്ള ഇടപെടലുകളില്‍ എനിക്ക് ഭാഗഭാക്കാവാന്‍ കഴിയുമായിരുന്നില്ല. ഞാനത് ശക്തമായി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അങ്ങനെ ഞാനെന്‍റെ പഴയ ചിന്താഗതിയിലേക്ക് തിരിച്ചു പോയി.
ഇത്തരം ചെറിയ ചെറിയ ഗുലുമാലുകള്‍ക്കിടെ ഒന്നാം വര്‍ഷപരീക്ഷ വന്നു. പക്ഷേ, ആ സമയത്ത് എനിക്ക് പിന്നേം എന്‍ട്രന്‍സെഴുതണമെന്നൊരു ആഗ്രഹം കയറിക്കൂടി. മടിച്ചുമടിച്ചാണ് അന്ന് അച്ഛനോട് ആ ആഗ്രഹം പറഞ്ഞത്. പക്ഷേ അച്ഛന്‍ വളരെ നോര്‍മ്മലായി പ്രതികരിച്ചു. അവസാനം കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയാകരുതെന്നു മാത്രം ഒരു ഉപദേശം തന്നു. സൂപ്പര്‍...ഞാന്‍ വളരെ ഹാപ്പിയായി!
പിന്നെയുള്ള ഒരു മാസം അത്യുഗ്രന്‍ പഠിപ്പു പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കുറേ നോട്ടെല്ലാം അവിടന്നും ഇവിടന്നുമൊക്കെ സമ്പാദിച്ചു. ചിരിച്ചു കൊണ്ട് നമ്പൂതിരിഭാഷയില്‍ ഫിസിക്സ് പഠിപ്പിച്ചിരുന്ന ജയറാംസാറിനെയും, ചുമരില്‍ ചാരി നിന്ന്, കൈ പിന്നില്‍കെട്ടി, കാലാട്ടിക്കൊണ്ട്, സൌമ്യമായി പിതാവിന്‍റെ സുഖസൌകര്യമന്വേഷിക്കുന്ന രാധാകൃഷ്ണന്‍ സാറിനെയും, പിന്നെ നല്ല അസ്സല്‍ തൃശ്ശൂര്‍ഭാഷയില്‍ വൃത്തിയായി പാട്ടും പാടി കണക്കുക്ളാസ്സെടുത്തിരുന്ന അജിത്ത്‌രാജ സാറിനെയുമൊക്കെ മനസ്സില്‍ ധ്യാനിച്ച് പഴയ തൃശൂര്‍ ചരിതങ്ങളുടെ ബാക്കിപത്രങ്ങളും മറിച്ചു നോക്കാന്‍ തുടങ്ങി. തൃശ്ശൂരെ എന്‍ട്രന്‍സ് പുലി പീ.സി-യുടെ നോട്ടുകളും സംഘടിപ്പിച്ചു. വാഹ്, ക്യാ ബാത് ഥാ, എന്തൊരു ഒരുക്കമായിരുന്നു!!! അങ്ങനെ അന്ത വര്‍ഷത്തെ പരീക്ഷയില്‍ ഞാന്‍ ഒന്നൂടെ എന്‍റെ ഭാഗ്യം പരീക്ഷിച്ചു.
മാര്‍ക്കു വന്നപ്പോ, വിചാരിച്ചതിന്‍റെ ഏഴയലത്തെത്തിയില്ലെങ്കിലും ഒന്നു ഇടിച്ചു നിക്കാനുള്ള റാങ്ക് ഉണ്ടായിരുന്നതു കൊണ്ട് ഏതെങ്കിലുമൊരു കോളേജില്‍ അഡ്മിഷന്‍ കിട്ടുമെന്നൊരു വിശ്വാസം ബലപ്പെട്ടു കിട്ടി. ഇടുക്കി എഞ്ചിനീറിങ്ങ് കോളേജിലായിരുന്നു ആദ്യത്തെ അഡ്മിഷന്‍ കിട്ടിയത് (ഇപ്പൊ റാങ്കിനെപ്പറ്റി ഏകദേശധാരണ കിട്ടീലോ, ല്ലേ?). അതേത്തു രാജ്യത്താണെന്നൊക്കെ അന്വേഷിച്ചു പിടിച്ചു വന്നപ്പോത്തന്നെ ഊപ്പാടെളകിയിരുന്നു. ആരൊക്കെയോ പറഞ്ഞു, അവടത്തെ പഴയ ഒരു ആശുപത്രിയിലാണ് കോളേജ് ഇപ്പൊ നടക്കുന്നത്. എന്ത്!! ഹോസ്പത്രിയിലും കോളേജോ, ഇനി മെഡിക്കല്‍ കോളേജാണോ അന്ത മഹാന്‍ ഉദ്ദേശിച്ചതെന്നൊക്കെ എനിക്കു ഡൌട്ടടിച്ചു. ആ, എന്തു ഡാഷെങ്കിലുമാവട്ടേന്നു മനസ്സില്‍ കരുതിയിരിക്കുമ്പോഴാണ് വെളുപ്പിന് തൃപ്രയാറു നിന്നും കട്ടപ്പനക്കൊരു ബസ്സുണ്ടെന്നു ഞാനറിയുന്നത്. എന്ത്!, ഞാന്‍ പിന്നേം ഞെട്ടി. ഇതെന്തു കൂത്ത്, കഴിമ്പ്രത്തു നിന്നും കോവളത്തേക്ക് ബസ്സ് സര്‍വ്വീസു തുടങ്ങീന്നു പറഞ്ഞാലും ഞാന്‍ വിശ്വസിക്കും. എന്നാലിത്... പക്ഷേ, സംഗതി സത്യമായിരുന്നു. കടവുള്‍ജി, എന്നെ ഇടുക്കിയിലേക്കു പറിച്ചു നടാന്‍ നീങ്ക മനഃപൂര്‍വ്വം സെറ്റിങ്സ് നടത്തുകയാണോ, "സുഖമോ ദേവി"-യിലെപോലെ ഒരു കാമ്പസ് എന്ന എന്‍റെ സ്വപ്നത്തിന്‍റെ കതിരിന്‍മേല്‍ താങ്കള്‍ കുരുടാന്‍ അടിക്കുകയാണോ. എന്‍റെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി.
എന്തൊക്കെയായാലും കൂടുതല്‍ ഞെട്ടിരസിക്കാന്‍ അവസരം നല്‍കാതെ, അഡ്മിഷനു മുമ്പു തന്നെ എനിക്ക് കോഴിക്കോട്ടേക്ക് ഹയര്‍ ഓപ്ഷന്‍ കിട്ടി. ഏ.ഡബ്ളിയൂ.എഛ് എഞ്ചിനീറിങ്ങ് കോളേജ്... ടെന്‍ടെടേന്‍..!!!ഒരു മാതിരി പച്ചക്കറിക്കടയുടെ പേരു പോലെ ആദ്യം തോന്നിയെങ്കിലും, അന്വേഷിച്ചു പിടിച്ചു വന്നപ്പൊ സംഗതി കൊള്ളാമെന്നു തോന്നി. കോളേജ് പുതുതായി തുടങ്ങുന്നതാണ് എന്ന ഒരു പ്രസ്താവന എനിക്കങ്ങോട്ട് ദഹിച്ചില്ലെങ്കിലും ആവശ്യക്കാരനു ഔചിത്യമില്ലെന്ന് പണ്ടാരോ പറഞ്ഞതു കൊണ്ടു മാത്രം പാവപ്പെട്ട ഞാന്‍ ക്ഷമിച്ചു. പിന്നെ, കട്ടപ്പന എന്നതിനേക്കാള്‍ കേള്‍ക്കാന്‍ സുഖം കാലിക്കറ്റ് തന്നെ എന്നും ഞാനങ്ങോട്ട് ഉറപ്പിച്ചു. അങ്ങനെയങ്ങനെ, എഞ്ചിനീറിങ്ങ് മോഹങ്ങള്‍ക്ക് പച്ചഷേഡും, സ്വപ്നങ്ങളുടെ ബാക്ഗ്രൌണ്ടുകള്‍ക്ക് ഒപ്പനമ്യൂസിക്കുമായി നവമ്പര്‍ മാസത്തെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ഞാന്‍ പിതൃസമേതം കോഴിക്കോട് നഗരത്തില്‍ നിന്നും പത്തുപന്ത്രണ്ടു കി.മീ. കിഴക്കുള്ള കുറ്റിക്കാട്ടൂര്‍ ഗ്രാമത്തിനു അഞ്ചാറു ഫര്‍ലോങ്ങ് തെക്ക് സ്ഥിതി ചെയ്യുന്ന പട്ടയില്‍കുന്നെന്ന മൊട്ടക്കുന്നില്‍, പണിതിട്ടും പണിതിട്ടും പണി തീരാത്ത അന്ത സ്ഥാപനത്തില്‍ കാലെടുത്തു കുത്തി.
(തുടരാം, തുടരാതിരിക്കാം. മന്സമ്മാരെ കാര്യല്ലെ കോയാ, ഇന്നാട്ടില് ആരേം ബിസ്സൊസിക്കാന്‍ പറ്റൂലാന്ന്.. ;) )
Subscribe to:
Post Comments (Atom)
ഡങ്ക് സിനിമാറ്റിക് അപ്രോച്ച്
ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...
-
"വൈദ്യരേ..ദേ വേറെ ഒരുത്തനെക്കൂടെ കൊണ്ട്വരണൊണ്ടെന്ന് തോന്നണ് ", കൈ നെറ്റിയോട് ചേര്‍ത്ത് പിടിച്ച് ഷമ്മു പറഞ്ഞു. ചെമ്പന്‍ വൈദ്യര്...
-
രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്റെ മുഖഭാവത്തോടെയാണ് അന്ന് വൈകീട്ട് ബാലന് ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യ...
-
"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..." ദാസേട്ടന് ഉറക്കെപ്പറഞ്ഞു. "ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ...
8 comments:
അച്ഛന്‍റെ സുഗ്രീവാജ്ഞയ്ക്കു മുമ്പില്‍ എന്‍റെ "മച്ച് എവൈറ്റെഡ്" പ്രീഡിഗി മോഹങ്ങള്‍, കരിമ്പന സിനിമയില്‍ ആദ്യരാത്രി കഴിഞ്ഞു വന്ന സീമയുടെ ബ്ളൌസു പോലെ ആയത് കുറച്ചൊന്നുമല്ല എനിക്ക് വിഷമമുണ്ടാക്കിയത്.
പുതിയ പോസ്റ്റ്. പണിയൊന്നുമില്ലാതെ ചൊറിയും കുത്തിയിരിക്കാന്‍ പറ്റുന്ന ദിവസങ്ങള്‍ വളരെ കുറവേ കിട്ടൂ.. അതിങ്ങനെയൊക്കെ തീര്‍ക്കാല്ലോ..ഏത്? :)
തുടരുക...ഇതില്‍ പറഞ്ഞിട്ടുള്ള എല്ലാ മാഷന്മാരേയും എനിക്കറിയാമല്ലോ അനിയന്‍കുട്ടീ...
തുടരുക,നന്നാവുന്നുണ്ട്.
തുടക്കം ഗംഭീരം .............. expecting much more...
thudaranam ;D
പ്രിയപ്പെട്ട രാജേഷ്,
നമ്മള്‍ തമ്മില്‍ മുന്‍പരിചയമ്മില്ലെങ്കില്‍ക്കൂടി ഇതു ചെയ്യാന്‍ എനിക്കു താല്‍പര്യമുണ്ട്. പക്ഷേ, എനിക്കു അങ്ങനെ ചെയ്യാന്‍ പരിമിതികളുണ്ടെന്ന കാര്യം വിഷമത്തോടെ അറിയിക്കുന്നു. ഒന്നാമതായി എനിക്കു താങ്കള്‍ നല്‍കിയ സൈറ്റ് ഇവിടെ നിന്നും access ഇല്ല. വീട്ടില്‍ കണക്ഷന്‍ ഞാന്‍ ഇതു വരെ എടുത്തിട്ടില്ല. അതിനാല്‍ കുറേക്കൂടി സ്വതന്ത്രമായി ബ്ളോഗ് ചെയ്യുന്ന ആരെയെങ്കിലും സമീപിച്ചാല്‍ താങ്കളുടെ ലക്‌ഷ്യം സാധിക്കും. അല്ലെങ്കില്‍ ഇക്കാര്യം ബൂലോഗക്ളബ്ബില്‍ പോസ്റ്റ് ചെയ്യൂ, തീര്‍ച്ചയായും എന്‍റെ ബ്ളോഗിലിടുന്നതിനേക്കാള്‍ അതു ഗുണം ചെയ്യും.
PS: താങ്കളുടെ മെയില്‍ ID കിട്ടാത്തതു കൊണ്ടാണ് ഇവിടെത്തന്നെ ഒരു മറുപടി കുറിക്കുന്നത്.
എന്ന്,
അനിയന്‍കുട്ടി
итак: неподражаемо! а82ч
Bravo, you were visited with an excellent idea
Post a Comment