Friday, 29 July 2022

ചായയും കത്തിയും മഴയും

 ഇവിടെ ചായ ഇല്ലേ?!

തൃപ്രയാറിന്റെ ഹൃദയത്തിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന വൈ-മാളിന്റെ കഫറ്റീരിയയിൽ ചായ കിട്ടില്ലത്രേ!

ശ്രീത്തും അളിയനും ഞാനും പരസ്പരം നോക്കി ഇരിപ്പാണ്. ചായയുടെ അഭാവം സൃഷ്ടിച്ച ശൂന്യതയാണ് മുഖാമുഖത്തിന്റെ വിഷയം. വൈകുന്നേരം നാലുമണിക്ക് ചൈനീസ് ഫുഡോ, പിസയോ, ഒക്കെ കഴിക്കാൻ മാത്രം ഓളംവെട്ടൊന്നും ആയിട്ടില്ല. പിന്നെ ആകെ കാണുന്ന ഓപ്ഷൻ ഫലൂദയാണ്. പുറത്താണെങ്കിൽ മഴക്കാറിന്റെ ഇരുളിച്ചയും, നേരിയ തണുപ്പും, ചാറ്റൽമഴയുമൊക്കെയായി നല്ല സ്റ്റൈലൻ ശീതളിപ്പ്. അതിനാൽ, ഫലൂദയെന്നത് അലുവയിലെ മീഞ്ചാറായിരിക്കും. ചൂടൻ ചായയ്ക്ക് ചൂടൻ ചായ തന്നെ വേണം.

അങ്ങനെ ചായയുടെ സാക്ഷാത്ക്കാരം സ്വപ്നം കണ്ടിരിക്കുമ്പോ ഗെഡിയും ദേവിയും പ്രത്യക്ഷപ്പെട്ടു. രണ്ടിനും ലുക്കിൽപ്പോലും ഒരു മാറ്റവുമില്ല. അതേ മുഖങ്ങൾ, അതേ ചിരി, അതേ വർത്തമാനം, അതേ രസം!

ഒഴിവാക്കാനാവാത്തതെന്തോ വന്നു കയറിയതുകൊണ്ട് റെനീഷിന് വരാൻ പറ്റില്ലെന്നു മെസേജ് വന്നു, അതൊരു നഷ്ടമായി. അഞ്ചാംക്ലാസ്സിൽ വെച്ച് അവന്റെ ചോറുംപാത്രത്തിൽ നിന്ന് ദിവസേന കഴിച്ചിരിരുന്ന പുട്ടിന്റേം പഴത്തിന്റേം ഇഡ്ലിടേം ചമ്മന്തിയുടേം കഥ അയവിറക്കി ഒന്നൂകൂടി ചിരിക്കാമായിരുന്നു.

നാട്ടിലെ കൂട്ടുകാരുമായി ഒന്നു കൂടണം, ഓരോ ചായ കുടിക്കണം, കുറേ കത്തി വെക്കണം. ദിത്രേം മോഹമേ ഉണ്ടാരുന്നുള്ളൂ. ഗെഡിയുടെ കൂടെ ഇത്തിരി നേരം പഴേ പത്താം ക്ലാസ്സുകാരനാവാമെന്നുള്ളതാണ് ആ മോഹലഡുവിലെ മുന്തിരി. അങ്ങനെ മൊത്തത്തിൽ വിരിഞ്ഞുവിടർന്നു നിൽക്കുന്ന നൊസ്റ്റി അന്തരീക്ഷം, ആവി പാറുന്ന അടിച്ച ചായയെയും മൊരിഞ്ഞ പരിപ്പുവടയേയും കഠിനമായി ആഗ്രഹിക്കുന്നു. സോ, സമയം കളയാതെ യൂസഫലിച്ചേട്ടനോടുള്ള പരിഭവത്തോടെ പുറത്തിറങ്ങി.

അഞ്ചുപേരെ ഗർഭം ധരിച്ച ശ്രീത്തിന്റെ ശകടം ഹൈവേയിൽക്കേറി ചായ തപ്പി നീങ്ങി. "അജീടെ ചായക്കട", "ന്റുമ്മൂമ്മാന്റെ ചായക്കട", "ചായപ്പീട്യ"...  നാട്ടിൽ ചായക്കട കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടില്ല. നാട്ടികയെത്തും മുന്നേ വലതുവശം കണ്ട "ചായക്ലബ്ബി"ലെ നില്പനടിക്കാനുള്ള സെറ്റപ്പിൽ, ചോദിക്കാതെ ചേർത്ത ഏലക്കായ ഇത്തിരി നിരാശപ്പെടുത്തിയ രണ്ടു ചായയും, മോശമില്ലാത്ത ഓരോ പരിപ്പുവടയും സവാളവടയും, കുറേ ചിരികളും ഉള്ളിൽ കുതിർന്നമർന്നു. കോടതിക്കഥകളും, ക്ഷീരവികസനവും, വീടുപണിയുടെ ആവലാതികളും, എണ്ണയൂറ്റും, ട്രാഫിക്ക് പരിഭവങ്ങളും, അമേരിക്കയും അവിടെ ചിതറിവീണുകൊണ്ടിരുന്നു.

ഉള്ളിൽ ഇരുട്ടുകുത്തിയ അവസ്ഥയിൽ നിന്നും കുതറിയെണീറ്റ്, വാശിക്ക് സ്വന്തം കാലിൽ കുതിച്ചുനീങ്ങുന്നവളുടെ സ്വപ്നഗൃഹമായിരുന്നു ഹൈലൈറ്റ്. നേരെ അങ്ങോട്ടു വെച്ചുപിടിച്ചു. അവസാനവട്ട മിനുക്കുപണികൾ തകൃതിയിൽ നടന്നുകൊണ്ടിരിക്കുന്ന നല്ല അസ്സൽ വീട്. ശൗചാലയത്തിന്റെ വാതിലിന്മേൽ ലെമൺ പീസുകൾ വീണു മുങ്ങിത്താഴുന്ന മാർട്ടീനി ഗ്ലാസ്സിന്റെ പടത്തിന്റെ ഡിസൈൻ വെച്ച ബുദ്ധിയെ അഭിനന്ദിച്ച വകയിൽ കിട്ടിയതെല്ലാം വാങ്ങിക്കൂട്ടി അവിടുന്നിറങ്ങുമ്പോൾ, ദേവിയുടെ സ്ഥിരം ഐറ്റമായ രസികൻ റവലഡു ഒരു പൊതി മുടക്കമില്ലാതെ വന്നെത്തി. വീടുപാർക്കൽ കൂടാൻ പറ്റില്ല, ലീവ് തീരും. തിരിച്ചു  പോവുന്നതിനു മുന്നേ തിലകത്തിനേയും കൂട്ടി  ഒന്നൂടെ വരണമെന്ന് ഉള്ളിലുറപ്പിച്ചു.

നേരെ ഗെഡിയുടെ വീട്ടിലേയ്ക്കായിരുന്നു. അകത്തേതു പോരാതെ, യാത്ര പറഞ്ഞിറങ്ങി പടിക്കൽ നിന്ന് വീണ്ടും തുടങ്ങിയ കത്തിയടിയിൽ മണിക്കൂർ ഒന്നര പോയതറിഞ്ഞില്ല. നാട്ടുവർത്തമാനവും, ലോകവർത്തമാനവും, ഇടയിലൂടെ പറയാതെ പറയുന്ന ഇത്തിരി കഥകളും നൂലുപോലെ പെയ്തുകൊണ്ടിരുന്നു. 

മഴയ്ക്ക് കടുപ്പത്തിലൊന്നു ശാസിക്കേണ്ടി വന്നു, പടിയ്ക്കൽ പാതിവഴിയിൽ ഇറങ്ങാൻ കൂട്ടാക്കാതിരുന്ന മനസ്സിനെ കൺവിൻസ് ചെയ്ത് ഒടുവിൽ പുറപ്പെടുവിയ്ക്കാൻ. വരണ്ട തടാകത്തിന്റെ ഹൃദയത്തിലേക്ക് പതിക്കുന്ന പുതുവർഷം പോലെയുള്ള ഒരു സായാഹ്നം വീണലിഞ്ഞു താഴ്ന്നു. ആദ്യമൊന്ന് പൊള്ളിച്ച്, പിന്നെ ആസ്വദിപ്പിച്ച്, പതിയെ ഉള്ളിലേയ്ക്കാഴ്ന്ന നനുത്ത അനുഭൂതികൾ. ഒരു ചാറ്റിനും പകർന്നു തരാൻ കഴിയാത്ത പൊട്ടിച്ചിരികൾ, കളിയാക്കലുകൾ, കുറിയ നനുത്ത നോട്ടങ്ങൾ. ഇനിയൊരു കാഴ്ചയുണ്ടാവും വരെ ചേതനയെ റീച്ചാർജ്ജു ചെയ്തു തരുന്നതുപോലെ. ഒരു മെസേജിനപ്പുറമെങ്കിലും, മുഖദാവിലിനിയെന്ന് എന്ന ചോദ്യം മുറ്റിനിൽക്കുന്ന, പരസ്പരം കൊളുത്തിവലിക്കുന്ന യാത്ര പറച്ചിലുകൾ... 

അഞ്ചു പഴയ പത്താംക്ലാസ്സുകാർക്കിടയിൽ ഒരു മഴ കൂടി പെയ്തിറങ്ങി.

Saturday, 30 May 2020

യതി വാർത്താ:

ഡാ അറിഞ്ഞടാ…?”

മൂലക്ക് ഒരു കുഞ്ഞിസ്റ്റാന്റടിച്ച് പ്രതിഷ്ഠിച്ചിരുന്ന ഐടിഐ മുദ്രയുള്ള ലൈറ്റ് പച്ചക്കളർ ഫോണിന്റങ്ങേപ്രത്ത് നിന്ന് ലുലൂന്റെ ശ്വാസംകിട്ടാതെയുള്ള കെതപ്പ്.

“എന്തൂട്ട്…?”

“കുംബ്ലേ പത്ത് വിക്കറ്റെടുത്തൂടാ! ഇന്ത്യ ജയിച്ചു!”

“ഏ... കളി കഴിഞ്ഞാ? കാലത്ത് നോക്കീപ്പോ അവമ്മാര് നല്ല കളിയാരുന്നൂലോ…”

“പിന്നല്ലാ, കുംബ്ലേ കേറി മേഞ്ഞുടാ.. പത്ത് വിക്കറ്റ് മൂപ്പർക്ക്ണ്”

“ഹമ്മേ, കലക്ക്യേലാ.. ബാക്കി ആർക്കൊക്കെയാടാ കിട്ടിയേ..?”

“എന്തൂട്ട്?”

“വിക്കറ്റോള്”

“നിനക്ക് വട്ടായാ..! ഡാ, പത്തും കുംബ്ലേക്കാന്ന്”

“ആടാ.. ബാക്കി നാലെണ്ണം ഇല്ലേ എന്നാലും?”

“ഡാ പൊട്ടാ, മൊത്തം ടെസ്റ്റിലല്ല, അവമ്മാര്ടെ സെക്കന്റ് ഇന്നിങ്സിലെ പത്തില് പത്തു വിക്കറ്റും 
കുംബ്ലേക്കാടാ കിട്ടീത്. ലോകറെക്കോർഡാടാ!”

“ഉവ്വാ...?! ശരിക്കും...?” മേല് മൊത്തം ഒരു തരിപ്പാ കേറി.

“സത്യം. നീ വേം പോയി ടീവി വെച്ച് നോക്ക്…”

പറന്നു ചെന്ന് ടീവി ഓണാക്കുമ്പോ, ക്രിക്കറ്റ് ശ്വസിച്ചു ജീവിച്ചിരുന്ന അന്നത്തെ മാനസികാവസ്ഥയിൽ ഒരു നിലക്കും മാപ്പുനൽകാൻ കഴിയാത്ത തരത്തിലുള്ള എന്തോ മാരകപ്രോഗ്രാം ദൂരദർശനിൽ ഓടിക്കൊണ്ടിരിക്കുന്നു.

“കോപ്പ്, ന്യൂസൊക്കെ ഇനി ഏത് നേരത്താണാവോ.. ഇവമ്മാർക്കിതൊക്കെ ഒന്നെഴുതിക്കാണിച്ചൂടെ" ന്ന് പ്രാവി തിരിയുമ്പോ അച്ഛമ്മ ഉമ്മറത്തിരുന്ന് 'കടലാസ്' വായിക്കുന്നു.

"അല്ലച്ഛമ്മേ, ഇപ്പ റേഡിയോല് ന്യൂസ്ണ്ടാ?"

"ആ, ഇപ്പ തൊടങ്ങും. എന്തേ?"

മറുപടിക്കുപോലും ഒരു നിമിഷം കളയാണ്ടെ പാഞ്ഞുചെന്ന് റേഡിയോ ഓണാക്കി.

“സമ്പ്രതി വാർത്താഹ ശുയന്താം..പ്രവാചകാഹ..”

“ഓഹോ.. കറക്റ്റ് ടൈമിൽ സംസ്കൃതം വാർത്ത തന്നെ ല്ലേ... വെൽഡൺ യൂണിവേഴ്സ്, വെൽ ഡൺ" ന്നും നിരാശപ്പെട്ട്, എന്നാലും തോൽക്കാൻ തയ്യാറാവാതെ വല്ല തുമ്പോ തുരുമ്പോ കിട്ട്വോന്ന് നോക്കാം ന്ന് ആശ്വസിച്ച്, കാതുകൂർപ്പിച്ച് അന്നാ ന്യൂസിലെ ഓരോരോ അരിമണികളും പെറുക്കിപ്പെറുക്കി ചുമരിൽ ചാരി നിന്നതിന്റെ ഒടുവിൽ, നമുക്കാവശ്യമുള്ള വാക്കുകൾ മാത്രം ഒരു മായാജാലം പോലെ ചെവി ഫിൽട്ടർ ചെയ്തെടുത്തു തന്നു.

“ഭാരതാ ഹ പാകിസ്താന ഹ ക്രിക്കറ്റ് ക്രീഡാ ഹ കുംബ്ലേ ഹ ദശമ ഹ…”

“അടിച്ചു മോനേ!!!” ന്നും അലറി പടൂന്റെ വീട്ടിലേക്ക് ഇറങ്ങി ഓടീതും, അടുത്ത ന്യൂസ് ടെലികാസ്റ്റിൽ ഹൈലൈറ്റ്സ് കാണും വരേം, പിന്നെയുള്ള ഓരോ ന്യൂസിലും അതിന്റെ റിപീറ്റേഷൻ കണ്ടോണ്ടിരിക്കുമ്പോഴും ഉണ്ടായ ആ ആ, ഇത്..

ഓർക്കുമ്പോ തന്നെ… ദേ .. !

ബൈസിക്കിൾ ഡയറി


എഞ്ചിനീയറിങിന്റെ കൗൺസിലിങ്ങൊക്കെ കഴിഞ്ഞ് ഇടുക്കീലെ കോളേജിന്റെ പ്രണയലേഖനവും കാത്തിരിക്കുന്ന പരമബോറടിയുടെ മൂർദ്ധന്യാവസ്ഥയിലെ ദിനങ്ങളിലൊന്നിൽ...
 
അന്നൊക്കെ രാവിലെ തന്നെ കുളിച്ച് കുട്ടപ്പനായി, ശേഖരശാന്തീടവിടന്ന് വാങ്ങി വെച്ച രക്തചന്ദനത്തിന്റെ മുട്ടി അമ്മീമെലൊരച്ചെടുത്തതീന്ന് കൊറച്ചെടുത്ത് നെറ്റീമെ ഇരിഞ്ച് നീളത്തിൽ ചാർത്തി, ഡിസ്കോ ലൈറ്റിട്ട സെറ്റപ്പിന്റെ ഉള്ളിലിരിക്കുന്ന ഗണപതിയുടെ മുന്നിലിരിക്കുന്ന വിളക്കിന്റെ തിരി കരിഞ്ഞതിൽ നിന്ന് ലേശെടുത്ത് രക്തചന്ദനക്കുറീടെ താഴെ ഇത്തിരി നീളം കുറവിൽ കടുകുമണി ലെങ്തിൽ അപ്രത്തേക്കും ഇപ്രത്തേക്കും അളവു മാറാതെ കൃത്യം സെന്ററിൽത്തന്നെ അപ്ലൈ ചെയ്ത്, സൈക്കിളുമെടുത്തിറങ്ങി വിനൂന്റെ ഉമ്മറത്ത് കുറേനേരത്തേക്ക് കുറ്റിയടിക്കുന്ന പതിവുണ്ടായിരുന്നു. ആയിടെ മൊത്തം അലൈന്മെന്റു പൊളിച്ചുപണിത് പുതുപുത്തൻ മോടിയിൽ സെറ്റപ്പാക്കി ഇറങ്ങിത്തുടങ്ങിയ മനോരമയിലെ സ്പോർട്സ് പേജ് ഒരക്ഷരം വിടാതെ വായിച്ചുതീർക്കുകയും, കഴിഞ്ഞ ക്രിക്കറ്റ് കളികളെ ഇഴകീറി പരിശോധിക്കുകയും അടുത്ത് വരാൻ പോവുന്ന കളിയെപ്പറ്റി കൂലങ്കുഷമായി ചർച്ചിക്കുകയും, സത്യം പറഞ്ഞാ സ്കൂളിലേക്ക് പോവുന്ന ചില തല്പരകക്ഷികളെ കാണുകയും, ആർക്കും പരാതിയില്ലാത്ത "ഒരു ചെറുചിരി അങ്ങോട്ട്, ഒരു പുഞ്ചിരി ഇങ്ങോട്ട്" സ്കീമിൽ പങ്കെടുക്കുകയുമൊക്കെയാണ് ഉദ്ദേശ്യം.
 
മൂവായിരത്തിച്ചില്ലാനം കുട്ടികൾ പഠിക്കുന്ന കഴിമ്പ്രം സ്കൂളിലന്ന് കഷ്ടിച്ചൊരഞ്ഞൂറ് സൈക്കിള് തികച്ച് വെക്കാനുള്ള സ്ഥലം ഇല്ലാത്തോണ്ട് ഒരു പത്തുനൂറ് സൈക്കിളൊക്കെ എല്ലാ ദിവസോം, സ്കൂളിന്റെ അയല്പക്കത്തുള്ള സഹൃദയരായ നാട്ടുകാരുടെ പറമ്പിലെന്ന പോലെ, വിനൂന്റെ വീടും തറവാടുമൊക്കെ ഇരിക്കുന്ന, തുറന്നു കിടന്നിരുന്ന മ്മടെ അയലൊക്കപ്പറമ്പിലും കാണുമായിരുന്നു. അങ്ങനെ ഒരുമാതിരി ടൈമിലൊക്കെ ഞങ്ങടെ താവളമായിരുന്ന ആ പറമ്പിൽ സൈക്കിൾ വെക്കാൻ വരുന്ന സ്കൂൾകുട്ടികളോട്, വിശിഷ്യാ ലേഡിബേഡ് ഉടമകളോട്, “ദവടെ വെക്കല്ലടിവളേ, ആളേൾക്ക് പോണ്ടേ”, “ഹെയ് അവടെ വെച്ചാ മറ്റേ സൈക്കിളെട്ക്കാൻ പറ്റോ, നീയങ്ട് ലേശാ നീക്കി വെച്ചേ” ന്നൊക്കെ പറഞ്ഞ് പട്ടിഷോ കാണിക്കാറുള്ള ടൈം.
 
ഒരൂസം ഇങ്ങനെ പിള്ളേരൊക്കെ സ്കൂളീപ്പോയി, ബെല്ലൊക്കെ അടിച്ചുകഴിഞ്ഞ് കുറേനേരം കത്തിയടി കഴിഞ്ഞപ്പോ ഒരു തോറ്റം, 

“അല്ല വിന്വോ, മ്മക്കീ സൈക്കൊളൊക്കെ ഒന്ന് അറേഞ്ച് ചെയ്ത് വെച്ച് പിള്ളേരെ ഞെട്ടിച്ചാലോ?”. 

അഞ്ചിന്റെ പൈസക്ക് ഗുണമില്ലാത്ത ആ ഐഡിയ പക്ഷേ സംഘത്തെ ഉഷാറായി. സൈക്കിളുകൾ ബ്രാന്റനുസരിച്ച് പല ഭാഗങ്ങളിലേക്ക് മാറ്റി ലൈനപ്പാക്കി വെക്കപ്പെട്ടു. ലേഡീബേഡുകൾ പുളിമരത്തിന്റെ അടീല് വട്ടത്തില്, ബീഎസ്സേകൾ അയ്നീടെ താഴെ നീളത്തില്, വേറെ ചിലത് വരിവരിയായി നടവഴീടെ രണ്ടു സൈഡില്, അതിൽത്തന്നെ ആമ്പിള്ളെർടേം പെമ്പിള്ളേർടേം വേറെവേറെ സെക്ഷനുകൾ, അങ്ങനങ്ങനെ മൊത്തത്തിൽ പൊരിഞ്ഞ പരിപാടി. ലേഡീബേഡിന്റേം, ബീഎസ്സേടേം അതിപ്രസരത്തിൽ ലൈംലൈറ്റ് കിട്ടാത്ത ചെല ഹീറോ ഇമ്പാക്റ്റുകളും ഫോട്ടോണുകളും അപൂർവം ചെല അറ്റ്ലസുകളും, മറ്റു പല ഓർമ്മയില്ലാബ്രാന്റുകളും അടിച്ചുകൂട്ടി ഒരു മൂലക്ക് കൊണ്ടു വെച്ചു. അതിന്റെടക്ക് “മ്മക്ക് കളറു നോക്കി ഒന്നുങ്കൂടി അറെഞ്ച് ചെയ്താലാ?” ന്നൊരു രണ്ടാംതോറ്റത്തിന്റെ പുറത്ത് ബ്രാന്റിന്റെ സെക്ഷനുകൾ കളറിന്റെ അടിസ്ഥാനത്തിൽ സബ്സെക്ഷനുകളാക്കി മാറ്റി ഒരു റീഅറേഞ്ച്മെന്റ് കൂടി നടത്തിക്കഴിഞ്ഞപ്പോ പറമ്പൊരുമാതിരി സൈക്കിളുകളുടെ മെഗാമേള നടക്കുന്ന ഏതോ മൈതാനത്തിന്റെ ലുക്കായി. മനോഹരായിരുന്നു സീൻ!
 
വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ ഗ്രാമത്തെ മൊത്തം രക്ഷിച്ച പട്ടാളക്കാർ വൈന്നേരം ബാരക്കിൽ രണ്ടെണ്ണമടിച്ച് ക്ഷീണം മാറ്റാനിരിക്കുന്ന ഫീലിൽ, അവിടെ ഒരു തെങ്ങുംചോട്ടിൽ ഞങ്ങൾ കയ്യും ബേക്കിൽ കുത്തി മലന്നു കിടന്ന് അന്നത്തെ അധ്വാനത്തിന്റെ ഫലം ആസ്വദിച്ചിരുന്നു.
വൈന്നേരം സ്കൂള് വിടാറായപ്പോ അന്തംവിടുന്ന പിള്ളേരെ കാണാൻ പട മൂന്നു മണിയോടെ തന്നെ സെറ്റായി റെഡിയായിരുന്നു.
 
നാലുമണിക്ക് കൂട്ടബെല്ലടിച്ച് രണ്ടുമിനിറ്റ് തികയും മുന്നേ പിള്ളേര് വന്നു തുടങ്ങി. വരുന്നവർ വരുന്നവർ “ഇതെന്ത് കൂത്ത്, എന്റെ സൈക്കിളെവടെ” എന്നമ്പരന്നും ലേശം പരിഭ്രമിച്ചും പരതിനടക്കുന്ന കണ്ടപ്പോ “ഞങ്ങളാട്ടാ ഈ കർമ്മം ചെയ്തത്, നന്ദിയൊന്നും പറയണ്ട ഒരാവശ്യോം ഇല്ല” എന്ന ഭാവത്തിൽ ഞങ്ങളവടെ ചായേം കുടിച്ചിങ്ങനെ സിരിച്ചിരുന്നു.
 
“ദേ നിങ്ങളിങ്ങനെ തോന്ന്യേ പോലെ സൈക്കിളൊക്കെ വെച്ച് പോയാ പറമ്പൊക്കെ കാണാൻ മോശല്ലേ?" 
"നാളെത്തൊട്ട് ഇന്ന് വെച്ച പോലെ അറേഞ്ച് ചെയ്ത് വെച്ചോളോട്ടാ.." 
"ഇന്ന് ഞങ്ങള് ഹെല്പ് ചെയ്തു. ഞങ്ങൾ എല്ലാ ദിവസോം ഇവിടെ തന്നെ കാണും, നിങ്ങളെ ഹെല്പാനായിട്ട്” 

എന്നിങ്ങനെ ഓരോ പത്ത് മിനിറ്റിലും ഓരോ അനൗൺസ്മെന്റും നടത്തി ആ ദിവസവും അതിന്റടുത്ത ദിവസവും ഞങ്ങൾ ടൈം കില്ലി. പിള്ളേർക്കാണെങ്കിൽ “ഇവമ്മാരിത് സീരിയസായിട്ടാണോ, അതോ പിരി പോയിട്ടാണോ” ന്ന് കൺഫ്യൂഷനുമുണ്ട്, എന്നാ പറഞ്ഞ പോലെ ചെയ്തില്ലെങ്കി ഇവമ്മാർടെ ഏരിയയിൽ ധൈര്യായിട്ടെങ്ങനെയാ സൈക്കിളും വെച്ച് പോവാൻ പറ്റാന്ന് നല്ല ഡൗട്ടുമുണ്ട്. ഞങ്ങക്കാണെങ്കിൽ അവർടെ ആ കൺഫ്യൂഷനൊക്കെ ഒന്നുരണ്ടു ദിവസം അത്യാവശ്യം നല്ല എന്റർടെയിന്റ്മെന്റ് ആയിരുന്നു.
 
ഇപ്പോ ആലോചിക്കുമ്പോ, എന്തിന്റെ കേടായിരുന്നോ ആവോ, ആ പെമ്പിള്ളേരൊക്കെ എന്ത് വിചാരിച്ചു കാണോ ആവോ! ഹൗ...

Thursday, 14 February 2019

നെല്ലിയാമ്പതി

ക്ഷീണിതനായ ഒരു വൃദ്ധൻ ചുമട് താങ്ങി വേച്ചുവേച്ചു വരുന്നത് പോലെ പോലെ എസ്.ആർ.ടി. ബസ് മലയിലെ വളവും തിരിഞ്ഞു കയറി സ്റ്റോപ്പിൽ വന്നു. ബോർഡിലെ 'നെല്ലിയാമ്പതി' എന്ന വാക്കിനടുത്ത് ഓഫാക്കാൻ മറന്നു പോയ ഒരു കുഞ്ഞുബൾബ് നിന്നു കത്തുന്നുണ്ട്.

ബസ്സിൽ കൊള്ളാവുന്നത്രയും ആളുകൾ തിങ്ങി നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. നെല്ലിയാമ്പതിയിലേക്ക് ദൂരം ഇനിയും ഏറെയുണ്ട്. അടുത്ത വണ്ടിയാണെങ്കിൽ ഇനി രണ്ടു മണിക്കൂറെങ്കിലും കഴിയും, അതും വന്നാൽ വന്നു എന്ന് പറയാം. രണ്ടും കല്പിച്ച് മുത്തശ്ശനോട് ചോദിച്ചു, "മുത്തശ്ശന് ഇരുന്നു തന്നെ പോണംന്നുണ്ടോ?"

"നീ പോയേന്റെ കുട്ട്യേ. നെന്റെ കൂട്ടത്തിലെ കുട്ട്യോൾടെ പോലത്തെ പിണ്ണത്തടി അല്ലിത്, ഉരുക്കാണ് ഉരുക്ക്. നീ വേണെങ്കി സീറ്റു കിട്ടുന്ന വണ്ടിക്ക് പിന്നെ വന്നോളൂ, ഞാനും മുത്തശ്ശീം വടി പോലെ നിന്ന് ഇതിൽത്തന്നെ പോക്കോളാം"

ചോദിച്ചത് വേണ്ടാരുന്നൂന്ന് തോന്നി. വയസ്സ് എഴുപത്തഞ്ചാണ് മുത്തശ്ശന്, മുത്തശ്ശിക്ക് തൊണ്ണൂറ്റഞ്ചും, പക്ഷേ അതും പറഞ്ഞങ്ങോട്ട് പോയാ വെറുതെ തോറ്റു മടങ്ങുകയേ പിന്നെ നിവർത്തിയുള്ളൂ.

കിട്ടിയ ഇടയിൽ മൂന്നു പേരും പടികളിൽ നിന്ന്, വാതിൽ ഭദ്രമായി ചേർത്തടച്ചതും കിളി പുറകിൽ നിന്നും അലറുന്നതു കേട്ടു,

"പൂവാ... പൂവാ"

കഠിനാധ്വാനത്തോടെ ഡ്രൈവർ ഗിയർ വീഴ്ത്തുന്ന ശബ്ദം ആർത്തു വന്നു. മനസ്സില്ലാമനസ്സോടെ ബസ് മുരടനക്കി മുന്നോട്ടു നീങ്ങി.

വഴിയിൽ പുകമഞ്ഞു കനം വെച്ചു വരുന്നുണ്ട്. പോത്തുണ്ടി ഡാമിലെ വെള്ളപ്പരപ്പിൽ തട്ടി വെളിച്ചം ചിതറിത്തെറിക്കുന്നുണ്ട്. ടൂറിനു വന്ന ഏതോ സ്‌കൂളിലെ കുട്ടികൾ ഡാമിന്റെ മുകളിൽ നിരന്നു നിന്ന് പടമെടുക്കുന്നു. ആകാശത്തിന്റെ നിറം കരിനീലയോ അതോ ചാരനിറമോ എന്നറിയാൻ കഴിയുന്നില്ല, ദൂരെ മലനിരകൾ കറുപ്പു മൂടിക്കഴിഞ്ഞു. മഴ വരാതിരുന്നാൽ മതിയായിരുന്നു.

ബസിനു വേഗം കുറവെങ്കിലും കാറ്റിന്റെ ശക്തി അല്പം കൂടുതലായി തോന്നുന്നുണ്ട്. മഴക്കാറുള്ളതുകൊണ്ട് തണുപ്പും നല്ല പോലെ അടിക്കുന്നു. ചെറുതായി വിറക്കുന്നുണ്ടെന്നു മനസിലായി. ആധിയോടെ മുത്തശ്ശിയെ നോക്കി. അവർ ഒരു ചെറിയ മുഷിപ്പുപോലുമില്ലാതെ മുത്തശ്ശനോടെന്തോക്കെയോ കാര്യമായി സംസാരിച്ചുകൊണ്ടിരുന്നു. ഒന്ന് മയങ്ങണമെന്നുണ്ട്, പക്ഷെ ഈ നിൽപ്പിൽ എങ്ങനെ....

മണിക്കൂർ ഒന്ന് കഴിഞ്ഞു, ഒരു വലിയ വളവിന്റെ അരികിൽ വണ്ടി നിന്നു. "കാപ്പി കുടിക്കാൻ പത്തുമിനിറ്റ് സമയമുണ്ട്", വണ്ടി നിർത്തുന്നതിനു മുൻപേ  ചാടിയിറങ്ങിയ കിളി ബസിനകത്തേക്ക് വിളിച്ചു പറഞ്ഞു.

വാതിൽ തുറക്കാൻ ഇത്തിരി പ്രയാസപ്പെട്ടു. അതുകണ്ട്, മുഖത്തു കാർമേഘം ഉരുണ്ടുകൂടിവന്ന  കിളി വന്ന് വാതിൽ വലിച്ചു തുറന്നു. മുഖത്തു പോലും നോക്കാതെ അയാൾ പിറുപിറുത്തുകൊണ്ട് മൂലയിലുള്ള ചെറിയ ചായക്കടയിലേക്ക് ധൃതിയിൽ നടന്നുപോയി.

മുത്തശ്ശനു നേരെ കൈ നീട്ടിയെങ്കിലും നീരസം ഘനീഭവിച്ച ഒരു നോട്ടത്തോടെ അദ്ദേഹം ആ വാഗ്ദാനം നിരസിച്ചു കൊണ്ട് സ്വയം ഇറങ്ങി വന്നു. പിന്നാലെ മുത്തശ്ശിയും ഇറങ്ങി. ഇരുവർക്കുമുള്ള ചായ പറയാൻ ഞാൻ മുന്നോട്ടു നീങ്ങി.

കടയിൽ എല്ലാവരും ആദ്യത്തെ ചായ തനിക്കു കിട്ടണമെന്ന ആഗ്രഹത്തിൽ തിക്കിത്തിരക്കുന്നുണ്ട്. ഇന്റർവെൽ സമയത്ത് സ്‌കൂളിനു പുറത്തെ മിഠായിക്കടകളെ പൊതിഞ്ഞുനിൽക്കുന്ന കുട്ടികളുടെ മുഖത്തെ ആശങ്കയാണ് പലർക്കും. കഴുത്തിൽ ഒരു നീല തൂവാല കെട്ടിയ ഡ്രൈവർക്കുള്ള സ്‌പെഷൽ ചായ അതിനകം വന്നു കഴിഞ്ഞിരുന്നു. ആദരവോടെ അയാളെ നോക്കിക്കൊണ്ടു നിൽക്കുന്ന ബസ് യാത്രക്കാരായ രണ്ടുകുട്ടികളെ നോക്കി കുസൃതിയോടെ കണ്ണിറുക്കിക്കാണിച്ച ശേഷം, അയാൾ കൊക്കക്കരികിലുള്ള ഒരു മൈൽക്കുറ്റിയിയിലിരുന്ന് തന്റെ ചായ ഊതിയൂതി ആസ്വദിക്കാൻ തുടങ്ങി.

സമോവറിന്റെ അരികിൽ ഒരു ഇരുപതുപേരെങ്കിലുമുണ്ട്. മുഷിവോടെ ഞാൻ മുത്തശ്ശന്റെ നേരെ നോക്കി.

"ചായ ഒന്നും വേണ്ട, കുറച്ചു മുൻപേ ആഹാരം കഴിച്ചതല്ലേ ഉള്ളൂ, പ്രസാദിങ്ങു പോന്നോളൂ", മുത്തശ്ശിയാണ് പറഞ്ഞത്. ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നെങ്കിലും ആ ചിന്ത നാലായി മടക്കി കീശയിൽ വെച്ച് അവരുടെ അടുത്തേക്ക് നടന്നു.

പെട്ടെന്ന് കൊക്കയുടെ അരികിലൂടെയുള്ള നടവഴിയിലൂടെ കുറച്ചു പേർ കയറി വന്നു. തലയിൽ കെട്ടും, കണ്ണാടിയും, തോളിൽ ബാഗുകളുമൊക്കെയുണ്ട്, മലകയറ്റക്കാരാവണം. ഇനിയും പകുതിയോളം മല കയറാൻ ബാക്കിയുണ്ട്. സംഗതി എളുപ്പമല്ല. ദിനവും ഒരു കുന്നു നടന്നു കയറി പോയിരുന്ന കോളേജ് ദിനങ്ങൾ ഓർത്തു. അന്നതൊക്കെ എത്ര എളുപ്പമായിരുന്നു. ഇന്നാണെങ്കിൽ പത്തടി നടക്കാനുള്ള ത്വര പോലും കെട്ടു പോയിരിക്കുന്നു. ലജ്ജ തോന്നി.

മലകയറ്റക്കാരുടെ സംഘം ചായ കുടിക്കാൻ നിൽക്കാതെ നീങ്ങി കഴിഞ്ഞപ്പോൾ കുറച്ചു പുറകിലായി നല്ല ഉയരമുള്ള ഒരാൾ ഒറ്റക്ക് കയറി വന്നു. ഒറ്റനോട്ടത്തിൽ ആളെ മനസിലായി. ഋത്വിക് റോഷനെ മുൻപും ടിവിയിൽ കണ്ട പരിചയമുണ്ട്, ഒന്നു മുന്നോട്ടു നീങ്ങി അയാൾക്ക് കൈ വാഗ്ദാനം ചെയ്തു.

"പ്രസാദെന്താ ഇവിടെ, ഇന്ന് ഓഫീസില്ലെ?" ഋത്വിക് ചോദിച്ചു.

"ഇല്ല, മുത്തശ്ശനേം മുത്തശ്ശിയേം കൊണ്ടൊന്ന് നെല്ലിയാമ്പതിക്ക് പോവാണ്."

അവൻ അവരെ നോക്കി കൈകൂപ്പി. മുത്തശ്ശൻ മുഖം തിരിച്ചു, ആൾക്ക് സിനിമാക്കാരെ ഇഷ്ടമല്ല. മുത്തശ്ശി ചിരിച്ചു.

അവൻ പുറകിലേക്കൊന്ന് വലിഞ്ഞ് എന്റെ ചെവിയിൽ ചോദിച്ചു, "നിനക്ക് നാണമില്ലെടെ, ബസ്സിൽ മല കയറാൻ...! നിന്നെ പോലുള്ള ചെറുപ്പക്കാരൊക്കെ ഇങ്ങനെ മടി പിടിക്കാൻ തുടങ്ങിയാലോ? അയ്യേ, ഛെ..."

അവന്റെ ചോദ്യം കേട്ട് ചൂളിപ്പോയി. എത്ര മല കയറിയവനാ എന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു, അവൻ കേൾക്കണ്ടെന്നോർത്തു മനസ്സിൽ പറഞ്ഞാശ്വസിച്ചു.

എന്റെ വാടിയ ചിരി കണ്ടിട്ടാവണം, ഋത്വിക് ഒന്നയഞ്ഞു. പതിയെ മാറ്റി നിർത്തി ചോദിച്ചു, "നീ വരുന്നോ എന്റെ കൂടെ കയറാൻ? എനിക്കീ ബോറു കമ്പനി ഇഷ്ടപ്പെട്ടില്ല. അതാ അവരെ വിട്ട് ഒറ്റക്ക് നടക്കുന്നത്. നീയാവുമ്പോ ബെസ്റ്റാണ്... നമുക്ക് എസ്.പി.വെങ്കിടേഷിന്റെ പാട്ടുകളൊക്കെ പാടി ജോളിയായി കയറാം. മുത്തശ്ശനും മുത്തശ്ശീം ബസിൽ വന്നോട്ടെ..."

അതൊരു നല്ല പദ്ധതിയാണ്. മനസ് മുരടിച്ചിരിക്കുകയാണ്. ഒന്ന് ഫ്രെഷാവാം, നല്ല ഉന്മേഷം തോന്നി.

മുത്തശ്ശനോട് കാര്യം പറയാൻ തുടങ്ങിയപ്പോഴേ അദ്ദേഹം കൈ കാണിച്ചു പറഞ്ഞു,"കുട്ടി അവന്റെ കൂടെ നടന്നു പോരെ, ഞങ്ങൾ ബസിൽ പൊയ്‌ക്കോളാ"

ഡ്രൈവർ ആ സമയത്ത് കയറി ഇരുന്ന് കഴിഞ്ഞിരുന്നു. സ്റ്റിയറിങ്ങിൽ കൈ കുത്തി പിന്നോട്ട് തിരിഞ്ഞിരുന്ന്, കൂടെക്കൂടെ വാച്ചിൽ നോക്കി അക്ഷമ കാണിക്കുന്നുണ്ട് അയാൾ. കിളി എല്ലാവരെയും കുത്തിക്കയറ്റുകയാണ്. മുന്നോട്ടു നീങ്ങി നിൽക്കാനുള്ള ആജ്ഞക്ക് ആക്കം പോരെന്നു തോന്നുമ്പോഴൊക്കെ അയാൾ ബസ്സിന്റെ വശത്ത് ആഞ്ഞടിച്ചു കൊണ്ടിരുന്നു. സീറ്റുകൾ കിട്ടണമെന്ന് എല്ലാവർക്കുമുണ്ടെങ്കിലും പല നിറത്തിലുള്ള തൂവാലകളും പുസ്തകങ്ങളും ഉടമസ്ഥരല്ലാത്തവരെ സീറ്റുകളിൽ നിന്നുമകറ്റി നിർത്തി.

ഒടുവിൽ, മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഊഴമായി. അവരെ ഫുട്‍ബോർഡിൽ കയറ്റി ഞാൻ വാതിലടച്ചു. കിളിയുടെ അലർച്ചയിൽ ഡ്രൈവർ കടിഞ്ഞാൺ ഇളക്കി. നീങ്ങി നിരങ്ങി അകലുന്ന ബസ്സിന്റെ നേരെ വെറുതെ ഞാൻ കൈ വീശി. മുത്തശ്ശന്റെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛച്ചിരി ഉണ്ടായിരുന്നത് പോലെ തോന്നി.

"ഡേയ്.. വാഡേയ്, ബസ് പോയില്ലേ...!" ഋത്വിക്കിന്റെ വിളി ചിന്തയിൽ നിന്നുണർത്തി.

"യാ, പോവാം." നീണ്ട കാലുകൾ വലിച്ചു വെച്ച് റോഡ് മുറിച്ചു കടന്ന് അപ്പുറത്തേക്കെത്തി നിൽക്കുന്ന അവന്റെ അരികിലേക്ക്, കീശയിലെ നോട്ടുകൾ താഴെ പോവാതെ പൊത്തിപ്പിടിച്ചു ഞാൻ ധൃതിയിൽ ഓടി. മലയുടെ മുകളിലേക്ക് ഒരു മണ്ണിരയെപ്പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴിയിലേക്ക് ഞങ്ങൾ ഊർന്നു കയറി.

* * *

"ഹെന്താ മനുഷ്യാ ഈ വെളുപ്പാൻ കാലത്തു മേലേക്ക് പൊത്തിപ്പിടിച്ചു കേറുന്നേ" ന്നൊരു അലർച്ചയും വെള്ളിടി വെട്ടുന്ന പോലെ മുതുകത്തൊരു ചവിട്ടുമാണ് സ്ഥലകാലബോധത്തിലേക്ക് ടിക്കറ്റു തന്നത്. കണ്ണു മിഴിച്ചപ്പോൾ തറയിലാണ് കിടപ്പ്. പതിയെ എഴുന്നേറ്റ് കർട്ടൻ മാറ്റി നോക്കിയപ്പോൾ, രണ്ടു നാളായി കിഴക്കൻതീരത്തെ ആക്രമിച്ചുകൊണ്ടിരിക്കുന്ന മഞ്ഞുകാറ്റ് ഒട്ടും തീവ്രത കുറയാതെ  അവിടെ തന്നെ ഉണ്ട്, എങ്ങും പോയിട്ടില്ല. ഇന്നും വീട്ടിൽത്തന്നെ അടച്ചുപൂട്ടിയിരുന്നു മുഷിയേണ്ടി വരും.

ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ കടന്നൽ കുത്തിയ മുഖശ്രീയോടെ മയങ്ങാൻ ശ്രമിക്കുന്ന നല്ലപാതിയെ പതിയെ ഉന്തിനീക്കിക്കിടത്തി പുതപ്പുവലിച്ചുകേറ്റി ഒന്നൂടെ കിടന്നു. ഇടയ്ക്കു മുറിഞ്ഞു പോയ ആ കാട്ടുവഴിയിലേക്ക് ഒന്നുകൂടി ഏന്തിയെത്താൻ പറ്റുമോന്നു നോക്കാം. നെല്ലിയാമ്പതിക്ക് മുകളിലേക്കു നടന്നു കയറാൻ വെമ്പുന്ന മനസ്സു മാത്രം പക്ഷേ സംശയിച്ചു നിന്നു, "ഋത്വിക് പോയിക്കാണുമോ..."

* * *
പ്രകോപനം: കെപി കണ്ട സ്വപ്നം

Tuesday, 5 January 2016

പ്രകൃതിയിലേക്ക്...

ഇത്തവണത്തെ വർഷാവസാന അലച്ചിലിൽ ഏറ്റവും മനസ്സ് നിറഞ്ഞത് കോഴിക്കോട് വയലടക്കടുത്തുള്ള കാവുംപുറത്തേക്കുള്ള യാത്രയിലാണ്. തട്ടുതട്ടായ ഭൂപ്രകൃതിയുള്ള ഒരു ടിപ്പിക്കൽ ഹൈറേഞ്ച് കുടിയേറ്റ കർഷക ഗ്രാമം. അവിടെ തന്റെ രണ്ടേക്കർ സ്ഥലത്ത്, വെല്ലുവിളിക്കുന്ന പ്രകൃതിയെ ചിരിച്ചു കൊണ്ട് നേരിട്ട് ജീവിക്കുന്ന മാധവൻ എന്ന കർഷകനെ പരിചയപ്പെടാൻ അവസരം കിട്ടി. അഞ്ചാറു തട്ടിലായി കുത്തനെ നിൽക്കുന്ന ഭൂമിയിൽ, താഴെ റോഡിലേക്കും മുകളിലെ തട്ടിലെ വീട്ടിലേക്കും അസംഖ്യം തവണയുള്ള കയറ്റിറക്കങ്ങൾക്കും, പിന്നെ നാലഞ്ചു കിലോമീറ്റർ താഴെ തലയാട്ടേക്കുള്ള തന്റെ ദിനചര്യയായ കാൽനട യാത്രകൾക്കുമിടയിൽ, അറുപത്തേഴാം വയസ്സിലും വാർധക്യം തോറ്റുനിൽക്കുന്ന ഒരു മനുഷ്യൻ.

നാല്പത് കൊല്ലം മുൻപെയാണ് മാധവേട്ടൻ ഇവിടേക്ക് കുടിയേറുന്നത്. ഇന്നും കാവുംപുറത്തേക്ക് നല്ലൊരു റോഡ്‌ ഉണ്ടാക്കി വരുന്നേയുള്ളൂ. മാധവേട്ടന്റെ വീടിനു മുന്നൂറു-നാനൂറു മീറ്ററെങ്കിലും താഴെക്കൂടെയാണ് ആ റോഡ്‌ പണിയുന്നത്. മാധവേട്ടന്റെ ഭൂമിയിൽ പലതാണ് കൃഷികൾ. ഇടക്ക് വല്ലപ്പോഴും വന്നു കേറുന്ന അതിഥികളെ സൽക്കരിക്കാൻ വലിയ ഉത്സാഹമാണ് ആൾക്ക്. മുകളിലത്തെ തട്ടുകളിലൊന്നിൽ കെട്ടിയ കുഞ്ഞു വീടിന്റെ ഉമ്മറത്ത്, കുത്തനെയുള്ള കയറ്റം കയറി തരിപ്പണമായ ഞങ്ങളെ ഇരുത്തി മൂപ്പർ കരിക്കിടാൻ പോയി. മുന്നിൽത്തന്നെയുള്ള രണ്ടു നില പൊക്കമുള്ള ഒരു തെങ്ങിന്റെ മണ്ടയിലെക്ക് ഒരു തോട്ടി വെച്ചു നാല് കുത്ത്, കരിംപച്ച നിറത്തിലുള്ള വലിപ്പം കുറഞ്ഞ കരിക്കുകൾ നാലഞ്ചെണ്ണം താഴെ വീണു. ഉറപ്പുള്ള തറയിലേക്കുള്ള വീഴ്ചയിൽ ഒന്നുരണ്ടെണ്ണം പൊട്ടിപ്പോയി. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ആ മനുഷ്യന്റെ പരിപാലനത്തിൽ തഴച്ചു വളരുന്ന തെങ്ങിൽ വിളഞ്ഞ കരിക്കുകൾ ഒട്ടും നിരാശപ്പെടുത്തിയില്ല. ഒരു കുഞ്ഞു കരിക്കിൽ നിന്നും കിട്ടിയത് രണ്ടു സ്റ്റീൽ ഗ്ലാസ് നിറയെ സ്വാദുള്ള വെള്ളം. ബാംഗ്ലൂരിലും ഹൈവെയിലുമൊക്കെ കിട്ടുന്നതിനെ ഇനി മേലിൽ കരിക്കാടി എന്ന് വിളിക്കാൻ മനസ്സിലുറപ്പിച്ച്, മനസ്സ് കവിയുവോളം മോന്തിക്കുടിച്ചു.

കരിക്ക് തീർന്നപ്പോഴേക്കും വീടിനു മുന്നിൽ നിന്ന രണ്ടു ചേംപിൻ ചെടികൾ പുള്ളി കുത്തി മറിച്ചിട്ടു. ചേമ്പിനു വലിപ്പം അധികം ആയിട്ടില്ലായിരുന്നു എങ്കിലും മൊത്തം ഫലം പൊതിഞ്ഞു വെച്ചു. വളർച്ചയുടെ പല ഘട്ടത്തിലുള്ള ജാതിക്കയും, മുറ്റത്തു കായ്ച്ചു നിൽക്കുന്ന കൊളംപ് അടക്കാമരത്തിലെ ഇത്തിരിപ്പോന്ന അടക്കകളും ഒരു കൊച്ചുകൂട്ടുകാരന്റെ സ്നേഹത്തോടെ, വാസുണ്ണിയുടെ കുഞ്ഞു കൈകളിലേക്ക് മൂപ്പർ വെച്ചു കൊടുത്തു. മുന്നിൽ തന്നെ താഴത്തെ തട്ടുകളിലെക്ക് ഉന്തിച്ചു നിന്നിരുന്ന ഒരു പാറയിൽ ഒരഭ്യാസിയെപ്പോലെ ചാടിക്കേറി അതിന്റെ അറ്റത്തു പുറത്തേക്കു വളർന്നു വലുതായി നിൽക്കുന്ന മരത്തിൽ നിന്നും നാല് ചുരക്ക കൂടി കുത്തിയിട്ട് തന്നിട്ടേ ആൾക്ക് തൃപ്തിയായുള്ളൂ.

കോഴികളെ വളർത്തണമെന്നുണ്ടെങ്കിലും പരുന്തിന്റെ ശല്യം കാരണം അത് നടക്കില്ല എന്നാണ് മാധവേട്ടൻ പറയുന്നത്. മൂപ്പർക്ക് രണ്ടു പോത്തിൻകുട്ടികളുണ്ട്. കാട്ടുപന്നിയുടെ ശല്യം ഇടക്കുണ്ടാകും. പണ്ടായിരുന്നെങ്കിൽ കൈവശമുണ്ടായിരുന്ന ഒരു കള്ളത്തോക്ക് ഉപയോഗപ്പെട്ടിരുന്നു. പക്ഷേ കാലം മാറിയപ്പോൾ കുടുംബത്തിലെ ഒരു പോലീസുകാരന്റെ ഉപദേശപ്രകാരം അത് വിറ്റുകളയുകയായിരുന്നു. അല്ലെങ്കിൽ നമുക്കൊന്നു കറങ്ങാമായിരുന്നു എന്നാണു മൂപ്പർ പറയുന്നത്. "നിങ്ങളവിടെ ചൂടു കാരണം ഉഷ്ണിച്ചു കഴിയുംപോ ഞങ്ങൾക്കിവിടെ രാത്രി കരിംപടം പുതക്കാതെ കിടക്കാംപറ്റൂല്ല", പല്ലൊന്നും ബാക്കിയില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ട് മാധവേട്ടൻ പറഞ്ഞു.

അദ്ദേഹത്തിന്റെ ഊഷ്മളമായ ആതിഥ്യം ആസ്വദിച്ചു തിരിച്ചുള്ള യാത്ര മുഴുവൻ, ചെന്നെത്തിപ്പെടാൻ ഒരു വഴി പോലുമില്ലാത്ത ഇത്തരം ഇടങ്ങളിലേക്ക്, ഈ മനുഷ്യനെപ്പോലുള്ളവർ പതിറ്റാണ്ടുകൾക്കുമുൻപ് ജീവിതം കരുപ്പിടിപ്പിക്കാനായി നടത്തിയ സമരയാത്രകളുടെ കാഠിന്യമായിരുന്നു മനസ്സ് നിറയെ. എങ്ങനെയായിരിക്കും വിജയത്തിനോ ജീവനോ ഒരുറപ്പുമില്ലാതെ, ഭീതിപ്പെടുത്തുന്ന ചുറ്റുപാടുകളോട് മല്ലിട്ടും പൊരുതിയും അവർ തങ്ങളുടെ സാന്നിധ്യം അത്തരമിടങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ടാവുക എന്നത് എന്റെ തലച്ചോറിന്റെ ചുളിവുകളിൽ തെളിയുന്നവയായിരുന്നില്ല. ചൂടിനായാലും തണുപ്പിനായാലും ആഹാരത്തിന്റെ സ്വാദിനായാലും മറ്റെന്തു മാനുഷികവികാരങ്ങൾക്കായാലും യഥാർത്ഥ ആസ്വാദനശേഷി കൈവരുന്നത്, പ്രകൃതിയോട് അതിന്റെ പൂർണ്ണതയിൽ കീഴ്പ്പെട്ട് ജീവിക്കുംപോഴാണെന്നത് തിരിച്ചറിയുകയാണ്...

Wednesday, 5 June 2013

ഹൌ-ന്ന്???

ആന്ധ്രയിലെ ഏതോ കുഗ്രാമത്തില്‍ എലെക്ഷന്‍ ഡ്യൂട്ടിക്ക് പോയ കഥ പറയുകയായിരുന്നു പോലീസ് ചേട്ടായി:

പത്തു നൂറ് പോലീസുകാര്‍ ഉണ്ടായിരുന്നുത്രേ അന്ന് ഇവിടുന്ന് ആന്ധ്രയില്‍ പോയ ടീമില്‍. അവിടെ സ്റ്റേഷനീന്നു അവരെ ഡ്യൂട്ടി സ്ഥലത്തേക്ക് കൊണ്ട് പോകാന്‍ വന്നത് ആകെ ഒരു മിനി ബസ്സും ഒരു ജീപ്പില്‍ രണ്ട് ആന്ധ്രപോലീസുകാരും. അവമ്മാര്‍ക്കാണെങ്കില്‍ തെലുങ്ക് അല്ലാതെ മറ്റൊരു ഭാഷയും അറിയില്ല.

കുറെയൊക്കെ ഇവര് കാര്യം മനസ്സിലാക്കാന്‍ നോക്കി.
ഒടുവില്‍ ഇതൊരു നടക്ക് പോവില്ലെന്ന് മനസ്സിലായപ്പോ കലി കയറിയ നമ്മടെ ഒരു പോലീസുകാരന്‍ നിരന്നു നില്‍ക്കുന്ന പോലീസുകാരെയും കൂടിക്കിടക്കുന്ന അവരുടെ സാധന ജംഗമങ്ങളെയും ഒക്കെ ചൂണ്ടി കയ്യും കാലുമൊക്കെ ഇളക്കി മാക്സിമം ആക്ഷനില്‍ മുറി ഇംഗ്ലീഷില്‍ നീട്ടിയും കുറച്ചും ഒരു പെട,

"യൂ ലുക്ക് ഹിയര്‍... ഹണ്ട്റഡാആആആന്‍റ് ഫിഫ്ടി പോലീസ്മെന്‍.. ഇക്കണ്ട ലഗ്ഗേജ്... ജസ്റ്റ് വണ്‍ ബസ്??... ഹൌ?"

തെലങ്കന്മാര്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി എന്നിട്ട് ആകെ അറിയാവുന്ന ഇംഗ്ലീഷ് സ്റ്റോക്കൊഴിച്ചു,

"വാട്ട് സാര്‍???"

കേരളാ പോലീസുകാരന്റെ ഒരു അലര്‍ച്ചയാണ് പിന്നെ കേട്ടതുത്രെ ,

"എടാ പുല്ലേ ഹൌന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്!!!!"

* * *

അന്ന് വൈകുന്നേരം ഒരു വിധേന പ്രസ്തുത കുഗ്രാമം പുല്‍കിയ ശേഷം, അവടത്തെ ഒരു ലോക്കല്‍ ചായക്കടയില്‍ ഇതേ പോലീസേട്ടനും മ്മടെ ചേട്ടായിയും കൂടെ ചെന്നു. അവടെ നില്‍ക്കുന്ന പയ്യന്‍ കൊണ്ട് വെച്ച തണുത്ത വെള്ളം പോലീസേട്ടന് ഇഷ്ടപ്പെട്ടില്ല. ചൂടുവെള്ളം വേണം, അതെങ്ങനെ തെലുങ്കില്‍ പറയുമെന്ന് ഒരു നിശ്ചയവുമില്ല താനും. ഒടുവില്‍ രണ്ടും കല്പിച്ച് മൂപ്പര്‍ പയ്യനെ കൈ കാട്ടി വിളിച്ചു. എന്നിട്ട് ചൂണ്ടുവിരല്‍ ഉയര്‍ത്തി കാണിച്ചു. അത് പതിയെ ഗ്ലാസ്സിലെ വെള്ളത്തില്‍ മുക്കി എടുത്തു. എന്നിട്ട് ആ വിരലില്‍ ഒന്ന് ഊതിയിട്ടു പ്രസന്നമായ മുഖഭാവം വരുത്തിയിട്ട് പറഞ്ഞു,

"നോ പ്രോബ്ലം"

ചുറ്റും ഇരുന്നവരൊക്കെ ഇയ്യാളെന്താ ഈ കാണിക്കുന്നതെന്ന ഭാവത്തില്‍ പരസ്പരം നോക്കി. അതൊന്നും മൈന്‍ഡ് ചെയ്യാതെ പോലീസേട്ടന്‍ തന്‍റെ ഭാവാഭിനയം തുടര്‍ന്നു. വിരല്‍ ഒന്നൂടെ വെള്ളത്തില്‍ മുക്കിയിട്ടു പൊള്ളിയ പോലെ വലിച്ചെടുത്തു കുടഞ്ഞു ഊതി "ഹൌ ഹൌ"-ന്നു ശബ്ദവും ഉണ്ടാക്കിയിട്ട് ആ ഗ്ലാസ് എടുത്തു കൊടുത്തിട്ടു അടുക്കളയിലേക്ക് ചൂണ്ടി ശുദ്ധമലയാളത്തില്‍ അലറി,

"പോയി കൊണ്ട് വാടാ"...

Friday, 3 May 2013

നടക്ക്വാവോ...

ഒരു BMW X6 വാങ്ങണം...വലിയൊരു സ്വപ്നമാണ്..

ന്നിട്ട്, അതിന്‍റെ മുന്നിലെ ചില്ലിന്റെ മേലെ "ശ്രീ കാടാമ്പുഴഭഗവതി ഈ വാഹനത്തിന്‍റെ ഐശ്വര്യം" -ന്നും താഴെ "അമ്മേ നാരായണ"-ന്നും സ്റ്റിക്കര്‍ അടിക്കണം. ബേക്കിലെ ബംപറില്‍ "കരിങ്കണ്ണാ നോക്കല്ലറാ", "SOUND HORN", "I LOVE INDIA", "VOLVO" എന്നിങ്ങനെ മൂന്നാല് ഐറ്റം നമ്പര്‍ മേമ്പൊടികളും...

നടക്ക്വാവോ...!

ഡങ്ക് സിനിമാറ്റിക് അപ്രോച്ച്

ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...