Wednesday 12 December 2007

വെല്ലിമാമന്‌ നന്ദി

ശാലിച്ചേച്ചീടെ കല്യാണമായിരുന്നു. എല്ലാരും എടമുട്ടത്തുള്ള രവിമാമന്‍റെ വീട്ടിലാണ്‌. അവിടെം ഇവിടെം കുറേ നേരം ചുറ്റി നടന്ന് ബോറടിച്ച് നില്‍ക്കുമ്പോഴാണ്‌ സഹോദരലോബി മാറി നിന്ന് അടക്കം പറയുന്നത് കണ്ടത്. ശ്ശെടാ, ഇവമ്മാരിതെന്തിനുള്ള പുറപ്പാടാണെന്നോര്‍ത്ത് "ഞാനും കൂടി" എന്ന ഭാവത്തില്‍ ആവശ്യത്തിനധികം വിധേയത്വം പുരട്ടി ഞാനും അക്കൂട്ടത്തിലേക്ക് ചെന്നു നിന്നു. പണ്ടു മുതലേ ആസ്ഥാനപഠിപ്പിസ്റ്റെന്ന ദുഷ്പേരുള്ളതിനാല്‍, പൊതുവേ വിദ്യാഭ്യാസപദ്ധതികളില്‍ വിശ്വാസമില്ലാത്തവരും പ്രാക്ടിക്കല്‍ വിജ്ഞാനസ്വാംശീകരണത്തിന്‍റെ വക്താക്കളുമായ സഹോദരര്‍ക്ക് ഞാനൊരു പൊന്നുരുക്കുന്നിടത്തെ പൂച്ചയാണെന്നു തോന്നുക സ്വാഭാവികം മാത്രം. അതു കൊണ്ടു തന്നെ എന്നെക്കണ്ടപ്പോള്‍ അവമ്മാരൊന്നു നിര്‍ത്തി. പക്ഷേ, കൂട്ടത്തില്‍ മനുഷ്യപ്പറ്റുള്ള ഷനുച്ചേട്ടന്‍ "അവന്‍ നിന്നോട്ട്രാ നീ പറ" എന്ന് പറഞ്ഞ് ശ്രദ്ധ എന്നിലേക്കു തിരിച്ചു വിടാതെ വിഷയം തുടരാന്‍ വിനോഷ്ഭായിയെ പ്രേരിപ്പിച്ചു.

സംഗതി പരമരഹസ്യമായിരുന്നു. കാറമാമന്‍റെ വീടിന്‍റെ താക്കോല്‍ വിനോഷ്ഭായിയുടെ കയ്യിലുണ്ട്. ഗള്‍ഫിലുള്ള മാമന്‍റെ, നാട്ടിലെ ആ വലിയ വീട്ടില്‍ മൂപ്പരാണ്‌ ഈയിടെയായി കിടക്കാന്‍ പോവുന്നത്. കല്യാണം പ്രമാണിച്ച് സകല ബന്ധുമിത്രാദികളും കഴിമ്പ്രം വിട്ട് എടമുട്ടത്തേക്കു ചേക്കേറിയിരിക്കുന്ന അവസരമാണ്‌. ഒളിച്ചിരുന്ന് കള്ളുകുടി തുടങ്ങിയ സമയമായതിനാല്‍ വിഷയത്തിന്‍റെ എണ്ണം പറഞ്ഞ ആശാന്മാരായ മാമന്‍മാരുടെയും പാപ്പന്മാരുടെയും വീരസാഹസികകഥകള്‍ ഞാനുള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ്സിനെ അന്നു വല്ലാതെ അങ്ങോട്ട് ആകര്‍ഷിച്ചിരുന്നു. അതിന്‍റെ ഫലമെന്നോണം അന്നു വൈകീട്ട് കാറമാമന്‍റെ വീട്ടില്‍ നമുക്കു കൂടണം എന്ന ഗൂഢപദ്ധതിയാണ്‌ അവിടെ ഇരുട്ടിന്‍റെ മറവില്‍ സഹോദരലോബി തയ്യാറാക്കിയിരുന്നത്.

പ്രശ്നങ്ങള്‍ പലതാണ്‌. ഒന്നാമതായി, അവിടെ കിടക്കാന്‍ എല്ലാവരും കൂടെയാണ്‌ പോവുന്നത് എന്ന വിവരം ആരും അറിയാന്‍ പാടില്ല. കല്യാണത്തലേന്നായാലും വയറു നിറയേ വാട്ടറടിച്ചു നില്‍ക്കുകയാണെങ്കിലും അങ്ങനെ ഒരു വിവരം മാമന്മാരറിയാനിടയായാല്‍, ഇതിവമ്മാരു കള്ളു കുടിയ്ക്കാനുള്ള പുറപ്പാടാണെന്നു മനസ്സിലാക്കാനും അതിനെ ടോര്‍പ്പിഡൊ വച്ചു തകര്‍ത്തു കളയുമെന്നും മനസ്സിലാക്കാനുള്ള ബുദ്ധി ഞങ്ങള്‍ക്ക് (ചുമ്മാ ക്രെഡിറ്റ് എനിക്കും കൂടെ ഇട്ടെന്നേ ഉള്ളൂ... ഇതൊക്കെ അവമ്മാരു പറഞ്ഞതാ. നേരേ പോയി അച്ഛനോടു പറയാന്‍ പോയതാ ഞാന്‍, "കാറമാമന്‍റോടെ കെട്ക്കാന്‍ പോട്ടേന്ന്" !!) അന്നേ ഉണ്ടായിരുന്നു, സത്യം. പിന്നേം ഉണ്ട് പ്രശ്നം. വിവരം അറിയാവുന്ന മറ്റു ചില സില്‍ബന്തികളെ കള്ളു കൊടുത്ത് വശത്താക്കണം. നോക്കാന്‍ തന്ന വീട്ടിലിരുന്നു കള്ളു കുടിച്ച് കൂത്താടി എന്ന ചീത്തപ്പേരുണ്ടായാല്‍ പിന്നെ കാറമാമന്‍റെ മുഖത്ത് നോക്കാന്‍ പറ്റില്ല.

പക്ഷേ, പ്രശ്നങ്ങളൊക്കെ നിസ്സാരമെന്നു തോന്നുക വെറും സ്വാഭാവികം മാത്രം. രാത്രി ഒരു മണിയോടടുപ്പിച്ച്, ഒരു മാതിരിപ്പെട്ടവരൊക്കെ പാമ്പുകളും പൂക്കുറ്റികളുമായിത്തുടങ്ങിയപ്പൊ, ഞങ്ങള്‍ പല വഴിക്കായി നീങ്ങി. സാധനം സംഘടിപ്പിച്ചതും അവിടെയെത്തിച്ചതുമെല്ലാം മുതിര്‍ന്നവരാണ്‌. ഷിജുവിനും എനിക്കുമൊക്കെ, കലവറയില്‍പ്പോയി കുറെ അച്ചാറും ഉപ്പേരിയുമൊക്കെ അടിച്ചു മാറ്റി പൊതിഞ്ഞ് കൊണ്ടു വരിക എന്ന സിമ്പിള്‍ ബട്ട് ഡേഞ്ചറസ്സ് (അര്‍ദ്ധരാത്രി ഉപ്പേരി കൊറിക്കാന്‍ മാത്രം ഞങ്ങളുടെ തലയ്ക്ക് സ്ഥിരത കൈമോശം വന്നിട്ടില്ലെന്ന് അമ്മായിമാര്‍ക്കറിയാമായിരുന്നല്ലോ..) പണിയേ ഉണ്ടായിരുന്നുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം അന്നു സ്പെഷ്യലായിരുന്നു. കാരണം മറ്റൊന്നുമല്ല, ഞാന്‍ ഇക്കാര്യത്തില്‍ അന്നു വരെ കന്യകനായിരുന്നു. "വാട്ടര്‍ വാട്ടര്‍ എവരിവേര്‍ തുള്ളി കുടിപ്പാന്‍ ചാന്‍സില്ല" എന്ന അവസ്ഥയിലൂടെയായിരുന്നു അന്നു ഞാന്‍ കടന്നു പോയിക്കൊണ്ടിരുന്നത്. അതു കൊണ്ട് തന്നെ ഈ സന്ദര്‍ഭം മാക്സിമം മുതലാക്കണം, ലോബിക്കു മുന്നില്‍ എനിക്കും എന്‍റെ വീരശൂരപരാക്രമം കാണിക്കണമെന്നെല്ലാം മനസ്സിലുറച്ചാണ്‌, ഷിജുവിന്‍റെ കൂടെ ഇരുട്ടിന്‍റെ മറവു പറ്റി രണ്ടു കിലോമീറ്ററകലെയുള്ള കാറമാമന്‍റെ വീട്ടിലേക്ക് ആ പാതിര നേരത്ത് ഞാന്‍ ചെന്നെത്തിയത്.

സിന്‍ഡിക്കേറ്റിലെ മുതിര്‍ന്ന അംഗങ്ങളെല്ലാം നേരത്തെ അവിടെ എത്തിയിരുന്നു. എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഗ്‌ര്‍ര്‍ര്‍....എന്‍റെ ഉള്ളില്‍ ഒരു ഇടത്തരം പുലി ചീറി. നാലു കാലിന്‍റെ അറ്റത്തും സിംഹത്തലയുള്ള ടീപോയിമേല്‍ അതാ ഇരിക്കുന്നു എന്‍റെ നവവധു, നെഞ്ചത്ത് ഓള്‍ഡ് മോങ്ക് എന്നുമെഴുതിക്കൊണ്ട്. ഗൊള്ളാം, നല്ല എടുപ്പുള്ള ഗുപ്പി. കന്നിക്കുടി ആവുമ്പൊ ഇത്തിരി ഭംഗിയുള്ള കുപ്പീന്നാവണമെന്ന് എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു, ആവശ്യല്ലാത്ത ഇംഗ്ളീഷ്പടൊക്കെ കാണാന്‍ പോയിട്ടുള്ള വകയില്‍ ഉണ്ടായിപ്പോയ ഒരു ആഗ്രഹമാണ്‌. എന്തായാലും അക്കാര്യം ഓക്കെ.

അങ്ങനെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ വിനോഷ്ഭായ് ഓള്‍ഡ്‍മോങ്കിയുടെ തലക്കടിച്ചു ബോധം കെടുത്തി. എന്നിട്ട് അസ്സനാരിക്ക കോഴിയെ കൊല്ലുന്ന പോലെ അവളുടെ കഴുത്തു പിടിച്ചു തിരിച്ച് തുറന്ന്, നിരത്തി വെച്ചിരുന്ന ഗ്ളാസ്സുകളിലേയ്ക്ക് ഒരു എക്സ്പീരിയന്‍സ്ഡ് ബെയററെപ്പോലെ ഭംഗിയായി ഒഴിച്ചു. ഇതെന്തിനാ അഞ്ചു ഗ്ളാസ്സ് എന്ന ഭാവത്തില്‍ എന്നെ നോക്കുകയും കല്യാണരാമന്‍ സ്റ്റൈലില്‍ "വേസ്റ്റ് ഗ്ളാസ്സാണ്‌ ബാക്കി വരുന്ന മദ്യമൊഴിക്കാന്‍" എന്ന ഭാവത്തില്‍ ഞാന്‍ വീണ്ടും വിധേയനായപ്പോള്‍, ലേശം ഗൌരവം കാണിച്ച് എനിക്കു കൂടെ ഒഴിക്കാന്‍ മൂപ്പരു സന്മനസ്സു കാട്ടി. കൂട്ടത്തില്‍ വെച്ചിരുന്ന തണുത്ത വെള്ളം കൂടി മിക്സ് ചെയ്ത് മോങ്കിയുടെ വിശുദ്ധരക്തത്തെ പാനം ചെയ്യാന്‍ എല്ലാവരും റെഡിയായി.

എന്നാല്‍....

വിനോഷ്ഭായ് ഗ്ളാസ്സ് എടുത്തു ചിയേഴ്സ് പറയലും പുറത്തൊരു കാറിന്‍റെ ഹോണ്‍ മുഴങ്ങിയതും ഒരുമിച്ചായിരുന്നു. പിന്നെ അവിടെ ഒരു വെപ്രാളമായിരുന്നു. മോങ്കിക്കുട്ടിയെ ഒളിപ്പിക്കുന്നൂ..ഗ്ളാസ്സുകള്‍ കട്ടിലിനടിയിലേക്കു തള്ളുന്നൂ.. തൊട്ടുകൂട്ടു സാമഗ്രികള്‍ പൊതിഞ്ഞെടുത്ത് സോഫക്കടിയിലിടുന്നൂ... അങ്ങനെ ആകെ ബഹളം. ടിവി-യിലെ ശബ്ദം കുറച്ച് വെച്ചിരുന്ന ഏതോ മലയാളം സിനിമാപ്പാട്ട് കുറച്ചു കൂടെ ഉച്ചത്തിലാക്കിയപ്പോഴേക്കും ബെല്‍ മുഴങ്ങി. പതിവു പോലെ വാതില്‍ തുറക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. എന്തെങ്കിലും അറിഞ്ഞുകൊണ്ട് ആരെങ്കിലും ചന്ദ്രഹാസമെടുത്തു വരികയാണെങ്കില്‍ "മുതല്‍മുതലാകെ എന്നെ അങ്ങോട്ട് പരവശമാക്കിക്കോട്ടേന്ന്" വെച്ചാണ്‌ ആ സാമദ്രോഹികള്‍ എനിക്ക് ആ പണി എപ്പോഴും തന്നിരുന്നത്.

വാതില്‍ തുറന്നപ്പോ ദേ വെല്ലിമാമന്‍!! താരാനാഥന്‍മാഷ് പദ്യംചൊല്ലിച്ചപ്പൊ, പച്ചവെള്ളം പോലെ പഠിച്ചു വെച്ചിരുന്ന "മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ളീപ്" പണ്ട് കൂളായി മറന്നു പോയതു പോലെ, ഓര്‍ത്തു വെച്ചിരുന്ന നുണകളൊക്കെ യാതൊരു മൈന്‍ഡുമില്ലാതെ പമ്പ കടന്നു. "എന്താടാ ഇവിടെ പരിപാടി" എന്ന് പെരിയ മാമാജി വളരെ ക്രൂരമായി ചോദിച്ചപ്പൊ "ബബ്ബബ്ബാ..." എന്നല്ലാതെ ഒരു മലയാളവാക്യം പോലും എനിക്കു കംപ്ളീറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. "ഇവ്ടെ വാടാ കഴ്തേ" എന്നും പറഞ്ഞ് മാമനെന്‍റെ കയ്യില്‍പിടിച്ച് വലിച്ചു കൊണ്ട് ഇറങ്ങി. "അയ്യോ മാമാ, ഞാനിവിടെ ഇവര്ടെ കൂടെ കെട്ക്കാന്നു വെച്ചിട്ട്.." എന്നൊക്കെ പറഞ്ഞ് സിറ്റ്വേഷന്‍ ഡീല്‍ ചെയ്യാന്‍ ഞാന്‍ കുറേ ട്രൈ ഔട്ട് ചെയ്തെങ്കിലും മാമന്‍റെ പിടി കൂടുതല്‍ മുറുകിയേ ഉള്ളൂ.

അങ്ങനെ പുറത്തു നിര്‍ത്തിയിരുന്ന കാറില്‍ എറിയപ്പെട്ട് മാമനോടൊന്നിച്ച് പോരുമ്പൊ "അതെന്തേ എന്നൊടിങ്ങനെ ഒരു വിവേചനം, അവിടെ ഇരിക്കുന്ന ബാക്കിയുള്ളവരും മാമന്‍റെ അനന്തിരവര്‍ തന്നെയല്ലേ" എന്ന അര്‍ഥം വരുന്ന ഒരു ഡയലോഗ്, നിരാശയുടെ ആ പീക്പോയന്‍റില്‍ ഞാന്‍ അടിച്ചതോ മറ്റോ ഓര്‍മയുണ്ട്. കണ്ണു തുറക്കുമ്പോള്‍ ഞാന്‍ വീട്ടിലായിരുന്നു. അച്ഛനും അമ്മയും അവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പാവം ഞാന്‍! പഴി കേള്‍ക്കുകയും ചെയ്യുന്നു, എന്നാല്‍ ഒരു തുള്ളി അടിച്ച് ഈ "കെട്ടുമാറാപ്പ്" ഒന്നഴിച്ചു വെക്കാനും പറ്റീല. എനിക്കാകെ കലി വന്നു. വിഷുവിന്‌ ലോക്കല്‍ കടകളില്‍ നിന്ന് വാങ്ങുന്ന മാലപ്പടക്കം പൊട്ടുന്ന(?) പോലെ "ശട്പട്.റ്റ്ശൂ..ശ്ടെ" എന്നൊക്കെ എന്തൊക്കെയോ പറഞ്ഞ് പുലമ്പിക്കൊണ്ട് ഞാന്‍ ചവിട്ടിക്കേറി അകത്തു പോയി വിരി വെച്ചു. അവിടെ കാറമാമന്‍റെ വീട്ടില്‍ കട്ടിലിന്‍റെ അടിയിലേക്കു നീക്കി വെച്ച എന്‍റെ മോങ്കിയെയോര്‍ത്ത് എനിക്ക് സങ്കടം സഹിക്കാനായില്ല. അതിനേക്കാളുപരി നാളെ അവിടെ നടത്തിയ അങ്കങ്ങളെക്കുറിച്ച് സഹോദരലോബി വന്ന് അടിച്ചിറക്കാന്‍ പോകുന്ന വിശേഷങ്ങളോര്‍ത്ത് ഞാന്‍ വളരെ നിരാശനായി. ആ നിരാശയിന്‍റെ കൂടെ പതിവു ക്വോട്ടയായ രണ്ടു കൊതുകടി കൂടെ കിട്ടിയപ്പൊ ഞാന്‍ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു. ഉറക്കത്തില്‍, ഓള്‍ഡ് മോങ്കി കൊണ്ടു നിറച്ച ഒരു സ്വിമ്മിങ്ങ്‌പൂളില്‍ ഞാന്‍ നീന്തിത്തുടിക്കുന്നതും, ടച്ചിങ്ങ്‌സുമായി വെല്ലിമാമന്‍ എന്നേം കാത്ത് കരയ്ക്കല്‍ നില്‍ക്കുന്നതുമായി ഞാന്‍ സ്വപ്നം കണ്ടു.

***

വര്‍ഷങ്ങള്‍ക്കിപ്പുറത്തിരുന്ന് ഇന്നാ സംഭവം ആലോചിക്കുമ്പോള്‍ എനിക്ക് വെല്ലിമാമനോട് തോന്നുന്നത് അങ്ങേയറ്റം നന്ദിയാണ്‌. അന്നത്തെ ഒരു സംഭവത്തിന്‍റെ വാശിക്കെന്നോണം പിന്നീടു പല അവസരങ്ങളും വന്നെങ്കിലും ഞാന്‍ അതൊന്നും ഉപയോഗിച്ചില്ല. പിന്നീടതൊരു അനാവശ്യമായിക്കണ്ട് ഉപേക്ഷിക്കുകയും ചെയ്തു. ഒരു തുള്ളി പോലും അതിനു ശേഷം ഞാന്‍ കഴിച്ചില്ല. അഴിച്ചു വെക്കാന്‍ കഴിയാതിരുന്ന ആ "കെട്ടുമാറാപ്പ്" ഇന്നും ഒരു സുഖത്തോടെ ഞാന്‍ കൊണ്ടു നടക്കുന്നു... പ്രിയപ്പെട്ട വെല്ലിമാമന്‌ ഒരിക്കല്‍ക്കൂടി നന്ദി...

***

വാലിലെ പൂട:

അതിനിപ്പുറം, ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കുഞ്ഞിമാമന്‍റെ കല്യാണത്തിന്‌ വിനോഷ്ഭായി സ്വന്തം മുറിയിലിരുന്നു മൂന്നാലെണ്ണം കേറ്റിയതു കൂടാതെ, മാമന്മാരുടെ കൂട്ടത്തില്‍ച്ചെന്ന് വെല്ലിമാമനോട് ബെറ്റ് വെച്ച്, 10-7 എന്ന വന്‍ മാര്‍ജിനില്‍ മാമനെ തോല്‍പ്പിക്കുകയും, ജയിച്ച് കിട്ടിയ വകയായ ഒരു ഫുള്ളും കൊണ്ട് ഒറ്റക്ക് നടന്ന് തിരിച്ചു വരികയും ചെയ്തു...!!!

5 comments:

അനിയന്‍കുട്ടി | aniyankutti said...

ഉറക്കത്തില്‍, ഓള്‍ഡ് മോങ്കി കൊണ്ടു നിറച്ച ഒരു സ്വിമ്മിങ്ങ്‌പൂളില്‍ ഞാന്‍ നീന്തുന്നതും ടച്ചിങ്ങ്‌സുമായി വെല്ലിമാമന്‍ എന്നേം കാത്ത് കരയ്ക്കല്‍ നില്‍ക്കുന്നതുമായി ഞാന്‍ സ്വപ്നം കണ്ടു.

ഒരു സുഖമുള്ള ഓര്‍മ്മ :)

Eccentric said...

"
വര്‍ഷങ്ങള്‍ക്കിപ്പുറത്തിരുന്ന് ഇന്നാ സംഭവം ആലോചിക്കുമ്പോള്‍ എനിക്ക് വെല്ലിമാമമനോട് തോന്നുന്നത് അങ്ങേയറ്റം നന്ദിയാണ്‌. അന്നത്തെ ഒരു സംഭവത്തിന്‍റെ വാശിക്കെന്നോണം പിന്നീടു പല അവസരങ്ങളും വന്നെങ്കിലും ഞാന്‍ അതൊന്നും ഉപയോഗിച്ചില്ല. പിന്നീടതൊരു അനാവശ്യമായിക്കണ്ട് ഉപേക്ഷിക്കുകയും ചെയ്തു. ഒരു തുള്ളി പോലും അതിനു ശേഷം ഞാന്‍ കഴിച്ചില്ല. അഴിച്ചു വെക്കാന്‍ കഴിയാതിരുന്ന ആ "കെട്ടുമാറാപ്പ്" ഇന്നും ഒരു സുഖത്തോടെ ഞാന്‍ കൊണ്ടു നടക്കുന്നു... വെല്ലിമാമന്‌ ഒരിക്കല്‍ക്കൂടി നന്ദി...
"
ഇതെനിക്ക് വളരെ ഇഷ്ടായി,

നല്ല ബോധത്തില്‍ ഓപ്പണ്‍ ആയി സംസാരിക്കാന്‍ ഉള്ള ധൈര്യം ദൈവം എനിക്ക് തന്നിട്ടുള്ളപ്പോള്‍ എനിക്കിതിന്റെ ആവശ്യമില്ലല്ലോ എന്ന ചിന്ത ആണ് എന്റെ "കെട്ടുമാറാപ്പ്" അഴിപ്പിക്കാത്തത്. ഇന്നും എല്ലാ കള്ള് സമ്മേളനങ്ങളിലും പോറോട്ടയുടെ കണക്കെടുക്കലാണ് എന്റെ ജോലി.

Babu Kalyanam said...

aliya kalakki...
sathyan anthikkadu, london-il engo vachu vellam adicha katha evideyo vayichathum orma vannu...

puzhuvine pole dhairyam ullathu kondalla, illathathu kondanu njan "kettumarapu" azhikkathathu.
(njan tension-te alanu ennariyamallo... onnu thudangiyal pinne tension varumbozhokke vendivarum, that means on a daily basis)

vellam vellavum, water water-um mix cheythathum ishtayi...

oru kutti review comment (on a typo)
kalyananam alla kalyanam :)

അനിയന്‍കുട്ടി | aniyankutti said...

കല്യാണം..തിരുത്തീട്ടുണ്ട്.. ചൂണ്ടിക്കാട്ടിയതിന്‌ നന്ദി..
ഒരു പോസ്റ്റ് പോസ്റ്റിയാല്‍പ്പിന്നെ ഒരോ പ്രാവശ്യവും വായന നടത്തുമ്പോള്‍ രണ്ടു അക്ഷരപ്പിശാശിനെയെങ്കിലും പിടികിട്ടും..ഇവറ്റകളെയെങ്ങനെ പോസ്റ്റുന്നതിനു മുന്‍പ് കണ്ടു പിടിക്കാമെന്നതിനെപ്പറ്റി ഞാന്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌.. ;)

ശ്രീ said...

വളരെ ഭംഗിയായ അവതരണം. നന്നായി ഇഷ്റ്റപ്പെട്ടു.

ഇനിയും എഴുതുക.

:)

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...