Thursday 29 November 2007

ഒരു കുഞ്ഞിപ്രണയം

പ്ളസ്ടൂവില്‍ പഠിക്കുമ്പോളാണ്‌ എങ്ങനേലും ആരേലും പ്രേമിച്ചേ മതിയാവൂ എന്ന അടങ്ങാത്ത അഭിവാഞ്ച ഉണ്ടാകുന്നത്. ചുറ്റുമുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളെല്ലാം കംപ്ളീറ്റ് തെറ്റാണെന്ന് ആദ്യം തോന്നിത്തുടങ്ങിയ സമയമാണ്‌. അപ്പൊപ്പിന്നെ എനിക്കു തോന്നുന്നതു ശരി, എന്ന ഒരു കുടിലചിന്ത ഉണര്‍ന്നു വന്ന കാലം. ഓക്കേ, പ്രെമിച്ചേ പറ്റൂ, പക്ഷേ ആരെ!

ഒന്നു രണ്ടു പ്രണയങ്ങള്‍ തുടങ്ങി വച്ചു, പക്ഷേ, ക്ളച്ചു പിടിച്ചു പോകുന്നില്ല, ഒട്ടു മിക്ക ലവളുമാരും പൈങ്കിളിയടിച്ചു, അല്ലാത്ത ഒന്നുമായി ലൈനിട്ടപ്പോഴേക്കും പിതാവും ഏതോ ഒരു പരിശുദ്ധാത്മാവും കൂടി പിടിച്ചു. പൈങ്കിളി എനിക്കു പണ്ടേ ഇഷ്ടമല്ല. ഈ ലോകത്തെ മാനോം മര്യാദയുമായി പ്രേമിക്കുന്നവരെ നാണം കെടുത്താനാണ്‌ പൈങ്കിളികള്‍ ഉദയം ചെയ്തതെന്നാണ്‌ എന്‍റെ വിശ്വാസം. പ്ളസ്ടുവിലെ ജൂനിയര്‍പൈതങ്ങളിലൊന്നിനെ ഞാന്‍ ഞാന്‍ നോട്ടമിട്ടു. അതിനെ അവള്‍ടെ ക്ളാസില്‍ത്തന്നെയുള്ള ഒരുത്തന്‍ കൊത്തിയെടുത്തു. പ്രേമത്തില്‍ കലിപ്പു വന്നിട്ടു യാതൊരു കാര്യമില്ല. ഗോ ഫോര്‍ ദ നെക്സ്റ്റ് വണ്‍!

എന്തായാലും ഇങ്ങനെ പിതാവുമായി "പ്രത്യയശാസ്ത്രപരമായ" പ്രശ്നങ്ങളും, ഗോമ്പറ്റീഷനിലെ മറ്റു കാമുകസുഹൃത്തുക്കളുമായുള്ള മല്‍സത്തിലും കുരുങ്ങി എന്‍റെ പ്രണയമോഹങ്ങള്‍ കരിഞ്ഞു തുടങ്ങി. പയ്യെപ്പയ്യെ പ്ളസ്ടു കഴിഞ്ഞു. പട്ടി ചന്തക്കു പോവുന്ന പോലെ രണ്ടു കൊല്ലം തൃശ്ശൂരു പോയി എന്‍ട്രന്‍സു "പഠിച്ച" വകയില്‍ "സീതു"-വിന്‍റെ ഉടമ പുതിയൊരു ബസ്സു വാങ്ങി എന്നല്ലാതെ മറ്റൊരു പ്രയോജനവുമുണ്ടായില്ലെന്നതിനാല്‍, ഞാന്‍ പോളിയില്‍ ചേര്‍ന്ന് യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതി പഠിക്കാന്‍ കച്ച കെട്ടിയിറങ്ങിയ അന്ത കാലത്താണ്‌, പ്ളസ്ടു-വിലെ ജൂനിയറായിരുന്ന ഒരു സുന്ദരിയില്‍ എനിക്കും അവള്‍ക്കെന്നിലും താല്‍പര്യം ജനിക്കുന്നത്. അവളെന്‍റെ വളരെ വളരെ പഴയ ഒരു കളിക്കൂട്ടുകാരിയായിരുന്നു എന്നത് അവള്‍ പറഞ്ഞാണ്‌ ഞാനറിയുന്നത്. അല്ലെങ്കിലും രണ്ടാം ക്ളാസിലൊക്കെ പഠിക്കുമ്പൊ ആരെങ്കിലും കുഞ്ഞിപ്പെമ്പിള്ളേരെ ലൈനിടാന്‍ പൊവ്വോ...;)

വാട്ടെവെര്‍ ഇറ്റീസ്, സംഗതി കൊണ്ടു പിടിച്ച പ്രേമമായി വളര്‍ന്നു തുടങ്ങി. കാലത്ത് എട്ടരക്കുള്ള സുദേവ് എടമുട്ടത്തെത്തുമ്പോഴേക്കും, സൈക്കിളും ചവിട്ടി ഞാനവിടെ എത്തും. ഒരു നോട്ടം, ദാറ്റ്സ് ഓള്‍. അടുത്ത ബസ്സില്‍കേറി ഞാന്‍ തൃപ്രയാറേക്കും പോവും. ഇതു കുറേക്കാലം തുടര്‍ന്നു. എഴുത്തുകുത്തുകളോ താലം കൈമാറലുകളോ ഇല്ലാത്ത വെറും "കണ്ണും കണ്ണും കൊള്ളയടിക്കല്‍" മാത്രമായി കുറേ നാളുകള്‍. ഇടക്കു മാത്രമുള്ള ഫോണ്‍ വിളികള്‍. കാലം കടന്നു പോയി.

പോളീയില്‍ ഒന്നാം വര്‍ഷ പരീക്ഷ വന്ന സമയം. പഠിക്കാന്‍ ഒരു സൌകര്യത്തിനു വേണ്ടി അമ്മയുടെ വീട്ടിലേക്ക് ഞാന്‍ കൂടു വിട്ടു കൂടു മാറി. അച്ഛാച്ഛനും അമ്മാമയും മാത്രം താമസമുണ്ടായിരുന്ന ആ പഴയ മോഡല്‍ വീട്ടിലെ ഏകാന്തതയിലിരുന്നു ഒരു പാടൊക്കെ ചിന്തിച്ചതു കൊണ്ടോ എന്നറിഞ്ഞൂട, എന്‍റെ പ്രേമത്തില്‍ എനിക്കു തന്നെ വിശ്വാസം നഷ്ടപ്പെട്ടതു തുടങ്ങി. എന്നിരുന്നാലും, മുകളിലെ നിലയിലെ വടക്കേ മുറിയില്‍, തട്ടിന്‍മേലെ പാഞ്ഞു നടക്കുന്ന എലികളുടെ പാദസരക്കിലുക്കങ്ങള്‍ക്കു കീഴെ, ഷനുച്ചേട്ടന്‍ പഠിച്ചിരുന്ന കാലത്തുപയോഗിച്ചിരുന്ന നീല ഇരുമ്പുപെട്ടിയുടെ മുന്നിലിരുന്ന് തെരേജയുടെ ഇലക്ട്രിക്കല്‍ ടെക്സ്റ്റ് വായിച്ചു കൂമ്പു വാട്ടുമ്പോളും പ്രേമചിന്തകള്‍ മനസ്സിലേക്കു "ഈറന്‍മേഘവും" പാടി വന്നു കൊണ്ടേയിരുന്നു. ഇതിനൊരു തീരുമാനം എടുത്തേ പറ്റൂ, അല്ലെങ്കില്‍ പഠിപ്പും നടക്കില്ല, പ്രേമവും നടക്കില്ലെന്നെനിക്കു മനസ്സിലായി. കുറേ ചിന്തിച്ചപ്പൊ തോന്നി, നടക്കൂല മാഷ്‌ടെ മോനേ, ടിക്കറ്റില്ലാത്ത യാത്രക്കാരനെപ്പോലെ ജീവിതത്തിന്‍റെ ട്രെയിനില്‍പ്പോവുന്ന നമ്മളെ എവിടെ വെച്ചാണ്‌ ടി.ടി.ആര്‍ പൊക്കുന്നതെന്നറിയാത്തിടത്തോളം ഈ യാത്ര ഒറ്റക്കു തന്നെ ചെയ്യുന്നതാണ്‌ അതിന്‍റെ ശരി.

അങ്ങനെ ഒരു ദിവസം അവളെ വിളിച്ചു ഞാനിതൊക്കെ അങ്ങോട്ടു പറഞ്ഞു. "നിന്നെ കെട്ടാന്‍ പറ്റുമോ, അതോ കൂടെ നടക്കാന്‍ പറ്റുമോ എന്നൊന്നും എനിക്കിപ്പൊ പറയാന്‍ പറ്റൂല ഡാര്‍ലിങ്ങ്, നീങ്ക പോയി ലൈഫ് സെറ്റില്‍ പണ്ണുങ്കെ" എന്ന്.
വലിയ പൊട്ടിത്തെറികളോ, സെന്‍റിമെന്‍സോ കൂടാതെ അങ്ങനെ എന്‍റെ ആ പ്രേമവും അട്ടത്തു കേറി. അനാവശ്യ സെന്റിമെന്‍സുകളോ സീരിയല്‍ ഡയലോഗുകളോ അടിക്കാതെ, എന്നോട് പരിഭവം പറയാതെ, ഡീസന്‍റായി പ്രതികരിച്ച അവളോട് എനിക്കു ബഹുമാനം തോന്നി,
"നല്ല കുട്ടി, നിനക്കു ബുദ്ധിയുണ്ട്". :)

9 comments:

Sherlock said...

:)അപ്പോ കുട്ടിയ്ക്ക് ബുദ്ധിയുണ്ട്...

ശ്രീഹരി::Sreehari said...

good one boss i really liked it

ശ്രീ said...

രണ്ടു പേര്‍‌ക്കും ബുദ്ധിയുണ്ട്.

:)

മൂര്‍ത്തി said...

കുറേക്കാലമായി എവിടെയായിരുന്നു?

അനിയന്‍കുട്ടി | aniyankutti said...

മൂര്‍ത്തേ..ഓര്‍മ്മയുണ്ടല്ലേ...വലിയ സന്തോഷം ആയി കേട്ടോ...!

ഓഫീസില്‍ എല്ലാം ബ്ളോക്ക് ചെയ്തിരിക്കുകയായിരുന്നു. ഇന്നലെ മുതല്‍ പിന്നേം കിട്ടിത്തുടങ്ങി. എത്ര നാളേക്കെന്നറിയില്ലെങ്കിലും.

പിന്നെ, ഇവിടം നമ്മുടെ സ്വന്തമല്ലേ... ഇടക്കെങ്കിലും വരാതിരിക്കാതെങ്ങനെ കഴിയും..! :)

മൂര്‍ത്തി said...

ചില ചര്‍ച്ചകളൊക്കെ നടന്നപ്പോള്‍ ഞാന്‍ വിചാരിക്കുമായിരുന്നു അനിയന്‍‌കുട്ടിയെ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന്.
qw_er_ty

അനിയന്‍കുട്ടി | aniyankutti said...

കുറച്ചു നാള്‍ എല്ലാം നഷ്ടമായി. വീട്ടിലൊരു സെറ്റപ്പുണ്ടാക്കാന്‍ വിചാരിച്ചിട്ടുണ്ട്. ഇനി എന്തെങ്കിലും ഗുലുമാല്‍ ഇവിടത്തെ IT ഡിപ്പാര്‍ട്ട്‌മെന്‍റ്കാര്‍ കൊണ്ടു വരുന്നതു വരെ ഞാനും ഇവിടെയൊക്കെത്തന്നെ കാണും. :)

qw_er_ty

Anoop said...

ethandu, oru similar anubhavam enikkum undayittund.. hi hi

Anoop said...

ithu ok. ini success aaya pranaya kadhaye kurichu ezhuthunno ?

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...