മാമന്‍റോടെ പോവുമ്പൊ, കസിന്‍ ലോകരെല്ലാം വന്നിട്ടുണ്ടെങ്കില്‍പ്പിന്നെ കോലാഹലം അലയടിച്ചിരുന്ന അന്ത കാലത്തെ ഒരു ഉച്ച ഉച്ചര ഉച്ചേമുക്കാല്‍നേരത്ത്...
പൊതുവെ സഹൃദയരായ മാമന്മാര്‍ ഞങ്ങളുടെ മേല്‍ അധികം അധികാരപ്രകടനവും കെട്ടിയിടലുമൊന്നുംനടത്തിയിരുന്നില്ല. അതു കൊണ്ടു തന്നെ തോന്നുന്നിടത്തൊക്കെ പോവാനും ഒരു മാതിരിപ്പെട്ട അലമ്പുകള്‍ കാട്ടാനും ഞങ്ങള്‍ക്ക് ധൈര്യമുണ്ടായിരുന്നു. അതേ സമയം തന്നെ, തെക്കേലെ സുരമാമന്‍റെ കോഴിഫാമിലെ ജോലിക്കാരനായിരുന്ന ഷാജുവിന്‍റെ കിടക്കയില്‍ ഒരു പാവം പാമ്പിന്‍റെ ഡെഡ് ബോഡികൊണ്ടു വെക്കുകയും, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കമ്പനിയെ കിടക്കയില്‍ കണ്ടതിന്‍റെ ആഫ്ടര്‍ ഇഫക്റ്റില്‍ ഷാജു ഞെട്ടിത്തെറിച്ച് വലിയ വായില്‍ വാവിട്ടു കരഞ്ഞ ഒരു ഓള്‍ഡ് സംഭവത്തിന്‍റെ പേരില്‍ വിചാരണ കൂടാതെ, കയ്യില്‍ കിട്ടിയ വടത്തിന്‍റെ നാലു മുഴം പീസു കൊണ്ട് ഷനുച്ചേട്ടനു ഏല്‍ക്കേണ്ടി വന്ന ഭീകരമര്‍ദ്ദനം ഓര്‍മയിലുള്ളതിനാല്‍, കൈ വിട്ട കളികള്‍ക്കൊന്നുംഞങ്ങള്‍ മുതിര്‍ന്നിരുന്നുമില്ല.
അങ്ങനെയിരിക്കെ... പ്രസ്തുത കോഴിഫാമില്‍ മഞ്ഞനിറത്തില്‍ തത്തിക്കളിച്ചു നടക്കുന്ന ഇളംകോഴിക്കുഞ്ഞുങ്ങള്‍ മുതല്‍, നാലു കിലോ തൂക്കത്തില്‍ പടര്‍ന്നു പന്തലിച്ച് നെഞ്ഞു വിരിച്ചു നില്‍ക്കുകയും, എന്നാല്‍ ഘോഷേട്ടനോ ഷാജുവോ ഗിരീഷോ വന്ന് ചിറകിനു കൂട്ടിപ്പിടിച്ച് ത്രാസ്സിലിടുമ്പോള്‍ ഒന്നെതിര്‍ക്കുക പോലും ചെയ്യാതെ കീഴടങ്ങിക്കൊടുക്കുന്നവരുമായ സല്‍മാന്‍ ഖാന്‍ കോഴികള്‍ വരെയുള്ളവയുടെ പല വിധം കരച്ചിലുകളും, തെക്കു നിന്നടിക്കുന്ന കാറ്റിനൊപ്പം "ഇളവസ്സമായി" വരുന്ന, കുളത്തില്‍ കലക്കിയ കോഴിവേസ്റ്റിന്‍റെ മണവും ഒക്കെ കൂടി തികച്ചും സാധാരണ മട്ടിലുള്ള ആ വെരി മച്ച് നോര്‍മല്‍ ഉച്ചനേരത്ത്...
അന്നേ ദിവസം വളരുന്ന കുട്ടികളായ ഞങ്ങള്‍ക്ക് "എക്സ്ട്രാ ഗ്രോയിങ്ങ് പവര്‍"-നു ആവശ്യമായ "ഐറ്റം നമ്പറുകള്‍" കൂട്ടത്തില്‍ മുതിര്‍ന്നവര്‍ സംഘടിപ്പിച്ചു വെച്ചിരുന്നു. അതൊക്കെ മാമന്‍മാരോ മാതപിതാഗുരുര്‍ദൈവങ്ങളോ കാണാതെ വായിച്ചു സായൂജ്യമടയുവാന്‍ വേണ്ടി എല്ലാരും കൂടെ കിഴക്കേ മുറിയില്‍ കയറിപറ്റുകയുംമറ്റാരും ഇടിച്ചു കേറി വരുന്നതിനു തടയിടാനായി വാതില്‍ കുറ്റിയിടുകയും ചെയ്തു. സഹോദരലോബിയുടെ നിര്‍ദ്ദേശപ്രകാരം ഞാനായിരുന്നു കുറ്റി ഇട്ടത്, അപ്പോഴേ കുറ്റി വീഴാന്‍ ശ്ശി ബുദ്ധിമുട്ട് നിക്ക് തോന്നിയിരുന്നു, പക്ഷേ, അവിടെ സമ്പാദിക്കാന്‍ പോവുന്ന അറിവിന്‍റെ വ്യഗ്രതയില്‍ ഞാന്‍ ഒരാവേശത്തില് എങ്ങനെയോ കുറ്റി കുത്തികേറ്റി ഇട്ടു. അതിനു ശേഷം, അത്യന്തം ആക്രാന്തത്തോടെയും വേക്രയോടും കൂടി അന്നത്തെ "സെറ്റ് ഓഫ് ഇന്‍ഫോമേഷന്‍" സമ്പാദിച്ച ശേഷം "ഇതിപ്പൊ ഇങ്ങന്യൊക്കെയാണോ ഈശ്വരാ" എന്ന് പതിവു പോലെ എല്ലാരും കുറേ നേരം വണ്ടറടിച്ചിരുന്നു.
അങ്ങനെ വണ്ടറടിച്ചു ബോറടിച്ചു തുടങ്ങിയപ്പൊ കിച്ചു വാതില്‍ തുറക്കാന്‍ ചെന്നു. ആദ്യം ഒരു നോര്‍മല്‍ വലി വലിച്ചിട്ട് കുറ്റിക്കൊരു അനക്കവും ഉണ്ടായില്ല. "എന്തൂട്ട് പേട്ടക്കുറ്റ്യദ്.." എന്ന ഭാവത്തില്‍ എന്നെയൊന്നുനോക്കി. എന്നാല്‍ പിന്നീടൊരു പത്തു മിനിറ്റ് നേരം അവന്‍ വളരേ മൃഗീയവും പൈശാചികവുമായി ആ കൊച്ചുകുട്ടിയില്‍ക്കിടന്നു തൂങ്ങിയാടിയിട്ടും അതിനൊരു അനക്കം പോലും ഉണ്ടായില്ല. "മാറി നിന്നേറ്റെടാ..ഒരു കുറ്റി തോറക്കാന്‍ പറ്റാത്ത പേട്ടകള്‍" എന്ന ഡയലോഗ്ഗോടെ കട്ടിലില്‍ നിന്നെണീറ്റു വന്ന വിനോഷിന് അതിന്‍റെ മേലെക്കെട്ന്ന് ട്രപ്പീസാടീട്ടു പോലും മരുന്നിനു പോലും ഒന്നു നീക്കാന്‍ കഴിഞ്ഞില്ല. എല്ലാരുടേം മുഖത്ത് പരിഭ്രാന്തിയുടെ, ടെന്‍ഷന്‍റെ ചെറിയ മുകുളങ്ങള്‍ പൊട്ടി മുളച്ച് അവയെല്ലാം പൂക്കളായി ഇതള്‍ വിടര്‍ത്തുന്നത് ഞാന്‍ കണ്ടു. എന്‍റെ മുഖം ഓള്‍റെഡി അങ്ങനെയായിരുന്നതിനാല്‍ പ്രത്യേകിച്ചൊരു വികാരം എനിക്കാ സന്ദര്‍ഭത്തില്‍ കാണിക്കുവാനുണ്ടായില്ല...
പതിയെ എന്‍റെ അടുത്തു വന്ന ഷനുച്ചേട്ടന്‍ എന്‍റെ കാതില്‍ മന്ത്രിച്ചു. "അപ്പ്രത്ത് എല്ലാരൂണ്ട്. വാതില് തൊറക്കാന്‍ ആരേങ്കിലും വിളിച്ചാല് സംശയം തോന്നും. ഇവട്യെങ്ങാനും പരിശോധിച്ചാല്‍ നല്ല ചെപ്പിമൂളി കിട്ടും അവര്‌ടേന്ന്"...അപ്പഴാണ് കാര്യങ്ങള്‍ടെ ഒരു കിടപ്പുവശം എന്‍റെ മൂളയിലൂടെ ഒന്നു മിന്നലു പോലേ ഓടിയത്. ഓ മൈ കടവുളേ...സംഗതി കൈ വിട്ട്വോ..കാല്‍ ഭാഗം അധ്വാനം കൊണ്ടും മുക്കാല്‍ ഭാഗം ടെന്‍ഷന്‍ കൊണ്ടും വിയര്‍ത്തു കുളിച്ചവര്‍ എനിക്കും ഷനുച്ചേട്ടനും വേണ്ടി കുറ്റി തുറക്കലിന്‍റെ ഷിഫ്റ്റ് മാറിത്തന്നു. വലിച്ചു വലിച്ചു എന്‍റെ കൈവിരലുകളുടെ അടപ്പൂരാറായിട്ടു കൂടി, ഞാനാണ് ഇട്ടതെന്ന നന്ദി പോലും കാട്ടാതെ ആ കുറ്റി അങ്ങനെത്തന്നെ കിടന്നു. ഒടുവില്‍ അധികം ടെന്‍ഷന്‍ കൊണ്ടുനടക്കേണ്ടപ്രായമല്ലാത്തതിനാല്‍ നയതന്ത്രജ്ഞനായ വിനോഷ്ഭായ് പതുക്കെ ജനാല തുറന്ന് പുറത്തു വരാന്തയിലിരുന്ന് പരദൂഷണം പറഞ്ഞു രസിച്ചിരുന്ന അമ്മ-അമ്മാമ-അമ്മായി-വെല്ലിമ്മ സെറ്റിലൊരാളെ പതിയെ അടുത്തു വിളിച്ച് വിവരം പറഞ്ഞു. കേട്ടവര്‍ കേട്ടവര്‍ ആദ്യം "കല്യാണരാമനില്‍ ഉരുളിപൊക്കാന്‍ വന്ന ഇന്നസെന്‍റിനെപ്പോലെ" വന്നെങ്കിലും കുറ്റി ജനലിലൂടെ കമ്പിയും കോലുമൊക്കെ ഇട്ടു കുത്തിയിട്ടും കുറ്റിക്കൊരനക്കവുമുണ്ടായില്ല. സംഗതി അല്‍ക്കുല്‍ത്താണെന്നു മനസ്സിലായ സ്ത്രീജനങ്ങള്‍ കുടുംബത്തിലെ പുരുഷകേസരികള്‍ക്ക് വഴി മാറിക്കൊടുത്തു. കൂടുതല്‍ ഇന്നോവേറ്റിവ് ആയ പല പരീക്ഷണങ്ങളും അവര്‍ ആവിഷ്കരിച്ചു നടപ്പാക്കിനോക്കി. ബട്ട്, കുറ്റി തുറക്കുക എന്നതൊഴിച്ചുള്ളവ മാത്രമേ അവിടെ വിജയം കൈവരിച്ചുള്ളൂ.
പുല്ലു പോലെ ഇരിക്കുന്ന വെറും രണ്ടിഞ്ചു പോലും നീളമില്ലാത്ത ആ കുറ്റിയോടുള്ള ദേഷ്യം മുഴുവനും പതിയെപ്പതിയെ ഞങ്ങളോടുള്ള ആക്രോശങ്ങളായി മാറുകയും തല്‍ഫലമായി, മുറി തുറക്കാതിരിക്കുകയാണ് ഭേദം എന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും തോന്നിത്തുടങ്ങുകയുംചെയ്തു. പഴയ കാലത്തുണ്ടാക്കിയ നല്ല ഉഗ്രന്‍ വാതിലായതിനാല്‍ അതു പൊളിക്കാന്‍ അച്ഛാച്ഛന്‍ സമ്മതിച്ചില്ല. ഒടുവില്‍ അറ്റ കൈയ്ക്ക് ജനല്‍ക്കമ്പികള്‍ മുറിച്ചു മാറ്റാന്‍ ജനലിനു പുറത്തെ പൗരാവലി തീരുമാനിച്ചു. അകത്തെ പൗരന്മാര്‍ മുജാഹീറുകളായതിനാല്‍ തല്‍ക്കാലം ഞങ്ങളുടെ വോയ്സിനു പ്രത്യേകിച്ച് പ്രസക്തിയൊന്നുമില്ലായിരുന്നു, മാത്രമല്ല, ഞങ്ങള്‍ക്കാ സമയത്ത്, പുറത്തിറങ്ങിയാല്‍ നടക്കാന്‍ പോവുന്ന പുറം പള്ളിപ്പുറമാകുന്ന ചടങ്ങുകളെക്കുറിച്ചോര്‍ത്ത് ഉള്ളം കൊള്ളൈ പോയിക്കൊണ്ടിരിക്കുകയായിരുന്നല്ലോ. തെക്കേലുണ്ടായിരുന്ന ഡ്രില്ലറും കട്ടറുമൊക്കെ രംഗപ്രവേശം ചെയ്തു. ധിരിമാമന്‍ എല്ലാവരുടെയും അനുവാദത്തോടെ ആദ്യ സെറ്റ് ഓഫ് കമ്പികളെ ജനല്‍പ്പട്ടയില്‍ നിന്ന് വേര്‍പെടുത്തി.
മറിഞ്ഞു കിടക്കുന്ന ബസ്സില്‍ നിന്നും നാട്ടുകാര് ആളുകളെ എടുക്കുംപോലെ, കമ്പി മുറിച്ചുണ്ടാക്കിയ സ്മാള്‍ഗാപ്പിലൂടെ മാമമാരെല്ലാം കൂടി ഞങ്ങളെ ഓരോരുത്തരെയായി പുറത്തേക്കിറക്കാന്‍ തുടങ്ങി. അതിനിടയിലാരോ പുറത്തു നിന്നും വാതിലിലൊരു നല്ല ഊക്കനൊരു തള്ളു വെച്ചു കൊടുത്തു.ഇത്രനേരത്തെ പരിശ്രമം കണ്ടു ബോറടിച്ച് "പൂവര്‍ ബോയ്സ്" എന്നു തോന്നിയിട്ടോ എന്തോ, കുറ്റിക്കൊരു ഇളക്കം വന്ന പോലെ എനിക്കു തോന്നി. സര്‍വ്വശക്തിയും (അങ്ങനെ പറയാന്‍ മാത്രമൊന്നുമുണ്ടായിരുന്നില്ലെങ്കിലും) എടുത്ത് ഞാനാ കുറ്റിയില്‍ ഒന്നുകൂടി തൂങ്ങിയാടി. അതാ അന്ത കുറ്റി താഴോട്ടു പോരുന്നു. ഒട്ടൊന്നദ്ധാനിച്ചപ്പോള്‍ അന്ത പടുപാപി കുറ്റി കൂളായി ഊരിപ്പോന്നു. ദ്രോഹി...!! വാതില്‍ തുറന്നു വരുന്ന എന്നെക്കണ്ട് പുറത്തുനിന്നവര്‍ അന്തിച്ചു നോക്കി. ഡ്രില്ലറും കയ്യില്‍പ്പിടിച്ച് നിന്നിരുന്ന ധിരിമാമന്‍ ഭാഗ്യം കൊണ്ട് കുറച്ചു ദൂരെയായതിനാല്‍ എനിക്കിന്നും ശരീരത്തില്‍ എക്സ്ട്രാ ദ്വാരങ്ങളൊന്നും വീണിട്ടില്ല. എന്തൊക്കെയായാലും, അന്നത്തെ പോസ്റ്റ്-ജനല്‍ പൊളിക്കല്‍, ആക്രോശ-ഭീഷണി-തലയില്‍കിഴുക്ക്-മുഖത്തു തേമ്പ് കലാപരിപാടികളേക്കാളും എന്നെ വേദനിപ്പിച്ച, ഇന്നും ഒരു നഷ്ടബോധത്തോടെ ഉള്ളില്‍ നിലകൊള്ളുന്ന മറ്റൊരു വിഷമമുണ്ടായിരുന്നു. ഷിജുവിനെപ്പോലെ, കിച്ചുവിനെപ്പോലെ, ഷനുച്ചേട്ടനെപ്പോലെ ജനല്‍ മുറിച്ച ആ ഗാപ്പിലൂടെ എനിക്കു പുറത്തിറങ്ങാനായില്ലല്ലോ....
Subscribe to:
Post Comments (Atom)
ഡങ്ക് സിനിമാറ്റിക് അപ്രോച്ച്
ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...
-
"വൈദ്യരേ..ദേ വേറെ ഒരുത്തനെക്കൂടെ കൊണ്ട്വരണൊണ്ടെന്ന് തോന്നണ് ", കൈ നെറ്റിയോട് ചേര്‍ത്ത് പിടിച്ച് ഷമ്മു പറഞ്ഞു. ചെമ്പന്‍ വൈദ്യര്...
-
രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്റെ മുഖഭാവത്തോടെയാണ് അന്ന് വൈകീട്ട് ബാലന് ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യ...
-
"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..." ദാസേട്ടന് ഉറക്കെപ്പറഞ്ഞു. "ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ...
7 comments:
വാതില്‍ക്കുറ്റിയ്ക്കുള്ള തേങ്ങ എന്റെ വക.
“ഠേ!”
വളരെ രസകരമായ വിവരണം. നല്ല ഒരു ഓര്‍മ്മക്കുറിപ്പ്.
“എന്റെ മുഖം ഓള്‍റെഡി അങ്ങനെയായിരുന്നതിനാല്‍ പ്രത്യേകിച്ചൊരു വികാരം എനിക്കാ സന്ദര്‍ഭത്തില്‍ കാണിക്കുവാനുണ്ടായില്ല...”
“ഞാനാണ് ഇട്ടതെന്നനന്ദി പോലും കാട്ടാതെ ആ കുറ്റി അങ്ങനെത്തന്നെ കിടന്നു.”
ഇതെല്ലാം ചിരിപ്പിച്ചു.
എന്നാലും പാരഗ്രാഫ് തിരിച്ച് എഴുതിയാല്‍ കുറേക്കൂടി നന്നായിരിക്കും കേട്ടോ.
:)
ഡ്യോ... കൊറെ നാളു കൂടീട്ട് ആക്രാന്തം മൂത്ത് പോസ്റ്റിയോണ്ട് അക്ഷരപ്പിശാശ് കൊറേണ്ട്.
ന്നാലും, പതിവു പോലെ തകതകര്‍ത്തൂന്ന് പറയാംന്ന്... ഏ... ല്ലേ? ആ...തന്നെ! :-)
സൂപ്പര്‍ ഗഡീ.. വായിക്കാന്‍ വളരെ രസമായിട്ടുണ്ട്..
ഒന്നു തട്ടിക്കുടഞ്ഞു തെറ്റൊക്കെ തിരുത്തി ആക്രാന്തം കാട്ടാതെ പോസ്റ്റിയാല്‍ മിന്നും.! കലക്കന്‍..:)
രസായീട്ടാ...മോളിലെല്ലാവരും ഉപദേശിച്ചോണ്ട് ഞാന്‍ അങ്ങനെ ചെയ്യണില്യാട്ടാ..:)
കുറേക്കാലം എന്തോ ചെയ്യാഞ്ഞവന്‍ എന്തോ ചെയ്തപ്പൊ എന്തോ കൊണ്ട് എന്തോ എന്നൊക്കെ പറഞ്ഞ പോലെ ആയി..അല്ലേ?.. ഹിഹി..
എന്തായാലും ശ്രീ-നമ്പ്യാര്‍-പ്രയാസി-എടക്കൂട്ടം ടീം പറഞ്ഞ പോലെ തട്ടിക്കുടഞ്ഞൂ...പാരഗ്രാഫിച്ചൂ... :)
കമന്‍റടിക്കാരേ....വളരെ വളരെ നന്ദി... നിങ്ങളില്ലാതെ എനിക്കെന്താഘോഷം...:)
വളരെ നല്ല ഓര്മ്മക്കുരിപ്പ്.
വായിക്കാന് നല്ല രസം. ഇതുപോലുള്ള അനുഭവന്ഗള് ഇന്നത്തെ കുട്ടികള്ക്ക് കിട്ടുന്നില്ലല്ലോ...
എന്തായാലും തകര്ത്തു സുഹ്രുത്തേ..
nostalgic........
Post a Comment