Thursday, 3 September 2026

ഗേയ്റേങ്ങർ

ബെയ്ർഗനിൽ നിന്നും ഗേയ്റേങ്ങറിലേക്ക് ഏകദേശം ഏഴു മണിക്കൂറിൽത്താഴെ ഡ്രൈവുണ്ട്. ബെയ്ർഗനിലെ ഹൈവേയിലേക്കുള്ള എൻട്രി മിസ്സായി കണ്ണിൽക്കണ്ട വഴിയിലൂടെയൊക്കെ വണ്ടി കയറ്റിത്തിരിച്ച് പ്രാന്തായി ഒടുവിൽ ശരിയായ വഴിയിലേക്ക് തിരികെ കയറുമ്പോൾ, ജീവിതത്തിൽ ഒരിക്കലും മറക്കാനിടയില്ലാത്ത വിധം വശ്യസൗന്ദര്യം നിറഞ്ഞ ഒരു യാത്രയാണ് നോർവ്വേ കാത്തുവെച്ചിരിക്കുന്നതെന്ന് ഞങ്ങളറിഞ്ഞിരുന്നില്ല.

ഒരു വശം തടാകവും മറുവശം പച്ചവിരിച്ച കുന്നും മലനിരകളുമാണ്, വീതികുറഞ്ഞതെങ്കിലും തടസ്സങ്ങളൊന്നുമില്ലാത്ത ഹൈവേയുടെ ഇരുവശവും ഉണ്ടായിരുന്നത്. മുന്നോട്ടുപോവുന്തോറും കാഴ്ചയുടെ മനോഹാരിത കൂടിക്കൂടി വന്നു. ചെറിയ വെള്ളച്ചാട്ടങ്ങൾക്കും, കുത്തിയൊഴുകുന്ന നീർച്ചാലുകൾക്കും സമാന്തരമായി, വഴി വളഞ്ഞുപുളഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഇടക്കിടെ വരുന്ന ടണലുകളിലേക്കുള്ള പ്രവേശനകവാടങ്ങൾ, ഹരിതാഭയണിഞ്ഞും മലയുടെ ഭാഗമെന്നുതോന്നുന്ന വിധത്തിൽ യാതൊരു ഏച്ചുകെട്ടലുകളുമില്ലാതെയും നിലകൊണ്ടു.


പൈൻമരങ്ങളും അരുവിയും മരങ്ങൾ നിറഞ്ഞ മലയുമെല്ലാമുള്ള ഒരിടത്ത് വണ്ടി നിർത്തി ഞങ്ങൾ കുറെ സമയം ചെലവഴിച്ചു. ആകാശം ചെറുതായി മൂടിനിൽക്കുന്നതിനാൽ അന്തരീക്ഷത്തിന് വല്ലാത്തൊരു നിഗൂഢസൗന്ദര്യം തോന്നി. ചെറുതായി മഴ പൊടിയുന്നുണ്ടായിരുന്നു.

മുന്നോട്ടുള്ള വഴിയിൽ ഓപ്പെടാൽ എന്ന സ്ഥലത്ത് ഫെറി കടക്കണമായിരുന്നു. പത്തുമിനിട്ടോളം വരിയിൽ കാത്തുനിന്ന ശേഷം ഞങ്ങൾ ഫെറിയിൽ പ്രവേശിച്ചു. വണ്ടി പാർക്കു ചെയ്ത ശേഷം മുകളിലെ കഫേയിൽ പോയി ഞങ്ങൾ ഓരോ കാപ്പിയും ഹോട്ട്ഡോഗും ക്രോസാന്റുമൊക്കെ അകത്താക്കി. ഏകദേശം പതിനഞ്ചുമിനിട്ടുകൊണ്ട് ഫെറി അപ്പുറത്തെത്തി. ഷായ് എന്നസ്ഥലത്ത് ഞങ്ങൾ പോളേട്ടനെ ചാർജ് ചെയ്യാൻ നിർത്തി. എവിടെ നിർത്തിയാലും ചുറ്റും ഒരു രക്ഷയുമില്ലാത്ത രമണിയാൽ സമൃദ്ധമായ പ്രകൃതിയാണ് ചുറ്റും.

ഉയരംകൂടിയ മലനിരകളുള്ള പ്രദേശമായ ഗേയ്റേങ്ങറിനോട് അടുക്കുന്തോറും റോഡിന്റെ വീതി കുറഞ്ഞുവന്നു. ഒരു മലയിറങ്ങിവരുമ്പോൾ, പടം വരച്ചുവെച്ചിരിക്കുന്നതു പോലെ ആകർഷിപ്പിക്കുന്ന വീടുകളും വഴികളും പുൽമേടുകളുമുള്ള ഊൾഡൻ എന്ന ഒരു ചെറിയ ഗ്രാമത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു. കടുംപച്ചയും കരിനീലയും നിറങ്ങളിൽ അതിർത്തികെട്ടിയ, മഴക്കാറും മേഘങ്ങളും പുതച്ചുനിന്ന വലിയ മലനിരകളുടെ പശ്ചാത്തലത്തിൽ, ഊൾഡൻ അതീവഹൃദ്യമായ ദൃശ്യാനുഭവമേകിക്കൊണ്ട് ഞങ്ങൾക്ക് വഴിതന്നു.

വയനാട്ടിലെ ചുരങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു ഭാഗത്തെ ഏതാനും ഹെയർപിന്നുകൾ കയറിച്ചെന്നപ്പോൾ, വലതുവശത്തെ ഭീമൻ മലയിൽ നിന്നും ഒരു വലിയ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നുണ്ടായിരുന്നു. അവിടേക്ക് ഹൈക്ക് ചെയ്തുപോവുന്നവർ, വഴിയരികിലെ പാർക്കിങ്ങിൽ വണ്ടികൾ നിർത്തി മലയിറങ്ങാൻ തയ്യാറെടുക്കുന്നതു കണ്ടു. ഏതാനും ദൂരം പിന്നിട്ടപ്പോൾ വലിയൊരു മല തുരന്നുണ്ടാക്കിയ ഓപ്പ്ലോയ്സ്ടണൽ എന്ന അഞ്ചുകിലോമീറ്ററോളം ദൂരമുള്ള ഒരു വലിയ തുരങ്കം ഞങ്ങൾ പിന്നിട്ടു.

തുരങ്കം കടന്നുചെന്നപ്പോൾ തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയായിരുന്നു മറുവശത്ത്. തുരങ്കത്തിനിപ്പുറം പച്ചപ്പിന്റെയും ഹരിതാഭയുടെയും അതിപ്രസരമായിരുന്നെങ്കിൽ, ഓപ്പ്ലോയ്സ്ടണലിനപ്പുറം വരണ്ടും ശുഷ്കിച്ചും കാണപ്പെട്ടു. മലനിരകളിലെ പാറക്കെട്ടുകളിൽ പിടിച്ചുവളരുന്ന മഞ്ഞയും ചെമപ്പുരാശിയുമുള്ള പായലുകളും ചെറിയ പുല്ലുകളുമല്ലാതെ മറ്റൊന്നുമില്ലാത്ത ഒരു പ്രദേശം.


അവിടെനിന്നും മലയിറങ്ങി താഴെയിറങ്ങണം
ഗേയ്റേങ്ങർ എത്താൻ. ഹെയർപിന്നുകളും, മൂടൽമഞ്ഞും, ചാറ്റൽമഴയും, മരക്കൂട്ടങ്ങളും എല്ലാം ചേർന്ന, കൊടൈക്കനാലിനെയും ഊട്ടിയേയുമൊക്കെ ഓർമ്മിപ്പിക്കുന്ന കാലാവസ്ഥ വളരേപ്പെട്ടെന്നായിരുന്നു നേരത്തെ കണ്ട ശുഷ്കിച്ച അവസ്ഥയിൽ നിന്നും ദൃശ്യങ്ങളെ മാറ്റിമറിച്ചത്. വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. കുത്തനെയുള്ള മലയിലെ വളഞ്ഞുപുളഞ്ഞ വഴി പതിയെ ഇറങ്ങി എട്ടുമണിയോടെ ഒടുവിൽ ഞങ്ങൾ ഗേയ്റേങ്ങർ പിടിച്ചു.

ഹോട്ടലിലേക്ക് സ്വാഗതം ചെയ്ത റിസപ്ഷനിലെ ചേച്ചി, "ഫ്യോഡിലേക്ക് കാഴ്ചയുള്ള മുറിയാണ് കേട്ടോ" എന്ന് പുഞ്ചിരിയോടെ പറഞ്ഞു. ബുക്കിംഗ് സമയത്ത് അങ്ങനൊരു അഭ്യർത്ഥന ഞങ്ങൾ അയച്ചിരുന്നു. "നന്ദി പ്രിൻസി, ഒരായിരം നന്ദി" എന്നരുളി, വെളുക്കെയൊരു ചിരി കൂടി ചേച്ചിക്കു സമ്മാനിച്ചുകൊണ്ട് ഞങ്ങൾ റൂമിൽ പോയി സെറ്റിലായി. ചേച്ചി വെറുതെ പറഞ്ഞതല്ല, അതീവസുന്ദരമായ കാഴ്ച സമ്മാനിക്കുന്ന ബാൽക്കണിയുള്ള മുറിയായിരുന്നു ഞങ്ങൾക്ക് തന്നത്. ഇരുവശവും മലകൾ കോട്ടകെട്ടിയ ഫ്യോഡ്, മേഘംമൂടിയ ആകാശത്തിന്റെ പശ്ചാത്തലത്തിൽ ഇരട്ടിസൗന്ദര്യത്തിൽ കാണപ്പെട്ടു.
ഭക്ഷണത്തിന് മുട്ടുണ്ടാവാതിരിക്കാൻ നേരത്തെ തന്നെ ഞങ്ങൾ ഡിന്നർ റിസർവേഷൻ ചെയ്തിരുന്നു. റൂമിൽ ചെക്കിന് ചെയ്ത ശേഷം ഞങ്ങൾ റസ്റ്റോറന്റിൽ പോയി സ്റ്റേയ്ക്കും പാസ്തയും ബിയറിനൊപ്പം സേവിച്ചു. ഫ്ലോമിലെ ഉറക്കനഷ്ടമോ മറ്റോ തലവേദനയുടെയും ചെറിയ ഉൾക്കുളിരിന്റെയും രൂപത്തിൽ എന്നെ അലട്ടിക്കൊണ്ടിരുന്നു. ആലന്റെ മരുന്നുഡപ്പി റെയ്ഡ് ചെയ്തുകിട്ടിയ പാരസെറ്റാമോൾ ഗുളികകളായിരുന്നു എന്നെ നേരെ നടക്കാൻ പ്രാപ്തനാക്കിക്കൊണ്ടിരുന്നത്. ആഹാരം കഴിഞ്ഞു റൂമിലെത്തിയ ഞങ്ങൾ യാത്രാക്ഷീണത്തിൽ പെട്ടെന്നുതന്നെ ഉറക്കത്തിലേക്ക് വീണു.

രാവിലെ എഴുന്നേറ്റ് ബാൽക്കണി തുറന്നപ്പോൾ ഫ്യോഡിൽ ഒരു വലിയ ക്രൂസ് കപ്പൽ ഡോക്ക് ചെയ്യുന്നുണ്ടായിരുന്നു. ഒത്തയൊരു കൊമ്പൻ, പാപ്പാന്റെ കല്പനയിൽ അങ്ങോട്ടുമിങ്ങോട്ടും തിരിയുന്നതുപോലെ ചെറിയൊരു ടഗ്ബോട്ട് ആ വമ്പൻ കപ്പലിനെ തിരിച്ചുവളച്ച് ഡോക്കിൽ നങ്കൂരമിടുവിച്ചു. വിഭവസമൃദ്ധമായിരുന്നു ഹോട്ടലിലെ ബ്രേക്ഫാസ്റ്റ്. അതുകഴിച്ച് ചെക്കൗട്ട് ചെയ്ത ഞങ്ങൾ, കാറുമെടുത്ത് നേരെ ഹെലിസിൽറ്റ് എന്ന സ്ഥലത്തേക്കുള്ള ഫെറി പിടിക്കാൻ ഡോക്കിലേക്ക് നീങ്ങി. കൃത്യസമയത്തു തന്നെ എത്തിയ ഫെറി, ഒരു കൂറ്റൻ സ്രാവ് വാ പൊളിക്കുന്ന ചേലിൽ അതിന്റെ പ്രവേശനകവാടം ഉയർത്തി. അതിലൂടെ ഉള്ളിൽക്കടന്നു കാർ പാർക്കുചെയ്ത ശേഷം, ഞങ്ങൾ മുകളിലെ നിലയിൽ കാഴ്ചകൾ കാണാൻ ചെന്നുനിന്നു.


പ്രഭാതത്തിന്റെ മുഴുവൻ സൗന്ദര്യവുമാവാഹിച്ച മലനിരകളും ജലസഞ്ചയവും കണ്ണിനും മനസ്സിനും കുളിർമയേകിക്കൊണ്ടിരുന്നു. ഹരിതപ്രഭയിൽ മുങ്ങിയ മലകളുടെ താഴ്വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ചെറുഗ്രാമങ്ങളുടെ മനോഹാരിത എത്രയെഴുതിയാലും വർണ്ണിച്ചാലും ഒരിക്കലും പകർത്താനാവാത്തവിധമാണ് നോർവേ അതിന്റെ സർവ്വപ്രൗഢിയോടും കൂടി അവിടെ വിരാജിക്കുന്നത്. ശൈത്യത്തിൽ ഈ മലകളെല്ലാം മഞ്ഞുമൂടിക്കിടക്കുന്നത് സങ്കൽപ്പിക്കുമ്പോൾ കൗതുകം ഇരട്ടിക്കും.

അതിശയകരമായ വിധം ഉയരത്തിൽ നിന്നും മലകളിൽ നിന്നും ഫ്യോഡിലേക്ക് വീഴുന്ന, സെവൻ സിസ്റ്റേഴ്സ് എന്ന പേരിലറിയപ്പെടുന്ന, ഏഴ് അരുവികൾ ചേർന്നു സൃഷ്ടിക്കുന്ന വെള്ളച്ചാട്ടങ്ങളും പിന്നിട്ട് ഒന്നരമണിക്കൂറിന് ശേഷം ഹെലിസിൽറ്റിൽ ഫെറി അവസാനിച്ചു. അവിടെ നിന്നും ഒരുമണിക്കൂറോളം യാത്ര ചെയ്ത്, സ്ട്രീൻ എന്ന കൊച്ചുടൗണിൽ കണ്ട ടെസ്ല ചാർജറിൽ പോളേട്ടനെ കുത്തിയിട്ട്, ഞങ്ങൾ ലഞ്ചിനായി നീങ്ങി. ഫ്രൈഡ് ചിക്കനെപ്പോലെയിരിക്കുന്ന പൊരിച്ച ബീഫും, ചിക്കൻ ബർഗറുമെല്ലാം അകത്താക്കി വരുമ്പോഴേക്കും പോളേട്ടൻ ഫുൾചാർജ്ജുമായി ഓസ്ലോയിലേക്ക് പറക്കാൻ റെഡിയായി മിനുങ്ങി നിന്നു. വഴിയിലെ ഒരു ചെറിയ പാലത്തിനടിയിലെ അരുവിയിൽ മീൻ പിടിക്കാനിറങ്ങുന്ന ഒരു അച്ഛനെയും മകനെയും നോക്കി ഞാൻ കൈവീശി.


സുന്ദരങ്ങളായ നിരവധി ഗ്രാമങ്ങളെയും, പ്രത്യേകതരം ഏതോ പാറപ്പൊടിയുടെ സാന്നിധ്യത്താൽ, സവിശേഷമായൊരു പച്ചകലർന്ന നീലനിറത്തിൽ വെട്ടിത്തിളങ്ങുന്ന ന്യോസെറ്റർവാറ്റ്നെ തടാകതീരങ്ങളെയും പിന്നിട്ട്, ഏതാനും മണിക്കൂറുകൾക്കു ശേഷം ഓസ്ലോയുടെ നഗരപ്രൗഢിയിലേക്ക് ഞങ്ങൾ ചെന്നുകയറി. തീർന്നുപോയൊരു റോഡ്ട്രിപ്പിന്റെ മധുരിക്കുന്ന നിരാശ, പീപ്പിൾ പബിലെ സഹൃദയനായ സെർവർ വെച്ചുനീട്ടിയ സ്വാദിഷ്ടമായ ബർഗറുകൾ ബിയറുകൾക്കൊപ്പം കാലിയാക്കിക്കൊണ്ട് ഞങ്ങൾ വൃഥാ മറക്കാൻ ശ്രമിച്ചു. പിറ്റേന്നു പകൽസമയം ഓസ്ലോയിലെ തെരുവുകളിലും, സുവനീർ ഷോപ്പുകളിലും, പുരാതനമായ പള്ളിയിലും ചെലവഴിച്ച ശേഷം, ബണൂപും ആലനും വൈകുന്നേരത്തെ വിമാനത്തിൽ അവരവരുടെ ജീവിതങ്ങളിലേക്ക് തിരികെപ്പോയി. പത്തുദിവസങ്ങൾക്കുശേഷം ആദ്യമായി ഒറ്റയ്ക്കായിപ്പോയതിന്റെ ശൂന്യാതാബോധം തിരിച്ചറിഞ്ഞ ഞാൻ, ഹോട്ടൽമുറിയിൽ യാത്രയുടെ മധുരം അയവിയറക്കിക്കൊണ്ടെപ്പോഴോ ഉറക്കത്തിലേക്ക് വീണു.
എന്നെന്നേക്കുമായ ഓർമ്മകൾ ഉള്ളിൽ രാകിമിനുക്കിവെച്ചതിന്റെ സംതൃപ്തിയിൽ, പിറ്റേന്നത്തെ വിമാനത്തിൽ ഞാനും എന്നിലേക്കു തിരികെയെത്തി.

Wednesday, 2 September 2026

ബെയ്ർഗൻ

ഇരുട്ടുവീഴുന്നതിനു മുൻപ് ഞങ്ങൾ ബെയ്ർഗനിൽ എത്തി. ഡോക്കിനടുത്തുള്ള ഹോട്ടലിൽത്തന്നെയായിരുന്നു ബുക്കിംഗ്. ഒരു കുന്നിന്റെ ഒരു വശത്തായിരുന്ന ഹോട്ടലിന്റെ പാർക്കിംഗ് പക്ഷേ, ആ കുന്നിന്റെ മറുവശത്തു നിന്നും ഉള്ളിലേക്കു തുരന്നുണ്ടാക്കിയ ഗുഹയിലായിരുന്നു. ബെയ്ർഗൻ നല്ല തിരക്കുള്ള നഗരമാണ്. പഠിക്കാൻ വന്നുതങ്ങിയിട്ടുള്ള യുവാക്കളുടെ ത്രസിപ്പിക്കുന്ന കൂട്ടങ്ങളും, ടൂറിസ്റ്റുകളുടെ വൈവിധ്യവും, പോരാത്തതിനു ഞങ്ങളും ഒക്കെച്ചേർന്ന് നല്ല സ്റ്റൈലൻ വൈബ് അടിക്കുന്ന ഇടം.

ഡിന്നറിന് വെറൈറ്റി ആയി എന്തെങ്കിലും നോക്കണമെന്ന ആഗ്രഹത്തിൽ ഞങ്ങൾ ബ്ര്യൂഗസ്റ്റുവെൻ ബ്ര്യൂഗലോഫ്റ്ററ്റ് എന്ന, പറയാൻ ഏറ്റവും എളുപ്പമുള്ള പേരും, നല്ല റിവ്യൂവും  ഒക്കെ കണ്ട ഒരു നോർവീജിയൻ റെസ്റ്റോറന്റിലേക്ക് നടന്നു. ഡോക്കിന്റെ ഒരു വശത്തുകൂടി നടന്നുകറങ്ങി മറുവശത്താണ് ഹോട്ടൽ. അങ്ങോട്ടേക്ക് നടക്കുമ്പോൾ വെള്ളത്തിന്റെ മറുവശത്ത്, പല വർണ്ണങ്ങളിൽ നിരനിരയായി നിൽക്കുന്ന, നോർവേയുടെ പോസ്റ്റ്കാർഡുകളിൽ കാണുന്ന തരം, ചെരിഞ്ഞുകൂർത്ത മേൽക്കൂരകളുള്ള, ചെമപ്പും മഞ്ഞയും ഓറഞ്ചും വെള്ളയുമൊക്കെ  ചായമടിച്ച കെട്ടിടങ്ങൾ, മഞ്ഞയും വെളുപ്പും ഇടകലർന്ന രാത്രിവെളിച്ചം പൊഴിച്ചുകൊണ്ട് അതീവസുന്ദരമായി കാണപ്പെട്ടു. ഒരു വശത്തെ കുന്നിനു മുകളിലേക്കുള്ള ലിഫ്റ്റ് റൈഡിന്റെ പാത ശക്തിയേറിയ ബൾബുകളുടെ പ്രഭയാൽ ജ്വലിച്ചുകൊണ്ടിരുന്നു.
രാവിലെ എഴുന്നേറ്റ്, തുണി പോലും ഉടുക്കാതെ ഒന്ന് വെറുതേ സ്ട്രെച്ച് ചെയ്യുന്ന ടൈമിൽ, ഉഗ്രതപശക്തിയുള്ള ഏതോ മാമുനി സ്റ്റാച്യൂ പറഞ്ഞതുപോലെ ഒരു ചേച്ചിയുടെ പ്രതിമ ഡോക്കിനരികിൽ ശാപമോക്ഷവും കാത്തു നിലകൊണ്ടു.

പാതയോരത്ത്, അടുത്തടുത്ത കൂടാരങ്ങളിൽ പ്രവർത്തിക്കുന്ന താൽക്കാലികഭക്ഷണശാലകളുടെ ഒരു വലിയ നിരയ്ക്കുള്ളിലൂടെ ഞങ്ങൾ നടന്നു നീങ്ങി. തിമിംഗലവും റെയിൻഡിയറുമുൾപ്പെടെ കണ്ടതും കാണാത്തതുമായ പലവിധ മാംസ/മത്സ്യവിഭവങ്ങൾ അവിടെ ആളുകൾ ഇരുന്നു ആസ്വദിക്കുന്നുണ്ടായിരുന്നു. കടകളിൽ, വലിയ ചില്ലുകൂടുകളിൽ വമ്പൻ ഞണ്ടുകളും ഭീമൻ കൊഞ്ചുകളും തന്താങ്ങളുടെ നമ്പർ വരുന്നതും കാത്തു റെസ്റ്റെടുത്തു.

 

ബ്ര്യൂഗസ്റ്റുവെൻ ബ്ര്യൂഗലോഫ്റ്ററ്റിനു മുമ്പിൽ ഒരു വലിയ ക്യൂ കാണപ്പെട്ടു. ഞങ്ങളെപ്പോലെ റിവ്യൂ കണ്ട് ഇടിച്ചുകയറുന്ന ടൂറിസ്റ്റ് ജനതയാണ് ക്യൂവിൽ ഭൂരിഭാഗവും എന്ന് ഞങ്ങൾക്ക് തോന്നി. നടക്കുന്നതിന് മുൻപ് അവിടെ റിസർവേഷനു വേണ്ടി ശ്രമിച്ചെങ്കിലും ഞങ്ങൾക്ക് കിട്ടിയിരുന്നില്ല. ആതുകൊണ്ട് ക്യൂവിൽ ഏകദേശം അരമണിക്കൂറിനടുത്ത് നിന്നു വേരു വന്നതിനു ശേഷമാണ് ഇരിക്കാൻ ക്ഷണം കിട്ടിയത്.


അകത്തുകയറിക്കഴിഞ്ഞപ്പോൾ, മാന്യരും ഉത്സാഹികളുമായ വെയിറ്റർ-ചേച്ചിമാർ ഞങ്ങളുടെ എല്ലാ ചടപ്പും മാറ്റി. ഒരു ചെറിയ കുട്ട നിറയെ കക്ക വേവിച്ചത്, സ്വാദിഷ്ടമായ സോസും നല്ല നാടൻ നോർവീജിയൻ ബിയറിനുമൊപ്പം ഞങ്ങൾ വേഗം തന്നെ തല്ലിപ്പൊട്ടിച്ച് അകത്താക്കി. പിന്നീട് റെയിൻഡിയർ സ്റ്റേക്ക് വേണോ അതോ തിമിംഗലബർഗർ  വേണോ എന്നതിന്റെ ടോസിടലിൽ റെയിൻഡിയറിന് നറുക്കുവീണു. പക്ഷേ സംഗതി അത്ര ഉഷാറായില്ല. പ്രത്യേകിച്ച് യാതൊരു വികാരവും  തോന്നാഞ്ഞ ഒരു വിഭവമായി റെയിൻഡിയർ മീറ്റ് പ്ലേറ്റിൽ കിടന്നു തണുത്തു. എന്നാലും, അന്യോന്യം പ്ലേറ്റിൽ കയ്യിട്ടുവാരിയും, ആസ്വദിച്ചും ഞങ്ങൾ റെയിൻഡിയർ ദുഃഖത്തെ അതിജീവിച്ചു.

തീൻമേശകളിൽ കക്കത്തൊണ്ടുകൾക്കു പുറമെ, സാഹസികകഥകളും, ജീവിതവ്യഥകളും നീണ്ട ഗ്ലാസിലെ ബിയറുകൾക്കൊപ്പം പതഞ്ഞുയരുകയും അലിഞ്ഞുപോവുകയും ചെയ്തുകൊണ്ടിരുന്നു. കെട്ടിയിട്ട ആഗ്രഹങ്ങളും, കെട്ടുവിടാത്ത നൈരാശ്യങ്ങളും, കെട്ടുപൊട്ടിച്ചു പാഞ്ഞ തീവ്രാനുഭവങ്ങളും മേശമേൽ താളപ്പെരുക്ക് നടത്തിക്കൊണ്ടിരുന്നു. കുറച്ച് മണിക്കൂറുകൾക്കു ശേഷം, ജനമൊഴിഞ്ഞ്, കടകൾ അടഞ്ഞ വെളിച്ചമരണ്ട തെരുവിലൂടെ തിരികെ ഹോട്ടലിലേക്ക് നടക്കുമ്പോൾ, വഴിയിലൊരു കടയിലെ കണ്ണാടിക്കൂടിൽ നിന്നും ഫുൾസൈസിലുള്ള ഒരു ധ്രുവക്കരടിയുടെ പ്രതിമ ഞങ്ങളെ നോക്കി പല്ലിളിച്ചു. അവന്റെ തട്ടകത്തിൽവെച്ച് അവന്റെ മുന്നിൽപ്പെട്ടിരുന്നെങ്കിൽ എന്തൊരു കളറായേനെ എന്നോർത്ത് ഞാൻ ഉൾക്കിടിലം കൊണ്ടു. 

പിറ്റേന്നത്തെ ഞങ്ങളുടെ ലക്ഷ്യമായ ഗേയ്റേങ്ങറിലേക്ക് ഏഴു മണിക്കൂറോളം ഡ്രൈവ് ഉണ്ടായിരുന്നു. സോ, മൂന്നുപേരും നേരത്തെ തന്നെ എഴുന്നേറ്റു കുട്ടപ്പൻസ് ആയി ഹോട്ടലിലെ ബ്രേക്ക്ഫാസ്റ്റ് ഹാളിൽ പോയി. മേശകളിൽ ഭംഗിയായി നിരത്തിയ സോസേജും, മുട്ടപൊരിച്ചതും, ക്രോസാന്റും, ബീൻസും, ബ്രെഡും, പഴങ്ങളും, പേരോർമ്മയില്ലാത്ത പലതരം ബേക്കറി വിഭവങ്ങളും, ചായയും, കാപ്പിയും ജ്യൂസും എന്നിങ്ങനെ ഒന്നിനുമൊരു കുറവ് വരുത്താതെ ഞങ്ങൾ പ്രഭാതകത്തിയോടൊപ്പം  ആസ്വദിച്ചു. ബണൂപിന്റെ അടുത്ത ആൽബത്തിന്റെ വീഡിയോയിൽ എ.ഐ. ഉപയോഗിച്ച് എങ്ങനെ മാസ്മരികത സൃഷ്ടിക്കാമെന്നതിനെക്കുറിച്ചുള്ള ചിന്തയിൽ, ആലന്റെ തലച്ചോറ് പുകഞ്ഞുകൊണ്ടിരുന്നപ്പോൾ, അടുത്ത ടേബിളിലെ ഗേ കപ്പിളിൽ ഒരാൾ ബൈബിളും മറ്റേയാൾ ഏതോ സയൻസ് ഫിക്ഷനും ഏകാഗ്രതയോടെ വായിച്ചുകൊണ്ടിരുന്നു.


പത്തുമണിക്ക് പ്രാതലിന്റെ കർട്ടൻ ഇട്ട് “ഒന്ന് പോയിത്തരോ” എന്ന ഭാവത്തിൽ അവിടത്തെ ചേച്ചി നോക്കിപ്പേടിപ്പിച്ച് മൂഡ് നശിപ്പിച്ചില്ലായിരുന്നെങ്കിൽ, അടുത്ത ദിവസം തന്നെ ആലൻ വീഡിയോ ഇറക്കിയേനെ എന്ന് തോന്നിപ്പോയി. എന്ത് ചെയ്യാം, ബണൂപിനു ഭാഗ്യമില്ലാതെ പോയി!

പ്രാതലിനു ശേഷം, ഏതാണ്ട് പത്തുമണിയോടെ, കുന്നിൻചെരുവിലെ ഗുഹയിൽപ്പോയി വണ്ടി എടുത്ത് ഞങ്ങൾ ഹൈവേ പിടിച്ചു. ഇനി എന്നെങ്കിലും നോർവേ വരികയാണെങ്കിൽ, ബെയ്ർഗനിൽ ഒന്ന് രണ്ട് ദിവസം കറങ്ങി എല്ലാം ഒന്ന് വിശദമായി കാണണം എന്ന ആഗ്രഹം മനസ്സിലുറപ്പിച്ച ഞങ്ങളെയും കൊണ്ട് പോളേട്ടൻ ഗേയ്റേങ്ങറിനെ ലക്ഷ്യമാക്കി പറന്നു.




Tuesday, 1 September 2026

ഫ്ലോം

ഓസ്ലോയിലെ വിമാനത്താവളത്തിൽ ഇടിച്ചിറങ്ങി വെടിച്ചില്ലുപോലെ ലഗേജെടുക്കാൻ ഓടുമ്പോൾ കണ്ണിൽത്തടഞ്ഞ “ഓസ്ലോ ലുഫ്റ്റ്ഹൗൻ” ബോർഡിൽ നിന്നാണ് എനിക്കാ തിരിച്ചറിവുണ്ടാവുന്നത് - ലുഫ്താൻസയെന്നാൽ ലുഫ്താൻസയല്ല - ലുഫ്റ്റ് ഹൻസയാണ്. 'ലുഫ്റ്റ്' എന്നാൽ വായു അല്ലെങ്കിൽ അന്തരീക്ഷം എന്നൊക്കെ അർത്ഥം. ഇനി എന്തൊക്കെ പഠിക്കാനും തിരുത്താനുമിരിക്കുന്നു എന്ന തിരിച്ചറിവോടെയാണ് നോർവേയിൽ കാലുകുത്തിയിരിക്കുന്നത്!

റെന്റലിൽ ചെന്നപ്പോൾ, ഇലക്ട്രിക് വണ്ടി ഓപ്ഷനുകളുടെ ധാരാളിത്തം കണ്ട് തെല്ല് ശങ്കിച്ചുനിന്ന ഞങ്ങളോട്, റിസപ്ഷനിലെ സുന്ദരി നോർവേയിലെ ബൃഹത്തായ കാർ-ചാർജിങ് നെറ്റ്വർക്കിനെ കുറിച്ച് ഒന്നരപുറത്തിൽ കവിയാതെ ഉപന്യസിച്ചു. ചേച്ചി തന്ന ആത്മവിശ്വാസത്തിൽ, ഇലക്ട്രിക് തന്നെ എടുക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു - നോർവേക്കാരുടെ ഗ്രീൻ ഇനിഷ്യേറ്റീവിൽ നമ്മളായിട്ട് ഒരു കറ ഉണ്ടാക്കേണ്ടല്ലോ. മൂന്നുകൊല്ലം ലീസിൽ കൊണ്ടുനടന്നു ഇഷ്ടപ്പെട്ടുപോയ പോൾസ്റ്റാർ മൂന്നാമനെ തിരിച്ചുകൊടുത്തതിന്റെ വേദന ഒരു സൈഡിൽ പേറി നടന്ന എനിക്ക്, അവർ വെച്ചുനീട്ടിയ പോൾസ്റ്റാർ നാലാമൻ നൂറ്റൊന്നുവട്ടം സമ്മതമായിരുന്നു! കണ്ണാടി തിരിക്കാനുൾപ്പെടെയുള്ള ചെറിയ വലിയ കാര്യങ്ങൾക്കുപോലും സെന്റർ കൺസോളിലേക്ക് ഓടിപ്പോവണം എന്ന അതിഭീകര കോണോത്പ്ലേസിലെ ഡിസൈൻ ഒഴിച്ചാൽ നല്ല സ്റ്റൈലൻ വണ്ടി. സോ, ഫുൾചാർജിൽ 640 കിമീ ഓടാമെന്നു വാക്കുതന്ന പോളേട്ടനെ കൂട്ടി ഞങ്ങൾ അവിടുന്ന് ഇറങ്ങി നേരെ ഹോട്ടലിൽ പോയി സെറ്റിലായി.


ഓസ്ലോയിൽ നിന്നും മുന്നൂറ് കിമി വടക്കുപടിഞ്ഞാറുള്ള ഫ്ളോം ആയിരുന്നു ആദ്യദിവസത്തെ ലക്ഷ്യസ്ഥാനം. പരപരാ വെളുപ്പിന് ജോലിയോടുള്ള ആത്മാർത്ഥതയുടെ അസുഖമുള്ള ഏതോ പോലീസുകാരൻ വന്നു കണ്ട് ബോധ്യപ്പെട്ട് വൈപ്പറിൽ കുത്തിവെച്ചിരുന്ന, ഇല്ലീഗൽ പാർക്കിങ്ങിനുള്ള 60 യൂറോയുടെ ഫൈൻ ശിരസ്സാ ഏറ്റുവാങ്ങിക്കൊണ്ട് ഞങ്ങൾ യാത്രയുടെ ശുഭാരംഭം കുറിച്ചു. 


ഉച്ചഭക്ഷണത്തിനു നിർത്തിയ ഹാലിംഗ്പോർട്ടൻ എന്ന സ്ഥലത്തെ റസ്റ്റോറന്റിൽ,  വെടികൊണ്ടു പടമായി ചുമരിൽ കയറിയ കൂറ്റൻ പോത്തിന്റെയും, കാട്ടുപന്നിയുടേയും, മൂന്നാല് മാനുകളുടേയും സ്റ്റഫ്ഡ് തലകൾ “എന്താ ലേ ഇവനേ” എന്ന ഭാവത്തിൽ ഞങ്ങളെ നിർന്നിമേഷരായി നോക്കി. അതൊന്നും വകവെക്കാതെ ഞങ്ങൾ പിസയും സ്റ്റേക്കും പാസ്തയുമെല്ലാം അവിടെ നിന്നും ലോഡ് ചെയ്തു. ശേഷം, അയ്യപ്പൻ പാട്ടും, പഴയ ചിത്രഹാർ ഹിറ്റുകളും, ഹോസ്റ്റലിൽ ഓടിയിരുന്ന ആൽബങ്ങളും വെച്ചുതകർത്തുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. 


നോർവേയുടെ പടിഞ്ഞാറു മുതൽ വടക്ക് ഭാഗങ്ങൾ വരെയുള്ള അതിർത്തിപ്രദേശങ്ങളിൽ, മലകൾക്കിടയിലേക്ക് കിലോമീറ്ററുകളോളം കടൽ കയറിക്കിടക്കുന്ന ‘ഫ്യോഡ്’ എന്ന ജലസഞ്ചയങ്ങൾ ധാരാളമുണ്ട്. അത്തരത്തിലൊന്നിന്റെ കരയിലാണ് ഫ്ളോം എന്ന പീക്കിരി സുന്ദരി ടൗൺ. 


ഫ്ളോം എത്തുന്നതിനു തൊട്ടുമുമ്പ് ലെയ്ർഡാൽ എന്ന സ്ഥലത്തുതുടങ്ങുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ലാന്റ് ടണൽ. 24.5 കിമീ ദൂരമുണ്ട് അതിന് - തൃപ്രയാറു നിന്നും തൃശൂരേക്കുള്ള ദൂരം!! 80കിമീ ആണ് അതിനകത്തെ അനുവദനീയമായ വേഗമെന്നാണ് ഓർമ്മ - ഏകദേശം 15-20 മിനിറ്റെടുത്തു ഞങ്ങൾക്ക് ആ ദൂരം താണ്ടാൻ. ചെറുതും വലുതുമായ മലകൾ നിറഞ്ഞ നോർവേയുടെ ഈ ഭാഗത്തെ യാത്രകളിൽ, ഇത്തരം ടണലുകളാണ് ഏറ്റവും ശ്രദ്ധേയമായി ഞങ്ങൾക്കു തോന്നിയത്. എല്ലാ അരമണിക്കൂറിലും 3-4 കിമി ദൂരമുള്ള ഒരു ടണലെങ്കിലും ഞങ്ങൾ താണ്ടിയിരിക്കണം. എത്രയോ ദൂരം വളഞ്ഞും പുളഞ്ഞുമുള്ള ഹെയർപിൻ റോഡുകളും സമയനഷ്ടവും യാത്രാക്ലേശവും, ഈ അസംഖ്യം ടണലുകൾ വഴി അവർ ഒഴിവാക്കി എന്നതാലോചിച്ചത്ഭുതപ്പെട്ട ഞങ്ങൾ, അതു സാധ്യമാക്കിയ നോർവീജിയൻ എഞ്ചിനീയർമാരെ “തൊരപ്പൻമാർ” എന്ന് വിളിച്ചു തലകുമ്പിട്ടാദരിച്ചു.

ഫ്യോഡിലൂടെയുള്ള ബോട്ട് യാത്രയും, ഹൈക്കിംഗും, വെള്ളച്ചാട്ടവും, മനോഹരമായ ഒരു ട്രെയിൻ യാത്രയുമൊക്കെ ഉള്ള, വൈന്നേരമായാൽ ‘ഇനി ഇന്ന് വേറൊന്നും ചോദിക്കരുത് കശ്മലാ’ എന്ന് പറഞ്ഞു കടപൂട്ടി ഉറങ്ങാൻ പോവുന്ന ഒരു ചെറിയ സ്ഥലം ആണ് ഫ്ളോം. ഫ്ലോമിൽ നിന്നും ഒരു കിലോമീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മിർഡൽ എന്ന സ്ഥലത്തേക്കുള്ള ടൂറിസ്റ്റ് ട്രെയിൻ യാത്ര അതിമനോഹരമാണ്. ഇടത്തും വലതുമായി നിൽക്കുന്ന മലകളുടെ വശത്തുകൂടി മാറി മാറി പണിതുണ്ടാക്കിയ റെയിൽപാതയും യാത്രയിലെ കാഴ്ചകളും അന്യായ റിഫ്രഷിംഗ് ആണ്. അതിരപ്പിള്ളി റൂട്ടിലെ ചാർപ്പ വെള്ളച്ചാട്ടത്തെ ഓർമ്മിപ്പിക്കുന്ന ഒരു വെള്ളച്ചാട്ടത്തിനരികിൽ ട്രെയിൽ കുറച്ച് സമയം നിർത്തിയിട്ടു. ആളുകൾക്ക് നിന്നാസ്വദിക്കാനായി വെള്ളച്ചാട്ടത്തിന് അഭിമുഖമായി ഒരു പ്ലാറ്റ്ഫോം ഒക്കെ നിർമിച്ചിട്ടുണ്ട്.  നോർവേയുടെ തനതായ ടണലുകൾ ഈ പാതയിലുമുണ്ട്. മലയ്ക്കുള്ളിൽ 180 ഡിഗ്രി വളവിലുള്ള ടണൽ വരെ അവന്മാർ ഈ പാതയിൽ പണിതുവെച്ചിട്ടുണ്ട്! ഒരുമണിക്കൂറോളം ഓടി മുകളിൽ മിർഡലിൽ എത്തിയാൽ, അവിടെ നിന്നും ഒസ്ലോയിലേക്കു ട്രെയിൽ കിട്ടും.അതുകൊണ്ട് ഡ്രൈവ് ചെയ്യാത്ത ടൂറിസ്റ്റുകൾ ഫ്ലോമിലേക്ക് വരുന്നത് മിർഡൽ വഴിയായിരിക്കണം - കുറേപേര് അവിടെ നിന്നും ലഗേജുമായി കയറുന്നുണ്ടായിരുന്നു.


പോയ ട്രെയിനിൽത്തന്നെ ഞങ്ങൾ ഫ്ലോമിലേക്ക് തിരികെപ്പോന്നു. കുത്തനെയുള്ള മലകൾക്കിടയിൽ, ഫ്യോഡിനോട് ചേർന്നു നിർമ്മിച്ച റസ്റ്റോറന്റിന്റെ, ഡോക്കിലേക്ക് തുറക്കുന്ന ജനലുകളുള്ള വശത്തിരുന്ന് ഞങ്ങൾ രാത്രിയുടെ വശ്യസൗന്ദര്യം ആസ്വദിച്ചുകൊണ്ട് ആവോളം തിന്നുകയും കുടിക്കുകയും, ചിരിച്ചു വയറുളുക്കും വരെ പരസ്പരം കളിയാക്കുകയും ചെയ്തു.

 

രാത്രി അവിടെ അടുത്തുള്ള ഒരു ഹോസ്റ്റലിലായിരുന്നു സ്റ്റേ. ബെയർ മിനിമം രാത്രിസൌകര്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും നമുക്ക് അത് മതിയായിരുന്നു. പക്ഷേ,ഏതോ മുജ്ജന്മസുകൃതക്ഷയത്താൽ അന്നെനിക്ക് തീരെ ഉറക്കം വന്നില്ല.ഒരു പോള കണ്ണടയ്ക്കാതെ ഒരു രാത്രി മുഴുവനും കഴിച്ചുകൂട്ടുക എന്നതൊരു ഭീകരാവസ്ഥയാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. വെളുപ്പിന് ഒരു 5 മണി ഒക്കെ ആയപ്പോ ഞാൻ പതിയെ എഴുന്നേറ്റ് പുറത്തേക്കിറങ്ങി. സൂര്യൻ ഉദിക്കണോ അതോ ഇന്ന് ലീവെടുത്താലോ എന്ന് ആലോചിച്ചു തുടങ്ങിക്കാണുകയേ ഉള്ളു.


ദൂരെയുള്ള ഒരു വെള്ളച്ചാട്ടത്തിന്റെ നേർത്ത ശബ്ദമൊഴിച്ചാൽ ഘനഗംഭീരമായ നിശബ്ദത തളം കെട്ടി നിൽക്കുന്ന ഒരു ഗംഭീര അന്തരീക്ഷമായിരുന്നു പുറത്ത് എന്നെ കാത്തിരുന്നത്. ഇരു വശത്തും കുത്തനെയുയർന്നു മാനംമുട്ടി നിൽക്കുന്ന കറുപ്പും കരിനീലയും ഇടകലർന്ന നിറത്തിലുള്ള മലകൾ. നേർത്ത ലിനൻ തുണികൾ വായുവിൽ  ഒഴുകുന്നതുപോലെ, മലകളെ പുണർന്നുനീങ്ങുന്ന മഞ്ഞുമേഘങ്ങൾ.  ഇടയിലെ താഴ്വരയിൽ അലക്ഷ്യമായി  ചിതറിക്കിടക്കുന്ന, മഞ്ഞയും വെള്ളയും ചെമപ്പും ചായമടിച്ച വീടുകളും തൊഴുത്തുകളും. കണ്ണെത്താദൂരത്തോളം  ഒരു മനുഷ്യജീവി പോലും ഇല്ല. ഒരു കരിനാഗത്തെപ്പോലെ വളഞ്ഞുപുളഞ്ഞുപോവുന്ന ഒറ്റവരിപ്പാത അവസാനിക്കുന്നയിടത്ത്, ഏതാനും പൈൻ മരങ്ങളും മരക്കാലുകൾ കൊണ്ടുണ്ടാക്കിയ വേലിയും ഏതാനും പാറകളും ഒരു ചെമപ്പൻ വീടും - മനോഹരമായൊരു പെയിന്റിംഗ് പോലെ!


വെള്ളച്ചാട്ടത്തിന്റെ ശബ്ദവും ആ ദിശയിൽനിന്നായിരുന്നു. ഏതോ ആകർഷണത്താൽ ഞാൻ അവിടേയ്ക്കു  നടന്നു. വഴി വളഞ്ഞു തിരിഞ്ഞു പൊയ്ക്കൊണ്ടിരുന്നതിനൊപ്പം വെള്ളച്ചാട്ടത്തിന്റെ ശബ്ദവും കൂടിക്കൂടി വന്നു, ഒരു കിലോമീറ്ററോളം കഴിഞ്ഞപ്പോൾ അരികിലെ മലയിൽ അത് കാണാറായി വന്നു. മലയുടെ ഏറ്റവും മുകളിൽ നിന്നാണെന്ന് തോന്നുന്നു വെള്ളം ചാടുന്നത്. അതിന്റെ ഉയരം അതിശയിപ്പിക്കുന്നതായിരുന്നു. വെള്ളത്തിന്റെ അളവ് കുറവായിരുന്നില്ലെങ്കിൽ ഇതൊരു ഭീകരരൂപിയായ സംഗതി ആയേനെ എന്ന് ഞാനോർത്തു.

വെള്ളച്ചാട്ടത്തിൽ നിന്നും വീഴുന്ന വെള്ളം ഒരു ചെറിയ തോടായിമാറി, ഞാൻ നടന്നുകൊണ്ടിരിക്കുന്ന റോഡിനുമുകളിൽ കെട്ടിയ ചെറിയൊരു പാലത്തിനു  താഴെക്കൂടി, ഇടതുവശത്തെ ചെറിയ അരുവിയിലേക്ക് ചേരുന്നയിടത്ത് ഞാൻ നിന്നു. ചെറുതും വലുതുമായി നിരവധി പാറക്കല്ലുകൾ നിറഞ്ഞ ആ ഭാഗത്ത് അരുവി കുത്തനെ തിരിയുന്നുണ്ടായിരുന്നു. അത്രയും മനോഹരമായി, ശ്രദ്ധതെറ്റിക്കാൻ മറ്റൊന്നുമില്ലാതെ, അതിനുമുമ്പ് വെള്ളമൊഴുകുന്ന ശബ്ദം ആസ്വദിച്ചതെന്നെന്നു നിശ്ചയമില്ലാതെ ഞാൻ അവിടെ കുറെ നേരം അതിൽ ലയിച്ച് കണ്ണടച്ചു നിന്നു.


തോടിന്റെയും അരുവിയുടെയും ഇടയിൽ പുല്ലുവിരിച്ച ഒരു പറമ്പ് വേലി കെട്ടിത്തിരിച്ചിട്ടുണ്ട്. വശങ്ങളിലേക്ക് നീണ്ടുവളരുന്ന കൊമ്പുകളുള്ള, ഹൈലാന്റ് ഇനത്തിൽപ്പെട്ട കുറേ പശുക്കൾ അവിടെ വിശ്രമിക്കുന്നുണ്ടായിരുന്നു. എന്റെ സാമീപ്യം അവയെ തെല്ലും അലോസരപ്പെടുത്തിയില്ലെന്നു തോന്നുന്നു. ചിലർ അയവെട്ടുകയും, ചിലർ തല ചെരിച്ച് മുൻകാലുകളിൽക്കിടയിൽ വെച്ച് സുഖസുഷുപ്തി തുടരുകയും ചെയ്തു. തൊട്ടടുത്തുള്ള പറമ്പിൽ നിർമിച്ചുവെച്ചിരുന്ന ഒരു വലിയ കോഴിക്കൂടിൽ നിന്നും മുന്തിയ ഒരു ചാത്തൻ അപ്പോൾ പുറത്തുവന്ന് നേരംവെളുക്കാൻ പോവുന്ന വിവരം വലിയവായിൽ വിളംബരം ചെയ്തു. അവന് പുറകെ തത്തിത്തത്തി ഇറങ്ങിയ ഏതാനും പിടകൾ, തലേന്നത്തെ കെട്ടുമാറാത്ത പോലെ, കുറെ നേരം അങ്ങോട്ടുമിങ്ങോട്ടും നോക്കി അന്തിച്ചുനിന്നു.

വെളിച്ചം പരന്നു തുടങ്ങിയപ്പോൾ, ഞാൻ തിരികെ ഹോസ്റ്റലിലേക്ക് നടന്നു. പങ്കാളികൾ രണ്ടും അപ്പോഴേക്കും എഴുന്നേറ്റ് കുളി പാസാക്കിയിരുന്നു. വേഷം മാറി കുട്ടപ്പൻമാരായ ശേഷം ഞങ്ങൾ മൂന്നും, ഗുഡ്വാൻഗൻ വരെ ഫ്യോഡിലൂടെയുള്ള ബോട്ടുയാത്രയ്ക്ക് വേണ്ടി ഡോക്കിലേക്ക് നീങ്ങി. ഡോക്കിൽ ആ സമയം ഒരു വലിയ ക്രൂസ് കപ്പൽ വന്നു കിടപ്പുണ്ടായിരുന്നു. കരയിൽ ഇത്രയും അടുത്തുവന്നു നങ്കൂരമിടണമെങ്കിൽ അവിടത്തെ ആഴം എത്രയായിരിക്കും എന്ന് ഞങ്ങൾ കൗതുകം പൂണ്ടു. ഫ്യോഡുകൾക്ക് “തീരം” എന്ന പരിപാടി ഇല്ലെന്നതും മലകളുടെ അരികുകൾ എത്ര താഴെ പോവുന്നോ അത്രയും ആഴം കരയോട് ചേർന്നു അവയ്ക്കുണ്ടാകും എന്ന് ഞങ്ങൾ മനസ്സിലാക്കി.


അതിമനോഹരമായിരുന്നു ഫ്യോഡിലൂടെയുള്ള യാത്ര. പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബോട്ടായിരുന്നതിനാൽ, വെള്ളം വകഞ്ഞുമാറ്റുന്ന ശബ്ദമൊഴിച്ചാൽ മറ്റൊന്നും നമ്മുടെ ആസ്വാദനത്തെ ബാധിക്കുന്നില്ല എന്നതൊരു വേറിട്ട അനുഭവമായിരുന്നു. “റ” ആകൃതിയിൽ മലയെ ചുറ്റി ഗുഡ്വാൻഗനിൽ എത്തിയ ശേഷം അവിടെനിന്നും അരമണിക്കൂർ ബസ് യാത്ര ചെയ്തു ഞങ്ങൾ തിരികെ ഫ്ലോമിലെത്തി. അവിടെയുള്ള ഒരു ടൂറിസ്റ്റ് ഷോപ്പിൽ നിന്നും ഏതാനും സുവനീറുകളും മറ്റും വാങ്ങി ഞങ്ങൾ രണ്ടരമണിക്കൂർ ദൂരെയുള്ള ബെയർഗൻ നഗരത്തിലേക്ക് വെച്ചുപിടിച്ചു.   


ഗേയ്റേങ്ങർ

ബെയ്ർഗനിൽ നിന്നും ഗേയ്റേങ്ങറിലേക്ക് ഏകദേശം ഏഴു മണിക്കൂറിൽത്താഴെ ഡ്രൈവുണ്ട്. ബെയ്ർഗനിലെ ഹൈവേയിലേക്കുള്ള എൻട്രി മിസ്സായി കണ്ണിൽക്കണ്ട വഴിയിലൂട...