Monday, 7 July 2008

പെരുമഴക്കാലം

മഴ അതിശക്തിയായി പെയ്തുകൊണ്ടിരിക്കുകയായിരുന്നു. കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡിനെ തോടാക്കിക്കൊണ്ട് വെള്ളച്ചാലുകള്‍ കുത്തിപ്പാഞ്ഞൊഴുകുന്നു. ഇടയ്ക്ക് വീശുന്ന ശക്തിയായ കാറ്റിലുലഞ്ഞ് കാവടിയാടുന്ന മാവുകളും ഇടയ്ക്കിടെ വീഴുന്ന ഓലപ്പട്ടകളുടെ ശബ്ദവും ഇരുണ്ട മാനത്ത് പെരുമ്പറ കൊട്ടുന്ന ഇടിമുഴക്കവുമൊക്കെച്ചേര്‍ന്ന് പ്രകൃതി അതിന്‍റെ വശ്യതയാര്‍ന്ന ഒരു ദൃശ്യാവിഷ്കാരം അവിടെ മാളിയേക്കല്‍ ഹോസ്റ്റലിനു പുറത്ത് നടമാടിക്കൊണ്ടിരിക്കുന്നു.

എത്ര കണ്ടാലും മതിവരാത്തതെന്തെന്നു ചോദിച്ചാല്‍, ആനയെയും കടലിനെയും കൂടാതെ മഴ എന്നു കൂടി ഒരു ഉത്തരം എന്നും മനസ്സിലുണ്ടായിരുന്നു. പുറത്ത് മഴ തകൃതിയായി പെയ്യുമ്പോള്‍, ശരീരത്തെ ചൂഴ്ന്നു കയറാന്‍ ശ്രമിക്കുന്ന തണുപ്പിന്‍റെ സൂചിക്കുത്തുകളെ വക വെക്കാതെ ഒരു ബര്‍മുഡയോ മുണ്ടോ മാത്രം ധരിച്ച്, വരാന്തയില്‍ "F6-ന്‍റെ സ്വന്തം കസേര" എന്നെഴുതിയ പ്ളാസ്റ്റിക് കസേരയും വലിച്ചിട്ട്, കാലു രണ്ടും പാരപെറ്റില്‍ വെച്ച് ചടഞ്ഞു കൂടിയിരിക്കുകയെന്നത് ഹോസ്റ്റല്‍ജീവിതത്തിലെ ഏറ്റവും നനുത്ത സുഖങ്ങളിലൊന്നായിരുന്നു. ടാര്‍ ചെയ്യാത്ത റോഡിലൂടെ പാഞ്ഞു പോകുന്ന "ന്യൂ ഇന്‍ഡ്യ"യും "ഫിഫാ പാലസു"മെല്ലാം ചേര്‍ന്ന് ചെമ്മണ്ണു പുതപ്പിച്ച് മൂടിവെക്കുന്ന തങ്ങളുടെ സൌന്ദര്യം, മഴവെള്ളം ഒഴുകിയിറങ്ങുന്നതോടെ പുറത്ത് വന്നു തുടങ്ങുമ്പോള്‍, വഴിവക്കിലെയും മറ്റും ശീമക്കൊന്നകളും, കശുമാവുകളും, തെങ്ങുകളുമെല്ലാം ആഹ്ളാദത്തില്‍ മതിമറന്ന് നീരാടാന്‍ തുടങ്ങും. പുറമെയുള്ള ചെമപ്പുനിറം മാഞ്ഞുപോയിത്തുടങ്ങുന്നതോടെ പച്ചപ്പിന്‍റെ സൌന്ദര്യമെന്തെന്ന് വിളിച്ചോതിക്കൊണ്ട് അവ ഊര്‍ജ്ജസ്വലതയോടെ ആടിയുലയും.

വിരിഞ്ഞാടുന്ന തെങ്ങിന്‍തലപ്പുകളുടെ കരിംപച്ചയും, അവയ്ക്കു പുറകില്‍, സൂര്യനെ മൂടിവെച്ച് സമയബോധത്തെ ദിശതെറ്റിക്കുന്ന ഇരുണ്ട മേഘങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ആകാശവും ചേര്‍ന്നു സൃഷ്ടിച്ചിരുന്ന ആ നിഗൂഢസൌന്ദര്യം എത്ര കണ്ടാലും മതിവരാത്ത ഒരു വിസ്മയമായിരുന്നു. മഴ കനത്തു തുടങ്ങുമ്പോള്‍, മുന്‍വശത്തെ പാടം വെള്ളം കൊണ്ട് നിറയും. പുഴയിലെ ചെറുദ്വീപുകളെന്ന വണ്ണം, ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന വരമ്പുകളില്‍ നട്ടിട്ടുള്ള തെങ്ങുകളും അവയുടെ പുറത്തുകാണുന്ന വേരുകള്‍ തീര്‍ക്കുന്ന പൊല്ലകളും മാത്രം അപ്പോള്‍ ആ പാടത്ത് പൊന്തി നില്‍ക്കുന്നതു കാണാം. പാടം നിറഞ്ഞൊഴുകുന്ന വെള്ളം മുന്‍വശത്തെ റോഡിനെ പുണര്‍ന്നു കൊണ്ട് ഹോസ്റ്റലിന്‍റെ പടിവാതില്‍ വരെ കയറി വരും. എന്നാല്‍ ഉയര്‍ന്നു നില്‍ക്കുന്ന വളപ്പിലേയ്ക്ക് കയറാന്‍ കഴിയാതെ വെള്ളച്ചാലുകള്‍ നിരാശയോടെ പിന്‍വാങ്ങുന്നതും വീണ്ടും അതിനായി ശ്രമിക്കുന്നതും കൌതുകമുണര്‍ത്തുന്ന ഒരു കാഴ്ചയായിരുന്നു.

മഴയുടെ ഹുങ്കാരം കൂടിവരുന്നതിനൊപ്പം ഹോസ്റ്റലില്‍ ആവേശത്തിന്‍റെ അലയടികളും ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. ഓരോരുത്തരായി പുറത്തേയ്ക്കു വന്ന് തോളില്‍ കയ്യിട്ട് നിരനിരയായി നിന്ന് മഴത്തുള്ളികളെ കയ്യിലെടുത്ത് അമ്മാനമാടി നോക്കുന്നുണ്ട്. ഒരു കയ്യില്‍ സോമര്‍വില്ലിയെയും താങ്ങിപ്പിടിച്ച് പുറത്തേക്ക് വന്ന നിഖില്‍ തന്‍റെ സ്വതസിദ്ധവും നിഷ്കളങ്കവുമായ മുറി-മലയാളത്തില്‍ മഴയെപ്പറ്റി എന്തോ ആവേശത്തോടെ പറയുന്നുണ്ട്. വരാന്തയുടെ അങ്ങേയറ്റത്ത് മടിയിലിരിക്കുന്ന "ജാവ അണ്‍ലീഷ്ഡ്"-നെ മുണ്ടു കൊണ്ട് മഴ നനയാതെ മൂടിവെച്ച്, പുട്ട് മാനം നോക്കിയിരിക്കുന്നു. അവിടെ F4-യില്‍ പിന്‍റോയുടെ കൂക്കുവിളി കേള്‍ക്കുന്നുണ്ട്. അടിയില്‍, കാടനെ ആരൊക്കെയോ ചേര്‍ന്ന് ചൊറിയുന്നുണ്ടെന്നു തോന്നുന്നു. ഇപ്പൊ തെറിവിളി കേള്‍ക്കാം.

ഈ ആലന്‍ ഇതു വരെ എണീറ്റില്ലേ?

"എടാ ആലാ.. മ*$&%#..." ...

"എന്താടാ %^$#$%"...

"ഇവടെ വാടാ.."

F5-ന്‍റെ കവാടത്തില്‍ പുള്ളിനിക്കറിട്ട ആലന്‍റെ ദിവ്യരൂപം തെളിഞ്ഞു വന്നു. ഉറക്കം നഷ്ടപ്പെട്ട അവന്‍റെ പകുതിയടഞ്ഞ കണ്ണുകളില്‍ കളിപ്പാട്ടം കളഞ്ഞു പോയ ഒരു കുഞ്ഞിന്‍റെ ദൈന്യതയായിരുന്നു. പ്രേം അവനെ വലിച്ചു കൊണ്ട് വന്ന് കസേരയിലിരുത്തി.

"നീ മഴ കണ്ടില്ലേ?"

ആലന്‍ എന്നെ രൂക്ഷമായൊന്നു നോക്കി. ഇതു പറയാനാണോ പുന്നാരമോനേ നീ എന്നെ വിളിച്ചു വരുത്തിയതെന്ന ഭാവത്തില്‍. ഞാനതു കണ്ടില്ലെന്നു നടിച്ചു. ആലനെ ചൊറിയുക എന്നത് പണ്ടും ഒരു വിനോദമായിരുന്നല്ലോ.

തോരാനൊരു ഭാവവുമില്ലാതെ പെയ്തു കൊണ്ടിരിക്കുന്ന മഴയെ നോക്കിയിരുന്ന ആലന്‍റെ ഭാവം പതിയെ മാറുന്നുണ്ടായിരുന്നു. അലസതയില്‍ തുടങ്ങി, ആശങ്കയുടെ സങ്കീര്‍ണ്ണമായ മേഖലകളിലൂടെ സഞ്ചരിച്ച്, നിസ്സംഗതയുടെ ഒരു പ്രത്യേക അവസ്ഥയിലെത്തി ആ ഭാവമാറ്റം അവസാനിച്ചു.

ഇടയ്ക്കിടെ ആഞ്ഞടിക്കുന്ന കാറ്റില്‍ "ശീതന്‍" മുഖത്ത് തട്ടിയുടയുന്നുണ്ടായിരുനു. പക്ഷേ, തുടച്ചുകളയാന്‍‍ മനസ്സു വരുന്നില്ല. മുഖത്ത് കൂടിനില്‍ക്കുന്ന വെള്ളത്തുള്ളികളെല്ലാം ചേര്‍ന്ന് ഇരുപുരികങ്ങള്‍ക്കുമിടയിലൂടെ ഒരു നീര്‍ച്ചാലായി രൂപം കൊണ്ട്, മുഖത്തുകൂടെ ഒഴുകി ചുണ്ടിലെത്തിച്ചേരുമ്പോള്‍, ശുദ്ധമായ മഴവെള്ളത്തിന്‍റെ നനുത്ത സ്വാദ് ബോധമണ്ഡലത്തെ തൊട്ടുണര്‍ത്തുന്നത് വല്ലാത്തൊരു സുഖമായിരുന്നു.

മഴയത്ത് കുടയുമെടുത്ത്, നനഞ്ഞു കൊണ്ട് പുറത്തേയ്ക്ക് പോയവരാരോ അടിയിലെത്തി വിളിച്ചു പറഞ്ഞു. "കുറ്റിക്കാട്ടൂരാകെ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. റോഡില്‍ അരപ്പൊക്കത്തില്‍ വെള്ളം നിറഞ്ഞിരിക്കുന്നു."

രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ദൂരെയെവിടെയോ ഏതോ ബണ്ട് പൊട്ടിയിട്ടുണ്ട്. അതാണത്രെ കുറ്റിക്കാട്ടൂരില്‍ വെള്ളംകയറാന്‍ കാരണം. ഏതായാലുമൊന്നു പോയി നോക്കാന്‍ നിശ്ചയിച്ച് ആലനേം കുത്തിപ്പൊക്കി പുറത്തേക്കിറങ്ങി. മഴയ്ക്കൊരു കുറവുമില്ല. എന്നാലും മനുഷ്യന്‍റെ കൌതുകത്തെ തടയാന്‍ കഴിവില്ലാത്ത മഴയെ ഗൌനിക്കാതെ പുറത്തിറങ്ങിയപ്പോള്‍, റോഡിലൂടെ മുണ്ടും പോക്കിപ്പിടിച്ച് കാലുകള്‍ വലിച്ചു വലിച്ച് നടന്നു നീങ്ങുന്ന കുറേപ്പേരെ കണ്ടു. അവരുടെ പാത പിന്തുടര്‍ന്ന് നീങ്ങുമ്പോള്‍ ലേശം പേടിയും ഉള്ളിലുണ്ടായിരുന്നു. റോഡിന്‍റെ വശത്തുള്ള പാടത്തൊക്കെ പാമ്പിനേം കീരിയെയുമൊക്കെ കാണുന്നത് സര്‍വ്വസാധാരണമായ സമയത്ത്, അരയ്ക്കു കീഴെ "എക്സ്പോസ്ഡ്" ആയി ഇങ്ങനെ വെള്ളത്തില്‍ നീങ്ങുന്നത് അത്ര പന്തിയല്ല. പ്രത്യേകിച്ച് അവയുടെ ആവാസസ്ഥാനങ്ങളാകെ മഴ തകര്‍ത്തിരിക്കുന്ന അവസ്ഥയില്‍. എന്തായാലും അതൊന്നും ഇപ്പൊ ഓര്‍ക്കാത്തിരിക്കുന്നതാണ്‌ നല്ലതെന്നു തോന്നി.

കുറ്റിക്കാട്ടൂരെത്തിയപ്പോള്‍ കണ്ട കാഴ്ച വല്ലാത്തതായിരുന്നു. ടൌണാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. മൂന്നും നാലും തവണ മണ്ണിട്ടുയര്‍ത്തി ടാര്‍ ചെയ്ത മാവൂര്‍റോഡിന്‍റെ തരി പോലും പുറത്തു കാണാനില്ല. കടകളൊന്നും തുറന്നിട്ടില്ല, തുറന്നിട്ട് കാര്യവുമില്ലെന്നു തോന്നുന്നു, സാധനങ്ങളൊക്കെ വെള്ളം കയറി നശിച്ചു കാണണം. ഒന്നു രണ്ട് കടകളൊക്കെ തുറന്നിട്ടുണ്ട്. നശിച്ചുപോയ സാധനങ്ങള്‍ നോക്കി നിരാശയോടെ നില്‍ക്കുന്ന കടക്കാരെക്കണ്ടപ്പോള്‍ വിഷമം തോന്നാതിരുന്നില്ല. സെന്‍ററിനടുത്ത് കുടില്‍കെട്ടി താമസിച്ചിരുന്ന തമിഴന്മാരുടെ കൂരകള്‍ മുഴുവനും വെള്ളത്തില്‍ നാശമായിപ്പോയിരിക്കുന്നു. അവിടെ കളക്ടറോ മറ്റോ വന്നിട്ടുണ്ടെന്നോ നാശനഷ്ടങ്ങളുടെ കണക്കെടുക്കുകയാണെന്നോ ഒക്കെ പറയുന്നതു കേട്ടു.കുറച്ചു നേരം അവിടെ ചുറ്റിയ ശേഷം തിരിച്ചു ഹോസ്റ്റലിലേയ്ക്ക് പോന്നു. അപ്പോഴേയ്ക്കും മഴ കൊണ്ട് ദേഹമാസകലം നനഞ്ഞു കുതിര്‍ന്നിരുന്നു. ഒട്ടിയിരിക്കുന്ന ഷര്‍ട്ടില്‍ വീണ്ടും മഴവെള്ളം വീഴുമ്പോഴുണ്ടാകുന്ന സുഖമുള്ള ആ അസ്വസ്ഥതയെ ആസ്വദിച്ചു കൊണ്ട് തിരിച്ച് പോരവേ മഴയുടെ ശക്തി കുറഞ്ഞു വരുന്നതായി തോന്നി.

വൈകുന്നേരമായപ്പോഴേക്കും മഴ ശമിച്ചു. രൌദ്രഭാവത്തില്‍ ആടിയുറഞ്ഞ് താണ്ഡവമാടിയ വൃക്ഷങ്ങള്‍ ശാന്തമായി നില കൊണ്ടു. ഒടിഞ്ഞു വീണ മരക്കൊമ്പുകളും ഓലപ്പട്ടകളും കടപ്ളാവിന്‍റെ വലിയ ഇലകളും ചേര്‍ന്ന് ചുറ്റുപാടുമുള്ള തൊടികള്‍ക്ക് അപൂര്‍വ്വമായ ഒരു ഭീകരതയും അപരിചിതത്വവും സൃഷ്ടിച്ചു. കാറ്റില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്ന ചില കശുമാവുകള്‍ ചെരിഞ്ഞ് നിലംപറ്റാറായി നില്‍പ്പുണ്ട്. ശീമക്കൊന്നകളുടെയും മറ്റു ചെറുമരങ്ങളുടെയും കൊമ്പുകള്‍ക്ക് കാറ്റിന്‍റെ സംഹാരശക്തിയില്‍ കാര്യമായ രൂപമാറ്റം സംഭവിച്ചിരിക്കുന്നു. നനഞ്ഞുകുതിര്‍ന്ന ചിറകുകള്‍ കുടഞ്ഞുണക്കിക്കൊണ്ട് കാക്കകളും ചെമ്പോത്തുകളും മരക്കൊമ്പുകളില്‍ ചേക്കേറിക്കഴിഞ്ഞു.

പൊഴിഞ്ഞു വീണ ഇലകള്‍ക്കിടയില്‍ നിന്നും മാങ്ങകള്‍ പെറുക്കാന്‍ ഓടി നടക്കുന്ന കുട്ടികളെ ജനലിലൂടെ നോക്കിക്കൊണ്ട് വസ്ത്രം മാറുമ്പോളാണ്‌ രണ്ടുമൂന്നു ദിവസത്തേയ്ക്ക് ക്ളാസ്സുണ്ടാവില്ലെന്ന അപ്ഡേറ്റുമായി പ്രേം വന്നത്. "നന്നായി, ഈ ക്ളൈമറ്റില്‍ ക്ളാസ്സിലിരിക്കുന്നതിലും സുഖം ഈ വരാന്ത തന്നെയാസ്റ്റാ.." എന്ന് ഉരുവിട്ട്, കുളിമുറിയില്‍ക്കേറി തണുത്തുറഞ്ഞ വെള്ളത്തില്‍ ഞാനൊരു നീണ്ട ഒരു കുളി പാസ്സാക്കി.

അത്താഴത്തിനു ശേഷം, കിടക്ക വിരിച്ച് തലചായ്ച്ചപ്പോള്‍, പുറത്ത് വീണ്ടും മഴ ചാറുന്നതിന്‍റെ ലക്ഷണങ്ങള്‍ കേട്ടു തുടങ്ങി. "ഇതൊരു നടയ്ക്ക് പോവുന്ന ലക്ഷണമില്ലാ..." എന്ന് പിറുപിറുത്ത് പ്രേം പുതപ്പിനടിയിലേയ്ക്ക് പിന്‍വാങ്ങിയതും, ശക്തിയായ ഒരു ഇടിമുഴക്കത്തോടെ മഴ കോരിച്ചൊരിഞ്ഞതും ഒന്നിച്ചായിരുന്നു. ആദ്യമൊന്നു മടിച്ചെങ്കിലും ഇരുട്ടില്‍ നിന്ന് മഴയുടെ നാദത്തെ മാത്രം ശ്രവിച്ചു കൊണ്ടിരിക്കുമ്പോഴുള്ള ആ സുഖത്തെ ഓര്‍ത്ത് ഒരു ബര്‍മുഡയും വലിച്ചു കേറ്റി വരാന്തയിലെത്തിയപ്പോള്‍, മങ്ങിയ വെളിച്ചത്തില്‍, അട്ടറവെള്ളത്തിന്‍റെ ശബ്ദത്തെ കാതോര്‍ത്ത്, ട്രേഡ്മാര്‍ക്ക് നിസ്സംഗതയോടെ, പുറത്തേയ്ക്കും നോക്കിക്കൊണ്ട് ആലന്‍ അവിടെ ഇരിപ്പുണ്ടായിരുന്നു.


7 comments:

അനിയന്‍കുട്ടി said...

എത്ര കണ്ടാലും മതിവരാത്തതെന്തെന്നു ചോദിച്ചാല്‍, ആനയെയും കടലിനെയും കൂടാതെ മഴ എന്നു കൂടി ഒരു ഉത്തരം എന്നും മനസ്സിലുണ്ടായിരുന്നു.

കോളേജ് ജീവിതത്തിലെ ഒരു മഴക്കാലത്തിന്‍റെ ഓര്‍മ്മ... :)

Babu Kalyanam | ബാബു കല്യാണം said...

:-)

Jes said...

oru mazha kandu theerna pratheethi...kootathil orma vanu...njangal aa mazhayathu vanu busirangiyathum :)

ശ്രീ said...

എത്ര കണ്ടാലും മതി വരാത്ത ഒന്നു തന്നെയാണ് മഴ. :)

“ഇടയ്ക്കിടെ ആഞ്ഞടിക്കുന്ന കാറ്റില്‍ "ശീതന്‍" മുഖത്ത് തട്ടിയുടയുന്നുണ്ടായിരുനു. എന്നാല്‍ അതു തുടയ്ക്കാന്‍ മനസ്സു വരുന്നില്ല. അങ്ങനെ മുഖത്ത് കൂടിനില്‍ക്കുന്ന നീര്‍ത്തുള്ളികളെല്ലാം ചേര്‍ന്ന് ഇരുപുരികങ്ങള്‍ക്കുമിടയിലൂടെ ഒരു നീര്‍ച്ചാലായി രൂപം കൊണ്ട്, മുഖത്തുകൂടെ ഒഴുകി ചുണ്ടിലെത്തിച്ചേരുമ്പോള്‍, ശുദ്ധമായ മഴവെള്ളത്തിന്‍റെ നനുത്ത സ്വാദ് ബോധമണ്ഡലത്തെ തൊട്ടുണര്‍ത്തുന്നത് വല്ലാത്തൊരു സുഖമായിരുന്നു.”

ഈ ഫീല്‍ അനുഭവിച്ച ഒരു സുഖം. നല്ല പോസ്റ്റ്.
:)

Eccentric said...

അളിയാ, അടിപൊളി പോസ്റ്റ്. മുകളില്‍ എഴുതിയവര്‍ പറഞ്ഞത് പോലെ മഴ അനുഭവിച്ചു ഈ പോസ്ടിലൂടെ.
എല്ലാ മലയാളികളുടെയും ഒരു വീക്നെസ് ആണെന്ന് തോന്നുന്നു മഴ. ഞാന്‍ എന്നെതനെ ശ്രദ്ധിച്ചിട്ടുണ്ട്. നാട്ടിലെ മഴയെ കുറിച്ച് വേറെ ആരോടേലും പറയുമ്പോള്‍ 'ഗംഗ അലിയാസ് നാഗവല്ലിയ്ക്' ഉണ്ടായ അതെ ഒരു ആവേശം.
"മഴ ന്നു വെച്ചാല്‍ നിങ്ങള്‍ ഈ കാണുന്നതോന്നുമല്ല കേരളത്തിലെ മഴ. മൂന്നുനാല് ദിവസം നിര്‍ത്താതെ പെയ്യുഅല്ലേ അങ്ങോട്ട്. ഓരോ തുള്ളിയും ദേ ഇത്രേം വരും"
നമ്മുടെ സ്വകാര്യ അഹങ്കാരം/സന്തോഷം. :)
മഴ കാണാന്‍ ലീവ് എടുത്ത് പോകേണ്ട സ്ഥിതി ആയി എന്ന് മാത്രം.

Akhil said...

aliyaa.... ishtappettu... ellarum paranja pole mazha konda pratheethi... nee ippo nattil mazha enjoy cheyyukayavum lle? njan kurachayi mazha kanan nattil ponam ennu karuthunnu, i will be going today. nd mazhayathu kasera ittu parapet il kalum vachu oru kattan chayayum kudichu mazha enjoy cheyyunnathu enikku valare ishtamulla oru karyamanu, enthayalum valare nalla post....

അനിയന്‍കുട്ടി said...

ബാബു, ജെസ്, ശ്രീ, അഖില്‍, പുഴൂ.... :)
വായിച്ച് കമന്‍റിയതിന്‌ വളരെ നന്ദി :)