പോലീസ്മാമന്‍ അന്തസ്സുള്ള ഒരു ബീഡി വലിക്കാരനായിരുന്നു.
ആത്മാര്‍ത്ഥതയോടെയുള്ള മൂപ്പരുടെ ബീഡിവലി ഞാന്‍ ഒരു പാട് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ചെറുപ്പത്തില്.
മഞ്ഞക്കാജയുടെ മൂടൊന്നു പൊട്ടിച്ച്, അതിലൊരെണ്ണം മജീഷ്യന്‍ സാമ്രാട്ടിനെപ്പോലെ കയ്യിലെടുത്ത്, കയ്യിലെ തീപ്പെട്ടിയില്‍
നിന്നൊരു കൊള്ളി സ്റ്റൈലില്‍ പുറത്തെടുത്ത്, ബീഡി നല്ല ഉശിരന്‍ കട്ടിമീശയുടെ കീഴെയുള്ള ചുണ്ടുകള്‍ക്കിടയില്‍ വെച്ച്, രണ്ടു കൈ കൊണ്ടും തീയ്ക്കു മറ പിടിച്ചുള്ള ബീഡിവലിയുടെ ആ ട്രഡിഷണല്‍ സ്റ്റാര്‍ട്ട് ഒരു സെക്കന്‍റു പോലും മിസ്സ് ചെയ്യാതെ വാ പൊളിച്ച് ഞാന്‍ നോക്കി നിക്കുമായിരുന്നു.
കത്തിപ്പിടിച്ചു കഴിഞ്ഞാല്‍പ്പിന്നെ കൊള്ളിയെ കൈ കൊണ്ടൊരാട്ടാട്ടി മണ്ണിലേക്കൊരേറും...ഹൊ! അത്തരം വാ പൊളിച്ചു നില്‍ക്കലുകള്‍ക്കിടക്കെവിടെയോ ആണ്
എനിക്കും ബീഡി വലിക്കണമെന്ന് പൂതി വന്നു തുടങ്ങിയത്. കൊള്ളിത്തരത്തിനു മറുചിന്തയില്ലല്ലോ. എങ്ങനെയെങ്കിലും ബീഡി വലിച്ചേ പറ്റൂ...
എന്തു ചെയ്യും! ടെന്‍ഷന്‍...! ഹൊ! ബീഡിവലിയുടെ ഗുണങ്ങള്‍ മനസ്സില്‍ നോണ്-സ്റ്റോപ്പ് ട്രെയിലറുകളായി ഓടുന്നു....!
ബീഡി കിട്ടിയാ മാത്രം പോരല്ലോ. അതെവിടെയിരുന്നു വലിക്കും, കൂട്ടത്തിലെ ഏറ്റവും പ്രോബ്ളമാറ്റിക്കായ മിഷന്‍ അതാണല്ലോ.
അമ്മയുടെ പിച്ച് മട്റും തല്ലിനെയും അച്ഛന്‍റെ ചൂലുംകെട്ടു കൊണ്ടുള്ള ഔട്ട്-ഓഫ്-കണ്ട്രോള്‍ ചാമ്പുകളെയും അന്ധമായി പേടിച്ചിരുന്ന കാലം.
പക്ഷേ, ബീഡി വലിച്ചേ പറ്റൂ. ആരാണൊരു തുണ!
രക്ഷകന്‍റെ വേഷത്തിലാണ് കിഴക്കേലേ ശാന്തേച്ചീടെ മോന്‍ രാമഡു(അതു ചുള്ളന് പരമ്പരാഗതമായി കിട്ടിയ പേരാണ്) അവതരിച്ചത്. കക്ഷി നമ്മടെ കളിക്കൂട്ടുകാരനായിരുന്നു. പഠനപദ്ധതികളില്‍ വിശ്വാസം പോരാഞ്ഞിരുന്നതു കൊണ്ടും കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ വേണ്ടി ഒന്നില്‍ കൂടുതല്‍ വര്‍ഷം ഒട്ടു മിക്ക ക്ളാസ്സുകളിലും ചെലവഴിച്ചിരുന്നതു കൊണ്ടും കാഴ്ചക്കു ചെറുതാണെങ്കിലും ലവന്റെ പ്രായം എന്നേക്കാളും കുറച്ചു കൂടുതലായിരുന്നു. പക്ഷേ തല്ലുകൊള്ളിത്തരങ്ങള്‍ക്കു പ്രായഭേദമില്ലെന്നാണല്ലോ മഹദ്വചനം. എന്തായാലും സംഗതി രാമഡു ഏറ്റു.
പോലീസ്മാമന്‍റെ മഞ്ഞക്കാജ സെറ്റില്‍ നിന്നും ഒന്നു രണ്ട് മെംബേഴ്സിനെ ഞാന്‍ അടിച്ചു മാറ്റി. എവിടുന്നോ രാമഡുവും മൂന്നാലെണ്ണം കൊണ്ടു വന്നു.
തെക്കേലെ സിങ്ച്ചേട്ടന്‍റെ പറമ്പിലെ കുളക്കരയിലുള്ള കശുമാവിന്‍റെ ഉച്ചി...അതായിരുന്നു രാമഡു കണ്ടെത്തിയ സങ്കേതം. കൊള്ളാം..എനിക്കിഷ്ടായി.
അങ്ങനെ ഒരു ഞായറാഴ്ചദിവസം കഴിമ്പ്രം ഉച്ചയൂണു കഴിഞ്ഞു മയങ്ങുന്ന ആ ധന്യവേളയില്‍ ഞാനും രാമഡുവും പ്രസ്തുതകശുമാവിന്‍റെ ഉച്ചിയേക്കു വലിഞ്ഞു കേറി. പ്രതീക്ഷിച്ചതിലും കൂടുതല്‍ പുളിയുറുമ്പുകള്‍ അന്നാ മരത്തിലുണ്ടായിരുന്നെങ്കിലും അന്നത്തെ അവയുടെ കടികള്‍ കൊണ്ട് എനിക്കോ രാമഡുവിനോ തീരെ വേദന തോന്നിയില്ല...
അങ്ങനെ ടോപ്പിലെത്തിയ ഞങ്ങള്‍ പദ്ധതി തുടങ്ങി. ഒറിജിനലിലേക്കു കടക്കും മുന്‌പ് ഒരു ഡ്രസ്സ് റിഹേഴ്സലിനായി അയ്നിത്തിരി കടലാസ്സില്‍ ചുരുട്ടി വലിച്ചു ഞാന്‍ പ്രാക്ടീസ് ചെയ്തിരുന്നു. അതു കൊണ്ടു തന്നെ പുക വായില്‍ കയറുമ്പോളുണ്ടാകുന്ന അവസ്ഥയുടെ ഒരു ഏകദേശധാരണ എനിക്കുണ്ടായിരുന്നു. പക്ഷേ സ്വതവേ വിഡ്ഢിയായ ഞാന്‍ പുക ഉള്ളിലേക്കെടുത്തിരുന്നില്ല. അതു രാമഡു കണ്ടു. "ഡാ, കന്നാലീ, പൊഗ ഉള്ളീല്‍ക്കിട്ത്ത് വിട്റാ." എന്നു സ്നേഹത്തോടെ അപ്പൊത്തന്നെ എന്നെ ശാസിക്കുകയും ചെയ്തു. വിദഗ്ദ്ധോപദേശം ശിരസ്സാ വഹിച്ച ഞാന്‍ അടുത്ത ഒന്നു രണ്ട് പുകകള്‍ അണ്ണാക്കിന്‍റെ അന്തരാളങ്ങളിലേക്കു വലിച്ചെടുത്തു.......
"ഖോ ഖോ ഖോ....ഖ്രോ ഖ്രോ ഖ്രോ...ബുഹുബുഹുഖ്രാ.." തുടങ്ങിയ സ്വരങ്ങളുടെ ഒരു വിസ്താരമായിരുന്നു അവിടെ പിന്നെ ഉയര്‍ന്നു കേട്ടത്. "ഡാ...മിണ്ടാണ്ടിരിക്കഡാ...ആരെങ്കിലും വരൂഡാ.." എന്നൊക്കെ ആരോ പറയുന്ന പോലെ എനിക്കു തോന്നി. പക്ഷേ, കറങ്ങിക്കൊണ്ടിരിക്കുന്ന കശുമാവിനെ രണ്ടു കൈ കൊണ്ടും കഷ്ടപ്പെട്ട് പിടിച്ചു നിര്‍ത്താന്‍ നോക്കുന്ന എനിക്ക് അതാരാണെന്നു നോക്കാന്‍ സമയമില്ലല്ലോ. ഇടയ്ക്ക് തലയൊന്നുയര്‍ത്താന്‍ ഞാന്‍ നോക്കി. അപ്പോഴാണ് കശുമാവ് മാത്രല്ല, അടുത്തുള്ള മോട്ടോര്‍പ്പുരയും മയില്‍പ്പീരിയന്‍ മാവും ദൂരെയുള്ള തൊഴുത്തും ഉള്‍പ്പെടെ സിങ്ച്ചേട്ടന്‍റെ പറമ്പ് മൊത്തം കറങ്ങുന്നതായി എനിക്കു ബോദ്ധ്യപ്പെട്ടത്. രാമഡുവിന്റെ കരങ്ങളെന്നെ താങ്ങിയില്ലായിരുന്നെങ്കില്‍ ചുള്ളന്റെ ആജ്ഞ വഹിച്ച എന്‍റെ അന്ത ചള്ളു ശിരസ്സ് നിലത്തു കുത്തി വീണ് ഞാന്‍ കര്‍ത്താവായ യേശുക്രിസ്തുവിങ്കലേക്കു പോകുന്നതു കാണാനുള്ള അസുലഭാവസരം രാമഡുവിനു കൈ വന്നേനെ. വാട്ട് എ മിസ്സ്! കുറച്ചു നേരം പുളിയുറുമ്പിന്‍റെ കടി കൊണ്ടപ്പൊ സിങ്ച്ചേട്ടന്‍റെ പറമ്പ് റൊട്ടേഷന്‍ സ്റ്റോപ്പ് ചെയ്തു. സംഭവം, പ്രത്യേകിച്ച് തല കറങ്ങിയ കാര്യം ആരോടും പറയണ്ട എന്ന് രാമഡുവിനെ ചട്ടം കെട്ടി ആത്മനിര്‍വൃതിയോടെ ഞാന്‍ മരമിറങ്ങി. പുളിയുറുമ്പുകള്‍ എനിക്കു വഴി മാറിത്തന്നു.. അറബിക്കടലില്‍ നിന്നും ഒഴുകിയെത്തിയ ഇളംകാറ്റ് എനിക്ക് വെഞ്ചാമരം വീശി...ഞാന്‍ കൃതാവുള്ളവനായി...
വാല്‍ : അസമയത്ത് കശുമാവിന്‍റെ മുകളില്‍ നിന്നുള്ള പുകയും ഡ്രം ബീറ്റ്സുമെല്ലാം കേട്ട് സിങ്ച്ചേട്ടന്‍റെ മോള്‍ വന്നു നോക്കീര്‍ന്നൂന്നോ അവളു കണ്ടതെല്ലാം എന്‍റെ സ്വന്തം അമ്മയായ റാണിറ്റീച്ചറോടു പോയി പറഞ്ഞു കൊടുത്തൂന്നോ ഒക്കെ പാണന്‍മാര്‍ ഇപ്പോഴും കഴിമ്പ്രത്ത് പാടി നടക്കുന്നു... എന്തായാലും കിഴക്കേ വീട്ടിലും പടിഞ്ഞാറേ വീട്ടിലും അന്നു നല്ല അങ്കച്ചാര്‍ത്തായിരുന്നു.
Subscribe to:
Post Comments (Atom)
ഡങ്ക് സിനിമാറ്റിക് അപ്രോച്ച്
ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...
-
"വൈദ്യരേ..ദേ വേറെ ഒരുത്തനെക്കൂടെ കൊണ്ട്വരണൊണ്ടെന്ന് തോന്നണ് ", കൈ നെറ്റിയോട് ചേര്‍ത്ത് പിടിച്ച് ഷമ്മു പറഞ്ഞു. ചെമ്പന്‍ വൈദ്യര്...
-
രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്റെ മുഖഭാവത്തോടെയാണ് അന്ന് വൈകീട്ട് ബാലന് ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യ...
-
"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..." ദാസേട്ടന് ഉറക്കെപ്പറഞ്ഞു. "ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ...
4 comments:
കുളക്കരയിലെ കശുമാവിന്റെ ഉച്ചിയിലിരുന്നുള്ള എന്റെ ബീഡിവലിയുടെ ഹരിശ്രീ...
വിശാലന്റെ "ബീഡിവലി" എന്നെ ഓര്‍മ്മിപ്പിച്ച ഒരു സംഭവം.
aliya nice one..
Ha ha nee pande oru kuruthamkolliyanalle......... chottayile seelam chudala vare
ഏയ്...ഇല്ല മോനെ ടിയൂ... ഇടക്കൊക്കെ അച്ഛന്റെ, നേരത്തെ പറഞ്ഞ ഔട്ട്-ഓഫ്-കണ്ട്രോള്‍ ചാമ്പുകള്‍ ഇടക്കൊക്കെ കിട്ടിയിരുന്നതു കൊണ്ടും പൊതുവെ ശല്യക്കാരനല്ലായിരുന്നതു കൊണ്ടും ഒരു "നല്ലകുട്ടി" പരിവേഷം ഉണ്ടായിരുന്നു. പഷ്കേ, കാലം മാറുമ്പൊ കഥയും കൂടെ മാറില്ലേ... അങ്ങനെയാണാ ബീഡികുറ്റിയോടുള്ള ത്വര മനസ്സില്‍ കേറിയത്... പിന്നേം ഉണ്ടല്ലോ കഥകള്‍. സമയം കിട്ടുമ്പോ ഇതുപോലൊക്കെ പറയാം ...ഹിഹിഹി!
Post a Comment