Thursday, 17 July 2008

പുതിയ വെളിച്ചം

"അല്ലെങ്കിലും ഈ വക പ്രണയമൊന്നും തന്നെ സത്യസന്ധമല്ല..."

ദാസേട്ടന്‍ ഉറക്കെപ്പറഞ്ഞു.

"ഒന്നിനുമൊരു ആത്മാര്‍ഥതയില്ല. മോസ്റ്റ് ഓഫ് ദെം റിയലി ഡോണ്ട് മീന്‍ വാട്ട് ദേ സേ..."

ദാസേട്ടന്‍റെ മുഖത്തുണ്ടായിരുന്ന നിര്‍വ്വികാരതയെ പുച്ഛഭാവം കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതു പോലെ തോന്നി. സാം ഒന്നും മിണ്ടുന്നില്ല. കുമ്പിട്ടിരിക്കുന്ന അവന്‍റെ മുഖത്ത് കണ്ട നിരാശ എന്നില്‍ പേടിയുളവാക്കി. ഞാന്‍ രാമ്വേട്ടനെ നോക്കി. രാമ്വേട്ടന്‍ സാമിനെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

"ദാസേട്ടന്‍ പറഞ്ഞതു ശരിയല്ല."

പപ്പന്‍റെ മറുപടി നിശ്ശബ്ദത ഭേദിച്ചു.

"അങ്ങനെ പറയാനൊന്നും പറ്റ്ല്ല. സാം അവളെ ശരിക്കും ആഗ്രഹിച്ചിരുന്നു. അവള്‍ പറയുന്നതല്ലേ വിശ്വസിക്കാന്‍ പറ്റൂ. അല്ലാതെ അവളുടെ ഉള്ളില്‍ മറ്റെന്തെങ്കിലുമുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഇവനവസരം കിട്ടിയിട്ടുണ്ടോ?", പപ്പനു ദേഷ്യം വരുന്നുണ്ടായിരുന്നു.

"അതാ ഞാന്‍ പറഞ്ഞത്, ഒന്നും സിന്‍സിയറല്ലെന്ന്..."

"അപ്പോ ദാസേട്ടന്‍ പറയുന്നത് ഇവന്‍ സിന്‍സിയറല്ലെന്നാണോ?"

"അതു കൊണ്ടെന്തു കാര്യം? പ്രണയം സിന്‍സിയറിറ്റിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നാണോ?", ദാസേട്ടന്‍ പപ്പനു നേരെ തിരിഞ്ഞു.

"പക്ഷേ, ഇതിപ്പോ ഇങ്ങനെ ഒരു സാഹചര്യത്തില്‍ അവളെയും പൂര്‍ണ്ണമായി കുറ്റം പറയുന്നത് ശരിയല്ല. അവള്‍ അവളുടെ സാഹചര്യം മനസ്സിലാക്കിയില്ല. പക്വതയില്ലാതെ പെരുമാറി. ഇവനു വാക്കും കൊടുത്തു. ഇവനു വേണമെങ്കില്‍ കുറേക്കൂടി ചിന്തിച്ചു പെരുമാറാമായിരുന്നു.", രാമ്വേട്ടന്‍റെ വാക്കുകള്‍ എന്നെ അത്‍ഭുതപ്പെടുത്തി. രാമ്വേട്ടന്‍ സാമിനെ സപ്പോര്‍ട്ട് ചെയ്യുമെന്നാണ്‌ ഞാന്‍ കരുതിയത്.

"യെസ്, യൂ സെഡ് ഇറ്റ് റാം, അതാ ഞാന്‍ പറഞ്ഞത്. പപ്പാ, ഇവന്‍റെ അവസ്ഥയില്‍ നീയാണെങ്കിലും ഇങ്ങനെയേ പെരുമാറൂ. അതേ നമ്മളൊക്കെ ശീലിച്ചിട്ടുള്ളൂ. ഒരിക്കലും ഒന്നിനെയും പൂര്‍ണ്ണമായി മനസ്സിലാക്കില്ല."

ദാസേട്ടന്‍ തുടര്‍ന്നു.

"എന്തു വന്നാലും എതിര്‍ത്ത് ഒരുമിച്ചു ജീവിക്കാമെന്നാണ്‌ ആദ്യം വരുന്ന മനോവിചാരം. അതിലെന്തു കാര്യം? അറിഞ്ഞുകൊണ്ട് പ്രശ്നങ്ങളെ വരുത്തിവെച്ച് പിന്നെ അവയെ നേരിട്ട് മിക്കവാറും കേസുകളില്‍ കീഴടങ്ങിക്കൊടുക്കുന്നതാണോ സോ-കോള്‍ഡ് ലൈഫ് ഫോര്‍ ദ ലവ്? ഇവന്‍റെ കാര്യം തന്നെ എടുക്ക്. അവളെ കണ്ടപ്പോളേ ഇവന്‌ ഇഷ്ടമായി. അത് അവളോട് പറഞ്ഞു. അവള്‍ക്കും ഇവനെ ഇഷ്ടമായി. അവള്‍ ഇവന്‍റെ പ്രണയത്തെ അംഗീകരിച്ചു. എന്‍റെ ചോദ്യം ഇത്രയേ ഉള്ളൂ, നീ എന്തു കണ്ടിട്ടാണവള്‍ക്കു വാക്കു കൊടുത്തത്? അവള്‍ എന്തു കണ്ടിട്ടാണ്‌ നിന്‍റെ വാക്കു വിശ്വസിച്ചത്? നിനക്ക് ജോലിയില്ലായിരുന്നു, നീ പഠിച്ചു കൊണ്ടിരിക്കയായിരുന്നു, അവളും. ബട്ട്, നിങ്ങളുടെ ബന്ധം തുടങ്ങിയ ശേഷം നിന്‍റെ ലക്‌ഷ്യങ്ങള്‍ മാറിപ്പോയി. യൂ ഷുഡ് ഹാവ് ട്രൈഡ് ഫോര്‍ IAS, അതായിരുന്നില്ലേ നിന്‍റെ ലക്‌ഷ്യം? പക്ഷേ, നീ പെട്ടെന്നു മറ്റേതെങ്കിലും ജോലിയില്‍ കയറി സെറ്റിലാവാന്‍ ശ്രമിച്ചു. അവളുടെ പഠനവും അവതാളത്തിലായി. എന്തിനു നിങ്ങള്‍ നിങ്ങളുടെ ജീവിതലക്‌ഷ്യങ്ങളെ മാറ്റിമറിച്ചു എന്നാണ്‌ ഞാന്‍ ചോദിക്കുന്നത്. അവളും നിന്‍റെ IAS ലക്‌ഷ്യത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല. ദെന്‍ വാട്ട്‌സ് സോ സ്പെഷ്യല്‍ അബൌട്ട് യുവര്‍ ഡാം ലവ്?"

"നോക്കൂ സാം. നമ്മുടെ ജീവിതത്തിന്‍റെ ലക്‌ഷ്യം, ഇറ്റീസ് ടു മേക് എ ഡിഫ്രന്‍സ്. വിദ്യാഭ്യാസം കൊണ്ട് മാത്രമേ നമ്മെപ്പോലുള്ളവര്‍ക്ക് അതു സാധിക്കൂ. അവളുടെ പാരന്‍റ്സിനു അവളെ പീ.ജി എടുപ്പിക്കണമെന്നുണ്ടായിരുന്നു. അവള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് അവര്‍ക്കാഗ്രഹമുണ്ടായിരുന്നു. ബട്ട്, ഷീ ഫെയില്‍ഡ് റ്റു മെയ്ക് ഇറ്റ്, ജസ്റ്റ് ബിക്കോസ് ഓഫ് ദിസ് റിലേഷന്‍."

"അവളാണ്‌ തെറ്റുകാരിയെന്ന് പപ്പന്‍ പറയുന്നു. പക്ഷേ, നിങ്ങള്‍ രണ്ടു പേരും ഇക്കാര്യത്തില്‍ ഒരു പോലെ തെറ്റുകാരാണ്‌. നിങ്ങള്‍ തമ്മിലുള്ള റിലേഷന്‍ ശരിയാംവണ്ണം നിങ്ങളെ സ്നേഹിക്കുന്ന മറ്റുള്ളവര്‍ക്ക്, നിങ്ങളുടെ അച്ഛനമ്മമാര്‍ക്ക്, മനസ്സിലാക്കിക്കൊടുക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ല. അല്ലെങ്കില്‍ അവരെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ കഴിയാത്തവണ്ണം ഒരു വെറും "ഊതിയാല്‍പ്പറക്കുന്ന" റിലേഷന്‍ മാത്രമായിരുന്നു അത്. ശരിയല്ലെന്നു തോന്നുന്നുണ്ടോ? ഈ ബന്ധം തുടങ്ങിയ ശേഷം നിന്‍റെ ജോലിയന്വേഷണത്തെ ആശ്രയിച്ചു മാത്രമായി അവളുടെ ജീവിതം. അവളറിയാതെത്തന്നെ അവള്‍ അവളുടെ കുടുംബത്തില്‍ നിന്നകലുകയായിരുന്നു. അതില്‍ നിനക്കും ഒരു വലിയ പങ്കുണ്ട്. അവളുടെ പഠനത്തിലുള്ള ശ്രദ്ധ കുറയുന്നതും മറ്റും നീ ശ്രദ്ധിക്കണമായിരുന്നു. അവളെ മോട്ടിവേറ്റ് ചെയ്യണമായിരുന്നു. പക്ഷേ, നിന്‍റെയും അവളുടെയും ഈ റിലേഷനില്‍ അത്തരം കാര്യങ്ങളൊന്നും കടന്നു വരാതിരുന്നതു തന്നെ ആ ബന്ധത്തിന്‍റെ കെട്ടുറപ്പില്ലായ്മയെ കാണിക്കുന്നു. ഐ ഡൌട്ട്, ഇഫ് ബോത്ത് ഓഫ് യൂ ഹാഡ് ഗോട്ട് എ ചാന്‍സ് ടു ഹാവ് സെക്‌ഷ്വല്‍ റിലേഷന്‍, നിങ്ങളുടെ ബന്ധം കുറേക്കൂടെ എളുപ്പത്തില്‍ തകരുമായിരുന്നു. കാരണം, പരസ്പരമുള്ള വെറുമൊരു അട്രാക്ഷനാണ്‌ നിങ്ങളുടെ ബന്ധത്തിന്‍റെ അടിത്തറ. അതിന്‍റെ പുതുമ മാറിക്കഴിഞ്ഞാല്‍ ദേറിസ്‌ നത്തിങ്ങ് ലെഫ്റ്റ് ഇന്‍ ഇറ്റ്."

"ദാസേട്ടാ, ഒന്നു നിര്‍ത്തുന്നുണ്ടോ? ഇവനൊരു അബദ്ധം പറ്റിയെന്നു വെച്ച് ദാസേട്ടന്‍ ഇവന്‍റെ ബന്ധത്തെ ഇത്രക്കങ്ങോട്ട് കളിയാക്കുന്നതെന്തിനാ? ഇവനൊരു വാക്കു പറഞ്ഞാല്‍ ഞാനിപ്പൊ അവളെ ഇവന്‍റടുത്തെത്തിക്കും. ഇവരുടെ വിവാഹവും നടത്തിക്കൊടുക്കും. കാണണോ?", പപ്പന്‍ പൊട്ടിത്തെറിച്ചു.

"ഹഹഹഹഹഹാ...", അതു കേട്ടപാടെ ദാസേട്ടന്‍ ഉറക്കെയുറക്കെ ചിരിച്ചു.

"ദിസ് ഈസ് ദ പ്രോബ്ലം. ഇതാണ്‌ ഏറ്റവും വലിയ പ്രശ്നം. എടാ പപ്പാ, നിന്നെപ്പോലെ ഇടംവലം നോക്കാത്ത കൂട്ടുകാരാണ്‌ പലപ്പോഴും സ്വാഭാവികമായി അറ്റു പോയേക്കാവുന്ന പല കേവലബന്ധങ്ങളെയും അനാവശ്യമായി വീട്ടുകാരെ എതിര്‍ക്കുന്നതിലേയ്ക്കും വിവാഹത്തിലേയ്ക്കും തുടര്‍ന്നുള്ള ദുരിതങ്ങളിലേയ്ക്കും നയിക്കുന്നത്. സ്റ്റുപ്പിഡ്, വാട്ട് ഡൂ യൂ തിങ്ക് ഓഫ് ഫാമിലി ലൈഫ്? ഒരു വിവാഹം നടത്തിക്കൊടുത്താല്‍ ഇവരുടെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നെന്നാണോ നീ കരുതുന്നത്? അതോടെ ഇവര്‍ ജീവിതകാലം മുഴുവന്‍ സുഖമായി ജീവിക്കുമോ? എടാ ഏറ്റവും പ്രധാനം മനഃപൊരുത്തമാണ്‌. പരസ്പരം അറിഞ്ഞുകൊണ്ടുള്ള സുഖകരമായ ജീവിതം. തന്‍റെ പങ്കാളിയുടെ എല്ലാ കഴിവുകളെയും കഴിവുകേടുകളെയും അറിഞ്ഞുകൊണ്ടും ബഹുമാനിച്ചുകൊണ്ടും ഉള്ള ലൈഫ്. അതാണ്‌ ദാമ്പത്യം."

"പിന്നെ, ഞാനും കുറെ കണ്ടതാ ദാസേട്ടാ. ഇത്രേം കൊണ്ടെത്തിച്ചിട്ട് ഇനി വേണ്ടെന്നു വെച്ചാല്‍, ഇവന്‍ വാക്കു കൊടുത്തതല്ലേ? ഇവനൊരു ആണല്ലേ?", പപ്പന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു.

"ബുള്‍ഷിറ്റ്!!! എന്താടാ ആണത്തം, പറ, എന്താ ആണത്തം??? കണ്ടവന്‍റെയൊക്കെ വാക്കും കേട്ട് എന്തിനുമേതിനും ഇറങ്ങിപ്പുറപ്പെടുന്നതോ? ഡാം ഇറ്റ്!! നീയൊക്കെ ഇതു വഷളാക്കിയേ അടങ്ങൂ അല്ലേ? സ്വന്തമായി നിലനില്‍പ്പില്ലാത്തവന്‌ വാക്കുകൊടുക്കാന്‍ എന്താണവകാശം? ഇനി അങ്ങനെ വാക്കു കൊടുത്താല്‍ക്കൂടെ അതു വിശ്വസിക്കാന്‍ മാത്രം പക്വതയുള്ള ആ കുട്ടിയില്‍ നിന്നും സാം കൂടുതലൊക്കെ പ്രതീക്ഷിക്കാന്‍ പോയതു തന്നെ തെറ്റ്! സാം നീ പറ, നീ എന്തിനാണ്‌ അവളെത്തന്നെ വേണമെന്നു കരുതുന്നത്? കമോണ്‍ ടെല്‍ മീ...", ദാസേട്ടനെ ക്ഷുഭിതനായി ഞാനാദ്യമായി കാണുകയായിരുന്നു.

ദാസേട്ടന്‍റെ ഭാവമാറ്റം കണ്ട് പരിഭ്രമിച്ച സാം ഒരു നിമിഷം എന്‍റെ മുഖത്തു നോക്കി. എന്നിട്ട് നിരാശയോടെ നിലത്തു നോക്കിപ്പറഞ്ഞു.

"എനിക്കവളെ മറക്കാന്‍ പറ്റണില്ല ദാസേട്ടാ... കഴിഞ്ഞ രണ്ടു വര്‍ഷമായി അവളാണെന്‍റെ മനസ്സില്‍, അവള്‍ മാത്രം. അവളെനിക്ക് വാക്കു തന്നിരുന്നു, മറ്റൊരു വിവാഹം അവളുടെ ജീവിതത്തിലില്ലെന്ന്. എനിക്കും അങ്ങനെ തന്നെയായിരുന്നു. എന്നിട്ടിപ്പൊ, അവളുടെ ചേട്ടന്മാര്‍ ഇങ്ങനെ അവളെ ബ്രെയിന്‍വാഷ് ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല. അവളെന്‍റെ മുഖത്തു നോക്കിപ്പറഞ്ഞു, ഇതു നടക്കില്ലെന്ന്."

സാമിന്‍റെ മറുപടി കേട്ട് ദാസേട്ടന്‍ രാമ്വേട്ടനെ ഒരു നിമിഷം നോക്കി. എന്നിട്ട് സാമിനോട് പറഞ്ഞു.

"അവള്‍ക്ക് നിന്നേക്കാള്‍ വിവരമുണ്ടെന്ന് ഞാന്‍ പറയും. അവളുടെ ചേട്ടന്മാര്‍ അവള്‍ക്കു കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുത്തു. ഇന്‍റര്‍നെറ്റു വഴി പരിചയപ്പെട്ട ഒരു പെണ്ണിനോടു തോന്നിയ കേവലമൊരു ഇന്‍ഫാക്ച്വേഷന്‍റെ പേരില്‍ സ്വന്തം ജീവിതലക്‌ഷ്യങ്ങളെ മറന്ന നിന്നോടവര്‍ക്ക് പുച്ഛം തോന്നിക്കാണും. അവളും തെറ്റുകാരിയാണ്‌, സമ്മതിച്ചു. ബട്ട് ഷീ റിയലൈസ്ഡ് ഇറ്റ് ബിഫോര്‍ ഇറ്റ് ബിക്കംസ് ടൂ ലേറ്റ്. പറയ്, ടെലിഫോണിലൂടെയും ചാറ്റിങ്ങിലൂടെയും നടത്തിയ മധുരം പുരട്ടിയ സംഭാഷണങ്ങളില്‍കൂടെ അറിഞ്ഞതല്ലാതെ നിങ്ങള്‍ക്ക് പരസ്പരം എന്തറിയാം? അവളെയോ അവളുടെ കുടുംബത്തെയോ അവള്‍ പറഞ്ഞ അറിവു മാത്രം വെച്ച് കണ്ട നിന്നോട് അവളുടെ വീട്ടുകാര്‍ക്ക് എന്ത് അഭിപ്രായമുണ്ടാവാനാടാ? അവളുടെ എഡ്യൂക്കേഷന്‍ ഇത്രയും പ്രാധാന്യത്തോടെ അവളുടെ പാരന്‍റ്‌സ് കാണുന്നു എന്നറിഞ്ഞിട്ടു കൂടെ അവളോ നീയോ അതിന്‌ പ്രാധാന്യം കൊടുത്തില്ല. വൈ? നോ വണ്ടര്‍ ദേ റിജെക്ടഡ് യുവര്‍ പ്രൊപ്പോസല്‍!"

"ദാസേട്ടാ, ഇങ്ങനെയൊക്കെപ്പറഞ്ഞാല്‍...ഇതിങ്ങനെയൊക്കെയല്ലേ ദാസേട്ടാ നടക്കൂ", പപ്പന്‍റെ ശബ്ദത്തിന്‌ ഇത്തവണ നല്ല ഒതുക്കമുണ്ടായിരുന്നു.

ദാസേട്ടനൊരു ദീര്‍ഘനിശ്വാസമെടുത്തു, എന്നിട്ട് പപ്പനോടായിപറഞ്ഞു.

"പൊതുവെയുള്ള പ്രശ്നമാണ്‌. പെണ്ണായാലും ആണായാലും സ്വന്തം വീട്ടുകാരെ ഒന്നും അറിയിക്കില്ല. അവസാനംവരെ രഹസ്യമായി കൊണ്ടു നടക്കും. സാം, നിന്‍റെ കാര്യത്തില്‍ത്തന്നെ, അവളുടെ അച്ഛനുമമ്മയുമൊക്കെ അവളോടെത്ര അടുപ്പമുള്ളവരായിരുന്നു, സ്റ്റില്‍ ഷീ ചോസ് നോട്ട് ടു ടെല്‍ ദിസ് ടു ദെം. ഞാന്‍ പറയും ഇതൊരു തരം ചീറ്റിങ്ങാണെന്ന്. പാരന്‍റ്‌സറിഞ്ഞാലെന്താടാ പ്രശ്നം? നല്ല ബന്ധമാണെന്നു തോന്നിയാല്‍ അവര്‍ സമ്മതിക്കില്ലെന്നാണോ നീ കരുതുന്നത്? നമ്മുടെ സൊസൈറ്റി പണ്ടത്തെപ്പോലെയല്ല സാം, മാറിക്കൊണ്ടിരിക്കുന്ന ഒന്നാണത്. ആ മാറ്റം നമ്മളിലൂടെ ആവണോ വേണ്ടയോ എന്നത് നമ്മുടെ ചോയ്സാണ്‌. നിങ്ങള്‍ അതു തെരെഞ്ഞെടുത്തില്ല. ഐ വുഡ് സേ, അതാണ്‌ നിങ്ങളിവിടെ ചെയ്ത ഏറ്റവും വലിയ മിസ്റ്റേക്ക്."

ആരും ഒന്നും മിണ്ടിയില്ല. എല്ലാവരും മുഖം കുമ്പിട്ടിരിക്കുകയായിരുന്നു, ദാസേട്ടനൊഴികെ.

"എനിക്ക് തെറ്റുപറ്റിയിട്ടുണ്ട് ദാസേട്ടാ, ഞാന്‍ കുറേക്കൂടി പക്വത കാണിക്കേണ്ടതായിരുന്നു. ഇറ്റ്സ് മൈ മിസ്റ്റേക്ക്. പക്ഷേ, എനിക്കവളെ ഭയങ്കര ഇഷ്ടമായിരുന്നു. ഇല്ലെന്ന് ദാസേട്ടന്‍ പറയരുത്", സാമിന്‍റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.

"നോ സാം. ഞാനങ്ങനെയല്ല ഉദ്ദേശിച്ചത്. ഒരു പാട് നന്മകളുള്ളതാണെങ്കിലും, നാമുള്‍പ്പെടെയുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടിന്‍റെ ചില പ്രശ്നങ്ങളാണിത്. പ്രേമിച്ചാല്‍ കല്യാണം കഴിച്ചില്ലെങ്കില്‍, അല്ലെങ്കില്‍ ഇടയ്ക്കു വെച്ച് താളപ്പിഴകളുണ്ടായി പിരിയേണ്ടി വന്നാല്‍, ഇതിനെയൊക്കെ നാം നല്ല രീതിയില്‍ക്കൂടി എടുക്കാന്‍ പഠിക്കണം. ഒരു പ്രണയം അതിന്‍റെ പൂര്‍ണ്ണതയിലെത്തുന്നത് വിവാഹം കഴിക്കുമ്പോളല്ല, പരസ്പരം പൂര്‍ണ്ണമായി അറിയുമ്പോളാണ്‌. ആ തിരിച്ചറിവുണ്ടാക്കുന്ന ആനന്ദമാണ്‌ ബന്ധങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതും. സാം, നീ നല്ല ഒരു ചെറുപ്പക്കാരനാണ്‌, നിനക്ക് സ്നേഹിക്കാനറിയാം. നിന്‍റെ ജീവിതത്തില്‍ നല്ല പ്രണയം ഇനിയുമുണ്ടാവാം. ജസ്റ്റ് വെയ്റ്റ് ഫോര്‍ ഇറ്റ്. നൌ മേക്ക് യുവര്‍സെല്‍ഫ് ബിലീവ് ദാറ്റ് ഷീ വാസ് നോട്ട് ദ വണ്‍. പക്ഷേ അടുത്ത തവണ നീ കുറേക്കൂടി മച്യൂരിറ്റി കാണിക്കണം. പ്രായം കൂടുന്നതോടൊപ്പം നീ കൊടുക്കുന്ന വാക്കിനും വിലയേറുമെന്ന് നീ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു."

"ഉവ്വ് ദാസേട്ടാ, എനിക്ക് കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ട്",

ഒന്നു നിര്‍ത്തിയ ശേഷം സാം ഉറച്ച ശബ്ദത്തില്‍ തുടര്‍ന്നു.

"പിന്നെ, ദാസേട്ടാ, ഞാന്‍ IAS വിട്ടിട്ടൊന്നുമില്ല. അടുത്ത തവണ ഞാന്‍ എഴുതിയെടുക്കും, യൂ ബെറ്റ് ഓണ്‍ ദാറ്റ്..."

ദാസേട്ടന്‍ സാമിനെ ചേര്‍ത്തു പിടിച്ചു,

"നന്നായി സാം, യൂ വില്‍ മേക്ക് ഇറ്റ്. ഐം ഷുവര്‍. ഇതൊന്നും നിന്‍റെ ലക്‌ഷ്യങ്ങളെ ബാധിക്കാന്‍ പാടില്ല സാം. ഐം ദേര്‍ വിത് യൂ..."

***

കുറച്ചു ദിവസമായി മനസ്സിനെ മൂടിക്കെട്ടി നിന്ന അസ്വസ്ഥതയുടെ കാര്‍മേഘങ്ങള്‍ പെയ്തൊഴിയുകയായിരുന്നു അന്നവിടെ. അടുത്ത കട്ടിലില്‍, വളരേ നാളുകള്‍ക്കു ശേഷം അന്ന് ശാന്തമായി കിടന്നുറങ്ങിയിരുന്ന സാമിനെ നോക്കി മനസ്സു മന്ത്രിച്ചു, "സാം, നീ ഇതിനെ അതിജീവിക്കും, ഇതൊരു അവസാനമല്ലടാ, എ മച്ച് ബെറ്റര്‍ ലൈഫ് ഈസ് വെയ്റ്റിങ്ങ് ഫോര്‍ യൂ."

അവന്‍റെ മുഖത്ത് ദാസേട്ടന്‍ കനലൂതി ജ്വലിപ്പിച്ചു വിട്ട ഒരു പുതിയ വെളിച്ചം തെളിഞ്ഞു കാണാമായിരുന്നു. ചിലപ്പോഴൊക്കെ കയ്പുള്ള സത്യങ്ങള്‍ ഒളിച്ചു വെക്കുന്നതിനേക്കാള്‍ പറഞ്ഞുതീര്‍ക്കുന്നതു തന്നെയാണ്‌ നല്ലതെന്ന് ഞാനന്ന് മനസ്സിലാക്കുകയായിരുന്നു.

Wednesday, 9 July 2008

ബാലചരിതം

രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്‍റെ മുഖഭാവത്തോടെയാണ്‌ അന്ന് വൈകീട്ട് ബാലന്‍ ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യിലെ ഡയറി കാണിച്ചു കൊണ്ട് ബാലന്‍ പറഞ്ഞു.

"എടാ, അവള്‍ സാധാരണക്കാരിയല്ല, അസ്സലായി എഴുതും, അപാരഭാവന! അവള്‍ടെ കുറേ എഴുത്തുകുത്തുകളാണ്‌ ഇതില്. കുറേ കവിതകളും മറ്റും. എന്നോട് വായിച്ചു നോക്കാന്‍ പറഞ്ഞു".

ഓഹോ, അതാണു കാര്യം. കുറച്ചു നാളായി ബാലനീ അസുഖം തുടങ്ങിയിട്ട്. CS-ലെ ആ നീണ്ട മുടിയുള്ള പെങ്കൊച്ചിനെക്കാണുമ്പോളുള്ള മിസ്സിങ്ങ് കണ്ടപ്പോഴേ തോന്നിയതാണ്‌ ഇതിവിടെയൊക്കെ എത്തിപ്പെടുമെന്ന്. ശരി, അപ്പൊ അവളോട് സൊള്ളി ഡയറിയും വാങ്ങി വന്നിരിക്കുകയാണ് ചുള്ളന്‍. കൊള്ളാമല്ലോ, കാര്യങ്ങള്‍ക്ക് നല്ല വേഗതയുണ്ട്.

മെസ്സിലെ ചൂടുചായ-മുഷ്ബീര്‍ പഴംപൊരി സെഷന്‍ തീരുന്നതിനു മുമ്പേ, കുട്ടകം പോലുള്ള ഗ്ളാസ്സിലെ പാതിയോളം ചായയെ ബേസിനിലേക്കൊഴിച്ച്, പകുതി പഴംപൊരി മേശപ്പുറത്തുപേക്ഷിച്ച്, പഹയന്‍ മാളത്തിലേയ്ക്ക് ഓടിപ്പോയി.

"ഡാ ഡാ, ആ ഡയറി അവിടെത്തന്നെ കാണൂല്ലേ, കുറച്ചു കഴിഞ്ഞ് നോക്കിയാല്‍ എഴുതിയതൊന്നും മാഞ്ഞുപോവത്തില്ലല്ലോ..." കെ.പി. വിളിച്ചു പറഞ്ഞു. പക്ഷേ, F4-ലെ ബെഡ്റൂമിന്‍റെ കതകടഞ്ഞു കഴിഞ്ഞിരുന്നു.

ഈയ്യിടെയുള്ള ബാലന്‍റെ ചുറ്റിക്കളികളെക്കുറിച്ചും, സോഫ്റ്റ്കോര്‍ണറുകളെക്കുറിച്ചും, തുളസിക്കതിരിനോടും നീണ്ട മുടിയോടും മലയാളത്തനിമയോടുമൊക്കെ അവനു വര്‍ദ്ധിച്ചു വരുന്ന താല്‍പര്യത്തെക്കുറിച്ചും, അവിടെ സംഘത്തിന്‍റെ ചര്‍ച്ച നടന്നു.

"എനിക്ക് ചില സംശയങ്ങളൊക്കെയുണ്ട്...ഹും...", ആലന്‍ ആത്മഗതം ചെയ്തു.

"എന്തോന്ന് സംശയം? ഇവനവളെ വളച്ചെടുക്കാനുള്ള പരിപാടിയാണ്‌, വേറൊന്നുമല്ല", ഖാന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

കുറ്റിക്കാട്ടൂരിന്‍റെ ഭാവിവികസനപദ്ധതികളെക്കുറിച്ചും കോളേജ് മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയെക്കുറിച്ചും പണക്കൊതിയെക്കുറിച്ചും രോഷപൂര്‍വ്വം നടത്താറുള്ള സ്ഥിരം ചര്‍ച്ച കൂടി കഴിഞ്ഞ ശേഷം സംഘം അടിയിലെത്തിയപ്പോള്‍, ബാലന്‍റെ മുറിയില്‍ നിന്നും വയലിന്‍ നാദം ഉയരുന്നതു കേട്ടു! ശ്ശെടാ, ഈ നേരത്ത് ഇവനിതു പതിവില്ലല്ലൊ, മുറിയില്‍ച്ചെന്ന് കതകുതട്ടിയപ്പോള്‍ തുറക്കാനൊരു താമസമുണ്ടായിരുന്നു. അകത്തു കേറിയപ്പോള്‍ തുറന്നു വെച്ച ഡയറിയുടെ താളില്‍ ഒരു കവിത കുറിച്ചിട്ടിരിക്കുന്നു. കവിത വായിച്ച യുവകവി പ്രേം അത്ഭുതത്തോടെ മൊഴിഞ്ഞു, "ഏ, അപ്പോ ഇവള്‍ മാധവിക്കുട്ടിയുടെ ആളാണോ?"

"അതേടാ, സൂപ്പര്‍ കവിത! കാമുകനെ കാത്തിരിക്കുന്ന കാമുകിയുടെ മനോവിചാരങ്ങളുടെ അത്യുഗ്രന്‍ ആവിഷ്കാരം! ഇത്ര മനോഹരമായ ഒരു കവിത അടുത്തൊന്നും ഞാന്‍ കണ്ടിട്ടില്ല. ചരണത്തിലെ ആ പ്രയോഗങ്ങളോക്കെക്കണ്ടോ? ഇങ്ങനെയൊക്കെ എഴുതാനവള്‍ക്കു കഴിയുമെന്ന് ഞാനൊരിക്കലും കരുതിയില്ല. അവളുടെ ഈ കവിതയെ എങ്ങനെ ഒന്നു അഭിനന്ദിക്കുമെന്നു കരുതിയപ്പോളാണ്‌ ഇങ്ങനൊരു ഐഡിയ തോന്നിയത്", ബാലന്‍ ആവേശത്തിന്‍റെ മുള്‍മുനയിലായിരുന്നു.

"എന്ത് ഐഡിയ?", സംഘത്തിന്‌ താല്‍പര്യമുണര്‍ന്നു.

"ഞാനിതിനു ട്യൂണ്‍ കൊടുക്കും, എന്നിട്ട് നാളെ അവളെ കേള്‍പ്പിക്കും, സ്വന്തം കവിതയ്ക്ക് മറ്റൊരാള്‍ ട്യൂണ്‍ കൊടുത്ത് അതു കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും ഒരു സന്തോഷമുണ്ടാകില്ലേ, യേത്?".

"ഓ, അപ്പോ ആ ട്യൂണ്‍ ജനിപ്പിച്ച സന്തോഷം വഴി നിനക്ക് മറ്റു പാതകള്‍ വെട്ടിത്തുറക്കാമെന്ന്... ഗൊള്ളാം, നല്ല ഐഡിയ", പ്രേമിന്‍റെ ഇടംകാലനടി പോസ്റ്റിന്‍റെ വലതുമൂലയിലേയ്ക്ക് പതിച്ചു. ബാലന്‍ ഒരു ഇളിഭ്യച്ചിരി ചിരിച്ചു.

കൂട്ടത്തില്‍ സംഗീതബോധമുള്ള ഒരെയൊരുവന്‍ ബാലനാണ്‌; കുറേക്കാലം ഒരു പാവം തിമിലയുടെ ഇരുകരണവും പുകച്ച കേ.പിയും ഇടയ്ക്ക് രാഗം, താളം, ബോധം എന്നൊക്കെപ്പറയാറുണ്ടെങ്കിലും. അതു കൊണ്ട് ബാലന്‍റെ ഈ ഉദ്യമത്തിന്‌ ആദ്യമേ തന്നെ കെ.പി. പിന്തുണ പ്രഖ്യാപിച്ചു. വഴിയേ എല്ലാവരും. അന്ന് അത്താഴത്തിന്‌ മുകളിലേക്ക് പോവുമ്പോഴും ബാലന്‍റെ മുറി തുറന്നിരുന്നില്ല. അകത്ത് വയലിന്‍ കരഞ്ഞു കൊണ്ടേ ഇരിക്കുന്നു. മുറിയില്‍ കയറാന്‍ പറ്റാതെ ബാലന്‍റെ സഹവാസി ദീപക് ഫ്ളാറ്റുകള്‍ തോറും അലഞ്ഞു നടക്കുന്നു. വാതിലില്‍ മുട്ടിയപ്പോള്‍ "ഞാന്‍ വന്നേക്കാം" എന്ന മറുപടി കിട്ടിയതു കൊണ്ട് സംഘം ജീവിതലക്‌ഷ്യം നിറവേറ്റാന്‍ മുകളിലേയ്ക്ക് നടന്നു. രാത്രി ഏറെ വൈകിയിട്ടും ബാലന്‍റെ വയലിന്‍ കരച്ചില്‍ തുടരുന്നുണ്ടായിരുന്നു.

പിറ്റേന്ന് അതിരാവിലെത്തന്നെ ബാലന്‍ ഉറക്കമുണര്‍ന്നു. എട്ടരയുടെ ബസ്സില്‍ വരുന്ന കാമുകിയെക്കാണാന്‍ ബദ്ധപ്പെട്ട് ഒരുങ്ങുന്നതിനിടെ ഞാന്‍ ബാലനെക്കണ്ടപ്പോള്‍ ഊക്കനൊരു ട്യൂണ്‍ കിട്ടിയതിന്‍റെ സര്‍വ്വലക്ഷണങ്ങളും ആ മുഖത്തു മിന്നിമായുന്നുണ്ടായിരുന്നു. കുളിച്ച് കുട്ടപ്പനായി നേരത്തേ ഒരുങ്ങി നില്‍പ്പാണ്‌ കക്ഷി. കൊള്ളാം.

"ഡാ, ഇന്നു നിന്നെ വെറുതെ വിട്ടിരിക്കുന്നു, നീ അവള്‍ടെ അടുത്ത് ട്യൂണ്‍ കേള്‍പ്പിക്കുമ്പൊ ശല്യപ്പെടുത്തേണ്ട എന്ന് സംഘം തീരുമാനിച്ചിട്ടുണ്ട്", ബാലന്‍റെ മുഖത്ത് ആശ്വാസത്തിന്‍റെ ചെമ്പരത്തിപ്പൂക്കള്‍ പൂത്തുലഞ്ഞു.

വൈകീട്ട് ബാലന്‍റെ ഉദ്യമത്തിന്‍റെ ഫലമറിയാനുള്ള തിടുക്കത്തിലായിരുന്നു എല്ലാരും. കോളേജില്‍ വെച്ച് അവന്‍റെ ഭാവത്തില്‍ പ്രത്യേകിച്ചൊരു മാറ്റം കണ്ടതായി തോന്നിയില്ല, ആരും അങ്ങനെയൊന്നും പറഞ്ഞതുമില്ല.

"ഇനിയിപ്പൊ അവള്‍ക്കത് കേള്‍പ്പിച്ചു കൊടുക്കാന്‍ അവസരം കിട്ടിക്കാണില്ലേ, അതോ അവളെങ്ങാനും 'ഇയാളുടെ കോപ്പിലെ ഒരു ട്യൂണ്‍, കൊണ്ട് പോടാ' എന്നെങ്ങാനും താങ്ങിയിരിക്കുമോ, ഏയ്... അവളൊരു മിണ്ടാപ്പൂച്ചയല്ലേ, അങ്ങനൊന്നും പറയത്തില്ല..." ആലന്‍ പിറുപിറുത്തുകൊണ്ടേ ഇരുന്നു.

നേരം സന്ധ്യയാവാറായപ്പോള്‍, ബാലന്‍ കയറി വന്നു. മുഖത്താകെ ഒരു തരം കരിഞ്ഞ ഭാവം, വിഷാദത്തിന്‍റെ നൂലാമാലകള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന ആ മുഖത്ത് നിരാശയുടെ ചിലന്തിക്കുഞ്ഞുക്കള്‍ ഓടിക്കളിക്കുന്നു. "ബാലാ, എന്തു പറ്റി? ട്യൂണ്‍ തന്ത്രം ഏറ്റില്ലേ?", എല്ലാവരും ആകാംക്ഷയോടെ ആ മുഖത്ത് കണ്ണും നട്ടിരിപ്പാണ്‌. പത്തുവര്‍ഷം പഴക്കമുള്ള പച്ച ജാന്‍സ്പോര്‍ട്ട് ബാഗ് കസേരയിലേയ്ക്ക് വലിച്ചറിഞ്ഞ് ബാലന്‍ എല്ലാവരെയും ഒന്നു നോക്കി. എന്നിട്ട് വിഷണ്ണഭാവത്തോടെ പറഞ്ഞു.

"ഉച്ചക്ക് അവളെ ഒതുക്കത്തിലൊന്നു കിട്ടിയപ്പോ ഞാന്‍ കരുതി ഇതു തന്നെ ടൈം എന്ന്. പക്ഷേ, ഞാനാകെ നെര്‍വസ്സ് ആയിരുന്നു. ഒരു തുടക്കം കിട്ടാന്‍ വേണ്ടി ആ കവിതയെ ഞാന്‍ കുറേ പൊക്കിപ്പറഞ്ഞു. അവള്‍ ചിരിച്ചു. എനിക്ക് ആവേശമായി. റൂട്ട് ഒന്നൂടൊന്നു ക്ളിയറാക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു, 'ഇയ്യാളാണ്‌ ഇതെഴുതിയതെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. സത്യം പറ, ഇതെങ്ങനെ ഒപ്പിച്ചു?' എന്ന് ..." ബാലന്‍ ഒന്നു നിര്‍ത്തി, നിരാശയുടെ മുകുളങ്ങള്‍ കുറേയെണ്ണം കൂടി ആ മുഖത്ത് മുളച്ച്, വിരിഞ്ഞ്, പൊഴിഞ്ഞു വീണു.

"അപ്പോ...?", സംഘത്തിന്‌ ആകാംക്ഷ സഹിക്കാനായില്ല.

"അവളുടെ മറുപടി എന്‍റെ ചങ്കിലാണ്‌ കൊണ്ടത്, 'അയ്യോ, അത് പുതിയ ഒരു സിനിമയിലെയാ, കണ്ണകി. വരികള്‍ക്കൊക്കെ നല്ല ഭാവം, കേള്‍ക്കാന്‍ നല്ല ഇമ്പമുള്ള ട്യൂണ്‍. എനിക്ക് വളരേ ഇഷ്ടായി, അതാ ഡയറിയില്‍ അത് എഴുതി വെച്ചേ...'"

ഒരു നിമിഷം അന്തം വിട്ടു നിന്ന സംഘത്തില്‍ നിന്നും മാലപ്പടക്കം പൊട്ടിയ കണക്കെ പൊട്ടിച്ചിരി ഉയര്‍ന്നു. തലേന്ന് മെസ്സില്‍ പകുതി ബാക്കി വെച്ച പഴംപൊരിയെയും, രാത്രി നഷ്ടപ്പെടുത്തിയ പൊറോട്ട-ചിക്കനെയും, ഉറക്കത്തെയും, അതിലുപരി, യുഗയുഗാന്തരങ്ങളോളം നില നിന്നേക്കാവുന്ന സംഘം വക പീഢകളേയും മനസ്സിലോര്‍ത്ത് സ്വയം പ്‌രാകിക്കൊണ്ട് ബാലന്‍ ദൂരെ തെങ്ങിന്‍തലപ്പുകള്‍ക്കു മുകളിലൂടെ മറയുന്ന പ്രത്യാശയുടെ പകല്‍വെളിച്ചത്തെ നോക്കിനിന്നു. അവന്‍റെ ഉള്ളില്‍, തലേന്നു രാത്രി മോഹനകല്യാണിയില്‍ താന്‍ ചിട്ടപ്പെടുത്തിയ ആ വരികള്‍ അപ്പോള്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.

"എന്നു വരും നീ... എന്നു വരും നീ...
എന്‍റെ കിനാപ്പന്തലില്‍...വെറുതേ...
എന്‍റെ കിനാപ്പന്തലില്‍..."

* * *
വാല്‍:
ബാലന്‍റെ കല്യാണം അടുത്ത മാസമാണ്‌. വധു ആരാണെന്നിനി പ്രത്യേകം പറയണ്ടല്ലോ, ല്ലേ? ;)

Monday, 7 July 2008

പെരുമഴക്കാലം

മഴ അതിശക്തിയായി പെയ്തുകൊണ്ടിരിക്കുകയായിരുന്നു. കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡിനെ തോടാക്കിക്കൊണ്ട് വെള്ളച്ചാലുകള്‍ കുത്തിപ്പാഞ്ഞൊഴുകുന്നു. ഇടയ്ക്ക് വീശുന്ന ശക്തിയായ കാറ്റിലുലഞ്ഞ് കാവടിയാടുന്ന മാവുകളും ഇടയ്ക്കിടെ വീഴുന്ന ഓലപ്പട്ടകളുടെ ശബ്ദവും ഇരുണ്ട മാനത്ത് പെരുമ്പറ കൊട്ടുന്ന ഇടിമുഴക്കവുമൊക്കെച്ചേര്‍ന്ന് പ്രകൃതി അതിന്‍റെ വശ്യതയാര്‍ന്ന ഒരു ദൃശ്യാവിഷ്കാരം അവിടെ മാളിയേക്കല്‍ ഹോസ്റ്റലിനു പുറത്ത് നടമാടിക്കൊണ്ടിരിക്കുന്നു.

എത്ര കണ്ടാലും മതിവരാത്തതെന്തെന്നു ചോദിച്ചാല്‍, ആനയെയും കടലിനെയും കൂടാതെ മഴ എന്നു കൂടി ഒരു ഉത്തരം എന്നും മനസ്സിലുണ്ടായിരുന്നു. പുറത്ത് മഴ തകൃതിയായി പെയ്യുമ്പോള്‍, ശരീരത്തെ ചൂഴ്ന്നു കയറാന്‍ ശ്രമിക്കുന്ന തണുപ്പിന്‍റെ സൂചിക്കുത്തുകളെ വക വെക്കാതെ ഒരു ബര്‍മുഡയോ മുണ്ടോ മാത്രം ധരിച്ച്, വരാന്തയില്‍ "F6-ന്‍റെ സ്വന്തം കസേര" എന്നെഴുതിയ പ്ളാസ്റ്റിക് കസേരയും വലിച്ചിട്ട്, കാലു രണ്ടും പാരപെറ്റില്‍ വെച്ച് ചടഞ്ഞു കൂടിയിരിക്കുകയെന്നത് ഹോസ്റ്റല്‍ജീവിതത്തിലെ ഏറ്റവും നനുത്ത സുഖങ്ങളിലൊന്നായിരുന്നു. ടാര്‍ ചെയ്യാത്ത റോഡിലൂടെ പാഞ്ഞു പോകുന്ന "ന്യൂ ഇന്‍ഡ്യ"യും "ഫിഫാ പാലസു"മെല്ലാം ചേര്‍ന്ന് ചെമ്മണ്ണു പുതപ്പിച്ച് മൂടിവെക്കുന്ന തങ്ങളുടെ സൌന്ദര്യം, മഴവെള്ളം ഒഴുകിയിറങ്ങുന്നതോടെ പുറത്ത് വന്നു തുടങ്ങുമ്പോള്‍, വഴിവക്കിലെയും മറ്റും ശീമക്കൊന്നകളും, കശുമാവുകളും, തെങ്ങുകളുമെല്ലാം ആഹ്ളാദത്തില്‍ മതിമറന്ന് നീരാടാന്‍ തുടങ്ങും. പുറമെയുള്ള ചെമപ്പുനിറം മാഞ്ഞുപോയിത്തുടങ്ങുന്നതോടെ പച്ചപ്പിന്‍റെ സൌന്ദര്യമെന്തെന്ന് വിളിച്ചോതിക്കൊണ്ട് അവ ഊര്‍ജ്ജസ്വലതയോടെ ആടിയുലയും.

വിരിഞ്ഞാടുന്ന തെങ്ങിന്‍തലപ്പുകളുടെ കരിംപച്ചയും, അവയ്ക്കു പുറകില്‍, സൂര്യനെ മൂടിവെച്ച് സമയബോധത്തെ ദിശതെറ്റിക്കുന്ന ഇരുണ്ട മേഘങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ആകാശവും ചേര്‍ന്നു സൃഷ്ടിച്ചിരുന്ന ആ നിഗൂഢസൌന്ദര്യം എത്ര കണ്ടാലും മതിവരാത്ത ഒരു വിസ്മയമായിരുന്നു. മഴ കനത്തു തുടങ്ങുമ്പോള്‍, മുന്‍വശത്തെ പാടം വെള്ളം കൊണ്ട് നിറയും. പുഴയിലെ ചെറുദ്വീപുകളെന്ന വണ്ണം, ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന വരമ്പുകളില്‍ നട്ടിട്ടുള്ള തെങ്ങുകളും അവയുടെ പുറത്തുകാണുന്ന വേരുകള്‍ തീര്‍ക്കുന്ന പൊല്ലകളും മാത്രം അപ്പോള്‍ ആ പാടത്ത് പൊന്തി നില്‍ക്കുന്നതു കാണാം. പാടം നിറഞ്ഞൊഴുകുന്ന വെള്ളം മുന്‍വശത്തെ റോഡിനെ പുണര്‍ന്നു കൊണ്ട് ഹോസ്റ്റലിന്‍റെ പടിവാതില്‍ വരെ കയറി വരും. എന്നാല്‍ ഉയര്‍ന്നു നില്‍ക്കുന്ന വളപ്പിലേയ്ക്ക് കയറാന്‍ കഴിയാതെ വെള്ളച്ചാലുകള്‍ നിരാശയോടെ പിന്‍വാങ്ങുന്നതും വീണ്ടും അതിനായി ശ്രമിക്കുന്നതും കൌതുകമുണര്‍ത്തുന്ന ഒരു കാഴ്ചയായിരുന്നു.

മഴയുടെ ഹുങ്കാരം കൂടിവരുന്നതിനൊപ്പം ഹോസ്റ്റലില്‍ ആവേശത്തിന്‍റെ അലയടികളും ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. ഓരോരുത്തരായി പുറത്തേയ്ക്കു വന്ന് തോളില്‍ കയ്യിട്ട് നിരനിരയായി നിന്ന് മഴത്തുള്ളികളെ കയ്യിലെടുത്ത് അമ്മാനമാടി നോക്കുന്നുണ്ട്. ഒരു കയ്യില്‍ സോമര്‍വില്ലിയെയും താങ്ങിപ്പിടിച്ച് പുറത്തേക്ക് വന്ന നിഖില്‍ തന്‍റെ സ്വതസിദ്ധവും നിഷ്കളങ്കവുമായ മുറി-മലയാളത്തില്‍ മഴയെപ്പറ്റി എന്തോ ആവേശത്തോടെ പറയുന്നുണ്ട്. വരാന്തയുടെ അങ്ങേയറ്റത്ത് മടിയിലിരിക്കുന്ന "ജാവ അണ്‍ലീഷ്ഡ്"-നെ മുണ്ടു കൊണ്ട് മഴ നനയാതെ മൂടിവെച്ച്, പുട്ട് മാനം നോക്കിയിരിക്കുന്നു. അവിടെ F4-യില്‍ പിന്‍റോയുടെ കൂക്കുവിളി കേള്‍ക്കുന്നുണ്ട്. അടിയില്‍, കാടനെ ആരൊക്കെയോ ചേര്‍ന്ന് ചൊറിയുന്നുണ്ടെന്നു തോന്നുന്നു. ഇപ്പൊ തെറിവിളി കേള്‍ക്കാം.

ഈ ആലന്‍ ഇതു വരെ എണീറ്റില്ലേ?

"എടാ ആലാ.. മ*$&%#..." ...

"എന്താടാ %^$#$%"...

"ഇവടെ വാടാ.."

F5-ന്‍റെ കവാടത്തില്‍ പുള്ളിനിക്കറിട്ട ആലന്‍റെ ദിവ്യരൂപം തെളിഞ്ഞു വന്നു. ഉറക്കം നഷ്ടപ്പെട്ട അവന്‍റെ പകുതിയടഞ്ഞ കണ്ണുകളില്‍ കളിപ്പാട്ടം കളഞ്ഞു പോയ ഒരു കുഞ്ഞിന്‍റെ ദൈന്യതയായിരുന്നു. പ്രേം അവനെ വലിച്ചു കൊണ്ട് വന്ന് കസേരയിലിരുത്തി.

"നീ മഴ കണ്ടില്ലേ?"

ആലന്‍ എന്നെ രൂക്ഷമായൊന്നു നോക്കി. ഇതു പറയാനാണോ പുന്നാരമോനേ നീ എന്നെ വിളിച്ചു വരുത്തിയതെന്ന ഭാവത്തില്‍. ഞാനതു കണ്ടില്ലെന്നു നടിച്ചു. ആലനെ ചൊറിയുക എന്നത് പണ്ടും ഒരു വിനോദമായിരുന്നല്ലോ.

തോരാനൊരു ഭാവവുമില്ലാതെ പെയ്തു കൊണ്ടിരിക്കുന്ന മഴയെ നോക്കിയിരുന്ന ആലന്‍റെ ഭാവം പതിയെ മാറുന്നുണ്ടായിരുന്നു. അലസതയില്‍ തുടങ്ങി, ആശങ്കയുടെ സങ്കീര്‍ണ്ണമായ മേഖലകളിലൂടെ സഞ്ചരിച്ച്, നിസ്സംഗതയുടെ ഒരു പ്രത്യേക അവസ്ഥയിലെത്തി ആ ഭാവമാറ്റം അവസാനിച്ചു.

ഇടയ്ക്കിടെ ആഞ്ഞടിക്കുന്ന കാറ്റില്‍ "ശീതന്‍" മുഖത്ത് തട്ടിയുടയുന്നുണ്ടായിരുനു. പക്ഷേ, തുടച്ചുകളയാന്‍‍ മനസ്സു വരുന്നില്ല. മുഖത്ത് കൂടിനില്‍ക്കുന്ന വെള്ളത്തുള്ളികളെല്ലാം ചേര്‍ന്ന് ഇരുപുരികങ്ങള്‍ക്കുമിടയിലൂടെ ഒരു നീര്‍ച്ചാലായി രൂപം കൊണ്ട്, മുഖത്തുകൂടെ ഒഴുകി ചുണ്ടിലെത്തിച്ചേരുമ്പോള്‍, ശുദ്ധമായ മഴവെള്ളത്തിന്‍റെ നനുത്ത സ്വാദ് ബോധമണ്ഡലത്തെ തൊട്ടുണര്‍ത്തുന്നത് വല്ലാത്തൊരു സുഖമായിരുന്നു.

മഴയത്ത് കുടയുമെടുത്ത്, നനഞ്ഞു കൊണ്ട് പുറത്തേയ്ക്ക് പോയവരാരോ അടിയിലെത്തി വിളിച്ചു പറഞ്ഞു. "കുറ്റിക്കാട്ടൂരാകെ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. റോഡില്‍ അരപ്പൊക്കത്തില്‍ വെള്ളം നിറഞ്ഞിരിക്കുന്നു."

രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ദൂരെയെവിടെയോ ഏതോ ബണ്ട് പൊട്ടിയിട്ടുണ്ട്. അതാണത്രെ കുറ്റിക്കാട്ടൂരില്‍ വെള്ളംകയറാന്‍ കാരണം. ഏതായാലുമൊന്നു പോയി നോക്കാന്‍ നിശ്ചയിച്ച് ആലനേം കുത്തിപ്പൊക്കി പുറത്തേക്കിറങ്ങി. മഴയ്ക്കൊരു കുറവുമില്ല. എന്നാലും മനുഷ്യന്‍റെ കൌതുകത്തെ തടയാന്‍ കഴിവില്ലാത്ത മഴയെ ഗൌനിക്കാതെ പുറത്തിറങ്ങിയപ്പോള്‍, റോഡിലൂടെ മുണ്ടും പോക്കിപ്പിടിച്ച് കാലുകള്‍ വലിച്ചു വലിച്ച് നടന്നു നീങ്ങുന്ന കുറേപ്പേരെ കണ്ടു. അവരുടെ പാത പിന്തുടര്‍ന്ന് നീങ്ങുമ്പോള്‍ ലേശം പേടിയും ഉള്ളിലുണ്ടായിരുന്നു. റോഡിന്‍റെ വശത്തുള്ള പാടത്തൊക്കെ പാമ്പിനേം കീരിയെയുമൊക്കെ കാണുന്നത് സര്‍വ്വസാധാരണമായ സമയത്ത്, അരയ്ക്കു കീഴെ "എക്സ്പോസ്ഡ്" ആയി ഇങ്ങനെ വെള്ളത്തില്‍ നീങ്ങുന്നത് അത്ര പന്തിയല്ല. പ്രത്യേകിച്ച് അവയുടെ ആവാസസ്ഥാനങ്ങളാകെ മഴ തകര്‍ത്തിരിക്കുന്ന അവസ്ഥയില്‍. എന്തായാലും അതൊന്നും ഇപ്പൊ ഓര്‍ക്കാത്തിരിക്കുന്നതാണ്‌ നല്ലതെന്നു തോന്നി.

കുറ്റിക്കാട്ടൂരെത്തിയപ്പോള്‍ കണ്ട കാഴ്ച വല്ലാത്തതായിരുന്നു. ടൌണാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. മൂന്നും നാലും തവണ മണ്ണിട്ടുയര്‍ത്തി ടാര്‍ ചെയ്ത മാവൂര്‍റോഡിന്‍റെ തരി പോലും പുറത്തു കാണാനില്ല. കടകളൊന്നും തുറന്നിട്ടില്ല, തുറന്നിട്ട് കാര്യവുമില്ലെന്നു തോന്നുന്നു, സാധനങ്ങളൊക്കെ വെള്ളം കയറി നശിച്ചു കാണണം. ഒന്നു രണ്ട് കടകളൊക്കെ തുറന്നിട്ടുണ്ട്. നശിച്ചുപോയ സാധനങ്ങള്‍ നോക്കി നിരാശയോടെ നില്‍ക്കുന്ന കടക്കാരെക്കണ്ടപ്പോള്‍ വിഷമം തോന്നാതിരുന്നില്ല. സെന്‍ററിനടുത്ത് കുടില്‍കെട്ടി താമസിച്ചിരുന്ന തമിഴന്മാരുടെ കൂരകള്‍ മുഴുവനും വെള്ളത്തില്‍ നാശമായിപ്പോയിരിക്കുന്നു. അവിടെ കളക്ടറോ മറ്റോ വന്നിട്ടുണ്ടെന്നോ നാശനഷ്ടങ്ങളുടെ കണക്കെടുക്കുകയാണെന്നോ ഒക്കെ പറയുന്നതു കേട്ടു.കുറച്ചു നേരം അവിടെ ചുറ്റിയ ശേഷം തിരിച്ചു ഹോസ്റ്റലിലേയ്ക്ക് പോന്നു. അപ്പോഴേയ്ക്കും മഴ കൊണ്ട് ദേഹമാസകലം നനഞ്ഞു കുതിര്‍ന്നിരുന്നു. ഒട്ടിയിരിക്കുന്ന ഷര്‍ട്ടില്‍ വീണ്ടും മഴവെള്ളം വീഴുമ്പോഴുണ്ടാകുന്ന സുഖമുള്ള ആ അസ്വസ്ഥതയെ ആസ്വദിച്ചു കൊണ്ട് തിരിച്ച് പോരവേ മഴയുടെ ശക്തി കുറഞ്ഞു വരുന്നതായി തോന്നി.

വൈകുന്നേരമായപ്പോഴേക്കും മഴ ശമിച്ചു. രൌദ്രഭാവത്തില്‍ ആടിയുറഞ്ഞ് താണ്ഡവമാടിയ വൃക്ഷങ്ങള്‍ ശാന്തമായി നില കൊണ്ടു. ഒടിഞ്ഞു വീണ മരക്കൊമ്പുകളും ഓലപ്പട്ടകളും കടപ്ളാവിന്‍റെ വലിയ ഇലകളും ചേര്‍ന്ന് ചുറ്റുപാടുമുള്ള തൊടികള്‍ക്ക് അപൂര്‍വ്വമായ ഒരു ഭീകരതയും അപരിചിതത്വവും സൃഷ്ടിച്ചു. കാറ്റില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്ന ചില കശുമാവുകള്‍ ചെരിഞ്ഞ് നിലംപറ്റാറായി നില്‍പ്പുണ്ട്. ശീമക്കൊന്നകളുടെയും മറ്റു ചെറുമരങ്ങളുടെയും കൊമ്പുകള്‍ക്ക് കാറ്റിന്‍റെ സംഹാരശക്തിയില്‍ കാര്യമായ രൂപമാറ്റം സംഭവിച്ചിരിക്കുന്നു. നനഞ്ഞുകുതിര്‍ന്ന ചിറകുകള്‍ കുടഞ്ഞുണക്കിക്കൊണ്ട് കാക്കകളും ചെമ്പോത്തുകളും മരക്കൊമ്പുകളില്‍ ചേക്കേറിക്കഴിഞ്ഞു.

പൊഴിഞ്ഞു വീണ ഇലകള്‍ക്കിടയില്‍ നിന്നും മാങ്ങകള്‍ പെറുക്കാന്‍ ഓടി നടക്കുന്ന കുട്ടികളെ ജനലിലൂടെ നോക്കിക്കൊണ്ട് വസ്ത്രം മാറുമ്പോളാണ്‌ രണ്ടുമൂന്നു ദിവസത്തേയ്ക്ക് ക്ളാസ്സുണ്ടാവില്ലെന്ന അപ്ഡേറ്റുമായി പ്രേം വന്നത്. "നന്നായി, ഈ ക്ളൈമറ്റില്‍ ക്ളാസ്സിലിരിക്കുന്നതിലും സുഖം ഈ വരാന്ത തന്നെയാസ്റ്റാ.." എന്ന് ഉരുവിട്ട്, കുളിമുറിയില്‍ക്കേറി തണുത്തുറഞ്ഞ വെള്ളത്തില്‍ ഞാനൊരു നീണ്ട ഒരു കുളി പാസ്സാക്കി.

അത്താഴത്തിനു ശേഷം, കിടക്ക വിരിച്ച് തലചായ്ച്ചപ്പോള്‍, പുറത്ത് വീണ്ടും മഴ ചാറുന്നതിന്‍റെ ലക്ഷണങ്ങള്‍ കേട്ടു തുടങ്ങി. "ഇതൊരു നടയ്ക്ക് പോവുന്ന ലക്ഷണമില്ലാ..." എന്ന് പിറുപിറുത്ത് പ്രേം പുതപ്പിനടിയിലേയ്ക്ക് പിന്‍വാങ്ങിയതും, ശക്തിയായ ഒരു ഇടിമുഴക്കത്തോടെ മഴ കോരിച്ചൊരിഞ്ഞതും ഒന്നിച്ചായിരുന്നു. ആദ്യമൊന്നു മടിച്ചെങ്കിലും ഇരുട്ടില്‍ നിന്ന് മഴയുടെ നാദത്തെ മാത്രം ശ്രവിച്ചു കൊണ്ടിരിക്കുമ്പോഴുള്ള ആ സുഖത്തെ ഓര്‍ത്ത് ഒരു ബര്‍മുഡയും വലിച്ചു കേറ്റി വരാന്തയിലെത്തിയപ്പോള്‍, മങ്ങിയ വെളിച്ചത്തില്‍, അട്ടറവെള്ളത്തിന്‍റെ ശബ്ദത്തെ കാതോര്‍ത്ത്, ട്രേഡ്മാര്‍ക്ക് നിസ്സംഗതയോടെ, പുറത്തേയ്ക്കും നോക്കിക്കൊണ്ട് ആലന്‍ അവിടെ ഇരിപ്പുണ്ടായിരുന്നു.