ഓസ്ലോയിലെ വിമാനത്താവളത്തിൽ ഇടിച്ചിറങ്ങി വെടിച്ചില്ലുപോലെ ലഗേജെടുക്കാൻ ഓടുമ്പോൾ കണ്ണിൽത്തടഞ്ഞ “ഓസ്ലോ ലുഫ്റ്റ്ഹൗൻ” ബോർഡിൽ നിന്നാണ് എനിക്കാ തിരിച്ചറിവുണ്ടാവുന്നത് - ലുഫ്താൻസയെന്നാൽ ലുഫ്താൻസയല്ല - ലുഫ്റ്റ് ഹൻസയാണ്. ലുഫ്റ്റ് എന്നാൽ വായു അല്ലെങ്കിൽ അന്തരീക്ഷം എന്നൊക്കെ അർത്ഥം. ഇനി എന്തൊക്കെ പഠിക്കാനും തിരുത്താനുമിരിക്കുന്നു എന്ന തിരിച്ചറിവോടെയാണ് നോർവേയിൽ കാലുകുത്തിയിരിക്കുന്നത്!
റെന്റലിൽ ചെന്നപ്പോൾ, ഇലക്ട്രിക് വണ്ടി ഓപ്ഷനുകളുടെ ധാരാളിത്തം കണ്ട് തെല്ല് ശങ്കിച്ചുനിന്ന ഞങ്ങളോട് റിസപ്ഷനിലെ സുന്ദരി, നോർവേയിലെ ബൃഹത്തായ കാർ-ചാർജിങ് നെറ്റ്വർക്കിനെ കുറിച്ച് ഒന്നരപുറത്തിൽ കവിയാതെ ഉപന്യസിച്ചു. ചേച്ചി തന്ന ആത്മവിശ്വാസത്തിൽ, ഇലക്ട്രിക് തന്നെ എടുക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു - നോർവേക്കാരുടെ ഗ്രീൻ ഇനിഷ്യേറ്റീവിൽ നമ്മളായിട്ട് ഒരു കറ ഉണ്ടാക്കേണ്ടല്ലോ. മൂന്നുകൊല്ലം ലീസിൽ കൊണ്ടുനടന്നു ഇഷ്ടപ്പെട്ടുപോയ പോൾസ്റ്റാർ മൂന്നാമനെ തിരിച്ചുകൊടുത്തതിന്റെ വേദന ഒരു സൈഡിൽ പേറി നടന്ന എനിക്ക്, അവർ വെച്ചുനീട്ടിയ പോളേട്ടൻ നാലാമൻ നൂറ്റൊന്നുവട്ടം സമ്മതമായിരുന്നു! കണ്ണാടി തിരിക്കാനുൾപ്പെടെയുള്ള ചെറിയ വലിയ കാര്യങ്ങൾക്കുപോലും സെന്റർ കൺസോളിലേക്ക് ഓടിപ്പോവണം എന്ന അതിഭീകര കോണോത്പ്ലേസിലെ ഡിസൈൻ ഒഴിച്ചാൽ നല്ല സ്റ്റൈലൻ വണ്ടി. സോ, ഫുൾചാർജിൽ 640 കിമീ ഓടാമെന്നു വാക്കുതന്ന പോളേട്ടനെ കൂട്ടി ഞങ്ങൾ അവിടുന്ന് ഇറങ്ങി നേരെ ഹോട്ടലിൽ പോയി സെറ്റിലായി.
ഓസ്ലോയിൽ നിന്നും മുന്നൂറ് കിമി വടക്കുപടിഞ്ഞാറുള്ള ഫ്ളോം ആയിരുന്നു ആദ്യദിവസത്തെ ലക്ഷ്യസ്ഥാനം. പരപരാ വെളുപ്പിന് ജോലിയോടുള്ള ആത്മാർത്ഥതയുടെ അസുഖമുള്ള ഏതോ പോലീസുകാരൻ വന്നു കണ്ട് ബോധ്യപ്പെട്ട് വൈപ്പറിൽ കുത്തിവെച്ചിരുന്ന, ഇല്ലീഗൽ പാർക്കിങ്ങിനുള്ള 60 യൂറോയുടെ ഫൈൻ ശിരസ്സാ ഏറ്റുവാങ്ങിക്കൊണ്ട് ഞങ്ങൾ ഫ്ലോമിലേക്ക് യാത്ര തിരിച്ചു.
ഉച്ചഭക്ഷണത്തിന് നിർത്തിയ ഹാലിംഗ്പോർട്ടൻ എന്ന സ്ഥലത്തെ റസ്റ്റോറന്റിൽ, വെടികൊണ്ട് പടമായി ചുമരിൽ കയറിയ കൂറ്റൻ പോത്തിന്റെയും, കാട്ടുപന്നിയുടേയും, മൂന്നാല് മാനുകളുടേയും സ്റ്റഫ്ഡ് തലകൾ “എന്താ ലേ ഇവനേ” എന്ന ഭാവത്തിൽ ഞങ്ങളെ നിർന്നിമേഷരായി നോക്കി. അതൊന്നും വകവെക്കാതെ ഞങ്ങൾ പിസയും സ്റ്റേക്കും പാസ്തയുമെല്ലാം അവിടെ നിന്നും ലോഡ് ചെയ്തു. ശേഷം, അയ്യപ്പൻ പാട്ടും, പഴയ ചിത്രഹാർ ഹിറ്റുകളും, ഹോസ്റ്റലിൽ ഓടിയിരുന്ന ആൽബങ്ങളും വെച്ചുതകർത്തുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.
നോർവേയുടെ പടിഞ്ഞാറു മുതൽ വടക്ക് ഭാഗങ്ങൾ വരെയുടെ അതിർത്തിപ്രദേശങ്ങളിൽ മലകൾക്കിടയിലേക്ക് കിലോമീറ്ററുകളോളം കടൽ കയറിക്കിടക്കുന്ന ‘ഫ്യോഡ്’ എന്ന ജലസഞ്ചയങ്ങൾ ധാരാളമുണ്ട്. അത്തരത്തിലൊന്നിന്റെ കരയിലാണ് ഫ്ളോം എന്ന പീക്കിരി ടൗൺ.
ഫ്ളോം എത്തുന്നതിനു തൊട്ടുമുമ്പ് ലെയ്ർഡാൽ എന്ന സ്ഥലത്തുതുടങ്ങുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ലാന്റ് ടണൽ - 24.5 കിമീ ദൂരമുണ്ട് അതിന്!! ഏകദേശം 17 മിനിറ്റെടുത്തു ഞങ്ങൾക്ക് ആ ദൂരം താണ്ടാൻ. നോർവേയിലെ യാത്രകളിൽ ഇത്തരം ടണലുകളാണ് ഏറ്റവും ശ്രദ്ധേയമായി തോന്നിയത്. എല്ലാ അരമണിക്കൂറിലും 3-4 കിമി ദൂരമുള്ള ഒരു ടണലെങ്കിലും ഞങ്ങൾ താണ്ടിയിരിക്കണം. എത്രയോ ദൂരം വളഞ്ഞും പുളഞ്ഞുമുള്ള ഹെയർപിൻ റോഡുകളും സമയനഷ്ടവും യാത്രാക്ലേശവും, ഈ അസംഖ്യം ടണലുകൾ വഴി അവർ ഒഴിവാക്കി എന്നതാലോചിച്ച് ഞങ്ങൾ അത്ഭുതപ്പെട്ടു. ബഹുമാനപൂർവ്വം, ഞങ്ങൾ നോർവീജിയൻ എഞ്ചിനീയർമാരെ “തൊരപ്പൻമാർ” എന്ന് വിളിച്ചു തലകുമ്പിട്ടു.
ഫ്യോഡിലൂടെയുള്ള ബോട്ട് യാത്രയും, ഹൈക്കിംഗും, വെള്ളച്ചാട്ടവും, മനോഹരമായ ഒരു ട്രെയിൻ യാത്രയുമൊക്കെ ഉള്ള, വൈന്നേരമായാൽ ‘ഇനി ഇന്ന് വേറൊന്നും ചോദിക്കരുത് കശ്മലാ’ എന്ന് പറഞ്ഞു കടപൂട്ടി ഉറങ്ങാൻ പോവുന്ന ഒരു ചെറിയ സ്ഥലം ആണ് ഫ്ളോം. ഫ്ലോമിൽ നിന്നും ഒരു കിലോമീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മിർഡൽ എന്ന സ്ഥലത്തേക്കുള്ള ടൂറിസ്റ്റ് ട്രെയിൻ യാത്ര അതിമനോഹരമാണ്. ഇടത്തും വലതുമായി നിൽക്കുന്ന മലകളുടെ വശത്തുകൂടി മാറി മാറി പണിതുണ്ടാക്കിയ റെയിൽപാതയും യാത്രയിലെ കാഴ്ചകളും അന്യായ റിഫ്രഷിംഗ് ആണ്. അതിരപ്പിള്ളി റൂട്ടിലെ ചാർപ്പ വെള്ളച്ചാട്ടത്തെ ഓർമ്മിപ്പിക്കുന്ന ഒരു വെള്ളച്ചാട്ടത്തിനരികിൽ ട്രെയിൽ കുറച്ച് സമയം നിർത്തിയിട്ടു. അവിടെ പ്ലാറ്റ്ഫോം ഒക്കെ അടിച്ച് ആളുകൾക്ക് നിന്നുകാണാനുള്ള സൗകര്യമുണ്ടാക്കിയിട്ടുണ്ട്. നോർവേയുടെ തനതായ ടണലുകൾ ഈ പാതയിലുമുണ്ട്. മലയ്ക്കുള്ളിൽ 180 ഡിഗ്രി വളവിലുള്ള ടണൽ വരെ അവന്മാർ ഈ പാതയിൽ പണിതുവെച്ചിട്ടുണ്ട്! ഒരുമണിക്കൂറോളം ഓടി മുകളിൽ മിർഡലിൽ എത്തിയാൽ, അവിടെ നിന്നും ഒസ്ലോയിലേക്കു ട്രെയിൽ കിട്ടും.അതുകൊണ്ട് ഡ്രൈവ് ചെയ്യാത്ത ടൂറിസ്റ്റുകൾ ഫ്ലോമിലേക്ക് വരുന്നത് മിർഡൽ വഴിയായിരിക്കണം - കുറേപേര് അവിടെ നിന്നും ലഗേജുമായി കയറുന്നുണ്ടായിരുന്നു.
രാത്രി അവിടെ അടുത്തുള്ള ഒരു ഹോസ്റ്റലിലായിരുന്നു സ്റ്റേ. ബെയർ മിനിമം രാത്രിസൌകര്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും നമുക്ക് അത് മതിയായിരുന്നു. പക്ഷേ,ഏതോ മുജ്ജന്മസുകൃതക്ഷയത്താൽ അന്നെനിക്ക് തീരെ ഉറക്കം വന്നില്ല.ഒരു പോള കണ്ണടയ്ക്കാതെ ഒരു രാത്രി മുഴുവനും കഴിച്ചുകൂട്ടുക എന്നതൊരു ഭീകരാവസ്ഥയാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. വെളുപ്പിന് ഒരു 5 മണി ഒക്കെ ആയപ്പോ ഞാൻ പതിയെ എഴുന്നേറ്റ് പുറത്തേക്കിറങ്ങി. സൂര്യൻ ഉദിക്കണോ അതോ ഇന്ന് ലീവെടുത്താലോ എന്ന് ആലോചിച്ചു തുടങ്ങിക്കാണുകയേ ഉള്ളു.
ദൂരെയുള്ള ഒരു വെള്ളച്ചാട്ടത്തിന്റെ നേർത്ത ശബ്ദമൊഴിച്ചാൽ ഘനഗംഭീരമായ നിശബ്ദത തളം കെട്ടി നിൽക്കുന്ന ഒരു ഗംഭീര അന്തരീക്ഷമായിരുന്നു പുറത്ത് എന്നെ കാത്തിരുന്നത്. ഇരു വശത്തും കുത്തനെയർന്നു മാനംമുട്ടി നിൽക്കുന്ന കറുപ്പും കരിനീലയും ഇടകലർന്ന നിറത്തിലുള്ള മലകൾ. നേർത്ത ലിനൻ തുണികൾ വായുവിൽ ഒഴുകുന്നതുപോലെ, മലകളിലെ പുണർന്നുനീങ്ങുന്ന മഞ്ഞുമേഘങ്ങൾ. ഇടയിലെ താഴ്വരയിൽ അലക്ഷ്യമായി ചിതറിക്കിടക്കുന്ന, മഞ്ഞയും വെള്ളയും ചെമപ്പും ചായമടിച്ച വീടുകളും തൊഴുത്തുകളും. കണ്ണെത്താദൂരത്തോളം ഒരു മനുഷ്യജീവി പോലും ഇല്ല. ഒരു കരിനാഗത്തെപ്പോലെ വളഞ്ഞുപുളഞ്ഞുപോവുന്ന ഒറ്റവരിപ്പാത അവസാനിക്കുന്നയിടത്ത്, ഏതാനും പൈൻ മരങ്ങളും മരക്കാലുകൾ കൊണ്ടുണ്ടാക്കിയ വേലിയും ഏതാനും പാറകളും ഒരു ചെമപ്പൻ വീടും - മനോഹരയായൊരു പെയിന്റിംഗ് പോലെ!
വെള്ളച്ചാട്ടത്തിന്റെ ശബ്ദവും ആ ദിശയിൽനിന്നായിരുന്നു. ഏതോ ആകർഷണത്താൽ ഞാൻ അവിടേയ്ക്കു നടന്നു. വഴി വളഞ്ഞു തിരിഞ്ഞു പൊയ്ക്കൊണ്ടിരുന്നതിനൊപ്പം വെള്ളച്ചാട്ടത്തിന്റെ ശബ്ദവും കൂടിക്കൂടി വന്നു, ഒരു കിലോമീറ്ററോളം കഴിഞ്ഞപ്പോൾ അരികിലെ മലയിൽ അത് കാണാറായി വന്നു. മലയുടെ ഏറ്റവും മുകളിൽ നിന്നാണെന്ന് തോന്നുന്നു വെള്ളം ചാടുന്നത്. അതിന്റെ ഉയരം അതിശയിപ്പിക്കുന്നതായിരുന്നു. വെള്ളത്തിന്റെ അളവ് കുറവായിരുന്നില്ലെങ്കിൽ ഇതൊരു ഭീകരരൂപിയായ സംഗതി ആയേനെ എന്ന് ഞാനോർത്തു.
വെള്ളച്ചാട്ടത്തിൽ നിന്നും വീഴുന്ന വെള്ളം ഒരു ചെറിയ തോടായിമാറി, ഞാൻ നടന്നുകൊണ്ടിരിക്കുന്ന റോഡിനുമുകളിൽ കെട്ടിയ ചെറിയൊരു പാലത്തിനു താഴെക്കൂടി, ഇടതുവശത്തെ ചെറിയ അരുവിയിലേക്ക് ചേരുന്നയിടത്ത് ഞാൻ നിന്നു. ചെറുതും വലുതുമായി നിരവധി പാറക്കല്ലുകൾ നിറഞ്ഞ ആ ഭാഗത്ത് അരുവി കുത്തനെ തിരിയുന്നുണ്ടായിരുന്നു. അത്രയും മനോഹരമായി, ശ്രദ്ധതെറ്റിക്കാൻ മറ്റൊന്നുമില്ലാതെ, അതിനുമുമ്പ് വെള്ളമൊഴുകുന്ന ശബ്ദം ആസ്വദിച്ചതെന്നെന്നു നിശ്ചയമില്ലാതെ ഞാൻ അവിടെ കുറെ നേരം അതിൽ ലയിച്ച് കണ്ണടച്ചു നിന്നു.
തോടിന്റെയും അരുവിയുടെയും ഇടയിൽ പുല്ലുവിരിച്ച ഒരു പറമ്പ് വേലി കെട്ടിത്തിരിച്ചിട്ടുണ്ട്. വശങ്ങളിലേക്ക് നീണ്ടുവളരുന്ന കൊമ്പുകളുള്ള, ഹൈലാന്റ് ഇനത്തിൽപ്പെട്ട കുറേ പശുക്കൾ അവിടെ വിശ്രമിക്കുന്നുണ്ടായിരുന്നു. എന്റെ സാമീപ്യം അവയെ തെല്ലും അലോസരപ്പെടുത്തിയില്ലെന്നു തോന്നുന്നു. ചിലർ അയവെട്ടുകയും, ചിലർ തല ചെരിച്ച് മുൻകാലുകളിൽക്കിടയിൽ വെച്ച് സുഖസുഷുപ്തി തുടരുകയും ചെയ്തു. തൊട്ടടുത്തുള്ള പറമ്പിൽ നിർമിച്ചുവെച്ചിരുന്ന ഒരു വലിയ കോഴിക്കൂടിൽ നിന്നും മുന്തിയ ഒരു ചാത്തൻ അപ്പോൾ പുറത്തുവന്ന് നേരംവെളുക്കാൻ പോവുന്ന വിവരം വലിയവായിൽ വിളംബരം ചെയ്തു. അവന് പുറകെ തത്തിത്തത്തി ഇറങ്ങിയ ഏതാനും പിടകൾ, തലേന്നത്തെ കെട്ടുമാറാത്ത പോലെ, കുറെ നേരം അങ്ങോട്ടുമിങ്ങോട്ടും നോക്കി അന്തിച്ചുനിന്നു.
വെളിച്ചം പരന്നു തുടങ്ങിയപ്പോൾ, ഞാൻ തിരികെ ഹോസ്റ്റലിലേക്ക് നടന്നു. പങ്കാളികൾ രണ്ടും അപ്പോഴേക്കും എഴുന്നേറ്റ് കുളി പാസാക്കിയിരുന്നു. വേഷം മാറി കുട്ടപ്പൻമാരായ ശേഷം ഞങ്ങൾ മൂന്നും, ഗുഡ്വാൻഗൻ വരെ ഫ്യോഡിലൂടെയുള്ള ബോട്ടുയാത്രയ്ക്ക് വേണ്ടി ഡോക്കിലേക്ക് നീങ്ങി. ഡോക്കിൽ ആ സമയം ഒരു വലിയ ക്രൂസ് കപ്പൽ വന്നു കിടപ്പുണ്ടായിരുന്നു. കരയിൽ ഇത്രയും അടുത്തുവന്നു നങ്കൂരമിടണമെങ്കിൽ അവിടത്തെ ആഴം എത്രയായിരിക്കും എന്ന് ഞങ്ങൾ കൗതുകം പൂണ്ടു. ഫ്യോഡുകൾക്ക് “തീരം” എന്ന പരിപാടി ഇല്ലെന്നതും മലകളുടെ അരികുകൾ എത്ര താഴെ പോവുന്നോ അത്രയും ആഴം കരയോട് ചേർന്നു അവയ്ക്കുണ്ടാകും എന്ന് ഞങ്ങൾ മനസ്സിലാക്കി.
അതിമനോഹരമായിരുന്നു ഫ്യോഡിലൂടെയുള്ള യാത്ര. പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബോട്ടായിരുന്നതിനാൽ, വെള്ളം വകഞ്ഞുമാറ്റുന്ന ശബ്ദമൊഴിച്ചാൽ മറ്റൊന്നും നമ്മുടെ ആസ്വാദനത്തെ ബാധിക്കുന്നില്ല എന്നതൊരു വേറിട്ട അനുഭവമായിരുന്നു. “റ” ആകൃതിയിൽ മലയെ ചുറ്റി ഗുഡ്വാൻഗനിൽ എത്തിയ ശേഷം അവിടെനിന്നും അരമണിക്കൂർ ബസ് യാത്ര ചെയ്തു ഞങ്ങൾ തിരികെ ഫ്ലോമിലെത്തി. അവിടെയുള്ള ഒരു ടൂറിസ്റ്റ് ഷോപ്പിൽ നിന്നും ഏതാനും സുവനീറുകളും മറ്റും വാങ്ങി ഞങ്ങൾ രണ്ടരമണിക്കൂർ ദൂരെയുള്ള ബെയർഗൻ നഗരത്തിലേക്ക് വെച്ചുപിടിച്ചു.
No comments:
Post a Comment