Wednesday, 27 June 2007

കന്നിമോഷണം, കന്നിവാറന്‍റ്, കന്നിശിക്ഷ

കഴിമ്പ്രത്ത് സ്കൂളിന്‌ മതില്‌ പണിയുന്നതിനും മുമ്പ്, എന്നു വെച്ചാല്‍, എട്ടരയ്ക്ക് തൃശൂര്‍ക്ക് പതിവു തെറ്റാതെ ട്രിപ്പടിയ്ക്കുന്ന "വര്‍ഷ" യുടെ (ഇന്നത്തെ ഡീപ് ബ്ളൂ സീ) വരെ അടി മുട്ടുമാറാകും വണ്ണം, കഴിമ്പ്രം-എടമുട്ടം റോഡില്‍, എണ്ണം പറഞ്ഞ മൂന്നു ഹമ്പുകള്‍ പണിതുയര്‍ത്തുന്നതിനും വളരെ മുമ്പ്, ഗോപാലേട്ടന്‍ കട പുതുക്കിപ്പണിയുന്നതിനും റോയല്‍ സ്റ്റോഴ്സ് സ്കൂള്‍കുട്ടികളുടെ ജീവിതരീതി തന്നെ മാറ്റിമറിക്കുന്നതിനും വളരെ വളരെ മുമ്പ്, ഇന്‍റര്‍ബെല്ലിന്‌(അതെ, ഇന്‍റര്‍വെല്‍ തന്നെ) പുറത്തേയ്ക്ക് പായുന്ന കഴിമ്പ്രം സ്കൂളിലെ പിള്ളേരുടെ ആശ്രയമായിരുന്ന ശാന്തേട്ടന്‍റെയും ശേഖരശാന്തിയുടെയും ബൈജുച്ചേട്ടന്‍റെയും കടകള്‍ ഫുള്‍ ത്രോട്ടിലില്‍ ബിസിനസ്സ് നടത്തിക്കൊണ്ടിരുന്ന അന്ത സുവര്‍ണ്ണകാലം...

താരനാഥന്‍മാഷിന്‍റെ ഹിറ്റ്ലര്‍ ഭരണകാലമായിരുന്നു അന്ന്. വെള്ളയും വെള്ളയും ഇട്ട് കമ്പൌണ്ടര്‍മാരെപ്പോലെ നടന്നിരുന്ന ഞങ്ങളൊക്കെ അന്ന് മാഷിന്‍റെ ബുള്ളറ്റിന്‍റെ ശബ്ദം കേള്‍ക്കുമ്പൊത്തന്നെ ഓടിയൊളിക്കുമായിരുന്നു, എന്തിനാന്നറിഞ്ഞിട്ടല്ല, എല്ലാരും ചെയ്യുന്നു, അപ്പൊ ഞങ്ങളും ചെയ്തു പോന്നു. സ്കൂളിന്‍റെ പടിഞ്ഞാറേ ഭാഗത്തുള്ള കുഞ്ഞുഗേറ്റിലൂടെ പുറത്തു കടന്നാല്‍ മേല്‍പ്പറഞ്ഞ കടകള്‍ സ്ഥിതി ചെയ്യുന്ന, പ്രസിദ്ധമായ അന്നത്തെ കഴിമ്പ്രം സെന്‍ററിലെത്താം. പിന്നീട് സ്കൂളിന്‍റെ ഗേറ്റ് കിഴക്കോട്ടു മാറ്റിയപ്പൊ സെന്‍ററും കൂടെ അങ്ങോട്ടു മാറി. ചുരുക്കം പറഞ്ഞാല്‍ അത്രേ ഉള്ളൂ കഴിമ്പ്രംന്ന്...

അങ്ങനെ സെന്‍ററിലെത്തിയാപ്പിന്നെ പൊടിപൂരമല്ലേ... ശാന്തേട്ടന്‍റെ പെട്ടിക്കടയില്‍ നിന്ന് ഐസു കിട്ടും. 20 പൈസയായിരുന്നു അന്ന് വലിയ ഐസിന്‌. ഐസെന്നു പറഞ്ഞാല്‍, ശാന്തേട്ടന്‍റെ അന്നത്തെ ശിങ്കിടിയായിരുന്ന പാലക്കാട്ടുകാരന്‍ നാരായണേട്ടന്‍ കുറേ, മുന്തിരിയും പൈനാപ്പിളുമൊക്കെ ജൂസടിച്ചിട്ട് പ്ളാസ്റ്റിക് കവറിലാക്കി ഫ്രീസറില്‍ വെച്ച് ഷേപ്പാക്കി കൊടുക്കുന്നതായിരുന്നു ഞങ്ങടെ അന്നത്തെ ഐസ്. കഴിമ്പ്രത്തെ പാവപ്പെട്ട കൌമാരങ്ങളുടെ ബേബിവിറ്റയായിരുന്നു ആ "ശാന്തേട്ടന്‍ ബ്രാന്‍റഡ്, നാരായണന്‍ മെയ്ഡ് ഫ്രോസണ്‍ ജൂസ്". അങ്ങനെയുള്ള ഐസ് പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി ദയാപരനും ശുദ്ധനുമായ ശാന്തേട്ടന്‍ പൈന്‍റായും കൊടുത്തിരുന്നു. അതിനു പത്തു പൈസയായിരുന്നു വില. അതേ പരിപാടി തന്നെയായിരുന്നു ബൈജുച്ചേട്ടനും നടത്തിയിരുന്നതു. ഐസിന്‍റെ കൂടെ അന്നത്തെ ഫാസ്റ്റ്മൂവിങ്ങ് മുട്ടായി ഐറ്റംസായിരുന്ന ഡെക്കാണ്‍, തേന്‍നിലാവ്, പാരിസിന്‍റെ, നാരങ്ങേടെ ടേസ്റ്റുള്ള ചെമന്ന ഒരു തരം മുട്ടായി, പിന്നെ ജെനുവിന്‍ നാരങ്ങമുട്ടായി, ചുക്കുണ്ട, പൊരിയുണ്ട, കപ്പലണ്ടിമുട്ടായി എന്നിവയൊക്കെ വാങ്ങാന്‍ വേണ്ടി ഞാനുള്‍പ്പെടെയുള്ള പിള്ളേര്‍ക്കൂട്ടം അന്നൊക്കെ തള്ളിക്കയറുന്നതു കണ്ടിരുന്നെങ്കില്‍ സൊമാലിയയിലേയ്ക്ക് കൊണ്ടു പോകുന്ന ഭക്ഷണപ്പൊതികളെല്ലാം യു.എന്‍. ഹെലിക്കോപ്റ്ററുകള്‍ കഴിമ്പ്രത്തിട്ട് പോയേനെ.

ഒരു രൂപ ഉണ്ടെങ്കില്‍ അഞ്ചു ഡെക്കാണും ആറു്‌ നാരങ്ങമുട്ടായിയും രണ്ടുമൂന്ന് പൊരിയുണ്ടയുമായി സുഭിക്ഷം വാഴാമായിരുന്ന കാലം. എന്തു പറഞ്ഞിട്ടെന്താ, സ്കൂളിന്‍റെ തൊട്ടടുത്തായിരുന്നു വീട്‌ എന്നതിനാല്‍ എന്‍റെ കയ്യില്‍ പാഞ്ച് കാ നയാപൈസാ ഉണ്ടാവാറില്ലായിരുന്നു. ഭക്ഷണം ചോറുപാത്രത്തിലാക്കിക്കിട്ടും. പിന്നെ എന്തൂട്ടിനാണ്ടാ നീ പൊറത്തെറങ്ങണെ? എന്നായിരുന്നു ചോദ്യം. സംഭവം ശരിയായതു കൊണ്ട് ഞാനന്ന് തര്‍ക്കിക്കാനൊന്നും പോവാറില്ലായിരുന്നു. പക്ഷേ, എന്നു കരുതി നമുക്കു നമ്മുടെ വാസനകളെ നിയന്ത്രിക്കാന്‍ പറ്റുമോ, നല്ല കാര്യായി, ബാക്കി പിള്ളേരൊക്കെ ചുക്കുണ്ടയും തേന്‍നിലാവും ഐസുമൊക്കെ ചുമ്മാ വാങ്ങി അടിച്ചു കേറ്റുമ്പൊ ഞാനെന്തിനു വെറുതെയിരിക്കണം!! ഹും!
വീട്ടില്‍ ചോദിച്ചാല്‍ കാശു കിട്ടില്ല എന്ന്, ഏതൊരു നിഷ്കളങ്കന്‍റെയും പോലെ എനിക്കുമൊരു മുന്‍വിധി ഉണ്ടായിരുന്നു. അതു കൊണ്ട് അമ്മയുടെ ബാഗിന്‍റെ സൈഡില്‍ "അറിയാതെ" കയ്യിടുമ്പോള്‍ കിട്ടുന്ന ഇരുപതിന്‍റെയും അമ്പതിന്‍റെയും ഇടയ്ക്കൊക്കെ ഒറ്റക്കൊട്ടുറുപ്യേന്‍റേം നാണയങ്ങള്‍ ഞാന്‍ കൂട്ടി വെക്കാന്‍ തുടങ്ങി. ഈ ചില്ലറയെല്ലാം കൂടി താങ്ങിയെടുത്ത് വലപ്പാട് സ്കൂളു വരെ പോയി വരാന്‍ അമ്മയ്ക്കുണ്ടാവുന്ന ബുദ്ധിമുട്ടു കണ്ട് ഞാന്‍ ചെയ്യുന്ന ഒരു പുണ്യപ്രവൃത്തിയായി അവരതു കണ്ടോളുമെന്നു ഞാന്‍ സമാധാനിച്ചു. :(

അങ്ങനെ ഒരു മാസത്തോളമായപ്പോ എന്‍റെ കയ്യില്‍ ഏകദേശം ഇരുപത്തഞ്ചു രൂപയോളമായി. ഒരു കൊല്ലം മുഴുവനും എനിയ്ക്ക് ഐസുകടകളില്‍ പാറിപ്പറന്നു നടക്കാം. ഊണു കഴിച്ചെന്നു വരുത്തി പുറത്തിറങ്ങുമ്പോള്‍ കൂടെ കൂട്ടുകാരുടെ നീണ്ട നിര ഉണ്ടാവും. കടയില്‍ച്ചെന്ന് എല്ലാര്‍ക്കും ആവശ്യമുള്ളത് വാങ്ങിക്കോ എന്നു പറയുമ്പോളുണ്ടാവുന്ന വില, ഹൊ! എന്‍റെ ഉള്ളില്‍ ശിവമണി ഉടുക്കു കൊട്ടി ! ഞാനെന്‍റെ സമ്പാദ്യം ചെറിയ തോതില്‍ മാര്‍ക്കറ്റിലേക്കിറക്കിത്തുടങ്ങി. കച്ചവടം കൂടിയപ്പൊ ശാന്തേട്ടനും ബൈജുച്ചേട്ടനുമൊക്കെ എന്നോടു വലിയ ബഹുമാനം വന്നു തുടങ്ങി. കടയില്‍ ഞാന്‍ വരുമ്പോത്തന്നെ പിള്ളേരു വഴിമാറിത്തുടങ്ങി. ഹിഹി! അങ്ങനെ ഞാന്‍ അര്‍മാദിച്ചു നടന്നു.

പക്ഷേ, ആ അര്‍മ്മാദപ്രക്രിയക്ക് അധികം ആയുസ്സുണ്ടായില്ല, അമ്മേടെ ബന്ധുവായിരുന്ന ശേഖരശാന്തി എന്ന ശേഖരച്ഛാച്ഛന്‍റെ കണ്ണില്‍ വിപണിയിലെ എന്‍റെ ഈ ഇടപെടല്‍ കൃത്യമായി പതിഞ്ഞു. അടുത്ത ദിവസം അമ്മയെ കണ്ടപ്പോള്‍ മൂപ്പരത് വ്യക്തവും ശക്തവുമായ ഭാഷയില്‍ അമ്മയെ അറിയിക്കുകയും ചെയ്തു. "റാണ്യേ, ചെക്കനെ സൂക്ഷിച്ചോളോട്ടാ, എന്തോരം മുട്ടായ്‌യാ അവന്‍ വാങ്ങിത്തിന്ന്‌ണേ..നീയെന്തൂട്ട്‌ണാടീ അവനിങ്ങനെ കാശു കൊടുക്ക്‌ണേ..". അമ്മ കിടുങ്ങി. പാവപ്പെട്ട ഞാന്‍ ഈ സംഭവം അറിഞ്ഞില്ല. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍! പിറ്റേന്ന് വൈകീട്ട് പതിവുപോലെ സ്കൂളൊക്കെ വിട്ട് ജോളിയായി, സിങ്ങ്‌ച്ചേട്ടന്‍ വീടു പണിയുന്നതിനു മുമ്പ് ഒഴിഞ്ഞു കിടന്നിരുന്ന വടക്കേക്കാരുടെ വിശാലമായ പറമ്പിലൂടെ ആണിച്ചാലൊക്കെ ചാടിക്കടന്ന് ഞാന്‍ വീട്ടിലെത്തിയപ്പൊ അവിടെ ഒരു അസുഖകരമായ അന്തരീക്ഷം ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല. പക്ഷേ, കുടുംബപ്രശ്നങ്ങളില്‍ തലയിട്ട് അലമ്പാക്കാനുള്ള പ്രായമെനിക്കായിട്ടില്ലെന്ന് ബോധ്യമുണ്ടായിരുന്നതിനാലും എനിക്കെന്‍റെ 'പോസ്റ്റ് സ്കൂള്‍ സെഷന്‍' ലീലാവിലാസങ്ങള്‍ക്കു പോവേണ്ടതിനാലും കിട്ടിയതൊക്കെ വലിച്ചു വാരിത്തിന്ന് ഞാനെന്‍റെ സങ്കല്പക്കുതിരയുടെ പുറത്ത് കേറി "ഹൊയ് ഹൊയ്" വിളിച്ച് കുളമ്പടി മ്യൂസിക്കുമിട്ട് പുറത്തേക്കു പാഞ്ഞു പോയി.

വൈകീട്ട് വന്നു കേറിയപ്പോഴെക്കും അന്തരീക്ഷം ആകെ കലുഷിതമായിരുന്നു. അച്ഛനും അപ്പോളേക്കും വിവരമറിഞ്ഞിരുന്നു. വല്യമ്മായീടെ മോന്‍ സജിച്ചേട്ടനുള്‍പ്പെടെ ഒരു മൂന്നുനാലംഗ കമ്മീഷന്‍ അവിടെ ചോദ്യം ചെയ്യലിനു തയ്യാറായി നില്‍പ്പുണ്ടായിരുന്നു. ഞാനെത്തുമ്പോളേക്കും അവര്‍ എന്‍റെ ബാഗ് പരിശോധിച്ച് നമ്പൂതിരീസ് പല്‍പ്പൊടിയുടെ ഒഴിഞ്ഞ ഒരു അളക്കില്‍ (ചെറിയ ഡബ്ബ) സൂക്ഷിച്ചു വച്ചിരുന്ന തൊണ്ടിമുതലെല്ലാം പിടിച്ചിരുന്നു. കഷ്ടം! തൊണ്ടി പിടിക്കുമ്പോള്‍ ഒരു കള്ളനുണ്ടാകുന്ന ആത്മനൊമ്പരം എനിയ്ക്കന്നാണ്‌ ആദ്യമായി മനസ്സിലായത്. തറവാട്ടിലെ ഇടുങ്ങിയ തെക്കേമുറിയീല്‍ വച്ച്, കമ്മീഷന്‍ മുന്‍പാകെ എന്‍റെ ക്രോസ്സ് വിസ്താരം നടന്നു. ഞാന്‍ തല കുമ്പിട്ടു നിന്നു. ഒരു വശത്ത് അമ്മ കണ്ണീരൊഴുക്കുന്നു. അച്ഛന്‍ കണ്ണു തുറിപ്പിക്കുന്നു. കിട്ടിയ ചാന്‍സില്‍ സജിച്ചേട്ടന്‍ ഒരു പീറ ബാലനായ എന്‍റെ മുന്നില്‍ ഷൈന്‍ ചെയ്യുന്നു... എന്‍റെ പിഴ, എന്‍റെ വലിയ പിഴ!
വിസ്താരത്തിനും കയ്യും കാലും തല്ലിയൊടിക്കുമെന്നു തുടങ്ങുന്ന ചെറുഭീഷണികള്‍ക്കുമൊടുവില്‍, പ്രതിയുടെ പ്രായം കണക്കിലെടുത്ത് അവരെല്ലാം കൂടി എന്നെ വെറുതെ വിട്ടു, ഇനി മേലാല്‍ അച്ഛന്‍റെയോ അമ്മയുടെയോ സമ്മതം കൂടാതെ കാശ് നോക്കുക പോലുമില്ലെന്നും എല്ലാ ദിവസവും വൈകീട്ട് ബാഗ് അമ്മയെ കാണിച്ച് ഒപ്പു വാങ്ങിക്കൊള്ളാമെന്നുമുള്ള ഉപാധികളിന്‍മേല്‍.... അവസാനം കോടതി പിരിഞ്ഞ് വായിട്ടലച്ച ക്ഷീണത്തോടെ എല്ലാരും മുറി വിട്ടു പോയപ്പൊ, നിലത്ത് ഒഴിഞ്ഞു കിടന്നിരുന്ന പല്‍പ്പൊടി അളക്കിന്‍റെ പുറത്തെ പടത്തിലിരുന്ന് നമ്പൂതിരി മാത്രം എന്നെ നോക്കി ചിരിച്ചു.

Friday, 15 June 2007

കിഴക്കേപ്രത്തെ ചക്രവര്‍ത്തി

ഞാനൊരു പുസ്തകപ്പുഴുവായിരുന്നു. എന്നു വെച്ചാല്‍, കണ്ട ബാലരമേം ബാലമംഗളോം പൂമ്പാറ്റേം മലര്‍വാടീം അമ്പിളിമാമനും അമര്‍ ചിത്രകഥേം ഇന്‍സ്പെക്ടര്‍ ഗുല്‍ഗുലുമാലും അങ്ങനെയങ്ങനെ കയ്യില്‍വന്നു ചേരുന്ന സകലമാന പുസ്തകാദികളും ഞാന്‍ വള്ളിപുള്ളി വിടാതെ വായിച്ചു സായൂജ്യമടഞ്ഞിരുന്നു. അങ്ങനെയിരിക്കെ 3-4 ക്ളാസ്സുകളില്‍ പഠിക്കുന്ന സമയത്ത് എനിക്ക് കുറേ റഷ്യന്‍ പുസ്തകങ്ങള്‍ കിട്ടി. അവിടത്തെ റാദുഗാ പബ്ളിക്കേഷന്‍സിന്‍റെ പുസ്തകങ്ങള്‍ പ്രഭാത് ബുക്സ് ഇവിടെ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. മനോഹരങ്ങളായ അവയിലെ കഥകളും, തനിമ ഒട്ടും ചോര്‍ന്നു പോവാത്ത രീതിയിലുള്ള, ഗോപാലകൃഷ്ണന്‍റെയും ഓമനയുടെയും വിവര്‍ത്തനവും, എന്നിലെ നിഷ്കളങ്കനായ ബാലനെ സ്വപ്നങ്ങളുടെയും ഭാവനകളുടെയും നെറുകയിലെത്തിച്ചു. "രത്നമല", "മായാജാലക്കഥകള്‍", "കുട്ടികളും കളിത്തോഴരും", അങ്ങനെയങ്ങനെ ഒരുപാടൊരുപാടു പുസ്തകങ്ങള്‍. KSRTC-യിലായിരുന്ന വല്യച്ഛന്‍റെ ശേഖരത്തില്‍ നിന്നായിരുന്നു അവ കിട്ടിയത്. അതൊക്കെ വായിച്ചു കഴിഞ്ഞതിനു ശേഷം, ഒഴിവുവേളകളില്‍ ഞാന്‍ രാജാവും പടയാളിയും ധീരയോദ്ധാവും രാജകുമാരനും ഒക്കെയായി.

മാമന്‍റോടെ പോവുമ്പോഴായിരുന്നു എനിക്ക് ഇത്തരം ബാധകള്‍ കൂടിയിരുന്നത്. അവിടെ സഹോദരലോബി ഇല്ലെങ്കില്‍ പിന്നെ ഞാന്‍ ഒറ്റക്കാണ്‌. അത്തരം സന്ദര്‍ഭങ്ങളില്‍ കിഴക്കേപ്രത്തെ വിശാലമായ തൊടിയിലേയ്ക്ക് ഞാനിറങ്ങും. ഉച്ചയ്ക്ക് ഊണു കഴിഞ്ഞതിനു ശേഷമായിരിക്കും കൂടുതലും. ആ സമയത്ത് ആരുടേം ശല്യമുണ്ടാവില്ലെന്നതു തന്നെ കാരണം. "തോട്ടിലൊന്നും എറങ്ങണ്ട്രാ" "ചെരിപ്പിടാണ്ട് അവടൊന്നും നടക്കണ്ട്രാ" "അമ്പും വില്ലും കൊണ്ട് കളിച്ച് കണ്ണു കളയണ്ട്രാ" എന്നൊന്നും ആരും അപ്പൊ വന്നു പറയുകയില്ല.

അങ്ങനെ കിഴക്കേപ്രത്തിറങ്ങിക്കഴിഞാല്‍, പിന്നെ കാലവും കഥയും മാറുകയായി. സൂര്യന്‍റെ സഹോദരി ഇലാന കോസിന്‍സാനയെ ജീവനു തുല്യം സ്നേഹിച്ച് അവളെ വീണ്ടെടുക്കാനിറങ്ങിപ്പുറപ്പെട്ട ബാസില്‍ ഫെറ്റ്ഫ്രൂമോസായി ഞാന്‍ മാറും. ആനറാഞ്ചിപ്പക്ഷികളും ഒമ്പതു തലകളുള്ള വ്യാളികളും നിറഞ്ഞ താഴ്വരകളിലൂടെ, പ്രിയസുഹൃത്തിന്റെ കാമുകിയെത്തേടി ഇറങ്ങിയ മൃഗകുമാരനായി ഞാന്‍ അലയും. അടക്കാരപ്പട്ടകള്‍ കുതിരകളായും കൊലഞ്ചലുകള്‍ കത്തികളായും ശീമക്കൊന്നകള്‍ അമ്പും വില്ലുമായും രൂപം മാറും. വഴി തടയുന്ന രാക്ഷസന്മാരും ആനകളുമൊക്കെയായി മാറുന്ന ചേമ്പിന്‍ കൂട്ടത്തിലേയ്ക്ക് ഉന്നം തെറ്റാതെ ഞാന്‍ ശരമാരി ചൊരിയും. ഓലപ്പട്ടയുടെ തണ്ടില്‍ നിന്ന് ചെത്തിയെടുത്ത പീസുകള്‍ ബാസിലിന്‍റെ വജ്രത്തേക്കാള്‍ മൂര്‍ച്ചയുള്ള ഖഡ്ഗമായി മാറും. അവ ഒമ്പതു തലയന്‍ വ്യാളിയുടെ തലകളെ, ചേമ്പിലകളെ, അരിഞ്ഞിടും ( കഥയിലെപ്പോലെ അതൊന്നും വീണ്ടും മുളച്ചു വരാത്തതിനാല്‍ ഞാന്‍ സിമ്പിളായി വേറെ ചേമ്പിന്‍റെ മെക്കട്ടു കേറും ;) ).

നെറ്റിയില്‍ വെളുത്ത പുള്ളികളുള്ള കുതിരകളായി മാറുന്ന അടക്കാരപ്പട്ടകളുടെ മുകളില്‍ക്കയറിയിരുന്ന് ഞാനെന്‍റെ സാമ്രാജ്യം മുഴുവനും ചുറ്റിയടിക്കും. ചിലപ്പോള്‍ ഏഴു ചിറകുള്ള, ഒറ്റക്കൊമ്പുള്ള, വെണ്മേഘത്തിന്‍റെ ശോഭയോടു കൂടിയ കുതിരയുടെ പുറത്തു കേറി, സമുദ്രം (കിഴക്കേപ്രത്തെ തോട് ;)) )ചാടിക്കടന്ന് ഞാന്‍ കുതികുതിക്കും. ഇടയ്ക്കു ചാട്ടം പിഴച്ച് സമുദ്രത്തിന്‍റെ അഗാധതയിലേയ്ക്ക് വീഴുമ്പോള്‍, വീണതു വിദ്യയാക്കി അതു വേറൊരു കഥയ്ക്ക് ഞാന്‍ വഴിയൊരുക്കും. ഒറ്റക്കോഴിക്കാലില്‍ തിരിയുന്ന കുടിലുകളില്‍ ചെന്ന് ഞാന്‍ നല്ല മന്ത്രവാദിനികളുടെ ആതിഥ്യം സ്വീകരിച്ചു. ദുര്‍മന്ത്രവാദിനികളെ ഞാന്‍ ശിക്ഷിച്ചു. രാജകല്‍പനയനുസരിച്ച്, "ആരും കാണുകയോ കേള്‍ക്കുകയോ അറിയുകയോ" ചെയ്യാത്ത സാധനം അന്വേഷിച്ച്, കൊടുംകാടുകളിലൂടെ, ഒറ്റ ചക്രച്ചാലുള്ള വഴികളിലൂടെ നടന്നു തളരുമ്പോള്‍ അദൃശ്യനായ മുര്‍സ എനിക്കു വിഭവസമൃദ്ധമായ സദ്യയൊരുക്കി. കറുത്ത വാത്തക്കൂട്ടങ്ങളും വെളുത്ത വാത്തക്കൂട്ടങ്ങളും ശിശിരത്തിന്‍റെ വരവറിയിച്ചു കൊണ്ട് ദൂരദേശങ്ങളിലേയ്ക്ക് പറന്നകന്നു. പിനീഷ്യയോടൊന്നിച്ച് അവന്‍റെ ചായമടിച്ച കളിവഞ്ചിയില്‍ ഞാനും മീന്‍ പിടിക്കാന്‍ പോയി.

നിരനിരയായി നില്‍ക്കുന്ന അടക്കാമരങ്ങളായിരുന്നു എന്‍റെ കുതിരലായവും ആനക്കൊട്ടിലുമൊക്കെ. അവിടെ ഞാനെന്‍റെ കുതിരകളെ കെട്ടിയിടുകയും ഇടയ്ക്കു പോയി തലോടുകയും ചെയ്തു. ആനകളെ ഞാന്‍ മര്യാദ പഠിപ്പിച്ചു. കടുവകളെയും മറ്റു കാട്ടുമൃഗങ്ങളെയും പുഴ (കിഴക്കേപ്രത്തെ തോട് തന്നെ) യ്ക്കപ്പുറത്തുള്ള വനാന്തരങ്ങളില്‍ നിന്നും ഞാന്‍ വേട്ടയാടിക്കൊണ്ടു വന്നു. അവയെ എന്‍റെ ലായത്തിലിട്ടു ഞാന്‍ മെരുക്കിയെടുത്തു. അങ്ങനെ, ദിയാന്‍കയും തോംചിക്കും ചുബാറിയും വാസ്കയും ഈല്‍ക്കയും മീല്‍ക്കയും മീഷ്കയുമൊക്കെ അവിടെ ഓട്സ് കഴിച്ചു വളര്‍ന്നു.

ധീരരും വീരരും ദയാപരരുമായ രാജാക്കന്‍മാരായി കളിച്ച് മടുക്കുമ്പൊ ഞാന്‍ ഇടയ്ക്ക് ഫൌള്‍ കാണിക്കും. ക്രൂരനും ദുഷ്ടനുമായ എതിര്‍രാജാവായി ഞാന്‍ പയറ്റും. അത്തരം തലയ്ക്ക് പിരിയിളകുന്ന നേരത്തെ എന്‍റെ വേണ്ടാതീനങ്ങള്‍ക്ക് മുഴുവന്‍ പണിയും ഏറ്റു വാങ്ങേണ്ടി വന്നത് ആ തോട്ടിലെ തവളകളും ഇടയ്ക്കു മാത്രം പിടികിട്ടുന്ന ബ്രാലുകളും മറ്റുമായിരുന്നു. അവരായിരുന്നു എന്‍റെ രാജ്യത്തെ പ്രധാന രാജ്യദ്രോഹികളും ചാരന്‍മാരും കൊള്ളക്കാരുമെല്ലാമായിരുന്നത്. തോട്ടിലിറങ്ങി കുറെയെണ്ണത്തിനെ പിടീച്ച് അടുത്തുണ്ടായിരുന്ന ചെമ്പരത്തിക്കൂട്ടങ്ങളില്‍ തലകീഴായി കെട്ടിയിട്ട് ഞാന്‍ നല്ല ചാമ്പ് ചാമ്പുമായിരുന്നു. പാവങ്ങള്‍!!

അങ്ങനെ അന്നന്നത്തെ അങ്കമെല്ലാം കഴിഞ്ഞ് വൈകുന്നേരം ചായ കുടിക്കാറാവുമ്പൊ ഞാനെന്‍റെ സാമ്രാജ്യത്തോട് വിട പറയും. വൈകീട്ട് പറമ്പ് നനയ്ക്കാന്‍ വരുന്ന പ്രസാദേട്ടനായിരിക്കും പിന്നീട് അടയ്ക്കാമരത്തിന്‍റെ കടയ്ക്കല്‍ കെട്ടിയിട്ടിരിക്കുന്ന "കുതിരകളെ"യും "ആനകളെ"യുമൊക്കെ അഴിച്ചു മാറ്റുക. അരിഞ്ഞിട്ടിരിയ്ക്കുന്ന ചേമ്പിന്‍റെ ഇലകളെല്ലാം ഞാന്‍ അതിനു മുമ്പു തന്നെ തോട്ടിലൊഴുക്കിയിട്ടുണ്ടാകുമായിരുന്നു. തല പോയ നിലയില്‍ ചേമ്പിന്‍തണ്ടുകളും കടപ്ളാവിന്‍റെ കൂമ്പുകളും കണ്ട്, "ആ ജേഷ്ടക്കോഴ്യോള്‌ ഇതിന്‍റെയൊക്കെ തല മുഴേനും കൊത്തിത്തിന്ന്‌ണ്ടാവും" എന്ന് അമ്മാമ്മ ആത്മഗതം ചെയ്യുമ്പൊ, ഞാനവിടെ പടീമെലിരുന്ന് ചായയും മിക്ചറുമൊക്കെ ശാപ്പിട്ടു കൊണ്ട് എന്‍റെ അടുത്ത ദിവസത്തെ വീരഗാഥയുടെ മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കുകയാവും....

****

പ്രിയബൂലോഗസുഹൃത്തുക്കളേ.. മേല്‍പ്പറഞ്ഞ ആ പുസ്തകങ്ങളെല്ലാം പിന്നീടെങ്ങനെയൊക്കെയോ കൈമാറി നഷ്ടപ്പെട്ടു. എനിക്കവയുടെ ഒരു ശേഖരം വേണമെന്ന് അതിയായ ആഗ്രഹമുണ്ട്. ആരുടെയെങ്കിലും കയ്യില്‍ അവയുണ്ടെങ്കില്‍, കൈ മാറാന്‍ തയ്യാറാണെങ്കില്‍, ദയവായി എന്നെ അറിയിയ്ക്കുക.

Thursday, 7 June 2007

സ്വപ്നത്തില്‍ കലിപ്പ്

രണ്ടു ദിവസം മുമ്പാണ്‌.
കാലത്ത് ഓഫീസില്‍ ചെന്നപ്പോള്‍ എല്ലാരും എന്നെ ഒരു തരം ദയനീയ ഭാവത്തോടെ നോക്കുന്നു. എല്ലാര്‍ക്കും എന്താവോ പറ്റിയേതാവോന്നാലോചിച്ച് ഞാന്‍ എന്‍റെ ബേയില്‍ പോയി ഇരുന്നു. സിസ്റ്റം ഓണാക്കി. ലോഗിന്‍ ചെയ്യാന്‍ നോക്കി.
"പാസ്സ്‌വേഡ് ഇന്‍കറക്റ്റ്" എന്ന് ലവന്‍ സൌമ്യമായി പറഞ്ഞു.
"എന്‍റെ ഒരു കാര്യം" എന്നാലോചിച്ച് ഞാന്‍ പിന്നേം ടൈപ്പ് ചെയ്തു. പിന്നേം ലവന്‍ സമ്മതിക്കുന്നില്ല. ഇതെന്തു കൂത്ത് എന്നാലോചിച്ച് ഞാന്‍ ചുറ്റും നോക്കി. ദേ, സകല ജനങ്ങളും എന്നേം നോക്കി നിക്കണു. എല്ലാരുടെം മുഖത്ത് ഒരു തരം മറ്റേ ഭാവം... എനിക്കാകെ പ്രാന്തു വന്നു.
"ആരെങ്കിലും ഒന്നു മിണ്ട്വോ".. ഞാന്‍ ആകെ കലിപ്പിട്ട് ഒരു ഡയലോഗടിച്ചു.
അപ്പൊ ഒരു ഓഫീസ് ബോയ്(പ്യൂണെന്നു മലയാളത്തില്‍ പറയുന്ന അതേ കക്ഷി) ഒരു ദൂതുമായി എന്റെ അടുത്തെത്തി(മറ്റേ, പുരാണപടത്തിലൊക്കെ കാണുന്ന അതേ ദൂത്!). കലി പൂണ്ടു നിന്നിരുന്ന ഞാന്‍ അന്ത ദൂതെടുത്ത് നിവര്‍ത്തി വായിച്ചു.
എന്‍റീശ്വരാ.... എന്‍റെ തല കറങ്ങിപ്പോയി..
"നിന്നെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടിരിക്കുന്നു..ഇനി നീ ഇവടെ നിക്കണ്ട" എന്ന് ശുദ്ധമലയാളത്തില്‍ അതില്‍ അടിച്ചു വെച്ചിരിക്കുന്നു...!!
എന്‍റെ കണ്ണു തള്ളി..എനിക്കാകെ റ്റെന്‍ഷനായി. എന്തൂട്ടപരാധത്തിനാ ദൈവേ എനിക്കിപ്പൊ ഇങ്ങനെ ഒരു പണി എന്നാലോചിച്ച് എന്‍റെ മണ്ട പുകഞ്ഞു. ഞാന്‍ നേരെ HR-ന്‍റെ അടുത്തേക്കോടി. ഇനി ആളു തെറ്റിയങ്ങാനും പറ്റിയതാണെങ്കിലോ. ഓടുമ്പൊ വഴിയിലതാ ഓഫീസിലെ മൂത്ത ചില മാനേജര്‍മ്മാരിരിക്കുന്നു. ഒരാള്‍ടെ കൂടെ ഞാന്‍ രണ്ടൂസം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഹാവൂ.. എനിക്കു സമാധാനായി. ഞാന്‍ മൊഴിഞ്ഞു,
"ബാലാജീ, എന്തൂട്ടാ ഈ ലെറ്റര്‍ ? ദേ, നിങ്ങള്‍ക്കാളു തെറ്റീട്ടാ.."
ബാലാജി എന്നെ കടുപ്പിച്ചൊന്നു നോക്കീട്ട് അടുത്തിരുന്നിരുന്ന നീലപ്രിയയെ നോക്കി. നീലപ്രിയയും ഭയങ്കര കലിപ്പ്.
ഓ മിസ്റ്റര്‍ കടവുള്‍ഭഗവാനേ, ഇനി ഇതെനിക്കു തന്നെ ഒള്ളതാണോ, എന്‍റെ ഹാര്‍ട്ട് ബീറ്റ് പല പ്രാവശ്യം മിസ്സായി. കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും നോക്കി കണ്ണും കണ്ണും കൊള്ളയടിച്ച ശേഷം, ഒന്നും പറയാതെ അവരെനിക്ക് വേറൊരു കടലാസ്സു തന്നു. ചങ്കിടിപ്പോടെ ഞാനതു തുറന്നു നോക്കി.

"പോയന്‍റ് 1: ഹോഴ്സ്റേസ് ശരിയാംവണ്ണം കണ്ടക്റ്റ് ചെയ്തില്ല.
പോയന്‍റ് 2: പോലീസ് ട്രെയിനിങ്ങ് അക്കാദമിയിലെ പരിശീലനം മുഴുവനാക്കിയില്ല..."

അങ്ങനെ തുടങ്ങി മുഴുവനാക്കാത്ത കാര്യങ്ങളുടെ ഒരു വലിയ ലിസ്റ്റായിരുന്നു അത്. പണ്ട് ബീഡി ആദ്യമായി വലിച്ചപ്പോ തല കറങ്ങിയ പോലെ ഭൂമി എനിക്കു ചുട്ടും വട്ടപ്പാലം ചുറ്റി. ഹോഴ്സ് റേസ്, പോലീസ് ട്രെയിനിങ്ങ്..ങ്ഹേ..എന്തൂട്ടാ ഇത്.... ഒരു സ്വിച്ചിന്‍റെയോ റൌട്ടറിന്‍റെയോ SMB-യുടെയൊ ഒക്കെ സോഫ്റ്റ്വെയറെഴുതുന്ന ( പോലെ അഭിനയിക്കുന്ന..;) ) ഞാനെന്തിന്‌ ഇപ്പറഞ്ഞതൊക്കെ ചെയ്യണം? ഉച്ചയ്ക്ക് ന്യൂ കേരളാ മെസ്സില്‍ നിന്നു പാഴ്സല്‍ വരുന്ന, മട്ടയരിയുടെ ചോറും, സാമ്പാറും അച്ചാറും ഉപ്പേരിയും പപ്പടവുമൊക്കെ ഒക്കെ കൂട്ടിക്കുഴച്ച് ആക്രാന്തത്തോടെ ഉള്ളിലാക്കിക്കഴിഞ്ഞ്, സംതൃപ്തിയോടെ ഒമ്പതാം നിലയില്‍ നിന്ന് ചെന്നൈ നഗരത്തെ നോക്കിക്കാണുമ്പോള്‍ അകലെ മൌണ്ട്റോഡിനപ്പുറത്ത് മദ്രാസ് റേസ്ക്ളബ് കണ്ടിട്ടുണ്ടെന്നല്ലാതെ.... പണ്ട് ചേട്ടന്‍റെ പാസ്സിങ്ങൌട്ട് പരേഡിനു വേണ്ടി പാലക്കാട് പോലീസ് ട്രെയിനിങ്ങ് ക്യാമ്പില്‍ പോയിട്ടുണ്ടെന്നല്ലാതെ.... ഈപ്പറഞ്ഞവയുമായൊന്നും എനിക്ക് മറ്റൊരു ബന്ധവുമില്ലെന്നും ജോലി തരുമ്പോള്‍ ഇതൊന്നും ഷ്രെഡ്സിലെ പുലികളോ ഇവിടെ ഓഫീസിലെ കടുവകളോ പറഞ്ഞിട്ടില്ലെന്നും ഞാന്‍ കുറേ പറഞ്ഞു നോക്കി. ആരു കേള്‍ക്കാന്‍!!! ആ ഇതൊക്കെ ചെലപ്പൊ പറഞ്ഞിട്ടുണ്ടായിരുന്നിരിക്കണം എന്നു കരുതി പിന്നെ ഞാന്‍ കുറേ ന്യായവും പറയാന്‍ ശ്രമിച്ചു തുടങ്ങി. "അതു പിന്നെ ഹോഴ്സ് റേസിനിടെ എനിക്ക് വേറെ പണി കിട്ടിയതു കൊണ്ടാണ്‌...പിന്നെ മറ്റേ ട്രെയിനിങ്ങ് ഞാന്‍ പൂര്‍ത്തിയാക്കീട്ടുണ്ട്... അതിന്റെ കടലാസൊക്കെ കൊടുത്തിരുന്നു. എന്തോ ക്ളെരിക്കല്‍ മിസ്റ്റേക്കാണ്‌" അങ്ങനെയൊക്കെ ഞാന്‍ കാലു പിടിച്ചു പറഞ്ഞു... ങേഹെ.. ബാലാജിയും നീലപ്രിയയും ഒരു ദയവും കാണിക്കുന്നില്ല.
എന്‍റെ തല പെരുത്തു വരുന്നു.. ദൈവൂ... എന്തു ചെയ്യും എഡ്യുക്കേഷന്‍ ലോണ്‌, ഹോം ലോണ്‌, ബൈക്ക് ലോണ്‌, പെഴ്സണല്‍ ലോണ്‌ എന്നിങ്ങനെയൊക്കെ എഴുതിയ പ്ളക്കാര്‍ഡുകളും പിടിച്ച് ആരൊക്കെയോ അതിലൂടെ നടന്നു പോവുന്നു.. കയ്യില്‍ തന്ന ആ കടലാസും ചുരുട്ടിപ്പിടിച്ച് ഞാന്‍ പുറത്തിറങ്ങി. ഫോണെടുത്ത് ബാംഗ്ലൂരിലേക്ക് വിളിയോട് വിളി... ആലാ, പ്രേമേ..റെനിലേ... എനിക്കു പറ്റിയ ജോലി വല്ലതും അവടെ ഉണ്ട്രാ... എന്നെ ഇവരു പിരിച്ചു വിട്ടെടാ...ഞാന്‍ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങി.... ആകെപ്പാടെ റ്റെന്‍ഷനടിച്ച് വിയര്‍ത്തു കുളിച്ച് ഞാന്‍ ഞെട്ടിയെണീക്കുമ്പൊ സമയം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു.
കണ്ണു മിഴിച്ചു നോക്കുമ്പൊ അടുത്ത് "എന്നെ ഒറങ്ങിത്തോല്‍പ്പിക്കാനാരുണ്ടെടാ" എന്ന ഭാവത്തില്‍ വാ പകുതി തുറന്ന് തടിയന്‍ മലച്ചു കിടക്കുന്നു. "നെഞ്ചത്തൊരു പന്തം കുത്തി നില്‍പ്പൂ കാട്ടാളന്‍.." പണ്ടു പഠിച്ച ഏതോ കവിത ഓര്‍മ്മ വന്നു... കുറച്ചു നേരം ആ ഇരുപ്പിരുന്ന ഞാന്‍ പിന്നെ എണീറ്റുപോയി കുറച്ചു വെള്ളമൊക്കെ കുടിച്ച് വന്ന് കിടന്നു...ഒറക്കം വന്നില്ലാന്നിനി പറയണ്ടല്ലൊ...ല്ലേ?

ഹോ...സ്വപ്നത്തിലാണെങ്കില്‍പ്പോലും ഈശ്വരാ...ഇങ്ങനെയൊന്നും നീ പരീക്ഷിക്കല്ലേ... ചെറിയൊരു മിസ്‌അണ്ടര്‍സ്റ്റാന്‍ഡിങ്ങ് ഉണ്ടാക്കിയെങ്കിലും സംഭവം ഒരു സ്വപ്നത്തിലൊതുക്കിത്തന്നതിന്‌ ഞാന്‍ പിന്നെ മൂപ്പരോട് നന്ദി പറഞ്ഞു...

ഇതൊക്കെയാണെങ്കിലും പിറ്റേന്ന് കാലത്ത് പതിവിലും നേരത്തേ ഓഫീസില്‍ പോയി ലോഗിന്‍ നേമും പാസ്സ്‌വേഡും കൊടുത്ത് ശരിയാവുന്ന നിമിഷം വരെയും എന്‍റെ ഉള്ളിലൊരു ആളലുണ്ടായിരുന്നൂ...