Monday, 29 September 2008

ചിത്രവധം


"വൈദ്യരേ..ദേ വേറെ ഒരുത്തനെക്കൂടെ കൊണ്ട്വരണൊണ്ടെന്ന്‌ തോന്നണ്‌ ", കൈ നെറ്റിയോട്‌ ചേര്ത്ത്‌ പിടിച്ച്‌ ഷമ്മു പറഞ്ഞു.

ചെമ്പന്‍ വൈദ്യര്‍ പതിയെ പുറത്തേയ്ക്കു വന്നു. ശരിയായിരുന്നു. അബോധാവസ്ഥയിലായ ഒരുവനെ അവിടേയ്ക്ക്‌ കുറേപ്പേര്‍ താങ്ങിക്കൊണ്ട്‌ വന്നു. അവരയാളെ നിലത്തു കിടത്തി. വായില്‍ നിന്നും നുരയും പതയും ഒഴുകി അവശനായിക്കിടന്ന അയാളുടെ ദേഹമാകെ നനഞ്ഞു കുതിര്‍ന്നിരുന്നു, എന്തൊക്കെയോ രാസവസ്തുക്കളുടെ മണം അവിടെയാകെ പടര്‍ന്നു.

ചെമ്പന്‍ വൈദ്യര്‍ ചുറ്റിനും നോക്കി. കൂടി നില്‍ക്കുന്നവരുടെയെല്ലാം കണ്ണുകളില്‍ ആശങ്കയുടെയും മരണഭീതിയുടേയും സ്ഫുരണങ്ങള്‍ വൈദ്യര്‍ക്കു കാണാന്‍ കഴിഞ്ഞു. ആസന്നമായ മരണത്തിന്‍റെ ദൈന്യമായ രൂപം അവരിങ്ങനെ കാണാന്‍ തുടങ്ങിയിട്ട്‌ കുറച്ചു ദിവസങ്ങളായിരിക്കുന്നു.

പ്രായം തളര്‍ത്തിയെങ്കിലും തിളക്കവും തീക്ഷണതയും വിട്ടു മാറാത്ത വൈദ്യരുടെ കണ്ണുകള്‍ തന്‍റെ രോഗിയുടെ ദേഹമാകെ പരതി നടന്നു, അയാളുടെ തളര്‍ന്ന കൈകളില്‍ പിടിച്ചു നോക്കിയ അദ്ദേഹത്തിന്‍റെ ഉള്ളില്‍ നിന്നും നീണ്ട ഒരു നെടുവീര്‍പ്പുയര്‍ന്നു.

"കഴിഞ്ഞു. ഇതും അതു തന്നെ കാരണം", നിരാശയോടെ അദ്ദേഹം നിലത്തു നോക്കിപ്പറഞ്ഞു. ചുറ്റും കൂടിയവരിലെ ചില സ്ത്രീകള്‍ വാവിട്ടു നിലവിളിച്ചു കൊണ്ട്‌ അവിടെ നിന്നും ഓടിപ്പോയി, അടുത്തത്‌ തങ്ങളുടെ വീട്ടുകാരനായിരിക്കുമെന്നവര്‍ ഭയന്നിരിക്കണം.

തറയില്‍ കിടന്ന ചേതനയറ്റ ശരീരം ആരൊക്കെയോ ചേര്‍ന്ന് എടുത്തുകൊണ്ട്‌ പോയി. "പോവുന്നില്ലേ" എന്ന ഷമ്മുവിന്‍റെ ചോദ്യത്തിന്‌, എവിടെയോ നോക്കി ചിന്തയിലാണ്ടു നിന്ന വൈദ്യര്‍ തലയാട്ടി "ഇല്ല" എന്ന്‌ മറുപടി പറഞ്ഞു. 

"ഈ ചുരുങ്ങിയ ദിനങ്ങള്‍ക്കുള്ളില്‍ ഇതെത്ര തവണയായി വൈദ്യരേ, എന്താ നമുക്കൊക്കെ സംഭവിക്കുന്നത്‌?" ഷമ്മുവിന്‍റെ ചോദ്യത്തിലെ ഉത്കണ്ഠ വൈദ്യരെ ചിന്തയില്‍ നിന്നുണര്‍ത്തി.

മൌനം തളം കെട്ടിനിന്ന കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം വൈദ്യര്‍ എങ്ങോട്ടെന്നില്ലാതെ നോക്കി നിന്നു കൊണ്ടു പറഞ്ഞു,

 "എല്ലാം വിധിയാണ്‌ ഷമ്മ്വോ.. വിധിയുടെ കളികളാണെല്ലാം. കുറേ നാള്‍ ആരുടെയും നിയന്ത്രണങ്ങളില്ലാതെ ഇവിടെ നമ്മുടെ ആളുകള്‍ അഹങ്കരിച്ചു നടന്നു. അവനവന്‍റെ ശക്തിയുടെ പതിന്മടങ്ങ്‌ കഴിവുള്ള ശത്രുക്കളോടെതിരിടുമ്പോള്‍ കരുതലോടെയിരിക്കാനുള്ള നമ്മുടെയൊന്നും മുന്നറിയിപ്പുകളെ ചെറുപ്പക്കാര്‍ ഗൌനിച്ചില്ല. കയ്യും കാലും മാത്രമേ നമ്മുടെ ആളുകള്‍ക്ക്‌ ആയുധമായുള്ളൂ. അവരങ്ങനെയല്ല, അവര്‍ ചതിയന്മാരാണ്‌, വിഷമാണവരുടെ ആയുധം, ചതിയാണവരുടെ മുറ, കാണുന്നില്ലേ ഓരോ ദിവസവും കുന്നുകൂടുന്ന നമ്മുടെ ആളുകളുടെ ശവശരീരങ്ങള്‍?? നമുക്കവരെ എതിര്‍ക്കാന്‍ കഴിയില്ലെടോ. അതിനുള്ള ആയുധങ്ങള്‍ നമുക്കില്ല. ഇനിയൊന്നുണ്ടാക്കാനും നമുക്കാവില്ല. നമുക്കു മുന്നില്‍ ഒരൊറ്റ വഴിയേ അവശേഷിച്ചിട്ടുള്ളൂ; പോകണം, ഇവിടം വിട്ടെങ്ങോട്ടെങ്കിലും പോവണം."

"പക്ഷേ, നാമെങ്ങോട്ട്‌ പോവും വൈദ്യരേ, ഇവിടെയല്ലേ നാം ജനിച്ചത്‌? ഇവിടെയല്ലേ നാം വളര്‍ന്നത്‌? ഇല്ല, എനിക്കെങ്ങോട്ടും പോവാന്‍ കഴിയില്ല. മരിക്കുന്നെങ്കില്‍ ഇവിടെക്കിടന്ന്‌, അതെനിക്കുറപ്പാണ്‌", ഷമ്മുവിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

"അങ്ങനെയല്ല ഷമ്മ്വോ. വികാരങ്ങളും ആത്മബന്ധങ്ങളും ഷമ്മുവിനേക്കാള്‍ ഈ നാടിനോടുള്ളതെനിക്കാണ്‌. പക്ഷേ, പോയേ പറ്റൂ. നമ്മുടെ വികാരങ്ങള്‍ക്കു വേണ്ടി ഒരു കുഞ്ഞുതലമുറയെ കുരുതികൊടുക്കാന്‍ നാമൊരുങ്ങരുത്. ഇനിയും നാമെതിര്‍ത്തു നിന്നാല്‍ അവര്‍ ആക്രമണത്തിന്റെ ശക്തി കൂട്ടുകയേ ഉള്ളൂ. കാണുന്നില്ലേ പുറമെയെല്ലാം പടരുന്ന വിഷപ്പുക? കാണുന്നില്ലേ നമ്മുടെ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നത്? രാത്രിയില്‍ പാത്തും പതുങ്ങിയും പുറത്തു പോയിട്ടു പോലും നമ്മുടെ എത്ര ചെറുപ്പക്കാര്‍ ജീവനോടെ തിരിച്ചു വരുന്നുണ്ട്‌? പട്ടിണിയും ദാരിദ്ര്യവും നമ്മുടെ വീടുകളെ കീഴ്പ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഇനിയുമിങ്ങനെ തുടര്‍ന്നാല്‍ സര്‍വ്വനാശമായിരിക്കും ഫലം. എത്രയോ തലമുറകളിലൂടെ നിലനിന്നു പോരുന്നതാണ്‌ നമ്മുടെ വംശം! അതിനിങ്ങനെ ഒരു ദാരുണമായ അന്ത്യമുണ്ടാവരുത്.  അതിനു വേണ്ടി നാം ഈ നശിച്ച സ്ഥലമുപേക്ഷിച്ചേ പറ്റൂ. ദൈവമുണ്ട്‌ നമുക്ക്‌ കൂട്ടിന്‌."

ഒന്നു നിര്‍ത്തിയ ശേഷം വൈദ്യര്‍ തുടര്‍ന്നു.

"പുറത്തു കണ്ടാല്‍ ജീവനോടെ വിടരുതെന്നാണത്രെ കല്‍പ്പന! ആരോ ഒളിവിലറിഞ്ഞതാണ്‌. കീഴടങ്ങി നിന്ന ബാബുക്കുട്ടനെ നിഷ്ഠൂരം ശ്വാസം മുട്ടിച്ചുകൊല്ലുന്നത്‌ ഞാനെന്‍റെ കണ്ണുകൊണ്ടു കണ്ടതാണ്‌. അതാണു ഞാന്‍ പറയുന്നത്‌. നമ്മുടെ കീഴടങ്ങലല്ല, വംശഹത്യയാണവരുടെ ലക്‌ഷ്യം. അതിനു നാം ഇട വരുത്തരുത്‌. നാമിവിടം വിടുന്നു, ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ഇതാണെന്‍റെ തീരുമാനം.", വൈദ്യരുടെ ശബ്ദം ഉറച്ചതായിരുന്നു. 

കൂടി നിന്നവര്‍ക്കാര്‍ക്കും മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. എല്ലാവരുടേയും മുഖത്ത്‌ നിരാശ പടര്‍ന്നിരുന്നു.

"പോവാം വൈദ്യരേ, നമുക്കു പോവാം, നമ്മുടെ കുഞ്ഞുങ്ങളെ ഇനിയും കൊലയ്ക്കു കൊടുക്കാന്‍ വയ്യ", വാര്‍ദ്ധക്യം കീഴ്പ്പെടുത്തിയ കുഞ്ഞിക്കണ്ണന്‍ വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു.

"എങ്കില്‍ ശരി. ഇന്നു രാത്രി നാം ഇവിടെ നിന്നും പുറപ്പെടുന്നു. ആരും ഇന്നു പകല്‍ പുറത്തിറങ്ങരുത്‌. രാത്രി ഏറെ വൈകിക്കഴിഞ്ഞാല്‍, വഴികളിലൊന്നും വിഷം തുപ്പുന്ന ആയുധങ്ങളുമായി ആരുമില്ലെന്നുറപ്പു വരുത്തി നമുക്കു നീങ്ങണം. നമ്മളില്‍ പലരും പല സംഘങ്ങളായി വേണം രക്ഷപ്പെടാന്‍. വഴികളില്‍ അവരൊരുക്കിയ ചതിക്കുഴികള്‍ കാണും, അവയില്‍ വീഴാതെ നോക്കണം. എന്തെങ്കിലും കാരണവശാല്‍ ശത്രുക്കളുടെ മുന്നിലകപ്പെട്ടാല്‍ എതിര്‍ക്കാന്‍ നില്‍ക്കരുത്‌. ഓടണം, കഴിവതും വേഗത്തില്‍ ഓടി രക്ഷപ്പെടണം. ഇവിടത്തെ ഭൂമിശാസ്ത്രം നമ്മുടെയത്ര അവര്‍ക്കറിയാന്‍ വഴിയില്ലല്ലോ, എവിടെയെങ്കിലും പോയി ഒളിക്കണം. നാളെ പുലരുമ്പോള്‍ നമ്മളിലൊരൊറ്റക്കുഞ്ഞു പോലും ഇവിടെ കാണരുത്‌", വൈദ്യര്‍ തന്‍റെ പദ്ധതി വിവരിച്ചുകൊടുത്തു.

പൊടുന്നനെ അവിടെയാകെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരന്നു. പെട്ടെന്നുണ്ടായ ശക്തിയായ വെളിച്ചത്തില്‍ കണ്ണു മഞ്ഞളിച്ചു പോയവര്‍ എങ്ങോട്ടെന്നില്ലാതെ പരക്കം പാഞ്ഞു. എവിടെ നിന്നോ അവിടെയാകെ ഒരു അലര്‍ച്ച ഉയര്‍ന്നു. 

"ജസ്കൂ, ദേടി ഇവടേം കൊറേയെണ്ണം കൂടിയിരിക്കണ്‌, വേഗം ഹിറ്റ്‌ എടുത്തോണ്ടു വാ...".

"രക്ഷപ്പെടൂ...", അപകടം മണത്തറിഞ്ഞ വൈദ്യര്‍ അലറി. ചുറ്റും കൂടിനിന്നവരെല്ലാം നാലുപാടും ഓടി. പൊടുന്നനെ അവിടമാകെ വിഷം പടര്‍ന്നു. മുന്നില്‍പെട്ടു പോയ ഒരു കുഞ്ഞിനെ അവിടെക്കണ്ട  മാളത്തിലൊളിപ്പിച്ച്‌ ഓടാന്‍ നോക്കിയ വൈദ്യര്‍ക്കു പക്ഷേ രക്ഷപെടാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ ശരീരത്തിലാകെ പൊടുന്നനെ വിഷമഴ പെയ്തു. മലര്‍ന്നു വീണുപിടഞ്ഞ വൈദ്യരുടെ കൈകാലുകള്‍ നിമിഷനേരം കൊണ്ട്‌ നിശ്ചലമായി. അദ്ദേഹത്തിന്‍റെ നീണ്ട കൊമ്പുകള്‍ പതിയെ താഴ്ന്ന്‌ നിലം തൊട്ടു.

വിഷത്തില്‍ കുളിച്ചു കിടന്ന് ഊര്‍ദ്ധന്‍ വലിക്കവെ അവസാനമായി അദ്ദേഹമൊരു ശബ്ദം കേട്ടു.

"ഹൊ, ഇത്രേം വല്യേ ഒരെണ്ണം ഇവടെയുണ്ടായിരുന്നോ...! കൊറച്ചൂസായിട്ട്‌ കുഞ്ഞിപ്പീക്കിരികളെ മാത്രം കണ്ടപ്പോ ഞാന്‍ കരുതി തീരാറായീന്ന്‌. എവടെ!! ഇവറ്റകളെയൊക്കെ ഞാനെങ്ങനെയാ ദൈവമേ ഒന്നു നശിപ്പിക്കുന്നത്‌...!"

* * *
വാല്‍ കാ പൂട:
 "ചിത്രശാല"യില്‍ ചിത്രവധം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നവരുടെ പാവനസ്മരണയ്ക്കു മുന്നില്‍ തലകുനിച്ചു കൊണ്ട്...

13 comments:

അനിയന്‍കുട്ടി | aniyankutti said...

ചിത്രവധം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നവരുടെ പാവനസ്മരണയ്ക്കു മുന്നില്‍ തലകുനിച്ചു ക്കൊണ്ട്...

അനൂപ്...(Last man standing) said...

മകനേ കുട്ടപ്പായി... ഭീകരം!!!
എന്താ കലക്ക് ... ഉഗ്രന്‍ എന്ന് പറഞ്ഞിട്ട് മതിയാവാത്തത് കൊണ്ടു ദേ ഒന്നുടെ പറയുന്നു അത്യുഗ്രന്‍ !!!!

Jes said...

tooo gud :D..dnt epect ths ending :)

ശ്രീ said...

അതു കലക്കി കേട്ടോ. തുടക്കത്തില്‍ കരുതി, നമ്മുടെ നാട്ടില്‍ നടന്നു കൊണ്ടിരിയ്ക്കുന്ന അരുംകൊലകളെക്കുറിച്ചായിരിയ്ക്കും എന്ന്.

ഇത്തരത്തിലൊരു കൂട്ടക്കൊല ഞാനും രണ്ടു ദിവസം മുന്‍പു നടത്തിയതേയുള്ളൂ... (നിവൃത്തിയില്ലാഞ്ഞിട്ടാട്ടോ)
:(

വെറും നിഷ്ക്കളങ്കൻ said...

മോനേ അതു കലക്കി.. കലക്കി കുടിച്ചു.. സമ്മതിച്ചെടാ.. നീ ഒരു പുപ്പുലി തന്നെ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഹോ ഭീകരം എന്തൊരു കൂട്ടക്കൊല!!!എന്തായാലും പുതിയ ചതിക്കുഴികള്‍ ദിവസവും അപ്‌ഡേറ്റാവുന്നുണ്ട് എന്നത് മാത്രമാ ആശ്വാസം, പഴേതിലൊന്നും ആരും വീഴുന്നില്ലാന്നെ...

കുഞ്ഞന്‍ said...

കൂടോത്രം പ്രയോഗിക്കുമെന്നുള്ള പേടിയാലും അതു ചെയ്യുന്നത് കുട്ടപ്പന്‍ സ്വാമിയായതിനാലും ഞാന്‍ കമാന്ന് ഒരക്ഷരം ഉരിയാടാതെ രക്ഷപ്പെടുന്നു..!

ഒരു കൊലപാതകവും ചെയ്യാത്ത ഞാനിപ്പോള്‍ കൂട്ടക്കൊലപാതികിയായി കാരണം ദേ ഇതിലെ നായകന്മാര്‍ തന്നെ.

അജീഷ് മാത്യു കറുകയില്‍ said...

100%<:>

Babu Kalyanam | ബാബു കല്യാണം said...

കിടിലം അളിയാ!!! :-) പക്ഷെ എന്തൂട്ടാ ഈ ചിത്രാലയം? GK ഇത്തിരി കുറവാണെന്നു കൂട്ടിക്കോ :-(

അനിയന്‍കുട്ടി | aniyankutti said...

ഇവിടെ വന്ന് ആദരാഞ്ജലികളര്‍പ്പിച്ച എല്ലാവര്‍ക്കും ചെമ്പന്‍ വൈദ്യരുടെ പേരില്‍ ഞാന്‍ നന്ദി പറഞ്ഞുകൊള്ളട്ടെ... :(

ദിനോസറുകളുടെ കാലം മുതലേ നിലനില്‍ക്കുന്ന, ദൈവം മനുഷ്യനെ വൃത്തിയും ശുദ്ധിയും പഠിപ്പിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിച്ച പാറ്റസംസ്കൃതിയെ മുച്ചൂടും മുടിപ്പിക്കാമെന്ന അഹങ്കാരമൊന്നുമില്ലെങ്കിലും "ചിത്രശാല"യില്‍ നിന്നെങ്കിലും അവയെ തുരത്തുക എന്നതു മാത്രമാണെന്‍റെ എളിയ ലക്‌ഷ്യം. :) ആയതിനാല്‍ ഈ യുദ്ധം തുടരാന്‍ ഞാന്‍ തയ്യാര്‍... എതിര്‍ക്കാന്‍ പാറ്റകളോ..???!!!

അജീഷ് മാത്യൂ കറുകയില്‍ സാര്‍, എന്നത്? ഒന്നുമേ പുരിയവേ മാട്ടീങ്ങ്ക്രത്? (എന്‍റമ്മേ, തമിഴമ്മാരേന്ന് ഞാന്‍ അടി വാങ്ങും?!)

ബൈ ദ ബൈ, കല്യാണം, "ചിത്രശാല" എന്‍റെ വീടിന്‍റെ പേരാകുന്നു... എഴുതിയപ്പോ ചെറിയൊരു അക്ഷരപ്പിശാശു കേറിക്കൂടി, ഇപ്പ ശരിയാക്കീട്ട്ണ്ട്. ;)... ഹിഹി!

Anugraheethan said...

mone.. cheeri tto....

Anugraheethan said...

അടുത്ത ബ്ലോഗിന് സമയമായി .. പെട്ടെന്നാകട്ടെ :)

Anonymous said...

в итоге: мне понравилось... а82ч