Monday 24 December 2007

ലാസ്റ്റ് പ്രണയം. ഇനി ഇല്യേ...!

അന്ന് രാവിലെ ഉറക്കച്ചടവോടെ ക്ളാസ്സിലെത്തി ബെഞ്ചില്‍ച്ചെന്ന് കുത്തിയിരുന്നപ്പോള്‍, തല വെച്ചുറങ്ങാനുപയോഗിച്ചിരുന്ന ഡെസ്കിന്‍മേലതാ ഒരു കുഞ്ഞി ആശംസാ കാര്‍ഡ്. ദേ കെടക്കണു... ഈ പട്ടണത്തില്‍പ്പിള്ളേരുടെ ഒരു കാര്യം.. ഒരു ഓണമോ വിഷുവോ ന്യൂ ഇയറോ വന്നാല്‍, അപ്പൊ ആര്‍ച്ചീസ് ഭഗവതിക്കു കാണിക്കയുമിട്ട് ശീട്ടും വാങ്ങി വരും. ഒരു കാര്‍ഡ് കിട്ടിയാല്‍ നമുക്ക് സ്വര്‍ഗ്ഗം കീഴടക്കിയ സന്തോഷമായിരുന്നെങ്കിലും, അതു പുറത്ത് കാണിച്ചാല്‍പ്പിന്നെ പിടിച്ചു നടന്ന ഗ്യാസെല്ലാം കൂടെ പൊട്ടി മാനം പോവില്ലേ..!
വാട്ടെവര്‍ ഇറ്റീസ്..കാര്‍ഡ് കിട്ടി.. എനിക്കു മാത്രല്ല. ക്ളാസ്സില്‍ ഞങ്ങള്‍ അഞ്ചു-പത്തു പേര്‍ ഒരു ഗാങ്ങായിരുന്നു. അതിലെ പെണ്‍കിടാങ്ങളുടെ വകയായിരുന്നു ആ കാര്‍ഡുകള്‍. ആര്‍ച്ചീസ് ഭഗവതി നമ്മുടെ പോക്കറ്റിനു ചേര്‍ന്ന കമ്പനിയല്ലാതിരുന്നതിനാല്‍ അവിടെ കാണിക്കയിടല്‍ വളരെ കുറവായിരുന്നു, പെണ്‍സുഹൃത്തുക്കള്‍ക്ക് അതിലൊട്ടു പരിഭവോം ഇല്ലായിരുന്നു. നല്ല കുട്ടികള്‍!

അങ്ങനെ, എനിക്കു കിട്ടിയ കാര്‍ഡ് ഞാന്‍ തുറന്നു. കയ്യക്ഷരം കണ്ടാലറിയാം, ഇതാ മുന്‍ബെഞ്ചിലിരിക്കുന്ന കുട്ടിപ്പിശാശിന്‍റെയാണ്‌. സംഗതി അവളൊരു നാലുനാലരയടി പൊക്കത്തില്‍ രൂപം പൂണ്ടിട്ടുള്ള, ഉണ്ടക്കണ്ണിയും, തോളറ്റം വരെ മാത്രം നീണ്ട് പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കാര്‍കൂന്തലിനുടമയും ആയിരുന്നെങ്കില്ലും...കാണാന്‍ അത്ര മോശൊന്ന്വല്ലായിരുന്നു. അറ്റ്ലീസ്റ്റ് എനിക്ക് കാര്‍ഡൊക്കെ തന്നതല്ലേ. കൂട്ടത്തിലെ കിലുക്കാംപെട്ടി, എന്തു വളിപ്പു പറഞ്ഞാലും ആദ്യം കുറേ നേരം ചിരിക്കുകയും പിന്നെ സ്വകാര്യമായി വന്ന് കാര്യകാരണസഹിതം അര്‍ഥം മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ജന്‍മം. കോഴിക്കോടിന്‍റെ, സോറി, കോയിക്കോടിന്‍റെ തനിമലയാളത്തില്‌ "യ്യാ പേപ്പര്‍ കീറിക്കാള്‌..", "ങ്ങള്‌ ശെന്യാഴ്ച വന്നോള്‍ണ്ടീന്‍...", "ഓന്‌ തീരെ വയ്യേനു.." എന്നൊക്കെ പറഞ്ഞ് ഞങ്ങളുടെ പാവം ആലപ്പുഴക്കാരന്‍ ആലനെ കണ്‍ഫ്യൂസ് ചെയ്യിച്ചവള്‍...

കാര്‍ഡ് ഞാന്‍ തുറന്നു. കൊള്ളാം... അഞ്ചുറുപ്പ്യേടെയാണെങ്കിലും ചിത്രപ്പണിയൊക്കെയുണ്ട്. എന്തോ എഴുതീട്ടുമുണ്ടല്ലൊ... എന്താദ്. ഇംഗ്ളീഷ് കൂട്ടക്ഷരമൊക്കെ വായിക്കാന്‍ പഠിച്ചു വരുന്നേ ഉള്ളൂ. "my heart is the best gift that anyone could have. may it be urs and always...". ഉം. ഹാര്‍ട്ട്..ഹാര്‍ട്ട് കൊറേ കേട്ട്‌ട്ട്ണ്ട്.. ഗിഫ്റ്റ് ..ഉം.... ഗിഫ്റ്റ്.. പിന്നെന്തൂട്ടാദ്... എന്താ ഈ "urs"... (ഞാനന്ന് ചാറ്റിങ്ങില്‍ ശിശുക്കുട്ടി ആയിരുന്നു, sms യുഗം വരുന്നേ ഉണ്ടായിരുന്നുമുള്ളൂ..) .. പിന്നെ കുബുദ്ധി വെച്ച് ചിന്തിച്ചപ്പൊ ഞെട്ടിപ്പോയി... ഇതിന്‍റെ അര്‍ഥം, ലവളെന്നെ കാതലിക്കിറേന്‍ എന്നല്ലേ....പടച്ചോനേ... മനസ്സിലെവിടെയോ അവളോട് എനിക്ക് എപ്പൊഴോ ഉണ്ടായിപ്പോയിരുന്ന ഒരു ഇദ്... ഞങ്ങളെല്ലാരുടെയും സൌഹൃദത്തിന്‍റെ കെട്ടുറപ്പിലും ആ വലയത്തിലും ഞാനറിയാതെ മറന്നു കളയാന്‍ ശ്രമിച്ച ആ ഇദ്... ആ ഇദല്ലേ ഇന്നീ കാര്‍ഡില്‍, ചങ്ങലക്കണ്ണി പോലെയുള്ള അവളുടെ കയ്യക്ഷരത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതും?? ?!! അപ്പോ കുട്ടിപ്പിശാശിനും "അദ്" ഉണ്ടായിരുന്നോ....??

ഒരിക്കല്‍ക്കൂടി ആ വരികള്‍ വായിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല... തുറന്നു വായിക്കണംന്നുണ്ട്..എന്നാല്‍ തുറക്കാന്‍ പറ്റുന്നില്ല. അതു പോക്കറ്റില്‍ തന്നെ വെച്ച് ഞാനവളെ പാളിയൊന്നു നോക്കി. അവളാണെങ്കില്‍ ദേ യാതൊരു ഭാവമാറ്റവുമില്ലാതെ പതിവു പോലെ, ഇന്‍സൈഡ് ചെയ്തു വന്നവരുടെ ഷര്‍ട്ട് വലിച്ച് പുറത്തിട്ടും, കണ്ടവരെയൊക്കെ നുള്ളിയും പാഞ്ഞു നടക്കുന്നു. ഹൊ, ഈ പെണ്‍കുട്ടികളുടെ ഒരു കാര്യം. എന്തൊരു ആക്ടിങ്ങ്. മനുഷ്യനിവിടെ നെഞ്ചു പൊള്ളീട്ട് നിക്കാമ്മേല..ഹും..

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ക്രിസ്‌മസ് അവധിക്കു മുന്‍പുള്ള അവസാനദിവസം. വൈകീട്ട് കോളേജ് വിടാന്‍ നേരായി. എനിക്ക് അവളോട് എന്തെങ്കിലുമൊക്കെ ചോദിക്കണമെന്നുണ്ട്. "എങ്ങനെ എവിടെ വെച്ച് എപ്പൊ ആണ്‌ സ്മോളേ.. നിനക്കെന്നോട് ലവ്വായതെന്ന്..." പറ്റണില്ലാ... പ്ളസ് ടൂവില്‍ ജൂനിയര്‍ ക്ടാവ് മേഘയോട് മിണ്ടുമ്പോഴും, എക്സ്-ലവ് സുന്ദരിയോട് മിണ്ടുമ്പൊഴുമൊന്നും ഈ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ലല്ലൊ... ഛെ.. എനിക്ക് നാണക്കേട് തോന്നി.

അങ്ങനെ അന്ന് വൈകീട്ട്, ഏതൊരു പ്രാവശ്യത്തെയും പോലെ, കൂട്ടുകാരോടൊത്ത് അഞ്ചര മണിയ്ക്കുള്ള കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റിയിലേറി ഞാന്‍ തൃശൂരിലേക്കു മടങ്ങി. പോകുന്ന പോക്കിലെല്ലാം പോക്കറ്റിലിരുന്ന് ഹൃദയത്തില്‍ തപ്പു കൊട്ടുന്ന കാര്‍ഡിലെ വരികളായിരുന്നു മനസ്സില്‍. അപ്പോഴും ഒന്നൂടെ എടുത്ത് വായിക്കാന്‍ ധൈര്യം പോര. ഛെ, അവളോടൊന്ന് കണ്‍ഫേം ചെയ്തിട്ട് പോന്നാ മതിയായിരുന്നു. ഇതിപ്പൊ ഫോണ്‍ ചെയ്തൊക്കെ ചോദിക്കുന്നതില്‍ ഒരു ത്രില്ലില്ല. പറഞ്ഞിട്ടെന്താ, പോയ ബുദ്ധി എലിഫന്റ് പുള്ളിങ്ങ് നോ കമിങ്ങ്...

രാത്രി ഒമ്പതരയ്ക്ക് വണ്ടി തൃശൂരിലെത്തി. തൃപ്രയാറേക്കുള്ള ലാസ്റ്റ് ബസ്സ് പിടിക്കാന്‍ ചെട്ടിയങ്ങാടിയിലേക്ക് ഞാന്‍ ഓടിക്കിതച്ചെത്തി. ഭാഗ്യം വണ്ടി വരുന്നേ ഉള്ളൂ. വണ്ടി ഫുള്ളായിരുന്നു. എന്നാലും പിടിച്ചു തൂങ്ങി നിന്നു. തിരക്കു കുറച്ചു നേരമേ കാണൂ. ഒടുവില്‍ ചേര്‍പ്പിലെത്താറായപ്പൊ സീറ്റ് കിട്ടി. ബാഗൊക്കെ അടീലേക്ക് വെച്ച് ഞാന്‍ ഒന്നു സ്വസ്ഥമായി ഇരുന്നു. വീണ്ടും ഹാര്‍ട്ടില്‍ തപ്പു കൊട്ടല്‍... ഞാന്‍ പോക്കറ്റില്‍ നിന്ന് കാര്‍ഡ് പതിയെ എടുത്തു. തുറന്നു. "my beat is the best gift that anyone could have. may it be urs and always.." എന്ത്...!!!!! ഞാന്‍ വീണ്ടും വായിച്ചു. അതെ, beat തനെ.. അപ്പൊ ഹാര്‍ട്ടെവിടെ? കോഴിക്കോട് നിന്ന് തൃശൂരെത്തിയപ്പോഴേക്കും heart മാറി beat ആയോ... എന്‍റെ സര്‍വ്വ നാഡീഞരമ്പുകളും തളര്‍ന്നു... ഈശ്വരാ... ഇതു വേണ്ടായിരുന്നു. ഇത്രേം നേരം മോഹിപ്പിച്ചിട്ട്, ഇതിപ്പൊ ഒരു മാതിരി ഡാഷ് പണിയായിപ്പോയി. ക്ളാസ്സില്‍ വെച്ച് ഒന്നൂടെ ഒന്നു വായിക്കാനുള്ള ബോധം നീ എനിക്കു തന്നില്ലല്ലൊ... പണ്ട് പ്രേമടീച്ചര്‍ കൂട്ടക്ഷരം എഴുതാന്‍ പഠിപ്പിച്ചപ്പോ മര്യാദയ്ക്ക് പഠിച്ചാ മത്യായിരുന്നു...! കഷ്ടം! ഒരു പകല്‍സമയം കൊണ്ട് എന്തൊക്കെ പ്രതീക്ഷിച്ചു കൂട്ടി...!! എന്നാലും ഭാഗ്യായി, അവളോടൊന്നും പോയി ചോദിക്കാഞ്ഞത്. എല്ലാരും കൂടി എന്നെ വറുത്തെടുത്ത് വിളമ്പിയേനെ. ഒന്നും സംഭവിക്കാത്തതു പോലെ, പുറത്തു നിന്നും വീശുന്ന തണുത്ത കാറ്റും കൊണ്ട് പോക്കറ്റിലിട്ട കാര്‍ഡിനെ വെറുതെ ഒരു കൈ കൊണ്ട് ചേര്‍ത്തുപിടിച്ച്, ചെറിയൊരു നഷ്ടബോധത്തോടെ ഞാന്‍ പുറത്തേക്കും നോക്കിയിരുന്നു...

***

ബീറ്റിന്‍റെ കഥ:

തലേ ദിവസം മറ്റൊരു സുഹൃത്ത്, വീട്ടിലുണ്ടാക്കിയ പാല്‍പേഡ കൊണ്ടു വന്നിരുന്നു. ആക്രാന്തം മൂത്ത് എല്ലാരും കൂടെ കയ്യിട്ടു വാരി അതെല്ലാം ശടശടേന്ന് ഫിനിഷ് ചെയ്തു. ഞാനല്‍പ്പം വൈകിപ്പോയിരുന്നു. വന്നപ്പോള്‍ പാത്രം കാലി. ഞാന്‍ ചുറ്റും നോക്കി. കുട്ടിപ്പിശാശിന്‍റെ കയ്യില്‍ സംഭവം ഉണ്ട്. സിമ്പിളായി ചെന്നു ഞാനതു തട്ടിപ്പറിച്ച് ഓടാന്‍ നോക്കി, എവടെ, അവളാരാ മോള്‌... ഞാന്‍ ഓടാന്‍ തിരിഞ്ഞതും, പുറം പള്ളിപ്പുറമാകുന്ന സൈസ് ഒരു വീക്കായിരുന്നു നടുമ്പുറത്തിന്‍റെ സെന്‍റര്‍ ഓഫ് അട്രാക്ഷനില്‍ത്തന്നെ എനിക്ക് കിട്ടിയത്... ഹോ!!! കോളേജ് മുഴുവനും ആ ശബ്ദം കേട്ടിട്ടുണ്ടാവും. ആ സംഭവമായിരുന്നു കാര്‍ഡെഴുതാന്‍ ലവള്‍ക്ക് പ്രചോദനമായത്... പക്ഷേ, ഉള്ളിലെപ്പൊഴോ എനിക്കുണ്ടായിരുന്നെന്നു മുമ്പ് പറഞ്ഞ ആ "ഇദി"ന്‍റെ ഫലമായായിരിക്കണം, എനിക്ക് beat-നു പകരം heart എന്ന് തോന്നാന്‍ കാരണം..ഹാ.. എന്തു ചെയ്യാന്‍.. പോയില്ലേ..!

***

വാല്‍:
ഒരു കുഞ്ഞി കാര്യം കൂടി... വരുന്ന മെയ്മാസത്തില്‍ ഞങ്ങളുടെ വിവാഹമാണ്‌. അനുഗ്രഹിക്കണം...! :)

Wednesday 12 December 2007

വെല്ലിമാമന്‌ നന്ദി

ശാലിച്ചേച്ചീടെ കല്യാണമായിരുന്നു. എല്ലാരും എടമുട്ടത്തുള്ള രവിമാമന്‍റെ വീട്ടിലാണ്‌. അവിടെം ഇവിടെം കുറേ നേരം ചുറ്റി നടന്ന് ബോറടിച്ച് നില്‍ക്കുമ്പോഴാണ്‌ സഹോദരലോബി മാറി നിന്ന് അടക്കം പറയുന്നത് കണ്ടത്. ശ്ശെടാ, ഇവമ്മാരിതെന്തിനുള്ള പുറപ്പാടാണെന്നോര്‍ത്ത് "ഞാനും കൂടി" എന്ന ഭാവത്തില്‍ ആവശ്യത്തിനധികം വിധേയത്വം പുരട്ടി ഞാനും അക്കൂട്ടത്തിലേക്ക് ചെന്നു നിന്നു. പണ്ടു മുതലേ ആസ്ഥാനപഠിപ്പിസ്റ്റെന്ന ദുഷ്പേരുള്ളതിനാല്‍, പൊതുവേ വിദ്യാഭ്യാസപദ്ധതികളില്‍ വിശ്വാസമില്ലാത്തവരും പ്രാക്ടിക്കല്‍ വിജ്ഞാനസ്വാംശീകരണത്തിന്‍റെ വക്താക്കളുമായ സഹോദരര്‍ക്ക് ഞാനൊരു പൊന്നുരുക്കുന്നിടത്തെ പൂച്ചയാണെന്നു തോന്നുക സ്വാഭാവികം മാത്രം. അതു കൊണ്ടു തന്നെ എന്നെക്കണ്ടപ്പോള്‍ അവമ്മാരൊന്നു നിര്‍ത്തി. പക്ഷേ, കൂട്ടത്തില്‍ മനുഷ്യപ്പറ്റുള്ള ഷനുച്ചേട്ടന്‍ "അവന്‍ നിന്നോട്ട്രാ നീ പറ" എന്ന് പറഞ്ഞ് ശ്രദ്ധ എന്നിലേക്കു തിരിച്ചു വിടാതെ വിഷയം തുടരാന്‍ വിനോഷ്ഭായിയെ പ്രേരിപ്പിച്ചു.

സംഗതി പരമരഹസ്യമായിരുന്നു. കാറമാമന്‍റെ വീടിന്‍റെ താക്കോല്‍ വിനോഷ്ഭായിയുടെ കയ്യിലുണ്ട്. ഗള്‍ഫിലുള്ള മാമന്‍റെ, നാട്ടിലെ ആ വലിയ വീട്ടില്‍ മൂപ്പരാണ്‌ ഈയിടെയായി കിടക്കാന്‍ പോവുന്നത്. കല്യാണം പ്രമാണിച്ച് സകല ബന്ധുമിത്രാദികളും കഴിമ്പ്രം വിട്ട് എടമുട്ടത്തേക്കു ചേക്കേറിയിരിക്കുന്ന അവസരമാണ്‌. ഒളിച്ചിരുന്ന് കള്ളുകുടി തുടങ്ങിയ സമയമായതിനാല്‍ വിഷയത്തിന്‍റെ എണ്ണം പറഞ്ഞ ആശാന്മാരായ മാമന്‍മാരുടെയും പാപ്പന്മാരുടെയും വീരസാഹസികകഥകള്‍ ഞാനുള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ്സിനെ അന്നു വല്ലാതെ അങ്ങോട്ട് ആകര്‍ഷിച്ചിരുന്നു. അതിന്‍റെ ഫലമെന്നോണം അന്നു വൈകീട്ട് കാറമാമന്‍റെ വീട്ടില്‍ നമുക്കു കൂടണം എന്ന ഗൂഢപദ്ധതിയാണ്‌ അവിടെ ഇരുട്ടിന്‍റെ മറവില്‍ സഹോദരലോബി തയ്യാറാക്കിയിരുന്നത്.

പ്രശ്നങ്ങള്‍ പലതാണ്‌. ഒന്നാമതായി, അവിടെ കിടക്കാന്‍ എല്ലാവരും കൂടെയാണ്‌ പോവുന്നത് എന്ന വിവരം ആരും അറിയാന്‍ പാടില്ല. കല്യാണത്തലേന്നായാലും വയറു നിറയേ വാട്ടറടിച്ചു നില്‍ക്കുകയാണെങ്കിലും അങ്ങനെ ഒരു വിവരം മാമന്മാരറിയാനിടയായാല്‍, ഇതിവമ്മാരു കള്ളു കുടിയ്ക്കാനുള്ള പുറപ്പാടാണെന്നു മനസ്സിലാക്കാനും അതിനെ ടോര്‍പ്പിഡൊ വച്ചു തകര്‍ത്തു കളയുമെന്നും മനസ്സിലാക്കാനുള്ള ബുദ്ധി ഞങ്ങള്‍ക്ക് (ചുമ്മാ ക്രെഡിറ്റ് എനിക്കും കൂടെ ഇട്ടെന്നേ ഉള്ളൂ... ഇതൊക്കെ അവമ്മാരു പറഞ്ഞതാ. നേരേ പോയി അച്ഛനോടു പറയാന്‍ പോയതാ ഞാന്‍, "കാറമാമന്‍റോടെ കെട്ക്കാന്‍ പോട്ടേന്ന്" !!) അന്നേ ഉണ്ടായിരുന്നു, സത്യം. പിന്നേം ഉണ്ട് പ്രശ്നം. വിവരം അറിയാവുന്ന മറ്റു ചില സില്‍ബന്തികളെ കള്ളു കൊടുത്ത് വശത്താക്കണം. നോക്കാന്‍ തന്ന വീട്ടിലിരുന്നു കള്ളു കുടിച്ച് കൂത്താടി എന്ന ചീത്തപ്പേരുണ്ടായാല്‍ പിന്നെ കാറമാമന്‍റെ മുഖത്ത് നോക്കാന്‍ പറ്റില്ല.

പക്ഷേ, പ്രശ്നങ്ങളൊക്കെ നിസ്സാരമെന്നു തോന്നുക വെറും സ്വാഭാവികം മാത്രം. രാത്രി ഒരു മണിയോടടുപ്പിച്ച്, ഒരു മാതിരിപ്പെട്ടവരൊക്കെ പാമ്പുകളും പൂക്കുറ്റികളുമായിത്തുടങ്ങിയപ്പൊ, ഞങ്ങള്‍ പല വഴിക്കായി നീങ്ങി. സാധനം സംഘടിപ്പിച്ചതും അവിടെയെത്തിച്ചതുമെല്ലാം മുതിര്‍ന്നവരാണ്‌. ഷിജുവിനും എനിക്കുമൊക്കെ, കലവറയില്‍പ്പോയി കുറെ അച്ചാറും ഉപ്പേരിയുമൊക്കെ അടിച്ചു മാറ്റി പൊതിഞ്ഞ് കൊണ്ടു വരിക എന്ന സിമ്പിള്‍ ബട്ട് ഡേഞ്ചറസ്സ് (അര്‍ദ്ധരാത്രി ഉപ്പേരി കൊറിക്കാന്‍ മാത്രം ഞങ്ങളുടെ തലയ്ക്ക് സ്ഥിരത കൈമോശം വന്നിട്ടില്ലെന്ന് അമ്മായിമാര്‍ക്കറിയാമായിരുന്നല്ലോ..) പണിയേ ഉണ്ടായിരുന്നുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം അന്നു സ്പെഷ്യലായിരുന്നു. കാരണം മറ്റൊന്നുമല്ല, ഞാന്‍ ഇക്കാര്യത്തില്‍ അന്നു വരെ കന്യകനായിരുന്നു. "വാട്ടര്‍ വാട്ടര്‍ എവരിവേര്‍ തുള്ളി കുടിപ്പാന്‍ ചാന്‍സില്ല" എന്ന അവസ്ഥയിലൂടെയായിരുന്നു അന്നു ഞാന്‍ കടന്നു പോയിക്കൊണ്ടിരുന്നത്. അതു കൊണ്ട് തന്നെ ഈ സന്ദര്‍ഭം മാക്സിമം മുതലാക്കണം, ലോബിക്കു മുന്നില്‍ എനിക്കും എന്‍റെ വീരശൂരപരാക്രമം കാണിക്കണമെന്നെല്ലാം മനസ്സിലുറച്ചാണ്‌, ഷിജുവിന്‍റെ കൂടെ ഇരുട്ടിന്‍റെ മറവു പറ്റി രണ്ടു കിലോമീറ്ററകലെയുള്ള കാറമാമന്‍റെ വീട്ടിലേക്ക് ആ പാതിര നേരത്ത് ഞാന്‍ ചെന്നെത്തിയത്.

സിന്‍ഡിക്കേറ്റിലെ മുതിര്‍ന്ന അംഗങ്ങളെല്ലാം നേരത്തെ അവിടെ എത്തിയിരുന്നു. എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഗ്‌ര്‍ര്‍ര്‍....എന്‍റെ ഉള്ളില്‍ ഒരു ഇടത്തരം പുലി ചീറി. നാലു കാലിന്‍റെ അറ്റത്തും സിംഹത്തലയുള്ള ടീപോയിമേല്‍ അതാ ഇരിക്കുന്നു എന്‍റെ നവവധു, നെഞ്ചത്ത് ഓള്‍ഡ് മോങ്ക് എന്നുമെഴുതിക്കൊണ്ട്. ഗൊള്ളാം, നല്ല എടുപ്പുള്ള ഗുപ്പി. കന്നിക്കുടി ആവുമ്പൊ ഇത്തിരി ഭംഗിയുള്ള കുപ്പീന്നാവണമെന്ന് എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു, ആവശ്യല്ലാത്ത ഇംഗ്ളീഷ്പടൊക്കെ കാണാന്‍ പോയിട്ടുള്ള വകയില്‍ ഉണ്ടായിപ്പോയ ഒരു ആഗ്രഹമാണ്‌. എന്തായാലും അക്കാര്യം ഓക്കെ.

അങ്ങനെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ വിനോഷ്ഭായ് ഓള്‍ഡ്‍മോങ്കിയുടെ തലക്കടിച്ചു ബോധം കെടുത്തി. എന്നിട്ട് അസ്സനാരിക്ക കോഴിയെ കൊല്ലുന്ന പോലെ അവളുടെ കഴുത്തു പിടിച്ചു തിരിച്ച് തുറന്ന്, നിരത്തി വെച്ചിരുന്ന ഗ്ളാസ്സുകളിലേയ്ക്ക് ഒരു എക്സ്പീരിയന്‍സ്ഡ് ബെയററെപ്പോലെ ഭംഗിയായി ഒഴിച്ചു. ഇതെന്തിനാ അഞ്ചു ഗ്ളാസ്സ് എന്ന ഭാവത്തില്‍ എന്നെ നോക്കുകയും കല്യാണരാമന്‍ സ്റ്റൈലില്‍ "വേസ്റ്റ് ഗ്ളാസ്സാണ്‌ ബാക്കി വരുന്ന മദ്യമൊഴിക്കാന്‍" എന്ന ഭാവത്തില്‍ ഞാന്‍ വീണ്ടും വിധേയനായപ്പോള്‍, ലേശം ഗൌരവം കാണിച്ച് എനിക്കു കൂടെ ഒഴിക്കാന്‍ മൂപ്പരു സന്മനസ്സു കാട്ടി. കൂട്ടത്തില്‍ വെച്ചിരുന്ന തണുത്ത വെള്ളം കൂടി മിക്സ് ചെയ്ത് മോങ്കിയുടെ വിശുദ്ധരക്തത്തെ പാനം ചെയ്യാന്‍ എല്ലാവരും റെഡിയായി.

എന്നാല്‍....

വിനോഷ്ഭായ് ഗ്ളാസ്സ് എടുത്തു ചിയേഴ്സ് പറയലും പുറത്തൊരു കാറിന്‍റെ ഹോണ്‍ മുഴങ്ങിയതും ഒരുമിച്ചായിരുന്നു. പിന്നെ അവിടെ ഒരു വെപ്രാളമായിരുന്നു. മോങ്കിക്കുട്ടിയെ ഒളിപ്പിക്കുന്നൂ..ഗ്ളാസ്സുകള്‍ കട്ടിലിനടിയിലേക്കു തള്ളുന്നൂ.. തൊട്ടുകൂട്ടു സാമഗ്രികള്‍ പൊതിഞ്ഞെടുത്ത് സോഫക്കടിയിലിടുന്നൂ... അങ്ങനെ ആകെ ബഹളം. ടിവി-യിലെ ശബ്ദം കുറച്ച് വെച്ചിരുന്ന ഏതോ മലയാളം സിനിമാപ്പാട്ട് കുറച്ചു കൂടെ ഉച്ചത്തിലാക്കിയപ്പോഴേക്കും ബെല്‍ മുഴങ്ങി. പതിവു പോലെ വാതില്‍ തുറക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. എന്തെങ്കിലും അറിഞ്ഞുകൊണ്ട് ആരെങ്കിലും ചന്ദ്രഹാസമെടുത്തു വരികയാണെങ്കില്‍ "മുതല്‍മുതലാകെ എന്നെ അങ്ങോട്ട് പരവശമാക്കിക്കോട്ടേന്ന്" വെച്ചാണ്‌ ആ സാമദ്രോഹികള്‍ എനിക്ക് ആ പണി എപ്പോഴും തന്നിരുന്നത്.

വാതില്‍ തുറന്നപ്പോ ദേ വെല്ലിമാമന്‍!! താരാനാഥന്‍മാഷ് പദ്യംചൊല്ലിച്ചപ്പൊ, പച്ചവെള്ളം പോലെ പഠിച്ചു വെച്ചിരുന്ന "മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ളീപ്" പണ്ട് കൂളായി മറന്നു പോയതു പോലെ, ഓര്‍ത്തു വെച്ചിരുന്ന നുണകളൊക്കെ യാതൊരു മൈന്‍ഡുമില്ലാതെ പമ്പ കടന്നു. "എന്താടാ ഇവിടെ പരിപാടി" എന്ന് പെരിയ മാമാജി വളരെ ക്രൂരമായി ചോദിച്ചപ്പൊ "ബബ്ബബ്ബാ..." എന്നല്ലാതെ ഒരു മലയാളവാക്യം പോലും എനിക്കു കംപ്ളീറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. "ഇവ്ടെ വാടാ കഴ്തേ" എന്നും പറഞ്ഞ് മാമനെന്‍റെ കയ്യില്‍പിടിച്ച് വലിച്ചു കൊണ്ട് ഇറങ്ങി. "അയ്യോ മാമാ, ഞാനിവിടെ ഇവര്ടെ കൂടെ കെട്ക്കാന്നു വെച്ചിട്ട്.." എന്നൊക്കെ പറഞ്ഞ് സിറ്റ്വേഷന്‍ ഡീല്‍ ചെയ്യാന്‍ ഞാന്‍ കുറേ ട്രൈ ഔട്ട് ചെയ്തെങ്കിലും മാമന്‍റെ പിടി കൂടുതല്‍ മുറുകിയേ ഉള്ളൂ.

അങ്ങനെ പുറത്തു നിര്‍ത്തിയിരുന്ന കാറില്‍ എറിയപ്പെട്ട് മാമനോടൊന്നിച്ച് പോരുമ്പൊ "അതെന്തേ എന്നൊടിങ്ങനെ ഒരു വിവേചനം, അവിടെ ഇരിക്കുന്ന ബാക്കിയുള്ളവരും മാമന്‍റെ അനന്തിരവര്‍ തന്നെയല്ലേ" എന്ന അര്‍ഥം വരുന്ന ഒരു ഡയലോഗ്, നിരാശയുടെ ആ പീക്പോയന്‍റില്‍ ഞാന്‍ അടിച്ചതോ മറ്റോ ഓര്‍മയുണ്ട്. കണ്ണു തുറക്കുമ്പോള്‍ ഞാന്‍ വീട്ടിലായിരുന്നു. അച്ഛനും അമ്മയും അവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പാവം ഞാന്‍! പഴി കേള്‍ക്കുകയും ചെയ്യുന്നു, എന്നാല്‍ ഒരു തുള്ളി അടിച്ച് ഈ "കെട്ടുമാറാപ്പ്" ഒന്നഴിച്ചു വെക്കാനും പറ്റീല. എനിക്കാകെ കലി വന്നു. വിഷുവിന്‌ ലോക്കല്‍ കടകളില്‍ നിന്ന് വാങ്ങുന്ന മാലപ്പടക്കം പൊട്ടുന്ന(?) പോലെ "ശട്പട്.റ്റ്ശൂ..ശ്ടെ" എന്നൊക്കെ എന്തൊക്കെയോ പറഞ്ഞ് പുലമ്പിക്കൊണ്ട് ഞാന്‍ ചവിട്ടിക്കേറി അകത്തു പോയി വിരി വെച്ചു. അവിടെ കാറമാമന്‍റെ വീട്ടില്‍ കട്ടിലിന്‍റെ അടിയിലേക്കു നീക്കി വെച്ച എന്‍റെ മോങ്കിയെയോര്‍ത്ത് എനിക്ക് സങ്കടം സഹിക്കാനായില്ല. അതിനേക്കാളുപരി നാളെ അവിടെ നടത്തിയ അങ്കങ്ങളെക്കുറിച്ച് സഹോദരലോബി വന്ന് അടിച്ചിറക്കാന്‍ പോകുന്ന വിശേഷങ്ങളോര്‍ത്ത് ഞാന്‍ വളരെ നിരാശനായി. ആ നിരാശയിന്‍റെ കൂടെ പതിവു ക്വോട്ടയായ രണ്ടു കൊതുകടി കൂടെ കിട്ടിയപ്പൊ ഞാന്‍ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു. ഉറക്കത്തില്‍, ഓള്‍ഡ് മോങ്കി കൊണ്ടു നിറച്ച ഒരു സ്വിമ്മിങ്ങ്‌പൂളില്‍ ഞാന്‍ നീന്തിത്തുടിക്കുന്നതും, ടച്ചിങ്ങ്‌സുമായി വെല്ലിമാമന്‍ എന്നേം കാത്ത് കരയ്ക്കല്‍ നില്‍ക്കുന്നതുമായി ഞാന്‍ സ്വപ്നം കണ്ടു.

***

വര്‍ഷങ്ങള്‍ക്കിപ്പുറത്തിരുന്ന് ഇന്നാ സംഭവം ആലോചിക്കുമ്പോള്‍ എനിക്ക് വെല്ലിമാമനോട് തോന്നുന്നത് അങ്ങേയറ്റം നന്ദിയാണ്‌. അന്നത്തെ ഒരു സംഭവത്തിന്‍റെ വാശിക്കെന്നോണം പിന്നീടു പല അവസരങ്ങളും വന്നെങ്കിലും ഞാന്‍ അതൊന്നും ഉപയോഗിച്ചില്ല. പിന്നീടതൊരു അനാവശ്യമായിക്കണ്ട് ഉപേക്ഷിക്കുകയും ചെയ്തു. ഒരു തുള്ളി പോലും അതിനു ശേഷം ഞാന്‍ കഴിച്ചില്ല. അഴിച്ചു വെക്കാന്‍ കഴിയാതിരുന്ന ആ "കെട്ടുമാറാപ്പ്" ഇന്നും ഒരു സുഖത്തോടെ ഞാന്‍ കൊണ്ടു നടക്കുന്നു... പ്രിയപ്പെട്ട വെല്ലിമാമന്‌ ഒരിക്കല്‍ക്കൂടി നന്ദി...

***

വാലിലെ പൂട:

അതിനിപ്പുറം, ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കുഞ്ഞിമാമന്‍റെ കല്യാണത്തിന്‌ വിനോഷ്ഭായി സ്വന്തം മുറിയിലിരുന്നു മൂന്നാലെണ്ണം കേറ്റിയതു കൂടാതെ, മാമന്മാരുടെ കൂട്ടത്തില്‍ച്ചെന്ന് വെല്ലിമാമനോട് ബെറ്റ് വെച്ച്, 10-7 എന്ന വന്‍ മാര്‍ജിനില്‍ മാമനെ തോല്‍പ്പിക്കുകയും, ജയിച്ച് കിട്ടിയ വകയായ ഒരു ഫുള്ളും കൊണ്ട് ഒറ്റക്ക് നടന്ന് തിരിച്ചു വരികയും ചെയ്തു...!!!

Monday 10 December 2007

സ്വപ്നത്തില്‍ കലിപ്പ് 2

ബങ്കളുരുവില്‍ നിന്ന് ഉരുണ്ട് വന്ന ബസ്, വെളുപ്പിന്‌ 5 മണിക്ക് വടപളനി സ്റ്റാന്‍റിന്‍റെ മുന്നിലാണ്‌ നിര്‍ത്തിയത്. ഭാഗ്യം, ആ ഡാഷ് നാഷണല്‍ ട്രാവല്‍സ്കാരെപ്പോലെ കോയമ്പേട് ബസ്സ്റ്റാന്‍റിന്‍റെ പത്തറുനൂറു മീറ്ററപ്പ്രത്ത് നിര്‍ത്തീട്ട് എറക്കി വിടുന്ന ഏര്‍പ്പാട് ഇവരു കാണിച്ചില്ല. "ജയ് ഭാരതി" എന്നു മൂന്നു വട്ടം മനസ്സില്‍ ഭേരി മുഴക്കി 5E ചടാക്കു വണ്ടിയില്‍ക്കേറി നാലു രൂപേടെ റ്റിക്കറ്റും എടുത്ത് ശടശടേന്നു വീട്ടിലെത്തി. മൂന്നാലു വട്ടം മണി മുഴക്കിയപ്പൊ ഉറക്കച്ചടവില്‍ തടിയന്‍ വന്നു വാതില്‍ തുറന്നു തന്നു. അവനോടൊരു താങ്ക്സ് പറയണമെന്നുണ്ടായിരുന്നെങ്കിലും വാതില്‍ തുറക്കലും അവന്‍ കിടക്കയിലേക്കു മറിയലും കൂര്‍ക്കംവലി സ്റ്റാര്‍ട്ട് ചെയ്യലും ഒറ്റ സെക്കന്‍റില്‍ കഴിഞ്ഞതിനാല്‍ അതു നടന്നില്ല. എന്തായാലും സമയം കളയാതെ ഉടുപ്പൂരി വലിച്ചെറിഞ്ഞ് ജോക്കിമാമന്‍ ഉണ്ടാക്കിത്തന്ന കളസവുമിട്ട്, അനൂപിന്‍റെ ചുരുണ്ടു കിടന്നിരുന്ന കോസടിയിലേക്കു ചെരിഞ്ഞു വീണതിനും 8 മണിക്കു തപ്പിപ്പിടഞ്ഞു ചാടിയെണീറ്റതിന്‍റെയുമുള്ള രണ്ടു മണിക്കൂര്‍ അഞ്ചു മിനിറ്റ് മുപ്പത്തിമൂന്നു സെക്കന്‍റുകള്‍ക്കിടയിലെവിടെയോ ഞാനിന്നൊരു സ്വപ്നം കണ്ടു.

ഞാനേതോ കോളേജിലാണ്‌ പഠിക്കുന്നതെന്നു തോന്നുന്നു. എന്തായാലം സത്യം കോംപ്ളക്സിലെ സീസണ്‍സ് തിയ്യറ്ററിന്‍റെ വാതില്‍ തുറന്നാണ്‌ ഞാന്‍ ക്ളാസ്സിലേക്കു കയറിയത്. ക്ളാസ്സ് തുടങ്ങാറായതു കാരണം ഞാന്‍ ഓടിച്ചെല്ലുമ്പോളതാ വാതിലിന്‍റെ അരൂത്തായി ഏതോ കണ്‍ട്രി ക്ളബ്ബിന്‍റെയോ മറ്റോ പരസ്യവും അതിന്‍റെ മുത്തുക്കുടയും കിടുതാപ്പുകളുമായി ഒരു പെണ്‍കുട്ടി നില്‍ക്കുന്നു. അല്ലാ, ഇതു നമ്മടെ സാനിയാ മിര്‍സയല്ലേ, ഇവള്‍ടെ ടെന്നിസ് പണി അപ്പൊ പോയോ എന്നോര്‍ത്തും, `കഷ്ടം ഇത്രേ ഉള്ളൂ ഇന്ത്യയിലെ കായികതാരങ്ങളുടെ അവസ്ഥ` എന്നോര്‍ത്തു രോഷം കൊണ്ടും(സന്തോഷിച്ച്..അവള്‍ക്കതു തന്നെ വേണം. അവള്‍ക്കു ജനിക്കാന്‍ വേറെ ഒരു സ്ഥലോം കണ്ടില്ല, കഴിമ്പ്രത്തിനെന്തായിരുന്നു ഒരു കൊറവ്?!!) ഞാന്‍ ക്ളാസ്സിലേക്കു കേറി. അവിടെ 'റാബ്റി കെ ഹസ്ബന്‍റ്' ലാല്ലുജിയും നസ്സറുദ്ദീന്‍ ഷായുമടക്കം സഹപാഠികളെല്ലാം എത്തിയിട്ടുണ്ട്. മേശകളൊക്കെ "റ" ആകൃതിയിലാണിട്ടിരിക്കുന്നത്, ലോക്സഭയുടെ ഒരു മിനിയേച്ചര്‍ പോലെ.

പെട്ടെന്ന് സീനാകെ മാറി മറിഞ്ഞു. ഇപ്പൊ എല്ലാരും ഒരു വോള്‍വോ ബസ്സില്‍ തണുത്തു വെറുങ്ങലിച്ച് എവിടെക്കോ പോവുകയാണ്‌. "മാലിനിനദിയില്‍ കണ്ണാടി നോക്കും" എന്ന പാട്ടിനു താളമിട്ടു കൊണ്ടിരുന്ന ലല്ലുജിയെ മാത്രമേ എനിക്കു പരിചയം കാണുന്നുള്ളൂ. എല്ലാര്‍ക്കും ഞാന്‍ പഴം വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്‌. 'സ്വപ്നക്കൂടി'ല്‍ കുഞ്ചാക്കോ ബോബന്‍ മീര ജാസ്മിന്‍റെ കയ്യീന്ന് പൂ വാങ്ങുന്ന ആ സ്ഥലത്തെ വളവിലെത്തിയപ്പൊ വണ്ടി പെട്ടെന്നു നിന്നു. "എന്തു പറ്റി ശിവേട്ടാ" എന്ന് ഞാന്‍ വിളിച്ചു ചോദിച്ചു. ഡ്രൈവര്‍ടെ പേരെങ്ങനെ കിട്ടീന്ന് ഒരു ഐഡിയേം ഇല്ല. ആ ചുള്ളനെ ഞാന്‍ ഇതിനു മുമ്പ് കണ്ടിട്ടേയില്ല. വിവരമറിയാന്‍ ഞാന്‍ വണ്ടീന്നിറങ്ങി ചെന്നപ്പൊ ഗെഡ്ഡി അവിടെ അരൂത്ത് നിന്ന് മഴവില്‍ക്കാവടീലെ വേഷമിട്ട് നില്‍ക്കുന്ന പറവൂര്‍ ഭരതനോട് കത്തി വെക്കുന്നു. നേരം പോണ നേരത്താണോ ഇങ്ങേര്‍ ഇത്രേം പേരെ വഴീല്‌ നിര്‍ത്തി സൊറ പറയുന്നതെന്നോര്‍ത്ത് ഞാന്‍ ചൂടാവാന്‍ തുടങ്ങുമ്പൊ തലയ്ക്കല്‌ വെച്ചിരുന്ന 'അറുപതേ മുപ്പത്' കരയാന്‍ തുടങ്ങി. എഴുന്നേറ്റ് നോക്കിയപ്പൊ 8 മണി.
ചാടിയെണീറ്റ് 1-2-3 കഴിച്ചെന്നു വരുത്തി, ഇന്നലത്തെ ടെസ്റ്റ്മാച്ചിന്‍റെ ഹൈലൈറ്റ്സും കണ്ട് ജീവിതത്തിലെ ആയിരത്തി ഇരുനൂറ്റിഎണ്‍പത്തിമൂന്നാമത്തെ ആഴ്ചക്ക് ഞാന്‍ തുടക്കം കുറിച്ചു.

Tuesday 4 December 2007

കൌബോയ്

തലയില്‍ അമേരിക്കന്‍ അടക്കാമരത്തിന്‍റെ പാളത്തൊപ്പിയും വെച്ച്, അങ്ങോട്ടുമിങ്ങോട്ടും ചങ്ങലകള്‍ തൂക്കിയിട്ട ഫേഡഡ് ജീന്‍സുമിട്ട്, ഒരു കയ്യില്‍ റിവോള്‍വറും മറുകയ്യില്‍ കടിഞ്ഞാണുമേന്തി, കൊടൈക്കനാലില്‍ കണ്ടതെല്ലാം കുതിരയാണോ, അതോ കുതിരക്കാഷ്ഠമാണോ എന്ന് സംശയിപ്പിക്കുന്ന തരത്തില്‍ പടര്‍ന്നു പന്തലിച്ചു വളര്‍ന്നു നില്‍ക്കുന്ന പടുകൂറ്റന്‍ അശ്വങ്ങളില്‍ക്കേറി, "ഗുഡ് ബാഡ് അഗ്ളി"-യുടെ ബാക്ഗ്രൌണ്ട് മ്യൂസിക്കുമിട്ട് കുതിച്ചു പായുന്ന, ഡികാപ്രിയോയുടെ മുഖഛായയുള്ള, ഷേവ് ചെയ്യാതെയും കുളിക്കാതെയും നടക്കുന്ന ലവന്മാരെയാണ്‌ ഞാന്‍ ഉദ്ദേശിച്ചതെന്നു കരുതിയോ..എങ്കില്‍ തെറ്റി...പാടെ തെറ്റി... ഇത് നമ്മടെ മറ്റേ കൌബോയ് ആണ്‌. കൌ-ന്‍റെ ബോയ്...പശൂന്‍റെ ആണ്‍കുട്ടി...കാള!

തറവാട്ടില്‍ താമസിക്കുന്ന സമയത്ത് അവിടെ ഒരു പശു ഉണ്ടായിരുന്നു, ലക്ഷ്മി. ഈ ലക്ഷ്മി അച്ഛമ്മയുടെ കണ്ണിലുണ്ണിയായിരുന്നു. കിഴക്കേലെ ശാന്തേട്ടന്‍റെ വീട്ടില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, എല്ലും തോലുമായ, ചാകാറായ ഒരു പശുക്കുട്ടിയെ എടുത്തു കൊണ്ട് വന്ന് വെള്ളവും വൈക്കോലും പിണ്ണാക്കുമൊക്കെക്കൊടുത്ത് ഇന്നത്തെ ലക്ഷ്മിയാക്കി മാറ്റിയ കഥ, ഞാനൊരു ഒരു കൊച്ചുകീടമായിരുന്ന കാലം മുതലേ കേള്‍ക്കാറുണ്ടായിരുന്നു. ഈ ലക്ഷ്മിയെ ഒന്നു രണ്ടു വര്‍ഷം കൂടുമ്പോള്‍ "ചവിട്ടിക്കാന്‍" കൊണ്ടു പോകാറുള്ളതിന്‍റെ ഫലമായി പ്രസവങ്ങളും പതിവായിരുന്നു. അങ്ങനെ പ്രസവിക്കുന്ന അവസരങ്ങള്‍ എനിക്കും മറ്റു ചെറുതുകള്‍ക്കും ഉല്‍സവമായിരുന്നു. പ്രസവം എന്ന ആ മഹാസംഭവം മുഴുവനും കണ്ണിമ വെട്ടാതെയും, എന്തിനെന്നറിയാതെ ടെന്‍ഷനടിച്ചും ഞാന്‍ വായും പൊളിച്ച് കണ്ടു നില്‍ക്കുമായിരുന്നു.

അങ്ങനെ പ്രസവിച്ചു വീഴുന്ന പശുക്ക്‌ടാങ്ങളുടെ കൂടെ കുറച്ചു ദിവസം കളിച്ചു നടക്കുകയും, പിന്നീട് അവയ്ക്കു വിവരം വെക്കുമ്പോള്‍, നമ്മടെ പാവം അമ്മയെ നമ്മളെ കാട്ടി കൊതിപ്പിച്ച്, അമ്മയെക്കൊണ്ട് ചുരത്തിപ്പിച്ച്, ആ പാല്‍ മുഴുവനും കറന്നെടുത്തു വിറ്റ് പുട്ടടിക്കുന്ന ടീമിന്‍റെ ഈ പിള്ളേര്ടെ അടുത്ത് നമുക്കെന്ത് ബിസിനസ്സ് എന്നു അവര്‍ മനസ്സിലാക്കുമ്പോഴത്തെ പ്രതികരണമെന്നോണം തങ്ങളുടെ പ്രതിഷേധമുറകളായ ചവിട്ടും കുത്തും തുടങ്ങുമ്പോള്‍ ഡീസന്‍റായി പിന്‍വാങ്ങുകയും ചെയ്യുക എന്നത് രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചിട്ടുള്ള ഒരു ചരിത്രമായിരുന്നു.

അങ്ങനെയിരിക്കെ ലക്ഷ്മി പൂര്‍ണ്ണഗര്‍ഭിണിയായിരിക്കുന്ന ഒരു സമയം. വീട്ടില്‍ നിന്നെല്ലാരും പഴനിയിലേക്കൊരു യാത്ര നടത്താനൊരുങ്ങി. ലക്ഷ്മീടെ കുട്ടീനെ ആദ്യം കാണണോ, അതോ പഴനി കാണണോ..ലക്ഷ്മീടെ കുട്ടി-പഴനി, പഴനി-ലക്ഷ്മീടെ കുട്ടി എന്നിങ്ങനെയുള്ള ഡൈലമക്കൊടുവില്‍ യാത്ര ചെയ്യാനുള്ള മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ വോട്ടിന്‍റെ പിന്‍ബലത്തില്‍ ഞാന്‍ പഴനിട്രിപ്പിന്‌ പോയി. അവിടെ ചെന്നു മലയൊക്കെ ഓടിക്കയറി അതിനേക്കാള്‍ സ്പീഡില്‍ ഇറങ്ങിയൊക്കെ പോരുന്ന വഴിക്ക്, ലക്ഷ്മീടെ കുട്ടിക്കു കഴുത്തില്‍ കെട്ടിക്കൊടുക്കാന്‍ ഒരു ചുവന്ന മാലയും, പിന്നൊരു മഞ്ഞ മാലയും വാങ്ങിപ്പിച്ച് ഞാന്‍ കയ്യില്‍ വെച്ചു, കെട്ക്കട്ടെ നമ്മടെ വക ഒരു മാല!

വീട്ടിലെത്തിയപ്പൊള്‍, യാത്രക്കു വരാതെ ലക്ഷ്മീടെ അടുത്തു നിന്നിരുന്ന ആരോ പറഞ്ഞു ലക്ഷ്മി പ്രസവിച്ചൂന്ന്. കേട്ട പാതി കേള്‍ക്കാത്ത പാതി വേറെ ചിടുങ്ങുകളൊന്നും കാണുന്നതിനു മുന്‍പ് അതിനെ കാണാനും (എന്നാലല്ലേ പിന്നീട് "ഞാനാദ്യം കണ്ട്റാ മൊനേ" എന്ന് മേനി പറയാന്‍ പറ്റുകയുള്ളൂ) മാല ഇട്ടു കൊടുക്കാനും വേണ്ടി ഞാന്‍ ഉടുപ്പു പോലും മാറാതെ തൊഴുത്തിലേക്കോടി. പുല്ലൂട്ടില്‍ നിന്നും ഡ്രൈ നൂഡില്‍സ് കഴിച്ചു കൊണ്ടിരുന്ന ലക്ഷ്മിയെയല്ലതെ അവിടെ മറ്റൊന്നിനേം കണ്ടില്ല. അപ്പോളാണ്‌ പറമ്പില്‍ നിന്നും ഒടപ്പെറന്നോള്‍ടേം മറ്റും ബഹളം കേള്‍ക്കുന്നത്. ഛെ, മോശായല്ലൊ. അവള്‍ നമ്മളേക്കാളും മുമ്പ് കണ്ടു, ഇനിപ്പൊ കുറേ നാളേക്ക് ചെവീല്‍ മൂട്ട പോയ പോലെ ഇതന്നെ പറഞ്ഞോണ്ട് നടക്കും എന്നൊക്കെ ഓര്‍ത്ത് നിരാശപ്പെട്ട് ഞാന്‍ ബഹളം കേട്ടിടത്തേക്ക് ഓടി.

അവിടെ ചെല്ലുമ്പോള്‍ നല്ല സുന്ദരിയായ ഒരു പശുക്കുട്ടി പറമ്പു മുഴുവനും ഓടി നടക്കുന്നതു കണ്ടു. ഹായ്. നല്ല ഭംഗിയുള്ള ക്‌ടാവ്. അതിന്‍റെ ഒപ്പം ഓടിയെത്താന്‍ ലേശം പണിപ്പെട്ടെങ്കിലും ഒടുവില്‍ ഒരു വിധം കഴുത്തില്‍ ഞാനാ മാലകള്‍ രണ്ടും കെട്ടിക്കൊടുത്തു. ഇളം തവിട്ടു നിറത്തിലുള്ള ശരീരവും , വെളുത്ത രോമമുള്ള കാലുകളും, അറ്റത്തു കറുത്ത രോമങ്ങളുള്ള കുഞ്ഞിവാലും ഒക്കെച്ചേര്‍ന്ന അവളൊരു കൊച്ചുസുന്ദരിയായിരുന്നു. "അച്ഛമ്മേ, നമ്മടെ പശുക്കുട്ടിക്ക് ഞാന്‍ പേരിടുംട്ടാ", ഒടപ്പെറന്നോള്‍ക്ക് ആ ബുദ്ധി തോന്നുന്നതിലും മുമ്പ് അവകാശം സ്ഥാപിക്കാന്‍ ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. തൊഴുത്തില്‍ ലക്ഷ്മിയുടെ പ്രസവത്തിന്‍റെ എന്തോ കോംപ്ളക്സിറ്റി ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന അച്ഛമ്മ ലേശം നിരാശയോടെ മറുപടി പറഞ്ഞു, "അത് മൂരിക്കുട്ട്യാണ്ടാ".
"മൂരിക്കുട്ട്യോ, അത് മൂരിക്കല്ലെ ഉണ്ടാവുക, ഇത് പശുക്കുട്ട്യല്ലേ" എന്നെനിക്ക് അപ്പൊത്തന്നെ സംശയം തോന്നുകയും അവരൊക്കെ മൂത്തവരല്ലേ, നമ്മളേക്കാള്‍ വിവരം കാണുമല്ലോ എന്ന് കരുതി ആ സംശയം എന്‍റെ ഉള്ളില്‍ത്തന്നെ കുഴിച്ചു മൂടുകയും ചെയ്തെങ്കിലും മൂരിക്കുട്ടിക്കെന്താപ്പൊ കൊഴപ്പം എന്നെനിക്ക് മനസ്സിലായില്ല.

കുറച്ചു നേരം അവിടെം ഇവിടെം ഒക്കെ ചുറ്റിനടക്കുകയും സംസാരങ്ങള്‍ ഡീകോഡ് ചെയ്തതിന്‍റെയും ഫലമായി മൂരിക്കുട്ടിയെ നമുക്കാവശ്യമില്ല എന്ന ഒരു നഗ്നസത്യം എനിക്കു മനസ്സിലായി. എന്ത്! മൂരിക്കുട്ടിയായാലിപ്പൊ ഇവര്‍ക്കെന്താ, എന്‍റെ വീട്ടില്‍ കാളേണ്ട് എന്ന് എനിക്ക് സ്കൂളില്‍ ഡയലോഗടിച്ചൂടെ, ഛെ, ഈ വല്യോരെന്താ ഇതൊന്നും ചിന്തിക്കാത്തതെന്നു വിചാരിച്ച് ഞാന്‍ ലജ്ജിച്ചു. ഇവര്‍ക്കു വേണ്ടെങ്കില്‍ വേണ്ട ചുമ്മാ ആ തൊഴുത്തില്‍ ഇതും കൂടെ നിന്നോട്ടെ എന്ന് ഞാന്‍ അച്ഛമ്മയോട് പറഞ്ഞു. പക്ഷേ, കാര്യങ്ങള്‍ കൈ വിട്ടു പോവുകയായിരുന്നു. മൂരിക്കുട്ടിയെ വില്‍ക്കാന്‍ അന്നു തന്നെ ആളെ ഏര്‍പ്പാടു ചെയ്തിരുന്നു.

ഒരു പാടമോ പറമ്പു കിളച്ച് നടത്തുന്ന കൃഷിയോ ഇല്ലാത്ത കഴിമ്പ്രത്ത് ഒരു കാളയെ വളര്‍ത്തുന്നതിന്‍റെ ഔചിത്യത്തെക്കുറിച്ച് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞെങ്കിലും, ലക്ഷ്മീടെ കുട്ടീനെ അങ്ങനെയങ്ങോട്ട് വിട്ടു കൊടുക്കാന്‍ എനിക്കന്ന് കഴിയുമായിരുന്നില്ല.
പക്ഷേ, ഒടുവില്‍ അന്നു തന്നെ വൈകീട്ട് ഒരു ചെറിയ കയറും കയ്യിലിട്ട്, ഒരു നീല ബനിയനും ഇട്ട് ഒരാള്‍ അതിനെ കൊണ്ടു പോവാനെത്തി. കച്ചവടം ഉറപ്പിച്ച് ആ കയറില്‍ കെട്ടി അയാള്‍ അതിനേം കൊണ്ടു വളവു തിരിഞ്ഞു പോവുമ്പോള്‍ എനിക്ക് സങ്കടം സഹിക്കാന്‍ പറ്റിയില്ല. അച്ഛമ്മയെ കെട്ടിപ്പിടിച്ച് ഞാന്‍ ഉറക്കെ കരഞ്ഞു. എന്നെ ചേര്‍ത്തു പിടിച്ച് തലയില്‍ തടവിക്കൊണ്ട് ആശ്വസിപ്പിക്കാനെന്നോണം അച്ഛമ്മ അപ്പോള്‍ പറയുന്നുണ്ടായിരുന്നു, "ലക്ഷ്മി ഇനീം പ്രസവിക്കൂടാ..നീ വെഷമിക്കല്ലെ.." പക്ഷെ, അച്ഛമ്മയുടെ തൊണ്ടയിലും വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.

***
എഴുതി വന്നപ്പൊ ‍ഓര്‍ത്ത് സങ്കടായി!

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...