അന്ന് രാവിലെ ഉറക്കച്ചടവോടെ ക്ളാസ്സിലെത്തി ബെഞ്ചില്‍ച്ചെന്ന് കുത്തിയിരുന്നപ്പോള്‍, തല വെച്ചുറങ്ങാനുപയോഗിച്ചിരുന്ന ഡെസ്കിന്‍മേലതാ ഒരു കുഞ്ഞി ആശംസാ കാര്‍ഡ്. ദേ കെടക്കണു... ഈ പട്ടണത്തില്‍പ്പിള്ളേരുടെ ഒരു കാര്യം.. ഒരു ഓണമോ വിഷുവോ ന്യൂ ഇയറോ വന്നാല്‍, അപ്പൊ ആര്‍ച്ചീസ് ഭഗവതിക്കു കാണിക്കയുമിട്ട് ശീട്ടും വാങ്ങി വരും. ഒരു കാര്‍ഡ് കിട്ടിയാല്‍ നമുക്ക് സ്വര്‍ഗ്ഗം കീഴടക്കിയ സന്തോഷമായിരുന്നെങ്കിലും, അതു പുറത്ത് കാണിച്ചാല്‍പ്പിന്നെ പിടിച്ചു നടന്ന ഗ്യാസെല്ലാം കൂടെ പൊട്ടി മാനം പോവില്ലേ..!
വാട്ടെവര്‍ ഇറ്റീസ്..കാര്‍ഡ് കിട്ടി.. എനിക്കു മാത്രല്ല. ക്ളാസ്സില്‍ ഞങ്ങള്‍ അഞ്ചു-പത്തു പേര്‍ ഒരു ഗാങ്ങായിരുന്നു. അതിലെ പെണ്‍കിടാങ്ങളുടെ വകയായിരുന്നു ആ കാര്‍ഡുകള്‍. ആര്‍ച്ചീസ് ഭഗവതി നമ്മുടെ പോക്കറ്റിനു ചേര്‍ന്ന കമ്പനിയല്ലാതിരുന്നതിനാല്‍ അവിടെ കാണിക്കയിടല്‍ വളരെ കുറവായിരുന്നു, പെണ്‍സുഹൃത്തുക്കള്‍ക്ക് അതിലൊട്ടു പരിഭവോം ഇല്ലായിരുന്നു. നല്ല കുട്ടികള്‍!
അങ്ങനെ, എനിക്കു കിട്ടിയ കാര്‍ഡ് ഞാന്‍ തുറന്നു. കയ്യക്ഷരം കണ്ടാലറിയാം, ഇതാ മുന്‍ബെഞ്ചിലിരിക്കുന്ന കുട്ടിപ്പിശാശിന്‍റെയാണ്. സംഗതി അവളൊരു നാലുനാലരയടി പൊക്കത്തില്‍ രൂപം പൂണ്ടിട്ടുള്ള, ഉണ്ടക്കണ്ണിയും, തോളറ്റം വരെ മാത്രം നീണ്ട് പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കാര്‍കൂന്തലിനുടമയും ആയിരുന്നെങ്കില്ലും...കാണാന്‍ അത്ര മോശൊന്ന്വല്ലായിരുന്നു. അറ്റ്ലീസ്റ്റ് എനിക്ക് കാര്‍ഡൊക്കെ തന്നതല്ലേ. കൂട്ടത്തിലെ കിലുക്കാംപെട്ടി, എന്തു വളിപ്പു പറഞ്ഞാലും ആദ്യം കുറേ നേരം ചിരിക്കുകയും പിന്നെ സ്വകാര്യമായി വന്ന് കാര്യകാരണസഹിതം അര്‍ഥം മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ജന്‍മം. കോഴിക്കോടിന്‍റെ, സോറി, കോയിക്കോടിന്‍റെ തനിമലയാളത്തില് "യ്യാ പേപ്പര്‍ കീറിക്കാള്..", "ങ്ങള് ശെന്യാഴ്ച വന്നോള്‍ണ്ടീന്‍...", "ഓന് തീരെ വയ്യേനു.." എന്നൊക്കെ പറഞ്ഞ് ഞങ്ങളുടെ പാവം ആലപ്പുഴക്കാരന്‍ ആലനെ കണ്‍ഫ്യൂസ് ചെയ്യിച്ചവള്‍...
കാര്‍ഡ് ഞാന്‍ തുറന്നു. കൊള്ളാം... അഞ്ചുറുപ്പ്യേടെയാണെങ്കിലും ചിത്രപ്പണിയൊക്കെയുണ്ട്. എന്തോ എഴുതീട്ടുമുണ്ടല്ലൊ... എന്താദ്. ഇംഗ്ളീഷ് കൂട്ടക്ഷരമൊക്കെ വായിക്കാന്‍ പഠിച്ചു വരുന്നേ ഉള്ളൂ. "my heart is the best gift that anyone could have. may it be urs and always...". ഉം. ഹാര്‍ട്ട്..ഹാര്‍ട്ട് കൊറേ കേട്ട്‌ട്ട്ണ്ട്.. ഗിഫ്റ്റ് ..ഉം.... ഗിഫ്റ്റ്.. പിന്നെന്തൂട്ടാദ്... എന്താ ഈ "urs"... (ഞാനന്ന് ചാറ്റിങ്ങില്‍ ശിശുക്കുട്ടി ആയിരുന്നു, sms യുഗം വരുന്നേ ഉണ്ടായിരുന്നുമുള്ളൂ..) .. പിന്നെ കുബുദ്ധി വെച്ച് ചിന്തിച്ചപ്പൊ ഞെട്ടിപ്പോയി... ഇതിന്‍റെ അര്‍ഥം, ലവളെന്നെ കാതലിക്കിറേന്‍ എന്നല്ലേ....പടച്ചോനേ... മനസ്സിലെവിടെയോ അവളോട് എനിക്ക് എപ്പൊഴോ ഉണ്ടായിപ്പോയിരുന്ന ഒരു ഇദ്... ഞങ്ങളെല്ലാരുടെയും സൌഹൃദത്തിന്‍റെ കെട്ടുറപ്പിലും ആ വലയത്തിലും ഞാനറിയാതെ മറന്നു കളയാന്‍ ശ്രമിച്ച ആ ഇദ്... ആ ഇദല്ലേ ഇന്നീ കാര്‍ഡില്‍, ചങ്ങലക്കണ്ണി പോലെയുള്ള അവളുടെ കയ്യക്ഷരത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതും?? ?!! അപ്പോ കുട്ടിപ്പിശാശിനും "അദ്" ഉണ്ടായിരുന്നോ....??
ഒരിക്കല്‍ക്കൂടി ആ വരികള്‍ വായിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല... തുറന്നു വായിക്കണംന്നുണ്ട്..എന്നാല്‍ തുറക്കാന്‍ പറ്റുന്നില്ല. അതു പോക്കറ്റില്‍ തന്നെ വെച്ച് ഞാനവളെ പാളിയൊന്നു നോക്കി. അവളാണെങ്കില്‍ ദേ യാതൊരു ഭാവമാറ്റവുമില്ലാതെ പതിവു പോലെ, ഇന്‍സൈഡ് ചെയ്തു വന്നവരുടെ ഷര്‍ട്ട് വലിച്ച് പുറത്തിട്ടും, കണ്ടവരെയൊക്കെ നുള്ളിയും പാഞ്ഞു നടക്കുന്നു. ഹൊ, ഈ പെണ്‍കുട്ടികളുടെ ഒരു കാര്യം. എന്തൊരു ആക്ടിങ്ങ്. മനുഷ്യനിവിടെ നെഞ്ചു പൊള്ളീട്ട് നിക്കാമ്മേല..ഹും..
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ക്രിസ്‌മസ് അവധിക്കു മുന്‍പുള്ള അവസാനദിവസം. വൈകീട്ട് കോളേജ് വിടാന്‍ നേരായി. എനിക്ക് അവളോട് എന്തെങ്കിലുമൊക്കെ ചോദിക്കണമെന്നുണ്ട്. "എങ്ങനെ എവിടെ വെച്ച് എപ്പൊ ആണ് സ്മോളേ.. നിനക്കെന്നോട് ലവ്വായതെന്ന്..." പറ്റണില്ലാ... പ്ളസ് ടൂവില്‍ ജൂനിയര്‍ ക്ടാവ് മേഘയോട് മിണ്ടുമ്പോഴും, എക്സ്-ലവ് സുന്ദരിയോട് മിണ്ടുമ്പൊഴുമൊന്നും ഈ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ലല്ലൊ... ഛെ.. എനിക്ക് നാണക്കേട് തോന്നി.
അങ്ങനെ അന്ന് വൈകീട്ട്, ഏതൊരു പ്രാവശ്യത്തെയും പോലെ, കൂട്ടുകാരോടൊത്ത് അഞ്ചര മണിയ്ക്കുള്ള കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റിയിലേറി ഞാന്‍ തൃശൂരിലേക്കു മടങ്ങി. പോകുന്ന പോക്കിലെല്ലാം പോക്കറ്റിലിരുന്ന് ഹൃദയത്തില്‍ തപ്പു കൊട്ടുന്ന കാര്‍ഡിലെ വരികളായിരുന്നു മനസ്സില്‍. അപ്പോഴും ഒന്നൂടെ എടുത്ത് വായിക്കാന്‍ ധൈര്യം പോര. ഛെ, അവളോടൊന്ന് കണ്‍ഫേം ചെയ്തിട്ട് പോന്നാ മതിയായിരുന്നു. ഇതിപ്പൊ ഫോണ്‍ ചെയ്തൊക്കെ ചോദിക്കുന്നതില്‍ ഒരു ത്രില്ലില്ല. പറഞ്ഞിട്ടെന്താ, പോയ ബുദ്ധി എലിഫന്റ് പുള്ളിങ്ങ് നോ കമിങ്ങ്...
രാത്രി ഒമ്പതരയ്ക്ക് വണ്ടി തൃശൂരിലെത്തി. തൃപ്രയാറേക്കുള്ള ലാസ്റ്റ് ബസ്സ് പിടിക്കാന്‍ ചെട്ടിയങ്ങാടിയിലേക്ക് ഞാന്‍ ഓടിക്കിതച്ചെത്തി. ഭാഗ്യം വണ്ടി വരുന്നേ ഉള്ളൂ. വണ്ടി ഫുള്ളായിരുന്നു. എന്നാലും പിടിച്ചു തൂങ്ങി നിന്നു. തിരക്കു കുറച്ചു നേരമേ കാണൂ. ഒടുവില്‍ ചേര്‍പ്പിലെത്താറായപ്പൊ സീറ്റ് കിട്ടി. ബാഗൊക്കെ അടീലേക്ക് വെച്ച് ഞാന്‍ ഒന്നു സ്വസ്ഥമായി ഇരുന്നു. വീണ്ടും ഹാര്‍ട്ടില്‍ തപ്പു കൊട്ടല്‍... ഞാന്‍ പോക്കറ്റില്‍ നിന്ന് കാര്‍ഡ് പതിയെ എടുത്തു. തുറന്നു. "my beat is the best gift that anyone could have. may it be urs and always.." എന്ത്...!!!!! ഞാന്‍ വീണ്ടും വായിച്ചു. അതെ, beat തനെ.. അപ്പൊ ഹാര്‍ട്ടെവിടെ? കോഴിക്കോട് നിന്ന് തൃശൂരെത്തിയപ്പോഴേക്കും heart മാറി beat ആയോ... എന്‍റെ സര്‍വ്വ നാഡീഞരമ്പുകളും തളര്‍ന്നു... ഈശ്വരാ... ഇതു വേണ്ടായിരുന്നു. ഇത്രേം നേരം മോഹിപ്പിച്ചിട്ട്, ഇതിപ്പൊ ഒരു മാതിരി ഡാഷ് പണിയായിപ്പോയി. ക്ളാസ്സില്‍ വെച്ച് ഒന്നൂടെ ഒന്നു വായിക്കാനുള്ള ബോധം നീ എനിക്കു തന്നില്ലല്ലൊ... പണ്ട് പ്രേമടീച്ചര്‍ കൂട്ടക്ഷരം എഴുതാന്‍ പഠിപ്പിച്ചപ്പോ മര്യാദയ്ക്ക് പഠിച്ചാ മത്യായിരുന്നു...! കഷ്ടം! ഒരു പകല്‍സമയം കൊണ്ട് എന്തൊക്കെ പ്രതീക്ഷിച്ചു കൂട്ടി...!! എന്നാലും ഭാഗ്യായി, അവളോടൊന്നും പോയി ചോദിക്കാഞ്ഞത്. എല്ലാരും കൂടി എന്നെ വറുത്തെടുത്ത് വിളമ്പിയേനെ. ഒന്നും സംഭവിക്കാത്തതു പോലെ, പുറത്തു നിന്നും വീശുന്ന തണുത്ത കാറ്റും കൊണ്ട് പോക്കറ്റിലിട്ട കാര്‍ഡിനെ വെറുതെ ഒരു കൈ കൊണ്ട് ചേര്‍ത്തുപിടിച്ച്, ചെറിയൊരു നഷ്ടബോധത്തോടെ ഞാന്‍ പുറത്തേക്കും നോക്കിയിരുന്നു...
***
ബീറ്റിന്‍റെ കഥ:
തലേ ദിവസം മറ്റൊരു സുഹൃത്ത്, വീട്ടിലുണ്ടാക്കിയ പാല്‍പേഡ കൊണ്ടു വന്നിരുന്നു. ആക്രാന്തം മൂത്ത് എല്ലാരും കൂടെ കയ്യിട്ടു വാരി അതെല്ലാം ശടശടേന്ന് ഫിനിഷ് ചെയ്തു. ഞാനല്‍പ്പം വൈകിപ്പോയിരുന്നു. വന്നപ്പോള്‍ പാത്രം കാലി. ഞാന്‍ ചുറ്റും നോക്കി. കുട്ടിപ്പിശാശിന്‍റെ കയ്യില്‍ സംഭവം ഉണ്ട്. സിമ്പിളായി ചെന്നു ഞാനതു തട്ടിപ്പറിച്ച് ഓടാന്‍ നോക്കി, എവടെ, അവളാരാ മോള്... ഞാന്‍ ഓടാന്‍ തിരിഞ്ഞതും, പുറം പള്ളിപ്പുറമാകുന്ന സൈസ് ഒരു വീക്കായിരുന്നു നടുമ്പുറത്തിന്‍റെ സെന്‍റര്‍ ഓഫ് അട്രാക്ഷനില്‍ത്തന്നെ എനിക്ക് കിട്ടിയത്... ഹോ!!! കോളേജ് മുഴുവനും ആ ശബ്ദം കേട്ടിട്ടുണ്ടാവും. ആ സംഭവമായിരുന്നു കാര്‍ഡെഴുതാന്‍ ലവള്‍ക്ക് പ്രചോദനമായത്... പക്ഷേ, ഉള്ളിലെപ്പൊഴോ എനിക്കുണ്ടായിരുന്നെന്നു മുമ്പ് പറഞ്ഞ ആ "ഇദി"ന്‍റെ ഫലമായായിരിക്കണം, എനിക്ക് beat-നു പകരം heart എന്ന് തോന്നാന്‍ കാരണം..ഹാ.. എന്തു ചെയ്യാന്‍.. പോയില്ലേ..!
***
വാല്‍:
ഒരു കുഞ്ഞി കാര്യം കൂടി... വരുന്ന മെയ്മാസത്തില്‍ ഞങ്ങളുടെ വിവാഹമാണ്. അനുഗ്രഹിക്കണം...! :)
Subscribe to:
Post Comments (Atom)
ഡങ്ക് സിനിമാറ്റിക് അപ്രോച്ച്
ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...
-
"വൈദ്യരേ..ദേ വേറെ ഒരുത്തനെക്കൂടെ കൊണ്ട്വരണൊണ്ടെന്ന് തോന്നണ് ", കൈ നെറ്റിയോട് ചേര്‍ത്ത് പിടിച്ച് ഷമ്മു പറഞ്ഞു. ചെമ്പന്‍ വൈദ്യര്...
-
രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്റെ മുഖഭാവത്തോടെയാണ് അന്ന് വൈകീട്ട് ബാലന് ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യ...
-
"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..." ദാസേട്ടന് ഉറക്കെപ്പറഞ്ഞു. "ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ...
14 comments:
ഉറക്കച്ചടവോടെ ക്ളാസ്സിലെത്തി ബെഞ്ചില്‍ച്ചെന്ന് കുത്തിയിരുന്നപ്പോള്‍, തല വെച്ചുറങ്ങാനുപയോഗിച്ചിരുന്ന ഡെസ്കിന്‍മേലതാ ഒരു കുഞ്ഞി ആശംസാ കാര്‍ഡ്... ;)
ini ippo jeevitha kalam muzhuvan thallu kollallo ;-)
aram patti ennu paranjal mathiyallo!!!
"MAY (from this MAY onwards) it be urs always"
അളിയാ ഇത് ആ കുട്ടി ആണോ, നിന്റെ കുട്ടി???
കലിപ്പ്..എനിക്കിഷ്ടായി...ആ വാല്‍ ആണ് കൂടുതല്‍ ഇഷ്ടാക്കിയത്. ആ പ്രണയകഥ പരിപൂര്‍ണഭാവത്തില്‍ പ്രതീക്ഷിക്കുന്നു ഉടന്‍.
അവതരണം വളരെ നന്നയിട്ടുണ്ട്... വിഷ് യു എ ഹാപ്പി മാരീട് ലൈഫ് !
യെഡ പിശാശേ !! നീയ്യ് പണി പറ്റിച്ചാ അതിനെടേല്?
തകര്‍ക്കഡേയ് !
നവവത്സരാശംസകള്‍..വിവാഹ മംഗളാശംസകള്‍...നന്നായി വരട്ടെ...
അനിയന്‍കുട്ടീ...
അതു കലക്കി. സന്തോഷം.
ആ ബീറ്റ് ഹാര്‍ട്ട് ബീറ്റ് ആയി, അല്ലേ?
വിവാഹ മംഗളാശംസകളും പുതുവത്സരാശംസകളും രണ്ടു പേര്‍ക്കും നേരുന്നു.
:)
Congrats.........
monae ....kidu....enjoy maadi
ഓഹോ..... അങ്ങനെയാണല്ലെ..... ഹിഹി....
valare nannayittundu
ഇതിന്റെ രണ്ടാം ഭാഗം ഇറങ്ങീട്ടുണ്ടോ... :)) beat എങ്ങനെ heartbeat ആയതെന്ന്... :p
രണ്ടാം ഭാഗം ഇറക്കാം... സമയണ്ടല്ലോ.. :)
കാർഡിൽ പറഞ്ഞ ഗിഫ്റ്റ് ഇപ്പോഴും മുടങ്ങാതെ കിട്ടുന്നുണ്ടോ? ;)
Post a Comment