Thursday, 24 May 2007

തീച്ചാമുണ്ഡി

കുടുംബത്തു നടന്ന ഒട്ടുമിക്ക വിശേഷചടങ്ങുകളിലും എനിക്കു പൂര്‍ണ്ണാരോഗ്യത്തോടെ പങ്കെടുക്കാന്‍ പറ്റീട്ടില്ല, പ്രത്യേകിച്ച് കല്യാണങ്ങള്‍ക്ക്. എന്തെങ്കിലുമൊക്കെ കൊസ്രാംകൊള്ളികള്‍ കല്യാണത്തോടടുത്ത ദിവസങ്ങളില്‍ എനിക്കു പണി തരാറുണ്ട്. ആ സീരീസിലെ എന്‍റെ ആദ്യത്തെ പെര്‍ഫോമന്‍സാണ്‌ തീച്ചാമുണ്ഡി.

* * *

വെല്ലിമാമന്റെ കല്യാണമാണ്‌ ഓര്‍മ്മയിലെ ആദ്യത്തെ വലിയ ആഘോഷം. ഞങ്ങള്‍ സഹോദരന്മാര്‍ക്കെല്ലാം കൂടെ ഒരേ ഡിസൈനില്‍ പല കളറിലുള്ള ഷര്‍ട്ടും, പിന്നെ ബെല്‍റ്റും വിസിലുമൊക്കെ ഡിഫോള്‍ട്ടായി കൂടെയുള്ള പാന്റുമൊക്കെ ഇട്ട് ചെത്തി മിനുങ്ങി നടക്കാന്‍ ചാന്‍സ് കിട്ടിയ ആദ്യത്തെ സുരഭില സുന്ദര മൂഹൂര്‍ത്തം. അമ്മവീട്ടിലെ സഹോദരര്‍ക്കിടയില്‍ ഏറ്റവും ജൂനിയറായിപ്പോയതു കൊണ്ട് എനിക്കു വിധിയുടെ വിളയാട്ടത്തിന്റെ ക്വാട്ടയില്‍ കിട്ടുന്നതു കൂടാതെ സഹോദരപക്ഷത്തു നിന്നും കൂടി സാമാന്യം നല്ല രീതിയില്‍ പണികള്‍ കിട്ടിക്കൊണ്ടിരുന്ന കാലം.

കല്യാണത്തിനു വേണ്ടി രണ്ടു മൂന്നു ദിവസം മുമ്പ് പറമ്പു മുഴുവന്‍ വൃത്തിയാക്കി, അടിച്ചു കൂട്ടിയ ചവറെല്ലാം കൂടെ പറമ്പിന്‍റെ ഒരു മൂലയ്ക്ക്, ഇടയ്ക്കൂടെ ഒഴുകുന്ന തോടിന്‍റെ കരയിലായി തീയിട്ടിരുന്നു. ഏകദേശം പത്തടി നീളത്തിലും ആറടി വീതിയിലും ആ കത്തിതീര്‍ന്ന ചാരം കിടപ്പുണ്ടായിരുന്നു. കല്യാണത്തലേന്ന് സഹോദരന്മാരുടെ കൂടെ അര്‍മ്മാദിച്ച് അലമ്പാക്കി നടക്കുന്ന ഒരു ഏര്‍പ്പാടുണ്ടല്ലോ. സത്യം പറഞ്ഞാല്‍, അവരു കൂട്ടത്തില്‍ കൂട്ടീട്ടൊന്നുമല്ലെങ്കിലും, വ്യക്തിഹത്യയുടെ അങ്ങേയറ്റം വരെ ഏറ്റു വാങ്ങിയാലും നമ്മളു കൂടെപ്പോയല്ലേ പറ്റൂ. അല്ലെങ്കില്‍ കുറ്റിപ്പാടത്ത് കളിക്കാന്‍ പോവുമ്പഴും സ്കൂള്‍ വിട്ട് തിരിച്ച് വരുമ്പോഴും നൂറാംകോല്‍-കവടി-പുള്ളികുത്ത്-അമ്പസ്താനി തുടങ്ങിയ കര്‍മ്മപദ്ധതികളിലും നമ്മള്‍ സഹോദരരുടെ "സിന്‍ഡിക്കേറ്റ്" പ്രവര്‍ത്തനങ്ങള്‍ക്കിരയാകേണ്ടി വരുമായിരുന്ന കാലഘട്ടമായിരുന്നു. അതിപ്പൊ കാലാകാലങ്ങളായി അടിസ്ഥാനഅനിയന്‍സ് വര്‍ഗ്ഗം അനുഭവിച്ചു പോരുന്ന പീഢനമുറകളാണല്ലോ! എന്തായാലും അന്നു ആ കനല്‍ക്കൂമ്പാരത്തിനടുത്ത് ഞങ്ങള്‍ തമ്മില്‍ ഒരു വാദപ്രതിവാദം നടന്നു.

പരിചയമില്ലാത്തതോ കൌതുകമുണര്‍ത്തുന്നതോ എന്തെങ്കിലും നിലത്തു കണ്ടാല്‍ ഒന്നു ചവിട്ടി നോക്കുക എന്ന, പൊതുവെ മനുഷ്യസഹജമായ, ആ ആ ആ വാസന എനിക്കുമുണ്ടായി. കനലില്‍ ചവിട്ടി ധീരത തെളിയിക്കാന്‍ തുനിഞ്ഞ എന്നെ പതിവു പോലെ എന്നേക്കാള്‍ തൊട്ടു മൂത്തവന്‍ തടഞ്ഞു.
"വേണ്ട്ര കെഴങ്ങാ...അത് കത്തിത്തീര്‍ന്നിട്ട്‌ണ്ടാവുല്യ"...
എനിക്കങ്ങോട്ട് തരിച്ചു വന്നു. ഹല്ല പിന്നെ, രണ്ടൂസം മുമ്പ് ഇട്ട തീയാണ്‌. ഇതിപ്പൊ മൂന്നാംപൊക്കമായി.പോരാത്തതിന്‌ കാലത്ത് മഴേം ചാറിയിരിക്കുന്നു. അപ്പഴാണ്‌ ലവന്‍റെ ഒരു ഉപദേശം.സംഭവം, അന്ത സഹോദരനു ഇളയതായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. മൂത്തവരു പറയുന്നതുസഹിക്കാം, പക്ഷേ, ഇതിപ്പൊ നീര്‍ക്കോലികള്‍ വരെ വിടൂല്ലാന്നു വെച്ചാല്...
LSS-ഇലും USS-ഇലും യുറീക്കാപ്പരീക്ഷകളിലും അങ്ങനെ പങ്കെടുക്കാന്‍ പറ്റിയവയിലെല്ലാം തോറ്റുമടങ്ങാന്‍ എന്നെ പ്രാപ്തനാക്കിയ എന്റെ ശാസ്ത്രീയവിജ്ഞാനത്തിന്‍റെ പിന്‍ബലത്തെ സാക്ഷിയാക്കി ഞാന്‍ പ്രഖ്യാപിച്ചു.
"ഇതിലെ തീ കെട്ടിട്ടുണ്ടാവും. തീയൊന്നും രണ്ട് ദൂസത്തീക്കൂടല്‍ കത്തിനിക്കൂല്യ. ഞാന്‍ പുട്ടു പോലെ ഇതു ക്രോസ്സ് ചെയ്തു വരും.. കാണണാ?"
സഹോദരലോബി ചിരിച്ചു..പുച്ഛിച്ച് ചിരിച്ചു..
"ഡ ചെക്കാ, വെറ്തെ കാല്‌ പൊള്ളിക്കണ്ട്രാ..."
എനിക്കു വാശി കൂടുകയല്ലേ ഉള്ളൂ എന്നവരെന്താണവോ മനസ്സിലാക്കാഞ്ഞത്. അങ്ങനെ പുട്ടാലു ദേഹത്ത് കൂടിയ ആ നട്ടുച്ച നേരത്ത് ഞാന്‍ ആ ചാരക്കൂമ്പാരത്തിലേക്ക് വലതു കാലു വെച്ച് ജംപ്ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌... ആദ്യത്തെ രണ്ട് സ്റ്റെപ്പില്‍ എനിക്കൊന്നും തോന്നീല. ആ തോന്നല്‍ പകര്‍ന്നു തന്ന ധൈര്യത്തില്‍ ഞാന്‍ അഭിമാനത്തോടെ വിളിച്ചു പറഞ്ഞു. "ഞാന്‍ പറഞ്ഞില്ലെറാ" . അതു പറഞ്ഞു തീര്‍ന്ന അതേ നിമിഷം തന്നെ പാദത്തിനടിയില്‍ ഒരുഗ്രന്‍ ഷോക്കടിച്ച പോലെ എനിക്കു തോന്നി. ഈശ്വരാ...അതെ പൊള്ളല്‍ തന്നെ..നല്ല എണ്ണം പറഞ്ഞ പൊള്ളല്‍. വലതുകാലാണോ ഇടതുകാലാണോ ആദ്യം എന്നോര്‍മ്മയില്ലെങ്കിലും രണ്ടും പൊള്ളി. നല്ല അസ്സലായി, വൃത്തിയായി പൊള്ളി. ഞാന്‍ അപ്രത്തേക്കും ഇപ്രത്തേക്കുമൊക്കെ ചാടി മറഞ്ഞു. ഏവടെ? കാലു വെക്കുന്നിടത്തൊക്കെ ഉഗ്രന്‍ ചൂട്. കളിയാട്ടത്തിലെ സുരേഷ്ഗോപിയെപ്പോലെ ഞാനാ കനല്‍ക്കൂനയില്‍ക്കൂടെ അങ്ങടുമിങ്ങടും പാഞ്ഞു നടന്നു. ഒപ്പം വലിയ വായില്‍ നിലവിളിച്ചും കൊണ്ടിരുന്നു. സംഭവം നമ്മടെ സ്വന്തം കയ്യിലിരുപ്പിന്‍റെ ഔട്ട്‌പുട്ടായിരുന്നെങ്കിലും പൊള്ളിക്കൊണ്ടിരുന്നത് എന്റെ സ്വന്തം കാലുകളായിരുന്നല്ലോ...:(

ഒരു പറമ്പപ്രത്ത് കല്യാണപ്പണികളിലായിരുന്ന എല്ലാരുടെയും ചെവികളിലേയ്ക്ക് എന്‍റെ കാറലിന്‍റെ ഒച്ച സൈറണ്‍ പോലെ അടിച്ചെത്തി. എല്ലാരും പാഞ്ഞെത്തുമ്പോ ഞാന്‍ ആ കനല്‍ക്കൂട്ടത്തില്‍ക്കിടന്ന് അങ്ങോട്ടുമിങ്ങോട്ടും ഓടുകയായിരുന്നു. ഒടുവിലെങ്ങനെയോ ഞാന്‍ പുറത്തെത്തി. സഹോദരലോബി ഐസൊക്കെയായി റെഡിയായി നില്‍പ്പുണ്ടായിരുന്നു. കാല്‍വിരലുകള്‍ക്കുള്ളിലേക്കൊക്കെ ഐസുകട്ടയൊക്കെ വച്ച് അന്നവിടെയൊരു കമുങ്ങിന്‍റെ ചോട്ടില്‍ ഞാന്‍ ബോധം കെട്ടു കിടന്നു...കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു...

പിറ്റേന്ന് കല്യാണത്തിന്‌, പ്രത്യേകം വാങ്ങിയ ഷൂവൊന്നും ഇടാന്‍ പറ്റാതെ, കാലില്‍ പൊള്ളലിലൊന്നും അനക്കം തട്ടാതിരിക്കാന്‍ ടാര്‍പണിക്കാരിടുന്ന പോലത്തെ ഒരു സാധനമൊക്കെ വലിച്ചു കേറ്റി, വികലാംഗരെപ്പോലെ മുടന്തിമുടന്തി, കല്യാണത്തിന്‌ കൂടാന്‍ വന്ന ചീള്പിള്ളേര്‍ വരെ ഓടിനടന്ന് ജോളിയടിക്കുമ്പോ ഗേറ്റുമ്മേല്‍ പിടിച്ചു നിന്ന്, "ഇതിലൊന്നും എനിക്ക് താല്‍പര്യമില്ല" എന്ന മട്ടില്‍ ചുമ്മാ സീരിയസ്സ്‌ചെക്കനായി അഭിനയിച്ച്....ഹാ! പാവം ഞാന്‍....

അന്ന് ആ തീയില്‍ച്ചാടാന്‍ എനിക്ക് തലക്ക് നല്ല സുഖമുണ്ടായിരുന്നില്ലേ എന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്... അതിനു ശേഷവും പല തവണ ഇതേ രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പണികള്‍ കിട്ടാന്‍ തുടങ്ങിയപ്പൊഴാണ്‌ എനിക്ക് കാര്യം പിടികിട്ടിയത്, ഇത് നമ്മടെ കുഴപ്പമല്ല. മറ്റേതിന്‍റെ കൊഴപ്പാണ്‌, വരേടെ, നമ്മടെ ഗ്ളാമറിലും ജോളിലൈഫിലും അസൂയ മൂത്ത് മോളിലൊള്ള ആള്‍ മാറ്റിവരച്ച അതേ വരേടെ.

വാല്‍ :
വിശേഷദിവസങ്ങള്‍ക്ക് കൃത്യമായി പണി വാങ്ങുന്ന ഈ ശീലം ഞാന്‍ തുടങ്ങിയതെന്നാണെന്നു കൃത്യമായി പറയാന്‍ പറ്റില്ല, എന്തായാലും അങ്ങേ അറ്റത്ത് വെല്ലിമാമന്‍റെ കല്യാണത്തലേന്ന് നടത്തിയ തീച്ചാമുണ്ഡി മുതല്‍ ഇങ്ങേയറ്റത്ത് ധിരിമാമന്‍റെ ജാതകംവാങ്ങലിനു, കുളി കഴിഞ്ഞ് തോര്‍ത്തുമ്പൊ കഴുത്തുളുക്കി രണ്ടു ദിവസം "ലൌ ഇന്‍ സിങ്കപ്പൂര്‍"-ന്‍റെ പോസ്റ്ററില്‍ ജയന്‍ മുകളിലോട്ട് നോക്കി നിക്കുന്ന പോലെ കഴിഞ്ഞു കൂടിയതുള്‍പ്പെടെ .... ഓര്‍ക്കാപ്പുറത്തെ അടികളേറ്റു വാങ്ങാന്‍ അനിയന്‍റെ ജീവിതം ഇനിയും ബാക്കി....

Tuesday, 22 May 2007

ബാലരമയ്ക്കു വാശി പിടിയ്ക്കുമ്പോള്‍

പക്വത വരാത്ത പ്രായത്തില്‍, ഒരു ബാലരമ വാങ്ങാന്‍ പോവാന്‍ വരെ അച്ഛന്‍റെ/അമ്മയുടെ കാശ് മാത്രമല്ല, അവരുടെ അകമ്പടി വരെ ആവശ്യമുള്ള ചെറുപ്പകാലങ്ങളില്‍, നിഷ്കളങ്കരായ ബാലന്മാരും ബാലികമാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍, ചില റ്റിപ്സ് ഫ്രം എക്സ്പീരിയന്സ്ഡ് ഹാന്‍ഡ്സ്.

  • പണം തരുന്ന രക്ഷിതാവ് അച്ഛനാണെങ്കില്‍ നിര്‍ബന്ധബുദ്ധി അല്‍പം കടിച്ചു പിടിച്ചു മാത്രം പ്രകടിപ്പിക്കുക. അച്ഛന്‍മാര്‍ക്കു പൊതുവെ ദേഷ്യം പതുക്കെയേ വരൂ എങ്കിലും വന്നാപ്പിന്നെ ചെന്നൈയില്‍ മഴ വന്ന പോലെ ആയിരിക്കാന്‍ സാധ്യത വളരെ കൂടുതലാണ്‌.
  • അച്ഛന്‍ അധ്യാപകനാണെങ്കില്‍ വളരെ സൂക്ഷിക്കണം, പ്രത്യേകിച്ച് അച്ഛന്‍റെ ഓഫീസ്റൂമില്‍ വച്ചും മറ്റും ബാലരമക്കു വേണ്ടി വാശി പിടിക്കുമ്പൊള്‍.
  • ആരും ചുറ്റിലും ഇല്ലാത്തപ്പോള്‍ വാശി പിടിക്കുന്നതാണ്‌ ഉത്തമം. വിശിഷ്യാ, അച്ഛന്‍റെ മേലുദ്യോഗസ്ഥര്‍ അടുത്തുണ്ടാവുമ്പോള്‍ സംയമനം പാലിക്കുക.
  • അച്ഛന്‍റെ ഓഫീസ്സില്‍ വച്ച് ഇനി ബാലരമ അത്രയ്ക്കും അത്യാവശ്യമായി തോന്നുകയാണെങ്കില്‍, സ്വന്തം വീടോ, ഏതെങ്കിലും ബന്ധുക്കളുടെ വീടോ അടുത്തില്ലെന്ന് ഉറപ്പു വരുത്തുക. ഓഫീസില്‍ വച്ച് കീറു കിട്ടാന്‍ സാധ്യത കുറവാണെങ്കിലും മേല്‍പ്പറഞ്ഞ വീടുകളുടെ സാമീപ്യം അപകടം ക്ഷണിച്ചു വരുത്താന്‍ സാധ്യതയുണ്ട്.
  • ഇനി വീടു തൊട്ടടുത്താണെങ്കില്‍, വീട്ടില്‍ തെങ്ങുകയറ്റം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. തേങ്ങക്കുട്ടികള്‍ കുലകളില്‍ കിടന്ന് ഊഞ്ഞാലാടാന്‍ ഉപയോഗിക്കുന്ന "ഞെട്ടി" എന്ന ഭാഗം, അതായത് "കൊലഞ്ചല്‍" എന്ന പേരില്‍ കഴിമ്പ്രം-എടമുട്ടം-തൃശ്ശൂര്‍ ഭാഗങ്ങളില്‍ അറിയപ്പെടുന്ന സാധനം അടുത്തൊന്നും ലഭ്യമല്ലെന്ന് വളരെ സത്യസന്ധമായി ഉറപ്പു വരുത്തുക.
  • നമ്മുടെ വാശി പിടിക്കലുകള്‍ക്കിടയില്‍ അച്ഛന്‍ മേലുദ്യോഗസ്ഥനെ നോക്കി ഒരു തരം വക്രിച്ച ചിരി ചിരിക്കുന്നുണ്ടെങ്കില്‍ വളരെ ശ്രദ്ധിക്കണം. കരച്ചിലും വാശിയും താല്‍ക്കാലികമായെങ്കിലും നിര്‍ത്തുന്നതാണ്‌ നല്ലത്. ഈ ഘട്ടത്തില്‍ നിങ്ങളുടെ മേല്‍ പിടുത്തം വീഴാന്‍ സാധ്യതയുള്ളതിനാല്‍ വളരെ സൂക്ഷിച്ചു വേണം പെരുമാറാന്‍.
  • ഇനി നമ്മുടെ കയ്യിലിരിപ്പു കൊണ്ടും തലയ്ക്കു മുകളില്‍ ചൊവ്വയും ശനിയും കൂടിയിരുന്നു ചീട്ടു കളിക്കുന്നതിന്‍റെ പ്രഭാവത്താലും, മേല്‍പ്പറഞ്ഞതെല്ലാം സംഭവിച്ചെന്നിരിക്കട്ടെ. ക്രൂശിക്കാന്‍ വേണ്ടി വലിച്ചിഴയ്ക്കപ്പെടുമ്പോള്‍ ബലം അധികം പിടിക്കരുത്. നമ്മള്‍ കൂടുതല്‍ ബലം പിടിക്കുമ്പോള്‍ അതിനു 1:100 എന്ന ആനുപാതത്തില്‍ പിടുത്തത്തിന്റെ ശക്തി കൂടാനും അതു വഴി കൈത്തണ്ടയില്‍ ചെമന്ന വളയിട്ടതു പോലെ ചില അടയാളങ്ങള്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ പതിയാനും സാധ്യതയുണ്ട്. പകരം മാക്സിമം വോളിയത്തില്‍ അകറിക്കരയുക. ആരെങ്കിലും ഓടി വന്ന് അച്ഛനെ പിടിച്ചു മാറ്റുന്നതു വരെ കാറല്‍ തുടരുക.
  • ഇനി ഒന്നും നടന്നില്ലെങ്കില്‍, അതായത് കിട്ടാനുള്ളതെല്ലാം ശരീരത്തിന്‍റെ പ്രധാന മര്‍ദ്ദനബാധിതപ്രദേശങ്ങളായ തുടകള്‍, നടുമ്പുറം, ഇളം ചന്തികള്‍ എന്നിവയില്‍ ഏറ്റു വാങ്ങിയ ശേഷം, കുറച്ചു ദിവസത്തേക്ക് അച്ഛനെ കാണുമ്പോള്‍ മൂപ്പരുടെ ചങ്കു പറിയുന്ന വിധത്തില്‍ നോക്കി തിരിഞ്ഞു നടക്കുക. രണ്ടു ദിവസത്തിനുള്ളില്‍ ബാലരമയും കൂടെ പ്രോല്‍സാഹനസമ്മാനങ്ങളും കിട്ടുന്നതായിരിക്കും.

    വാല്: കിട്ടിയ ലാത്തിച്ചാര്‍ജ്ജിന്‍റെ ഇഫക്റ്റില്‍ നടുമ്പുറം വച്ച് മലര്‍ന്നു കിടക്കാന്‍ പറ്റാതെ കമഴ്ന്നു കിടക്കുമ്പോ, ആരെങ്കിലും പുറത്തെ പാടുകളില്‍ തടവുന്ന പോലെ തോന്നിയാല്‍ ആരാണെന്നു തിരിഞ്ഞു നോക്കണ്ട. അച്ഛനായിരിക്കും. മൂപ്പരുടെ ഒരു സമാധാനത്തിനല്ലേ, അങ്ങേരു തടവിക്കോട്ടെ. ഭാവിയില്‍ വളര്‍ന്നു വലുതായി ഒരു ബ്ളോഗൊക്കെ തുടങ്ങീട്ട് ആ അനുഭവമൊക്കെ ഒരു പോസ്റ്റാക്കി ഇട്ടാ മതി.

Wednesday, 9 May 2007

പോലീസ്മാമന്‍റെ ബീഡിക്കുറ്റി

പോലീസ്മാമന്‍ അന്തസ്സുള്ള ഒരു ബീഡി വലിക്കാരനായിരുന്നു.
ആത്മാര്‍ത്ഥതയോടെയുള്ള മൂപ്പരുടെ ബീഡിവലി ഞാന്‍ ഒരു പാട് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ചെറുപ്പത്തില്.
മഞ്ഞക്കാജയുടെ മൂടൊന്നു പൊട്ടിച്ച്, അതിലൊരെണ്ണം മജീഷ്യന്‍ സാമ്രാട്ടിനെപ്പോലെ കയ്യിലെടുത്ത്, കയ്യിലെ തീപ്പെട്ടിയില്‍
നിന്നൊരു കൊള്ളി സ്റ്റൈലില്‍ പുറത്തെടുത്ത്, ബീഡി നല്ല ഉശിരന്‍ കട്ടിമീശയുടെ കീഴെയുള്ള ചുണ്ടുകള്‍ക്കിടയില്‍ വെച്ച്, രണ്ടു കൈ കൊണ്ടും തീയ്ക്കു മറ പിടിച്ചുള്ള ബീഡിവലിയുടെ ആ ട്രഡിഷണല്‍ സ്റ്റാര്‍ട്ട് ഒരു സെക്കന്‍റു പോലും മിസ്സ് ചെയ്യാതെ വാ പൊളിച്ച് ഞാന്‍ നോക്കി നിക്കുമായിരുന്നു.
കത്തിപ്പിടിച്ചു കഴിഞ്ഞാല്‍പ്പിന്നെ കൊള്ളിയെ കൈ കൊണ്ടൊരാട്ടാട്ടി മണ്ണിലേക്കൊരേറും...ഹൊ! അത്തരം വാ പൊളിച്ചു നില്‍ക്കലുകള്‍ക്കിടക്കെവിടെയോ ആണ്‌
എനിക്കും ബീഡി വലിക്കണമെന്ന് പൂതി വന്നു തുടങ്ങിയത്. കൊള്ളിത്തരത്തിനു മറുചിന്തയില്ലല്ലോ. എങ്ങനെയെങ്കിലും ബീഡി വലിച്ചേ പറ്റൂ...
എന്തു ചെയ്യും! ടെന്‍ഷന്‍...! ഹൊ! ബീഡിവലിയുടെ ഗുണങ്ങള്‍ മനസ്സില്‍ നോണ്-സ്റ്റോപ്പ് ട്രെയിലറുകളായി ഓടുന്നു....!
ബീഡി കിട്ടിയാ മാത്രം പോരല്ലോ. അതെവിടെയിരുന്നു വലിക്കും, കൂട്ടത്തിലെ ഏറ്റവും പ്രോബ്ളമാറ്റിക്കായ മിഷന്‍ അതാണല്ലോ.
അമ്മയുടെ പിച്ച് മട്റും തല്ലിനെയും അച്ഛന്‍റെ ചൂലുംകെട്ടു കൊണ്ടുള്ള ഔട്ട്-ഓഫ്-കണ്ട്രോള്‍ ചാമ്പുകളെയും അന്ധമായി പേടിച്ചിരുന്ന കാലം.
പക്ഷേ, ബീഡി വലിച്ചേ പറ്റൂ. ആരാണൊരു തുണ!
രക്ഷകന്‍റെ വേഷത്തിലാണ്‌ കിഴക്കേലേ ശാന്തേച്ചീടെ മോന്‍ രാമഡു(അതു ചുള്ളന്‌ പരമ്പരാഗതമായി കിട്ടിയ പേരാണ്‌) അവതരിച്ചത്. കക്ഷി നമ്മടെ കളിക്കൂട്ടുകാരനായിരുന്നു. പഠനപദ്ധതികളില്‍ വിശ്വാസം പോരാഞ്ഞിരുന്നതു കൊണ്ടും കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ വേണ്ടി ഒന്നില്‍ കൂടുതല്‍ വര്‍ഷം ഒട്ടു മിക്ക ക്ളാസ്സുകളിലും ചെലവഴിച്ചിരുന്നതു കൊണ്ടും കാഴ്ചക്കു ചെറുതാണെങ്കിലും ലവന്റെ പ്രായം എന്നേക്കാളും കുറച്ചു കൂടുതലായിരുന്നു. പക്ഷേ തല്ലുകൊള്ളിത്തരങ്ങള്‍ക്കു പ്രായഭേദമില്ലെന്നാണല്ലോ മഹദ്വചനം. എന്തായാലും സംഗതി രാമഡു ഏറ്റു.
പോലീസ്മാമന്‍റെ മഞ്ഞക്കാജ സെറ്റില്‍ നിന്നും ഒന്നു രണ്ട് മെംബേഴ്സിനെ ഞാന്‍ അടിച്ചു മാറ്റി. എവിടുന്നോ രാമഡുവും മൂന്നാലെണ്ണം കൊണ്ടു വന്നു.
തെക്കേലെ സിങ്ച്ചേട്ടന്‍റെ പറമ്പിലെ കുളക്കരയിലുള്ള കശുമാവിന്‍റെ ഉച്ചി...അതായിരുന്നു രാമഡു കണ്ടെത്തിയ സങ്കേതം. കൊള്ളാം..എനിക്കിഷ്ടായി.
അങ്ങനെ ഒരു ഞായറാഴ്ചദിവസം കഴിമ്പ്രം ഉച്ചയൂണു കഴിഞ്ഞു മയങ്ങുന്ന ആ ധന്യവേളയില്‍ ഞാനും രാമഡുവും പ്രസ്തുതകശുമാവിന്‍റെ ഉച്ചിയേക്കു വലിഞ്ഞു കേറി. പ്രതീക്ഷിച്ചതിലും കൂടുതല്‍ പുളിയുറുമ്പുകള്‍ അന്നാ മരത്തിലുണ്ടായിരുന്നെങ്കിലും അന്നത്തെ അവയുടെ കടികള്‍ കൊണ്ട് എനിക്കോ രാമഡുവിനോ തീരെ വേദന തോന്നിയില്ല...
അങ്ങനെ ടോപ്പിലെത്തിയ ഞങ്ങള്‍ പദ്ധതി തുടങ്ങി. ഒറിജിനലിലേക്കു കടക്കും മുന്‌പ് ഒരു ഡ്രസ്സ് റിഹേഴ്സലിനായി അയ്നിത്തിരി കടലാസ്സില്‍ ചുരുട്ടി വലിച്ചു ഞാന്‍ പ്രാക്ടീസ് ചെയ്തിരുന്നു. അതു കൊണ്ടു തന്നെ പുക വായില്‍ കയറുമ്പോളുണ്ടാകുന്ന അവസ്ഥയുടെ ഒരു ഏകദേശധാരണ എനിക്കുണ്ടായിരുന്നു. പക്ഷേ സ്വതവേ വിഡ്ഢിയായ ഞാന്‍ പുക ഉള്ളിലേക്കെടുത്തിരുന്നില്ല. അതു രാമഡു കണ്ടു. "ഡാ, കന്നാലീ, പൊഗ ഉള്ളീല്‍ക്കിട്ത്ത് വിട്റാ." എന്നു സ്നേഹത്തോടെ അപ്പൊത്തന്നെ എന്നെ ശാസിക്കുകയും ചെയ്തു. വിദഗ്ദ്ധോപദേശം ശിരസ്സാ വഹിച്ച ഞാന്‍ അടുത്ത ഒന്നു രണ്ട് പുകകള്‍ അണ്ണാക്കിന്‍റെ അന്തരാളങ്ങളിലേക്കു വലിച്ചെടുത്തു.......
"ഖോ ഖോ ഖോ....ഖ്രോ ഖ്രോ ഖ്രോ...ബുഹുബുഹുഖ്രാ.." തുടങ്ങിയ സ്വരങ്ങളുടെ ഒരു വിസ്താരമായിരുന്നു അവിടെ പിന്നെ ഉയര്‍ന്നു കേട്ടത്. "ഡാ...മിണ്ടാണ്ടിരിക്കഡാ...ആരെങ്കിലും വരൂഡാ.." എന്നൊക്കെ ആരോ പറയുന്ന പോലെ എനിക്കു തോന്നി. പക്ഷേ, കറങ്ങിക്കൊണ്ടിരിക്കുന്ന കശുമാവിനെ രണ്ടു കൈ കൊണ്ടും കഷ്ടപ്പെട്ട് പിടിച്ചു നിര്‍ത്താന്‍ നോക്കുന്ന എനിക്ക് അതാരാണെന്നു നോക്കാന്‍ സമയമില്ലല്ലോ. ഇടയ്ക്ക് തലയൊന്നുയര്‍ത്താന്‍ ഞാന്‍ നോക്കി. അപ്പോഴാണ്‌ കശുമാവ് മാത്രല്ല, അടുത്തുള്ള മോട്ടോര്‍പ്പുരയും മയില്‍പ്പീരിയന്‍ മാവും ദൂരെയുള്ള തൊഴുത്തും ഉള്‍പ്പെടെ സിങ്ച്ചേട്ടന്‍റെ പറമ്പ് മൊത്തം കറങ്ങുന്നതായി എനിക്കു ബോദ്ധ്യപ്പെട്ടത്. രാമഡുവിന്റെ കരങ്ങളെന്നെ താങ്ങിയില്ലായിരുന്നെങ്കില്‍ ചുള്ളന്റെ ആജ്ഞ വഹിച്ച എന്‍റെ അന്ത ചള്ളു ശിരസ്സ് നിലത്തു കുത്തി വീണ്‌ ഞാന്‍ കര്‍ത്താവായ യേശുക്രിസ്തുവിങ്കലേക്കു പോകുന്നതു കാണാനുള്ള അസുലഭാവസരം രാമഡുവിനു കൈ വന്നേനെ. വാട്ട് എ മിസ്സ്! കുറച്ചു നേരം പുളിയുറുമ്പിന്‍റെ കടി കൊണ്ടപ്പൊ സിങ്ച്ചേട്ടന്‍റെ പറമ്പ് റൊട്ടേഷന്‍ സ്റ്റോപ്പ് ചെയ്തു. സംഭവം, പ്രത്യേകിച്ച് തല കറങ്ങിയ കാര്യം ആരോടും പറയണ്ട എന്ന് രാമഡുവിനെ ചട്ടം കെട്ടി ആത്മനിര്‍വൃതിയോടെ ഞാന്‍ മരമിറങ്ങി. പുളിയുറുമ്പുകള്‍ എനിക്കു വഴി മാറിത്തന്നു.. അറബിക്കടലില്‍ നിന്നും ഒഴുകിയെത്തിയ ഇളംകാറ്റ് എനിക്ക് വെഞ്ചാമരം വീശി...ഞാന്‍ കൃതാവുള്ളവനായി...

വാല്‍ : അസമയത്ത് കശുമാവിന്‍റെ മുകളില്‍ നിന്നുള്ള പുകയും ഡ്രം ബീറ്റ്സുമെല്ലാം കേട്ട് സിങ്ച്ചേട്ടന്‍റെ മോള്‍ വന്നു നോക്കീര്‍ന്നൂന്നോ അവളു കണ്ടതെല്ലാം എന്‍റെ സ്വന്തം അമ്മയായ റാണിറ്റീച്ചറോടു പോയി പറഞ്ഞു കൊടുത്തൂന്നോ ഒക്കെ പാണന്‍മാര്‍ ഇപ്പോഴും കഴിമ്പ്രത്ത് പാടി നടക്കുന്നു... എന്തായാലും കിഴക്കേ വീട്ടിലും പടിഞ്ഞാറേ വീട്ടിലും അന്നു നല്ല അങ്കച്ചാര്‍ത്തായിരുന്നു.

Saturday, 28 April 2007

വലിയ ചോക്ളേറ്റ്

"ഗീതേ ഒരു പ്രധാനകാര്യം...ഇതാണു .."
"അമ്മായീ..."
"അവരും അറിയട്ടെ നമ്മളും മോഡേണാണെന്ന്.."

റ്റി വിയില്‍ പതിവു പോലെ അന്ത പരസ്യം വന്നു. കൂട്ടുകാരന്‍കുട്ടിയുടെ അമ്മ വേവലാതിയോടെ ചുറ്റും നോക്കി. ഇല്ല അവനിവിടെയൊന്നും ഇല്ല. ചെക്കന്‍ ആളു മാറിത്തുടങ്ങിയിട്ടുണ്ട്. വേണ്ടാത്ത കാര്യങ്ങളൊക്കെ അറിയാനാണിപ്പൊ താല്‍പര്യം. മൂത്ത മകളുടെ മുന്നില്‍ വെച്ചുള്ള അവന്‍റെ ചോദ്യങ്ങള്‍ കേട്ടു ചൂളിപ്പോയിട്ടുണ്ട്. അവനെന്തിനാണാവോ ഇതൊക്കെ അറിയുന്നത്. ഹും...

എന്നാല്‍ കൂട്ടുകാരന്‍കുട്ടി‍യാരാ മോന്‍... അമ്മായീ എന്ന വിളി കേട്ടതും കൂട്ടുകാരന്‍കുട്ടി ഹാളില്‍ ഹാജര്‍! അമ്മേ എന്തൂട്ടാ അദ്... അവന്‍ പതിവു ചോദ്യം പൊട്ടിച്ചു. അമ്മ മകളെ നോക്കി. ഒന്നുമറിയാത്ത പോലെ അവള്‍ റ്റി വിയിലും നോക്കി ഇരിപ്പാണ്‌. "ഇവനെക്കൊണ്ടു വല്യ ശല്യായല്ലോ തൃപ്രയാറപ്പാ" . പെട്ടെന്നൊരു ഐഡിയ!

"അതൊരു വലിയ ചോക്ളേറ്റാടാ. വലിയ കുട്ട്യോള്‍ക്കു മാത്രേ കഴിക്കാന്‍ പാടുള്ളൂ... മോന്‍ വല്‍താവുമ്പ അമ്മ വേടിച്ചു തരാട്ടാ..."

കൂട്ടുകാരന്‍കുട്ടി നിരാശനായി തിരിഞ്ഞു നടന്നു. അമ്മക്ക് സമാധാനമായി. ഹൊ. ഇനി കുറച്ചു നാളേക്ക് ശല്യമുണ്ടാവില്ലല്ലോ.

* * * * *

"ചേട്ടാ എനിക്കതെടുത്തു തര്വോ.."

കടയിലെ ഷെല്‍ഫുകള്‍ക്കു മുകളില്‍ അടുക്കി വെച്ചിട്ടുള്ള വെളുപ്പില്‍ പുള്ളികളുള്ള പായ്ക്കുകളിലേക്കു ചൂണ്ടി കൂട്ടുകാരന്‍കുട്ടി നിഷ്കളങ്കമായി ചോദിച്ചു. അത്ഭുതത്തോടെ അവനെ നോക്കിയ കടയിലെ ജോലിക്കാരനോട് കൂട്ടുകാരന്‍കുട്ടി ‍ പറഞ്ഞു. "വെല്യോര്ക്കൊള്ളതാണ്ന്നിനിക്കറിയാ ചേട്ടാ. അമ്മേ.. തരാന്‍ പറമ്മേ. അമ്മേ....നിക്ക്യ് വേടിച്ച് താ മ്മേ..
കൂട്ടുകാരന്‍കുട്ടി ബണ്ട് പൊട്ടിക്കാന്‍ തുടങ്ങി.. ഞാന്‍ വലുതാവുമ്പൊ കഴിച്ചോളാമ്മേ.."

നിന്ന നില്‍പ്പില്‍ ഉരുകിയൊലിച്ച അമ്മ അടക്കിപ്പിടിച്ച ചിരികളിക്കിടയില്‍ നിന്നും കാറിയലറുന്ന കൂട്ടുകാരന്‍കുട്ടിയെ റാഞ്ചിയെടുത്തു. നാണക്കേട് മുഴുവന്‍ കൂട്ടുകാരന്‍കുട്ടിയുടെ ചന്തിയില്‍ തീര്‍ത്ത് അവനേം വലിച്ച് പുറത്തിറങ്ങുമ്പോള്‍ അമ്മ ചിന്തിച്ചു.
"നാശം....എലിവെഷാണ്ന്ന് പറഞ്ഞാ മത്യായീര്ന്നു.."

* * * * *
വാലിലെ രോമം: കൂട്ടുകാരന്‍കുട്ടിയുടെ കല്യാണം കഴിഞ്ഞു.

Saturday, 21 April 2007

നാടകം കലക്കലല്ല എന്‍റെ ഹോബി..എന്നാലും..

പത്തില്‍ കളിക്കുന്ന സമയത്താണ്‌ അയല്‍പക്കത്തു താമസിക്കുന്ന ചേട്ടന്‍റെ റിക്വസ്റ്റ് സ്വീകരിച്ച് ഞാന്‍ 3 പേര്‍ മാത്രമുള്ള ഒരു നാടകത്തിനു ഡേറ്റ് കൊടുത്തത്. അദ്ദേഹം തന്നെയായിരുന്നു നാടകത്തിന്‍റെ അഭിനവസംവിധായകനും.

കഥ വന്ത്, നാരദന്‍റെ ബോധവല്‍കരണക്ളാസ് കേട്ട് ഫാമിലിയുമായി ഉടക്കിപ്പിരിഞ്ഞ് കാട്ടാളനായ വാല്‍മീകി രാമായണമെഴുതാന്‍ പോണതായിരുന്നു.. എന്‍റെ റോള്‍ നാരദന്റെയും. (വേണ്ടാ..എന്നെ നോക്കി ചിരിക്കണ്ടാ!)... റിഹേഴ്സലൊക്കെ തകൃതിയായി മുന്നേറി. 20 മിനുറ്റായിരുന്നു നാടകതിനനുവദിച്ചിട്ടുള്ള സമയം. അത്രേം നേരം സ്റ്റേജില്‍ നിന്നാല്‍ ശരിയാവില്ലെന്ന് എനിക്കു തോന്നിയതിനാലും (എനിക്കീ മുട്ടു കൂട്ടിയിടിക്കുന്ന അസുഖമുണ്ടായിരുന്നേ..) നിര്‍ത്തിയാല്‍ ശരിയാവില്ലെന്നു അങ്ങേര്‍ക്കു തോന്നിയതിനാലും റിഹേഴ്സല്‍ കഴിഞ്ഞപ്പോളെക്കും 25 മിനുറ്റുണ്ടായിരുന്ന നാടകത്തിന്റെ ദൈര്‍ഘ്യം 15 മിനുറ്റോളമായി മാറി...

എത്യോപ്യയിലെ പിള്ളേരു കണ്ടാല്‍ കയ്യില്‍ വല്ലതുമുണ്ടെങ്കില്‍ എനിക്കു വച്ചു നീട്ടുന്ന അവസ്ഥയിലായിരുന്നു എന്‍റെ അന്നത്തെ സ്റ്റീല്‍ബോഡി എങ്കിലും അടിയിലൊരു മുണ്ടും ക്രോസ്സ്ബെല്‍റ്റ് പോലൊരു തുണിയും ചുറ്റി സ്റ്റേജില്‍ വരാന്‍ എന്നിലെ അഭിനേതാവു അന്നു തയ്യാറായി. കഴിമ്പ്രംസ്കൂളിലെ ജാലിയന്‍വാലാബാഗില്‍ തന്നെയായിരുന്നു ഈ നാടകവും.

കാട്ടാളന്‍-റ്റേണ്ട്‌-വാല്‍മീകിയായി വരുന്ന ഷൈജിത്തിന്‌ നാടകത്തെ പറ്റി വളരെ വലിയ പ്രതീക്ഷകളായിരുന്നു. റിഹേഴ്സലിനൊക്കെ വളരെ ആത്മാര്‍ഥമായി ചങ്കു പൊട്ടി ഡയലോഗുകള്‍ പറഞ്ഞു കൊണ്ടുള്ള അവന്‍റെ അഭിനയം മികച്ച നടനുള്ള ആ കൊല്ലത്തെ പ്ളാസ്റ്റിക്ക് ഡബ്ബ അവനായിരിക്കുമെന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

ഒടുവില്‍ നാടകം തുടങ്ങി. കയ്യിലൊരു വീണയും (ശീമക്കൊന്നയുടെ അസ്സലൊരു പീസ് വച്ചുള്ള അഡ്ജസ്റ്റ്മെന്‍റ്) തത്ത പറയുന്ന പോലെ "നാരായണ നാരായണ" പറഞ്ഞും ഞാന്‍ സ്റ്റേജിലേക്കു കേറി വന്നു. വലതു വശത്തെ പത്താംക്ളാസ്സ്-റ്റീച്ചേഴ്സ് റൂം ബ്ളോക്കിന്റെ ആസ്പാസ് കൂടിയ തരുണീമണികള്‍ ഇളകിച്ചിരി തുടങ്ങി. ഒരു മേല്‍മുണ്ടെങ്കിലും ഇട്ടു ഞാന്‍ വരുമെന്നു പ്രതീക്ഷിച്ച എന്‍റെ സഹപാഠികൂട്ടം എന്‍റെ സൊമാലിയന്‍ ബോഡി-കം-ബോഡി ലാന്‍ഗ്വേജു കണ്ട് കുറുക്കന്‍കൂട്ടമായി. ഒരു വിധം ആദ്യഡയലോഗുകള്‍ ഞാന്‍‍ പിടിച്ചു നിന്നു. നോക്കുമ്പോ കാട്ടാളന്‍ തകര്‍പ്പന്‍ ഡയലോഗടി... എനിക്കാ സ്പീഡ് കിട്ടുന്നുമില്ല. പണ്ടാരം. പൊല്ലാപ്പായല്ലോ. നമുക്കിത് എങ്ങനേലും തീര്‍ന്നാ മതീന്നായി. സ്റ്റേജിന്‍റെ സൈഡില്‍ സംവിധായകന്‍റെ കഥകളി നടക്കുന്നു. കോപ്പന്‍! ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്‍റെ ശ്രദ്ധ മുഴുവനും കൂവുന്നവരിലും വലതു വശത്തെ തരുണീമണികളുടെ ഇളിഭ്യച്ചിരിയിലേക്കുമായിരുന്നു... പണ്ടാരങ്ങള്‍..ഇവര്‍ക്കെന്താ ഇതൊന്നും ഇല്ലേ എന്നെനിക്കു തോന്നാതിരുന്നില്ല. ഇടക്കൊക്കെ ഷൈജിത്തിന്‍റെ വെടി പൊട്ടുന്ന പോലത്തെ ഡയലോഗിനു "വല്‍സാ" "ആ" "ഹും" എന്നും പിന്നെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ "നാരായണ നാരായണ" കേറ്റിയും ഞാന്‍ കുറച്ചു നേരമൊക്കെ പിടിച്ചു നിന്നു.

ചുറ്റുമുള്ള ഈ ഡിസ്റ്റര്‍ബന്സ് കാരണം ഇടക്ക് നാടകത്തില്‍ നിന്നുള്ള എന്‍റെ ശ്രദ്ധ കംപ്ളീറ്റായി മിസ്സായി. ഷൈജിത്തിന്‍റെ ഉഗ്രനൊരു അട്ടഹാസം കേട്ടാണ്‌ എന്‍റെ ബോധം തിരിച്ചു വന്നത്. "പറയൂ നാരദാ പറയൂ.."
ഞാന്‍ ചുറ്റും നോക്കി..ആരു പറയാന്‍ എന്തു പറയാന്‍.. കയ്യിലുള്ള വീണ കൊണ്ടെന്‍റെ വാരിയെല്ലുകളെ ഞാന്‍ പരമാവധി മറച്ചു പിടിക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ അവന്‍റെ ഒരു നാരദന്‍! അതിനുള്ള എന്‍റെ മറുപടിക്കു ശേഷം വാല്‍മീകിയുടെ രണ്ടു പേജു നീളുന്ന പ്രകടനമാണു വരേണ്ടിയിരുന്നത്. അതു മുഴുവനും അരച്ചു കലക്കി പണ്ടാരമടങ്ങിയിരുന്ന ഷൈജിത്തിന്‍റെ മുഖത്ത് വല്ലാത്തൊരു പ്രകാശം ഞാന്‍ കാണുന്നുണ്ടായിരുന്നു. ഭാഗ്യവാന്‍ എനിക്കസൂയ തോന്നി. പക്ഷേ, എന്തു ചെയ്യും ഞാന്‍ ! അടുത്ത ഡയലോഗ് പോയിട്ട് എന്‍റെ റോളെന്താണെന്നു പോലും ഒരു ഐഡിയ ഇല്ലാതെയാണ്‌ ഞാനവിടെ നില്ക്കുന്നതെന്നു പാവം അവനറിഞ്ഞിരുന്നോ ആവോ. കാണികളേക്കാള്‍ ഷൈജിത്തിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഒന്നു രണ്ട് നിമിഷങ്ങള്‍ക്കു ശേഷം സ്ഥലകാലബോധം തിരിച്ചു കിട്ടിയ എനിക്ക് സംഭവത്തിന്റെ സീരിയസ്നെസ്സ് മനസ്സിലായി.

പെട്ടെന്നെനിക്കൊരു ഡയലോഗ് ഓര്‍മ്മ വന്നു. ഭാഗ്യം അതിതു വരെ പറഞ്ഞിട്ടുമില്ല. ഞാന്‍ പിന്നെ താമസിച്ചില്ല. കൊടുത്തു തിരി... മുട്ടു കൂട്ടിയിടിയുടെയും തുടരെയുള്ള വെള്ളികളുടെയും വന്‍ സാധ്യത കണ്ടറിഞ്ഞ ഞാന്‍ പെട്ടെന്ന് മലക്കം മറിച്ചില്‍ നടത്തിയത് അവസാനത്തെ പാരഗ്രാഫിലേക്കായിരുന്നെന്ന് തുടങ്ങി ഒരു ലെവലെത്തിക്കഴിഞ്ഞപ്പോഴാണെനിയ്ക്കു ബോധം വന്നത്. കൈ രണ്ടും ആകാശത്തേക്കു പൊക്കിപ്പിടിച്ച് കാണികള്‍ക്കഭിമുഖമായി നിന്ന്, കാണാപാഠം പഠിച്ച ലാസ്റ്റ് ഡയലോഗ് ഒരു ഉളുപ്പുമില്ലാതെ തട്ടിവിടുന്ന എന്നെ, ഷൈജിത്ത് വാല്‍മീകിയും മകനും, രോഷവും വൈക്ളഭ്യവും സമാസമം ചേര്‍ത്ത ഒരു വികാരത്തോടെ നോക്കി നിന്നു. പതിവില്ലാതെ ഭയങ്കര കയ്യടി വരുന്നുണ്ടായിരുന്നതു കൊണ്ട് ഞാന്‍ പിന്നെ നിര്‍ത്താനും പോയില്ല. ഏതായാലും 15 മിനിറ്റിന്റെ കാര്യം വെറും അഞ്ചു മിനിറ്റില്‍ അവസാനിപ്പിച്ച് ഞാന്‍ രംഗം വിട്ടു.. എല്ലാം കഴിഞ്ഞ് സ്റ്റേജിന്‍റെ പിന്നില്‍ വെച്ച് "ഈ നാലു ഡയലോഗ് പറയണ കേക്കാന്ണ്ടാ നീയെന്നെ വിളിച്ചു വര്ത്യേത്" എന്നവന്‍റെ എതോ ഒരു ബന്ധു (അച്ഛനൊന്നുമല്ല സത്യം) ചോദിച്ചപ്പൊ അവനെന്നെ ഒരു നോട്ടം നോക്കീര്ന്നു.... എന്‍റീശ്വരാ..... ഞാന്‍ വീണേം കയ്യിലോതുക്കി മാക്സിമം സ്പീഡില്‍ തിരിഞ്ഞു നടന്നു പോയി. (അവടെ ഇട്ടാല്‍ അവനെന്നെ അതെടുത്തു അലക്കിയാലോ എന്നെനിക്കു ഭയമൊന്നും ഉണ്ടായിട്ടല്ല.. എന്നാലും നമ്മളു വെറുതെ റിസ്കെടുക്കണ്ടാല്ലോ...)

Sunday, 8 April 2007

ഒരു നോര്‍ത്തേണ്‍ വീരഗാഥ

നീണ്ട 11 വര്‍ഷത്തെ കുരുത്തക്കേടുകള്‍ക്കു ശേഷം കഴിമ്പ്രം സ്കൂളിനോട്‌ യാത്ര പറയുന്ന അവസരത്തിലാണ്‌ ഒരു നാടകം കളിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്...

ഞങ്ങളൊക്കെ അന്നേ വലിയ ഭാവാഭിനയം നടത്തുന്ന ഭയങ്കരനടന്മാരായിരുന്നെങ്കിലും സീരിയസ് ആയിട്ടുള്ള കഥയൊന്നും വേണ്ട, കോമഡി മതിയെന്നും അതു ഈസിയായിരിക്കുമെന്നും എതോ വിവരം കെട്ടവന്‍ (എന്നു വെച്ചാല്‍ ഞങ്ങളിലെ ഏക കലാകാരന്‍) അഭിപ്രായപ്പെട്ടതിന്‍ പ്രകാരമാണ്‌ അത്തരം ഒരു കഥക്കു
വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതും, ഒരു നോര്‍ത്തേണ്‍ വീരഗാഥ എന്ന പേരില്‍ ഞങ്ങള്‍ ഒരു സാധനം ഞങ്ങളുടെ കയ്യില്‍ വന്നു പെട്ടതും....

സംഭവം നമ്മുടെ ഉണ്ണിയാര്‍ച്ചേടേം ആരോമലുണ്ണീടേം സ്റ്റോറി തന്നെയായിരുന്നു...
അതിനെ വെറുതെ അവിടെം ഇവിടേം നമ്മുടെ സ്വന്തം ഐറ്റംസ് കേറ്റി പറ്റാവുന്നതിന്‍റെ മാക്സിമം അലമ്പാക്കി അവതരിപ്പിക്കുക എന്നതായിരുന്നു ഉദ്യമം.
റിഹേഴ്സല്‍വേളകളിലൊക്കെത്തന്നെ ഞങ്ങളുടെ തമാശകള്‍ കണ്ടും കേട്ടും ഞങ്ങള്‍ തന്നെ കുടുകുടാ പൊട്ടിപ്പൊട്ടിച്ചിരിച്ചു. സ്റ്റേജില്‍ ഇതൊക്കെ അലക്കുമ്പോള്‍ കാണികള്‍ ചിരിച്ചു കുടലു മറിയുന്നത് ആലോചിച്ച് ഞങ്ങള്‍ പുളകം കൊണ്ടു. അതിനൊക്കെ പുറമെ, ഏറ്റവും ഇംപോര്‍ട്ടന്‍റ് ആയിട്ട്, വരും കാലങ്ങളീല്‍ വരാന്തയിലൂടെ നടക്കുമ്പോള്‍, "ദേടി പോണ്‌ നമ്മടെ ആരോമല്‍ച്ചേകവര്...ദേ പോണ്ടി നമ്മടെ
കണ്ണപ്പച്ചേകവര്" എന്നിങ്ങനെയുള്ള കേള്‍ക്കാനിടയുള്ള സുഖമുള്ള കമന്‍റുകളെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ കൃതാവുള്ളവരായി...... ഹൊ!എന്തു വന്നാലും ഇതൊരു സംഭവമാക്കിയിട്ടു തന്നെ കാര്യം. ഞങ്ങള്‍ ഡിസൈഡെഡ്‌ഡ്‌ഡ്‌ഡ്‌ഡ്....

അങ്ങനെ ഞങ്ങളുടെ നോര്‍ത്തേണ്‍ വീരഗാഥയുടെ പരിശീലനമൊക്കെ തകൃതിയായി മുന്നേറി.
നാലു പേരേ ആകെ കഥാപാത്രങ്ങളായിട്ടുണ്ടായിരുന്നുള്ളൂ. ചന്തുവായി തടിയന്‍ അനൂപും, കണ്ണപ്പനുണ്ണിയായി നിര്‍ജ്ജീവനും, ആരോമലുണ്ണിയായി ഞാനും, പിന്നെ ചന്തൂന്റെ "കീപ്പ്" ആയി സിജുവും..കഴിഞ്ഞു. ഈ നിര്‍ജ്ജീവനെന്നു പറയുമ്പൊ, ഞങ്ങളുടെ ഇടയിലെ ആദ്യ ഇംഗ്ളീഷുമീഡിയംകാരനായിരുന്നു. പത്തു കഴിഞ്ഞിട്ട് വന്നു ചേര്‍ന്നവന്‍.
സ്വാഭാവികമായും അവന്‍ ഞങ്ങളുടെ ഒരു സ്ഥിരം ഗോള്‍ പോസ്റ്റായി മാറി. പല പ്രാവശ്യം എനിക്കു തന്നെ വിഷമം തോന്നീട്ടുണ്ട് ഞാന്‍ അവനിട്ടു കൊട്ടുന്നതു കണ്ടിട്ട്.
അല്ലാ, അവനതു വേണം അല്ലെങ്കില്‍ ഞാന്‍ പ്രേമിക്കാന്‍ വെച്ച പാത്തുമ്മയെ അവനു കേറി പ്രെമിക്കണ്ട വല്ല കാര്യവുമുണ്ടോ! അവളാണേങ്കില്‍ അവനെ തിരിച്ചും പ്രേമിച്ചു കളഞ്ഞില്ലേ...ഹും!
ചറപറാ ഇംഗ്ളീഷു പറയാനും 1500 മീറ്റര്‍ പുല്ലു പോലെ ഓടി വന്ന് കപ്പടിക്കാനുമൊന്നും അവനെപ്പോലെ എനിക്കു കഴിഞ്ഞില്ലെങ്കിലെന്താ... ഞാനൊരു നല്ല ഹൃദയത്തിന്റെ ഉടമയായിരുന്നില്ലേ...? (ഇല്ലേ?..ഉവ്വെന്നേ..സത്യം)? സ്കൂള്‍ ലീഡറായിരുന്നില്ലേ? ഹൌസ് ക്യാപ്റ്റനായിരുന്നില്ലേ... ഇല്ലേ? ഇല്ലേ? പക്ഷേ എന്തു പറഞ്ഞിട്ടെന്താ.. ആ മാമ്പഴം അവന്‍ കൊത്തിയെടുത്തു. സത്യമായിട്ടും അന്നു മുതല്‍ അവനു പണി കൊടുക്കണമെന്നു കരുതി ഞാന്‍ നടന്നിട്ടേ ഇല്ല. (ഇല്ലെന്നേ..)

ഒടുവില്‍ വിധിദിനം വന്നു. ഓര്‍മ്മ വെച്ച കാലം മുതല്‍ ഞാന്‍ കാണുന്ന, തിളങ്ങുന്ന മഞ്ഞയില്‍ വെള്ളനിറത്തില്‍ "ഷീഫെയര്‍ ടൈലേഴ്സ്" എന്നെഴുതിയ കര്‍ട്ടനും, 'സ്വാഗതം' എന്നെഴുതിയ അതിന്റെ കടുംനീല ബോര്‍ഡറും ഒക്കെ ചുറ്റി സ്കൂളിന്‍റെ സ്റ്റേജ് ഒരുങ്ങി. അല്ലാത്ത സമയത്തൊക്കെ ജയശ്രീടീച്ചറുടെ സംസ്കൃതം ക്ളാസ്സ് അരങ്ങു തകര്‍ക്കുന്ന പ്രസ്തുത സ്റ്റേജിന്‍റെ നാലു വശവും കെട്ടിടങ്ങളാണ്. കഴിമ്പ്രം സ്കൂളെന്നു പറയുമ്പോ, അതു കുറച്ചു വലുതാണ്‌. വടക്ക് തവളക്കുളവും തെക്കും തെക്കുകിഴക്കും കവര്‍ ചെയ്യുന്ന പ്രസിദ്ധമായ മേപ്പറവും ഒക്കെക്കൂടി ഒരു നൊസ്റ്റ-ഫീലിങ് തരുന്നതായിരുന്നു സ്കൂളിന്‍റെ ഒരു ഭൂപടം.
മേല്‍പറഞ്ഞ തവളക്കുളത്തിന്‍റെയും മേപ്പറത്തിന്‍റെയും നെഞ്ചത്തു കൂടിയാണ്‌ പില്‍ക്കാലത്ത് ഞങ്ങളുടെ പ്ലസ്‌റ്റു കെട്ടിപ്പൊക്കിയത്. നടുവില്‍ ഒരു ചെറിയ ഗ്രൌണ്ടും. ജാലിയന്‍ വാലാബാഗിനെ ഓര്‍മ്മിപ്പിക്കുന്ന ഈ കെട്ടിടങ്ങള്‍ക്കിടയിലായിരുന്നു വര്‍ഷാവര്‍ഷം ഞങ്ങള്‍ യൂത്ത് ഫെസ്റ്റിവല്‍ കൊണ്ടാടിയിരുന്നത്. ആ കെട്ടിടങ്ങളിലും ഗ്രൌണ്ടിലുമൊക്കെയായിട്ടാണ്‌ കാണികളുടെ ഇരിപ്പ്. കഴിമ്പ്രത്തെ ഏകപ്പെട്ട ഗ്ളാമര്‍ ഷോ ആയതിനാല്‍ അസംഖ്യം നാട്ടുകാരും സ്ഥിരം കാണികളായി എത്തുമായിരുന്നു

അങ്ങനെ നാടകം തുടങ്ങി. കോമഡി ഡയലോഗുകള്‍ അരങ്ങു തകര്‍ക്കുകയാണ്.
ബുള്ളറ്റില്‍ വന്നിറങ്ങിയ നിര്‍ജ്ജീവന്‍ എന്ന കണ്ണപ്പനുണ്ണിയും ഞാന്‍ എന്ന ആരോമലുണ്ണിയും കൂടി, കുംഭന്‍ അവതരിപ്പിക്കുന്ന ചന്തുവിനെ വെല്ലുവിളിക്കുന്നതാണു രംഗം. സ്റ്റേജിന്റെ വലതുവശത്തെ പത്താംക്ളാസ്സ് ബ്ളോക്കിന്‍റെ ആസ്പാസ് കൂടിയിരിക്കുന്ന തരുണീമണികളുടെ പൊട്ടിച്ചിരിയും കളകളാരവവും ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യവും പ്രചോദനവും. സ്ക്രിപ്റ്റിലില്ലാത്ത പല ഡയലോഗുകളും അടിച്ചും, ഇടക്കു റ്റീചര്‍മാരെയും മാഷ്മാരെയും ഓരോ കൊട്ടു കൊട്ടിയും ഞങ്ങള്‍ അടിച്ചു കേറുകയായിരുന്നു. ഒടുവില്‍ ചന്തുവിനെ പുറത്തേക്കു വിളിക്കുന്ന രംഗമായി.

"ഇറങ്ങി വരിനെടാ ചന്തൂ"..എന്ന് കണ്ണപ്പനുണ്ണി.

കാണികളില്‍ ആകാംക്ഷ...

ഇല്ലാത്ത മീശ പിരിച്ചു കോണ്ട് ആരോമലുണ്ണി അതേറ്റു പിടിക്കുന്നു.

"ആണാണെങ്കില്‍ ഇറങ്ങി വാടാ ചതിയന്‍ ചന്തൂ.."

പക്ഷേ, ഇല്ല. ചന്തു വരുന്നില്ല. പെട്ടെന്ന് ഉള്ളിലെവിടെയോ ഒരു തണ്ടര്‍ബോള്‍ട്ടടിച്ച പോലെ തോന്നി...

ഒന്നൂടെ വിളിച്ചു... "എടാ ചന്തൂ...ഇറങ്ങി വാടാ.."

നിര്‍ജ്ജീവന്‍റെ ആ വിളിയില്‍ അറിയാതെ ഒരു അപേക്ഷാ സ്വരം വന്നോന്നൊരു സംശയം.
അല്ല. സത്യമാണ്. ചന്തു വരുന്നില്ല. ബാക്ക് സ്റ്റേജില്‍ നിന്നും അനക്കമൊന്നും കേള്‍ക്കുന്നുമില്ല.
ഒന്നൊ രണ്ടോ ഡയലോഗ് അടിച്ചു പിടിച്ചു നിക്കാന്‍ ഞങ്ങളു നോക്കിത്തുടങ്ങി.
എവിടെയോ ഒരു കൂവല്‍ കേട്ട പോലെ എനിക്കു തോന്നി.
വലതുവശത്ത് തരുണീമണികള്‍ ഇളിഭ്യച്ചിരി തുടങ്ങി. ഇനിയതു പരിഹാസച്ചിരിയാകും.
ഈശ്വരാ..എന്റെ ഇമേജ്..

ഞാന്‍ ഒന്നൂടെ വിളിച്ചു. സാക്ഷാല്‍ ആരോമല്‍ച്ചേകവരു പോലും ഇത്ര ദേഷ്യത്തോടെ ചന്തൂനെ വിളിച്ചിട്ടുണ്ടാവില്ല.

"എടാ നാറീ..ചതിയാ..ചന്തൂ..ഏറങ്ങി വാടാ..."

"ചതിയാ" എന്ന ആ ലാസ്റ്റ് വിളിയില്‍ വല്ലാത്തൊരു ആത്മാര്‍ഥത ഉണ്ടായിരുന്നൂന്ന് പിന്നീടാരോ പറഞ്ഞു.
ഇല്ല. വീണ്ടും ചന്തു വരുന്നില്ല. ഞങ്ങള്‍ക്കു ബോധ്യപ്പെട്ടു. അനൂപിന്‌ എന്തോ പറ്റീട്ടുണ്ട്. അല്ലാതെ അവനീ മരണവിളി മുഴുവന്‍ കേട്ട് മിണ്ടാതെ നിക്കുമോ.

പെട്ടെന്നൊരു നിമിഷം എന്റെ കുടിലബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

"കണ്ണപ്പനുണ്ണീ..നീയിവിടെ നിക്ക്. ഞാന്‍ പോയി അവനെ പിടിച്ചിറക്കിക്കൊണ്ടു വരാം" എന്നൊരു ഡയലോഗ് ഞാന്‍ പൊട്ടിച്ചു.

അതു വരെ കോമഡികളടിച്ചു കൊണ്ടു കൂടെ നിന്ന, നിര്‍ജ്ജീവന്‍റെ പൊതുവെ കറുത്ത മുഖം സ്വിച്ചിട്ട പോലെ വെളുത്തു വന്നതു ഞാന്‍ കണ്ടു.

"ചതിക്കല്ലേ അളിയാ..." എന്ന ഭാവത്തില്‍ എന്നെ നോക്കിയ അവനെ "യൂ ആര്‍ റ്റെര്‍മിനേറ്റെഡ്" എന്ന ഭാവത്തില്‍ ലേശം നിസ്സഹായത പുരട്ടി ഒന്നു തിരിച്ചു നോക്കി ഞാന്‍ കഴിവതും വേഗത്തില്‍ ബാക്ക് സ്റ്റേജിലേക്കു പാഞ്ഞു പോയി.

കാണികള്‍ക്കു സംഭവം പിടികിട്ടിയിരുന്നു. അവരുടെ മുന്നില്‍ നിര്‍ജ്ജീവന്‍ പൂച്ചയുടെ മുന്നില്‍കിട്ടിയ എലിയെപ്പോലെയായി. അവരവനെ വാരാന്‍ തുടങ്ങി.
"ഞാനും വരുന്നു ആരോമലേ..." എന്നൊരു ഡയലോഗടിച്ച് അകത്തേക്കു വരാന്‍
അവനെന്തേ തോന്നാഞ്ഞേ എന്നെനിക്ക് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.

അകത്തു ചെന്ന ഞാന്‍ കണ്ടതു വല്ലാത്തൊരു കാഴ്ചയായിരുന്നു. അകത്തൊരു ഡസ്കില്‍ ചാരി നിക്കുന്ന ഞങ്ങടെ ചന്തു. തരിച്ചു കയറിയ ഞാന്‍ അവന്‍റെ വീട്ടിലുള്ളവര്‍ക്കു സുഖമാണോ എന്നു ചോദിക്കും മുന്‍പേ "അളിയാ...നീയിതു കാണുന്നില്ലേ" എന്നവന്‍ ചോദിച്ചു. സ്റ്റേജിലേക്കു വരാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന കുംഭനും എന്നാല്‍ അന്ത ഡസ്കിന്‍മേല്‍ മള്‍ട്ടിഡയമെന്‍ഷണല്‍ കുരുക്കില്‍പ്പെട്ട് "കമാന്‍റ് ഫെയില്‍ഡ്" എന്നു പറഞ്ഞു നില്‍ക്കുന്ന അവന്റെ ഉടുമുണ്ടും..സംഗതി ആരും അറിഞ്ഞിരുന്നില്ല. കുംഭനൊഴിച്ച്.

അന്ത കുടുക്കഴിച്ചെടുക്കാന്‍ നല്ല പോലെ കഷ്ടപ്പെടേണ്ടി വന്നു. ഇതിത്ര മനോഹരമായി കുടുക്കിയ ചന്തുവിന്‍റെ കഴിവില്‍ എനിക്ക് അത്യന്തം ആദരവു തോന്നി. അഴിക്കലും കാര്യങ്ങളും കഴിഞ്ഞപ്പോഴാണ്‌ സ്റ്റേജില്‍ വാര്‍ഷികപണി വാങ്ങിക്കൊണ്ടിരിക്കുന്ന കണ്ണപ്പനുണ്ണിയെപ്പറ്റി ഓര്‍മ്മ വന്നത്. ഉടന്‍ തന്നെ ഞാന്‍ സ്റ്റേജിലേക്ക് ഓടിക്കയറി വന്നിട്ടു പറഞ്ഞു..

"കണ്ണപ്പനുണ്ണീ..അവന്‍ വരുന്നുണ്ട്..തയ്യാറായിക്കോ.."

അപ്പൊ അവന്‍റെ മുഖഭാവം എന്തായിരുന്നെന്നു പല തവണ റീവൈന്‍റ് ചെയ്തു നോക്കീട്ടും എനിക്കു ഇതു വരെ മനസ്സിലാക്കാന്‍ പറ്റീട്ടില്ല.. സ്റ്റേജായതു കൊണ്ടായിരിക്കണം എനിക്ക് പ്രത്യേകിച്ച് അംഗവൈകല്യങ്ങളൊന്നും സംഭവിച്ചില്ല. ഏതായാലും ചന്തു വന്നതോടെ കാണികളും ഉഷാറായി. പിന്നീട് കൂടുതല്‍ ഉടക്കുകളൊന്നും വരാതെ എല്ലാം നന്നായി അവസാനിച്ചു. നാടകം കഴിഞ്ഞ് നിര്‍ജ്ജീവന്‍റെ കണ്ണില്‍പെടാതെ മതിലു ചാടി ഓടാന്‍ ഞാന്‍ മാത്രം ശ്ശി ബുദ്ധിമുട്ടീന്നു മാത്രം...

Friday, 6 April 2007

6-6-6-6

ഇടിവാളിന്‍റെ പോസ്റ്റാണ്‌ എന്നെക്കൊണ്ട് ഈ പാതകം ചെയ്യിക്കുന്നത്. ഇടിവാളിന്‍റെ മേല്‍ എന്‍റെ കോപമുണ്ട്, എന്നെ ഇതോര്‍മ്മിപ്പിച്ചതിന്...ഇന്നലത്തെ എന്‍റെ ഉറക്കം കളഞ്ഞതിന്. അതിന്എല്ലാരും കൂടി ഇതനുഭവിച്ചേ പറ്റൂ...

കേരളത്തില്‍ കൂണു പൊലെ മുളച്ചു വന്ന അനേകം എഞ്ചിനീറിങ്ങ് കോളേജുകളിലൊന്നായിരുന്നു എന്‍റെയും. അവിടെ പൊട്ടക്കുളത്തിലെ തവളകളെ പോലെ ഞങ്ങള്‍ നൌഷാദിന്‍റെ കടയിലെ ആവി പറക്കുന്ന ഓംപ്ളേറ്റിനു (ഓംലെറ്റെന്നു വിവരമില്ലാത്തവര്‍ പറയും) വേണ്ടി വായില്‍ വെള്ളമൂറി കാത്തിരുന്നു കൊണ്ടും വേണ്ടി വന്നാല്‍ പോരടിച്ചും സസുഖം ഭരിച്ചു പോരുന്ന കാലം. സ്പോര്ട്സ് ഡെയുടെ ഭാഗമായി ക്ളാസ്സുകള്‍ തമ്മില്‍ ക്രിക്കറ്റ് മല്‍സരം നടത്താന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ ഏറ്റവും ശക്തരാരെന്ന മല്‍സരം ഇലക്രോണിക്സും കംപ്യൂട്ടറും തമ്മിലായിരുന്നു. പാവപ്പെട്ട ഐ ടി യായ ഞങ്ങള്‍ക്ക് ഒരു ടീം ഉണ്ടാക്കാനുള്ള ആളുകളെ ക്ളാസ്സില്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും അഭിമാനത്തിന്റെ പ്രശ്നമായതിനാല്‍ ബാറ്റോ ബോളോ എന്നെങ്കിലും കൈ കൊണ്ടു തൊടുകയോ കളി അറ്റ്ലീസ്റ്റ് കാണുകയോ ചെയ്തിട്ടുള്ളവരെ കൂട്ടി ഞങ്ങളും തയ്യാറായി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൌണ്ടിലായിരുന്നു മല്‍സരങ്ങളെല്ലാം തന്നെ നടന്നത്. ആദ്യമല്‍സരത്തില്‍ പൊതുവെ ഊപ്പകളായിരുന്ന ഇലക്ട്രിക്കലിനെ ഞങ്ങള്‍ അടിച്ചു പൊട്ടിച്ചു കയ്യില്‍ കൊടുത്തതോടെ ബെറ്റുകാരുടെ ഇടയില്‍ ഞങ്ങള്‍ക്കും വില കൂടി. അടുത്തത് കമ്പ്യൂട്ടറുമായി അതു ജയിച്ചാല്‍ ഫൈനല്‍. അശുക്കളെന്നു മുദ്ര കുത്തിയിരുന്ന ഐ ടി പിന്നെ കോളേജില്‍ നെഞ്ചു വിരിച്ചു നടക്കും. പക്ഷേ ഒരു ചെറിയ സാങ്കേതികതടസ്സം; വയനാടിന്‍റെ ജില്ലാ റ്റീമില്‍ കളിച്ചിരുന്ന ഫിറോസ്, അത്യുഗ്രന്‍ ഓള്‍ റൌണ്ടര്‍ സന്ദീപ്, ഹര്‍ഭജനെപ്പോലെ നടന്നു വന്ന് ബ്രെറ്റ് ലീയെപ്പോലെ പന്ത് മൂളിപ്പിച്ചു വിടുന്ന ആറടിയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കിച്ചു, പിന്നെ ചൊറിഞ്ഞു ചൊറിഞ്ഞു എതിര്‍റ്റീമിനെ വട്ട് പിടിപ്പിക്കുന്ന സതീശന്‍... ഇവരെയൊന്നു തോല്‍പ്പിക്കണം...

സകലമാന ദൈവങ്ങളേയും മനസ്സില്‍ വിചാരിച്ചു ഞങ്ങളിറങ്ങി. ഓപ്പണറായി ഒരു ജൂനിയര്‍ പയ്യനും, പിന്നെ ഞങ്ങളുടെ വിശ്വസ്തനായ ക്യാപ്റ്റന്‍ ആലപ്പു എന്ന ആലനും. കിച്ചുവിന്‍റെ സ്പെല്‍ എങ്ങനെയെങ്കിലും ആരോഗ്യത്തൊടെ പിടിച്ചു നില്‍ക്കുക എന്നതായിരുന്നു അവരുടെ പ്രഥമലക്‌ഷ്യം. പക്ഷേ പയ്യനു പാളി, ആദ്യഓവറില്‍ ലവന്‍ എനിക്കു പണി തന്നു. രണ്ടാമനായി ഇറങ്ങേണ്ട ഞാന്‍ സധൈര്യം വണ്‍ ഡൌണ്‍ ഇറങ്ങാന്‍ തീരുമാനിച്ചു. ഒരു ക്ളാസിന്‍റെ മുഴുവന്‍ പ്രതീക്ഷകളുമാണ്‌ പിന്നില്‍, ദയനീയമായെങ്ങാനും തോറ്റാല്‍... എന്‍റെ ചങ്കു പിടക്കുന്ന ശബ്ദം ഞാന്‍ ഡി ടി എസ്സില്‍ കേട്ടു തുടങ്ങി. കിച്ചുവിന്‍റെ ആദ്യപന്തു തന്നെ ഗുഡ്‌ലെങ്തില്‍ നിന്നും അരക്കൊപ്പം ഉയരത്തില്‍, ഭാവിയില്‍ ഒരു പിതാവെന്ന എന്റെ സ്വപ്നത്തിന്‍റെ നാശം ലക്‌ഷ്യമാക്കി കുതിച്ചു വന്നു. സകല ദൈവങ്ങളെയും വിളിച്ചു കൊണ്ട് ബാറ്റും പൊക്കി ഞാന്‍ ജംപ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌..... എന്‍റെ തുടയില്‍ ചുവന്ന ഒരു സീലും വച്ച് അന്ത പന്ത് കീപ്പറുടെ കയ്യിലോട്ട് പോയി....ആ സീല്‍ പറഞ്ഞു, ഇവന്‍ കിച്ചുവിനെ നേരിട്ടിട്ടുണ്ട്! എനിക്കഭിമാനം തോന്നിയോ...ഏയ്...

5-6 ഓവര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കു ക്ളച്ചു പിടിച്ചു. ഞങ്ങള്‍ പണി തുടങ്ങി. സമയമില്ലാത്തതിനാല്‍ 15 ഓവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ എല്ലാരും ആഞ്ഞു പിടിച്ചു. നാലു പാടും ബൌണ്ടറികള്‍ പാഞ്ഞു തുടങ്ങി. വിശ്വസ്തനായ ദാസനും സാനിയുമൊക്കെ ചേര്‍ന്ന് ഞങ്ങള്‍ സ്കോര്‍ 84 ല്‍ എത്തിച്ചു. ഹായ്... മോശല്യ.. ടീം ഹാപ്പി.... 34 റണ്‍സോടെ ഞമ്മള്‌ ടോപ്സ്കോറര്‍.. ഞമ്മളും ഹാപ്പി... ഇടവേളക്കിടയില്‍ ആലന്‍ പറഞ്ഞു, സുവര്‍ണ്ണാവസരമാണ്‌, ഇതു ജയിച്ചാല്‍... ഞങ്ങള്‍ സ്വപ്നം കണ്ടു തുടങ്ങി. ദാസാ..വി കേ ആറെ....ബാലാ....നമ്മള്‌ ജയിച്ചാല്‍....ഹൊ! ഫിറോസിന്‍റെ റൂംമേറ്റായിരുന്ന ഞങ്ങളുടെ ഒരേയൊരു അംഗീകൃത ബൌളര്‍ അച്ചായനെ സംബന്ധിച്ചിടത്തോളം ഇതു റൂമിലെ നിലനില്‍പ്പിന്‍റെയും സ്വൈര്യജീവിതത്തിന്‍റെയും പോരാട്ടം കൂടിയായി മാറിയിരുന്നു.

പട്ടയില്‍കുന്നിലപ്പനെ ധ്യാനിച്ചു ഞങ്ങളും പിന്നെ അവരുമിറങ്ങി. കളി തുടങ്ങി. ഞാനും അച്ചായനും തുടങ്ങി. അച്ചായന്‍ തകര്‍പ്പനേറ്. ഞാനും മോശമില്ലാതെ എറിഞ്ഞു. നമ്മുടെ ഒരു ജൂനിയര്‍ പയ്യന്‍ സകല സ്വപ്നങ്ങള്‍ക്കും ചിറകു നല്‍കിക്കൊണ്ട് അവിശ്വസനീയമായ പെര്‍ഫോര്‍മന്‍സ്. ഞങ്ങള്‍ ജയിക്കാണോ.... മുത്തപ്പാ...വിക്കറ്റുകള്‍ വീഴുന്നു... ഫിറോസ് റണ്സെടുക്കാന്‍ പാടു പെടുന്നു... കൂട്ടുകെട്ടുകള്‍ പൊളിയുന്നു...പക്ഷേ, ഫിറോസിനു കൂട്ട് സന്ദീപെത്തിയതോടെ കളി മാറിത്തുടങ്ങി... എന്നാല്‍ അമിതാവേശത്തില്‍ കയറിയടിച്ച സന്ദീപ് ബൌണ്ടറിയില്‍ നിന്ന എന്റെ കയ്യിലേക്കു വന്നു വീണു. സ്റ്റേഡിയം പൊട്ടിത്തെറിച്ചു !!(അങ്ങനെയൊന്നുമില്ല... എന്‍റെ അലര്‍ച്ച കേട്ട് അടുത്തെവിടെയോ പുല്ലു മേഞ്ഞിരുന്ന ഒരു പശു അമറി, ഒന്നു രണ്ട് കാക്കകള്‍ കരഞ്ഞു, എതോ പട്ടി കുരച്ചു...ദാറ്റ്സ് ഓള്‍)

ഒടുവില്‍ ഫിറോസും പുറത്ത്. അവര്‍ക്കു ജയിക്കാന്‍ രണ്ടോവറില്‍ 23 റണ്‍സ്. രണ്ട് വിക്കറ്റ് മാത്രം ബാക്കി. പക്ഷേ അപകടകാരിയാഅയ കിച്ചുവാണ്‌ സ്ട്രൈക്ക്. അവന്‍ ഒന്നു നിവര്‍ന്നാല്‍ പിന്നെ പന്ത് പുതിയതെടുക്കേണ്ടി വരും എന്നതിനാല്‍ കളിയുടെ ഭാരവാഹികള്‍ക്കും ചങ്കു പടച്ചു തുടങ്ങി. ആരെറിയും, കൂലങ്കുമായ ചര്‍ച്ച നടക്കുന്നു. ബാലനായിരുന്നു എറിയേണ്ടിയിരുന്നത്, പക്ഷേ, അവനെ കിച്ചുവിനിട്ടു കൊടുത്താല്‍...? ഇത്രയും എത്തിച്ചിട്ട് ഇനി കയ്യീന്നു പോയാല്‍...? അവസാന ഓവര്‍ എന്തായാലും അച്ചായന്‍ തന്നെ. പെട്ടെന്നു ഞാന്‍ തന്നെ പന്തെടുത്തു പറഞ്ഞു "അളിയാ ഞാന്‍ എറിയാം..."വണ്‍ ഡൌണ്‍ ഇറങ്ങാന്‍ കാണിച്ച അതേ ആവേശം...അതേ ഞാന്‍...അതേ കിച്ചു. ഓപ്പണര്‍ ഹരീഷിന്‍റെയുള്‍പ്പെടെ രണ്ട് വിക്കറ്റെടുത്ത ആത്മവിശ്വാസം, കഴിഞ്ഞ മല്‍സരത്തില്‍ ട്രിപ്പിള്‍ ഈയെ തകര്‍ത്തു വിട്ട സ്പെല്ലിന്റെ പിന്‍ബലം! എവിടുന്നോ ആരോ പറയുന്ന പോലെ എനിക്കു തോന്നി.."വേണ്ട്രാ..." എന്നാല്‍ ഞാന്‍ തീരുമാനിച്ചിരുന്നു.

കൂടുതല്‍ സ്പീഡിലെറിഞ്ഞാല്‍ അതു കിച്ചുവിന്റെ പണി കുറയ്ക്കുകയേ ഉള്ളൂ എന്നറിയാവുന്നതിനാല്‍ സ്ളോ ബോളുകള്‍ എറിയാന്‍ ഞാന്‍ തീരുമാനിച്ചു. അതിഭീകര ഫീല്‍ഡ് സെറ്റിങ് നടന്നു. കയ്യും കാലും ഒടിഞ്ഞാലും ഒറ്റ ബൌണ്ടറി പോലും കൊടുക്കരുതെന്നു എല്ലാര്‍ക്കും കര്‍ശനനിര്‍ദ്ദേശം കൈ മാറ്റപ്പെട്ടു. ചങ്കിടിപ്പോടെ ഓടി വന്നു ഞാന്‍ ആദ്യ അസ്ത്രം തൊടുത്തു. എന്തു വന്നാലും ഓഫില്‍ മാത്രമേ എറിയൂ എന്നു ഞാന്‍ തീരുമാനിച്ചിരുന്നു. എല്ലാം കിറുകൃത്യം. ഞാന്‍ വിചാരിച്ച സ്ഥലത്തു പന്ത് പിച്ച് ചെയ്യുന്നു. എന്നാല്‍...... എനിക്കെന്നെക്കുറിച്ചഭിമാനം തോന്നാന്‍ തുടങ്ങിയില്ല; ഷോലെ സിനിമയില്‍ വെടി പൊട്ടുമ്പോളുണ്ടാകുന്ന പോലത്തെ ഒരു ശബ്ദമാണ്‌ എല്ലാരും കേട്ടത്. റ്റിസ്‌സ്‌ക്യാങ്.... പന്തെങ്ങോട്ടാണു പോകുന്നതെന്നു മനസ്സിലായെങ്കിലും ഡീപ് മിഡ്‌വിക്കറ്റില്‍ നിന്നിരുന്ന വീ കേ ആറിനോട് ഞാന്‍ ഒരു സമാധാനത്തിനു വിളിച്ചു പറഞ്ഞു. "വീകേആറേ...ക്യാച്ചിറ്റ്..."...ലവന്‍ എന്നെ പുച്ഛവും രോഷവും ഇട കലര്‍ന്ന ഒരു നോട്ടം നോക്കി. പതിനഞ്ചു മിനിട്ട് കഴിഞ്ഞു എവിടെ നിന്നോ അവന്‍ പന്തുമായി തിരിച്ചെത്തി.

എന്തായാലും ഞാന്‍ തീരുമാനിച്ചു. ഒരാള്‍ക്ക് ഒരേ ഷോട്ട് രണ്ട് തവണ കളിക്കാന്‍ ചെറിയ ബുദ്ധിമുട്ടു കാണില്ലേ, കാണണമല്ലോ. അതേ ലൈനില്‍ ഞാന്‍ ലെംങ്ത് അല്പം കുറച്ചെറിഞ്ഞാല്‍? എന്‍റെ കുരുട്ടുബുദ്ധി പ്രവര്‍ത്തിച്ചു, കിച്ചൂന്‍റെയും. വെടിശബ്ദം ആവര്‍ത്തിച്ചു. മെന്‍സ് ഹോസ്റ്റലിനടുത്തെവിടെയോ ഒരു പട്ടിയുടെ ദയനീയമായ കരച്ചില്‍... "പൈ പൈ..." നമ്മടെ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ഏതു നേരം നോക്കിയാലും പറേണ പോലെ, "ഈവന്‍ ബെറ്റര്‍...."
പട്ടി ദേഷ്യം തീര്‍ത്തതോ എന്തോ, ആ പന്ത് കിട്ടീല. എല്ലാ ഐ ടി സന്താനങ്ങളുടെയും മുഖം വാടി. അവിടെ സീഎസ്സ് ആഘോഷിക്കുന്നു, കിച്ചു ഒരു ആരാച്ചാരെപ്പോലെ നില്‍ക്കുന്നു, ഗദയേന്തി നിക്കുന്ന ഹനുമാനെപ്പോലെ എനിക്കു തോന്നി. രണ്ടേ രണ്ട് വിക്കറ്റകലെ വിജയം കയ്യൊഴിയാന്‍ മനസ്സ് വരുന്നില്ല. "ഇല്ലാ ഇല്ലാ വിട്ടു തരില്ല", ശ്രീരാമ പോളിയിലെ പഴയ മുദ്രാവാക്യങ്ങള്‍ മനസ്സില്‍ ഫില്ലറുകളായി എത്തി. ഇവനെ ഞാന്‍ വീഴ്ത്തും. സ്ളോ ബോളെന്ന എന്റെ തന്ത്രം ഞാന്‍ മാറ്റാന്‍ തീരുമാനിച്ചു. സര്‍വ്വശക്തിയുമെടുത്തു ഞാനൊരു യോര്‍ക്കറിനു ശ്രമിച്ചു. എവടെ! ഒന്നു മുന്നോട്ടു വന്ന യെന്‍റെ കൌണ്ടര്‍പാര്‍ട്ട് അന്ത പന്തിനെ യെന്‍റെ സ്വന്തം തലക്കു മുകളിലൂടെ യെന്‍റെ സ്വന്തം കണ്ണുകളില്‍ ഇരുട്ടു കയറ്റിക്കൊണ്ട് പറപറപ്പിച്ചു. മുത്തപ്പാ...ഇങ്ങനെ ഒരു വിധി! സ്റ്റേഡിയം പൊട്ടിത്തെറിച്ചു. ഇത്തവണ ശരിക്കും. ദൈവമേ, എല്ലാരും ശോകമൂകരായി. ബാലനെ നോക്കാനെനിക്കു ശക്തിയുണ്ടായില്ല. ജയിക്കാന്‍ വെറും അഞ്ചു റണ്‍സ്. സപ്തനാഡികളും തളര്‍ന്നു നില്‍ക്കുന്ന ആലനെ ഞാന്‍ കണ്ടു. ദാസന്‍ വന്നു പറഞ്ഞു, "അളിയാ, എന്തെങ്കിലുമൊക്കെ ചെയ്യ്..."പക്ഷേ, എന്‍റെ കാറ്റ് പോയിരുന്നു. ഒരു AK 47 കിട്ടിയിരുന്നെങ്കിലെന്നു ഞാന്‍ വെറുതെ ആശിച്ചു. ഒരു വഴിപാടു പോലെ ഞാന്‍ അടുത്ത പന്തെറിഞ്ഞു കോടുത്തു. പറമ്പില്‍ കിളയ്ക്കാന്‍ വരാറുള്ള രജുച്ചേട്ടന്‍ തെങ്ങിനു തടമെടുക്കുമ്പൊ ഇടയ്ക്കു വല്ല ഇരുമ്പോ തുരുമ്പോ കിട്ടിയാല്‍ കൈക്കോട്ടു കൊണ്ട് അതെടുത്തു പുറത്തേയ്ക്കെറിയുന്ന ലാഘവത്തോടെ, ലവന്‍, അന്ത പടുപാപി, അന്ത പന്തിനേയും റ്റാറ്റ കൊടുത്തു പറഞ്ഞയച്ചു. പക്ഷേ അതെനിക്കു പുല്ലായിരുന്നു. അതു കിട്ടിയില്ലെങ്കിലേ എനിക്കു വിഷമമുണ്ടാകുമായിരുന്നുള്ളൂ. ഹല്ല പിന്നെ, വഴിയ്ക്കും വഴിയാലെ മൂന്നെണ്ണം വാങ്ങി നിക്കുന്നവനെയാണവന്‍ ഛക്ക കാണിച്ചു പ്യാടിപ്പിക്കുന്നത്. ഒന്നു പൊയേരെ ചെക്കാ എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു; വേറെന്തുട്ട് ചെയ്യാന്‍....!!!
എന്തായാലും ഞങ്ങള്‍ അന്ത കളിയും തോറ്റു. 34 റണ്‍സെടുത്ത ഞാന്‍ 34 റണ്‍സ് വിട്ടു കൊടുത്തു കൊണ്ട് കണക്കു ടാലിയാക്കി!

ലോട്ടറിയടിച്ച ടിക്കറ്റ് അറിയാതെ കീറിക്കളഞ്ഞ കുമാരേട്ടനെപ്പോലെ ന്തലയില്‍ കയ്യും കുത്തിയിരുന്ന എന്ന ആരൊക്കെയോ വന്നു സമാധാനിപ്പിച്ചു. ഇതെന്നോട് വേണ്ടിയിരുന്നില്ലെഡേ എന്ന മട്ടില്‍ ഞാന്‍ കിച്ചൂനെ ഒന്നു നോക്കി. ഒന്നില്ലെങ്കിലും ഞാനൊരു തരക്കേടില്ലാത്ത ബൌളറായിരുന്നില്ലെ, അന്നു വരെ. പണ്ട് ജഗതിയോട് ഉര്‍വ്വശി പറഞ്ഞ പോലെ "അടുത്ത കളിക്കെടുത്തോളാമെടാ എന്നു പറയാന്‍ ആ വര്‍ഷം പിന്നെ കളികളൊന്നും തന്നെ ഉണ്ടായിരുന്നില്ല". മൂഷികസ്ത്രീ പിന്നേം ലവളു തന്നെയായി....ഹാ....കാലം മായ്ച്ചു കളഞ്ഞ മുറിവുകളുടെ കൂട്ടത്തില്‍ ഇതും....


കടപ്പാടും രോഷവും: ഇടിവാളിനോട്.....

ഡങ്ക് സിനിമാറ്റിക് അപ്രോച്ച്

ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...