Saturday, 29 August 2026

ബാഴ്സ


ബാഴ്സലോണ നഗരത്തിലെ കാറ്റലോണിയൻ പ്ലാസക്കടുത്തുള്ള ഹോട്ടലിന്റെ റിസപ്ഷനിൽ ഒടുവിൽ മൂന്നുപേരും സന്ധിച്ചു.


ഇരുപത്തഞ്ചു കൊല്ലം മുൻപ്, ഹോസ്റ്റൽ റൂമിന്റെ വരാന്തകളിൽ വരിയിട്ട കസേരകളിലും, കോരിച്ചോരിയുന്ന മഴരാത്രികളിൽ ഇടംകിട്ടുന്ന കട്ടിലുകളിൽ, സാൻ ഫ്രാസിസ്കോയുടെ പിയറുകൾക്ക് താഴെ അട്ടിയിട്ട സീലുകളെപ്പോലെ കിടന്ന സമയങ്ങളിലും സ്വപ്നം കണ്ട, ഇന്നേവരെ നടക്കാതിരുന്ന യാത്രാസ്വപ്നങ്ങൾ ഒടുവിൽ യാഥാർഥ്യമായതിന്റെ ത്രില്ലിലായിരുന്നു ഞങ്ങൾ.

ബാഴ്സലോണയിലെ കഠിനമായ ചൂടിൽ വിയർത്തൊട്ടി നടക്കുമ്പോൾ, ഉത്തരേന്ത്യക്കാർ നടത്തുന്ന നിരവധിയായ കടകൾ കണ്ട് “ഇതെന്ത് കോക്കൊനട്ട്” എന്നു കൗതുകം പൂണ്ട്, ജനങ്ങൾ തിങ്ങി നിറഞ്ഞ ബീച്ചുകളിലൂടെ, തിരക്കിന്റെ ഭാഗമായി ഞങ്ങൾ നടന്നു. ബീച്ചിലെ തിരകളിൽ മൂന്നു മണൽത്തരികളായി അലിഞ്ഞിറങ്ങുകയും ചിതറിത്തെറിക്കുകയും ചെയ്തശേഷം, മാറ്റിയുടുക്കാൻ അടിവസ്ത്രമെടുക്കാൻ മറന്നുപോയവനെ കണക്കറ്റു കളിയാക്കുമ്പോൾ ഞങ്ങൾ ശ്വാസം പോകുമാറ് പൊട്ടിച്ചിരിച്ചു.


വഴിയരികിൽ മഡോണയെപ്പോലെ വേഷമിട്ടുനിന്ന ചേച്ചി കൈകാട്ടിവിളിച്ചു കയറ്റിയ സെക്സ് മ്യൂസിയത്തിലെ വിചിത്രകാഴ്ചകൾ ഞങ്ങളിൽ കൗതുകമുണർത്തി. പ്രണയത്തിന്റെയും പ്രേമപരവശവേഴ്ചകളുടെയും മേഖലയിൽ മനുഷ്യൻ ഇന്നത്തെപ്പോലെ പണ്ടും പുലി തന്നെ എന്ന സത്യം പിന്നെയും അംഗീകരിച്ചുകൊണ്ട് അവിടുന്നിറങ്ങി ഞങ്ങൾ നടപ്പുതുടർന്നു.


ലണ്ടനിലെ ബൊറോ മാർക്കറ്റിനെ ഓർമ്മിപ്പിക്കുന്ന, മർക്കറ്റ് ഡ ലാ ബൊക്കേറിയയിലെ നിരവധിയായ കുഞ്ഞിക്കടകളിൽ നിരത്തിവെച്ച വിവിധങ്ങളായ ഭോജ്യങ്ങളും, പുകയടിച്ചുണക്കിയയും അല്ലാത്തതുമായ മാംസവിഭവങ്ങളും കണ്ടാസ്വദിച്ചും, നാളികേരപ്പാലും വിവിധയിനം പഴങ്ങളും ചേർത്ത് നിർമ്മിച്ച പാനീയവും, ബദാം ചേർത്തുണ്ടാക്കിയ മധുരപലഹാരമായ ടൂറോണും, ചോക്കലേറ്റും വാങ്ങിയാസ്വദിച്ച് ഞങ്ങൾ ഉന്മേഷവാൻമാരായി നടന്നു.


ഒന്നിനു മീതെ ഒന്നായി പണിതുകയറ്റിയ കാറ്റലോണിയൻ സംസ്കൃതിയുടെ ഭൂമിക്കടിയിലെ തിരുശേഷിപ്പുകളും, സർവദിശകളിലേക്കും വളർന്ന നഗരം വിഴുങ്ങിയെങ്കിലും, ഇന്നും നിലനിർത്തിയിട്ടുള്ള, റോമൻ അധിനിവേശത്തിന്റെ ബാക്കിപത്രമായ കൂറ്റൻ തൂണുകളും, പള്ളികളും, അധികാരം അതില്ലാത്തവന്റെ തലവെട്ടിക്കളിച്ചിരുന്ന തളവും കണ്ടുനടന്നു ക്ഷീണിച്ചപ്പോൾ, പുറത്തെ ചത്വരത്തിൽ കണ്ട സ്റ്റാർബക്സിലെ ഐസ്കോഫിയിൽ ഞങ്ങൾ അഭയം കണ്ടു. ചത്വരത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളുടെ ബാൽക്കണികളിൽ പറന്നിരുന്ന ബാഴ്സലോണയുടെയും, യൂറോപ്പിന്റെയും, സ്പെയിനിന്റെയും കൊടികൾക്കിടയിലൂടെവിടെയോ കാറ്റലോണിയയുടെ ഒന്നുരണ്ടു കൊടികളും സ്വാതന്ത്ര്യം കാംക്ഷിച്ചു തലനീട്ടുന്നുണ്ടായിരുന്നു.


എഫ്.സി. ബാഴ്സലോണയുടെ കടയിൽക്കയറി, വീട്ടിലെ ഫുട്ബോൾ പ്രേമിയായ പുലിയ്ക്ക് ഒരു ബാനറും ചില്ലറ കിടുത്താപ്പ് സുവനീറുകളും വാങ്ങിയിറങ്ങി, ഉച്ചഭക്ഷണത്തിനുള്ള സ്ഥലം തേടുമ്പോൾ മുന്നിലതാ നിമിത്തം പോലെ ഒരു ശരവണഭവൻ! ഉടനെ കേറി പുരിമസാലയും, മസാലദോശയും മദ്രാസ് കോഫിയും നേർച്ചയിടാതെ ഞങ്ങളിലെ പഴയ ചെന്നൈവാസികൾക്ക് പോരാനാകുമായിരുന്നിരുന്നില്ല.


ചൂട് ഒട്ടൊന്നു ശമിച്ച വൈകുന്നേരത്ത്, റോണ്ട ഡ സാൻ പേറയിലെ ജോർജ് പെയ്ൻ ഐറിഷ് ബാറിന്റെ കൗണ്ടറിന്റെ വശത്തുള്ള വട്ടമേശയിൽ, പതഞ്ഞൊഴുകുന്ന ബിയർ ഗ്ലാസുകളും, പറയാൻ മറന്നതും അവസരം വരാതിരുന്നതുമായ കാര്യങ്ങളും, മോഹങ്ങളും മോഹഭംഗങ്ങളും കാലിയായിക്കൊണ്ടിരുന്നു. അടുത്തുള്ള മേശകളിൽ കൗമാരം ആസ്വദിച്ചുകൊണ്ട് ഉറക്കെയുറക്കെ ബഹളം വെച്ചുല്ലസിച്ചിരുന്നവരെ നോക്കി, മൂന്നാത്മാക്കൾ ഒട്ടും കുശുമ്പോടെയല്ലാതെ നെടുവീർപ്പിട്ടു.


അപ്രകാരം രണ്ടുദിവസം ബാഴ്സലോണയിൽ തെണ്ടിനടന്ന ശേഷം, യാത്രയിലെ ഹൈലറ്റ് പരിപാടിയായ റോഡ് ട്രിപ്പിനായി ഞങ്ങൾ ഓസ്ലോയിലേക്ക് ഫ്ലൈറ്റുപിടിച്ചു.

No comments:

ബാഴ്സ

ബാഴ്സലോണ നഗരത്തിലെ കാറ്റലോണിയൻ പ്ലാസക്കടുത്തുള്ള ഹോട്ടലിന്റെ റിസപ്ഷനിൽ ഒടുവിൽ മൂന്നുപേരും സന്ധിച്ചു. ഇരുപത്തഞ്ചു കൊല്ലം മുൻപ്, ഹോസ്റ്റൽ റൂമി...