Thursday, 29 November 2007

ഒരു കുഞ്ഞിപ്രണയം

പ്ളസ്ടൂവില്‍ പഠിക്കുമ്പോളാണ്‌ എങ്ങനേലും ആരേലും പ്രേമിച്ചേ മതിയാവൂ എന്ന അടങ്ങാത്ത അഭിവാഞ്ച ഉണ്ടാകുന്നത്. ചുറ്റുമുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളെല്ലാം കംപ്ളീറ്റ് തെറ്റാണെന്ന് ആദ്യം തോന്നിത്തുടങ്ങിയ സമയമാണ്‌. അപ്പൊപ്പിന്നെ എനിക്കു തോന്നുന്നതു ശരി, എന്ന ഒരു കുടിലചിന്ത ഉണര്‍ന്നു വന്ന കാലം. ഓക്കേ, പ്രെമിച്ചേ പറ്റൂ, പക്ഷേ ആരെ!

ഒന്നു രണ്ടു പ്രണയങ്ങള്‍ തുടങ്ങി വച്ചു, പക്ഷേ, ക്ളച്ചു പിടിച്ചു പോകുന്നില്ല, ഒട്ടു മിക്ക ലവളുമാരും പൈങ്കിളിയടിച്ചു, അല്ലാത്ത ഒന്നുമായി ലൈനിട്ടപ്പോഴേക്കും പിതാവും ഏതോ ഒരു പരിശുദ്ധാത്മാവും കൂടി പിടിച്ചു. പൈങ്കിളി എനിക്കു പണ്ടേ ഇഷ്ടമല്ല. ഈ ലോകത്തെ മാനോം മര്യാദയുമായി പ്രേമിക്കുന്നവരെ നാണം കെടുത്താനാണ്‌ പൈങ്കിളികള്‍ ഉദയം ചെയ്തതെന്നാണ്‌ എന്‍റെ വിശ്വാസം. പ്ളസ്ടുവിലെ ജൂനിയര്‍പൈതങ്ങളിലൊന്നിനെ ഞാന്‍ ഞാന്‍ നോട്ടമിട്ടു. അതിനെ അവള്‍ടെ ക്ളാസില്‍ത്തന്നെയുള്ള ഒരുത്തന്‍ കൊത്തിയെടുത്തു. പ്രേമത്തില്‍ കലിപ്പു വന്നിട്ടു യാതൊരു കാര്യമില്ല. ഗോ ഫോര്‍ ദ നെക്സ്റ്റ് വണ്‍!

എന്തായാലും ഇങ്ങനെ പിതാവുമായി "പ്രത്യയശാസ്ത്രപരമായ" പ്രശ്നങ്ങളും, ഗോമ്പറ്റീഷനിലെ മറ്റു കാമുകസുഹൃത്തുക്കളുമായുള്ള മല്‍സത്തിലും കുരുങ്ങി എന്‍റെ പ്രണയമോഹങ്ങള്‍ കരിഞ്ഞു തുടങ്ങി. പയ്യെപ്പയ്യെ പ്ളസ്ടു കഴിഞ്ഞു. പട്ടി ചന്തക്കു പോവുന്ന പോലെ രണ്ടു കൊല്ലം തൃശ്ശൂരു പോയി എന്‍ട്രന്‍സു "പഠിച്ച" വകയില്‍ "സീതു"-വിന്‍റെ ഉടമ പുതിയൊരു ബസ്സു വാങ്ങി എന്നല്ലാതെ മറ്റൊരു പ്രയോജനവുമുണ്ടായില്ലെന്നതിനാല്‍, ഞാന്‍ പോളിയില്‍ ചേര്‍ന്ന് യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതി പഠിക്കാന്‍ കച്ച കെട്ടിയിറങ്ങിയ അന്ത കാലത്താണ്‌, പ്ളസ്ടു-വിലെ ജൂനിയറായിരുന്ന ഒരു സുന്ദരിയില്‍ എനിക്കും അവള്‍ക്കെന്നിലും താല്‍പര്യം ജനിക്കുന്നത്. അവളെന്‍റെ വളരെ വളരെ പഴയ ഒരു കളിക്കൂട്ടുകാരിയായിരുന്നു എന്നത് അവള്‍ പറഞ്ഞാണ്‌ ഞാനറിയുന്നത്. അല്ലെങ്കിലും രണ്ടാം ക്ളാസിലൊക്കെ പഠിക്കുമ്പൊ ആരെങ്കിലും കുഞ്ഞിപ്പെമ്പിള്ളേരെ ലൈനിടാന്‍ പൊവ്വോ...;)

വാട്ടെവെര്‍ ഇറ്റീസ്, സംഗതി കൊണ്ടു പിടിച്ച പ്രേമമായി വളര്‍ന്നു തുടങ്ങി. കാലത്ത് എട്ടരക്കുള്ള സുദേവ് എടമുട്ടത്തെത്തുമ്പോഴേക്കും, സൈക്കിളും ചവിട്ടി ഞാനവിടെ എത്തും. ഒരു നോട്ടം, ദാറ്റ്സ് ഓള്‍. അടുത്ത ബസ്സില്‍കേറി ഞാന്‍ തൃപ്രയാറേക്കും പോവും. ഇതു കുറേക്കാലം തുടര്‍ന്നു. എഴുത്തുകുത്തുകളോ താലം കൈമാറലുകളോ ഇല്ലാത്ത വെറും "കണ്ണും കണ്ണും കൊള്ളയടിക്കല്‍" മാത്രമായി കുറേ നാളുകള്‍. ഇടക്കു മാത്രമുള്ള ഫോണ്‍ വിളികള്‍. കാലം കടന്നു പോയി.

പോളീയില്‍ ഒന്നാം വര്‍ഷ പരീക്ഷ വന്ന സമയം. പഠിക്കാന്‍ ഒരു സൌകര്യത്തിനു വേണ്ടി അമ്മയുടെ വീട്ടിലേക്ക് ഞാന്‍ കൂടു വിട്ടു കൂടു മാറി. അച്ഛാച്ഛനും അമ്മാമയും മാത്രം താമസമുണ്ടായിരുന്ന ആ പഴയ മോഡല്‍ വീട്ടിലെ ഏകാന്തതയിലിരുന്നു ഒരു പാടൊക്കെ ചിന്തിച്ചതു കൊണ്ടോ എന്നറിഞ്ഞൂട, എന്‍റെ പ്രേമത്തില്‍ എനിക്കു തന്നെ വിശ്വാസം നഷ്ടപ്പെട്ടതു തുടങ്ങി. എന്നിരുന്നാലും, മുകളിലെ നിലയിലെ വടക്കേ മുറിയില്‍, തട്ടിന്‍മേലെ പാഞ്ഞു നടക്കുന്ന എലികളുടെ പാദസരക്കിലുക്കങ്ങള്‍ക്കു കീഴെ, ഷനുച്ചേട്ടന്‍ പഠിച്ചിരുന്ന കാലത്തുപയോഗിച്ചിരുന്ന നീല ഇരുമ്പുപെട്ടിയുടെ മുന്നിലിരുന്ന് തെരേജയുടെ ഇലക്ട്രിക്കല്‍ ടെക്സ്റ്റ് വായിച്ചു കൂമ്പു വാട്ടുമ്പോളും പ്രേമചിന്തകള്‍ മനസ്സിലേക്കു "ഈറന്‍മേഘവും" പാടി വന്നു കൊണ്ടേയിരുന്നു. ഇതിനൊരു തീരുമാനം എടുത്തേ പറ്റൂ, അല്ലെങ്കില്‍ പഠിപ്പും നടക്കില്ല, പ്രേമവും നടക്കില്ലെന്നെനിക്കു മനസ്സിലായി. കുറേ ചിന്തിച്ചപ്പൊ തോന്നി, നടക്കൂല മാഷ്‌ടെ മോനേ, ടിക്കറ്റില്ലാത്ത യാത്രക്കാരനെപ്പോലെ ജീവിതത്തിന്‍റെ ട്രെയിനില്‍പ്പോവുന്ന നമ്മളെ എവിടെ വെച്ചാണ്‌ ടി.ടി.ആര്‍ പൊക്കുന്നതെന്നറിയാത്തിടത്തോളം ഈ യാത്ര ഒറ്റക്കു തന്നെ ചെയ്യുന്നതാണ്‌ അതിന്‍റെ ശരി.

അങ്ങനെ ഒരു ദിവസം അവളെ വിളിച്ചു ഞാനിതൊക്കെ അങ്ങോട്ടു പറഞ്ഞു. "നിന്നെ കെട്ടാന്‍ പറ്റുമോ, അതോ കൂടെ നടക്കാന്‍ പറ്റുമോ എന്നൊന്നും എനിക്കിപ്പൊ പറയാന്‍ പറ്റൂല ഡാര്‍ലിങ്ങ്, നീങ്ക പോയി ലൈഫ് സെറ്റില്‍ പണ്ണുങ്കെ" എന്ന്.
വലിയ പൊട്ടിത്തെറികളോ, സെന്‍റിമെന്‍സോ കൂടാതെ അങ്ങനെ എന്‍റെ ആ പ്രേമവും അട്ടത്തു കേറി. അനാവശ്യ സെന്റിമെന്‍സുകളോ സീരിയല്‍ ഡയലോഗുകളോ അടിക്കാതെ, എന്നോട് പരിഭവം പറയാതെ, ഡീസന്‍റായി പ്രതികരിച്ച അവളോട് എനിക്കു ബഹുമാനം തോന്നി,
"നല്ല കുട്ടി, നിനക്കു ബുദ്ധിയുണ്ട്". :)

Tuesday, 27 November 2007

ഡോക്ടര്‍ ഫെര്‍ണാണ്ടസ്സ്‌

വിജനമായി കിടക്കുകയായിരുന്നു ആ നാലുവരിപ്പാത. വീശിയടിക്കുന്ന പൊടിക്കാറ്റും കാറ്റിന്‍റെ ഹുങ്കാരശബ്ദവുമല്ലാതെ മറ്റൊന്നും അവിടെ കേള്‍ക്കാനില്ല. ഇരു വശങ്ങളിലും കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ചെമ്മണ്ണു നിറഞ്ഞ തരിശുഭൂമി... അങ്ങിങ്ങായി കാണുന്ന എതോയിനം മുള്‍ച്ചെടികള്‍... ഹോളിവുഡിലെ കൗബോയ്‌ സിനിമകളില്‍ കാണിക്കാറുള്ള തരം ഭൂപ്രകൃതി.. ചുട്ടുപൊള്ളുന്ന ആ റോഡിലൂടെ മുറിച്ചു കടക്കുകയായിരുന്നു ആ പാവം മനുഷ്യന്‍..ആള്‍ നന്നേ ക്ഷീണിതനാണ്‌. വേച്ചു വേച്ച്‌ നീങ്ങിയ അയാള്‍ പൊടുന്നനെ ഒരു വലിയ ഹോണ്‍ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി... എവിടെ നിന്നെന്നില്ലാതെ ചീറിപ്പാഞ്ഞു വന്ന ഒരു വമ്പന്‍ ട്രെയിലര്‍ അയാളെ ഇടിച്ചു തെറിപ്പിച്ച്‌ പാഞ്ഞു പോയി... ഇടിയുടെ ആഘാതത്തില്‍ അയാള്‍ ഒരു പാടു ദൂരേയ്ക്കു തെറിച്ചു വീണു. ഏതാണ്ടൊരു മണിക്കൂറോളം ഒരു മനുഷ്യജീവി പോലുമില്ലാത്ത ആ റോഡില്‍ അയാള്‍ അനാഥനായിക്കിടന്നു. അപ്പോള്‍ അതു വഴി വന്ന ഒരു വാഹനം അയാളെ കണ്ടു. അവര്‍ അയാളെ എടുത്തു അങ്ങകലെയുള്ള ഡോക്ടര്‍ ഫെര്‍ണാണ്ടസ്സിന്‍റെ ക്ലിനിക്കിലെത്തിച്ചു...

ഡോക്ടര്‍ ഫെര്‍ണാണ്ടസ്സ്‌ സമൂഹത്തെ സ്നേഹിക്കുകയും അഗതികളെ സൗജന്യചികില്‍സ നല്‍കിക്കൊണ്ട്‌ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടു വരാന്‍ പെടാപ്പാടു ചെയ്യുന്നവനുമായ ഒരു സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. തന്‍റെ സഹോദരിയും വിശ്വസ്യായ നഴ്സുമായ മാഗിയായിരുന്നു അദ്ദേഹത്തിന്‍റെ ഒരേയൊരു സഹായി...
അദ്ദേഹം തന്‍റെ പുതിയ രോഗിയുടെ മുറിവുകളെല്ലാം പരിശോധിച്ചു. അതിഭീകരമായി പരിക്കേറ്റിരുന്ന അയാളുടെ ശരീരത്തിലെ മുറിവുകളെല്ലാം അദ്ദേഹം വിദഗ്‌ധമായി തുന്നിക്കെട്ടി. ആ രോഗിക്കും ഒരു ബെഡ്ഡ്‌ നല്‍കുകയും അയാളെ വാര്‍ഡിലേക്കു മാറ്റുകയും ചെയ്ത്‌ അദ്ദേഹം തന്‍റെ വിശ്രമമുറിയിലേക്കു പോയി... മാഗി മറ്റു രോഗികളുടെ അടുത്തേക്കും..

****

പത്നി റാണിടീച്ചറും മകനും മകളും അടങ്ങുന്ന തന്‍റെ കുടുംബത്തോടൊപ്പം, കഴിമ്പ്രത്ത്‌ മക്കാരാപ്ലയുടെ കടക്കു പിന്നിലുള്ള, ഫിനിഷിങ്ങ്‌ പണി പൂര്‍ത്തിയായിട്ടില്ലാത്ത ആ വാടക വീട്ടിലേക്കു ചിദംബരന്‍ മാഷ്‌ താമസം മാറിയിട്ട്‌ അധികം നാളായിട്ടില്ലായിരുന്നു. . അങ്ങനെയിരിക്കെ, അന്നു വൈകീട്ടു മാഷ്‌ വീട്ടിലേക്കു വന്നു കയറിയപ്പോള്‍ കണ്ട കാഴ്ച അദ്ഭുതമുണര്‍ത്തുന്നതായിരുന്നു. സിറ്റൗട്ടിന്‍റെ, ചാന്തോ മൊസൈക്കോ ഇടാത്ത പരുപരുത്ത തറയില്‍, നിരനിരയായി കുറേ കശുമാങ്ങകള്‍ കിടക്കുന്നു. എല്ലാത്തിനെയും വളരെ ശ്രദ്ധയോടേ വെളുത്ത പേപ്പറിലാണ്‌ കിടത്തിയിരിക്കുന്നത്‌. എല്ലാം തന്നെ ചതഞ്ഞരഞ്ഞ നിലയിലാണ്‌. സൂക്ഷിച്ചു നോക്കിയപ്പോള്‍ സൈക്കിള്‍ ടയറിന്‍റെ പാടുകളും അവയില്‍ കണ്ടു. കീറലുള്ള ഭാഗങ്ങളിലെല്ലാം തന്നെ പല നിറത്തിലുള്ള നൂലുകള്‍ കൊണ്ട്‌ തുന്നിക്കൂട്ടിയിട്ടുണ്ട്‌. കാര്യം ഊഹിച്ചെടുത്ത മാഷ്‌ ഉറക്കെ വിളിചു. "ചിഞ്ച്വോ..ശ്രീമോളേ... ഈ കശുവണ്ടിയൊക്കെ മുരുങ്ങിട്ത്ത്‌ അവര്‍ക്ക്‌ കൊണ്ടൊട്ത്തേ...ഇന്ന്‌ട്ട് ഈ മാങ്ങ്യൊക്കെ ഇട്ത്ത്‌ കളയ്‌..വേഗാവട്ടെ...അവരു വന്നിനി ഇവിടെ വന്ന് ബഹളം വെച്ചാല്‍ണ്ടല്ലാ...ആ..." കേട്ടപാതി കേള്‍ക്കാത്ത പാതി ഡോക്ടര്‍ ഫെര്‍ണാണ്ടാസ്സും സിസ്റ്റര്‍ മാഗിയും പാഞ്ഞു വന്ന് രോഗികളെയെല്ലാം വാര്‍ഡില്‍ നിന്ന് നീക്കം ചെയ്തു. അവരുടെയെല്ലാം തല പിഴുതെടുത്ത്‌ കശുമാവിന്‍റെ ഉടമക്ക്‌ കൊണ്ടു കൊടുത്ത്‌ അവര്‍ മിണ്ടാതെ മടങ്ങി വന്നു... അപ്പോള്‍ ആ വഴി വന്ന കപ്പലണ്ടിക്കാരന്‍ ചേട്ടന്‍ പതിവായി തരാറുള്ള രണ്ടു രൂപയുടെ ചൂടുകപ്പലണ്ടി വാങ്ങി തൊലികളഞ്ഞ്‌ കൊറിച്ചു കൊണ്ട്‌ അവര്‍ തങ്ങളുടെ അടുത്ത ദിവസത്തെ ഉച്ചസമയ ഇടവേളയെക്കുറിച്ച്‌ ചിന്താമഗ്നരായി...


മധുരം കുട്ടിക്കാലം...

*****
വാല്‍: ചെറുപ്പത്തില്‍ ആകെ അറിയാവുന്ന രണ്ട്‌ ഇംഗ്ലീഷ്‌ പേരുകളായിരുന്നു ഫെര്‍ണാണ്ടസ്സും മാഗിയും...:)

ദി വാതില്‍ക്കുറ്റി

മാമന്‍റോടെ പോവുമ്പൊ, കസിന്‍ ലോകരെല്ലാം വന്നിട്ടുണ്ടെങ്കില്‍പ്പിന്നെ കോലാഹലം അലയടിച്ചിരുന്ന അന്ത കാലത്തെ ഒരു ഉച്ച ഉച്ചര ഉച്ചേമുക്കാല്‍നേരത്ത്‌...

പൊതുവെ സഹൃദയരായ മാമന്മാര്‍ ഞങ്ങളുടെ മേല്‍ അധികം അധികാരപ്രകടനവും കെട്ടിയിടലുമൊന്നുംനടത്തിയിരുന്നില്ല. അതു കൊണ്ടു തന്നെ തോന്നുന്നിടത്തൊക്കെ പോവാനും ഒരു മാതിരിപ്പെട്ട അലമ്പുകള്‍ കാട്ടാനും ഞങ്ങള്‍ക്ക്‌ ധൈര്യമുണ്ടായിരുന്നു. അതേ സമയം തന്നെ, തെക്കേലെ സുരമാമന്‍റെ കോഴിഫാമിലെ ജോലിക്കാരനായിരുന്ന ഷാജുവിന്‍റെ കിടക്കയില്‍ ഒരു പാവം പാമ്പിന്‍റെ ഡെഡ്‌ ബോഡികൊണ്ടു വെക്കുകയും, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കമ്പനിയെ കിടക്കയില്‍ കണ്ടതിന്‍റെ ആഫ്ടര്‍ ഇഫക്റ്റില്‍ ഷാജു ഞെട്ടിത്തെറിച്ച്‌ വലിയ വായില്‍ വാവിട്ടു കരഞ്ഞ ഒരു ഓള്‍ഡ് സംഭവത്തിന്‍റെ പേരില്‍ വിചാരണ കൂടാതെ, കയ്യില്‍ കിട്ടിയ വടത്തിന്‍റെ നാലു മുഴം പീസു കൊണ്ട്‌ ഷനുച്ചേട്ടനു ഏല്‍ക്കേണ്ടി വന്ന ഭീകരമര്‍ദ്ദനം ഓര്‍മയിലുള്ളതിനാല്‍, കൈ വിട്ട കളികള്‍ക്കൊന്നുംഞങ്ങള്‍ മുതിര്‍ന്നിരുന്നുമില്ല.

അങ്ങനെയിരിക്കെ... പ്രസ്തുത കോഴിഫാമില്‍ മഞ്ഞനിറത്തില്‍ തത്തിക്കളിച്ചു നടക്കുന്ന ഇളംകോഴിക്കുഞ്ഞുങ്ങള്‍ മുതല്‍, നാലു കിലോ തൂക്കത്തില്‍ പടര്‍ന്നു പന്തലിച്ച്‌ നെഞ്ഞു വിരിച്ചു നില്‍ക്കുകയും, എന്നാല്‍ ഘോഷേട്ടനോ ഷാജുവോ ഗിരീഷോ വന്ന് ചിറകിനു കൂട്ടിപ്പിടിച്ച്‌ ത്രാസ്സിലിടുമ്പോള്‍ ഒന്നെതിര്‍ക്കുക പോലും ചെയ്യാതെ കീഴടങ്ങിക്കൊടുക്കുന്നവരുമായ സല്‍മാന്‍ ഖാന്‍ കോഴികള്‍ വരെയുള്ളവയുടെ പല വിധം കരച്ചിലുകളും, തെക്കു നിന്നടിക്കുന്ന കാറ്റിനൊപ്പം "ഇളവസ്സമായി" വരുന്ന, കുളത്തില്‍ കലക്കിയ കോഴിവേസ്റ്റിന്‍റെ മണവും ഒക്കെ കൂടി തികച്ചും സാധാരണ മട്ടിലുള്ള ആ വെരി മച്ച്‌ നോര്‍മല്‍ ഉച്ചനേരത്ത്‌...

അന്നേ ദിവസം വളരുന്ന കുട്ടികളായ ഞങ്ങള്‍ക്ക്‌ "എക്സ്ട്രാ ഗ്രോയിങ്ങ്‌ പവര്‍"-നു ആവശ്യമായ "ഐറ്റം നമ്പറുകള്‍" കൂട്ടത്തില്‍ മുതിര്‍ന്നവര്‍ സംഘടിപ്പിച്ചു വെച്ചിരുന്നു. അതൊക്കെ മാമന്‍മാരോ മാതപിതാഗുരുര്‍ദൈവങ്ങളോ കാണാതെ വായിച്ചു സായൂജ്യമടയുവാന്‍ വേണ്ടി എല്ലാരും കൂടെ കിഴക്കേ മുറിയില്‍ കയറിപറ്റുകയുംമറ്റാരും ഇടിച്ചു കേറി വരുന്നതിനു തടയിടാനായി വാതില്‍ കുറ്റിയിടുകയും ചെയ്തു. സഹോദരലോബിയുടെ നിര്‍ദ്ദേശപ്രകാരം ഞാനായിരുന്നു കുറ്റി ഇട്ടത്‌, അപ്പോഴേ കുറ്റി വീഴാന്‍ ശ്ശി ബുദ്ധിമുട്ട്‌ നിക്ക്‌ തോന്നിയിരുന്നു, പക്ഷേ, അവിടെ സമ്പാദിക്കാന്‍ പോവുന്ന അറിവിന്‍റെ വ്യഗ്രതയില്‍ ഞാന്‍ ഒരാവേശത്തില് ‍എങ്ങനെയോ കുറ്റി കുത്തികേറ്റി ഇട്ടു. അതിനു ശേഷം, അത്യന്തം ആക്രാന്തത്തോടെയും വേക്രയോടും കൂടി അന്നത്തെ "സെറ്റ്‌ ഓഫ്‌ ഇന്‍ഫോമേഷന്‍" സമ്പാദിച്ച ശേഷം "ഇതിപ്പൊ ഇങ്ങന്യൊക്കെയാണോ ഈശ്വരാ" എന്ന് പതിവു പോലെ എല്ലാരും കുറേ നേരം വണ്ടറടിച്ചിരുന്നു.

അങ്ങനെ വണ്ടറടിച്ചു ബോറടിച്ചു തുടങ്ങിയപ്പൊ കിച്ചു വാതില്‍ തുറക്കാന്‍ ചെന്നു. ആദ്യം ഒരു നോര്‍മല്‍ വലി വലിച്ചിട്ട്‌ കുറ്റിക്കൊരു അനക്കവും ഉണ്ടായില്ല. "എന്തൂട്ട്‌ പേട്ടക്കുറ്റ്യദ്‌.." എന്ന ഭാവത്തില്‍ എന്നെയൊന്നുനോക്കി. എന്നാല്‍ പിന്നീടൊരു പത്തു മിനിറ്റ്‌ നേരം അവന്‍ വളരേ മൃഗീയവും പൈശാചികവുമായി ആ കൊച്ചുകുട്ടിയില്‍ക്കിടന്നു തൂങ്ങിയാടിയിട്ടും അതിനൊരു അനക്കം പോലും ഉണ്ടായില്ല. "മാറി നിന്നേറ്റെടാ..ഒരു കുറ്റി തോറക്കാന്‍ പറ്റാത്ത പേട്ടകള്‍" എന്ന ഡയലോഗ്ഗോടെ കട്ടിലില്‍ നിന്നെണീറ്റു വന്ന വിനോഷിന്‌ അതിന്‍റെ മേലെക്കെട്ന്ന് ട്രപ്പീസാടീട്ടു പോലും മരുന്നിനു പോലും ഒന്നു നീക്കാന്‍ കഴിഞ്ഞില്ല. എല്ലാരുടേം മുഖത്ത്‌ പരിഭ്രാന്തിയുടെ, ടെന്‍ഷന്‍റെ ചെറിയ മുകുളങ്ങള്‍ പൊട്ടി മുളച്ച്‌ അവയെല്ലാം പൂക്കളായി ഇതള്‍ വിടര്‍ത്തുന്നത്‌ ഞാന്‍ കണ്ടു. എന്‍റെ മുഖം ഓള്‍റെഡി അങ്ങനെയായിരുന്നതിനാല്‍ പ്രത്യേകിച്ചൊരു വികാരം എനിക്കാ സന്ദര്‍ഭത്തില്‍ കാണിക്കുവാനുണ്ടായില്ല...

പതിയെ എന്‍റെ അടുത്തു വന്ന ഷനുച്ചേട്ടന്‍ എന്‍റെ കാതില്‍ മന്ത്രിച്ചു. "അപ്പ്രത്ത്‌ എല്ലാരൂണ്ട്‌. വാതില്‌ തൊറക്കാന്‍ ആരേങ്കിലും വിളിച്ചാല്‌ സംശയം തോന്നും. ഇവട്യെങ്ങാനും പരിശോധിച്ചാല്‍ നല്ല ചെപ്പിമൂളി കിട്ടും അവര്‌ടേന്ന്"...അപ്പഴാണ്‌ കാര്യങ്ങള്‍ടെ ഒരു കിടപ്പുവശം എന്‍റെ മൂളയിലൂടെ ഒന്നു മിന്നലു പോലേ ഓടിയത്‌. ഓ മൈ കടവുളേ...സംഗതി കൈ വിട്ട്വോ..കാല്‍ ഭാഗം അധ്വാനം കൊണ്ടും മുക്കാല്‍ ഭാഗം ടെന്‍ഷന്‍ കൊണ്ടും വിയര്‍ത്തു കുളിച്ചവര്‍ എനിക്കും ഷനുച്ചേട്ടനും വേണ്ടി കുറ്റി തുറക്കലിന്‍റെ ഷിഫ്റ്റ്‌ മാറിത്തന്നു. വലിച്ചു വലിച്ചു എന്‍റെ കൈവിരലുകളുടെ അടപ്പൂരാറായിട്ടു കൂടി, ഞാനാണ്‌ ഇട്ടതെന്ന നന്ദി പോലും കാട്ടാതെ ആ കുറ്റി അങ്ങനെത്തന്നെ കിടന്നു. ഒടുവില്‍ അധികം ടെന്‍ഷന്‍ കൊണ്ടുനടക്കേണ്ടപ്രായമല്ലാത്തതിനാല്‍ നയതന്ത്രജ്ഞനായ വിനോഷ്ഭായ്‌ പതുക്കെ ജനാല തുറന്ന് പുറത്തു വരാന്തയിലിരുന്ന് പരദൂഷണം പറഞ്ഞു രസിച്ചിരുന്ന അമ്മ-അമ്മാമ-അമ്മായി-വെല്ലിമ്മ സെറ്റിലൊരാളെ പതിയെ അടുത്തു വിളിച്ച്‌ വിവരം പറഞ്ഞു. കേട്ടവര്‍ കേട്ടവര്‍ ആദ്യം "കല്യാണരാമനില്‍ ഉരുളിപൊക്കാന്‍ വന്ന ഇന്നസെന്‍റിനെപ്പോലെ" വന്നെങ്കിലും കുറ്റി ജനലിലൂടെ കമ്പിയും കോലുമൊക്കെ ഇട്ടു കുത്തിയിട്ടും കുറ്റിക്കൊരനക്കവുമുണ്ടായില്ല. സംഗതി അല്‍ക്കുല്‍ത്താണെന്നു മനസ്സിലായ സ്ത്രീജനങ്ങള്‍ കുടുംബത്തിലെ പുരുഷകേസരികള്‍ക്ക്‌ വഴി മാറിക്കൊടുത്തു. കൂടുതല്‍ ഇന്നോവേറ്റിവ്‌ ആയ പല പരീക്ഷണങ്ങളും അവര്‍ ആവിഷ്കരിച്ചു നടപ്പാക്കിനോക്കി. ബട്ട്‌, കുറ്റി തുറക്കുക എന്നതൊഴിച്ചുള്ളവ മാത്രമേ അവിടെ വിജയം കൈവരിച്ചുള്ളൂ.

പുല്ലു പോലെ ഇരിക്കുന്ന വെറും രണ്ടിഞ്ചു പോലും നീളമില്ലാത്ത ആ കുറ്റിയോടുള്ള ദേഷ്യം മുഴുവനും പതിയെപ്പതിയെ ഞങ്ങളോടുള്ള ആക്രോശങ്ങളായി മാറുകയും തല്‍ഫലമായി, മുറി തുറക്കാതിരിക്കുകയാണ്‌ ഭേദം എന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും തോന്നിത്തുടങ്ങുകയുംചെയ്തു. പഴയ കാലത്തുണ്ടാക്കിയ നല്ല ഉഗ്രന്‍ വാതിലായതിനാല്‍ അതു പൊളിക്കാന്‍ അച്ഛാച്ഛന്‍ സമ്മതിച്ചില്ല. ഒടുവില്‍ അറ്റ കൈയ്ക്ക്‌ ജനല്‍ക്കമ്പികള്‍ മുറിച്ചു മാറ്റാന്‍ ജനലിനു പുറത്തെ പൗരാവലി തീരുമാനിച്ചു. അകത്തെ പൗരന്മാര്‍ മുജാഹീറുകളായതിനാല്‍ തല്‍ക്കാലം ഞങ്ങളുടെ വോയ്സിനു പ്രത്യേകിച്ച്‌ പ്രസക്തിയൊന്നുമില്ലായിരുന്നു, മാത്രമല്ല, ഞങ്ങള്‍ക്കാ സമയത്ത്‌, പുറത്തിറങ്ങിയാല്‍ നടക്കാന്‍ ‍പോവുന്ന പുറം പള്ളിപ്പുറമാകുന്ന ചടങ്ങുകളെക്കുറിച്ചോര്‍ത്ത് ഉള്ളം കൊള്ളൈ പോയിക്കൊണ്ടിരിക്കുകയായിരുന്നല്ലോ. തെക്കേലുണ്ടായിരുന്ന ഡ്രില്ലറും കട്ടറുമൊക്കെ രംഗപ്രവേശം ചെയ്തു. ധിരിമാമന്‍ എല്ലാവരുടെയും അനുവാദത്തോടെ ആദ്യ സെറ്റ്‌ ഓഫ്‌ കമ്പികളെ ജനല്‍പ്പട്ടയില്‍ നിന്ന് വേര്‍പെടുത്തി.

മറിഞ്ഞു കിടക്കുന്ന ബസ്സില്‍ നിന്നും നാട്ടുകാര്‌ ആളുകളെ എടുക്കുംപോലെ, കമ്പി മുറിച്ചുണ്ടാക്കിയ സ്മാള്‍ഗാപ്പിലൂടെ മാമമാരെല്ലാം കൂടി ഞങ്ങളെ ഓരോരുത്തരെയായി പുറത്തേക്കിറക്കാന്‍ തുടങ്ങി. അതിനിടയിലാരോ പുറത്തു നിന്നും വാതിലിലൊരു നല്ല ഊക്കനൊരു തള്ളു വെച്ചു കൊടുത്തു.ഇത്രനേരത്തെ പരിശ്രമം കണ്ടു ബോറടിച്ച്‌ "പൂവര്‍ ബോയ്സ്‌" എന്നു തോന്നിയിട്ടോ എന്തോ, കുറ്റിക്കൊരു ഇളക്കം വന്ന പോലെ എനിക്കു തോന്നി. സര്‍വ്വശക്തിയും (അങ്ങനെ പറയാന്‍ മാത്രമൊന്നുമുണ്ടായിരുന്നില്ലെങ്കിലും) എടുത്ത്‌ ഞാനാ കുറ്റിയില്‍ ഒന്നുകൂടി തൂങ്ങിയാടി. അതാ അന്ത കുറ്റി താഴോട്ടു പോരുന്നു. ഒട്ടൊന്നദ്ധാനിച്ചപ്പോള്‍ അന്ത പടുപാപി കുറ്റി കൂളായി ഊരിപ്പോന്നു. ദ്രോഹി...!! വാതില്‍ തുറന്നു വരുന്ന എന്നെക്കണ്ട്‌ പുറത്തുനിന്നവര്‍ അന്തിച്ചു നോക്കി. ഡ്രില്ലറും കയ്യില്‍പ്പിടിച്ച്‌ നിന്നിരുന്ന ധിരിമാമന്‍ ഭാഗ്യം കൊണ്ട്‌ കുറച്ചു ദൂരെയായതിനാല്‍ എനിക്കിന്നും ശരീരത്തില്‍ എക്സ്ട്രാ ദ്വാരങ്ങളൊന്നും വീണിട്ടില്ല. എന്തൊക്കെയായാലും, അന്നത്തെ പോസ്റ്റ്‌-ജനല്‍ ‍പൊളിക്കല്‍, ആക്രോശ-ഭീഷണി-തലയില്‍കിഴുക്ക്‌-മുഖത്തു തേമ്പ്‌ കലാപരിപാടികളേക്കാളും എന്നെ വേദനിപ്പിച്ച, ഇന്നും ഒരു നഷ്ടബോധത്തോടെ ഉള്ളില്‍ നിലകൊള്ളുന്ന മറ്റൊരു വിഷമമുണ്ടായിരുന്നു. ഷിജുവിനെപ്പോലെ, കിച്ചുവിനെപ്പോലെ, ഷനുച്ചേട്ടനെപ്പോലെ ജനല്‍ മുറിച്ച ആ ഗാപ്പിലൂടെ എനിക്കു പുറത്തിറങ്ങാനായില്ലല്ലോ....

Monday, 9 July 2007

കുറ്റിക്കാട്ടൂരിന്‍റെ മണ്ണില്‍

മഴ അതിന്‍റെ രൌദ്രഭാവം കാണിച്ചുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇടയ്ക്കു പെയ്യുന്ന മഴയില്‍, നല്ല ഏ ക്ളാസ്സ് മത്തങ്ങാപ്പായസം രണ്ടു ലോഡ് വീതം എല്ലാ പത്തു മീറ്റര്‍ ഗാപ്പിലും തട്ടിമറിച്ചിട്ടപോലെ അളിപിളിയായി കിടക്കുന്ന കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോ‌ഡ് നവയുഗ ശാസ്ത്രകുതുകികളെന്ന അവകാശവാദവുമായി അന്ത മണ്ണില്‍ കാലുകുത്തിയ ഞങ്ങളെ വരവേറ്റു. ഫസ്റ്റ് ഇമ്പ്രഷന്‍ മഹാബോറായിരുന്നു. കുറ്റിക്കാട്ടൂര്‍ "ടൌണി"ല്‍ നിന്നും ഇരുപത്തഞ്ചു രൂപക്കു പിടിച്ച ഓട്ടോയില്‍, നായികയുടെ പിന്നാലെ പായുന്ന വില്ലന്‍റെ വില്ലീസ് ജീപ്പു പോലെ, വളഞ്ഞു പുളഞ്ഞ്, അന്ത ചെളിക്കുണ്ടിലൂടെയുള്ള യാത്രക്കു ശേഷം, പട്ടയില്‍കുന്നിന്‍റെ ഉച്ചിയിലേക്ക് ഒരു ട്രെക്കിങ്ങും നടത്തി ഞാനെന്‍റെ പുതിയ കളിസ്ഥലത്തെത്തിച്ചേര്‍ന്നു.
കാട്ടുപോത്തിനെക്കാണാന്‍ മൃഗശാലയില്‍ച്ചെന്നിട്ട്, പോത്ത് തിരിഞ്ഞു നിന്നു തന്നാലുണ്ടാവുന്ന അവസ്ഥയായിരുന്നു കുന്നിന്‍മുകളിലെ കാഴ്ച. പുറം തിരിഞ്ഞു നില്‍ക്കുന്ന പോലെ ഒരു മൂന്നു നില കെട്ടിടം. ഇതെന്തു കൂത്ത്, ഇതിന്‍റെ മുന്‍ഭാഗം എവടെ, അപ്രത്തെ കൊക്കയുടെ സൈഡിലൂടെ ഊഞ്ഞാലില്‍ തൂങ്ങിയാണോ കേറണ്ടി വരിക എന്നൊക്കെ വെറുതെ ചിന്തിച്ച് ബോറടിച്ച് ഞനതിന്‍റെ ഉള്ളിലേക്ക് കയറി.

ഇനിയൊരു നാലു വര്‍ഷത്തേക്ക് ഞാന്‍ ചുമ്മാ അലഞ്ഞു തിരിഞ്ഞു നടക്കേണ്ട ക്ളാസ്സ്മുറികളും ക്യാമ്പസും (അവിടെ പഠിച്ചവര്‍ ക്ഷമിക്കുക, കോളേജിന്‍റെ ചുറ്റുപാടുമുള്ള ഭൂപ്രദേശത്തെ അങ്ങനെ വിളിക്കുന്നത് ക്യാമ്പസുകള്‍ക്കൊരു നാണക്കേടാണെന്നറിയാം, പക്ഷേ, കൊതുകിനുമില്ലേ ഇഷ്ടാ മറ്റേപ്രശ്നം... ;) ) ഒക്കെ ചുറ്റിനടന്നു. വൈകീട്ടായപ്പോളേക്കും പട്ടയില്‍ക്കുന്നിന്‍റെ താഴെയുള്ള മാളിയേക്കല്‍ ഹോസ്റ്റലിലേക്ക് അവിടെ വന്നു ചേര്‍ന്ന കുഞ്ഞാടുകളെയെല്ലാം അഡ്മിറ്റ് ചെയ്തു.

അവിടെ നിന്നുമാണ്‌ ചരിത്രം തുടങ്ങുന്നത്. വന്നു ചേര്‍ന്ന ആട്ടിന്‍കുട്ടികളെയും കാളക്കൂറ്റന്‍മാരെയും കുറുക്കന്‍മാരെയും കടുവകളെയുമെല്ലാം അവിടെ നിന്നിരുന്ന ശിങ്കിടികള്‍ കൊക്കയുടെ സൈഡിലുണ്ടാക്കിയ വര്‍ക്ക് ഷോപ്പില്‍ തയ്യാറാക്കിയ വേദിയിലേക്കാനയിച്ചു. അവിടെ വച്ച് ഒരു പാട് വലിയ ആത്മാക്കളുടെ ഇടയീല്‍ വെച്ച് ആരൊല്ലെയോ എന്തൊക്കെയോ പ്രഖ്യാപനങ്ങളും നടത്തി. ശരി, എല്ലാം കേട്ടപ്പൊ ഹയര്‍ ഓപ്ഷനും കട്ടു ചെയ്യാന്‍ ഞാനങ്ങോട്ട് ഡിസൈഡഡ്‌ഡ്‌ഡ്‌ഡ്‌ഡ്. (പതുക്കെപ്പറയട്ടെ, ഓന്തോടിയാല്‍ വേലി വരെ എന്നറിയാവുന്നതോണ്ട് "ഓടണ്ട" എന്നൊരു തീരുമാനമെടുത്തെന്നേയുള്ളൂ) ;)
വൈകീട്ടു മലയിറങ്ങി, താഴ്വാരത്തെ ഹോസ്റ്റലില്‍ എല്ലാ കന്നുകളും മുളഞ്ഞു. അവിടെ വച്ച് തഫു എന്ന, ഭാവിയില്‍ വലിയ ഇനമാണെന്ന് ഞാന്‍ മനസ്സിലാക്കിയ, ഒരു സീധാ സാധാ ആദ്മിയെക്കണ്ടു. "ഓരങ്ങനെ പലതും പറയും. പഷേ, ഇങ്ങളതൊന്നും കാര്യാക്കണ്ടാ. അതൊന്നും നടക്കൂലാന്ന്" എന്നൊക്കെ ചില അഡ്മിഷന്‍ കിട്ടാത്തോരോടു പറയണ കേട്ടു. ഇടപെട്ട് അടിവാങ്ങുന്ന ശീലം കുറച്ചു നാളേക്കു മാറ്റി വെച്ചിരുന്നതിനാല്‍ കൂടുതല്‍ അലമ്പിനു പോവാതെ രണ്ടു നില ഹോസ്റ്റലിന്‍റെ മോളിലെ മൂലയിലെ ഫ്ളാറ്റില്‍ (തെറ്റിദ്ധരിക്കല്ലേ, രണ്ടു റൂമിലും ഒരു വരാന്ത പോലത്തെ കിച്ചണിലും കൂടി ഏഴാളാണു താമസം തുടങ്ങിയത്) കിട്ടിയ കട്ടിലിന്‍റെ മോളിലേക്ക് പെട്ടിയും കുണ്ടാമണ്ടികളും വലിച്ചെറിഞ്ഞ് കുത്തിയിരുന്നപ്പൊ, കൊന്നത്തെങ്ങിന്‍റെ പൊക്കത്തിലുള്ളൊരുത്തന്‍ വന്നു കൈ തന്നു,

"എന്താ പേര്?"

"പ്രേമന്‍, നമ്മടെയോ?"

പേരും അച്ഛന്‍റെ പേരും വീട്ടുപേരും ചേര്‍ത്ത് നീട്ടിപ്പറഞ്ഞ് അവനെ കണ്‍ഫ്യൂഷന്‍റെ പരമാനന്ദത്തിലേക്ക് പറഞ്ഞയച്ച ശേഷം മുറിയുടെ ജനലു തുറന്നു നോക്കി. ഹോസ്റ്റല്‍കെട്ടിടത്തോടു ചേര്‍ന്നു നില്‍ക്കുന്ന അപ്പുറത്തെ വീട്ടിലെ ഉമ്മറത്തെ പടികളില്‍ നല്ല നയനാനന്തകരമായ കാഴ്ചകള്‍. കോഴിക്കോടിനെപ്പറ്റി കേട്ടപ്പോള്‍ ലിമ്പുവും പടുവും രാമഡുവുമൊക്കെ തന്ന മറ്റേ ഉപദേശങ്ങളെ തല്‍ക്കാലം ഞാന്‍ മാറ്റി വെച്ചു. കോഴിക്കോട് ഈസ് ബ്യൂട്ടിഫുള്‍ മോനേ, എന്ന് മനസ്സില്‍പ്പറഞ്ഞു. അതു കേട്ടീട്ടാവൂല്ലെന്നെനിക്കൊറപ്പാണ്‌, പടികളിരുന്ന പഞ്ചവര്‍ണ്ണക്കിളികളെപ്പിന്നെക്കണ്ടില്ല. ആ, നമ്മളിവിടൊക്കെത്തന്നെക്കാണുമെന്ന ഒരു അഹങ്കാരത്തോടെ, ലാലു അലക്സ് സ്റ്റൈലിലൊന്നു ചിരിച്ച് ഞാന്‍ ജനലടച്ചു. മിട്ടായിത്തെരുവിലെ മൊയ്തീന്‍പള്ളിയോടു തൊട്ടു നിക്കുന്ന കടയില്‍ നിന്നും വാങ്ങിയ കോസടിയും തലയിണയും കട്ടിലില്‍ നിവര്‍ത്തി വെച്ചു. സാധനങ്ങളൊക്കെ ആവുമ്പോലെയൊക്കെ അടുക്കി വെച്ചു. വിറ്റ്കോ-യില്‍ നിന്നും വാങ്ങിയ വി.ഐ.പി-യുടെ പെട്ടി അടി ഉരഞ്ഞ് ആനവണ്ടീടെ സൈഡ് പോലെ ആവാതിരിക്കാന്‍, അവിടെ നിന്നു തന്നെ വാങ്ങിയ, പട്ടാളക്കാര്ടെ പോലത്തെ പെട്ടിക്കവറിട്ടു കൊടുത്ത്, ഒരടി പൊക്കമുള്ള ഉരുക്കുകട്ടിലിന്‍റെ അടിയിലേക്കു തള്ളി വെച്ചു. ബക്കറ്റും കപ്പുമൊക്കെ റൂമില്‍തന്നെ വെച്ചു. "ആ, ഇനിയൊക്കെ എനിക്ക് തോന്നുമ്പൊ ചെയ്യു"മെന്ന് സ്വയം പറഞ്ഞ് ഞാനെന്‍റെ കോസടിയിലേക്കു ചെരിഞ്ഞു. അപ്പൊ മൂന്നാമത്തെ അന്തേവാസിയായ രണ്ടാമത്തെ കൊന്നത്തടിക്കാരന്‍ അവിടെ വന്നു. ലവനെ ഞാന്‍ വന്നപ്പഴേ പരിചയപ്പെട്ടതാണ്‌. ഇവറ്റോള്‍ക്കൊക്കെ എന്താ ഈ പൊക്കംന്ന് വെച്ച് എനിക്ക് അസൂയ വന്നു. അപ്പഴേ പറഞ്ഞതാ എനിക്ക് ഹോര്‍ലിക്സ് വാങ്ങിത്തരാന്‍. ഇനിപ്പൊ പറഞ്ഞിട്ടെന്താ എന്നാലോചിച്ച് അവമ്മാര്ടെ പൊക്കമൊക്കെ ചോദിച്ച് നിര്‍വൃതിയടഞ്ഞു. "എനിക്കും വെക്കൂടാ പൊക്കം, എന്‍റെ മുന്നില്‌ മൂന്നു കൊല്ലണ്ട്. ഒരു മൂന്നിഞ്ചൊക്കെ എന്തായാലും കൂടും"ന്ന് മനസ്സില്‍പ്പറഞ്ഞ്, അടുത്ത രണ്ടു ദിവസമായ ശനീം ഞായറും അതു കഴിഞ്ഞാ കോളേജില്‌ പൂവലുമൊക്കെ ആലോചിച്ച്, ഞാന്‍ പുറത്തു പോയി ഒരു കസേരയില്‍ ഇരുന്നു. ആറരയോടെ മഗ്‌രിബിനുള്ള ബാങ്കു വിളി കേട്ടപ്പോളാണ്‌ തൊട്ടടുത്തൊരു പള്ളിയുണ്ടെന്നറീഞ്ഞത്. ലോറിയില്‍ നിന്ന് ബേബിമെറ്റലിറക്കുന്ന പോലത്തെ ശബ്ദത്തില്‍ ഒരു അപ്പൂപ്പന്‍റെ ശബ്ദം. പാവം.

ഏഴരയോടേ അത്താഴത്തിന്‌ മേലോട്ട് പോയി, തെറ്റിദ്ധരിക്കണ്ട. ടെറസ്സില്‍, ഷീറ്റിട്ടു മറച്ച മെസ്സ്. കൊള്ളാം. ചുറ്റും നെറ്റ് മാത്രമേ അടിച്ചിട്ടുള്ളൂ, റോഡ് മൊത്തമായി കാണാം. അതെനിക്കു വളരേ വളരേ ഇഷ്ടമായി. കഴിമ്പ്രത്ത്, ശാന്തേട്ടന്‍റെ പൂട്ടിപ്പോയ പഴയ ഐസുകടയുടെ മുന്നിലും, സ്കൂള്‍കുട്ടികള്‍ ലേഡി ബേഡ് കൊണ്ടു വെക്കുന്ന പടുവിന്‍റെ പറമ്പിലും, ഒരു നാലു നാലര നേരത്ത് റോഡിലേക്കും നോക്കി കുത്തിയിരുന്നിരുന്നതും മനസ്സിലോര്‍ത്ത്, മലബാറിന്‍റെ തനതായ (പേരറിയാഞ്ഞിട്ടല്ല, തോരന്‍, അല്ല, കാളന്‍, അല്ല സാമ്പാറ്, ശ്ശൊ, ഇപ്പത്തന്നെ ഓര്‍മ്മേണ്ടാര്‍ന്ന്) ഒന്നു രണ്ട് കറികളും കൂട്ടി അത്താഴിച്ച ശേഷം, മുറിയിലേക്ക് തിരിച്ചു വന്നു. അതിന്‍റെ ഇടയില്‍ കുറെപ്പേരെ പരിചയപ്പെട്ടു.

മുറിയില്‍ വന്ന്, വീട്ടില്‍ നിന്ന് കൊണ്ടു വന്ന കണസകുണുസകളെല്ലാം കൂടി, എനിക്കായി കൊണ്ടുവരപ്പെട്ട പച്ചക്കളര്‍ സ്റ്റീല്‍മേശയുടെ വലിപ്പില്‍ ഫില്‍ ചെയ്ത്, "കളേഴ്സ് കളേഴ്സ്" എന്ന് ഒച്ചയിടുന്ന മനസ്സിനെ "മിണ്ടാണ്ടിരിക്ക്‌റാ" എന്ന് പറഞ്ഞ് പേടിപ്പിച്ച്, എന്‍റെ കോഴിക്കോട്ടെ ആദ്യരാത്രിയുടെ മനോഹാരിതയിലേക്ക് ഞാന്‍ ഊളാക്കു കുത്തിയിറങ്ങി... ങുര്‍ര്‍ര്‍..ങുര്‍ര്‍ര്‍...

(തുടരുമായിരിക്കും...)

Thursday, 5 July 2007

കോയിക്കോട്ടേയ്ക്ക്

തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ സന്തോഷം പകരുന്നതാണ്‌ എഞ്ചിനീറിങ്ങ് കോളേജ് ജീവിതം. അതെഴുതാനാണിരുന്നതും. പക്ഷേ, അതിലേക്കെത്തിയ വഴി പറയാതെ അങ്ങോട്ട് പോവാന്‍ മനസ്സു വരാത്തതിനാല്‍ ജീവിതത്തിന്‍റെ റ്റേണിങ്ങ് പോയിന്‍റെന്നു തോന്നുന്ന ഒരിടത്ത് നിന്നും തുടങ്ങാമെന്നു വെച്ചു, ഈ മനുഷ്യന്‍റെ ഒരു കാര്യം. ഇത്രയൊക്ക്യേ ഉള്ളൂന്ന്... :).

അച്ഛന്‍റെ സുഗ്രീവാജ്ഞയ്ക്കു മുമ്പില്‍ എന്‍റെ "മച്ച് എവൈറ്റെഡ്" പ്രീഡിഗി മോഹങ്ങള്‍, കരിമ്പന സിനിമയില്‍ ആദ്യരാത്രി കഴിഞ്ഞു വന്ന സീമയുടെ ബ്ളൌസു പോലെ ആയത് കുറച്ചൊന്നുമല്ല എനിക്ക് വിഷമമുണ്ടാക്കിയത്. ഒമ്പതു കൊല്ലത്തെ കഴിമ്പ്രം സ്കൂളിലെ പട്ടാളച്ചിട്ടക്കു കീഴിലെ ജീവിതത്തിനു ശേഷം, നാട്ടിക എസ്സെന്‍റെ ചൂടും ചൂരും അറിഞ്ഞു ഒന്നര്‍മ്മാദിക്കാനുള്ള എന്‍റെ മോഹങ്ങള്‍ കരിഞ്ഞുമലിഞ്ഞുമാശു ഇല്ലാതായ അന്ത തീരുമാനം മൂലം എസ്സെന്‍ കോളേജിന്‌ ഒരു കുട്ടിസഖാവിനെ നഷ്ടപ്പെട്ട കരിദിനങ്ങളായിരുന്നു അവ.

സ്കൂള്‍ ജീവിതവുമായി യൂണിഫോമില്‍ മാത്രം വ്യത്യാസമുണ്ടായിരുന്ന കഴിമ്പ്രത്തെ തന്നെ പ്ളസ്ടു ജീവിതം. ജീവപര്യന്തം കഴിഞ്ഞു പോണവനോട് "നിക്ക്‌ട്ടാ, ഒരു രണ്ടു കൊല്ലം കൂടെ കഴിഞ്ഞിട്ടു പോവാ.." എന്നു പറഞ്ഞാലുള്ള അവസ്ഥയായിരുന്നു അന്നെനിയ്ക്കും സമാനപീഢനത്തിനു പാത്രമായ ചുറ്റുവട്ടത്തെ മറ്റു പുലികള്‍ക്കും. എന്തായാലും "ഉള്ളതു കൊണ്ടോണം പോലെ, പ്ളസ്ടുവെങ്കില്‍ പ്ളസ്ടു" എന്നു കരുതി, പീജേ ജോസപ്പിനെ ശപിച്ച് ഞാനവിടെ പഠനം തുടങ്ങി.

ആ കാലത്ത്, പ്ളസ്ടു കഴിഞ്ഞാലെന്ത് എന്നൊന്നും യാതൊരു ധാരണയുമില്ലാത്ത അവസ്ഥയാണ്‌. പ്ളസ്ടു കഴിഞ്ഞാല്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റില്‍ ഡിഗ്രീ, പീജീ അങ്ങനെ വിദൂരങ്ങളിലെവിടെയോ ഉള്ള എന്തൊക്കെയോ ആയിരുന്നു കേട്ടറിവ്. അല്ലെങ്കിലും അതൊന്നും നമ്മളെ അലട്ടുന്ന പ്രശ്നമായിരുന്നില്ലല്ലോ അന്ന്, ഏത്! പക്ഷേ...
കഴിമ്പ്രത്തിന്‍റെ(എന്ന്വച്ചാ, കഴിമ്പ്രം സ്കൂളിന്‍റെ) ഗ്ളാമര്‍ കോമ്പറ്റീഷനിലെ അന്നാട്ടിലെ മുഖ്യ എതിരാളികളായിരുന്ന ചെന്ത്രാപ്പിന്നി എസ്സെന്‍ വിദ്യാഭവനില്‍ പഠിച്ചിരുന്ന നമ്മടെ സ്വന്തം കസിനാണ്‌ ഈ ലോകത്ത് "എന്‍ട്രന്‍സ്" എന്ന ഒരു കലാപരിപാടി വര്‍ഷാവര്‍ഷം കൊണ്ടാടപ്പെടുണ്ടെന്നും, സയന്‍സ് ഗ്രൂപ്പില്‍‍ പഠിക്കുന്ന എന്നെപ്പോലുള്ള ജീവികള്‍ ഇതൊക്കെ എഴുതുവാന്‍ വേണ്ടിയാണ്‌ ജനിച്ചതെന്നുമൊക്കെ എന്നെ ധരിപ്പിച്ചത്. ആ, പോട്ട് പുല്ലെന്നും പറഞ്ഞ്, അച്ഛനും ഞാനും കൂടെ ഒരു ദിവസം എട്ടരയുടെ സീതുവില്‍ കേറി വെച്ചു പിടിച്ചു. എവിടേക്കാ, തൃശ്ശൂരേക്ക്..എന്തിനാ, ജയറാംസാറിനെ കാണണം, എന്‍ട്രന്‍സു പഠിക്കണം. അങ്ങനെ പഠിച്ചിട്ടും പഠിച്ചിട്ടും വെടി തീരാതെ ബാക്കിയുണ്ടായിരുന്ന ഞാന്‍ ഏതോ ഒരു സുപ്രഭാതത്തില്‍ എന്‍റെ അന്ത പുതിയ അങ്കവും തുടങ്ങി.

കാലത്തിന്‍റെ വണ്ടി ഷൂമാക്കറും അലോന്‍സോയും മാറി മാറി ഓടിച്ചിരുന്ന കാലമായിരുന്നു അത്. ആഴ്ചയില്‍ ആറു ദിവസവും ഒടുക്കത്തെ പ്ളസ്ടു ക്ളാസുണ്ടാകുമായിരുന്നു. രണ്ടാം ശനിയാഴ്ച മാത്രം അതിനെ "സ്പെഷല്‍" എന്ന ഓമനപ്പേരില്‍ വിളിച്ചു. എന്നെങ്കിലും ഞാന്‍ വിദ്യാഭ്യാസമന്ത്രി ആവുകയാണെങ്കില്‍ അന്ത ശനിയാഴ്ചക്ളാസ്സുകളെയും കൂടെപ്പിറന്ത സ്പെഷലിനെയും എടുത്ത് അറബിക്കടലില്‍ തട്ടുമെന്നു കരുതി രോഷമടക്കിയിരുന്ന ആ കാലത്താണ്‌ ചൊറിച്ചിലു പോരാഞ്ഞിട്ട് ഞാന്‍ എല്ലാ ഞായറാഴ്ചയും ഏഴരയുടെ ശ്രീരാമിലേറി തൃശൂരു പോയി ജയറാംസാറിന്‍റെറ്റെയും മറ്റു സാറമ്മാരുടെയും (മാഷിനെ സാറെന്ന് ആദ്യമായി വിളിച്ചത് അവിടെയാണ്‌) വായിലിരിക്കുന്നത് കേള്‍ക്കാന്‍ തൃശ്ശൂര്-കോട്ടപ്പുറത്തെ ആ കടുവക്കൂട്ടിലേക്ക് കെട്ടിയെടുത്തിരുന്നത്.
എന്നാല്‍...

രണ്ടു വര്‍ഷത്തെ അതിഭീകര പ്രയത്നത്തിനു ശേഷം എന്‍ട്രന്‍സിന്‍റെ റിസല്‍റ്റു വന്നപ്പോള്‍ കഴിമ്പ്രം ഞെട്ടി. (വേളേക്കാട് തറവാട് ഞെട്ടി എന്നു തിരുത്തി വായിക്കാനപേക്ഷ). "നമ്മടെ ഫോണ്‍ നമ്പറെന്തൂട്ട്‌ണ്ടാ നിന്‍റെ നമ്പറിന്‍റെ നേരെ എഴ്ത്യേക്കണേ" എന്ന മട്ടിലുള്ള ചോദ്യങ്ങള്‍ ഉണ്ടാക്കിയ ഞെട്ടലില്‍ നിന്നും വിമുക്തനാവാനും അച്ഛനടക്കമുള്ള എന്‍റെ അഭ്യുദയകാംക്ഷികളെ വിമുക്തരാക്കാനും, തറവാട്ടിലെ ആസ്ഥാനപഠിപ്പിസ്റ്റെന്ന ദുഷ്പേരു വഹിച്ചിരുന്ന ഞാന്‍ അന്ന് ആ പുലര്‍ച്ചയ്ക്ക് "ഞാന്‍ പോളീല്‌ ചേരാന്‍ പൂവാണ്‌" എന്നൊരു നയപ്രഖ്യാപനം നടത്തി. റ്റെക്നോളജിസ്റ്റും റ്റെക്നീഷ്യനും തമ്മില്‍ സ്പെല്ലിങ്ങില്‍ മാത്രമേ വ്യത്യാസമുണ്ടാവൂ എന്ന് അത്രയും കാലം തൃശൂരു പോയി വന്ന എന്‍റെ യാത്രാനുഭവജ്ഞാനം വെച്ച് ഞാന്‍ നിരൂപിച്ചു.

***

അങ്ങനെയൊരു ആഗസ്റ്റ് പുലരിയില്‍ തൃപ്രയാര്‍ ശ്രീരാമപോളിയില്‍ ഞാന്‍ കാലെടുത്തു വെച്ചു. നല്ല ക്യാമ്പസ്. കുറേ മരങ്ങള്‍, ഒടുക്കത്തെ വെയിലില്ല. പഴയ സ്റ്റൈലിലുള്ള കെട്ടിടങ്ങളും ക്ളാസ്സ്മുറികളും. സര്‍ക്കാര്‍സ്ഥാപനങ്ങളുടെ ഒരു തരം സുഖമുള്ള പേപ്പര്‍മണമുള്ള മുറികള്‍, അടക്കാനും തുറക്കാനും ശ്ശി കായികാധ്വാനമാവശ്യമുള്ള ഗമണ്ടന്‍ വാതിലുകളും ജനലുകളും..എന്തു കൊണ്ടും എനിക്കിഷ്ടമായി. ഇതു തന്നെ നമ്മുടെ ലോകം, ഞാന്‍ നിശ്ചയിച്ചു.

കാര്യങ്ങളെല്ലാം കുശാലായി മുന്നോട്ടു പോയി. റാഗിങ്ങും മറ്റുമെല്ലാം അതിന്‍റെ വഴിക്കു തകൃതിയായി നടന്നുകൊണ്ടിരുന്നു. പക്ഷേ, പൊതുവെ ഒരു സൌഹൃദാന്തരീക്ഷമായതിനാല്‍ ആകെപ്പാടെ മനസ്സിനു കുളിര്‍മ്മയുണ്ടായിരുന്ന ദിവസങ്ങളായിരുന്നു അവ. അതിനിടെ ഇലക്ഷന്‍ വന്നു. അന്നേ വരെ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രത്തെ (ഇവനാരെടാ എന്നു വിചാരിക്കരുത്, എന്‍റെ തറവാട് പാര്‍ട്ടി ആപ്പീസു പോലെയായിരുന്നു..) വെല്ലുവിളിച്ച് ഞാന്‍ മറ്റൊന്നില്‍ കൂടുകൂട്ടാന്‍ നോക്കി. ക്ളാസ്സ്‌റെപ്പായി മല്‍സരിച്ചു, സ്വതന്ത്രനായിട്ട്. 24-ഓളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഹായ്...സന്തോഷായി. എന്നാല്‍ രാഷ്ട്രീയത്തിന്‍റെ അനവസരത്തിലുള്ള ഇടപെടലുകളില്‍ എനിക്ക് ഭാഗഭാക്കാവാന്‍ കഴിയുമായിരുന്നില്ല. ഞാനത് ശക്തമായി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അങ്ങനെ ഞാനെന്‍റെ പഴയ ചിന്താഗതിയിലേക്ക് തിരിച്ചു പോയി.

ഇത്തരം ചെറിയ ചെറിയ ഗുലുമാലുകള്‍ക്കിടെ ഒന്നാം വര്‍ഷപരീക്ഷ വന്നു. പക്ഷേ, ആ സമയത്ത് എനിക്ക് പിന്നേം എന്‍ട്രന്‍സെഴുതണമെന്നൊരു ആഗ്രഹം കയറിക്കൂടി. മടിച്ചുമടിച്ചാണ്‌ അന്ന് അച്ഛനോട് ആ ആഗ്രഹം പറഞ്ഞത്. പക്ഷേ അച്ഛന്‍ വളരെ നോര്‍മ്മലായി പ്രതികരിച്ചു. അവസാനം കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയാകരുതെന്നു മാത്രം ഒരു ഉപദേശം തന്നു. സൂപ്പര്‍...ഞാന്‍ വളരെ ഹാപ്പിയായി!

പിന്നെയുള്ള ഒരു മാസം അത്യുഗ്രന്‍ പഠിപ്പു പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കുറേ നോട്ടെല്ലാം അവിടന്നും ഇവിടന്നുമൊക്കെ സമ്പാദിച്ചു. ചിരിച്ചു കൊണ്ട് നമ്പൂതിരിഭാഷയില്‍ ഫിസിക്സ് പഠിപ്പിച്ചിരുന്ന ജയറാംസാറിനെയും, ചുമരില്‍ ചാരി നിന്ന്, കൈ പിന്നില്‍കെട്ടി, കാലാട്ടിക്കൊണ്ട്, സൌമ്യമായി പിതാവിന്‍റെ സുഖസൌകര്യമന്വേഷിക്കുന്ന രാധാകൃഷ്ണന്‍ സാറിനെയും, പിന്നെ നല്ല അസ്സല്‍ തൃശ്ശൂര്‍ഭാഷയില്‍ വൃത്തിയായി പാട്ടും പാടി കണക്കുക്ളാസ്സെടുത്തിരുന്ന അജിത്ത്‌രാജ സാറിനെയുമൊക്കെ മനസ്സില്‍ ധ്യാനിച്ച് പഴയ തൃശൂര്‍ ചരിതങ്ങളുടെ ബാക്കിപത്രങ്ങളും മറിച്ചു നോക്കാന്‍ തുടങ്ങി. തൃശ്ശൂരെ എന്‍ട്രന്‍സ്‌ പുലി പീ.സി-യുടെ നോട്ടുകളും സംഘടിപ്പിച്ചു. വാഹ്, ക്യാ ബാത് ഥാ, എന്തൊരു ഒരുക്കമായിരുന്നു!!! അങ്ങനെ അന്ത വര്‍ഷത്തെ പരീക്ഷയില്‍ ഞാന്‍ ഒന്നൂടെ എന്‍റെ ഭാഗ്യം പരീക്ഷിച്ചു.

മാര്‍ക്കു വന്നപ്പോ, വിചാരിച്ചതിന്‍റെ ഏഴയലത്തെത്തിയില്ലെങ്കിലും ഒന്നു ഇടിച്ചു നിക്കാനുള്ള റാങ്ക് ഉണ്ടായിരുന്നതു കൊണ്ട് ഏതെങ്കിലുമൊരു കോളേജില്‍ അഡ്മിഷന്‍ കിട്ടുമെന്നൊരു വിശ്വാസം ബലപ്പെട്ടു കിട്ടി. ഇടുക്കി എഞ്ചിനീറിങ്ങ് കോളേജിലായിരുന്നു ആദ്യത്തെ അഡ്മിഷന്‍ കിട്ടിയത് (ഇപ്പൊ റാങ്കിനെപ്പറ്റി ഏകദേശധാരണ കിട്ടീലോ, ല്ലേ?). അതേത്തു രാജ്യത്താണെന്നൊക്കെ അന്വേഷിച്ചു പിടിച്ചു വന്നപ്പോത്തന്നെ ഊപ്പാടെളകിയിരുന്നു. ആരൊക്കെയോ പറഞ്ഞു, അവടത്തെ പഴയ ഒരു ആശുപത്രിയിലാണ്‌ കോളേജ് ഇപ്പൊ നടക്കുന്നത്. എന്ത്!! ഹോസ്പത്രിയിലും കോളേജോ, ഇനി മെഡിക്കല്‍ കോളേജാണോ അന്ത മഹാന്‍ ഉദ്ദേശിച്ചതെന്നൊക്കെ എനിക്കു ഡൌട്ടടിച്ചു. ആ, എന്തു ഡാഷെങ്കിലുമാവട്ടേന്നു മനസ്സില്‍ കരുതിയിരിക്കുമ്പോഴാണ്‌ വെളുപ്പിന്‌ തൃപ്രയാറു നിന്നും കട്ടപ്പനക്കൊരു ബസ്സുണ്ടെന്നു ഞാനറിയുന്നത്. എന്ത്!, ഞാന്‍ പിന്നേം ഞെട്ടി. ഇതെന്തു കൂത്ത്, കഴിമ്പ്രത്തു നിന്നും കോവളത്തേക്ക് ബസ്സ് സര്‍വ്വീസു തുടങ്ങീന്നു പറഞ്ഞാലും ഞാന്‍ വിശ്വസിക്കും. എന്നാലിത്... പക്ഷേ, സംഗതി സത്യമായിരുന്നു. കടവുള്‍ജി, എന്നെ ഇടുക്കിയിലേക്കു പറിച്ചു നടാന്‍ നീങ്ക മനഃപൂര്‍വ്വം സെറ്റിങ്സ് നടത്തുകയാണോ, "സുഖമോ ദേവി"-യിലെപോലെ ഒരു കാമ്പസ് എന്ന എന്‍റെ സ്വപ്നത്തിന്‍റെ കതിരിന്‍മേല്‍ താങ്കള്‍ കുരുടാന്‍ അടിക്കുകയാണോ. എന്‍റെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി.

എന്തൊക്കെയായാലും കൂടുതല്‍ ഞെട്ടിരസിക്കാന്‍ അവസരം നല്‍കാതെ, അഡ്മിഷനു മുമ്പു തന്നെ എനിക്ക് കോഴിക്കോട്ടേക്ക് ഹയര്‍ ഓപ്ഷന്‍ കിട്ടി. ഏ.ഡബ്ളിയൂ.എഛ് എഞ്ചിനീറിങ്ങ് കോളേജ്... ടെന്‍ടെടേന്‍..!!!ഒരു മാതിരി പച്ചക്കറിക്കടയുടെ പേരു പോലെ ആദ്യം തോന്നിയെങ്കിലും, അന്വേഷിച്ചു പിടിച്ചു വന്നപ്പൊ സംഗതി കൊള്ളാമെന്നു തോന്നി. കോളേജ് പുതുതായി തുടങ്ങുന്നതാണ്‌ എന്ന ഒരു പ്രസ്താവന എനിക്കങ്ങോട്ട് ദഹിച്ചില്ലെങ്കിലും ആവശ്യക്കാരനു ഔചിത്യമില്ലെന്ന് പണ്ടാരോ പറഞ്ഞതു കൊണ്ടു മാത്രം പാവപ്പെട്ട ഞാന്‍ ക്ഷമിച്ചു. പിന്നെ, കട്ടപ്പന എന്നതിനേക്കാള്‍ കേള്‍ക്കാന്‍ സുഖം കാലിക്കറ്റ് തന്നെ എന്നും ഞാനങ്ങോട്ട് ഉറപ്പിച്ചു. അങ്ങനെയങ്ങനെ, എഞ്ചിനീറിങ്ങ് മോഹങ്ങള്‍ക്ക്‌ പച്ചഷേഡും, സ്വപ്നങ്ങളുടെ ബാക്ഗ്രൌണ്ടുകള്‍ക്ക് ഒപ്പനമ്യൂസിക്കുമായി നവമ്പര്‍ മാസത്തെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ഞാന്‍ പിതൃസമേതം കോഴിക്കോട് നഗരത്തില്‍ നിന്നും പത്തുപന്ത്രണ്ടു കി.മീ. കിഴക്കുള്ള കുറ്റിക്കാട്ടൂര്‍ ഗ്രാമത്തിനു അഞ്ചാറു ഫര്‍ലോങ്ങ് തെക്ക് സ്ഥിതി ചെയ്യുന്ന പട്ടയില്‍കുന്നെന്ന മൊട്ടക്കുന്നില്‍, പണിതിട്ടും പണിതിട്ടും പണി തീരാത്ത അന്ത സ്ഥാപനത്തില്‍ കാലെടുത്തു കുത്തി.

(തുടരാം, തുടരാതിരിക്കാം. മന്സമ്മാരെ കാര്യല്ലെ കോയാ, ഇന്നാട്ടില്‌ ആരേം ബിസ്സൊസിക്കാന്‍ പറ്റൂലാന്ന്.. ;) )

Wednesday, 27 June 2007

കന്നിമോഷണം, കന്നിവാറന്‍റ്, കന്നിശിക്ഷ

കഴിമ്പ്രത്ത് സ്കൂളിന്‌ മതില്‌ പണിയുന്നതിനും മുമ്പ്, എന്നു വെച്ചാല്‍, എട്ടരയ്ക്ക് തൃശൂര്‍ക്ക് പതിവു തെറ്റാതെ ട്രിപ്പടിയ്ക്കുന്ന "വര്‍ഷ" യുടെ (ഇന്നത്തെ ഡീപ് ബ്ളൂ സീ) വരെ അടി മുട്ടുമാറാകും വണ്ണം, കഴിമ്പ്രം-എടമുട്ടം റോഡില്‍, എണ്ണം പറഞ്ഞ മൂന്നു ഹമ്പുകള്‍ പണിതുയര്‍ത്തുന്നതിനും വളരെ മുമ്പ്, ഗോപാലേട്ടന്‍ കട പുതുക്കിപ്പണിയുന്നതിനും റോയല്‍ സ്റ്റോഴ്സ് സ്കൂള്‍കുട്ടികളുടെ ജീവിതരീതി തന്നെ മാറ്റിമറിക്കുന്നതിനും വളരെ വളരെ മുമ്പ്, ഇന്‍റര്‍ബെല്ലിന്‌(അതെ, ഇന്‍റര്‍വെല്‍ തന്നെ) പുറത്തേയ്ക്ക് പായുന്ന കഴിമ്പ്രം സ്കൂളിലെ പിള്ളേരുടെ ആശ്രയമായിരുന്ന ശാന്തേട്ടന്‍റെയും ശേഖരശാന്തിയുടെയും ബൈജുച്ചേട്ടന്‍റെയും കടകള്‍ ഫുള്‍ ത്രോട്ടിലില്‍ ബിസിനസ്സ് നടത്തിക്കൊണ്ടിരുന്ന അന്ത സുവര്‍ണ്ണകാലം...

താരനാഥന്‍മാഷിന്‍റെ ഹിറ്റ്ലര്‍ ഭരണകാലമായിരുന്നു അന്ന്. വെള്ളയും വെള്ളയും ഇട്ട് കമ്പൌണ്ടര്‍മാരെപ്പോലെ നടന്നിരുന്ന ഞങ്ങളൊക്കെ അന്ന് മാഷിന്‍റെ ബുള്ളറ്റിന്‍റെ ശബ്ദം കേള്‍ക്കുമ്പൊത്തന്നെ ഓടിയൊളിക്കുമായിരുന്നു, എന്തിനാന്നറിഞ്ഞിട്ടല്ല, എല്ലാരും ചെയ്യുന്നു, അപ്പൊ ഞങ്ങളും ചെയ്തു പോന്നു. സ്കൂളിന്‍റെ പടിഞ്ഞാറേ ഭാഗത്തുള്ള കുഞ്ഞുഗേറ്റിലൂടെ പുറത്തു കടന്നാല്‍ മേല്‍പ്പറഞ്ഞ കടകള്‍ സ്ഥിതി ചെയ്യുന്ന, പ്രസിദ്ധമായ അന്നത്തെ കഴിമ്പ്രം സെന്‍ററിലെത്താം. പിന്നീട് സ്കൂളിന്‍റെ ഗേറ്റ് കിഴക്കോട്ടു മാറ്റിയപ്പൊ സെന്‍ററും കൂടെ അങ്ങോട്ടു മാറി. ചുരുക്കം പറഞ്ഞാല്‍ അത്രേ ഉള്ളൂ കഴിമ്പ്രംന്ന്...

അങ്ങനെ സെന്‍ററിലെത്തിയാപ്പിന്നെ പൊടിപൂരമല്ലേ... ശാന്തേട്ടന്‍റെ പെട്ടിക്കടയില്‍ നിന്ന് ഐസു കിട്ടും. 20 പൈസയായിരുന്നു അന്ന് വലിയ ഐസിന്‌. ഐസെന്നു പറഞ്ഞാല്‍, ശാന്തേട്ടന്‍റെ അന്നത്തെ ശിങ്കിടിയായിരുന്ന പാലക്കാട്ടുകാരന്‍ നാരായണേട്ടന്‍ കുറേ, മുന്തിരിയും പൈനാപ്പിളുമൊക്കെ ജൂസടിച്ചിട്ട് പ്ളാസ്റ്റിക് കവറിലാക്കി ഫ്രീസറില്‍ വെച്ച് ഷേപ്പാക്കി കൊടുക്കുന്നതായിരുന്നു ഞങ്ങടെ അന്നത്തെ ഐസ്. കഴിമ്പ്രത്തെ പാവപ്പെട്ട കൌമാരങ്ങളുടെ ബേബിവിറ്റയായിരുന്നു ആ "ശാന്തേട്ടന്‍ ബ്രാന്‍റഡ്, നാരായണന്‍ മെയ്ഡ് ഫ്രോസണ്‍ ജൂസ്". അങ്ങനെയുള്ള ഐസ് പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി ദയാപരനും ശുദ്ധനുമായ ശാന്തേട്ടന്‍ പൈന്‍റായും കൊടുത്തിരുന്നു. അതിനു പത്തു പൈസയായിരുന്നു വില. അതേ പരിപാടി തന്നെയായിരുന്നു ബൈജുച്ചേട്ടനും നടത്തിയിരുന്നതു. ഐസിന്‍റെ കൂടെ അന്നത്തെ ഫാസ്റ്റ്മൂവിങ്ങ് മുട്ടായി ഐറ്റംസായിരുന്ന ഡെക്കാണ്‍, തേന്‍നിലാവ്, പാരിസിന്‍റെ, നാരങ്ങേടെ ടേസ്റ്റുള്ള ചെമന്ന ഒരു തരം മുട്ടായി, പിന്നെ ജെനുവിന്‍ നാരങ്ങമുട്ടായി, ചുക്കുണ്ട, പൊരിയുണ്ട, കപ്പലണ്ടിമുട്ടായി എന്നിവയൊക്കെ വാങ്ങാന്‍ വേണ്ടി ഞാനുള്‍പ്പെടെയുള്ള പിള്ളേര്‍ക്കൂട്ടം അന്നൊക്കെ തള്ളിക്കയറുന്നതു കണ്ടിരുന്നെങ്കില്‍ സൊമാലിയയിലേയ്ക്ക് കൊണ്ടു പോകുന്ന ഭക്ഷണപ്പൊതികളെല്ലാം യു.എന്‍. ഹെലിക്കോപ്റ്ററുകള്‍ കഴിമ്പ്രത്തിട്ട് പോയേനെ.

ഒരു രൂപ ഉണ്ടെങ്കില്‍ അഞ്ചു ഡെക്കാണും ആറു്‌ നാരങ്ങമുട്ടായിയും രണ്ടുമൂന്ന് പൊരിയുണ്ടയുമായി സുഭിക്ഷം വാഴാമായിരുന്ന കാലം. എന്തു പറഞ്ഞിട്ടെന്താ, സ്കൂളിന്‍റെ തൊട്ടടുത്തായിരുന്നു വീട്‌ എന്നതിനാല്‍ എന്‍റെ കയ്യില്‍ പാഞ്ച് കാ നയാപൈസാ ഉണ്ടാവാറില്ലായിരുന്നു. ഭക്ഷണം ചോറുപാത്രത്തിലാക്കിക്കിട്ടും. പിന്നെ എന്തൂട്ടിനാണ്ടാ നീ പൊറത്തെറങ്ങണെ? എന്നായിരുന്നു ചോദ്യം. സംഭവം ശരിയായതു കൊണ്ട് ഞാനന്ന് തര്‍ക്കിക്കാനൊന്നും പോവാറില്ലായിരുന്നു. പക്ഷേ, എന്നു കരുതി നമുക്കു നമ്മുടെ വാസനകളെ നിയന്ത്രിക്കാന്‍ പറ്റുമോ, നല്ല കാര്യായി, ബാക്കി പിള്ളേരൊക്കെ ചുക്കുണ്ടയും തേന്‍നിലാവും ഐസുമൊക്കെ ചുമ്മാ വാങ്ങി അടിച്ചു കേറ്റുമ്പൊ ഞാനെന്തിനു വെറുതെയിരിക്കണം!! ഹും!
വീട്ടില്‍ ചോദിച്ചാല്‍ കാശു കിട്ടില്ല എന്ന്, ഏതൊരു നിഷ്കളങ്കന്‍റെയും പോലെ എനിക്കുമൊരു മുന്‍വിധി ഉണ്ടായിരുന്നു. അതു കൊണ്ട് അമ്മയുടെ ബാഗിന്‍റെ സൈഡില്‍ "അറിയാതെ" കയ്യിടുമ്പോള്‍ കിട്ടുന്ന ഇരുപതിന്‍റെയും അമ്പതിന്‍റെയും ഇടയ്ക്കൊക്കെ ഒറ്റക്കൊട്ടുറുപ്യേന്‍റേം നാണയങ്ങള്‍ ഞാന്‍ കൂട്ടി വെക്കാന്‍ തുടങ്ങി. ഈ ചില്ലറയെല്ലാം കൂടി താങ്ങിയെടുത്ത് വലപ്പാട് സ്കൂളു വരെ പോയി വരാന്‍ അമ്മയ്ക്കുണ്ടാവുന്ന ബുദ്ധിമുട്ടു കണ്ട് ഞാന്‍ ചെയ്യുന്ന ഒരു പുണ്യപ്രവൃത്തിയായി അവരതു കണ്ടോളുമെന്നു ഞാന്‍ സമാധാനിച്ചു. :(

അങ്ങനെ ഒരു മാസത്തോളമായപ്പോ എന്‍റെ കയ്യില്‍ ഏകദേശം ഇരുപത്തഞ്ചു രൂപയോളമായി. ഒരു കൊല്ലം മുഴുവനും എനിയ്ക്ക് ഐസുകടകളില്‍ പാറിപ്പറന്നു നടക്കാം. ഊണു കഴിച്ചെന്നു വരുത്തി പുറത്തിറങ്ങുമ്പോള്‍ കൂടെ കൂട്ടുകാരുടെ നീണ്ട നിര ഉണ്ടാവും. കടയില്‍ച്ചെന്ന് എല്ലാര്‍ക്കും ആവശ്യമുള്ളത് വാങ്ങിക്കോ എന്നു പറയുമ്പോളുണ്ടാവുന്ന വില, ഹൊ! എന്‍റെ ഉള്ളില്‍ ശിവമണി ഉടുക്കു കൊട്ടി ! ഞാനെന്‍റെ സമ്പാദ്യം ചെറിയ തോതില്‍ മാര്‍ക്കറ്റിലേക്കിറക്കിത്തുടങ്ങി. കച്ചവടം കൂടിയപ്പൊ ശാന്തേട്ടനും ബൈജുച്ചേട്ടനുമൊക്കെ എന്നോടു വലിയ ബഹുമാനം വന്നു തുടങ്ങി. കടയില്‍ ഞാന്‍ വരുമ്പോത്തന്നെ പിള്ളേരു വഴിമാറിത്തുടങ്ങി. ഹിഹി! അങ്ങനെ ഞാന്‍ അര്‍മാദിച്ചു നടന്നു.

പക്ഷേ, ആ അര്‍മ്മാദപ്രക്രിയക്ക് അധികം ആയുസ്സുണ്ടായില്ല, അമ്മേടെ ബന്ധുവായിരുന്ന ശേഖരശാന്തി എന്ന ശേഖരച്ഛാച്ഛന്‍റെ കണ്ണില്‍ വിപണിയിലെ എന്‍റെ ഈ ഇടപെടല്‍ കൃത്യമായി പതിഞ്ഞു. അടുത്ത ദിവസം അമ്മയെ കണ്ടപ്പോള്‍ മൂപ്പരത് വ്യക്തവും ശക്തവുമായ ഭാഷയില്‍ അമ്മയെ അറിയിക്കുകയും ചെയ്തു. "റാണ്യേ, ചെക്കനെ സൂക്ഷിച്ചോളോട്ടാ, എന്തോരം മുട്ടായ്‌യാ അവന്‍ വാങ്ങിത്തിന്ന്‌ണേ..നീയെന്തൂട്ട്‌ണാടീ അവനിങ്ങനെ കാശു കൊടുക്ക്‌ണേ..". അമ്മ കിടുങ്ങി. പാവപ്പെട്ട ഞാന്‍ ഈ സംഭവം അറിഞ്ഞില്ല. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍! പിറ്റേന്ന് വൈകീട്ട് പതിവുപോലെ സ്കൂളൊക്കെ വിട്ട് ജോളിയായി, സിങ്ങ്‌ച്ചേട്ടന്‍ വീടു പണിയുന്നതിനു മുമ്പ് ഒഴിഞ്ഞു കിടന്നിരുന്ന വടക്കേക്കാരുടെ വിശാലമായ പറമ്പിലൂടെ ആണിച്ചാലൊക്കെ ചാടിക്കടന്ന് ഞാന്‍ വീട്ടിലെത്തിയപ്പൊ അവിടെ ഒരു അസുഖകരമായ അന്തരീക്ഷം ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല. പക്ഷേ, കുടുംബപ്രശ്നങ്ങളില്‍ തലയിട്ട് അലമ്പാക്കാനുള്ള പ്രായമെനിക്കായിട്ടില്ലെന്ന് ബോധ്യമുണ്ടായിരുന്നതിനാലും എനിക്കെന്‍റെ 'പോസ്റ്റ് സ്കൂള്‍ സെഷന്‍' ലീലാവിലാസങ്ങള്‍ക്കു പോവേണ്ടതിനാലും കിട്ടിയതൊക്കെ വലിച്ചു വാരിത്തിന്ന് ഞാനെന്‍റെ സങ്കല്പക്കുതിരയുടെ പുറത്ത് കേറി "ഹൊയ് ഹൊയ്" വിളിച്ച് കുളമ്പടി മ്യൂസിക്കുമിട്ട് പുറത്തേക്കു പാഞ്ഞു പോയി.

വൈകീട്ട് വന്നു കേറിയപ്പോഴെക്കും അന്തരീക്ഷം ആകെ കലുഷിതമായിരുന്നു. അച്ഛനും അപ്പോളേക്കും വിവരമറിഞ്ഞിരുന്നു. വല്യമ്മായീടെ മോന്‍ സജിച്ചേട്ടനുള്‍പ്പെടെ ഒരു മൂന്നുനാലംഗ കമ്മീഷന്‍ അവിടെ ചോദ്യം ചെയ്യലിനു തയ്യാറായി നില്‍പ്പുണ്ടായിരുന്നു. ഞാനെത്തുമ്പോളേക്കും അവര്‍ എന്‍റെ ബാഗ് പരിശോധിച്ച് നമ്പൂതിരീസ് പല്‍പ്പൊടിയുടെ ഒഴിഞ്ഞ ഒരു അളക്കില്‍ (ചെറിയ ഡബ്ബ) സൂക്ഷിച്ചു വച്ചിരുന്ന തൊണ്ടിമുതലെല്ലാം പിടിച്ചിരുന്നു. കഷ്ടം! തൊണ്ടി പിടിക്കുമ്പോള്‍ ഒരു കള്ളനുണ്ടാകുന്ന ആത്മനൊമ്പരം എനിയ്ക്കന്നാണ്‌ ആദ്യമായി മനസ്സിലായത്. തറവാട്ടിലെ ഇടുങ്ങിയ തെക്കേമുറിയീല്‍ വച്ച്, കമ്മീഷന്‍ മുന്‍പാകെ എന്‍റെ ക്രോസ്സ് വിസ്താരം നടന്നു. ഞാന്‍ തല കുമ്പിട്ടു നിന്നു. ഒരു വശത്ത് അമ്മ കണ്ണീരൊഴുക്കുന്നു. അച്ഛന്‍ കണ്ണു തുറിപ്പിക്കുന്നു. കിട്ടിയ ചാന്‍സില്‍ സജിച്ചേട്ടന്‍ ഒരു പീറ ബാലനായ എന്‍റെ മുന്നില്‍ ഷൈന്‍ ചെയ്യുന്നു... എന്‍റെ പിഴ, എന്‍റെ വലിയ പിഴ!
വിസ്താരത്തിനും കയ്യും കാലും തല്ലിയൊടിക്കുമെന്നു തുടങ്ങുന്ന ചെറുഭീഷണികള്‍ക്കുമൊടുവില്‍, പ്രതിയുടെ പ്രായം കണക്കിലെടുത്ത് അവരെല്ലാം കൂടി എന്നെ വെറുതെ വിട്ടു, ഇനി മേലാല്‍ അച്ഛന്‍റെയോ അമ്മയുടെയോ സമ്മതം കൂടാതെ കാശ് നോക്കുക പോലുമില്ലെന്നും എല്ലാ ദിവസവും വൈകീട്ട് ബാഗ് അമ്മയെ കാണിച്ച് ഒപ്പു വാങ്ങിക്കൊള്ളാമെന്നുമുള്ള ഉപാധികളിന്‍മേല്‍.... അവസാനം കോടതി പിരിഞ്ഞ് വായിട്ടലച്ച ക്ഷീണത്തോടെ എല്ലാരും മുറി വിട്ടു പോയപ്പൊ, നിലത്ത് ഒഴിഞ്ഞു കിടന്നിരുന്ന പല്‍പ്പൊടി അളക്കിന്‍റെ പുറത്തെ പടത്തിലിരുന്ന് നമ്പൂതിരി മാത്രം എന്നെ നോക്കി ചിരിച്ചു.

Friday, 15 June 2007

കിഴക്കേപ്രത്തെ ചക്രവര്‍ത്തി

ഞാനൊരു പുസ്തകപ്പുഴുവായിരുന്നു. എന്നു വെച്ചാല്‍, കണ്ട ബാലരമേം ബാലമംഗളോം പൂമ്പാറ്റേം മലര്‍വാടീം അമ്പിളിമാമനും അമര്‍ ചിത്രകഥേം ഇന്‍സ്പെക്ടര്‍ ഗുല്‍ഗുലുമാലും അങ്ങനെയങ്ങനെ കയ്യില്‍വന്നു ചേരുന്ന സകലമാന പുസ്തകാദികളും ഞാന്‍ വള്ളിപുള്ളി വിടാതെ വായിച്ചു സായൂജ്യമടഞ്ഞിരുന്നു. അങ്ങനെയിരിക്കെ 3-4 ക്ളാസ്സുകളില്‍ പഠിക്കുന്ന സമയത്ത് എനിക്ക് കുറേ റഷ്യന്‍ പുസ്തകങ്ങള്‍ കിട്ടി. അവിടത്തെ റാദുഗാ പബ്ളിക്കേഷന്‍സിന്‍റെ പുസ്തകങ്ങള്‍ പ്രഭാത് ബുക്സ് ഇവിടെ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. മനോഹരങ്ങളായ അവയിലെ കഥകളും, തനിമ ഒട്ടും ചോര്‍ന്നു പോവാത്ത രീതിയിലുള്ള, ഗോപാലകൃഷ്ണന്‍റെയും ഓമനയുടെയും വിവര്‍ത്തനവും, എന്നിലെ നിഷ്കളങ്കനായ ബാലനെ സ്വപ്നങ്ങളുടെയും ഭാവനകളുടെയും നെറുകയിലെത്തിച്ചു. "രത്നമല", "മായാജാലക്കഥകള്‍", "കുട്ടികളും കളിത്തോഴരും", അങ്ങനെയങ്ങനെ ഒരുപാടൊരുപാടു പുസ്തകങ്ങള്‍. KSRTC-യിലായിരുന്ന വല്യച്ഛന്‍റെ ശേഖരത്തില്‍ നിന്നായിരുന്നു അവ കിട്ടിയത്. അതൊക്കെ വായിച്ചു കഴിഞ്ഞതിനു ശേഷം, ഒഴിവുവേളകളില്‍ ഞാന്‍ രാജാവും പടയാളിയും ധീരയോദ്ധാവും രാജകുമാരനും ഒക്കെയായി.

മാമന്‍റോടെ പോവുമ്പോഴായിരുന്നു എനിക്ക് ഇത്തരം ബാധകള്‍ കൂടിയിരുന്നത്. അവിടെ സഹോദരലോബി ഇല്ലെങ്കില്‍ പിന്നെ ഞാന്‍ ഒറ്റക്കാണ്‌. അത്തരം സന്ദര്‍ഭങ്ങളില്‍ കിഴക്കേപ്രത്തെ വിശാലമായ തൊടിയിലേയ്ക്ക് ഞാനിറങ്ങും. ഉച്ചയ്ക്ക് ഊണു കഴിഞ്ഞതിനു ശേഷമായിരിക്കും കൂടുതലും. ആ സമയത്ത് ആരുടേം ശല്യമുണ്ടാവില്ലെന്നതു തന്നെ കാരണം. "തോട്ടിലൊന്നും എറങ്ങണ്ട്രാ" "ചെരിപ്പിടാണ്ട് അവടൊന്നും നടക്കണ്ട്രാ" "അമ്പും വില്ലും കൊണ്ട് കളിച്ച് കണ്ണു കളയണ്ട്രാ" എന്നൊന്നും ആരും അപ്പൊ വന്നു പറയുകയില്ല.

അങ്ങനെ കിഴക്കേപ്രത്തിറങ്ങിക്കഴിഞാല്‍, പിന്നെ കാലവും കഥയും മാറുകയായി. സൂര്യന്‍റെ സഹോദരി ഇലാന കോസിന്‍സാനയെ ജീവനു തുല്യം സ്നേഹിച്ച് അവളെ വീണ്ടെടുക്കാനിറങ്ങിപ്പുറപ്പെട്ട ബാസില്‍ ഫെറ്റ്ഫ്രൂമോസായി ഞാന്‍ മാറും. ആനറാഞ്ചിപ്പക്ഷികളും ഒമ്പതു തലകളുള്ള വ്യാളികളും നിറഞ്ഞ താഴ്വരകളിലൂടെ, പ്രിയസുഹൃത്തിന്റെ കാമുകിയെത്തേടി ഇറങ്ങിയ മൃഗകുമാരനായി ഞാന്‍ അലയും. അടക്കാരപ്പട്ടകള്‍ കുതിരകളായും കൊലഞ്ചലുകള്‍ കത്തികളായും ശീമക്കൊന്നകള്‍ അമ്പും വില്ലുമായും രൂപം മാറും. വഴി തടയുന്ന രാക്ഷസന്മാരും ആനകളുമൊക്കെയായി മാറുന്ന ചേമ്പിന്‍ കൂട്ടത്തിലേയ്ക്ക് ഉന്നം തെറ്റാതെ ഞാന്‍ ശരമാരി ചൊരിയും. ഓലപ്പട്ടയുടെ തണ്ടില്‍ നിന്ന് ചെത്തിയെടുത്ത പീസുകള്‍ ബാസിലിന്‍റെ വജ്രത്തേക്കാള്‍ മൂര്‍ച്ചയുള്ള ഖഡ്ഗമായി മാറും. അവ ഒമ്പതു തലയന്‍ വ്യാളിയുടെ തലകളെ, ചേമ്പിലകളെ, അരിഞ്ഞിടും ( കഥയിലെപ്പോലെ അതൊന്നും വീണ്ടും മുളച്ചു വരാത്തതിനാല്‍ ഞാന്‍ സിമ്പിളായി വേറെ ചേമ്പിന്‍റെ മെക്കട്ടു കേറും ;) ).

നെറ്റിയില്‍ വെളുത്ത പുള്ളികളുള്ള കുതിരകളായി മാറുന്ന അടക്കാരപ്പട്ടകളുടെ മുകളില്‍ക്കയറിയിരുന്ന് ഞാനെന്‍റെ സാമ്രാജ്യം മുഴുവനും ചുറ്റിയടിക്കും. ചിലപ്പോള്‍ ഏഴു ചിറകുള്ള, ഒറ്റക്കൊമ്പുള്ള, വെണ്മേഘത്തിന്‍റെ ശോഭയോടു കൂടിയ കുതിരയുടെ പുറത്തു കേറി, സമുദ്രം (കിഴക്കേപ്രത്തെ തോട് ;)) )ചാടിക്കടന്ന് ഞാന്‍ കുതികുതിക്കും. ഇടയ്ക്കു ചാട്ടം പിഴച്ച് സമുദ്രത്തിന്‍റെ അഗാധതയിലേയ്ക്ക് വീഴുമ്പോള്‍, വീണതു വിദ്യയാക്കി അതു വേറൊരു കഥയ്ക്ക് ഞാന്‍ വഴിയൊരുക്കും. ഒറ്റക്കോഴിക്കാലില്‍ തിരിയുന്ന കുടിലുകളില്‍ ചെന്ന് ഞാന്‍ നല്ല മന്ത്രവാദിനികളുടെ ആതിഥ്യം സ്വീകരിച്ചു. ദുര്‍മന്ത്രവാദിനികളെ ഞാന്‍ ശിക്ഷിച്ചു. രാജകല്‍പനയനുസരിച്ച്, "ആരും കാണുകയോ കേള്‍ക്കുകയോ അറിയുകയോ" ചെയ്യാത്ത സാധനം അന്വേഷിച്ച്, കൊടുംകാടുകളിലൂടെ, ഒറ്റ ചക്രച്ചാലുള്ള വഴികളിലൂടെ നടന്നു തളരുമ്പോള്‍ അദൃശ്യനായ മുര്‍സ എനിക്കു വിഭവസമൃദ്ധമായ സദ്യയൊരുക്കി. കറുത്ത വാത്തക്കൂട്ടങ്ങളും വെളുത്ത വാത്തക്കൂട്ടങ്ങളും ശിശിരത്തിന്‍റെ വരവറിയിച്ചു കൊണ്ട് ദൂരദേശങ്ങളിലേയ്ക്ക് പറന്നകന്നു. പിനീഷ്യയോടൊന്നിച്ച് അവന്‍റെ ചായമടിച്ച കളിവഞ്ചിയില്‍ ഞാനും മീന്‍ പിടിക്കാന്‍ പോയി.

നിരനിരയായി നില്‍ക്കുന്ന അടക്കാമരങ്ങളായിരുന്നു എന്‍റെ കുതിരലായവും ആനക്കൊട്ടിലുമൊക്കെ. അവിടെ ഞാനെന്‍റെ കുതിരകളെ കെട്ടിയിടുകയും ഇടയ്ക്കു പോയി തലോടുകയും ചെയ്തു. ആനകളെ ഞാന്‍ മര്യാദ പഠിപ്പിച്ചു. കടുവകളെയും മറ്റു കാട്ടുമൃഗങ്ങളെയും പുഴ (കിഴക്കേപ്രത്തെ തോട് തന്നെ) യ്ക്കപ്പുറത്തുള്ള വനാന്തരങ്ങളില്‍ നിന്നും ഞാന്‍ വേട്ടയാടിക്കൊണ്ടു വന്നു. അവയെ എന്‍റെ ലായത്തിലിട്ടു ഞാന്‍ മെരുക്കിയെടുത്തു. അങ്ങനെ, ദിയാന്‍കയും തോംചിക്കും ചുബാറിയും വാസ്കയും ഈല്‍ക്കയും മീല്‍ക്കയും മീഷ്കയുമൊക്കെ അവിടെ ഓട്സ് കഴിച്ചു വളര്‍ന്നു.

ധീരരും വീരരും ദയാപരരുമായ രാജാക്കന്‍മാരായി കളിച്ച് മടുക്കുമ്പൊ ഞാന്‍ ഇടയ്ക്ക് ഫൌള്‍ കാണിക്കും. ക്രൂരനും ദുഷ്ടനുമായ എതിര്‍രാജാവായി ഞാന്‍ പയറ്റും. അത്തരം തലയ്ക്ക് പിരിയിളകുന്ന നേരത്തെ എന്‍റെ വേണ്ടാതീനങ്ങള്‍ക്ക് മുഴുവന്‍ പണിയും ഏറ്റു വാങ്ങേണ്ടി വന്നത് ആ തോട്ടിലെ തവളകളും ഇടയ്ക്കു മാത്രം പിടികിട്ടുന്ന ബ്രാലുകളും മറ്റുമായിരുന്നു. അവരായിരുന്നു എന്‍റെ രാജ്യത്തെ പ്രധാന രാജ്യദ്രോഹികളും ചാരന്‍മാരും കൊള്ളക്കാരുമെല്ലാമായിരുന്നത്. തോട്ടിലിറങ്ങി കുറെയെണ്ണത്തിനെ പിടീച്ച് അടുത്തുണ്ടായിരുന്ന ചെമ്പരത്തിക്കൂട്ടങ്ങളില്‍ തലകീഴായി കെട്ടിയിട്ട് ഞാന്‍ നല്ല ചാമ്പ് ചാമ്പുമായിരുന്നു. പാവങ്ങള്‍!!

അങ്ങനെ അന്നന്നത്തെ അങ്കമെല്ലാം കഴിഞ്ഞ് വൈകുന്നേരം ചായ കുടിക്കാറാവുമ്പൊ ഞാനെന്‍റെ സാമ്രാജ്യത്തോട് വിട പറയും. വൈകീട്ട് പറമ്പ് നനയ്ക്കാന്‍ വരുന്ന പ്രസാദേട്ടനായിരിക്കും പിന്നീട് അടയ്ക്കാമരത്തിന്‍റെ കടയ്ക്കല്‍ കെട്ടിയിട്ടിരിക്കുന്ന "കുതിരകളെ"യും "ആനകളെ"യുമൊക്കെ അഴിച്ചു മാറ്റുക. അരിഞ്ഞിട്ടിരിയ്ക്കുന്ന ചേമ്പിന്‍റെ ഇലകളെല്ലാം ഞാന്‍ അതിനു മുമ്പു തന്നെ തോട്ടിലൊഴുക്കിയിട്ടുണ്ടാകുമായിരുന്നു. തല പോയ നിലയില്‍ ചേമ്പിന്‍തണ്ടുകളും കടപ്ളാവിന്‍റെ കൂമ്പുകളും കണ്ട്, "ആ ജേഷ്ടക്കോഴ്യോള്‌ ഇതിന്‍റെയൊക്കെ തല മുഴേനും കൊത്തിത്തിന്ന്‌ണ്ടാവും" എന്ന് അമ്മാമ്മ ആത്മഗതം ചെയ്യുമ്പൊ, ഞാനവിടെ പടീമെലിരുന്ന് ചായയും മിക്ചറുമൊക്കെ ശാപ്പിട്ടു കൊണ്ട് എന്‍റെ അടുത്ത ദിവസത്തെ വീരഗാഥയുടെ മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കുകയാവും....

****

പ്രിയബൂലോഗസുഹൃത്തുക്കളേ.. മേല്‍പ്പറഞ്ഞ ആ പുസ്തകങ്ങളെല്ലാം പിന്നീടെങ്ങനെയൊക്കെയോ കൈമാറി നഷ്ടപ്പെട്ടു. എനിക്കവയുടെ ഒരു ശേഖരം വേണമെന്ന് അതിയായ ആഗ്രഹമുണ്ട്. ആരുടെയെങ്കിലും കയ്യില്‍ അവയുണ്ടെങ്കില്‍, കൈ മാറാന്‍ തയ്യാറാണെങ്കില്‍, ദയവായി എന്നെ അറിയിയ്ക്കുക.

ഡങ്ക് സിനിമാറ്റിക് അപ്രോച്ച്

ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...