Thursday, 26 June 2008

റോക്ക് ഷോക്ക്

ഏഴാംക്ളാസ്സില്‍ പഠിക്കുമ്പോഴായിരുന്നു എന്‍റെ സൈക്കിള്‍ മോഹം പതിന്മടങ്ങു വര്‍ധിച്ചത്. ഭക്ഷണം പോലും ബഹിഷ്കരിച്ച് ഒരു സൈക്കിളിനു വേണ്ടി സമരം ചെയ്യാനെന്നെ പ്രേരിപ്പിച്ച കാലഘട്ടം. സഹോദരലോബിയില്‍ എല്ലാര്‍ക്കും സൈക്കിളായിരിക്കുന്നു, ഹീറോ റേഞ്ചര്‍, അന്നത്തെ മോസ്റ്റ് മോഡേണ്‍ പുലി വണ്ടി രണ്ടെണ്ണം, പിന്നെ സ്ട്രീറ്റ് കാറ്റ്. അങ്ങനെ ആ ടീമില്‍ ഇപ്പൊ വണ്ടി മൂന്നെണ്ണമായി, അതു പോട്ടെ, മൂത്തവരല്ലേ, സഹിക്കാന്നു വെക്കാം. ഇതിപ്പൊ നമ്മുടെ സോള്‍ ഗെഡി ശ്രീജിത്തിനു അവന്‍റെ അച്ഛന്‍ വാങ്ങിക്കൊടുത്തിരിക്കുന്നു, പുത്തന്‍ പുതിയ മോഡല്‍ ഒരു ഹെര്‍ക്കുലീസ് MTB. oversized 9000 എന്ന് നെഞ്ചത്തെഴുതിയ ഒരു ചൊങ്കന്‍ സാധനം. എനിക്കും കൊതിയായി, മോഹമായി, സൈക്കിള്‍ മോഹം സിരകളില്‍ പടര്‍ന്നു കേറി. അതു മാതാപിതാക്കളുടെ ചെവിയില്‍ മൂട്ട പോയ അവസ്ഥയിലേക്കവരെ തള്ളിയിടുന്ന അവസ്ഥയിലേക്കെത്തിച്ചു. ഒടുവില്‍, ആ മാസത്തെ ശമ്പളത്തില്‍ നിന്നും മകന്‍റെ ആഗ്രഹനിവൃത്തിക്കായി ഒരു ഭീമന്‍ ഷെയര്‍ നീക്കി വെക്കാന്‍ എന്‍റെ പ്രിയപ്പെട്ട അച്ഛന്‍ നിര്‍ബന്ധിതനായി...

ഒടുവിലൊരു ശനിയാഴ്ച ദിവസം രാവിലെ, അച്ഛന്‍റെ കയ്യില്‍ത്തൂങ്ങി ഞാന്‍ സൈക്കിളു വാങ്ങാന്‍ പുറപ്പെട്ടു, ലോകം കീഴടക്കാന്‍ പോകുന്നവന്‍റെ സന്തോഷമായിരുന്നു അന്നെനിക്ക്. പുതിയ സൈക്കിളും ചവിട്ടി വരുമ്പൊ എല്ലാരും എന്നെ അത്ഭുതത്തോടേ നോക്കുന്നതും, പുത്തന്‍ സൈക്കിളില്‍ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുന്നതും ശ്രീമോളേയും മുന്നിലിരുത്തി സ്കൂളില്‍ പോവുന്നതുമെല്ലാം സ്വപ്നം കണ്ട് ഞാനിങ്ങനെ യാത്ര തുടര്‍ന്നു.

ശ്രീജിത്ത് വാങ്ങിയ ഹെര്‍ക്കുലീസിന്‍റെ അതേ മോഡല്‍ തന്നെ വേണമെന്നായിരുന്നു എന്‍റെ ആവശ്യം. അന്നാണെങ്കില്‍ എടമുട്ടത്തൊന്നും അത്തരം സൈക്കിളു കിട്ടില്ല, ഓണ്‍ലി ഹീറോ ജെറ്റ്. അതു കൊണ്ട് മൂന്നുപീടികയിലേക്ക് പോവാന്‍ നിശ്ചയിച്ചു, അച്ഛന്‍റെ പരിചയക്കാരനായിരുന്ന സൈക്കിള്‍ഷോപ്പിലെ വല്‍സേട്ടനേം കൂടെ കൂട്ടി. മൂന്നുപീടികയിലെ സൈക്കിള്‍ എമ്പോറിയത്തില്‍ (അതാണു് രസം‌, കട വലുതാവുമ്പൊ പേരും മാറും, കഴിമ്പ്രത്ത് വെറും സൈക്കിള്‍ ഷാപ്പ്, എടമുട്ടത്ത് അതു പരിഷ്കരിച്ച് സൈക്കിള്‍ വര്‍ക്സ്, ഇവിടെയിതാ സൈക്കിള്‍ എമ്പോറിയം!!) അവിടെ ചെന്നപ്പോള്‍ സാധനം അവിടെ ഉണ്ട്. അതാ കാര്‍ഡ്ബോര്‍ഡ് കൊണ്ട് ശരീരം മറച്ച് വെച്ച് എന്നെ നോക്കി കള്ളച്ചിരി പൊഴിച്ചു കൊണ്ട് നില്‍ക്കുന്നു എന്‍റേതാവാന്‍ പോവുന്ന ഹെര്‍ക്കുലീസ് കുട്ടന്‍, oversaized 9000.... ജബ ജബാ...

അച്ഛാ, ദേ ഇത്...ഇതാണെന്‍റെ വണ്ടി എന്നു പറയാന്‍ തിരിഞ്ഞപ്പോള്‍ അച്ഛനവിടെ കടക്കാരനുമായി ചര്‍ച്ച നടത്തുന്നു. ശ്ശൊ, ഈ അച്ഛന്‍റെ ഒരു കാര്യം, ഇനി അവിടെ ഉള്ള സകല സൈക്കിളിന്‍റേം കംപ്ളീറ്റ് ഹിസ്റ്ററി ചോദിച്ചറിഞ്ഞിട്ടേ ഇന്നൊരു തീരുമാനത്തിലെത്തുള്ളൂ. അവിടെയാണെങ്കില്‍ നാനാവിധത്തിലുള്ള സൈക്കിളുകളുണ്ട്. ഇപ്പൊഴൊന്നും എന്‍റെ ഓവര്‍സൈസ്ഡ് കുട്ടനെ എനിക്ക് ചവിട്ടി നോക്കാന്‍ പറ്റുമെന്ന് തോന്നണില്ല. അതു കൊണ്ട് ഞാനിങ്ങനെ എന്‍റെ ഭാവിരഥത്തെ തൊട്ടും തലോടിയും അതിനെ പ്രദക്ഷിണം വെച്ചു കൊണ്ടേ ഇരുന്നു.

കുറേ നേരത്തെ ചര്‍ച്ചകള്‍ക്കു ശേഷം അച്ഛനും കടക്കാരനും കൂടെ സൈക്കിളുകളുടെ ഇടയിലേക്ക് വന്നു. "ആ, നീയിവിടെ നിക്ക്‌ണ്ണ്ടായിര്ന്നാ? ഏതാ വേണ്ടേന്നാ പറഞ്ഞേ?" അച്ഛന്‍ വളരെ സഹൃദയത്വത്തോടെ എന്നോടു ചോദിച്ചു. "ദേ..ദിദ്", 9000-ത്തിനെ ചൂണ്ടി ഞാന്‍ അനുസരണയോടെ പറഞ്ഞു. അച്ഛനൊന്നു അതിനെ നോക്കി, എന്നിട്ട് കടക്കാരനോട് ചോദിച്ചു, "ഇതിനു മറ്റേ സംഭവം കാണുന്നില്ലല്ലൊ?". ങേ, എന്തു സംഭവം, വല്യേ കാരിയറോ സീറ്റോ, അതൊ പഴയ മോഡലിന്‍റേതു പോലെയുള്ള ഹാന്ഡിലോ, ഡൈനാമോയോ, എന്താണീ അച്ഛന്‍ ഉദ്ദേശിക്കണതാവോ... അയ്യോ..അച്ഛാ, ഇതാണെന്‍റെ സ്വപ്നവണ്ടി..ഇതു മതി, ഞാന്‍ ഞീളാനുള്ള സംരഭങ്ങള്‍ സ്വരുക്കൂട്ടാന്‍ തുടങ്ങിയപ്പോഴാണ്‌ കടക്കാരന്‍റെ മറുപടി വരുന്നത്.

"അത് ഈ മോഡലിനില്ല മാഷേ, അത് ലേറ്റസ്റ്റല്ലേ, ദേ, ഈ മോഡലിനാണത് ഒള്ളേ..".

ഞാന്‍ കണ്ണു മിഴിച്ച് നോക്കുമ്പോളതാ ഒരു വെടിക്കെട്ട് സൈക്കിളവിടെ ഇരിക്കുന്നു. "ഷോക്ക് അബ്സോര്‍ബര്‍" എന്ന ഷോക്കപ്പ് ഉള്ള വണ്ടി..!!!!!!! ഹെര്‍ക്കുലീസിന്‍റെ തന്നെ "ടെറേന്‍ റ്റേമെര്‍" എന്ന വണ്ടി. "റോക്ക് ഷോക്" എന്ന് തണ്ടിലെഴുതിയിട്ടുള്ള വണ്ടി, അന്നാട്ടില്‍ സ്കൂള്‍ ലീഡര്‍ സ്വരാജിനു മാത്രം സ്വന്തമായുള്ള വണ്ടി...!!! എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. അച്ഛന്‍ സത്യമായിട്ടും ഇതെനിക്ക് വാങ്ങിത്തരാന്‍ പൂവ്വാണോ, അച്ഛാ, ഞാനൊരു പിഞ്ചുബാലനാണ്‌, എന്നെ വെറുതെ കൊതിപ്പിക്കരുത്, വിശന്നുറങ്ങുന്നവനെ വിളിച്ചെണീപ്പിച്ച് ഇലയിട്ടിട്ട് ഗ്യാസിന്‌ വില കൂടിയതു കൊണ്ട് ചോറില്ലെന്നു പറഞ്ഞു പറ്റിക്കരുത്... പക്ഷേ, അച്ഛനൊരു ഭാവമാറ്റവുമില്ല, എന്‍റെ 9000-ഇനെ ഒന്നു നോക്കുക പോലും ചെയ്യാതെ സിമ്പിളായി റോക്ക് ഷോക്കിനടുത്തേക്ക് പോയി.

"ഇത് പോരേടാ? ഇതല്ലേ കൊറച്ചുംകൂടി നല്ലത്?", എന്നൊരൊറ്റ ചോദ്യമാണ്‌ അച്ഛന്‍ !!!

"യീഹാ...!!!!!!" ജമ്പന്‍റെ ചാട്ടം പോലെ ഒരു ചാട്ടമായിരുന്നു എന്‍റെ പ്രതികരണം. എന്‍റെ തുള്ളല്‍ കണ്ട് കടക്കാരനും വല്‍സേട്ടനുമുള്‍പ്പെടെ അവിടെ ഉണ്ടായിരുന്നവര്‍ മുഴുവന്‍ പൊട്ടിച്ചിരിച്ചു. എനിക്കാണെങ്കില്‍ സന്തോഷം കൊണ്ട് കണ്ണു കാണുന്നില്ല. എന്‍റെ ഏറ്റവും വന്യമായ സൈക്കിള്‍ സ്വപ്നങ്ങളില്‍ പോലും ഞാനിതു പ്രതീക്ഷിച്ചതല്ല. ഷോക്കപ്പുള്ള സൈക്കിളുമായി സ്കൂളിലേക്ക് പോവുന്ന എന്നെക്കുറിച്ചാലോചിച്ച് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കണില്ല...!!!

ഒടുവില്‍ ബില്‍ സെറ്റില്‍മെന്‍റും സൈക്കിളിന്‍റെ അല്ലറ ചില്ലറ ഫിറ്റിംഗ്സുമെലാം കഴിഞ്ഞ് ഹെര്‍ക്കുലിമോന്‍ ഡെലിവെറിക്ക് തയ്യാറായി. മൂന്നുപീടിക മുതല്‍ കഴിമ്പ്രം വരെ ചവിട്ടി വന്നാല്‍ എന്‍റെ ഇളംപെടലിക്ക് പിന്നെ ഒരു വാഴപ്പിണ്ടിയുടെ യൂസ് പോലുമുണ്ടാവില്ലറിയാവുന്ന അച്ഛന്‍, അതു കൊണ്ട് സൈക്കി്‌ള്‍ വീട്ടിലെത്തിച്ചോളാം എന്ന് പറഞ്ഞ് എന്നെ വല്‍സേട്ടന്‍റെ കൂടെ ബസില്‍ പറഞ്ഞയച്ചു. ബസ്സ് സൈക്കിള്‍ കടയെ പാസ്സ് ചെയ്യുമ്പോളും ഞാനെന്‍റെ റോക്ക് ഷോക്കിന്‍റെ മേല്‍ നിന്ന് കണ്ണെടുത്തില്ല. "എന്നാലും അതിനെ കിട്ടിയപ്പൊ കഴിഞ്ഞ രണ്ടു മൂന്നു മാസം മുഴേനും മനസ്സില്‍ക്കൊണ്ടു നടന്ന എന്നെ നീ മറന്നില്ലേടാ ഡാഷേ" എന്ന മട്ടില്‍ അവിടെ കണ്ണീര്‍ വാര്‍ത്തു നിന്ന ഓവര്‍സൈസ്ഡ് പാവത്തിനെ ഞാന്‍ കണ്ടില്ലെന്നു നടിച്ചു,അല്ലെങ്കിലും അതിനൊരു ഗുമ്മില്ല എന്നെനിക്ക് അപ്പോള്‍ ആദ്യമായി തോന്നി.

ജീവിതത്തിലെ ഏറ്റവും കഷ്ടപ്പെട്ട് തള്ളിനീക്കിയ സമയങ്ങളിലൊന്നായിരുന്നു ആ ബസ്സ് യാത്ര. മൂന്നുപീടികയും എടമുട്ടവും തമ്മിലുള്ള തുച്ഛമായ കിലോമീറ്ററുകള്‍ എനിക്ക് കിലോമീറ്റേഴ്സ് ആന്‍റ്‌ കിലോമീറ്റേഴ്സ് ആയി തോന്നി. ബസ്സിനു സ്പീഡ് പോര. ഛായ്!! അച്ഛന്‍റെ കൂടെ സൈക്കിളിന്‍റെ പിന്നില്‍ക്കേറി വന്നാ മത്യായിരുന്നു. ഒടുവില്‍ എടമുട്ടത്തു ചെന്ന് വീണ്ടും കുറേ നേരം കാത്തു നിന്ന ശേഷം അച്ഛന്‍ വന്നെത്തി. അച്ഛന്‍റെ പുറകിലിരുന്ന് കഴിമ്പ്രം വരെ യാത്ര. അവിടെ ചെന്ന് വീടിനു മുന്നിലെ ഇടവഴിയിലൂടെ ആദ്യമായി ആ സൈക്കിള്‍ ചവിട്ടിയപ്പോഴുണ്ടായ ആനന്ദം..!!! അന്നേ വരെ ജീവിതത്തിലുണ്ടായ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അത്. ഞായറാഴ്ച തള്ളിനീക്കാന്‍ എനിക്ക് കുറേ പാടു പെടേണ്ടി വന്നു. ഒടുവില്‍ തിങ്കളാഴ്ച സൈക്കിളില്‍ ശ്രീമോളേയും മുന്നിലിരുത്തി സ്കൂളിലേക്ക് പോയ യാത്ര ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു..

എല്ലാ ദിവസവും രാവിലെ ഹെര്‍ക്കുലിമോനെ ഞാന്‍ തേച്ചു കുളിപ്പിച്ചു, ജോയിന്‍റുകളില്‍ എണ്ണയിട്ടു കൊടുത്തു. റിമ്മിലും മഡ്ഗാഡിലും പോരാഞ്ഞ്, ടയറിന്‍റെ അരികില്‍ വരെ തിളക്കം കൂട്ടാന്‍ വെളിച്ചെണ്ണയിട്ട് തുടച്ചു. പിന്നീട് ഞാനും ഹെര്‍ക്കുലിയും നടത്തിയ ഒരു പാട് സഞ്ചാരങ്ങള്‍, കൊടും മഴയത്ത് വാവയും ഞാനും കൂടെ നടത്തിയ സാഹസികയാത്രകള്‍, തോട്ടിലൂടെയും പറമ്പിലൂടെയുമെല്ലാം നടത്തിയ പര്യവേക്ഷണങ്ങള്‍, ബീച്ചിലൂടെ തിരമാലകള്‍ക്കിടയിലൂടെ പാഞ്ഞു കളിച്ച ദിവസങ്ങള്‍, സഹോദരലോബിക്കൊപ്പം നടത്തിയ കഴിമ്പ്രം-നാട്ടിക, കഴിമ്പ്രം-പെരിഞ്ഞനം ബീച്ച് ട്രിപ്പുകള്‍...!

ആദ്യദിനങ്ങളിലൊരിക്കല്‍, വണ്ടി പഞ്ചറായതറിയാതെ, പത്തുകിലോ അരി കാരിയറില്‍ വെച്ച് വൈദ്യരുടെ കട മുതല്‍ വീടു വരെ ചവിട്ടിക്കൊണ്ടു വന്നതും, മാമന്‍റെ വീടിനപ്പുറത്തെ ഇത്തയുടെ മോളെ ഇടിച്ചിട്ട ആദ്യത്തെ ആക്സിഡന്‍റ്‌ കേസും, പിന്നീടതു പുറത്തു പറയുമെന്ന പേരില്‍ മാസങ്ങളോളം സഹോദരലോബിയുടെ ബ്ളാക്ക്‌മെയില്‍-കം-പീഢനങ്ങളേറ്റു വാങ്ങിയതും, മുന്നിലെ ടയറു പൊക്കി സര്‍ക്കസു കാണിക്കാന്‍ നോക്കിയപ്പൊ, ഷോക്കപ്പു രണ്ടും ഹാന്ഡിലിനൊപ്പം ഊരിപ്പോന്നതിന്‍റെ ഫലമായി, റോഡില്‍ നടുവും തല്ലി വീണതും പുറത്തും കാലിലുമൊക്കെ ഒരുപാടു പാച്ച്‌വര്‍ക്ക് നടത്തേണ്ടി വന്നതും, ഹിരേഷ് അവന്‍റെ ലൊടുക്ക് വണ്ടിയില്‍ നൂറേ നൂറില്‍ പാഞ്ഞു പോണതു കണ്ടപ്പോള്‍, അതു പോലെ എനിക്കെന്താ പോയാലെന്നു കരുതി, മില്ലിനു മുന്നിലെ ഇറക്കത്തിലൂടെ പാഞ്ഞു പോയതും, എഴുന്നേറ്റ് നിന്നുള്ള ആ ആഞ്ഞുചവിട്ടിനിടയ്ക്ക് ചങ്ങല പൊട്ടിയതും (എന്‍റമ്മേ....അയ്യോ..)...

അങ്ങനെ പിന്നീടൊരു അഞ്ചാറു വര്‍ഷം അന്ത ഹെര്‍ക്കുലിമോന്‍ എന്‍റെ സന്തത സഹചാരിയായിരുന്നു. തൊട്ടടുത്ത അമ്മായിയുടെ വീട്ടില്‍ പോവുമ്പോഴായാലും മാച്ചു കളിക്കാന്‍ അകലെ നാട്ടികയില്‍ പോവുമ്പോഴായാലും ഹെര്‍ക്കുലിമോന്‍റെ സീറ്റ് എന്‍റെ ചന്തിക്കടിയിലുണ്ടാവുമായിരുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും രൂപഭാവമാറ്റങ്ങളും അംഗവൈകല്യങ്ങളും ഏച്ചുകെട്ടലുകളുമെല്ലാം വന്നുകൊണ്ടേ ഇരുന്നെങ്കിലും ലവന്‍ എന്‍റെ ഫേവറിറ്റായിരുന്നു.


വര്‍ഷങ്ങള്‍ക്ക് ശേഷം ഒടുവില്‍, എഞ്ചിനീയറിങ്ങിനു കിട്ടി പോവുമ്പോള്‍ സോള്‍മേറ്റ് രാമഡുവിനെ ഞാന്‍ സൈക്കിള്‍ ഏല്‍പ്പിച്ചു കൊടുത്തു. അവന്‍ അന്ന് എടമുട്ടത്ത് ഓട്ടോമെക്കാനിക്കായി പണിക്ക് പോയിത്തുടങ്ങിയ കാലമാണ്‌. ഉപകാരം വരും എന്ന് അച്ഛന്‍ തന്നെയാണ്‌ പറഞ്ഞത്. പിന്നീട് വരുമ്പോഴൊക്കെ കളിക്കാന്‍ പോവാനും ചുറ്റിയടിക്കാനുമൊക്കെ ഇടക്കു കൂട്ടാറുണ്ടെങ്കിലും വെറുതെ ഒന്നു ചവിട്ടി നോക്കുക എന്നതില്‍ക്കവിഞ്ഞ ഉല്‍സാഹമൊക്കെ എനിക്ക് കൈമോശം വന്നിരുന്നു. ഇപ്പോള്‍ ഇടക്ക് നാട്ടില്‍ച്ചെല്ലുമ്പോളോ, രാമഡുവുമായി കത്തിയടിക്കുമ്പോഴൊ, ആ പഴയ ഹെര്‍ക്കുലിക്കുട്ടന്‍ ഒരു വിഷയമായി വരാറുമില്ല. പക്ഷേ, ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു നിധി തന്നെയായിരുന്നു എനിക്കെന്‍റെ "ഹെര്‍ക്കുലിമോന്‍" !!

റോക്കൂ... നിനക്കെന്‍റെ റോക്ക് സലാം!!!

Saturday, 7 June 2008

പ്രണയകലപിലകള്‍

പാത്തു സുന്ദരിയായിരുന്നു. ആദ്യം കണ്ടപ്പൊത്തന്നെ ഞാനൊന്നു മനസ്സില്‍ കുറിച്ചു, വെളുത്തു മെലിഞ്ഞ ഈ സുന്ദരിക്കുട്ടിയെ എങ്ങനേലും ലൈനാക്കണമെന്ന്.

പ്ളസ്ടുവിലെ ആദ്യത്തെ ദിവസങ്ങളാണ്‌. മര്യാദക്ക് എസ്സെന്‍ കോളേജില്‍പ്പോയി പഠിച്ചോളാന്ന് ഞാന്‍ താണുകേണു പറഞ്ഞതാണ്‌. പക്ഷേ, മകന്‍റെ ഭാവിയെക്കുറിച്ച് മകനേക്കാളും ആശങ്കയുണ്ടായിരുന്ന ബുദ്ധിമാനായ എന്‍റെ അച്ഛന്‍, നിന്നെ ഇനി പഠിപ്പിക്കുന്നെങ്കില്‍ അതു കഴിമ്പ്രത്തു തന്നെ എന്ന് ഭീഷ്മശപഥം എടുത്തതിന്‍റെ പശ്ചാത്തലത്തില്‍ എനിക്ക് അതിനു വഴങ്ങേണ്ടി വന്ന കാലം. യൂണിഫോമുമിട്ട് കഴിമ്പ്രം സ്കൂളിലേക്ക് പിന്നേം കാലെടുത്ത് വെച്ച നിമിഷം തുടങ്ങിയ നിരാശ അവസാനിച്ചത് പാത്തൂന്‍റെ മുഖം കണ്ടപ്പോളാണ്‌. സ്വിച്ചിട്ട പോലെ എന്‍റെ ഭാവം മാറിയത് അടുത്തിരുന്ന ശങ്കരന്‍ ശ്രദ്ധിച്ചു, "അപ്പ അവളെ അങ്ങ്‌ട് ഒറപ്പിക്കാ ല്ലേ?" കൂടുതല്‍ ഡയലോഗടിക്കൊന്നും നില്‍ക്കാതെ ശങ്കരന്‍ മൊഴിഞ്ഞു. "ഹും...നമുക്കു നോക്കാം"..എന്ന് ഞാനും.

പുതിയ ടീച്ചര്‍മാര്‍ മാറിമാറി വന്നു പരിചയപ്പെടുന്നുണ്ട്. ഞാന്‍ പാത്തൂനേം നോക്കി ഇരിപ്പാണ്‌, നല്ല ചെമ്പന്‍ കണ്ണുകള്‍, വെള്ളാരം കല്ലു പോലെ ഇരിക്കുന്നു, നല്ല പില്‍സ്ബറി ആട്ടയുടെ നിറം, മെലിഞ്ഞ കൈകള്‍, അതില്‍ ചുവന്ന കുപ്പിവളകള്‍, ചിരിക്കുമ്പോള്‍ പകുതി മാത്രം വിടര്‍ന്നു വരുന്ന നുണക്കുഴികള്‍.. ഒരു ആവറേജ് കഴിമ്പ്രത്തുകാരനെ ഇമ്പ്രസ്സ് ചെയ്യിപ്പിക്കാനും ഉറക്കം കളയിപ്പിക്കാനും വേണ്ട എല്ലാ ചേരുവകളുമൊത്തിണങ്ങിയ പ്രകൃതിയുടെ മിശ്രണം, എടമുട്ടത്തുള്ള ഏതോ ഒരു ഇക്കയുടെ പായ്ക്കിങ്ങ്. കൊള്ളാം..ഇവിടൊരു ഹിന്ദു-മുസ്ളീം ലഹള ഞാന്‍ നടത്തും. ഞാന്‍ കണക്കു കൂട്ടി.

കെമിസ്ട്രി എടുക്കാന്‍ വന്ന ഷീബടീച്ചര്‍ ഓര്‍ഗാനിക്കിന്‍റെ പാമ്പും കോണിയും വരച്ചു കളിക്കുമ്പോള്‍ ഞാനെന്‍റെ പാത്തുവിന്‍റെ മോന്തയുടെ സൈഡ് വ്യൂ നോക്കിയിരുന്നു. പാത്തുവിനെക്കുറിച്ച് കമന്‍റടിക്കാന്‍ തുടങ്ങിയ സിജുവിന്‍റെ ഉപ്പാപ്പക്കു വരെ തെറി വിളിച്ചു. ഉച്ചക്കുണ്ണാന്‍ ഇരിക്കുമ്പോഴും കൈ കഴുകാന്‍ പോവുമ്പോഴും പാത്തുവിനെ എന്‍റെ കണ്ണുകള്‍ പിന്തുടര്‍ന്നു. ആശടീച്ചര്‍, കണ്ട ചെടിയുടേം പൂവിന്‍റേം പുല്ലിന്‍റേമൊക്കെ ക്രോസ്സ്-സെക്ഷനെടുത്ത് തകര്‍ത്തപ്പോള്‍ ഞാന്‍ തട്ടത്തിനുള്ളില്‍ ഒളിഞ്ഞു കിടന്നിരുന്ന പാത്തുവിന്‍റെ തലമുടിയുടെ നീളം കണക്കു കൂട്ടിയിരുന്നു. എല്ലാത്തിനും ശങ്കരന്‍റെ ധാര്‍മിക പിന്തുണ എനിക്കുണ്ടായിരുന്നു, അതായിരുന്നു എന്‍റെ ഊര്‍ജ്ജവും... :)

അങ്ങനെയിരിക്കെ, രണ്ടു ബഞ്ചുകള്‍ക്ക് മുന്നില്‍ നിന്ന് അതിതീവ്രമായ ചില നോട്ടങ്ങള്‍ പാത്തുവിന്‍റെ നേരെ പോവാറുണ്ടെന്ന് ശങ്കരന്‍ എന്നെ അറിയിച്ചു. ഞാന്‍ ഞെട്ടി, എന്ത്?? ഈ കുഞ്ഞി ക്ളാസ്സില്‍ രണ്ട് ഉണ്ണിയോ...ആരെടാ അവന്‍...മറ്റാരുമല്ല...നമ്മുടെ നിര്‍ജ്ജീവന്‍ തന്നെ. ഞാന്‍ തളര്‍ന്നു പോയി. കാരണമുണ്ട്. എന്‍റെ അന്നത്തെ ഒരു ദേഹപ്രകൃതി വളരേ മോശമായിരുന്നു. എന്ന്വച്ചാ, ഒരു മാതിരി പേക്കോലം... ഒരു കുഞ്ഞിമോന്ത, ഷോള്‍ഡറില്‍ തൂക്കിയിട്ട പോലത്തെ മെലിഞ്ഞ കൈകള്‍, ഉയരവും കമ്മി... ആകെപ്പാടെ സല്‍പ്പേരു മാത്രമുണ്ട് കൈമുതലായി. അച്ഛനുമമ്മേം നാട്ടില്‍ നാലാളറിയുന്ന ടീച്ചര്‍മാരായിപ്പോയതു കൊണ്ട്, അവര്‍ടെ പേരു കളയണ്ടല്ലോന്നു വെച്ച്, ഞാനന്നൊക്കെ വളരെ അനുസരണയുള്ള ഒരു പിഞ്ചുബാലനായി ആക്ട് ചെയ്തിരുന്ന കാലം. പക്ഷേ, എന്നു കരുതി സംയമനം പാലിക്കേണ്ട സമയമാണോ ഇത്? നിര്‍ജ്ജീവനാണെങ്കില്‍ ചുള്ളനാണ്‌. 11 kv കമ്പിയില്‍ നിന്ന് നല്ലൊരു ഷോക്കു കിട്ടിയ കളറാണെങ്കിലും, ലവനു നല്ല കട്ടയാണ്‌, ഉയരം കുറവാണെങ്കിലും ലവന്‍ 1500 മീറ്ററിലെയും 3000 മീറ്ററിലെയും ലോക(ലോക്കല്‍) ചാമ്പ്യനാണ്‌. സര്‍വ്വോപരി, അവന്‍ ഇംഗ്ളീഷ് മീഡിയത്തില്‍ നിന്ന് വന്നവനാണ്‌. അതൊരു വല്ലാത്ത മുന്‍തൂക്കമായിരുന്നു അവന്‌. ഞങ്ങളെല്ലാരും പത്തു വരെ കഴിമ്പ്രത്ത് ചെരച്ചവരായതു കൊണ്ട് പ്ളസ്ടുവിലെ പെട്ടെന്നുള്ള ആ ഇംഗ്ളീഷുമാറ്റം ഞങ്ങളെ കുറേ ബുദ്ധിമുട്ടിച്ചിരുന്നു. അന്നത്തെ ക്ളാസ്സ്നോട്ടുകളൊക്കെ എഴുതിയിരുന്നത് വെറും ദൈവകൃപ കൊണ്ട് മാത്രമായിരുന്നു. ആദ്യമായി സുവോളജി എന്നെഴുതിയതിന്‍റെ സ്പെല്ലിങ്ങ് എനിക്കിവിടെ പറയാന്‍ പോലും മടിയാണ്‌. പ്ളീസ്, നിര്‍ബന്ധിക്കല്ലേ, ഞാന്‍ പറയില്ല. ;)

അങ്ങനെയുള്ള സാഹചര്യത്തില്‍ ഇവനൊരു കൊളുത്തിട്ടാല്‍ എടമുട്ടത്തിന്‍റെ നിഷ്കളങ്കത തുളുമ്പുന്ന എന്‍റെ പാവം പാത്തു അതില്‍ കുടുങ്ങും. അതിനു ശങ്കരന്‍ ഗാരണ്ടി. അവനെ ഞാന്‍ ഭീഷണിപ്പെടുത്താന്‍ നോക്കി. തെറി വിളിച്ചു നോക്കി. "പുറത്തു വെച്ചു കണ്ടോളാടാ" എന്നു പറഞ്ഞു പേടിപ്പിക്കാന്‍ നോക്കി. ലവന്‍ കുലുങ്ങുന്ന മട്ടില്ല. അതല്ലെങ്കിലും ഈ പ്രേമം ഒരു വല്ലാത്ത സാധനമാണ്‌. വീട് അകലെയായതിന്‍റെ ഒരു അഡ്വാന്‍റേജ് എനിക്കന്നാ കാലത്താണ്‌ മനസ്സിലായത്. അവനാണെങ്കില്‍ അവളുടെ കൂടെ റോഡിലൂടെ കത്തിയടിച്ചു നടക്കാം, ക്ളാസ്സ് കഴിഞ്ഞാലും ബസ്സു വരുന്ന വരെ കുറേ നേരം അവള്‍ടെ അടുത്ത് ചെലവഴിക്കാം. എനിക്കാണെങ്കില്‍ ബെല്ലടിച്ചു തുടങ്ങുമ്പോള്‍ ഇറങ്ങിയാല്‍ തീരുമ്പോളേക്കും നടന്നെത്താവുന്ന ദൂരമേയുള്ളൂ വീട്ടിലേക്ക്... ഞാനെന്‍റെ ദൌര്‍ഭാഗ്യത്തെ പ്രതി നിരാശനായി.

ഒടുവില്‍ ഞാന്‍ ഭയന്നതു തന്നെ സംഭവിച്ചു. ഒരു നാള്‍ ലാ പാപി ഓടിക്കിതച്ചെന്‍റെ അടുത്ത് വന്നു പറഞ്ഞു, "പാത്തു സമ്മതിച്ചെടാ...അവള്‍ക്കെന്നെ ഇഷ്ടമാണെന്ന്.."... അവനെ അരച്ചു കലക്കി കുടിക്കാനുള്ള അരിശം വന്നെങ്കിലും ഞാനടങ്ങി. ഈ നാട്ടില്‍ വേറേം പെമ്പിള്ളേരില്ലേ? നിനക്കെന്താ വേറെ പെണ്ണു കിട്ടില്ലെ.. ശങ്കരന്‍ എന്നെ ആശ്വസിപ്പിച്ചു, എന്നാലും ഞാന്‍ മോഹിച്ച പെണ്ണിനേം അവളു പ്രേമിച്ച ആ കാലമാടനേം ഞാന്‍ നിത്യവും കണ്ടോണ്ടിരിക്കണല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കാകെ ചൊറിഞ്ഞു വന്നു. പക്ഷെ ആ ചൊറിച്ചില്‍ മാന്തിത്തരാമെന്നു ശങ്കരന്‍ ഏറ്റതിനാല്‍ തല്ക്കാലം ഞാന്‍ പാത്തുവിനെ മറക്കാന്‍ തീരുമാനിച്ചു. "എന്നാലും എടാ സാമദ്രോഹീ, നീ ഗുണം പിടിക്കില്ലറാ..." എന്ന് ഞാന്‍ നിര്‍ജ്ജീവനെ മനസ്സിലൊന്നു പ്രാകി..ചുമ്മാ..ഒരു സമാധാനത്തിന്‌.


കാലം കടന്നു പോയി. പാത്തുവിനെ ഞാന്‍ ഒഴിവാക്കി. അടിയില്‍ എട്ടാം ക്ളാസ്സിലെ വെളുമ്പത്തിയെയും പ്ളസ്സ്‌വണ്ണില്‍ പുതുതായി വന്ന ജൂനിയര്‍ പൈതങ്ങളെയും നോക്കി ഞാന്‍ ആശ തീര്‍ത്തു. ഇടക്ക് ശാസ്താവിന്‍റെ കൂടെ മാളികപ്പുറത്തു ബീവിയെ കാണാന്‍ കുട്ടമംഗലം വഴി സൈക്കിളില്‍ കറങ്ങുമ്പോഴെല്ലാം അവന്‍റെ ആവേശം കണ്ടു ഞാന്‍ സായൂജ്യമടഞ്ഞു. ഹാ, ഇതിനൊക്കെ ഒരു യോഗം വേണം... ശാസ്താവിനെപ്പോലെ ആറടി പൊക്കവും ഒത്ത വണ്ണവും തമിഴ്നടന്‍ അബ്ബാസിനെപ്പോലെ ഉള്ള ലുക്കുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഞാനുമൊരു കോരു കോരിയേനെ... പറഞ്ഞിട്ടെന്താ...
അക്കാലത്താണ്‌ നിര്‍ജ്ജീവനും പാത്തുവും തമ്മിലെന്തോ കശപിശ ഉണ്ടാവുന്നത്. സംഭവം മൂത്തുമൂത്ത് അവര്‍ തമ്മില്‍ തെറ്റിപിരിയുന്നതിലേക്ക് ചെന്നെത്തി. കഴിമ്പ്രം പ്ളസ്ടുവിലെ പാവപ്പെട്ട , അഥവാ അസൂയാലുക്കളായ കാമുകവൃന്ദത്തിന്‌, ഞാനുള്‍പ്പെടെയുള്ളവര്‍ക്ക്, അതൊരു ശുഭവാര്‍ത്തയായിരുന്നു. അല്ലെങ്കിലും അവരു തമ്മിലൊരു മാച്ചും ഇല്ല എന്നു ഞങള്‍ പരസ്പരം പറഞ്ഞു. അടുത്ത ഊഴം ആര്‍ക്കാണെന്നതിനെക്കുറിച്ചും തര്‍ക്കം തുടങ്ങി. ഹിഹി.. മനുഷ്യന്‍റെ ഓരോരോ സ്വഭാവങ്ങളേ... ചാവാന്‍ കാത്തിരിക്കുകയാണ്‌ കട്ടിലൊഴിക്കാന്‍..ഹിഹി...!

വാട്ടെവര്‍ ഇറ്റീസ്... അവര്‍ പിരിഞ്ഞു. എന്‍റെ കുഞ്ഞു കാമുകമനസ്സില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ വീണ്ടും മുള പൊട്ടി. പാത്തുവിന്‍റെ ചിരി അവയ്ക്ക് വളമേകി. പ്രതീക്ഷകള്‍ തഴച്ചു വളരാന്‍ തുടങ്ങി. അങ്ങനെ കനം വെച്ചു വരുന്ന ഈ ആഗ്രഹം താങ്ങാനെന്‍റെ ഇളം മനസ്സിന്‌ കഴിവില്ലെന്നു വന്ന ഒരു സന്ദര്‍ഭത്തില്‍ അവളോട് കാര്യം തുറന്നു പറയാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു പേപ്പറില്‍ കാര്യം രണ്ടു വാക്യത്തിലെഴുതി ഞന്‍ അവളുടെ ഒരു പുസ്തകത്തില്‍ വച്ചു കൊടുത്തു. വായിച്ചു നോക്കിയിട്ട് നാളെ മറുപടി തരണമെന്നൊരു ഡയലോഗും അടിച്ചു. എന്‍റമ്മേ... അന്നത്തെ എന്‍റെ ചങ്കിടിപ്പിന്‍റെ ഒച്ച എടമുട്ടം സെന്‍ററു വരെ കേട്ടിരിക്കണം. ഈ പ്രേമം പ്രേമം എന്നു പറയുന്ന സാധനം, അതനുഭവിച്ചു തന്നെ അറിയേണ്ട ഒന്നു തന്നെയാണേ...ഹൊ..

എനിവേയ്സ്, പിറ്റേന്ന് കാലത്ത് എങ്ങനെയോ ഓടിക്കിതച്ച് ഞാന്‍ ക്ളാസ്സിലെത്തി. ഒരു മറുപടി, അതെന്തായാലും (അങ്ങനെ ഒന്നും ഇല്ല. പറ്റില്ല എന്നു പറഞ്ഞാല്‍ ഞാനാകെ ചമ്മിപ്പോവും...അതെനിക്ക് സഹിക്കില്ല..എന്നാലും) കിട്ടാനുള്ള ആ ത്വര... അതിങ്ങനെ മനസ്സിന്‍റെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിച്ചു കൊണ്ടേ ഇരുന്നു. ഒടുവില്‍ മഹീന്ദ്രയുടെ ചടാക്കു വണ്ടിയില്‍ അവളെത്തി. മൂന്നാം നിലയിലെത്താന്‍ ആവശ്യത്തിലധികം പടികളുണ്ടെന്നെനിക്കന്നു തോന്നി. വാതുക്കല്‍ത്തന്നെ നിന്നിരുന്ന എന്നെ ഒന്നു വെറുതെ നോക്കി അവള്‍ അകത്തേക്ക് പോയി. ശ്ശെടാ..ഇതെന്തു കൂത്ത്. മനുഷ്യനിങ്ങനെ വിറ കൊണ്ടു നില്‍ക്കുകയാണെന്നിവള്‍ക്കറിഞ്ഞൂടെ..അതോ ഇനി അവളതു വായിച്ചില്ലേ.... കൂടുതല്‍ ചിന്തിച്ചു കൂട്ടാതെ ഞാനകത്തേക്ക് ചെന്നു. നോ രക്ഷ. അവളാണെങ്കിലൊരു ഭാവമാറ്റവുമില്ലാതെ കൂട്ടുകാരികളോടു കല പില കൂട്ടുന്നു. ഞാനിവിടെ ഉണ്ടേ.. എന്ന മട്ടില്‍ ഞാന്‍ അതിലേ രണ്ടു ചാല്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എവടെ, അവളു കണ്ട ഭാവം നടിക്കുന്നില്ല...

മണി മുഴങ്ങി..ക്ളാസ്സ് തുടങ്ങി. കഷ്ടം.. കെമിസ്ട്രിയും മാത്തമാറ്റിക്സുമെല്ലാം തലക്കു ചുറ്റും ശനിവലയം തീര്‍ത്തു കൊണ്ടേ ഇരിക്കുന്നു എന്നല്ലാതെ ഒന്നും അങ്ങോട്ട് ലാന്‍ഡ് ചെയ്യുന്നില്ല. ഉച്ചയായി... ഭക്ഷണം കഴിഞ്ഞു. ഇടവേളയിലും ഒന്നും സംഭവിച്ചില്ല. വീണ്ടും മണി മുഴങ്ങി. ബോട്ടണി തുടങ്ങി. എന്‍റെ ക്ഷമ നശിച്ചു, ആശടീച്ചറുടെ ശ്രദ്ധ തിരിഞ്ഞ ഒരു സമയം നോക്കി, ഞാന്‍ പാത്തൂനോടു പറഞ്ഞു, "പാത്തൂ, ഒന്നും പറഞ്ഞില്ലല്ലോ.."....

ഒരു കുഞ്ഞ്യേ ഓലപ്പറ്റക്കം ചീറ്റിപ്പോയ ശബ്ദമാണ്‌ അതിനു മറുപറ്റിയായി പാത്തു ഉണ്ടാക്കിയത്.. "എന്തൂട്ട്‌ണ്ടാ അഭീ.. എന്തിനാ എന്നെ ഇനി പിന്നേം അതീല്ക്ക് കൊണ്ടു പോണ്‌..???" എന്നൊരു ഡയലോഗും.

എന്‍റെ പത്തി താണു, സന്ധ്യാസമയത്ത് ചക്രവാളത്തിലേക്ക് പറന്നകലുന്ന കടല്‍ക്കാക്കകളെപ്പോലെ ആശകള്‍ ചിറകടിച്ചു പറന്നകന്നു. ഭാരം കൊണ്ട് തളര്‍ന്ന ശിരസ്സുമായി ഞാന്‍ ഡസ്കില്‍ നോക്കിയിരുന്നു....ഭാഗ്യം, ആശടീച്ചര്‍ മറ്റെന്തോ ചെയ്തു കൊണ്ടിരിപ്പാണ്‌. ഈ അക്രമം ടീച്ചര്‍ കണ്ടിട്ടില്ല.
രണ്ടു വര്‍ഷം നീണ്ട പാത്തു സ്വയംവരശ്രമങ്ങള്‍ അന്നത്തോടെ അവസാനിച്ചു. :(
എട്ടാംക്ളാസ്സിലെ വെളുമ്പിയും അതിനു ശേഷം ജൂനിയറായി വന്ന പഴയ കളിക്കൂട്ടുകാരിയും വന്നതോടെ എന്‍റെ കാമുകഹൃദയം തരളിതമായി... ഓര്‍.. ഓര്‍ ക്യാ ഹുവാ...?

അഗ്‌ലേ ദിന്‍ അപ്നേ മൊഹല്ലേ മേം ... ഐശ്വര്യാ ആയീ.... "ജാനേ ക്യാ സൂരത്.....വൊ ക്യാ കെഹ്തി ഹേ....."

***
പൂട: നിര്‍ജ്ജീവന്‍ നല്ലവനായിരുന്നു. അതിനു ശേഷം എസ്സെന്‍ കോളേജിലും അവനു കിളികള്‍ക്ക് യാതൊരു പഞ്ഞവും ഉണ്ടായില്ല. പാത്തു കെട്ടി, കെട്ടിയവനുമായി എണ്ണപ്പാടങ്ങളില്‍ സ്വര്‍ണ്ണം കൊയ്യാന്‍ അരിവാളുമെടുത്ത് പറന്നു പോയി, ഇപ്പൊ ഒരു ജൂനിയര്‍ ആയെന്നു റിപ്പോര്‍ട്ട് കിട്ടി. ശാസ്താവു മാളികപ്പുറത്തു ബീവിയെ വിട്ടു, ഇപ്പൊ മാളികപ്പുറത്ത് തമ്പുരാട്ടിയെയും കെട്ടി ബങ്കളുരുവില്‍ സ്വസ്ഥം ജീവിതം. ശങ്കരന്‍റേ ഒരു വിവരവും ഇല്ല. ടോട്ടല്‍ അബ്സ്കോണ്ടിങ്ങ് !
ഞാന്‍...? ഞാന്‍ പെണ്ണു കെട്ടി ബങ്കളുരുവിലേക്ക് കണ്ണും നട്ട് കാത്തിരിക്കുന്നു, എന്‍റെ നല്ല പകുതിയുടെ അടുത്തേയ്ക്ക് ചേക്കേറുവാന്‍..... കാമുകകഥകള്‍ക്ക് അന്ത്യം കുറിച്ചു കൊണ്ട്...
***
ശുഭം.. :)

ഒരു മുനിശാപത്തിന്‍റെ കഥ

ക്രിസ്തു ജനിക്കുന്നതിനും ഏകദേശം പത്തുരണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രേഷ്ഠനായ ഒരു മുനിവര്യന്‍ കഴിമ്പ്രം ബീച്ചിലൂടെ വരികയുണ്ടായി. അവിടെ ഉണക്കാനിട്ടിരുന്ന ചെമ്മീനിലോ മറ്റോ അദ്ദേഹം അറിയാതെ ചവിട്ടുകയും, അതു കണ്ട അവിടത്തെ അന്നത്തെ തദ്ദേശവാസികള്‍ അദ്ദേഹത്തെ കണക്കിന്‌ പ്രഹരിക്കുകയും ചെയ്തു. കോപം കൊണ്ട് വിസിബിലിറ്റി നഷ്ടപ്പെട്ട അദ്ദേഹം കടപ്പുറത്തെ മണ്ണു വാരി എതിരാളികള്‍ക്ക് നേരെ എറിഞ്ഞു കൊണ്ട് ഇങ്ങനെ ശപിച്ചു, "കലികാലം തുടങ്ങുമ്പോള്‍ മുതല്‍ ഒരാള്‍ കഴിഞ്ഞാല്‍ മറ്റൊരാളെന്ന കണക്കിന്‌ ഇന്നാട്ടില്‍ ഒരു കാല്‍/അര/മുഴു ലൂസ് ഉണ്ടായിക്കൊണ്ടേ ഇരിക്കട്ടെ... ജിംഭുംഭാ!!". ഭയങ്കര തപശ്ശക്തിയുള്ള മുനിയല്ലേ, മുകളിലുള്ള പോഗ്രാം മാനേജേഴ്സിന്‌ അനുസരിക്കാതെ നിവൃത്തിയില്ലല്ലോ. തല്ഫലമായി, അന്നു മുതല്‍ എന്‍റെ നാട്ടില്‍, കഴിമ്പ്രത്ത് അങ്ങനെ ഒരാള്‍ എല്ലാക്കാലവും ഉണ്ടായിപ്പോന്നു.

എടമുട്ടം അമ്മിണി എന്ന പേരില്‍ പ്രശസ്തയായിരുന്ന അമ്മിണിയായിരുന്നു എന്‍റെ ഓര്‍മ്മയിലെ ആദ്യത്തെ അത്തരം കഥാപാത്രം. അമ്മയുടെ സാരിത്തുമ്പില്‍പ്പിടിച്ച് ചെന്ത്രാപ്പിന്നിയിലേക്ക് പോവാന്‍ എടമുട്ടം ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോളെപ്പൊഴോ ആണ്‌ അമ്മിണിയെ ആദ്യം ഞാന്‍ കണ്ടത്. അഴുക്കു പുരണ്ട് കറുത്ത ഒരു ചേല ചുറ്റി, വര്‍ഷങ്ങളായി വെള്ളം കാണാത്ത തലയിലെ ജടയില്‍ ഒരു ഉണക്കക്കമ്പു കുത്തി വെച്ച്, മുറുക്കാന്‍റെ അവശിഷ്ടങ്ങള്‍ ഉണങ്ങിപ്പിടിച്ച ചുണ്ടുകള്‍ വിടര്‍ത്തി അവര്‍ ഉറക്കെ പാടുമായിരുന്നു... "അരിയിടിക്കെടി പെണ്ണുങ്ങളേ...അരിയിടിക്കെടി പെണ്ണുങ്ങളേ..." എന്ന്. ലോകത്തുള്ള സകലമാന വട്ടുകേസുകളും അന്നെന്‍റെ ആരാധനാകഥാപാത്രങ്ങളായിരുന്നതിനാല്‍ എനിക്കവരോടും കടുത്ത ബഹുമാനമായിരുന്നു. അവര്‍ വരുമ്പോഴേക്കും ബസ്സ്റ്റോപ്പില്‍ നിക്കുന്ന ആബാലവൃദ്ധം ജനങ്ങളും, പ്രത്യേകിച്ച് സ്ത്രീകള്‍, ഒന്ന് ഒതുങ്ങുമായിരുന്നു, എപ്പോഴാണ്‌ ആ തിരുമുഖത്തു നിന്നും അസ്സല്‍ പുളിച്ച തെറി ഒഴുകി വരുന്നതെന്നു പറയാന്‍ പറ്റില്ലല്ലോ... എന്തിനാ അമ്മിണിക്ക് പണിയുണ്ടാക്കുന്നതെന്നു വെച്ചിട്ടാവും, എല്ലാരും അമ്മിണിയെ ബഹുമാനിച്ചു പോന്നു.

എടമുട്ടത്തെ "തീരം" തിയ്യറ്ററിന്‍റെ എതിരെയുള്ള, പഴയ കുഞ്ഞിമാമി വൈദ്യരുടെ കെട്ടിടത്തിന്‍റെ വരാന്തയായിരുന്നു മൂപ്പത്തിയാരുടെ അന്തിയുറക്കം. പകലു മുഴുവന്‍ രാജ്യം മുഴുവനും ചുറ്റിനടക്കലും തെറിവിളിയുമെല്ലാം കഴിഞ്ഞ് നാവും ശരീരവും അടക്കിവെച്ച് അമ്മിണി വിശ്രമം തുടങ്ങുമ്പോഴായിരുന്നു എടമുട്ടത്തിന്‍റെ മാനത്ത് അമ്പിളിയമ്മാവന്‍ പോലും വന്നിരുന്നത്, അല്ലാ വെറുതെ ഒരു കാര്യവുമില്ലാതെ പച്ചത്തെറി കേള്‍ക്കാന്‍ ആര്‍ക്കും ഒരു ചമ്മല്‍ കാണില്ലേ..?

അങ്ങനെ അമ്മിണി എടമുട്ടത്തിന്‍റെയും കഴിമ്പ്രത്തിന്‍റെയുമൊക്കെ കണ്‍മണിയായി വാഴുന്ന കാലത്തെ ഒരു പ്രഭാതത്തിലാണ്‌ എടമുട്ടത്ത് ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അമ്മിണിയുടെ ഡെഡ്ബോഡി മതിലകത്തെ ഒരു പൊട്ടക്കുളത്തില്‍ പൊന്തിയിരിക്കുന്നു... ആദ്യമൊക്കെ ആരോ പൊട്ടിച്ച ഗുണ്ടായിരിക്കുമെന്നു കരുതിയെങ്കിലും പിന്നീടത് സത്യമാണെന്ന് ബോധ്യമായി. അന്ന് നാട്ടിലൊക്കെ കിഡ്നി കൊള്ളക്കാരിറങ്ങിയ കാലമായിരുന്നതു കൊണ്ട് എല്ലാവരും അങ്ങനെ സംശയിച്ചു. അങ്ങനെ അവിടത്തെ ആദ്യത്തെ ലൂസ് ശാപം അവസാനിച്ചു. എന്നാല്‍ അധികം വൈകാതെ തന്നെ ഗാങ്ങിലേക്ക് അടുത്ത മെമ്പര്‍ എത്തി. ഇത്തവണ അതു കഴിമ്പ്രം ബേസ്ഡ് ആയ ഒരാളായിരുന്നു. കുഞ്ഞമ്മിണി...

കുഞ്ഞമ്മിണി വളരെ ശാന്തയായിരുന്നു. കഴിമ്പ്രത്ത് വൈദ്യരുടെ കട മുതല്‍ എടമുട്ടം സെന്‍ററു വരെ എത്ര ദൂരമുണ്ടെന്നു സര്‍ക്കാര്‍ കണക്കിനേക്കാള്‍ കൃത്യമായ കണക്ക് കുഞ്ഞമ്മിണിയുടെ കയ്യിലുണ്ട്. അത്രയധികം തവണയാണ്‌ കുഞ്ഞമ്മിണി മേല്‍പ്പറഞ്ഞ ദൂരം ദിവസവും അങ്ങോട്ടുമിങ്ങോട്ടും കവര്‍ ചെയ്യുന്നത്. കാലത്ത് വൈദ്യരുടെ കടയുടെ അടുത്തു നിന്നും തുടങ്ങുന്ന ട്രിപ്പടി വൈകുന്നേരമാവും വരെ തുടരും. രാത്രി വീട്ടില്‍ ചേക്കേറും. രാവിലെ വീണ്ടും ഈ പതിവു തുടരും. ഇടക്ക് വഴിയില്‍ ചുമ്മാ നിന്ന് ആരോടൊക്കെയോ എന്തൊക്കെയോ ഉറക്കെ സംസാരിക്കും.. പിന്നേം നടപ്പു തുടരും.

ഇങ്ങനെ പൊതുവെ ശാന്തയാണെങ്കിലും, പ്രകോപിപ്പിച്ചാല്‍ കുഞമ്മിണി ആളാകെ മാറും. കൊടുങ്ങല്ലൂരമ്മയെ പ്രീതിപ്പെടുത്തതിനേക്കാള്‍ ഭീകരമായ സരസ്വതീവിളയാട്ടമായിരിക്കും പിന്നീടവിടെ. പക്ഷേ, വളരെ കുറച്ചു മാത്രമേ അതിനൊരവസരം നാട്ടുകാര്‍ ഉണ്ടാക്കിയിട്ടുള്ളൂ. കുറെ നാള്‍ അങ്ങനെ നടന്ന കുഞ്ഞമ്മിണിയെ ഒടുവില്‍ വീട്ടുകാര്‍ ചികില്‍സിച്ചു ഭേദമാക്കി. ഒരിക്കല്‍ അമ്മേടെ വീട്ടില്‍ പോവുമ്പോള്‍ അതാ എതിരെ വരുന്നു, കുളിച്ചു വൃത്തിയായി, മുടിയൊക്കെ മെടഞ്ഞിട്ട്, കയ്യിലൊരു പാല്‍പ്പാത്രവുമായി കുഞ്ഞമ്മിണി. ഞാനാദ്യമൊന്നു ഭയന്നെങ്കിലും പതിവില്ലാത ഒരു ഐശ്വര്യത്തോടെ വരുന്ന കുഞ്ഞമ്മിണിയെക്കണ്ട് എനിക്ക് അത്ഭുതം തോന്നി. അമ്മയെ കണ്ടപ്പോള്‍ കുഞ്ഞമ്മിണി "വീട്ടീപ്പോവ്വാ ടീച്ചറേ?" എന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു. അതു കഴിഞ്ഞ് കുഞ്ഞമ്മിണി പോയ ശേഷമാണ്‌ ഇവര്‍ക്കു ഭേദമായ വിവരം അമ്മ എന്നോട് പറഞ്ഞത്. ഭ്രാന്ത് ഭേദമാവുന്ന അസുഖമാണെന്ന് അന്നാണ്‌ എനിക്കാദ്യമായ അറിവു കിട്ടുന്നതും. എന്തായാലും അതിനു ശേഷം കഴിമ്പ്രവും എടമുട്ടവും കുറേ നാള്‍ ശാന്തമായിരുന്നു...

പക്ഷേ, ആ ശാന്തത അശാന്തതയാവാന്‍ അധികനാള്‍ വേണ്ടി വന്നില്ല. കുഞ്ഞപ്പായി രംഗത്തിറങ്ങിയത് അക്കാലത്തായിരുന്നു. മുന്‍ഗാമികളെപ്പോലെ മുഴുവനും ഇളകിപ്പോയ ഒരു അവസ്ഥയിലല്ലെങ്കിലും എവിടെയോ എന്തോ കുഴപ്പം ഒറ്റനോട്ടത്തില്‍ത്തന്നെ ആര്‍ക്കും തോന്നുമായിരുന്നു. ഉല്‍സവപ്പറമ്പുകളും ആളു കൂടുന്ന ഇടങ്ങളും, എടമുട്ടത്തെ 'ലാസ് വേഗാസ്' ആയ വൃന്ദാര ബാറുമെല്ലാം കുഞ്ഞപ്പായിയുടെ കേളീരംഗങ്ങളായി. ഒരിക്കല്‍ നൂറേ നൂറില്‍ പോയിരുന്ന ഒരു ഓട്ടോയില്‍ നിന്ന്, നിര്‍ത്തിയിട്ട ട്രെയിനില്‍നിന്നിറങ്ങുന്ന ലാഘവത്തോടെ ഇറങ്ങാന്‍ നോക്കിയതിന്‍റെ ഫലമായി, ശയനപ്രദക്ഷിണം ഫാസ്റ്റ് ഫോര്‍വേഡ് അടിച്ച കണക്കെ മുന്നിലൂടെ ഉരുണ്ട്പിരണ്ട് പാഞ്ഞു പോയ കുഞ്ഞപ്പായിയെക്കണ്ട് ഞാന്‍ അന്തം വിട്ട് നിന്നിട്ടുണ്ട്. അടുത്തുള്ള മതിലിലിടിച്ചു നിന്ന ആ പോക്കിനൊടുവില്‍ "ഹൊ, ഞാനൊന്നുറങ്ങിപ്പോയി" എന്ന മട്ടില്‍ നാലു പാടും നോക്കു കണ്ണും മിഴിച്ച് കൂളായി മൂപ്പരെണീറ്റും പോയി. അത്യാവശ്യം തല്ലുകൊള്ളിത്തരം കയ്യിലുണ്ടായിരുന്ന കുഞ്ഞപ്പായിയുടെ കഷ്ടകാലത്തിനാണ്‌ വലപ്പാട് സര്‍ക്കിളായി ഉണ്ണിരാജയും എസ്സൈ ആയി ജോസും വരുന്നത്.

വലപ്പാട് സര്‍ക്കിളിലുള്ള പ്രദേശത്തുള്ള സകലമാന ചട്ടമ്പികളെയും പോക്കറ്റടിക്കാരെയും മറ്റു ലോക്കല്‍ കൊള്ളികളെയുമെല്ലാം നിരത്തി നിലം പരിശാക്കി മുന്നേറിയ ഉണ്ണിരാജയും ജോസും അന്നത്തെ പിള്ളേരുടെ ഹീറോസ് ആയി മാറിയ കാലം, കുഞ്ഞപ്പായിയുടെ കഷ്ടകാലം. എടമുട്ടം തൈപ്പൂയത്തിണ്‌ അന്നൊക്കെ സംഘര്‍ഷമുണ്ടാവുക സര്‍വ്വസാധാരണമായിരുന്നു. വൃന്ദാരയില്‍ ഏറ്റവുമധികം കച്ചവടം നടക്കുകയും, അമ്പലപ്പറമ്പിനു തൊട്ടു നില്‍ക്കുന്ന "തീര"ത്തില്‍ അക്കൊല്ലത്തെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഇക്കിളിപ്പടം വരികയും ചെയ്യുന്ന, വര്‍ഷത്തിലെ ഏക സന്ദര്‍ഭമാണ്‌ ഓരോ എടമുട്ടം തൈപ്പൂയവും. അതു കൊണ്ടു തന്നെ വടക്കു തൃപ്രയാര്‍ മുതല്‍ തെക്ക് ചെന്ത്രാപ്പിന്നി വരെയും കിഴക്ക് കാട്ടൂര്‍ മുതല്‍ പടിഞ്ഞാറ് കടലിനക്കരെ നിന്നു വരെയും ഉള്ള നാട്ടുകാര്‍ അവിടെ അന്നൊത്തുകൂടും. രാത്രിയിലെ വെടിക്കെട്ടൊക്കെക്കഴിഞ്ഞ് നാടകമോ ഗാനമേളയോ ഒക്കെ നടക്കുമ്പോഴാണ്‌ സാധാരണ അടി തുടങ്ങാറ്. അക്കൊല്ലം ഗാനമേളയായിരുന്നു. നാട്ടുകാരനായ സിജു അടക്കമുള്ള ഒരു പിടി യുവഗായകര്‍ ശ്രീമുരുകഭഗവാനെനെ അമ്പലത്തില്‍നിന്നോടിച്ച് കടലില്‍ ചാടാന്‍ പ്രേരിപ്പിക്കും വിധം തൊണ്ട പൊട്ടിക്കുന്നു. കയ്യിലെ കാശു മുഴുവന്‍ വൃന്ദാരയില്‍ കൊടുത്ത് ചെറുതും വലുതുമൊക്കെ അടിച്ച് ഇളകി നില്‍ക്കുന്ന പാവം ജനം ഇതൊക്കെ എത്ര നേരം സഹിക്കും...?! ഓരോരുത്തര്‍ അവിടവിടെ തല പൊക്കിത്തുടങ്ങി. എന്നാല്‍, സര്‍ക്കിളിന്‍റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ ഏഡമ്മാരും പീസികളും ചേര്‍ന്ന് അവമ്മാരെയെല്ലാം ഒതുക്കിക്കൊണ്ടിരിക്കുമ്പോളാണ്‌ മൈതാനത്തിരുന്നിരുന്ന പുരുഷാരത്തിനു നടുവില്‍ ഒരാള്‍ മാത്രം എണീറ്റു നിന്ന് ഭരതനാട്യം കളിക്കുന്നതു കണ്ടത്, മറ്റാരുമല്ല കുഞ്ഞപ്പായി തന്നെ! ഇരിയെടാ അവിടെ എന്നാക്രോശിച്ച പീസിയോട് ആദ്യമൊക്കെ മര്യാദ കാട്ടിയെങ്കിലും പിന്നെപ്പിന്നെ കുഞ്ഞപ്പായി "ഏതോ ഒരു കള്ളുകുടിയന്‍ അവിടെക്കിടന്നു ബഹളമുണ്ടാക്കുന്നല്ലോ, ശല്യം.." എന്ന മട്ടിലായി അങ്ങേരോടുള്ള സമീപനം. അതു പീസിക്കു പിടിച്ചില്ല, പുരുഷാരത്തിനിടയില്‍ നിന്നും കുഞ്ഞപ്പായിയെ പുഷ്പം പോലെ തൂക്കിയെടുത്ത് അവര്‍ ജീപ്പിലേക്കെറിഞ്ഞു. കുഞ്ഞപ്പായിയുടെ ദീനരോദനങ്ങളൊന്നും അവമ്മാരുണ്ടോ വക വെക്കുന്നു!

പിന്നീട് കുറച്ചു നാള്‍ കഴിഞ്ഞ് വളരെ ഡീസന്‍റായ കുഞ്ഞപ്പായിയെയാണ്‌ കഴിമ്പ്രത്തുകാര്‍ കണ്ടത്. എല്ലാരോടും കുശലം പറഞ്ഞ് കോമഡിയടിച്ചു നടക്കാന്‍ തുടങ്ങിയ കുഞ്ഞപ്പായി ഞങള്‍ക്കൊരത്ഭുതമായിരുന്നു. ഉണ്ണിരാജയോ ജോസോ അങ്ങനെ കൂടിയ പുള്ളികളാരോ കേറി മേഞ്ഞെന്നോ ഉണ്ണിരാജ സ്വന്തം ചെലവില്‍ ആയുര്‍വ്വേദചികില്‍സ നടത്തിയതിന്‍റെ ഫലമായാണ്‌ ഇത്രയെങ്കിലും ആരോഗ്യം അതിനു ശേഷം തിരിച്ചു കിട്ടിയതെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പരന്നതോടെയാണ്‌ ഈ ഭാവമാറ്റത്തിന്‍റെ പിന്നിലെ സംഗതി നാട്ടുകാര്‍ക്ക് പിടികിട്ടിയത്. എനിവേയ്സ്, കുഞ്ഞപ്പായി നല്ലവനായി. പക്ഷേ, വളരേ നാളുകള്‍ക്കു ശേഷം കേട്ട വാര്‍ത്ത കുഞ്ഞപ്പായി വടക്കെവിടെയോ ഒരു മരത്തില്‍ തൂങ്ങി നില്‍ക്കുന്നു എന്നായിരുന്നു. കാര്യകാരണങ്ങളൊന്നും വെളിവാക്കാതെയുള്ളതായിരുന്നു ആ സംഭവം. അങ്ങനെ കുഞ്ഞപ്പായിയും നാട്ടുകാര്‍ക്ക് ഓര്‍മ്മയായി മാറി.

പിന്നീട് കുറെ നാള്‍ വീണ്ടും കഴിമ്പ്രം ശാന്തമായി. മുനിശാപം മാറിയെന്നു നിനച്ച് നാട്ടുകാര്‍ സമാധാനിച്ചപ്പോഴാണ്‌ അടുത്ത ആള്‍ ആ റോള്‍ ഏറ്റെടുത്ത് രംഗത്തു വന്നത്. ഇവരും കഴിമ്പ്രത്തു നിന്നു തന്നെയായിരുന്നു. മൂപ്പത്തിയാര്‍ വളരെ നിരുപദ്രവകാരിയാണ്‌, പലപ്പോഴും നടക്കാന്‍ മറന്നു പോയ പോലെ വല്ല തൂണിലോ മതിലിലോ ചാരി നിപ്പുണ്ടാവും, വീഴാതെ നോക്കാനുള്ള ഒരു സ്വയരക്ഷ. പുള്ളിക്കാരിക്ക് ബീഡിവലി പഥ്യമാണ്‌. എങ്ങനേലും കടകളില്‍ നിന്ന് അവ ചോദിച്ച് സംഘടിപ്പിച്ചെടുക്കും. അതും വലിച്ച് വല്ല മൂലയിലോ ഒഴിഞ്ഞ പറമ്പിലോ റോഡിന്‍റെ നടുവിലോ പോയി മൂപ്പത്തി ഇരുന്നോളും. വെള്ളം ശരീരത്തെ അശുദ്ധമാക്കുമെന്ന വിശ്വാസക്കാരിയായതിനാല്‍ കുളി ഒഴിവാക്കി എന്നതൊഴിച്ചാല്‍ അധികം ഉപദ്രവമില്ല, ആര്‍ക്കുമൊട്ടു പരാതിയുമില്ല. എന്നാല്‍.... കുറേക്കഴിഞപ്പോള്‍ വെള്ളത്തിനോടെന്ന പോലെ മൂപ്പത്തിക്ക് വസ്ത്രത്തിലുമുള്ള വിശ്വാസം നഷ്ടമായി. ആളുകള്‍ കുറേ നാളൊക്കെ ഉടുപ്പിട്ട് കൊടുത്തുകൊണ്ടേ ഇരുന്നെങ്കിലും പിന്നീടാ ശ്രമം ഉപേക്ഷിച്ചു. ഇപ്പൊ അര്‍ദ്ധ-ജൈനമത വിശ്വാസിയായി കഴിമ്പ്രത്തും പ്രാന്തപ്രദേശങ്ങളിലുമായി ചുറ്റിത്തിരിയുകയാണ്‌ കക്ഷി.

മുനിശാപം അതിന്‍റെ ഉച്ചസ്ഥായിയിലെത്തിയതിന്‍റെ ഫലമായോ എന്തോ, ഇപ്പോള്‍ കക്ഷിക്കു കൂട്ടായി മറ്റൊരാള്‍ കൂടി നാട്ടിലുണ്ട്, പഴയ കുഞ്ഞമ്മിണി. എന്തോ ജാതകദോഷഫലമായി, മാറിയ അസുഖമൊക്കെ അവര്‍ക്ക് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരികയായിരുന്നു. ഇപ്പോഴും എടമുട്ടം-കഴിമ്പ്രം റൂട്ടില്‍ പോകുമ്പൊ മിനിമം ഒരു തവണയെങ്കിലും ഈ രണ്ടു കക്ഷികളെയും കാണാം, പകുതി വസ്ത്രം ധരിച്ച് മൂപ്പത്തിയാരും, പോയിട്ടെന്തോ ധൃതിയുണ്ടെന്ന മട്ടില്‍ പാഞ്ഞു പോകുന്ന കുഞ്ഞമ്മിണിയും...!

* * * * * *
വൈകിപ്പോയ ജാമ്യം: മുകളില്‍ പറഞ്ഞിരിക്കുന്നതൊന്നും തന്നെ ഏതെങ്കിലും വ്യക്തികളെ അധിക്ഷേപിക്കാന്‍ വേണ്ടി എഴുതിയതല്ല. ഇനി ഏതെങ്കിലും കോണിലൂടെ അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍ ദയവായി ആ കോണിലൂടെയുള്ള നോട്ടം അങ്ങ് ഒഴിവാക്കുക. എന്തിനാ വെറുതെ... :)