Saturday 30 May 2020

യതി വാർത്താ:

ഡാ അറിഞ്ഞടാ…?”

മൂലക്ക് ഒരു കുഞ്ഞിസ്റ്റാന്റടിച്ച് പ്രതിഷ്ഠിച്ചിരുന്ന ഐടിഐ മുദ്രയുള്ള ലൈറ്റ് പച്ചക്കളർ ഫോണിന്റങ്ങേപ്രത്ത് നിന്ന് ലുലൂന്റെ ശ്വാസംകിട്ടാതെയുള്ള കെതപ്പ്.

“എന്തൂട്ട്…?”

“കുംബ്ലേ പത്ത് വിക്കറ്റെടുത്തൂടാ! ഇന്ത്യ ജയിച്ചു!”

“ഏ... കളി കഴിഞ്ഞാ? കാലത്ത് നോക്കീപ്പോ അവമ്മാര് നല്ല കളിയാരുന്നൂലോ…”

“പിന്നല്ലാ, കുംബ്ലേ കേറി മേഞ്ഞുടാ.. പത്ത് വിക്കറ്റ് മൂപ്പർക്ക്ണ്”

“ഹമ്മേ, കലക്ക്യേലാ.. ബാക്കി ആർക്കൊക്കെയാടാ കിട്ടിയേ..?”

“എന്തൂട്ട്?”

“വിക്കറ്റോള്”

“നിനക്ക് വട്ടായാ..! ഡാ, പത്തും കുംബ്ലേക്കാന്ന്”

“ആടാ.. ബാക്കി നാലെണ്ണം ഇല്ലേ എന്നാലും?”

“ഡാ പൊട്ടാ, മൊത്തം ടെസ്റ്റിലല്ല, അവമ്മാര്ടെ സെക്കന്റ് ഇന്നിങ്സിലെ പത്തില് പത്തു വിക്കറ്റും 
കുംബ്ലേക്കാടാ കിട്ടീത്. ലോകറെക്കോർഡാടാ!”

“ഉവ്വാ...?! ശരിക്കും...?” മേല് മൊത്തം ഒരു തരിപ്പാ കേറി.

“സത്യം. നീ വേം പോയി ടീവി വെച്ച് നോക്ക്…”

പറന്നു ചെന്ന് ടീവി ഓണാക്കുമ്പോ, ക്രിക്കറ്റ് ശ്വസിച്ചു ജീവിച്ചിരുന്ന അന്നത്തെ മാനസികാവസ്ഥയിൽ ഒരു നിലക്കും മാപ്പുനൽകാൻ കഴിയാത്ത തരത്തിലുള്ള എന്തോ മാരകപ്രോഗ്രാം ദൂരദർശനിൽ ഓടിക്കൊണ്ടിരിക്കുന്നു.

“കോപ്പ്, ന്യൂസൊക്കെ ഇനി ഏത് നേരത്താണാവോ.. ഇവമ്മാർക്കിതൊക്കെ ഒന്നെഴുതിക്കാണിച്ചൂടെ" ന്ന് പ്രാവി തിരിയുമ്പോ അച്ഛമ്മ ഉമ്മറത്തിരുന്ന് 'കടലാസ്' വായിക്കുന്നു.

"അല്ലച്ഛമ്മേ, ഇപ്പ റേഡിയോല് ന്യൂസ്ണ്ടാ?"

"ആ, ഇപ്പ തൊടങ്ങും. എന്തേ?"

മറുപടിക്കുപോലും ഒരു നിമിഷം കളയാണ്ടെ പാഞ്ഞുചെന്ന് റേഡിയോ ഓണാക്കി.

“സമ്പ്രതി വാർത്താഹ ശുയന്താം..പ്രവാചകാഹ..”

“ഓഹോ.. കറക്റ്റ് ടൈമിൽ സംസ്കൃതം വാർത്ത തന്നെ ല്ലേ... വെൽഡൺ യൂണിവേഴ്സ്, വെൽ ഡൺ" ന്നും നിരാശപ്പെട്ട്, എന്നാലും തോൽക്കാൻ തയ്യാറാവാതെ വല്ല തുമ്പോ തുരുമ്പോ കിട്ട്വോന്ന് നോക്കാം ന്ന് ആശ്വസിച്ച്, കാതുകൂർപ്പിച്ച് അന്നാ ന്യൂസിലെ ഓരോരോ അരിമണികളും പെറുക്കിപ്പെറുക്കി ചുമരിൽ ചാരി നിന്നതിന്റെ ഒടുവിൽ, നമുക്കാവശ്യമുള്ള വാക്കുകൾ മാത്രം ഒരു മായാജാലം പോലെ ചെവി ഫിൽട്ടർ ചെയ്തെടുത്തു തന്നു.

“ഭാരതാ ഹ പാകിസ്താന ഹ ക്രിക്കറ്റ് ക്രീഡാ ഹ കുംബ്ലേ ഹ ദശമ ഹ…”

“അടിച്ചു മോനേ!!!” ന്നും അലറി പടൂന്റെ വീട്ടിലേക്ക് ഇറങ്ങി ഓടീതും, അടുത്ത ന്യൂസ് ടെലികാസ്റ്റിൽ ഹൈലൈറ്റ്സ് കാണും വരേം, പിന്നെയുള്ള ഓരോ ന്യൂസിലും അതിന്റെ റിപീറ്റേഷൻ കണ്ടോണ്ടിരിക്കുമ്പോഴും ഉണ്ടായ ആ ആ, ഇത്..

ഓർക്കുമ്പോ തന്നെ… ദേ .. !

1 comment:

അനൂപ് said...

എന്താല്ലേ...അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു ദിത് ആയിരുന്നു... ഞാൻ ആറാം വിക്കറ്റ് തൊട്ട് കണ്ടുന്നാണ് ഓർമ്മ.. പക്ഷേ ദൂരദർശന്റെ അമ്മാതിരി പണികൾ കിട്ടിയ ജീവിത മുഹൂർത്തങ്ങൾ എന്റെ പൊന്നേ, ഒരായിരം വരും... എന്നാലും സംസ്കൃത വാർത്ത decipher ചെയ്തത് വല്ലാത്ത ചെയ്തായി പഹയാ....🙏🏻🙏🏻

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...