Tuesday, 9 March 2010
വിമന്‍സ് ഡേ
ഇന്നലെ വരെ പപ്പും പൂടയും നിറഞ്ഞ്, ചിക്സ് ലാന്റിലെ കൂട്ടില്‍ തീറ്റക്കും വെള്ളത്തിനും പിന്നാലെ പാഞ്ഞുനടക്കുന്ന നനഞ്ഞ കോഴികളെ ഓര്‍മിപ്പിച്ചിരുന്ന കൂതറ ലേഡീസ് മുഴുവനും ഇതാ വൃത്തിയായി ഡ്രസ്സ് ചെയ്തു വെച്ചിരിക്കുന്ന റിയല്‍ ഗോള്‍ഡ് ബ്രോയലെഴ്സ് ആയി മാറിയിരിക്കുന്നെന്നോ??
മുറ്റം അടിക്കാനും പാത്രം മോറാനും വരുന്ന ഈസ്റ്റ്മാന് കളര്‍ ജയമാലയെ ഓര്‍മ്മിപ്പിച്ചിരുന്നവര്‍ ഇന്നിതാ ബോഡി ഗാഡിന്റെ പോസ്റ്ററിലെ നയന്‍ താരയെപ്പോലെ കണ്ണുകളെ ചൂണ്ടയിട്ട് കൊളുത്തി വലിക്കുന്നോ..??
ഇന്നലെ വരെ വെറുമൊരു അഹങ്കാരി കുതിരയായി മാത്രം കണ്ടിരുന്ന ആ കോണിലെ വെളുത്തു മെലിഞ്ഞ ടെസ്റ്റര്‍ കന്നടിഗപൈങ്കിളി... ഇന്നിതാ അവള് മംത മോഹനെപോലെ കണ്ണെഴുതി പൊട്ടും തൊട്ട് ചുവപ്പും കറുപ്പും ഇടകലര്‍ന്ന അലക്കാനൊരു സാരിയുമുടുത്ത് മന്ദഹാസം പൊഴിച്ച് പാറിപ്പാറി നടക്കുന്നോ?? (ഈശ്വരാ... കണ്ട്രോള് കുടി..)
ആയ കാലത്ത് ഇവരെയൊക്കെ ഒന്നു മൈന്‍ഡ് ചെയ്യാമായിരുന്നു..ചെയ്തില്ല... എന്റെ പിഴ...എന്റെ ഊക്കനൊരു പിഴ...
ഒരു സാരിക്ക്... കേവലമൊരു സാരിക്ക് ഇത്രേം മാജിക്കല്‍ പവറോ???!!!!
മൈ ഡിയര്‍ കടവുള്‍.... ഒടുക്കത്തെ ചതിയായിപ്പോയി കേട്ടോ...
Friday, 5 March 2010
കിളിക്കൊഞ്ചല്‍ 2.0
കുഞ്ഞിക്കിളി: അതിനു നമ്പറൊന്നും എനിക്കറിയില്ല, ഒക്കെ ആ സിമ്മിലല്ലേ?
വലിയ കിളി: അതിനെന്താടി? തല്ക്കാലം നിന്റെ സിം എന്റെ ഫോണില്‍ ഇട്ട് വിളിച്ചോന്നേ...
കുഞ്ഞിക്കിളി: ഓ.. ഞാനതോര്‍ത്തില്ല..
രണ്ടു കിളികളും ഹാപ്പി ആയി...
* * *
"ഇത് നോക്ക്യേടീ, ഫ്രീവേയിലെ റ്റ്രാഫിക്ക് കണ്ടാ? എത്ര മൈലാ ബ്ലോക്ക്! ഹെലികോപ്റ്റടീന്നുള്ള ഷോട്ടാ"
"എന്താ ലേ...! പക്ഷേ ഒരു സംശയം..."
"എന്തേ..?"
"അങ്ങോട്ട് പോവുന്ന ലൈനിലെ വണ്ടികളെല്ലാം എന്തിനാ ചൊമന്ന ലൈട്ടിട്ട് പോണേ?"
"എന്റീശ്വരാാ!!!!"
Friday, 19 February 2010
ലൈഫ് ഇന്‍ഷുറന്‍സ്
ഫോണിന്റെ അങ്ങേതലയ്ക്കല്‍ ഇന്‍ഷുറന്‍സ് ഏജന്റ് ഡെസ്പരേറ്റ് കോമളാംഗി: അതേ സര്... 5 ലക്ഷം ഉറപ്പായും കിട്ടും...
കൂ. കൂ. : ഇനി, ഇന്‍ കേസ്, ഈ അഞ്ചു കൊല്ലം എനിക്കൊന്നും പറ്റിയില്ലെങ്കില്‍...?
കോമള്‍: സര്... വൈ ഡോണ്ട് യൂ തിങ്ക് പോസിറ്റിവ്ലി?.... യൂ വില്‍ ഡെഫിനിറ്റ്ലി.....
<പെട്ടെന്നു നിശ്ശബ്ദത... ഫോണ്‍ കട്ടായ ശബ്ദം..>
...
Monday, 24 August 2009
ഓരോരോ കഷ്ടപ്പാടുകളേ...
വിവരദോഷികള്‍..
ഈ മുലപ്പാലു കൊണ്ടു മാത്രം എന്താവാനാ...അതും എന്നെപ്പോലെ വിജയകരമായ 3 മാസം പിന്നിട്ട ഒരു ശിശുകോമളന്.. രാത്രി ഓരോ ഈരണ്ടുമണിക്കൂറിലും വിശന്നിട്ടാണു മക്കളേ കരയുന്നത്, അല്ലാതെ വയറുവേദന കാരണമല്ല...ശ്ശൊ!!
ബെഡ്റൂം അല്ലെങ്കില്‍ ടിവിയുടെ മുന്നിലേയ്ക്ക്, അതല്ലാതൊരു ലോകം കണ്ടിട്ടില്ല ഈ ബ്ളാങ്കൂരു വന്ന ശേഷം. കഷ്ടം! ആ കഴിമ്പ്രത്തായിരുന്നെങ്കില്‍ ചാച്ചനും അച്ഛമ്മേം കൂടെ ഉച്ച തിരിഞ്ഞാല്‍ എടുത്ത് സിറ്റൌട്ടില്‍ കൊണ്ട് കിടത്തുമായിരുന്നു. ആ കാറ്റും കൊണ്ട് അവരുടെ വര്‍ത്തമാനമൊക്കെ കണ്ട് പറന്നു പോവുന്ന കിളികളേയും അണ്ണാറക്കണ്ണന്മാരെയും പടിഞ്ഞാറ് കടലിലേക്ക് താഴുന്ന സൂര്യനെയുമൊക്കെ കണ്ട്...ഹൊ എന്തു രസമായിരുന്നു. ആ ലോകമെവിടെ കുടുസ്സുമുറികളുടെ തടവറകളുടെ ഈ ലോകമെവിടെ! ഇവരൊക്കെ ഇവിടെ എങ്ങനെ ജീവിക്കുന്നാവോ!
നടക്കാന്‍, വേണ്ട, അറ്റ്ലീസ്റ്റൊന്ന് മുട്ടിലിഴയാനുള്ള പ്രായമെങ്കിലും ആയിട്ട് വേണം ഇവര്‍ക്കിട്ട് പണികള്‍ കൊടുത്തു തുടങ്ങാന്‍. ഈ മാതാപിതാക്കളുടെ ഭാഷ പഠിക്കാനാണെങ്കില്‍ എളുപ്പല്ല. ഇടക്ക് കേള്‍ക്കാം "ഇങ്ങ്ട് തര്യായ്ര്ന്നില്ലേ?" വേറെ ചെലപ്പൊ കേള്‍ക്കും "എനിക്ക് തന്നൂടേന്യോ?". അതു പോലെത്തന്നെ ഇടക്ക് "നീ അവനോടാ പറഞ്ഞീര്ക്ക്യ്" എന്നാണെങ്കില്‍ പിന്നെ കേള്‍ക്കാം "ജ്ജ് ഓന്റെട്ത്ത് പറഞ്ഞോള്‍ണ്ടീന്‍" -ന്ന്... എന്റെ ശ്രീപത്മനാഭാ, നീ എന്റെ ബുദ്ധിമുട്ട് വല്ലതും അറിയുന്നുണ്ടോ?
അപ്പി ഇട്ടാല്‍ തല്ലു കിട്ടില്ല എന്ന ഉറപ്പുള്ളതുകൊണ്ട് മാത്രം അതുകൊടുത്ത് ദേഷ്യം തീര്‍ക്കാം ഇപ്പൊ. ആരെങ്കിലും എടുക്കുന്ന വരെ അതൊന്നു പിടിച്ചു നിര്‍ത്താനുള്ള ബുദ്ധിമുട്ട് സഹിക്കണമെന്നേയുള്ളൂ.. ഹിഹി!
ഈശ്വരാ, ദേ വൈകുന്നേരത്തെ തല്ലിപ്പൊളി മരുന്ന് കൊണ്ട് വരുന്നു... വേഗം കരയാന്‍ ഒരുങ്ങട്ടെ... എന്നിട്ട് വേണം ആ പേട്ടമരുന്നിന് കോംപന്‍സേഷന്‍ കിട്ടുന്ന പാലും കുടിച്ച് ഒന്ന് മയങ്ങാന്‍...
Saturday, 28 March 2009
കലികാലം
മുറിയിലെ ഫാനും ലൈറ്റുമെല്ലാം ഓഫായി. വലിച്ചു വാരിയിട്ടിരിക്കുന്ന ഷെല്‍ഫില്‍ നിന്നും താക്കോല്‍ക്കൂട്ടമെടുത്ത് അയാള്‍ പുറത്തേക്കിറങ്ങി.
"ക്ടക്...", വാതിലിലെ താക്കോല്‍ദ്വാരത്തില്‍, ഒരാളെ തല്ലിക്കൊല്ലാന്‍ വലിപ്പമുള്ള താക്കോല്‍ തിരിഞ്ഞു വൃത്തികെട്ട ശബ്ദമുണ്ടാക്കി.
ഷൂസിന്റെ ശബ്ദം രണ്ടാം നിലയില്‍ നിന്നും താഴേക്കിറങ്ങി അകന്നകന്നു പോയി
മുറിയിലാകെ നിശ്ശബ്ദത പരന്നു.
പെട്ടെന്ന് മുക്കിലിരുന്ന ഡസ്റ്റ്ബിന്‍ ചാടിയെണീറ്റ് വായിട്ടലച്ചു
"ആ കോപ്പന് പോയല്ലേ?..ഹൊ! മനസ്സമാധാനമായി. അങ്ങോട്ട് പോവുമ്പോ ഒരു തട്ട്, ഇങ്ങോട്ട് പോവുമ്പോ ഒരു തട്ട്, എന്നിട്ട് ഞാന്‍ നേരെ ഇരിക്കാത്തതിന് ആ പെണ്ണുമ്പിള്ളക്കിട്ട് തെറിയും! നേരെ വെച്ചാലല്ലേ നേരെ ഇരിക്കൂ...! ഉള്ളിലെ കവറിലാണെങ്കില്‍ വേസ്റ്റ് നിറഞ്ഞ് നാറിയിട്ട് വയ്യാ... എന്റെ ഒരു വിധി!"
"അതു താന്‍ പറഞ്ഞതു ശരിയാ", ഉള്ളില്‍ മുഴുവന്‍ അലക്കാത്ത തുണി നിറഞ്ഞു കവിഞ്ഞിരിക്കുന്ന പൊണ്ണത്തടിയന് തുണിസഞ്ചി ചിരിച്ചു കൊണ്ടു പറഞ്ഞു. "ഞാന്‍ തന്നെ ഇതിപ്പൊ മൂന്നുനാലു ദിവസമായി ഇതേ ഇരിപ്പിരിക്കുന്നു. ഒന്നെടുത്ത് ആ വാഷിങ്മെഷീനിലിടാന്‍ ഇത്രപ്പെരുത്ത് സമയം വേണോ, എവടെ!! മടി തന്നെ, അല്ലാണ്ടെന്താ!
"വന്നാലുടനെ ആ ലാപ്കോപ്പെടുത്ത് കുത്തിക്കൊണ്ടിരിക്കും. ആ പെണ്ണുമ്പിള്ള പറയുന്ന കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കില്ല. അവരടുത്തു തന്നെ ഇങ്ങോരെ ഇട്ടിട്ടു പൊടീം തട്ടിപ്പോവും", കാലിളകിത്തുടങ്ങിയ മരക്കസേര ആരോടെന്നില്ലാതെ പറഞ്ഞു.
"ആ സ്ക്രൂഡ്രൈവറൊന്നെടുത്ത് രണ്ടേ രണ്ടു മിനിറ്റ് പണിയെടുത്താല്‍ എന്റെ ഈ ചാഞ്ചാട്ടം നിന്നോളും, എനിക്ക് വേണ്ടിയല്ലല്ലോ, സ്വന്തം തണ്ടലിന് സെഗ്മെന്റേഷന്‍ ഫോള്‍ട്ട് വരാണ്ടിരിക്കാന്‍ വേണ്ടിയല്ലേ, അവസാനം നടൂം കുത്തി വീണാല്‍ എന്നെയും എന്റെ അപ്പനപ്പൂമ്മരെയും മൊത്തം തെറി വിളി നടത്തുകേം ചെയ്യും. കണ്ട്രിപ്പയല്"!
"ഡേ ഡേ, പേടിക്കണ്ട, എയര്‍ടെലിന്റെ ഈ മാസത്തെ ബില്ലടച്ചിട്ടില്ല, കക്ഷി അതു മറന്നു പോയിരിക്കുകയാ. കണക്ഷന് കട്ടായിക്കഴിയുമ്പൊ താനെ ലാപ്കോപ്പിലെ കുത്തലു നിന്നോളും", സ്റ്റൂളിന്മേലിരുന്ന മോഡം ചിരിച്ചു കൊണ്ട് പറഞ്ഞു.
"അതു തന്ന്യഷ്ടാ ഇവട്ത്തെ അവസ്ഥയും..ഹിഹി", സ്റ്റാന്‍ഡിലിരുന്ന സെറ്റ് ടോപ് ബോക്സ് ഏറ്റുപിടിച്ചു,
"അവസാനം സര്‍വ്വീസു കട്ടാവുമ്പോ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടം കാണാം... ഹായ് ഹായ്! ശ്വാസം കിട്ടാണ്ടായാപ്പോലും മന്ഷമ്മാര്ക്കിത്ര വെപ്രാളം കാണില്ല. പക്ഷേ ടീവി...ഹൊ!!!
"ബുഹു ബുഹു ബുഹാ", ഹാളിലാകെ തുമ്മലിന്റെ ഒച്ച മുഴങ്ങി.
"എന്റെ പൊന്നു പെങ്ങളേ, ഇങ്ങനെ തുമ്മിയാ നിന്റെ കട്ടേം പടോം അടുത്തു തന്നെ മടങ്ങും", അടുത്ത തുമ്മലിന് മൂക്കുതിരുമ്മിക്കൊണ്ടിരുന്ന കാര്‍പെറ്റിനോട് ടീപോയ് പറഞ്ഞു.
"പ്ഫ ചെറ്റേ!!എടുത്തൊരു അലക്കാ അലക്കീട്ട്ണ്ടെങ്കില്ണ്ടല്ലാ!! ദെവസം മുഴേനും എന്റെ നെഞ്ചത്തിരുന്ന് സുഖിക്കണതും പോരാ, കഷ്ടപ്പെട്ട് തുമ്മുമ്പോ ഡയലോഗ് വീശണാ? ഒരു ചാമ്പാ ചാമ്പ്യാലേ കയ്യും കാലും കണ്ടിച്ച് ആ മുക്കീപ്പോയ്ക്കെടക്കും", കാര്‍പെറ്റിന് ടീപോയെ പണ്ടേ പിടിക്കില്ല. കൊണ്ടുവന്ന അന്നു മുതല്‍ കേറ്റി വെച്ചിരിക്കയല്ലേ തന്റെ നെഞ്ചത്ത് ആ കുരിശിനെ...
"ആദ്യൊക്കെ ആഴ്ചേലൊരിക്കലെങ്കിലും ഈ പണ്ടാരത്തിനെ നെഞ്ചത്ത്ന്നെറക്കി ഈ പൊടിയൊക്കെ ഒന്നു തട്ടിക്കളഞ്ഞിരുന്നു. ഇപ്പ കൊറച്ച് നാളായി അതൂല്യ. യെവനൊക്കെ ക്ഷയം പിടിച്ചു ചാവാനാണാ നോക്കണേ...", കാര്‍പെറ്റിന്റെ അരിശം തീരുന്നില്ലായിരുന്നു. "എന്തു പണ്ടാരംവേണേലും ആയിക്കോട്ടെ, എനിക്കിത്തിരി സൌന്ദര്യബോധം ഉണ്ടായിപ്പോയി, ഒന്നു മെനയായിക്കെടക്കാന്‍ ആ കോപ്പനതിന് സമ്മതിക്കണ്ടേ, ഈ ആഴ്ചയെങ്കിലും ഒന്നെടുത്ത് വൃത്തിയാക്കിയാ മത്യായിര്ന്നു.
"പിന്നേ, കാത്തിരുന്നോ, ശനിയാഴ്ച വെളുപ്പിനേ അലാറം വെച്ചെണീറ്റ് വൃത്തിയാക്കും", ടി.വിയുടെ പ്രതികരണവും പൊട്ടിച്ചിരിയും ഒന്നിച്ചായിരുന്നു. "ഇക്കണ്ട കാലമായിട്ട് ഒരൊറ്റത്തവണയാണ് ഇപ്പറയണ മനുഷ്യന് എന്നെയൊന്ന് തുടച്ചിട്ടുള്ളത്, ആ ആളാണ് നെലത്ത് കെടക്കണ തന്നെ എടുത്തിനി തൂത്തുവൃത്ത്യാക്കാന്‍ പോണേ, ഒന്നു പോടാപ്പാ..."
"ഇഹപരശാപം തീര്‍ക്കാനമ്മേ ഇനിയൊരു ജന്മം കൂടി തരുമോ", അടുക്കളയില്‍ നിന്നും ഗ്യാസടുപ്പിന്റെ കരകരശബ്ദം അരിച്ചരിച്ചു വന്നു.
"അമ്മാവോ, ഇന്നു നേരത്തേ തുടങ്ങിയല്ലോ?"
"വേണ്ട്റാ വേണ്ട്റാ... എനിക്കത്ര പ്രായൊന്നും ആയിട്ടില്ലടാ. ഈ കുഷ്ഠം പിടിച്ച പോലത്തെ ലുക്ക് നീ നോക്കണ്ടാട്ടാ... പക്ഷേ, പറഞ്ഞിട്ട് കാര്യല്ല. ഒക്കേത്തിനുമൊരു യോഗം വേണം. ഈ കരീം കറേമൊക്കെ ഒന്നു തുടച്ച് വൃത്തിയായി നല്ല കുട്ടപ്പനായി ഒന്നു തിളങ്ങാമെന്നുള്ള എന്റെ പ്രതീക്ഷ ഞാനിപ്പൊ അട്ടത്തു വെച്ചു. ഇനിയിപ്പൊ പ്രാര്‍ഥിച്ച് ശിഷ്ടകാലം കഴിക്കന്നെ. ആ സീലിങ്ങ് ഫാന്‍മണികളെത്തന്നെ കണ്ടില്ലേ, നല്ല ചോക്ളേറ്റ് ചോക്ളേറ്റു പോലെയായിരുന്നില്ലേ കൊണ്ടു വന്ന് തൂക്കിയിട്ടപ്പൊ. ഇപ്പഴോ, ഒരു മാതിരി മഡ്റേസ് കഴിഞ്ഞു വന്ന ബൈക്കിന്റെ എഞ്ചിന്‍ഗാര്‍ഡു പോലെയായി. ഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര...
"തറ ഡെയ്ലി തുടക്കാന്‍ ആ തമിഴത്തിയെ ഏര്‍പ്പാടാക്ക്ണ കണ്ടപ്പൊ ഞാന്‍ വിചാരിച്ചു നല്ലകാലം തുടങ്ങീന്ന്. യെവടെ! ആ പെണ്ണുമ്പിള്ളയുടെ പരാക്രമം കണ്ടാല്‍ രൊറ്റ പൂശാ പൂശാനാ തോന്ന്വ. നെലത്തിരുന്ന് നനഞ്ഞ തുണി വെച്ച് അങ്ങോട്ടൊരു വീശ്, ഇങ്ങോട്ടൊരു വീശ്, പോണ വഴിയിലെങ്ങാനും തറയിലൊന്നു തൊട്ടായായി! ഇതിലും ഭേദം മാസത്തിലൊരു പ്രാവശ്യെങ്കിലും മര്യാദക്കു തൊടക്കലായിര്ന്നു. ടോയ്ലെറ്റില്‍പ്പോണവര്‍ക്ക് പോലും ആ അമ്മച്ചീടത്ര തിക്കും തെരക്കും ഞാന്‍ കണ്ടിട്ടില്ല", അഴുക്കു പിടിച്ച തറ അരിശത്തോടെ പറഞ്ഞു.
ഞെട്ടിയെണീറ്റപ്പൊ നോട്ടം നേരെ മേലേയ്ക്കാണ് പോയത്. അതാ അഴുക്കു കട്ട പിടിച്ച ഫാന്‍ മുരണ്ടുകൊണ്ട് കറങ്ങിക്കൊണ്ടിരിക്കുന്നു. മൂലയിലെ പൂര്‍ണ്ണഗര്‍ഭിണിയായ തുണിസഞ്ചിയും അഴുക്കു പിടിച്ച ടിവിയും ആടിയിളകുന്ന കസേരയുമെല്ലാം അതു പോലെ തന്നെ ഇരിപ്പുണ്ട്. മുന്‍വാതിലിനടുത്ത് ചെരിപ്പുകളും ഷൂസുകളും നിറകൊട്ടയിലെ ചാളകളെന്ന പോലെ കിടക്കുന്നു. ദൈവമേ, വാട്ട് അ മെസ്സ്! ഉച്ചമയക്കം വിടാതെ ശയിക്കുന്ന നല്ലപകുതിയെ ഉണര്‍ത്താന്‍ പതിവു പോലെ ഒരു വിഫലശ്രമം നടത്തി നേരെ കസേരയുടെ അടുത്തേക്കു ചെന്നു. കഴിഞ്ഞ ദിവസം വാങ്ങിയ സ്ക്രൂഡ്രൈവറെടുത്ത് അളിയന്റെ ഇളക്കം ശരിയാക്കി. ടിവിയുടെ മേല്‍ മിസ്റ്റര്‍ മസില് വെച്ച് തുടച്ചു ക്ളീന്‍ ക്ളീനാക്കി. തുണിസഞ്ചിയിലെ തുണികളെടുത്ത് മെഷീനിലിട്ട് സൂപ്പര്‍വാഷ് തന്നെ കൊടുത്തു. അലമ്പായി കിടക്കുന്ന സ്വീകരണ-കം-ഡൈനിങ്ങ് മുറിയെ അടക്കിയൊതുക്കി. ഗ്യാസടുപ്പിനെ ഈസി-ഓ-ബാങ്ങ് വെച്ച് കലക്കനാക്കി.
Friday, 27 March 2009
ലില്ലിക്കഥ
വേഷവിധാനത്തില്‍ മാത്രം ലേശം മാറ്റമുണ്ടെന്നൊഴിച്ചാല്‍, ഒരു റഫറന്‍സിനു വേണ്ടി മാത്രം, വേണമെങ്കില്‍ കോണ്ടലീസ റൈസ് ചേച്ചിയുടെ മുറിച്ച മുറി എന്നു പറയാം. കഴിമ്പ്രത്തിന്റെ ദൈനംദിന ജീവിതത്തില്‍ തദ്ദേശീയരായ സ്ത്രീപ്രജകള്‍ കാര്യമായ സംഭാവനകളൊന്നും നല്‍കാതിരുന്ന ഒരു കാലഘട്ടത്തിലാണ് പിറന്നു വീണതെന്നതിനാല്‍, നാലാളറിയണമെങ്കില്‍ അല്‍പ്പം തക്കിടതരികിടകളെല്ലാം വേണമെന്ന അറിവ് കൌമാരം വിട്ടതിന്റെ പിറ്റേന്ന് മുതല്‍ ലില്ലിക്കുട്ടിയ്ക്കുണ്ടായി എന്നതു വാസ്തവം.
സ്കൂളുമായുള്ള ബന്ധം വിച്ഛേദിച്ചതിനു ശേഷം ലില്ലിക്കുട്ടിയുടെ നേരംപോക്കുകള്‍ കഴിമ്പ്രത്തെ വേറൊരു പണിയുമില്ലാ-ഉണ്ണികള്‍ക്കൊപ്പമായിരുന്നു. അവര്‍ക്കും ഒരു രസം, ലില്ലിക്കുട്ടിയ്ക്കും ഒരു രസം.
അങ്ങനെയിരിക്കെ, നാട്ടിലെ പ്രധാന ഉല്‍സവമായ മാവില്‍ക്കുത്ത് പൂരം വന്നു. എല്ലാക്കൊല്ലത്തെയും പോലെ അഞ്ചാറു കരിവീരന്മാര് പൂരം കൊഴുപ്പിക്കാന്‍ പല ഭാഗങ്ങളില്‍ നിന്നും വന്നെത്തി. നാട്ടുകാര്‍ക്ക് മേല്‍പ്പറഞ്ഞ ആനകള്‍ കൌതുകവും സന്തോഷവുമൊക്കെയായിരുന്നെങ്കിലും, ലില്ലിക്കുട്ടിയുടെ ഫാമിലിക്കു മാത്രം അവ പേടിസ്വപ്നമായിരുന്നു. കാരണമെന്താ, ആനകളെ മുഴുവനും തളക്കുന്നത് ശങ്കുമാഷ്ടെ പറമ്പിന്റെ മൂലയിലാണ്, എന്ന്വച്ചാല്‍ ലില്ലിക്കുട്ടിയുടെ ഓലപ്പുര നില്ക്കുന്ന അഞ്ചു സെന്റിനോട് തൊട്ട്. ഈ രണ്ടു പറമ്പിനേം വേര്‍തിരിക്കുന്ന വേലി ലില്ലിക്കുട്ടി വളര്‍ത്തിയിരുന്ന ആട്ടിന്‍കുട്ടികള്‍ക്കോ കോഴികള്‍ക്കോ വരെ ഒരു ഭീഷണിയല്ലെന്നിരിക്കെ, അതിനെ വിശ്വസിച്ച് ലില്ലിക്കുട്ടി എങ്ങനെ കിടന്നുറങ്ങും. അതു കൊണ്ടു തന്നെ രാത്രികളില്‍ മുള്ളാനെന്ന വ്യാജേന ഇടക്കിടയ്ക്ക് പുറത്തിറങ്ങി ആനകള്‍ കെട്ടിയിടത്തു തന്നെയുണ്ടോ, അതോ കോലായില്‍കേറിയിരുപ്പുണ്ടോ എന്നൊക്കെ നോക്കുകയും , ജീവന് ബാക്കിയുണ്ടെന്നുറപ്പു വരുത്തുകയുമായിരുന്നു പാവം ലില്ലിക്കുട്ടിയുടെ ഉല്‍സവരാത്രികളിലെ പ്രധാനപണി.
രാജുമോന് അവതരിച്ചതോടെ ഈ രീതികള്‍ നടക്കാതെയായി. പല തവണ രാജുമോനുമായി എന്‍കൌണ്ടറിന് നമ്മുടെ സിംഹം ശ്രമിച്ചെങ്കിലും രാജുമോന് സുരേഷ് ഗോപി സ്റ്റൈലില്‍ ഒഴിഞ്ഞുമാറിക്കൊണ്ടേ ഇരുന്നു. എന്നാല്‍ അതിന്റെ ക്ളൈമാക്സ് സിംഹത്തിനൂഹിക്കാന്‍ കഴിയാവുന്നതിനേക്കാള്‍ കനത്തതായിരുന്നു. സിംഹത്തിന്റെ പതിവുബെഡ്റൂമായ ആ പറമ്പിലിട്ട് രാജുമോന് സിംഹത്തെ തല്ലിത്തകര്‍ത്തു. ഇരുമ്പിന്‍കൂടം പോലുള്ള തന്റെ കൈകള്‍ കൊണ്ട് സിംഹത്തിന്റെ നെഞ്ചാംകൂട്ടില്‍ രാജുമോന് പൊങ്കാലയിട്ടു. സമീപവാസികളെ മുഴുവനും സാക്ഷിയാക്കി അങ്കം ജയിച്ച രാജുമോന്, കുന്നത്തിന്റെ ചുവന്ന അണ്ടര്‍വെയറുമിട്ട്, 123 കിഡ്-നെപ്പോലെ നടത്തിയ വിജയാഹ്ളാദം അങ്ങേരെ ഞങ്ങള്‍ പീക്കിരികളുടെ മാച്ചോമാനാക്കി മാറ്റി.
ഒരു കാര്യത്തില്‍ ഒന്നില്‍ക്കൂടുതല്‍ തവണ ഞെട്ടുന്നത് ഇഷ്ടമല്ലാത്തവരായതു കൊണ്ടും, കഴിമ്പ്രത്ത് രാജുമോനെ റീപ്ളേസ് ചെയ്ത പലരും കൂടുതല്‍ ശുഷ്കാന്തിയുള്ളവരായതു കൊണ്ടും, നാട്ടുകാര്‍ക്ക് അതൊരു പെട്ടിക്കോളം വാര്‍ത്ത മാത്രമായി മാറി. എന്നാല്‍ ലില്ലിക്കുട്ടിയ്ക്ക് അതിനു കഴിയില്ലല്ലോ, അവള് രാജുമോനെ കാത്തിരുന്നു. ഏറെക്കാലം കഴിഞ്ഞിട്ടും രാജ്സെയ്തികള്‍ കിട്ടാതായപ്പോള്‍, അങ്ങേരെ ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ലില്ലിക്കുട്ടിയ്ക്ക് ബോധ്യപ്പെട്ടു.
അശുഭം...
Wednesday, 25 March 2009
കിളിക്കൊഞ്ചല്‍ 1.0
ഗേയ്റേങ്ങർ
ബെയ്ർഗനിൽ നിന്നും ഗേയ്റേങ്ങറിലേക്ക് ഏകദേശം ഏഴു മണിക്കൂറിൽത്താഴെ ഡ്രൈവുണ്ട്. ബെയ്ർഗനിലെ ഹൈവേയിലേക്കുള്ള എൻട്രി മിസ്സായി കണ്ണിൽക്കണ്ട വഴിയിലൂട...
-
പക്വത വരാത്ത പ്രായത്തില്‍, ഒരു ബാലരമ വാങ്ങാന്‍ പോവാന്‍ വരെ അച്ഛന്റെ/അമ്മയുടെ കാശ് മാത്രമല്ല, അവരുടെ അകമ്പടി വരെ ആവശ്യമുള്ള ചെറുപ്പകാലങ്ങളില...
-
രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്റെ മുഖഭാവത്തോടെയാണ് അന്ന് വൈകീട്ട് ബാലന് ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യ...
-
രണ്ടു ദിവസം മുമ്പാണ്. കാലത്ത് ഓഫീസില്‍ ചെന്നപ്പോള്‍ എല്ലാരും എന്നെ ഒരു തരം ദയനീയ ഭാവത്തോടെ നോക്കുന്നു. എല്ലാര്ക്കും എന്താവോ പറ്റിയേതാവോന്ന...