Sunday 8 April 2007

ഒരു നോര്‍ത്തേണ്‍ വീരഗാഥ

നീണ്ട 11 വര്‍ഷത്തെ കുരുത്തക്കേടുകള്‍ക്കു ശേഷം കഴിമ്പ്രം സ്കൂളിനോട്‌ യാത്ര പറയുന്ന അവസരത്തിലാണ്‌ ഒരു നാടകം കളിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്...

ഞങ്ങളൊക്കെ അന്നേ വലിയ ഭാവാഭിനയം നടത്തുന്ന ഭയങ്കരനടന്മാരായിരുന്നെങ്കിലും സീരിയസ് ആയിട്ടുള്ള കഥയൊന്നും വേണ്ട, കോമഡി മതിയെന്നും അതു ഈസിയായിരിക്കുമെന്നും എതോ വിവരം കെട്ടവന്‍ (എന്നു വെച്ചാല്‍ ഞങ്ങളിലെ ഏക കലാകാരന്‍) അഭിപ്രായപ്പെട്ടതിന്‍ പ്രകാരമാണ്‌ അത്തരം ഒരു കഥക്കു
വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതും, ഒരു നോര്‍ത്തേണ്‍ വീരഗാഥ എന്ന പേരില്‍ ഞങ്ങള്‍ ഒരു സാധനം ഞങ്ങളുടെ കയ്യില്‍ വന്നു പെട്ടതും....

സംഭവം നമ്മുടെ ഉണ്ണിയാര്‍ച്ചേടേം ആരോമലുണ്ണീടേം സ്റ്റോറി തന്നെയായിരുന്നു...
അതിനെ വെറുതെ അവിടെം ഇവിടേം നമ്മുടെ സ്വന്തം ഐറ്റംസ് കേറ്റി പറ്റാവുന്നതിന്‍റെ മാക്സിമം അലമ്പാക്കി അവതരിപ്പിക്കുക എന്നതായിരുന്നു ഉദ്യമം.
റിഹേഴ്സല്‍വേളകളിലൊക്കെത്തന്നെ ഞങ്ങളുടെ തമാശകള്‍ കണ്ടും കേട്ടും ഞങ്ങള്‍ തന്നെ കുടുകുടാ പൊട്ടിപ്പൊട്ടിച്ചിരിച്ചു. സ്റ്റേജില്‍ ഇതൊക്കെ അലക്കുമ്പോള്‍ കാണികള്‍ ചിരിച്ചു കുടലു മറിയുന്നത് ആലോചിച്ച് ഞങ്ങള്‍ പുളകം കൊണ്ടു. അതിനൊക്കെ പുറമെ, ഏറ്റവും ഇംപോര്‍ട്ടന്‍റ് ആയിട്ട്, വരും കാലങ്ങളീല്‍ വരാന്തയിലൂടെ നടക്കുമ്പോള്‍, "ദേടി പോണ്‌ നമ്മടെ ആരോമല്‍ച്ചേകവര്...ദേ പോണ്ടി നമ്മടെ
കണ്ണപ്പച്ചേകവര്" എന്നിങ്ങനെയുള്ള കേള്‍ക്കാനിടയുള്ള സുഖമുള്ള കമന്‍റുകളെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ കൃതാവുള്ളവരായി...... ഹൊ!എന്തു വന്നാലും ഇതൊരു സംഭവമാക്കിയിട്ടു തന്നെ കാര്യം. ഞങ്ങള്‍ ഡിസൈഡെഡ്‌ഡ്‌ഡ്‌ഡ്‌ഡ്....

അങ്ങനെ ഞങ്ങളുടെ നോര്‍ത്തേണ്‍ വീരഗാഥയുടെ പരിശീലനമൊക്കെ തകൃതിയായി മുന്നേറി.
നാലു പേരേ ആകെ കഥാപാത്രങ്ങളായിട്ടുണ്ടായിരുന്നുള്ളൂ. ചന്തുവായി തടിയന്‍ അനൂപും, കണ്ണപ്പനുണ്ണിയായി നിര്‍ജ്ജീവനും, ആരോമലുണ്ണിയായി ഞാനും, പിന്നെ ചന്തൂന്റെ "കീപ്പ്" ആയി സിജുവും..കഴിഞ്ഞു. ഈ നിര്‍ജ്ജീവനെന്നു പറയുമ്പൊ, ഞങ്ങളുടെ ഇടയിലെ ആദ്യ ഇംഗ്ളീഷുമീഡിയംകാരനായിരുന്നു. പത്തു കഴിഞ്ഞിട്ട് വന്നു ചേര്‍ന്നവന്‍.
സ്വാഭാവികമായും അവന്‍ ഞങ്ങളുടെ ഒരു സ്ഥിരം ഗോള്‍ പോസ്റ്റായി മാറി. പല പ്രാവശ്യം എനിക്കു തന്നെ വിഷമം തോന്നീട്ടുണ്ട് ഞാന്‍ അവനിട്ടു കൊട്ടുന്നതു കണ്ടിട്ട്.
അല്ലാ, അവനതു വേണം അല്ലെങ്കില്‍ ഞാന്‍ പ്രേമിക്കാന്‍ വെച്ച പാത്തുമ്മയെ അവനു കേറി പ്രെമിക്കണ്ട വല്ല കാര്യവുമുണ്ടോ! അവളാണേങ്കില്‍ അവനെ തിരിച്ചും പ്രേമിച്ചു കളഞ്ഞില്ലേ...ഹും!
ചറപറാ ഇംഗ്ളീഷു പറയാനും 1500 മീറ്റര്‍ പുല്ലു പോലെ ഓടി വന്ന് കപ്പടിക്കാനുമൊന്നും അവനെപ്പോലെ എനിക്കു കഴിഞ്ഞില്ലെങ്കിലെന്താ... ഞാനൊരു നല്ല ഹൃദയത്തിന്റെ ഉടമയായിരുന്നില്ലേ...? (ഇല്ലേ?..ഉവ്വെന്നേ..സത്യം)? സ്കൂള്‍ ലീഡറായിരുന്നില്ലേ? ഹൌസ് ക്യാപ്റ്റനായിരുന്നില്ലേ... ഇല്ലേ? ഇല്ലേ? പക്ഷേ എന്തു പറഞ്ഞിട്ടെന്താ.. ആ മാമ്പഴം അവന്‍ കൊത്തിയെടുത്തു. സത്യമായിട്ടും അന്നു മുതല്‍ അവനു പണി കൊടുക്കണമെന്നു കരുതി ഞാന്‍ നടന്നിട്ടേ ഇല്ല. (ഇല്ലെന്നേ..)

ഒടുവില്‍ വിധിദിനം വന്നു. ഓര്‍മ്മ വെച്ച കാലം മുതല്‍ ഞാന്‍ കാണുന്ന, തിളങ്ങുന്ന മഞ്ഞയില്‍ വെള്ളനിറത്തില്‍ "ഷീഫെയര്‍ ടൈലേഴ്സ്" എന്നെഴുതിയ കര്‍ട്ടനും, 'സ്വാഗതം' എന്നെഴുതിയ അതിന്റെ കടുംനീല ബോര്‍ഡറും ഒക്കെ ചുറ്റി സ്കൂളിന്‍റെ സ്റ്റേജ് ഒരുങ്ങി. അല്ലാത്ത സമയത്തൊക്കെ ജയശ്രീടീച്ചറുടെ സംസ്കൃതം ക്ളാസ്സ് അരങ്ങു തകര്‍ക്കുന്ന പ്രസ്തുത സ്റ്റേജിന്‍റെ നാലു വശവും കെട്ടിടങ്ങളാണ്. കഴിമ്പ്രം സ്കൂളെന്നു പറയുമ്പോ, അതു കുറച്ചു വലുതാണ്‌. വടക്ക് തവളക്കുളവും തെക്കും തെക്കുകിഴക്കും കവര്‍ ചെയ്യുന്ന പ്രസിദ്ധമായ മേപ്പറവും ഒക്കെക്കൂടി ഒരു നൊസ്റ്റ-ഫീലിങ് തരുന്നതായിരുന്നു സ്കൂളിന്‍റെ ഒരു ഭൂപടം.
മേല്‍പറഞ്ഞ തവളക്കുളത്തിന്‍റെയും മേപ്പറത്തിന്‍റെയും നെഞ്ചത്തു കൂടിയാണ്‌ പില്‍ക്കാലത്ത് ഞങ്ങളുടെ പ്ലസ്‌റ്റു കെട്ടിപ്പൊക്കിയത്. നടുവില്‍ ഒരു ചെറിയ ഗ്രൌണ്ടും. ജാലിയന്‍ വാലാബാഗിനെ ഓര്‍മ്മിപ്പിക്കുന്ന ഈ കെട്ടിടങ്ങള്‍ക്കിടയിലായിരുന്നു വര്‍ഷാവര്‍ഷം ഞങ്ങള്‍ യൂത്ത് ഫെസ്റ്റിവല്‍ കൊണ്ടാടിയിരുന്നത്. ആ കെട്ടിടങ്ങളിലും ഗ്രൌണ്ടിലുമൊക്കെയായിട്ടാണ്‌ കാണികളുടെ ഇരിപ്പ്. കഴിമ്പ്രത്തെ ഏകപ്പെട്ട ഗ്ളാമര്‍ ഷോ ആയതിനാല്‍ അസംഖ്യം നാട്ടുകാരും സ്ഥിരം കാണികളായി എത്തുമായിരുന്നു

അങ്ങനെ നാടകം തുടങ്ങി. കോമഡി ഡയലോഗുകള്‍ അരങ്ങു തകര്‍ക്കുകയാണ്.
ബുള്ളറ്റില്‍ വന്നിറങ്ങിയ നിര്‍ജ്ജീവന്‍ എന്ന കണ്ണപ്പനുണ്ണിയും ഞാന്‍ എന്ന ആരോമലുണ്ണിയും കൂടി, കുംഭന്‍ അവതരിപ്പിക്കുന്ന ചന്തുവിനെ വെല്ലുവിളിക്കുന്നതാണു രംഗം. സ്റ്റേജിന്റെ വലതുവശത്തെ പത്താംക്ളാസ്സ് ബ്ളോക്കിന്‍റെ ആസ്പാസ് കൂടിയിരിക്കുന്ന തരുണീമണികളുടെ പൊട്ടിച്ചിരിയും കളകളാരവവും ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യവും പ്രചോദനവും. സ്ക്രിപ്റ്റിലില്ലാത്ത പല ഡയലോഗുകളും അടിച്ചും, ഇടക്കു റ്റീചര്‍മാരെയും മാഷ്മാരെയും ഓരോ കൊട്ടു കൊട്ടിയും ഞങ്ങള്‍ അടിച്ചു കേറുകയായിരുന്നു. ഒടുവില്‍ ചന്തുവിനെ പുറത്തേക്കു വിളിക്കുന്ന രംഗമായി.

"ഇറങ്ങി വരിനെടാ ചന്തൂ"..എന്ന് കണ്ണപ്പനുണ്ണി.

കാണികളില്‍ ആകാംക്ഷ...

ഇല്ലാത്ത മീശ പിരിച്ചു കോണ്ട് ആരോമലുണ്ണി അതേറ്റു പിടിക്കുന്നു.

"ആണാണെങ്കില്‍ ഇറങ്ങി വാടാ ചതിയന്‍ ചന്തൂ.."

പക്ഷേ, ഇല്ല. ചന്തു വരുന്നില്ല. പെട്ടെന്ന് ഉള്ളിലെവിടെയോ ഒരു തണ്ടര്‍ബോള്‍ട്ടടിച്ച പോലെ തോന്നി...

ഒന്നൂടെ വിളിച്ചു... "എടാ ചന്തൂ...ഇറങ്ങി വാടാ.."

നിര്‍ജ്ജീവന്‍റെ ആ വിളിയില്‍ അറിയാതെ ഒരു അപേക്ഷാ സ്വരം വന്നോന്നൊരു സംശയം.
അല്ല. സത്യമാണ്. ചന്തു വരുന്നില്ല. ബാക്ക് സ്റ്റേജില്‍ നിന്നും അനക്കമൊന്നും കേള്‍ക്കുന്നുമില്ല.
ഒന്നൊ രണ്ടോ ഡയലോഗ് അടിച്ചു പിടിച്ചു നിക്കാന്‍ ഞങ്ങളു നോക്കിത്തുടങ്ങി.
എവിടെയോ ഒരു കൂവല്‍ കേട്ട പോലെ എനിക്കു തോന്നി.
വലതുവശത്ത് തരുണീമണികള്‍ ഇളിഭ്യച്ചിരി തുടങ്ങി. ഇനിയതു പരിഹാസച്ചിരിയാകും.
ഈശ്വരാ..എന്റെ ഇമേജ്..

ഞാന്‍ ഒന്നൂടെ വിളിച്ചു. സാക്ഷാല്‍ ആരോമല്‍ച്ചേകവരു പോലും ഇത്ര ദേഷ്യത്തോടെ ചന്തൂനെ വിളിച്ചിട്ടുണ്ടാവില്ല.

"എടാ നാറീ..ചതിയാ..ചന്തൂ..ഏറങ്ങി വാടാ..."

"ചതിയാ" എന്ന ആ ലാസ്റ്റ് വിളിയില്‍ വല്ലാത്തൊരു ആത്മാര്‍ഥത ഉണ്ടായിരുന്നൂന്ന് പിന്നീടാരോ പറഞ്ഞു.
ഇല്ല. വീണ്ടും ചന്തു വരുന്നില്ല. ഞങ്ങള്‍ക്കു ബോധ്യപ്പെട്ടു. അനൂപിന്‌ എന്തോ പറ്റീട്ടുണ്ട്. അല്ലാതെ അവനീ മരണവിളി മുഴുവന്‍ കേട്ട് മിണ്ടാതെ നിക്കുമോ.

പെട്ടെന്നൊരു നിമിഷം എന്റെ കുടിലബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

"കണ്ണപ്പനുണ്ണീ..നീയിവിടെ നിക്ക്. ഞാന്‍ പോയി അവനെ പിടിച്ചിറക്കിക്കൊണ്ടു വരാം" എന്നൊരു ഡയലോഗ് ഞാന്‍ പൊട്ടിച്ചു.

അതു വരെ കോമഡികളടിച്ചു കൊണ്ടു കൂടെ നിന്ന, നിര്‍ജ്ജീവന്‍റെ പൊതുവെ കറുത്ത മുഖം സ്വിച്ചിട്ട പോലെ വെളുത്തു വന്നതു ഞാന്‍ കണ്ടു.

"ചതിക്കല്ലേ അളിയാ..." എന്ന ഭാവത്തില്‍ എന്നെ നോക്കിയ അവനെ "യൂ ആര്‍ റ്റെര്‍മിനേറ്റെഡ്" എന്ന ഭാവത്തില്‍ ലേശം നിസ്സഹായത പുരട്ടി ഒന്നു തിരിച്ചു നോക്കി ഞാന്‍ കഴിവതും വേഗത്തില്‍ ബാക്ക് സ്റ്റേജിലേക്കു പാഞ്ഞു പോയി.

കാണികള്‍ക്കു സംഭവം പിടികിട്ടിയിരുന്നു. അവരുടെ മുന്നില്‍ നിര്‍ജ്ജീവന്‍ പൂച്ചയുടെ മുന്നില്‍കിട്ടിയ എലിയെപ്പോലെയായി. അവരവനെ വാരാന്‍ തുടങ്ങി.
"ഞാനും വരുന്നു ആരോമലേ..." എന്നൊരു ഡയലോഗടിച്ച് അകത്തേക്കു വരാന്‍
അവനെന്തേ തോന്നാഞ്ഞേ എന്നെനിക്ക് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.

അകത്തു ചെന്ന ഞാന്‍ കണ്ടതു വല്ലാത്തൊരു കാഴ്ചയായിരുന്നു. അകത്തൊരു ഡസ്കില്‍ ചാരി നിക്കുന്ന ഞങ്ങടെ ചന്തു. തരിച്ചു കയറിയ ഞാന്‍ അവന്‍റെ വീട്ടിലുള്ളവര്‍ക്കു സുഖമാണോ എന്നു ചോദിക്കും മുന്‍പേ "അളിയാ...നീയിതു കാണുന്നില്ലേ" എന്നവന്‍ ചോദിച്ചു. സ്റ്റേജിലേക്കു വരാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന കുംഭനും എന്നാല്‍ അന്ത ഡസ്കിന്‍മേല്‍ മള്‍ട്ടിഡയമെന്‍ഷണല്‍ കുരുക്കില്‍പ്പെട്ട് "കമാന്‍റ് ഫെയില്‍ഡ്" എന്നു പറഞ്ഞു നില്‍ക്കുന്ന അവന്റെ ഉടുമുണ്ടും..സംഗതി ആരും അറിഞ്ഞിരുന്നില്ല. കുംഭനൊഴിച്ച്.

അന്ത കുടുക്കഴിച്ചെടുക്കാന്‍ നല്ല പോലെ കഷ്ടപ്പെടേണ്ടി വന്നു. ഇതിത്ര മനോഹരമായി കുടുക്കിയ ചന്തുവിന്‍റെ കഴിവില്‍ എനിക്ക് അത്യന്തം ആദരവു തോന്നി. അഴിക്കലും കാര്യങ്ങളും കഴിഞ്ഞപ്പോഴാണ്‌ സ്റ്റേജില്‍ വാര്‍ഷികപണി വാങ്ങിക്കൊണ്ടിരിക്കുന്ന കണ്ണപ്പനുണ്ണിയെപ്പറ്റി ഓര്‍മ്മ വന്നത്. ഉടന്‍ തന്നെ ഞാന്‍ സ്റ്റേജിലേക്ക് ഓടിക്കയറി വന്നിട്ടു പറഞ്ഞു..

"കണ്ണപ്പനുണ്ണീ..അവന്‍ വരുന്നുണ്ട്..തയ്യാറായിക്കോ.."

അപ്പൊ അവന്‍റെ മുഖഭാവം എന്തായിരുന്നെന്നു പല തവണ റീവൈന്‍റ് ചെയ്തു നോക്കീട്ടും എനിക്കു ഇതു വരെ മനസ്സിലാക്കാന്‍ പറ്റീട്ടില്ല.. സ്റ്റേജായതു കൊണ്ടായിരിക്കണം എനിക്ക് പ്രത്യേകിച്ച് അംഗവൈകല്യങ്ങളൊന്നും സംഭവിച്ചില്ല. ഏതായാലും ചന്തു വന്നതോടെ കാണികളും ഉഷാറായി. പിന്നീട് കൂടുതല്‍ ഉടക്കുകളൊന്നും വരാതെ എല്ലാം നന്നായി അവസാനിച്ചു. നാടകം കഴിഞ്ഞ് നിര്‍ജ്ജീവന്‍റെ കണ്ണില്‍പെടാതെ മതിലു ചാടി ഓടാന്‍ ഞാന്‍ മാത്രം ശ്ശി ബുദ്ധിമുട്ടീന്നു മാത്രം...

5 comments:

അനിയന്‍കുട്ടി | aniyankutti said...

എന്നാല്‍ അന്ത ഡസ്കിന്‍മേല്‍ മള്‍ട്ടിഡയമെന്‍ഷണല്‍ കുരുക്കില്‍പ്പെട്ട് "കമാന്റ് ഫെയില്‍ഡ്" എന്നു പറഞ്ഞു നില്‍ക്കുന്ന അവന്റെ ഉടുമുണ്ടും...
പുതിയ പോസ്റ്റ്‌... എല്ലാ ബൂലോഗവാസികള്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍....

മുസ്തഫ|musthapha said...

"കണ്ണപ്പനുണ്ണീ..നീയിവിടെ നിക്ക്. ഞാന്‍ പോയി ഒരു തേങ്ങ അടിച്ചിട്ട് വരാം"

ഒതിരം, മറുകടകം, ആഞ്ഞു വെട്ടി... വലത് കാല്‍ കയറ്റിചവിട്ടി... ഇടത് കാലില്‍ വലിഞ്ഞമര്‍ന്ന്... വലത് കയ്യുയര്‍ത്തി... ഠ്...ഠ്...ഠേ...

ദാണ്ടെ കിടക്കണു :)

നല്ല പോസ്റ്റ്... രസിച്ചു...

വിഷു ആശംസകള്‍

സ്നേഹത്തോടെ

- അഗ്രജന്‍ -

അനിയന്‍കുട്ടി | aniyankutti said...

"ഒതിരം, മറുകടകം, ആഞ്ഞു വെട്ടി... വലത് കാല്‍ കയറ്റിചവിട്ടി... ഇടത് കാലില്‍ വലിഞ്ഞമര്‍ന്ന്... വലത് കയ്യുയര്‍ത്തി... ഠ്...ഠ്...ഠേ..."

എന്തോ ഒരു വൈക്ളഭ്യം തോന്നണില്ലേ....
ഇനി എനിക്കു തോന്നിയതാണോ...!!
അങ്ങനെ ചെയ്തിട്ടു കത്രികപ്പൂട്ടിലാക്കാനാണോ...ഏ...ഹിഹി!

Anoop said...

superb!

Anonymous said...

searching for same blog engine

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...