Monday, 24 August 2009

ഓരോരോ കഷ്ടപ്പാടുകളേ...

ഇവര്‍ക്കൊക്കെ വട്ടാണെന്നു തോന്നുന്നു.

ഈ വെളിച്ചം കണ്ണിലടിക്കുമ്പോ ഉള്ള മഞ്ഞളിപ്പു കാരണം കണ്ണടച്ചാല്‍ അപ്പൊ തൊടങ്ങും,

"അച്ചോടാ... കണ്ണു തൊറക്കെടാ കുട്ടാ...അച്ഛമുത്തല്ലേടാ... തൊറക്കെടാ.." ശല്യം!

ഇനി കഷ്ടപ്പെട്ട് കണ്ണുതുറന്ന് എല്ലാരേമൊന്നു നോക്കാന്നു വെച്ചാല്‍ അപ്പൊ തൊടങ്ങും അടുത്ത കമന്‍ററി,

"അയ്യോടാ.. എല്ലാരേം സൂക്ഷിച്ചു നോക്കണുണ്ടല്ലോ...ഏ..ചുന്ദരാ..കള്ളാ...എന്താടാ നോക്കണേ.."

എന്‍റെ പൊന്നുചങ്ങാതീ, ഒന്നും നോക്കണില്ല.വെറുതെ കണ്ണു തുറന്നതാ ക്ഷമി... എന്നു പറയണമെന്നുണ്ട് . നാക്കു വഴങ്ങിത്തുടങ്ങാത്തതു കൊണ്ട് അതും പറ്റ്ണില്ല.

എത്ര നേരംന്ന് വെച്ചിട്ടാ ഈ കെടക്കേമൈങ്ങനെ കെടക്കാ. പൊറത്തെ കാഴ്ച്ചോള്‌ കാണാന്‍ ഏതൊരു സാമാന്യമനുഷ്യനും ആഗ്രഹം കാണില്ലേ... എന്നീട്ട് അതിനു വേണ്ടി ഒന്നു കരഞ്ഞാല്‍ പുറത്തു കൊണ്ട് പോവുന്നതൊഴിച്ചുള്ള എല്ലാ കാര്യങ്ങളും ചെയ്യും. മണ്ടന്മാര്‍!

വിവരദോഷികള്‍..

ഈ മുലപ്പാലു കൊണ്ടു മാത്രം എന്താവാനാ...അതും എന്നെപ്പോലെ വിജയകരമായ 3 മാസം പിന്നിട്ട ഒരു ശിശുകോമളന്‌.. രാത്രി ഓരോ ഈരണ്ടുമണിക്കൂറിലും വിശന്നിട്ടാണു മക്കളേ കരയുന്നത്, അല്ലാതെ വയറുവേദന കാരണമല്ല...ശ്ശൊ!!

ബെഡ്റൂം അല്ലെങ്കില്‍ ടിവിയുടെ മുന്നിലേയ്ക്ക്, അതല്ലാതൊരു ലോകം കണ്ടിട്ടില്ല ഈ ബ്ളാങ്കൂരു വന്ന ശേഷം. കഷ്ടം! ആ കഴിമ്പ്രത്തായിരുന്നെങ്കില്‍ ചാച്ചനും അച്ഛമ്മേം കൂടെ ഉച്ച തിരിഞ്ഞാല്‍ എടുത്ത് സിറ്റൌട്ടില്‍ കൊണ്ട് കിടത്തുമായിരുന്നു. ആ കാറ്റും കൊണ്ട് അവരുടെ വര്‍ത്തമാനമൊക്കെ കണ്ട് പറന്നു പോവുന്ന കിളികളേയും അണ്ണാറക്കണ്ണന്മാരെയും പടിഞ്ഞാറ്‌ കടലിലേക്ക് താഴുന്ന സൂര്യനെയുമൊക്കെ കണ്ട്...ഹൊ എന്തു രസമായിരുന്നു. ആ ലോകമെവിടെ കുടുസ്സുമുറികളുടെ തടവറകളുടെ ഈ ലോകമെവിടെ! ഇവരൊക്കെ ഇവിടെ എങ്ങനെ ജീവിക്കുന്നാവോ!

കഷ്ടപ്പെട്ട് അമ്മേ എന്നൊന്നു വിളിക്കാന്‍ ശ്രമിച്ചപ്പൊ കഷ്ടകാലത്തിനാണ്‌ അതു "ങ്കേ" എന്ന് പുറത്തേക്ക് വന്നത്. അതോടെ പുകിലായി, അതു "ഗംഗേ" എന്നാണത്രെ. ഈ പിതാശ്രീ വരുന്നവരോടും പോകുന്നവരോടുമൊക്കെ ഇതേ കോമഡി പറയുന്നത് കേട്ട് ചെവിയുടെ ടിമ്പാനം തേഞ്ഞു. സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ്‌ അടുത്ത് താപ്പിനു കിട്ടിയപ്പൊ രണ്ടു ചവിട്ട് പാസ്സാക്കിയത്. അപ്പൊ ദേ പറയണു "ഹും ചവിട്ടിക്കേറാന്‍ നോക്കുന്നുണ്ട്, ഇവന്‍ ഭാവിയില്‍ നീല്‍ ആംസ്ട്രോങ്ങാവുമെടീ""... എന്‍റെ ദൈവമേ, എനിക്കൊരു മിനിമം കോമണ്‍സെന്‍സെങ്കിലുമുള്ള ഒരു തന്തയെ തരാമായിരുന്നില്ലേ നിനക്ക്?

നടക്കാന്‍, വേണ്ട, അറ്റ്ലീസ്റ്റൊന്ന് മുട്ടിലിഴയാനുള്ള പ്രായമെങ്കിലും ആയിട്ട് വേണം ഇവര്‍ക്കിട്ട് പണികള്‍ കൊടുത്തു തുടങ്ങാന്‍. ഈ മാതാപിതാക്കളുടെ ഭാഷ പഠിക്കാനാണെങ്കില്‍ എളുപ്പല്ല. ഇടക്ക് കേള്‍ക്കാം "ഇങ്ങ്ട് തര്യായ്ര്ന്നില്ലേ?" വേറെ ചെലപ്പൊ കേള്‍ക്കും "എനിക്ക് തന്നൂടേന്യോ?". അതു പോലെത്തന്നെ ഇടക്ക് "നീ അവനോടാ പറഞ്ഞീര്ക്ക്യ്" എന്നാണെങ്കില്‍ പിന്നെ കേള്‍ക്കാം "ജ്ജ് ഓന്‍റെട്ത്ത് പറഞ്ഞോള്‍ണ്ടീന്‍" -ന്ന്... എന്‍റെ ശ്രീപത്മനാഭാ, നീ എന്‍റെ ബുദ്ധിമുട്ട് വല്ലതും അറിയുന്നുണ്ടോ?

അപ്പി ഇട്ടാല്‍ തല്ലു കിട്ടില്ല എന്ന ഉറപ്പുള്ളതുകൊണ്ട് മാത്രം അതുകൊടുത്ത് ദേഷ്യം തീര്‍ക്കാം ഇപ്പൊ. ആരെങ്കിലും എടുക്കുന്ന വരെ അതൊന്നു പിടിച്ചു നിര്‍ത്താനുള്ള ബുദ്ധിമുട്ട് സഹിക്കണമെന്നേയുള്ളൂ.. ഹിഹി!

ഈശ്വരാ, ദേ വൈകുന്നേരത്തെ തല്ലിപ്പൊളി മരുന്ന് കൊണ്ട് വരുന്നു... വേഗം കരയാന്‍ ഒരുങ്ങട്ടെ... എന്നിട്ട് വേണം ആ പേട്ടമരുന്നിന്‌ കോംപന്‍സേഷന്‍ കിട്ടുന്ന പാലും കുടിച്ച് ഒന്ന് മയങ്ങാന്‍...


6 comments:

അനിയന്‍കുട്ടി | aniyankutti said...

ചിത്രശാല സ്വര്‍ഗ്ഗതുല്യമായിക്കൊണ്ടിരിക്കുന്നു... :)

ശ്രീ said...

കൂടുതല്‍ സ്വര്‍ഗ്ഗീയമാകട്ടെ... ആശംസകള്‍!

Rare Rose said...

രസിച്ചു..അപ്പോള്‍ കുഞ്ഞിക്കണ്ണടച്ചും തുറന്നും ഈ കുഞ്ഞന്മാര്‍ വിചാരിക്കുന്നത് ഇങ്ങനെയൊക്കെയാണല്ലേ..:)

Babu Kalyanam said...

ലാസ്റ്റ് ലൈന്‍ വേണ്ടായിരുന്നു [ഇത്തിരി പൈങ്കിളി ആയില്ലേ എന്നൊരു സംശയം]. പറഞ്ഞില്ലെങ്കിലും obvious അല്ലെ?

അനിയന്‍കുട്ടി | aniyankutti said...

കല്യാണ്‍...നീ പറഞ്ഞാല്‍ പിന്നെ അപ്പീലില്ല..ലാസ്റ്റ്ലൈന്‍ ചെത്തി കാക്കയ്ക്കിട്ടു കൊടുത്തു.

Akhil babu said...

adi poli machan. Sorry alpam late aayittanu vayichathu. Enthayalum KIDU aayittundu.

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...