Tuesday, 5 January 2016

പ്രകൃതിയിലേക്ക്...

ഇത്തവണത്തെ വർഷാവസാന അലച്ചിലിൽ ഏറ്റവും മനസ്സ് നിറഞ്ഞത് കോഴിക്കോട് വയലടക്കടുത്തുള്ള കാവുംപുറത്തേക്കുള്ള യാത്രയിലാണ്. തട്ടുതട്ടായ ഭൂപ്രകൃതിയുള്ള ഒരു ടിപ്പിക്കൽ ഹൈറേഞ്ച് കുടിയേറ്റ കർഷക ഗ്രാമം. അവിടെ തന്റെ രണ്ടേക്കർ സ്ഥലത്ത്, വെല്ലുവിളിക്കുന്ന പ്രകൃതിയെ ചിരിച്ചു കൊണ്ട് നേരിട്ട് ജീവിക്കുന്ന മാധവൻ എന്ന കർഷകനെ പരിചയപ്പെടാൻ അവസരം കിട്ടി. അഞ്ചാറു തട്ടിലായി കുത്തനെ നിൽക്കുന്ന ഭൂമിയിൽ, താഴെ റോഡിലേക്കും മുകളിലെ തട്ടിലെ വീട്ടിലേക്കും അസംഖ്യം തവണയുള്ള കയറ്റിറക്കങ്ങൾക്കും, പിന്നെ നാലഞ്ചു കിലോമീറ്റർ താഴെ തലയാട്ടേക്കുള്ള തന്റെ ദിനചര്യയായ കാൽനട യാത്രകൾക്കുമിടയിൽ, അറുപത്തേഴാം വയസ്സിലും വാർധക്യം തോറ്റുനിൽക്കുന്ന ഒരു മനുഷ്യൻ.

നാല്പത് കൊല്ലം മുൻപെയാണ് മാധവേട്ടൻ ഇവിടേക്ക് കുടിയേറുന്നത്. ഇന്നും കാവുംപുറത്തേക്ക് നല്ലൊരു റോഡ്‌ ഉണ്ടാക്കി വരുന്നേയുള്ളൂ. മാധവേട്ടന്റെ വീടിനു മുന്നൂറു-നാനൂറു മീറ്ററെങ്കിലും താഴെക്കൂടെയാണ് ആ റോഡ്‌ പണിയുന്നത്. മാധവേട്ടന്റെ ഭൂമിയിൽ പലതാണ് കൃഷികൾ. ഇടക്ക് വല്ലപ്പോഴും വന്നു കേറുന്ന അതിഥികളെ സൽക്കരിക്കാൻ വലിയ ഉത്സാഹമാണ് ആൾക്ക്. മുകളിലത്തെ തട്ടുകളിലൊന്നിൽ കെട്ടിയ കുഞ്ഞു വീടിന്റെ ഉമ്മറത്ത്, കുത്തനെയുള്ള കയറ്റം കയറി തരിപ്പണമായ ഞങ്ങളെ ഇരുത്തി മൂപ്പർ കരിക്കിടാൻ പോയി. മുന്നിൽത്തന്നെയുള്ള രണ്ടു നില പൊക്കമുള്ള ഒരു തെങ്ങിന്റെ മണ്ടയിലെക്ക് ഒരു തോട്ടി വെച്ചു നാല് കുത്ത്, കരിംപച്ച നിറത്തിലുള്ള വലിപ്പം കുറഞ്ഞ കരിക്കുകൾ നാലഞ്ചെണ്ണം താഴെ വീണു. ഉറപ്പുള്ള തറയിലേക്കുള്ള വീഴ്ചയിൽ ഒന്നുരണ്ടെണ്ണം പൊട്ടിപ്പോയി. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ആ മനുഷ്യന്റെ പരിപാലനത്തിൽ തഴച്ചു വളരുന്ന തെങ്ങിൽ വിളഞ്ഞ കരിക്കുകൾ ഒട്ടും നിരാശപ്പെടുത്തിയില്ല. ഒരു കുഞ്ഞു കരിക്കിൽ നിന്നും കിട്ടിയത് രണ്ടു സ്റ്റീൽ ഗ്ലാസ് നിറയെ സ്വാദുള്ള വെള്ളം. ബാംഗ്ലൂരിലും ഹൈവെയിലുമൊക്കെ കിട്ടുന്നതിനെ ഇനി മേലിൽ കരിക്കാടി എന്ന് വിളിക്കാൻ മനസ്സിലുറപ്പിച്ച്, മനസ്സ് കവിയുവോളം മോന്തിക്കുടിച്ചു.

കരിക്ക് തീർന്നപ്പോഴേക്കും വീടിനു മുന്നിൽ നിന്ന രണ്ടു ചേംപിൻ ചെടികൾ പുള്ളി കുത്തി മറിച്ചിട്ടു. ചേമ്പിനു വലിപ്പം അധികം ആയിട്ടില്ലായിരുന്നു എങ്കിലും മൊത്തം ഫലം പൊതിഞ്ഞു വെച്ചു. വളർച്ചയുടെ പല ഘട്ടത്തിലുള്ള ജാതിക്കയും, മുറ്റത്തു കായ്ച്ചു നിൽക്കുന്ന കൊളംപ് അടക്കാമരത്തിലെ ഇത്തിരിപ്പോന്ന അടക്കകളും ഒരു കൊച്ചുകൂട്ടുകാരന്റെ സ്നേഹത്തോടെ, വാസുണ്ണിയുടെ കുഞ്ഞു കൈകളിലേക്ക് മൂപ്പർ വെച്ചു കൊടുത്തു. മുന്നിൽ തന്നെ താഴത്തെ തട്ടുകളിലെക്ക് ഉന്തിച്ചു നിന്നിരുന്ന ഒരു പാറയിൽ ഒരഭ്യാസിയെപ്പോലെ ചാടിക്കേറി അതിന്റെ അറ്റത്തു പുറത്തേക്കു വളർന്നു വലുതായി നിൽക്കുന്ന മരത്തിൽ നിന്നും നാല് ചുരക്ക കൂടി കുത്തിയിട്ട് തന്നിട്ടേ ആൾക്ക് തൃപ്തിയായുള്ളൂ.

കോഴികളെ വളർത്തണമെന്നുണ്ടെങ്കിലും പരുന്തിന്റെ ശല്യം കാരണം അത് നടക്കില്ല എന്നാണ് മാധവേട്ടൻ പറയുന്നത്. മൂപ്പർക്ക് രണ്ടു പോത്തിൻകുട്ടികളുണ്ട്. കാട്ടുപന്നിയുടെ ശല്യം ഇടക്കുണ്ടാകും. പണ്ടായിരുന്നെങ്കിൽ കൈവശമുണ്ടായിരുന്ന ഒരു കള്ളത്തോക്ക് ഉപയോഗപ്പെട്ടിരുന്നു. പക്ഷേ കാലം മാറിയപ്പോൾ കുടുംബത്തിലെ ഒരു പോലീസുകാരന്റെ ഉപദേശപ്രകാരം അത് വിറ്റുകളയുകയായിരുന്നു. അല്ലെങ്കിൽ നമുക്കൊന്നു കറങ്ങാമായിരുന്നു എന്നാണു മൂപ്പർ പറയുന്നത്. "നിങ്ങളവിടെ ചൂടു കാരണം ഉഷ്ണിച്ചു കഴിയുംപോ ഞങ്ങൾക്കിവിടെ രാത്രി കരിംപടം പുതക്കാതെ കിടക്കാംപറ്റൂല്ല", പല്ലൊന്നും ബാക്കിയില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ട് മാധവേട്ടൻ പറഞ്ഞു.

അദ്ദേഹത്തിന്റെ ഊഷ്മളമായ ആതിഥ്യം ആസ്വദിച്ചു തിരിച്ചുള്ള യാത്ര മുഴുവൻ, ചെന്നെത്തിപ്പെടാൻ ഒരു വഴി പോലുമില്ലാത്ത ഇത്തരം ഇടങ്ങളിലേക്ക്, ഈ മനുഷ്യനെപ്പോലുള്ളവർ പതിറ്റാണ്ടുകൾക്കുമുൻപ് ജീവിതം കരുപ്പിടിപ്പിക്കാനായി നടത്തിയ സമരയാത്രകളുടെ കാഠിന്യമായിരുന്നു മനസ്സ് നിറയെ. എങ്ങനെയായിരിക്കും വിജയത്തിനോ ജീവനോ ഒരുറപ്പുമില്ലാതെ, ഭീതിപ്പെടുത്തുന്ന ചുറ്റുപാടുകളോട് മല്ലിട്ടും പൊരുതിയും അവർ തങ്ങളുടെ സാന്നിധ്യം അത്തരമിടങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ടാവുക എന്നത് എന്റെ തലച്ചോറിന്റെ ചുളിവുകളിൽ തെളിയുന്നവയായിരുന്നില്ല. ചൂടിനായാലും തണുപ്പിനായാലും ആഹാരത്തിന്റെ സ്വാദിനായാലും മറ്റെന്തു മാനുഷികവികാരങ്ങൾക്കായാലും യഥാർത്ഥ ആസ്വാദനശേഷി കൈവരുന്നത്, പ്രകൃതിയോട് അതിന്റെ പൂർണ്ണതയിൽ കീഴ്പ്പെട്ട് ജീവിക്കുംപോഴാണെന്നത് തിരിച്ചറിയുകയാണ്...