പത്തില്‍ കളിക്കുന്ന സമയത്താണ് അയല്‍പക്കത്തു താമസിക്കുന്ന ചേട്ടന്‍റെ റിക്വസ്റ്റ് സ്വീകരിച്ച് ഞാന്‍ 3 പേര്‍ മാത്രമുള്ള ഒരു നാടകത്തിനു ഡേറ്റ് കൊടുത്തത്. അദ്ദേഹം തന്നെയായിരുന്നു നാടകത്തിന്‍റെ അഭിനവസംവിധായകനും.
കഥ വന്ത്, നാരദന്‍റെ ബോധവല്‍കരണക്ളാസ് കേട്ട് ഫാമിലിയുമായി ഉടക്കിപ്പിരിഞ്ഞ് കാട്ടാളനായ വാല്‍മീകി രാമായണമെഴുതാന്‍ പോണതായിരുന്നു.. എന്‍റെ റോള്‍ നാരദന്റെയും. (വേണ്ടാ..എന്നെ നോക്കി ചിരിക്കണ്ടാ!)... റിഹേഴ്സലൊക്കെ തകൃതിയായി മുന്നേറി. 20 മിനുറ്റായിരുന്നു നാടകതിനനുവദിച്ചിട്ടുള്ള സമയം. അത്രേം നേരം സ്റ്റേജില്‍ നിന്നാല്‍ ശരിയാവില്ലെന്ന് എനിക്കു തോന്നിയതിനാലും (എനിക്കീ മുട്ടു കൂട്ടിയിടിക്കുന്ന അസുഖമുണ്ടായിരുന്നേ..) നിര്‍ത്തിയാല്‍ ശരിയാവില്ലെന്നു അങ്ങേര്‍ക്കു തോന്നിയതിനാലും റിഹേഴ്സല്‍ കഴിഞ്ഞപ്പോളെക്കും 25 മിനുറ്റുണ്ടായിരുന്ന നാടകത്തിന്റെ ദൈര്‍ഘ്യം 15 മിനുറ്റോളമായി മാറി...
എത്യോപ്യയിലെ പിള്ളേരു കണ്ടാല്‍ കയ്യില്‍ വല്ലതുമുണ്ടെങ്കില്‍ എനിക്കു വച്ചു നീട്ടുന്ന അവസ്ഥയിലായിരുന്നു എന്റെ അന്നത്തെ സ്റ്റീല്‍ബോഡി എങ്കിലും അടിയിലൊരു മുണ്ടും ക്രോസ്സ്ബെല്‍റ്റ് പോലൊരു തുണിയും ചുറ്റി സ്റ്റേജില്‍ വരാന്‍ എന്നിലെ അഭിനേതാവു അന്നു തയ്യാറായി. കഴിമ്പ്രംസ്കൂളിലെ ജാലിയന്‍വാലാബാഗില്‍ തന്നെയായിരുന്നു ഈ നാടകവും.
കാട്ടാളന്‍-റ്റേണ്ട്-വാല്‍മീകിയായി വരുന്ന ഷൈജിത്തിന് നാടകത്തെ പറ്റി വളരെ വലിയ പ്രതീക്ഷകളായിരുന്നു. റിഹേഴ്സലിനൊക്കെ വളരെ ആത്മാര്‍ഥമായി ചങ്കു പൊട്ടി ഡയലോഗുകള്‍ പറഞ്ഞു കൊണ്ടുള്ള അവന്‍റെ അഭിനയം മികച്ച നടനുള്ള ആ കൊല്ലത്തെ പ്ളാസ്റ്റിക്ക് ഡബ്ബ അവനായിരിക്കുമെന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കാന്‍ തുടങ്ങിയിരുന്നു.
ഒടുവില്‍ നാടകം തുടങ്ങി. കയ്യിലൊരു വീണയും (ശീമക്കൊന്നയുടെ അസ്സലൊരു പീസ് വച്ചുള്ള അഡ്ജസ്റ്റ്മെന്‍റ്) തത്ത പറയുന്ന പോലെ "നാരായണ നാരായണ" പറഞ്ഞും ഞാന്‍ സ്റ്റേജിലേക്കു കേറി വന്നു. വലതു വശത്തെ പത്താംക്ളാസ്സ്-റ്റീച്ചേഴ്സ് റൂം ബ്ളോക്കിന്റെ ആസ്പാസ് കൂടിയ തരുണീമണികള്‍ ഇളകിച്ചിരി തുടങ്ങി. ഒരു മേല്‍മുണ്ടെങ്കിലും ഇട്ടു ഞാന്‍ വരുമെന്നു പ്രതീക്ഷിച്ച എന്‍റെ സഹപാഠികൂട്ടം എന്‍റെ സൊമാലിയന്‍ ബോഡി-കം-ബോഡി ലാന്‍ഗ്വേജു കണ്ട് കുറുക്കന്‍കൂട്ടമായി. ഒരു വിധം ആദ്യഡയലോഗുകള്‍ ഞാന്‍ പിടിച്ചു നിന്നു. നോക്കുമ്പോ കാട്ടാളന്‍ തകര്‍പ്പന്‍ ഡയലോഗടി... എനിക്കാ സ്പീഡ് കിട്ടുന്നുമില്ല. പണ്ടാരം. പൊല്ലാപ്പായല്ലോ. നമുക്കിത് എങ്ങനേലും തീര്‍ന്നാ മതീന്നായി. സ്റ്റേജിന്‍റെ സൈഡില്‍ സംവിധായകന്‍റെ കഥകളി നടക്കുന്നു. കോപ്പന്‍! ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്‍റെ ശ്രദ്ധ മുഴുവനും കൂവുന്നവരിലും വലതു വശത്തെ തരുണീമണികളുടെ ഇളിഭ്യച്ചിരിയിലേക്കുമായിരുന്നു... പണ്ടാരങ്ങള്‍..ഇവര്‍ക്കെന്താ ഇതൊന്നും ഇല്ലേ എന്നെനിക്കു തോന്നാതിരുന്നില്ല. ഇടക്കൊക്കെ ഷൈജിത്തിന്‍റെ വെടി പൊട്ടുന്ന പോലത്തെ ഡയലോഗിനു "വല്‍സാ" "ആ" "ഹും" എന്നും പിന്നെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ "നാരായണ നാരായണ" കേറ്റിയും ഞാന്‍ കുറച്ചു നേരമൊക്കെ പിടിച്ചു നിന്നു.
ചുറ്റുമുള്ള ഈ ഡിസ്റ്റര്‍ബന്സ് കാരണം ഇടക്ക് നാടകത്തില്‍ നിന്നുള്ള എന്‍റെ ശ്രദ്ധ കംപ്ളീറ്റായി മിസ്സായി. ഷൈജിത്തിന്‍റെ ഉഗ്രനൊരു അട്ടഹാസം കേട്ടാണ് എന്‍റെ ബോധം തിരിച്ചു വന്നത്. "പറയൂ നാരദാ പറയൂ.."
ഞാന്‍ ചുറ്റും നോക്കി..ആരു പറയാന്‍ എന്തു പറയാന്‍.. കയ്യിലുള്ള വീണ കൊണ്ടെന്‍റെ വാരിയെല്ലുകളെ ഞാന്‍ പരമാവധി മറച്ചു പിടിക്കാന്‍ ശ്രമിക്കുമ്പോഴാണ് അവന്‍റെ ഒരു നാരദന്‍! അതിനുള്ള എന്‍റെ മറുപടിക്കു ശേഷം വാല്‍മീകിയുടെ രണ്ടു പേജു നീളുന്ന പ്രകടനമാണു വരേണ്ടിയിരുന്നത്. അതു മുഴുവനും അരച്ചു കലക്കി പണ്ടാരമടങ്ങിയിരുന്ന ഷൈജിത്തിന്‍റെ മുഖത്ത് വല്ലാത്തൊരു പ്രകാശം ഞാന്‍ കാണുന്നുണ്ടായിരുന്നു. ഭാഗ്യവാന്‍ എനിക്കസൂയ തോന്നി. പക്ഷേ, എന്തു ചെയ്യും ഞാന്‍ ! അടുത്ത ഡയലോഗ് പോയിട്ട് എന്‍റെ റോളെന്താണെന്നു പോലും ഒരു ഐഡിയ ഇല്ലാതെയാണ് ഞാനവിടെ നില്ക്കുന്നതെന്നു പാവം അവനറിഞ്ഞിരുന്നോ ആവോ. കാണികളേക്കാള്‍ ഷൈജിത്തിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഒന്നു രണ്ട് നിമിഷങ്ങള്‍ക്കു ശേഷം സ്ഥലകാലബോധം തിരിച്ചു കിട്ടിയ എനിക്ക് സംഭവത്തിന്റെ സീരിയസ്നെസ്സ് മനസ്സിലായി.
പെട്ടെന്നെനിക്കൊരു ഡയലോഗ് ഓര്‍മ്മ വന്നു. ഭാഗ്യം അതിതു വരെ പറഞ്ഞിട്ടുമില്ല. ഞാന്‍ പിന്നെ താമസിച്ചില്ല. കൊടുത്തു തിരി... മുട്ടു കൂട്ടിയിടിയുടെയും തുടരെയുള്ള വെള്ളികളുടെയും വന്‍ സാധ്യത കണ്ടറിഞ്ഞ ഞാന്‍ പെട്ടെന്ന് മലക്കം മറിച്ചില്‍ നടത്തിയത് അവസാനത്തെ പാരഗ്രാഫിലേക്കായിരുന്നെന്ന് തുടങ്ങി ഒരു ലെവലെത്തിക്കഴിഞ്ഞപ്പോഴാണെനിയ്ക്കു ബോധം വന്നത്. കൈ രണ്ടും ആകാശത്തേക്കു പൊക്കിപ്പിടിച്ച് കാണികള്‍ക്കഭിമുഖമായി നിന്ന്, കാണാപാഠം പഠിച്ച ലാസ്റ്റ് ഡയലോഗ് ഒരു ഉളുപ്പുമില്ലാതെ തട്ടിവിടുന്ന എന്നെ, ഷൈജിത്ത് വാല്‍മീകിയും മകനും, രോഷവും വൈക്ളഭ്യവും സമാസമം ചേര്‍ത്ത ഒരു വികാരത്തോടെ നോക്കി നിന്നു. പതിവില്ലാതെ ഭയങ്കര കയ്യടി വരുന്നുണ്ടായിരുന്നതു കൊണ്ട് ഞാന്‍ പിന്നെ നിര്‍ത്താനും പോയില്ല. ഏതായാലും 15 മിനിറ്റിന്റെ കാര്യം വെറും അഞ്ചു മിനിറ്റില്‍ അവസാനിപ്പിച്ച് ഞാന്‍ രംഗം വിട്ടു.. എല്ലാം കഴിഞ്ഞ് സ്റ്റേജിന്‍റെ പിന്നില്‍ വെച്ച് "ഈ നാലു ഡയലോഗ് പറയണ കേക്കാന്ണ്ടാ നീയെന്നെ വിളിച്ചു വര്ത്യേത്" എന്നവന്‍റെ എതോ ഒരു ബന്ധു (അച്ഛനൊന്നുമല്ല സത്യം) ചോദിച്ചപ്പൊ അവനെന്നെ ഒരു നോട്ടം നോക്കീര്ന്നു.... എന്‍റീശ്വരാ..... ഞാന്‍ വീണേം കയ്യിലോതുക്കി മാക്സിമം സ്പീഡില്‍ തിരിഞ്ഞു നടന്നു പോയി. (അവടെ ഇട്ടാല്‍ അവനെന്നെ അതെടുത്തു അലക്കിയാലോ എന്നെനിക്കു ഭയമൊന്നും ഉണ്ടായിട്ടല്ല.. എന്നാലും നമ്മളു വെറുതെ റിസ്കെടുക്കണ്ടാല്ലോ...)
Subscribe to:
Post Comments (Atom)
ഡങ്ക് സിനിമാറ്റിക് അപ്രോച്ച്
ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...
-
"വൈദ്യരേ..ദേ വേറെ ഒരുത്തനെക്കൂടെ കൊണ്ട്വരണൊണ്ടെന്ന് തോന്നണ് ", കൈ നെറ്റിയോട് ചേര്‍ത്ത് പിടിച്ച് ഷമ്മു പറഞ്ഞു. ചെമ്പന്‍ വൈദ്യര്...
-
രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്റെ മുഖഭാവത്തോടെയാണ് അന്ന് വൈകീട്ട് ബാലന് ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യ...
-
"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..." ദാസേട്ടന് ഉറക്കെപ്പറഞ്ഞു. "ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ...
5 comments:
എത്യോപ്യയിലെ പിള്ളേരു കണ്ടാല്‍ കയ്യില്‍ വല്ലതുമുണ്ടെങ്കില്‍ എനിക്കു വച്ചു നീട്ടുന്ന അവസ്ഥയിലായിരുന്നു എന്റെ അന്നത്തെ സ്റ്റീല്‍ബോഡി എങ്കിലും അടിയിലൊരു മുണ്ടും ക്രോസ്സ്ബെല്‍റ്റ് പോലൊരു തുണിയും ചുറ്റി സ്റ്റേജില്‍ വരാന്‍ എന്നിലെ അഭിനേതാവു അന്നു തയ്യാറായി..
എല്ലാര്‍ക്കും തൃശ്ശൂര്‍പൂരാശംസകള്‍...
അനിയന്‍കുട്ടി അസ്സലായിട്ടുണ്ട് അനുഭവം.ഒരു നിമിഷത്തേക്കെങ്കിലും പൊയ്പ്പോയ ആ വസന്തകാലത്തേക്ക് കൊണ്ടുപോകാനിതുപകരിച്ചു.ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള അനുഭവങ്ങള്‍!
അഭിനന്ദനങ്ങള്‍!
deay........ ithrayum nalla oru abhinaya background undayittum nee enthu kondu nammude collegil oru naadakam avatharippichilla!!???
ബെസ്റ്റ്... സ്കൂളിലെ കളി കോളേജില്‍ എടുത്തിരുന്നെങ്കില്‍ ഞാനിവിടെ ഇതെഴുതാന്‍ ബാക്കി കാണുമായിരുന്നോ ഗെഡീ....
aniyan kutty adippoli
Post a Comment