Friday, 11 January 2008

സച്ചിന്‍റെ വെള്ളംകുപ്പി

"ചേട്ടനറിഞ്ഞോ, സലിച്ചേട്ടന്‍ കൊച്ചീന്ന് വന്നപ്പൊ എന്തൂട്ടാ കോണ്ട് വന്നേന്ന്?"

"ഇനിക്കറിഞ്ഞൂട..ന്തൂട്ടാ?"

"ഒരു വെള്ളംകുപ്പി"

"വെള്ളംകുപ്പ്യാ? ഹിഹി.. ഒന്നു പോയേരാ. ആസ്സാക്കാ?"

"അല്ല ചേട്ടാ, സത്യായിട്ടും. സച്ചിന്‍ കുടിച്ച വെള്ളത്തിന്‍റെ ബാക്ക്യാണ്‌ന്നാ ല്ലാരും പറയണേ.."

"ന്തൂട്ട്??!!!"

"ആന്ന്, വേണെങ്ങെ വിശ്ശൊസിച്ചാ മതി. ഞാമ്പൂവ്വാ."

"നിക്കറാ, ശരിക്കും സച്ചിന്‍ കുടിച്ച വെള്ളാണോ?"

"അതേന്ന്, അവ്ടെ എല്ലാരൂണ്ട്. ചേട്ടന്‍ വര്ണ്ടാ??"

"ന്നാ വാടാ. വേഗം പൂവ്വാ"

* * *

"സലിച്ചേട്ടാ.."

"ഉം.."

"സലിച്ചേട്ടനെപ്പഴാ വന്നേ?"

"കൊറേ നേരായി..ന്തേ?"

"കള്യൊക്കെ എങ്ങനിണ്ടായിര്ന്നു?"

"കളിയൊക്കെ എപ്പഴായാലും കാണാല്ലോ. ഞാന്‍ കളിക്കാര്ടെ അട്ത്തായിര്ന്നു. സാറിനോട് പ്രത്യേകം പറഞ്ഞ് വാങ്ങിയതാ ഡ്രെസ്സിങ്ങ് റൂമിന്‍റെ അട്ത്ത് തന്നെ ഡ്യൂട്ടി"

ഇതില്‍പ്പരം ചിടുങ്ങുകള്‍ക്കൊന്നും വേണ്ടിയിരുന്നില്ല. ഞാനും വിശ്വസിച്ചു. ആരാധന, അസൂയ, ആകാംക്ഷ എല്ലാം കണ്ണുകളില്‍ തത്തിക്കളിച്ചു. സലിച്ചേട്ടന്‍ ഇടംകണ്ണിട്ട് നോക്കി. എല്ലാവരും ഭയഭക്തിബഹുമാനത്തോടെ തന്നെ നോക്കി നില്‍ക്കുന്നതു കണ്ട് ഒരു പുച്ഛച്ചിരി ചിരിച്ചു. നമുക്കുണ്ടോ അതില്‍ വല്ല ചേതവും.

"സലിച്ചേട്ടനൊരു കുപ്പി കൊണ്ടു വന്ന്‌ണ്ട്ന്ന്..."

"ഉം.."

"നിക്ക്യൊന്ന് കാണിച്ചര്വോ?"

പണ്ടാരം! ഇനീം കാത്തിരിക്കാന്‍ ക്ഷമയില്ല.സലിച്ചേട്ടനൊന്നു നോക്കി. വീണ്ടും പുച്ഛച്ചിരി ചിരിച്ചു. എന്നിട്ട് ഗൌരവത്തോടെ എണീറ്റ് അകത്തേക്കു പോയി. ഒരു കവറും കൊണ്ട് തിരിച്ചു വന്നു.

കീടങ്ങള്‍ ഇളകി.

"എല്ലാരും മിണ്ടാതെ നിക്ക്. വരി വര്യായിട്ട്.. കൈ കെട്ടി നിക്കണം. ഇല്ലെങ്കില്‍ കാണിച്ചു തരുന്ന പ്രശ്നല്യ."

ദുഷ്ടാ, ഒരിത്തിരി വെള്ളം കാണിച്ചു തരാന്‍ ഇത്രേം ജാടയോ... ഹും ഒരിക്കല്‍ ഞാനും പൂവും കളി കാണാന്‍. അന്ന് കാണിച്ചരാ.

പക്ഷേ, അത് പിന്നീട്, ഇപ്പൊ സച്ചിന്‍ കുടിച്ച വെള്ളംകുപ്പി കാണണം. പറ്റുകയാണെങ്കില്‍, അല്ല സലിച്ചേട്ടന്‍റെ കാലു പിടിച്ചിട്ടാണെങ്കിലും ഒരിത്തിരി അതീന്ന് കുടിക്കണം.ഹൊ!! ന്നിട്ട് വേണം നാളെ ക്ളാസ്സില്‌ പോയി നാല്‌ ഡയലോഗടിക്കാന്‍. ഹോ! ഓര്‍ക്കുമ്പൊ കുളിരു കോരുന്നു.

ആകാംക്ഷയും ആക്രാന്തവും ഇട കലര്‍ന്ന വികാരത്തോടെ ഒരുത്തനൊരുത്തന്‍റെ തോളില്‍ താങ്ങി നിന്നു കൊണ്ട്, കവറില്‍ നിന്ന് പുറത്തേക്കു വരുന്ന സലിച്ചേട്ടന്‍റെ കൈകളിലേക്ക് ഇമ വെട്ടാതെ നോക്കി നിന്നു. ആ കൈകള്‍ക്ക് ആവശ്യത്തിലേറെ നീളമുണ്ടെന്ന് അപ്പോള്‍ തോന്നി.

ഒടുവില്‍ ആ കുപ്പി വെളിയില്‍ പ്രത്യക്ഷപ്പെട്ടു. പകുതിയോളം വെള്ളമുള്ള ആ പ്ളാസ്റ്റിക് കുപ്പി.. സച്ചിന്‍ കുടിച്ച വെള്ളത്തിന്‍റെ ബാക്കി. വിശ്വസിക്കണോ വേണ്ടയോ എന്ന് ഉറപ്പിക്കാന്‍ പ്രയാസം. ന്നാലും സച്ചിനും സലിച്ചേട്ടനും തമ്മിലിങ്ങനെ വെള്ളം കൈ മാറാനുള്ള അവസരം എങ്ങനെ കിട്ടി??!!പക്ഷേ, ഇപ്പൊ അതൊന്നും ചിന്തിക്കേണ്ട സമയമല്ല. സച്ചിന്‍ കുടിച്ചതു തന്നെ. സലിച്ചേട്ടന്‍ ആ കുപ്പിയെ പരിചരിക്കുന്നതു കണ്ടാലറിയാം.

"ഡ്രെസ്സിങ്ങ് റൂമിന്‍റെ തൊട്ടടുത്താരുന്നു ഡ്യൂട്ടി. കളിക്കാര്‍ പുറത്തേക്കിറങ്ങുന്നതും തിരിച്ചു കേറുന്നതുമൊക്കെ ന്‍റെ മുന്നീക്കൂട്യായിരുന്നു. എല്ലാരും കളിക്കാരെ തൊടാന്‍ വേണ്ടി എന്തൊരു തിക്കും തെരക്ക്വായീര്ന്നു. ഞാനൊറ്റെണ്ണത്തിനേം മൈന്‍ഡ് ചെയ്തില്ല. ചെയ്താ അവമ്മാരു നമ്മടെ തലേക്കേറും. നമ്മളിവിടെ ക്രിക്കറ്റ് കളിക്കാത്തതൊന്ന്വല്ലല്ലൊ. എസ്സെന്‍ കോളേജിന്‍റെ ക്യാപ്റ്റനായിര്ന്നപ്പൊ ഞാന്‍ കളിച്ച കളി പോലൊന്നും ഇവമ്മാര്‍ കളിച്ചിട്ടുണ്ടോ..എവടെ?".

വാ പൊളിച്ചു വെച്ച്, സച്ചിന്‍റെ വെള്ളംകുപ്പിയിലേക്ക് കണ്ണും നട്ട് ഞങ്ങള്‍ കഥ കേട്ടിരുന്നു. നമ്മക്കെന്ത് എസ്സെന്‍ കോളേജ്, നമ്മക്കെന്ത് ക്യപ്റ്റന്‍സി? സച്ചിന്‍റെ വെള്ളംകുപ്പിയില്‍ നിന്നൊരു തുള്ളി..അതാണിപ്പൊ പരമമായ ലക്‌ഷ്യം.

"അങ്ങനെ ഇരിക്കുമ്പൊ ദേ സച്ചിന്‍ വരുന്നു. കയ്യില്‍ ഈ കുപ്പിയുമുണ്ട്. അങ്ങേരു പകുതിയേ കുടിച്ചിട്ടുണ്ടായിരുന്നുള്ളൂ." കുപ്പിയെ ശ്രദ്ധാപൂര്‍വ്വം കയ്യിലെടുത്തു കൊണ്ട് സലിച്ചേട്ടന്‍ തുടര്‍ന്നു.
ഞങ്ങള്‍ കാതു കൂര്‍പ്പിച്ചിരുന്നു. സച്ചിന്‍ രംഗത്തെത്തിക്കഴിഞ്ഞു.

"എനിക്ക് നല്ല ദാഹമുണ്ടായിരുന്നു, അങ്ങേരു ഡീസന്‍റായിരുന്നെന്നു തോന്നുന്നു, എന്‍റെ മുഖം കണ്ടപ്പൊ അങ്ങേര്‍ക്കു തോന്നിക്കാണും. അല്ലാ, കാലത്തു മുതല്‍ ആ രൊറ്റ നിപ്പു നിക്കണത് മൂപ്പരും കണ്ടതാണല്ലൊ.
ന്‍റട്ത്ത് രൊറ്റ ചോദ്യം, 'ഓഫീസര്‍, യൂ വാണ്ട് സം വാട്ടര്‍?'-ന്ന്"

"എന്‍റെയീ നിപ്പും ലുക്കുമൊക്കെ കണ്ടപ്പൊ മൂപ്പരു വിചാരിച്ചു കാണും ഞാന്‍ വല്ല ഓഫീസറുമായിരിക്കുമെന്നേ."
പിന്നെ പിന്നേ, കൊതി മൂത്ത് നോക്കി നിന്നപ്പൊ ചോദിച്ചതാവും, പ്രാക്ക് കിട്ടണ്ടാന്ന് വെച്ചിട്ട്, ഞാന്‍ മനസ്സിലോര്‍ത്തു. പക്ഷേ, സംയമനം പാലിച്ചേ പറ്റൂ, സച്ചിന്‍റെ വെള്ളംകുപ്പി മുന്നില്‍ത്തന്നെ ഇരിപ്പുണ്ട്.

"നല്ല ദാഹണ്ടായിരുന്നോണ്ട് മാത്രം, അല്ലെങ്കില്‍ ഞാനിങ്ങനെ വെള്ളൊന്നും വാങ്ങില്ലായിരുന്നു."
'യാ' ന്നു പറഞ്ഞപ്പൊ മൂപ്പരിതെന്‍റെ നേരെ നീട്ടി. വാങ്ങിയപ്പൊ ന്‍റെ കൈ മൂപ്പര്ടെ കയ്യിലൊന്നു തട്ടി.

അത്രേം പറഞ്ഞ് സലിച്ചേട്ടനൊന്ന് നിര്‍ത്തി. എന്നിട്ട് ഞങ്ങളെ പാളിയൊന്ന് നോക്കി. എല്ലാരും ഞെട്ടിയിരിക്ക്യാണ്‌. സലിച്ചേട്ടന്‍ സച്ചിനെ തൊട്ടിരിക്കുന്നു. ഭാഗ്യവാന്‍!! കണ്ണുകള്‍ കുപ്പിയില്‍ നിന്നു മാറി ഇപ്പൊ സലിച്ചേട്ടന്‍റെ കൈകളിലാണ്‌ ഫോക്കസ് ചെയ്തിരിക്കുന്നത്.
പഴയ പുച്ഛച്ചിരിയുടെ കൂടെ ലേശം ഗൂഢച്ചിരി കൂടെ മിക്സ് ചെയ്ത് സലിച്ചേട്ടന്‍ കൊച്ചിപുരാണം തുടര്‍ന്നു.

"കുറച്ച് കുടിച്ചിട്ട് ഞാന്‍ 'താങ്ക് യൂ വെരി മച്ച് സച്ചിന്‍' ന്നു പറഞ്ഞ് കുപ്പി തിരിച്ച് നീട്ടി. അപ്പൊ മൂപ്പരു പറയാ, 'നൊ. യൂ കീപ് ഇറ്റ്. ഐ ഹാവ് ഗോട്ട് സം മോര്‍ ബോട്ടില്‍സ് ഹിയര്‍'-ന്ന്. സച്ചിന്‍ പറഞ്ഞതല്ലേന്നു കരുതി ഞാന്‍ പിന്നെ അതു കയ്യില്‍തന്നെ വച്ചു."

ആരാധന കൊണ്ട് പാരവശ്യരായിപ്പോയ ചിടുങ്ങുകളെ നോക്കി സലിച്ചേട്ടന്‍ പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും ഒരു അടപ്പ് വെള്ളം വീതം തരുന്നതായിരിക്കും.
സന്തോഷം കൊണ്ട് ചിടുങ്ങുകള്‍ നൃത്തം ചെയ്തു. തിക്കും തിരക്കും കൂട്ടി. അമ്പലത്തിലെ പുണ്യാഹം വാങ്ങാനെന്ന പോലെ വലതു കൈ വീട്ടി ഞാനുള്‍പ്പെടെയുള്ള പാവങ്ങള്‍ നിന്നു. രാജാ സലിച്ചേട്ടന്‍ അവര്‍കള്‍ ശ്രദ്ധാപൂര്‍വ്വം കുപ്പിയുടെ മൂടിയിലേക്കു പകര്‍ന്ന ആ പുണ്യജലം ഓരോരുത്തര്‍ക്കായി വിതരണം ചെയ്തു.

ഒടുവില്‍ ബാക്കി വന്ന ലേശം വെള്ളം തിരിച്ച് കവറിലേക്ക് വെച്ച് ഒരു ജേതാവിനെപ്പോലെ സലിച്ചേട്ടന്‍ മന്ദഹസിച്ചു. സച്ചിന്‍ കുടിച്ചതിന്‍റെ ബാക്കി വെള്ളം, സച്ചിനെ തൊട്ട കൈകളില്‍ നിന്ന് ഏറ്റു വാങ്ങിക്കുടിച്ച നിര്‍വൃതിയോടെ, ചിടുങ്ങുകള്‍ നിറഞ്ഞ ഹൃദയവും കൂട്ടിപ്പിടിച്ച കൈകളുമായി പതിയെപ്പതിയെ പിരിഞ്ഞു പോയി.

* * *
ന്നാലും ന്‍റെ സലിച്ചേട്ടാ... ;)

15 comments:

അനിയന്‍കുട്ടി said...

ന്നാലും ന്‍റെ സലിച്ചേട്ടാ... ;)

ഹരിത് said...

കൊള്ളാം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ന്നാലും ന്റെ അനിയങ്കുട്ട്യേ...

വാല്‍മീകി said...

ആ വെള്ളം കുടിക്കുന്ന പടമാണോ അത്?

ഗുപ്തന്‍ said...

യ്യേ!!!

(എഴുത്ത് നന്നായി)

ശ്രീ said...

അനിയന്‍‌ കുട്ടീ... ഗൊള്ളാം... ;)

[വാല്‍മീകി മാഷുടെ ചോദ്യത്തിനുത്തരം പറയ്]

പപ്പൂസ് said...

സംഗതി വാല്‍മീകി പറഞ്ഞതു തന്നെ... ;) നന്നായിട്ടുണ്ട്...

മൂര്‍ത്തി said...

സില്‍ക്ക് സ്മിത കടിച്ച ആപ്പിള്‍ ലേലത്തില്‍ പിടിച്ച നാടാണിന്ത്യ...:)

മുസഫിര്‍ said...

എഴുത്ത് നന്നായിട്ടുണ്ട് കഴിമ്പ്രത്ത്‌കാരാ.

അനിയന്‍കുട്ടി said...

ഹിഹി.. ആ വെള്ളം കുടിക്കുന്ന പടമല്ല അത്. അതൊരു മാതിരി, ഭയഭക്തിബഹുമാനങ്ങളോടെ താണു തൊഴുത് പുണ്യാഹം വാങ്ങ്‌ണ പോലെ അല്ലായിരുന്നോ...ഇതു വന്ത്, അതിനും അതിനു ശേഷം പിന്നീടൊരു പാട് തവണ വേറെയും വെള്ളം കുടിച്ചതിനു ശേഷം, എപ്പൊഴോ ഒരു ചേഞ്ചിനു വേണ്ടി ചായ കുടിക്കുന്ന പടമാ.

ഹരിത്-പ്രിയ-വാല്‍മീകി-ഗുപ്തന്‍-ശ്രീ-പപ്പൂസ്-മൂര്‍ത്തി-മുസഫിര്‍ ടീം... വായിച്ചതിനും കമന്‍റിട്ടതിനും വളരെ നന്ദി..

anoop said...

dei payyans...athu cheeri monee!!!!

Eccentric said...

കലക്കിയെടാ ചക്കരേ.ഞാന്‍ ഒരു ലിങ്ക് എടുത്തേ...

നിഷ്ക്കളങ്കന്‍ said...

Nalla rasamulla ezhuthu aniyaa :)

Anonymous said...

well.. it's like I thought!

Anonymous said...

я думаю: отлично. а82ч