Wednesday, 9 July 2008

ബാലചരിതം

രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്‍റെ മുഖഭാവത്തോടെയാണ്‌ അന്ന് വൈകീട്ട് ബാലന്‍ ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യിലെ ഡയറി കാണിച്ചു കൊണ്ട് ബാലന്‍ പറഞ്ഞു.

"എടാ, അവള്‍ സാധാരണക്കാരിയല്ല, അസ്സലായി എഴുതും, അപാരഭാവന! അവള്‍ടെ കുറേ എഴുത്തുകുത്തുകളാണ്‌ ഇതില്. കുറേ കവിതകളും മറ്റും. എന്നോട് വായിച്ചു നോക്കാന്‍ പറഞ്ഞു".

ഓഹോ, അതാണു കാര്യം. കുറച്ചു നാളായി ബാലനീ അസുഖം തുടങ്ങിയിട്ട്. CS-ലെ ആ നീണ്ട മുടിയുള്ള പെങ്കൊച്ചിനെക്കാണുമ്പോളുള്ള മിസ്സിങ്ങ് കണ്ടപ്പോഴേ തോന്നിയതാണ്‌ ഇതിവിടെയൊക്കെ എത്തിപ്പെടുമെന്ന്. ശരി, അപ്പൊ അവളോട് സൊള്ളി ഡയറിയും വാങ്ങി വന്നിരിക്കുകയാണ് ചുള്ളന്‍. കൊള്ളാമല്ലോ, കാര്യങ്ങള്‍ക്ക് നല്ല വേഗതയുണ്ട്.

മെസ്സിലെ ചൂടുചായ-മുഷ്ബീര്‍ പഴംപൊരി സെഷന്‍ തീരുന്നതിനു മുമ്പേ, കുട്ടകം പോലുള്ള ഗ്ളാസ്സിലെ പാതിയോളം ചായയെ ബേസിനിലേക്കൊഴിച്ച്, പകുതി പഴംപൊരി മേശപ്പുറത്തുപേക്ഷിച്ച്, പഹയന്‍ മാളത്തിലേയ്ക്ക് ഓടിപ്പോയി.

"ഡാ ഡാ, ആ ഡയറി അവിടെത്തന്നെ കാണൂല്ലേ, കുറച്ചു കഴിഞ്ഞ് നോക്കിയാല്‍ എഴുതിയതൊന്നും മാഞ്ഞുപോവത്തില്ലല്ലോ..." കെ.പി. വിളിച്ചു പറഞ്ഞു. പക്ഷേ, F4-ലെ ബെഡ്റൂമിന്‍റെ കതകടഞ്ഞു കഴിഞ്ഞിരുന്നു.

ഈയ്യിടെയുള്ള ബാലന്‍റെ ചുറ്റിക്കളികളെക്കുറിച്ചും, സോഫ്റ്റ്കോര്‍ണറുകളെക്കുറിച്ചും, തുളസിക്കതിരിനോടും നീണ്ട മുടിയോടും മലയാളത്തനിമയോടുമൊക്കെ അവനു വര്‍ദ്ധിച്ചു വരുന്ന താല്‍പര്യത്തെക്കുറിച്ചും, അവിടെ സംഘത്തിന്‍റെ ചര്‍ച്ച നടന്നു.

"എനിക്ക് ചില സംശയങ്ങളൊക്കെയുണ്ട്...ഹും...", ആലന്‍ ആത്മഗതം ചെയ്തു.

"എന്തോന്ന് സംശയം? ഇവനവളെ വളച്ചെടുക്കാനുള്ള പരിപാടിയാണ്‌, വേറൊന്നുമല്ല", ഖാന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

കുറ്റിക്കാട്ടൂരിന്‍റെ ഭാവിവികസനപദ്ധതികളെക്കുറിച്ചും കോളേജ് മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയെക്കുറിച്ചും പണക്കൊതിയെക്കുറിച്ചും രോഷപൂര്‍വ്വം നടത്താറുള്ള സ്ഥിരം ചര്‍ച്ച കൂടി കഴിഞ്ഞ ശേഷം സംഘം അടിയിലെത്തിയപ്പോള്‍, ബാലന്‍റെ മുറിയില്‍ നിന്നും വയലിന്‍ നാദം ഉയരുന്നതു കേട്ടു! ശ്ശെടാ, ഈ നേരത്ത് ഇവനിതു പതിവില്ലല്ലൊ, മുറിയില്‍ച്ചെന്ന് കതകുതട്ടിയപ്പോള്‍ തുറക്കാനൊരു താമസമുണ്ടായിരുന്നു. അകത്തു കേറിയപ്പോള്‍ തുറന്നു വെച്ച ഡയറിയുടെ താളില്‍ ഒരു കവിത കുറിച്ചിട്ടിരിക്കുന്നു. കവിത വായിച്ച യുവകവി പ്രേം അത്ഭുതത്തോടെ മൊഴിഞ്ഞു, "ഏ, അപ്പോ ഇവള്‍ മാധവിക്കുട്ടിയുടെ ആളാണോ?"

"അതേടാ, സൂപ്പര്‍ കവിത! കാമുകനെ കാത്തിരിക്കുന്ന കാമുകിയുടെ മനോവിചാരങ്ങളുടെ അത്യുഗ്രന്‍ ആവിഷ്കാരം! ഇത്ര മനോഹരമായ ഒരു കവിത അടുത്തൊന്നും ഞാന്‍ കണ്ടിട്ടില്ല. ചരണത്തിലെ ആ പ്രയോഗങ്ങളോക്കെക്കണ്ടോ? ഇങ്ങനെയൊക്കെ എഴുതാനവള്‍ക്കു കഴിയുമെന്ന് ഞാനൊരിക്കലും കരുതിയില്ല. അവളുടെ ഈ കവിതയെ എങ്ങനെ ഒന്നു അഭിനന്ദിക്കുമെന്നു കരുതിയപ്പോളാണ്‌ ഇങ്ങനൊരു ഐഡിയ തോന്നിയത്", ബാലന്‍ ആവേശത്തിന്‍റെ മുള്‍മുനയിലായിരുന്നു.

"എന്ത് ഐഡിയ?", സംഘത്തിന്‌ താല്‍പര്യമുണര്‍ന്നു.

"ഞാനിതിനു ട്യൂണ്‍ കൊടുക്കും, എന്നിട്ട് നാളെ അവളെ കേള്‍പ്പിക്കും, സ്വന്തം കവിതയ്ക്ക് മറ്റൊരാള്‍ ട്യൂണ്‍ കൊടുത്ത് അതു കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും ഒരു സന്തോഷമുണ്ടാകില്ലേ, യേത്?".

"ഓ, അപ്പോ ആ ട്യൂണ്‍ ജനിപ്പിച്ച സന്തോഷം വഴി നിനക്ക് മറ്റു പാതകള്‍ വെട്ടിത്തുറക്കാമെന്ന്... ഗൊള്ളാം, നല്ല ഐഡിയ", പ്രേമിന്‍റെ ഇടംകാലനടി പോസ്റ്റിന്‍റെ വലതുമൂലയിലേയ്ക്ക് പതിച്ചു. ബാലന്‍ ഒരു ഇളിഭ്യച്ചിരി ചിരിച്ചു.

കൂട്ടത്തില്‍ സംഗീതബോധമുള്ള ഒരെയൊരുവന്‍ ബാലനാണ്‌; കുറേക്കാലം ഒരു പാവം തിമിലയുടെ ഇരുകരണവും പുകച്ച കേ.പിയും ഇടയ്ക്ക് രാഗം, താളം, ബോധം എന്നൊക്കെപ്പറയാറുണ്ടെങ്കിലും. അതു കൊണ്ട് ബാലന്‍റെ ഈ ഉദ്യമത്തിന്‌ ആദ്യമേ തന്നെ കെ.പി. പിന്തുണ പ്രഖ്യാപിച്ചു. വഴിയേ എല്ലാവരും. അന്ന് അത്താഴത്തിന്‌ മുകളിലേക്ക് പോവുമ്പോഴും ബാലന്‍റെ മുറി തുറന്നിരുന്നില്ല. അകത്ത് വയലിന്‍ കരഞ്ഞു കൊണ്ടേ ഇരിക്കുന്നു. മുറിയില്‍ കയറാന്‍ പറ്റാതെ ബാലന്‍റെ സഹവാസി ദീപക് ഫ്ളാറ്റുകള്‍ തോറും അലഞ്ഞു നടക്കുന്നു. വാതിലില്‍ മുട്ടിയപ്പോള്‍ "ഞാന്‍ വന്നേക്കാം" എന്ന മറുപടി കിട്ടിയതു കൊണ്ട് സംഘം ജീവിതലക്‌ഷ്യം നിറവേറ്റാന്‍ മുകളിലേയ്ക്ക് നടന്നു. രാത്രി ഏറെ വൈകിയിട്ടും ബാലന്‍റെ വയലിന്‍ കരച്ചില്‍ തുടരുന്നുണ്ടായിരുന്നു.

പിറ്റേന്ന് അതിരാവിലെത്തന്നെ ബാലന്‍ ഉറക്കമുണര്‍ന്നു. എട്ടരയുടെ ബസ്സില്‍ വരുന്ന കാമുകിയെക്കാണാന്‍ ബദ്ധപ്പെട്ട് ഒരുങ്ങുന്നതിനിടെ ഞാന്‍ ബാലനെക്കണ്ടപ്പോള്‍ ഊക്കനൊരു ട്യൂണ്‍ കിട്ടിയതിന്‍റെ സര്‍വ്വലക്ഷണങ്ങളും ആ മുഖത്തു മിന്നിമായുന്നുണ്ടായിരുന്നു. കുളിച്ച് കുട്ടപ്പനായി നേരത്തേ ഒരുങ്ങി നില്‍പ്പാണ്‌ കക്ഷി. കൊള്ളാം.

"ഡാ, ഇന്നു നിന്നെ വെറുതെ വിട്ടിരിക്കുന്നു, നീ അവള്‍ടെ അടുത്ത് ട്യൂണ്‍ കേള്‍പ്പിക്കുമ്പൊ ശല്യപ്പെടുത്തേണ്ട എന്ന് സംഘം തീരുമാനിച്ചിട്ടുണ്ട്", ബാലന്‍റെ മുഖത്ത് ആശ്വാസത്തിന്‍റെ ചെമ്പരത്തിപ്പൂക്കള്‍ പൂത്തുലഞ്ഞു.

വൈകീട്ട് ബാലന്‍റെ ഉദ്യമത്തിന്‍റെ ഫലമറിയാനുള്ള തിടുക്കത്തിലായിരുന്നു എല്ലാരും. കോളേജില്‍ വെച്ച് അവന്‍റെ ഭാവത്തില്‍ പ്രത്യേകിച്ചൊരു മാറ്റം കണ്ടതായി തോന്നിയില്ല, ആരും അങ്ങനെയൊന്നും പറഞ്ഞതുമില്ല.

"ഇനിയിപ്പൊ അവള്‍ക്കത് കേള്‍പ്പിച്ചു കൊടുക്കാന്‍ അവസരം കിട്ടിക്കാണില്ലേ, അതോ അവളെങ്ങാനും 'ഇയാളുടെ കോപ്പിലെ ഒരു ട്യൂണ്‍, കൊണ്ട് പോടാ' എന്നെങ്ങാനും താങ്ങിയിരിക്കുമോ, ഏയ്... അവളൊരു മിണ്ടാപ്പൂച്ചയല്ലേ, അങ്ങനൊന്നും പറയത്തില്ല..." ആലന്‍ പിറുപിറുത്തുകൊണ്ടേ ഇരുന്നു.

നേരം സന്ധ്യയാവാറായപ്പോള്‍, ബാലന്‍ കയറി വന്നു. മുഖത്താകെ ഒരു തരം കരിഞ്ഞ ഭാവം, വിഷാദത്തിന്‍റെ നൂലാമാലകള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന ആ മുഖത്ത് നിരാശയുടെ ചിലന്തിക്കുഞ്ഞുക്കള്‍ ഓടിക്കളിക്കുന്നു. "ബാലാ, എന്തു പറ്റി? ട്യൂണ്‍ തന്ത്രം ഏറ്റില്ലേ?", എല്ലാവരും ആകാംക്ഷയോടെ ആ മുഖത്ത് കണ്ണും നട്ടിരിപ്പാണ്‌. പത്തുവര്‍ഷം പഴക്കമുള്ള പച്ച ജാന്‍സ്പോര്‍ട്ട് ബാഗ് കസേരയിലേയ്ക്ക് വലിച്ചറിഞ്ഞ് ബാലന്‍ എല്ലാവരെയും ഒന്നു നോക്കി. എന്നിട്ട് വിഷണ്ണഭാവത്തോടെ പറഞ്ഞു.

"ഉച്ചക്ക് അവളെ ഒതുക്കത്തിലൊന്നു കിട്ടിയപ്പോ ഞാന്‍ കരുതി ഇതു തന്നെ ടൈം എന്ന്. പക്ഷേ, ഞാനാകെ നെര്‍വസ്സ് ആയിരുന്നു. ഒരു തുടക്കം കിട്ടാന്‍ വേണ്ടി ആ കവിതയെ ഞാന്‍ കുറേ പൊക്കിപ്പറഞ്ഞു. അവള്‍ ചിരിച്ചു. എനിക്ക് ആവേശമായി. റൂട്ട് ഒന്നൂടൊന്നു ക്ളിയറാക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു, 'ഇയ്യാളാണ്‌ ഇതെഴുതിയതെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. സത്യം പറ, ഇതെങ്ങനെ ഒപ്പിച്ചു?' എന്ന് ..." ബാലന്‍ ഒന്നു നിര്‍ത്തി, നിരാശയുടെ മുകുളങ്ങള്‍ കുറേയെണ്ണം കൂടി ആ മുഖത്ത് മുളച്ച്, വിരിഞ്ഞ്, പൊഴിഞ്ഞു വീണു.

"അപ്പോ...?", സംഘത്തിന്‌ ആകാംക്ഷ സഹിക്കാനായില്ല.

"അവളുടെ മറുപടി എന്‍റെ ചങ്കിലാണ്‌ കൊണ്ടത്, 'അയ്യോ, അത് പുതിയ ഒരു സിനിമയിലെയാ, കണ്ണകി. വരികള്‍ക്കൊക്കെ നല്ല ഭാവം, കേള്‍ക്കാന്‍ നല്ല ഇമ്പമുള്ള ട്യൂണ്‍. എനിക്ക് വളരേ ഇഷ്ടായി, അതാ ഡയറിയില്‍ അത് എഴുതി വെച്ചേ...'"

ഒരു നിമിഷം അന്തം വിട്ടു നിന്ന സംഘത്തില്‍ നിന്നും മാലപ്പടക്കം പൊട്ടിയ കണക്കെ പൊട്ടിച്ചിരി ഉയര്‍ന്നു. തലേന്ന് മെസ്സില്‍ പകുതി ബാക്കി വെച്ച പഴംപൊരിയെയും, രാത്രി നഷ്ടപ്പെടുത്തിയ പൊറോട്ട-ചിക്കനെയും, ഉറക്കത്തെയും, അതിലുപരി, യുഗയുഗാന്തരങ്ങളോളം നില നിന്നേക്കാവുന്ന സംഘം വക പീഢകളേയും മനസ്സിലോര്‍ത്ത് സ്വയം പ്‌രാകിക്കൊണ്ട് ബാലന്‍ ദൂരെ തെങ്ങിന്‍തലപ്പുകള്‍ക്കു മുകളിലൂടെ മറയുന്ന പ്രത്യാശയുടെ പകല്‍വെളിച്ചത്തെ നോക്കിനിന്നു. അവന്‍റെ ഉള്ളില്‍, തലേന്നു രാത്രി മോഹനകല്യാണിയില്‍ താന്‍ ചിട്ടപ്പെടുത്തിയ ആ വരികള്‍ അപ്പോള്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.

"എന്നു വരും നീ... എന്നു വരും നീ...
എന്‍റെ കിനാപ്പന്തലില്‍...വെറുതേ...
എന്‍റെ കിനാപ്പന്തലില്‍..."

* * *
വാല്‍:
ബാലന്‍റെ കല്യാണം അടുത്ത മാസമാണ്‌. വധു ആരാണെന്നിനി പ്രത്യേകം പറയണ്ടല്ലോ, ല്ലേ? ;)

15 പ്രതികരണങ്ങള്‍:

അനിയന്‍കുട്ടിsaid...

"രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്‍റെ മുഖഭാവത്തോടെയാണ്‌ അന്ന് വൈകീട്ട് ബാലന്‍ ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്."

ഉറ്റസുഹൃത്തിനു പറ്റിയ ഒരു അമളിയുടെ കഥ. :)

Jessaid...

:D..paavam anoopetan ;-)

Anugraheethansaid...

ha ha...... superb, kidu... inganeyokke kadhakalundayirunno ?

അനിയന്‍കുട്ടിsaid...

ഉണ്ടായിരുന്നോന്നോ.... ഹഹഹ... :)
ബാലനെ വിളിച്ചു നേരിട്ട് ചോദിച്ചു നോക്കിഷ്ടാ... :)

Anugraheethansaid...

രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്‍റെ മുഖഭാവത്തോടെയാണ്‌ അന്ന് വൈകീട്ട് ബാലന്‍ ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. -- -

ithu cheeeri......

ശ്രീsaid...

ആഹാ... കലക്കി. പാവം ബാലന്‍. എത്ര കഷ്ടപ്പെട്ടു കാണും ഒരു പ്രണയത്തിനു വേണ്ടി...

എന്തായാലും ബാലനും വധുവിനും അഡ്വാന്‍സായി വിവാഹ മംഗളാശംസകള്‍ നേരുന്നു. (നേരിട്ട് കൊടുത്തേക്കണേ...)
:)

Akhilsaid...

Aliyaa..... adipoli... ishtamayi.... keep writing....

Love
Akhil

നിസ്said...

വത്യസ്ഥനാമൊരു കാമുകനാം ബാലനെ സി എസിലെ നീണ്ട മുടിയുള്ള പെങ്കൊച്ച് അപ്പോ തിരിച്ചറിഞ്ഞല്ലേ?

കൊള്ളാം അനിയന്‍ കുട്ട്യേ.. നന്നായിര്ക്കണു...

അനിയന്‍കുട്ടിsaid...

അനുഗ്രഹീതന്‍, അഖില്‍, നിസ്... നന്ദി. :)
ശ്രീ, ആശംസകള്‍ കൈമാറിയിട്ടുണ്ട്, നേരിട്ട്..ഓ.ക്കേ?

Eccentricsaid...

aliya kollam
balane enikk pidikitti

അനിയന്‍കുട്ടിsaid...

നന്ദി പുഴൂ.. :)

ബാലന്‍ ഒരു കാലന്‍, നമ്മുടെ തോഴന്‍...
ബഹുരസികന്‍, temenos വേലന്‍,
പുതുമണവാളന്‍ വാളന്‍ വാളന്‍ വാളന്‍!!

അനൂപ്...(Last man standing)said...

:) അത് ചീറി മോനേ ദിനേശാ... ആ കവിത കോളേജില്‍ വെച്ചു ഒന്നു മറിച്ച് നോക്കിയതായിരുന്നു... അപ്പോഴേ സംശയനിവാരണം നടത്തിയിരുന്നെങ്ങില്‍ ഈ ചതി പറ്റുമായിരുന്നില്ല :)... ഒടനെ വെച്ചു പിടിച്ചു ഹോസ്റ്റല്‍ ലേക്ക്.. ട്യൂണ്‍ ഇടാന്‍.. (background ഇല്‍ അവനവന്‍ കുഴിക്കുന്ന കുഴികളില്‍ പാട്ടു)... പിറ്റേ ദിവസം ദൈവാധീനം പോലെ നടുറോഡില്‍ കാത്തു നിന്നു തൊണ്ട കീറി പാടിയില്ല... അതോണ്ട് നാറിയില്ല..."അയ്യോ അത് സിനിമാ പാട്ടാ" എന്നവള് പറഞ്ഞതു എന്റെ നെന്ച്ചതാടാ കൊണ്ടത്... കൈതപ്രതിനെ ഒരുപാടു പ്രാകി... പക്ഷെ എന്തൊക്കെയായാലും എന്റെ ട്യൂണ്‍ തന്നെ ആയിരുന്നു കൊറച്ചുകൂടെ നല്ലത് ;)...

ശ്രീ, താങ്ക്സ്‌ ഉണ്ടേ.. :)

-ബാലന്‍

cmonsaid...

hi,how to make the comments for a post come in the front page of the blog?I mean to say,without clicking on the number of comments link,all the comments are visible in your blog.Please reply.

DJsaid...

ഹാഹാ...തകര്‍ത്തു അനിയങ്കുട്ടീ...തുടക്കം മുതല്‍ ഒരു വല്യ 70mm ചിരിയോടെയാണ്‌ ഇത് വായിച്ചത്. (ഇപ്പൊ ചെറുതായിട്ട് പല്ല് വേദനിക്കുന്നോ എന്നൊരു സംശയം :D). എഴുത്ത് അതി ഗംഭീരം. തവളയെ പിടിച്ചതുമായി ഉള്ള താരതമ്യം തകര്‍ത്തു. ബാലേട്ടന്‍ അമര്‍ ചിത്ര കഥകള്‍ ഇനിയും പ്രസിദ്ധീകരിക്കണം. :)

റിയാസ് (മിഴിനീര്‍ത്തുള്ളി)said...

കൊള്ളാം നല്ല അവതരണം

 
ജാലകം