Thursday, 29 November 2007

ഒരു കുഞ്ഞിപ്രണയം

പ്ളസ്ടൂവില്‍ പഠിക്കുമ്പോളാണ്‌ എങ്ങനേലും ആരേലും പ്രേമിച്ചേ മതിയാവൂ എന്ന അടങ്ങാത്ത അഭിവാഞ്ച ഉണ്ടാകുന്നത്. ചുറ്റുമുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളെല്ലാം കംപ്ളീറ്റ് തെറ്റാണെന്ന് ആദ്യം തോന്നിത്തുടങ്ങിയ സമയമാണ്‌. അപ്പൊപ്പിന്നെ എനിക്കു തോന്നുന്നതു ശരി, എന്ന ഒരു കുടിലചിന്ത ഉണര്‍ന്നു വന്ന കാലം. ഓക്കേ, പ്രെമിച്ചേ പറ്റൂ, പക്ഷേ ആരെ!

ഒന്നു രണ്ടു പ്രണയങ്ങള്‍ തുടങ്ങി വച്ചു, പക്ഷേ, ക്ളച്ചു പിടിച്ചു പോകുന്നില്ല, ഒട്ടു മിക്ക ലവളുമാരും പൈങ്കിളിയടിച്ചു, അല്ലാത്ത ഒന്നുമായി ലൈനിട്ടപ്പോഴേക്കും പിതാവും ഏതോ ഒരു പരിശുദ്ധാത്മാവും കൂടി പിടിച്ചു. പൈങ്കിളി എനിക്കു പണ്ടേ ഇഷ്ടമല്ല. ഈ ലോകത്തെ മാനോം മര്യാദയുമായി പ്രേമിക്കുന്നവരെ നാണം കെടുത്താനാണ്‌ പൈങ്കിളികള്‍ ഉദയം ചെയ്തതെന്നാണ്‌ എന്‍റെ വിശ്വാസം. പ്ളസ്ടുവിലെ ജൂനിയര്‍പൈതങ്ങളിലൊന്നിനെ ഞാന്‍ ഞാന്‍ നോട്ടമിട്ടു. അതിനെ അവള്‍ടെ ക്ളാസില്‍ത്തന്നെയുള്ള ഒരുത്തന്‍ കൊത്തിയെടുത്തു. പ്രേമത്തില്‍ കലിപ്പു വന്നിട്ടു യാതൊരു കാര്യമില്ല. ഗോ ഫോര്‍ ദ നെക്സ്റ്റ് വണ്‍!

എന്തായാലും ഇങ്ങനെ പിതാവുമായി "പ്രത്യയശാസ്ത്രപരമായ" പ്രശ്നങ്ങളും, ഗോമ്പറ്റീഷനിലെ മറ്റു കാമുകസുഹൃത്തുക്കളുമായുള്ള മല്‍സത്തിലും കുരുങ്ങി എന്‍റെ പ്രണയമോഹങ്ങള്‍ കരിഞ്ഞു തുടങ്ങി. പയ്യെപ്പയ്യെ പ്ളസ്ടു കഴിഞ്ഞു. പട്ടി ചന്തക്കു പോവുന്ന പോലെ രണ്ടു കൊല്ലം തൃശ്ശൂരു പോയി എന്‍ട്രന്‍സു "പഠിച്ച" വകയില്‍ "സീതു"-വിന്‍റെ ഉടമ പുതിയൊരു ബസ്സു വാങ്ങി എന്നല്ലാതെ മറ്റൊരു പ്രയോജനവുമുണ്ടായില്ലെന്നതിനാല്‍, ഞാന്‍ പോളിയില്‍ ചേര്‍ന്ന് യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതി പഠിക്കാന്‍ കച്ച കെട്ടിയിറങ്ങിയ അന്ത കാലത്താണ്‌, പ്ളസ്ടു-വിലെ ജൂനിയറായിരുന്ന ഒരു സുന്ദരിയില്‍ എനിക്കും അവള്‍ക്കെന്നിലും താല്‍പര്യം ജനിക്കുന്നത്. അവളെന്‍റെ വളരെ വളരെ പഴയ ഒരു കളിക്കൂട്ടുകാരിയായിരുന്നു എന്നത് അവള്‍ പറഞ്ഞാണ്‌ ഞാനറിയുന്നത്. അല്ലെങ്കിലും രണ്ടാം ക്ളാസിലൊക്കെ പഠിക്കുമ്പൊ ആരെങ്കിലും കുഞ്ഞിപ്പെമ്പിള്ളേരെ ലൈനിടാന്‍ പൊവ്വോ...;)

വാട്ടെവെര്‍ ഇറ്റീസ്, സംഗതി കൊണ്ടു പിടിച്ച പ്രേമമായി വളര്‍ന്നു തുടങ്ങി. കാലത്ത് എട്ടരക്കുള്ള സുദേവ് എടമുട്ടത്തെത്തുമ്പോഴേക്കും, സൈക്കിളും ചവിട്ടി ഞാനവിടെ എത്തും. ഒരു നോട്ടം, ദാറ്റ്സ് ഓള്‍. അടുത്ത ബസ്സില്‍കേറി ഞാന്‍ തൃപ്രയാറേക്കും പോവും. ഇതു കുറേക്കാലം തുടര്‍ന്നു. എഴുത്തുകുത്തുകളോ താലം കൈമാറലുകളോ ഇല്ലാത്ത വെറും "കണ്ണും കണ്ണും കൊള്ളയടിക്കല്‍" മാത്രമായി കുറേ നാളുകള്‍. ഇടക്കു മാത്രമുള്ള ഫോണ്‍ വിളികള്‍. കാലം കടന്നു പോയി.

പോളീയില്‍ ഒന്നാം വര്‍ഷ പരീക്ഷ വന്ന സമയം. പഠിക്കാന്‍ ഒരു സൌകര്യത്തിനു വേണ്ടി അമ്മയുടെ വീട്ടിലേക്ക് ഞാന്‍ കൂടു വിട്ടു കൂടു മാറി. അച്ഛാച്ഛനും അമ്മാമയും മാത്രം താമസമുണ്ടായിരുന്ന ആ പഴയ മോഡല്‍ വീട്ടിലെ ഏകാന്തതയിലിരുന്നു ഒരു പാടൊക്കെ ചിന്തിച്ചതു കൊണ്ടോ എന്നറിഞ്ഞൂട, എന്‍റെ പ്രേമത്തില്‍ എനിക്കു തന്നെ വിശ്വാസം നഷ്ടപ്പെട്ടതു തുടങ്ങി. എന്നിരുന്നാലും, മുകളിലെ നിലയിലെ വടക്കേ മുറിയില്‍, തട്ടിന്‍മേലെ പാഞ്ഞു നടക്കുന്ന എലികളുടെ പാദസരക്കിലുക്കങ്ങള്‍ക്കു കീഴെ, ഷനുച്ചേട്ടന്‍ പഠിച്ചിരുന്ന കാലത്തുപയോഗിച്ചിരുന്ന നീല ഇരുമ്പുപെട്ടിയുടെ മുന്നിലിരുന്ന് തെരേജയുടെ ഇലക്ട്രിക്കല്‍ ടെക്സ്റ്റ് വായിച്ചു കൂമ്പു വാട്ടുമ്പോളും പ്രേമചിന്തകള്‍ മനസ്സിലേക്കു "ഈറന്‍മേഘവും" പാടി വന്നു കൊണ്ടേയിരുന്നു. ഇതിനൊരു തീരുമാനം എടുത്തേ പറ്റൂ, അല്ലെങ്കില്‍ പഠിപ്പും നടക്കില്ല, പ്രേമവും നടക്കില്ലെന്നെനിക്കു മനസ്സിലായി. കുറേ ചിന്തിച്ചപ്പൊ തോന്നി, നടക്കൂല മാഷ്‌ടെ മോനേ, ടിക്കറ്റില്ലാത്ത യാത്രക്കാരനെപ്പോലെ ജീവിതത്തിന്‍റെ ട്രെയിനില്‍പ്പോവുന്ന നമ്മളെ എവിടെ വെച്ചാണ്‌ ടി.ടി.ആര്‍ പൊക്കുന്നതെന്നറിയാത്തിടത്തോളം ഈ യാത്ര ഒറ്റക്കു തന്നെ ചെയ്യുന്നതാണ്‌ അതിന്‍റെ ശരി.

അങ്ങനെ ഒരു ദിവസം അവളെ വിളിച്ചു ഞാനിതൊക്കെ അങ്ങോട്ടു പറഞ്ഞു. "നിന്നെ കെട്ടാന്‍ പറ്റുമോ, അതോ കൂടെ നടക്കാന്‍ പറ്റുമോ എന്നൊന്നും എനിക്കിപ്പൊ പറയാന്‍ പറ്റൂല ഡാര്‍ലിങ്ങ്, നീങ്ക പോയി ലൈഫ് സെറ്റില്‍ പണ്ണുങ്കെ" എന്ന്.
വലിയ പൊട്ടിത്തെറികളോ, സെന്‍റിമെന്‍സോ കൂടാതെ അങ്ങനെ എന്‍റെ ആ പ്രേമവും അട്ടത്തു കേറി. അനാവശ്യ സെന്റിമെന്‍സുകളോ സീരിയല്‍ ഡയലോഗുകളോ അടിക്കാതെ, എന്നോട് പരിഭവം പറയാതെ, ഡീസന്‍റായി പ്രതികരിച്ച അവളോട് എനിക്കു ബഹുമാനം തോന്നി,
"നല്ല കുട്ടി, നിനക്കു ബുദ്ധിയുണ്ട്". :)

Tuesday, 27 November 2007

ഡോക്ടര്‍ ഫെര്‍ണാണ്ടസ്സ്‌

വിജനമായി കിടക്കുകയായിരുന്നു ആ നാലുവരിപ്പാത. വീശിയടിക്കുന്ന പൊടിക്കാറ്റും കാറ്റിന്‍റെ ഹുങ്കാരശബ്ദവുമല്ലാതെ മറ്റൊന്നും അവിടെ കേള്‍ക്കാനില്ല. ഇരു വശങ്ങളിലും കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ചെമ്മണ്ണു നിറഞ്ഞ തരിശുഭൂമി... അങ്ങിങ്ങായി കാണുന്ന എതോയിനം മുള്‍ച്ചെടികള്‍... ഹോളിവുഡിലെ കൗബോയ്‌ സിനിമകളില്‍ കാണിക്കാറുള്ള തരം ഭൂപ്രകൃതി.. ചുട്ടുപൊള്ളുന്ന ആ റോഡിലൂടെ മുറിച്ചു കടക്കുകയായിരുന്നു ആ പാവം മനുഷ്യന്‍..ആള്‍ നന്നേ ക്ഷീണിതനാണ്‌. വേച്ചു വേച്ച്‌ നീങ്ങിയ അയാള്‍ പൊടുന്നനെ ഒരു വലിയ ഹോണ്‍ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി... എവിടെ നിന്നെന്നില്ലാതെ ചീറിപ്പാഞ്ഞു വന്ന ഒരു വമ്പന്‍ ട്രെയിലര്‍ അയാളെ ഇടിച്ചു തെറിപ്പിച്ച്‌ പാഞ്ഞു പോയി... ഇടിയുടെ ആഘാതത്തില്‍ അയാള്‍ ഒരു പാടു ദൂരേയ്ക്കു തെറിച്ചു വീണു. ഏതാണ്ടൊരു മണിക്കൂറോളം ഒരു മനുഷ്യജീവി പോലുമില്ലാത്ത ആ റോഡില്‍ അയാള്‍ അനാഥനായിക്കിടന്നു. അപ്പോള്‍ അതു വഴി വന്ന ഒരു വാഹനം അയാളെ കണ്ടു. അവര്‍ അയാളെ എടുത്തു അങ്ങകലെയുള്ള ഡോക്ടര്‍ ഫെര്‍ണാണ്ടസ്സിന്‍റെ ക്ലിനിക്കിലെത്തിച്ചു...

ഡോക്ടര്‍ ഫെര്‍ണാണ്ടസ്സ്‌ സമൂഹത്തെ സ്നേഹിക്കുകയും അഗതികളെ സൗജന്യചികില്‍സ നല്‍കിക്കൊണ്ട്‌ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടു വരാന്‍ പെടാപ്പാടു ചെയ്യുന്നവനുമായ ഒരു സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. തന്‍റെ സഹോദരിയും വിശ്വസ്യായ നഴ്സുമായ മാഗിയായിരുന്നു അദ്ദേഹത്തിന്‍റെ ഒരേയൊരു സഹായി...
അദ്ദേഹം തന്‍റെ പുതിയ രോഗിയുടെ മുറിവുകളെല്ലാം പരിശോധിച്ചു. അതിഭീകരമായി പരിക്കേറ്റിരുന്ന അയാളുടെ ശരീരത്തിലെ മുറിവുകളെല്ലാം അദ്ദേഹം വിദഗ്‌ധമായി തുന്നിക്കെട്ടി. ആ രോഗിക്കും ഒരു ബെഡ്ഡ്‌ നല്‍കുകയും അയാളെ വാര്‍ഡിലേക്കു മാറ്റുകയും ചെയ്ത്‌ അദ്ദേഹം തന്‍റെ വിശ്രമമുറിയിലേക്കു പോയി... മാഗി മറ്റു രോഗികളുടെ അടുത്തേക്കും..

****

പത്നി റാണിടീച്ചറും മകനും മകളും അടങ്ങുന്ന തന്‍റെ കുടുംബത്തോടൊപ്പം, കഴിമ്പ്രത്ത്‌ മക്കാരാപ്ലയുടെ കടക്കു പിന്നിലുള്ള, ഫിനിഷിങ്ങ്‌ പണി പൂര്‍ത്തിയായിട്ടില്ലാത്ത ആ വാടക വീട്ടിലേക്കു ചിദംബരന്‍ മാഷ്‌ താമസം മാറിയിട്ട്‌ അധികം നാളായിട്ടില്ലായിരുന്നു. . അങ്ങനെയിരിക്കെ, അന്നു വൈകീട്ടു മാഷ്‌ വീട്ടിലേക്കു വന്നു കയറിയപ്പോള്‍ കണ്ട കാഴ്ച അദ്ഭുതമുണര്‍ത്തുന്നതായിരുന്നു. സിറ്റൗട്ടിന്‍റെ, ചാന്തോ മൊസൈക്കോ ഇടാത്ത പരുപരുത്ത തറയില്‍, നിരനിരയായി കുറേ കശുമാങ്ങകള്‍ കിടക്കുന്നു. എല്ലാത്തിനെയും വളരെ ശ്രദ്ധയോടേ വെളുത്ത പേപ്പറിലാണ്‌ കിടത്തിയിരിക്കുന്നത്‌. എല്ലാം തന്നെ ചതഞ്ഞരഞ്ഞ നിലയിലാണ്‌. സൂക്ഷിച്ചു നോക്കിയപ്പോള്‍ സൈക്കിള്‍ ടയറിന്‍റെ പാടുകളും അവയില്‍ കണ്ടു. കീറലുള്ള ഭാഗങ്ങളിലെല്ലാം തന്നെ പല നിറത്തിലുള്ള നൂലുകള്‍ കൊണ്ട്‌ തുന്നിക്കൂട്ടിയിട്ടുണ്ട്‌. കാര്യം ഊഹിച്ചെടുത്ത മാഷ്‌ ഉറക്കെ വിളിചു. "ചിഞ്ച്വോ..ശ്രീമോളേ... ഈ കശുവണ്ടിയൊക്കെ മുരുങ്ങിട്ത്ത്‌ അവര്‍ക്ക്‌ കൊണ്ടൊട്ത്തേ...ഇന്ന്‌ട്ട് ഈ മാങ്ങ്യൊക്കെ ഇട്ത്ത്‌ കളയ്‌..വേഗാവട്ടെ...അവരു വന്നിനി ഇവിടെ വന്ന് ബഹളം വെച്ചാല്‍ണ്ടല്ലാ...ആ..." കേട്ടപാതി കേള്‍ക്കാത്ത പാതി ഡോക്ടര്‍ ഫെര്‍ണാണ്ടാസ്സും സിസ്റ്റര്‍ മാഗിയും പാഞ്ഞു വന്ന് രോഗികളെയെല്ലാം വാര്‍ഡില്‍ നിന്ന് നീക്കം ചെയ്തു. അവരുടെയെല്ലാം തല പിഴുതെടുത്ത്‌ കശുമാവിന്‍റെ ഉടമക്ക്‌ കൊണ്ടു കൊടുത്ത്‌ അവര്‍ മിണ്ടാതെ മടങ്ങി വന്നു... അപ്പോള്‍ ആ വഴി വന്ന കപ്പലണ്ടിക്കാരന്‍ ചേട്ടന്‍ പതിവായി തരാറുള്ള രണ്ടു രൂപയുടെ ചൂടുകപ്പലണ്ടി വാങ്ങി തൊലികളഞ്ഞ്‌ കൊറിച്ചു കൊണ്ട്‌ അവര്‍ തങ്ങളുടെ അടുത്ത ദിവസത്തെ ഉച്ചസമയ ഇടവേളയെക്കുറിച്ച്‌ ചിന്താമഗ്നരായി...


മധുരം കുട്ടിക്കാലം...

*****
വാല്‍: ചെറുപ്പത്തില്‍ ആകെ അറിയാവുന്ന രണ്ട്‌ ഇംഗ്ലീഷ്‌ പേരുകളായിരുന്നു ഫെര്‍ണാണ്ടസ്സും മാഗിയും...:)

ദി വാതില്‍ക്കുറ്റി

മാമന്‍റോടെ പോവുമ്പൊ, കസിന്‍ ലോകരെല്ലാം വന്നിട്ടുണ്ടെങ്കില്‍പ്പിന്നെ കോലാഹലം അലയടിച്ചിരുന്ന അന്ത കാലത്തെ ഒരു ഉച്ച ഉച്ചര ഉച്ചേമുക്കാല്‍നേരത്ത്‌...

പൊതുവെ സഹൃദയരായ മാമന്മാര്‍ ഞങ്ങളുടെ മേല്‍ അധികം അധികാരപ്രകടനവും കെട്ടിയിടലുമൊന്നുംനടത്തിയിരുന്നില്ല. അതു കൊണ്ടു തന്നെ തോന്നുന്നിടത്തൊക്കെ പോവാനും ഒരു മാതിരിപ്പെട്ട അലമ്പുകള്‍ കാട്ടാനും ഞങ്ങള്‍ക്ക്‌ ധൈര്യമുണ്ടായിരുന്നു. അതേ സമയം തന്നെ, തെക്കേലെ സുരമാമന്‍റെ കോഴിഫാമിലെ ജോലിക്കാരനായിരുന്ന ഷാജുവിന്‍റെ കിടക്കയില്‍ ഒരു പാവം പാമ്പിന്‍റെ ഡെഡ്‌ ബോഡികൊണ്ടു വെക്കുകയും, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കമ്പനിയെ കിടക്കയില്‍ കണ്ടതിന്‍റെ ആഫ്ടര്‍ ഇഫക്റ്റില്‍ ഷാജു ഞെട്ടിത്തെറിച്ച്‌ വലിയ വായില്‍ വാവിട്ടു കരഞ്ഞ ഒരു ഓള്‍ഡ് സംഭവത്തിന്‍റെ പേരില്‍ വിചാരണ കൂടാതെ, കയ്യില്‍ കിട്ടിയ വടത്തിന്‍റെ നാലു മുഴം പീസു കൊണ്ട്‌ ഷനുച്ചേട്ടനു ഏല്‍ക്കേണ്ടി വന്ന ഭീകരമര്‍ദ്ദനം ഓര്‍മയിലുള്ളതിനാല്‍, കൈ വിട്ട കളികള്‍ക്കൊന്നുംഞങ്ങള്‍ മുതിര്‍ന്നിരുന്നുമില്ല.

അങ്ങനെയിരിക്കെ... പ്രസ്തുത കോഴിഫാമില്‍ മഞ്ഞനിറത്തില്‍ തത്തിക്കളിച്ചു നടക്കുന്ന ഇളംകോഴിക്കുഞ്ഞുങ്ങള്‍ മുതല്‍, നാലു കിലോ തൂക്കത്തില്‍ പടര്‍ന്നു പന്തലിച്ച്‌ നെഞ്ഞു വിരിച്ചു നില്‍ക്കുകയും, എന്നാല്‍ ഘോഷേട്ടനോ ഷാജുവോ ഗിരീഷോ വന്ന് ചിറകിനു കൂട്ടിപ്പിടിച്ച്‌ ത്രാസ്സിലിടുമ്പോള്‍ ഒന്നെതിര്‍ക്കുക പോലും ചെയ്യാതെ കീഴടങ്ങിക്കൊടുക്കുന്നവരുമായ സല്‍മാന്‍ ഖാന്‍ കോഴികള്‍ വരെയുള്ളവയുടെ പല വിധം കരച്ചിലുകളും, തെക്കു നിന്നടിക്കുന്ന കാറ്റിനൊപ്പം "ഇളവസ്സമായി" വരുന്ന, കുളത്തില്‍ കലക്കിയ കോഴിവേസ്റ്റിന്‍റെ മണവും ഒക്കെ കൂടി തികച്ചും സാധാരണ മട്ടിലുള്ള ആ വെരി മച്ച്‌ നോര്‍മല്‍ ഉച്ചനേരത്ത്‌...

അന്നേ ദിവസം വളരുന്ന കുട്ടികളായ ഞങ്ങള്‍ക്ക്‌ "എക്സ്ട്രാ ഗ്രോയിങ്ങ്‌ പവര്‍"-നു ആവശ്യമായ "ഐറ്റം നമ്പറുകള്‍" കൂട്ടത്തില്‍ മുതിര്‍ന്നവര്‍ സംഘടിപ്പിച്ചു വെച്ചിരുന്നു. അതൊക്കെ മാമന്‍മാരോ മാതപിതാഗുരുര്‍ദൈവങ്ങളോ കാണാതെ വായിച്ചു സായൂജ്യമടയുവാന്‍ വേണ്ടി എല്ലാരും കൂടെ കിഴക്കേ മുറിയില്‍ കയറിപറ്റുകയുംമറ്റാരും ഇടിച്ചു കേറി വരുന്നതിനു തടയിടാനായി വാതില്‍ കുറ്റിയിടുകയും ചെയ്തു. സഹോദരലോബിയുടെ നിര്‍ദ്ദേശപ്രകാരം ഞാനായിരുന്നു കുറ്റി ഇട്ടത്‌, അപ്പോഴേ കുറ്റി വീഴാന്‍ ശ്ശി ബുദ്ധിമുട്ട്‌ നിക്ക്‌ തോന്നിയിരുന്നു, പക്ഷേ, അവിടെ സമ്പാദിക്കാന്‍ പോവുന്ന അറിവിന്‍റെ വ്യഗ്രതയില്‍ ഞാന്‍ ഒരാവേശത്തില് ‍എങ്ങനെയോ കുറ്റി കുത്തികേറ്റി ഇട്ടു. അതിനു ശേഷം, അത്യന്തം ആക്രാന്തത്തോടെയും വേക്രയോടും കൂടി അന്നത്തെ "സെറ്റ്‌ ഓഫ്‌ ഇന്‍ഫോമേഷന്‍" സമ്പാദിച്ച ശേഷം "ഇതിപ്പൊ ഇങ്ങന്യൊക്കെയാണോ ഈശ്വരാ" എന്ന് പതിവു പോലെ എല്ലാരും കുറേ നേരം വണ്ടറടിച്ചിരുന്നു.

അങ്ങനെ വണ്ടറടിച്ചു ബോറടിച്ചു തുടങ്ങിയപ്പൊ കിച്ചു വാതില്‍ തുറക്കാന്‍ ചെന്നു. ആദ്യം ഒരു നോര്‍മല്‍ വലി വലിച്ചിട്ട്‌ കുറ്റിക്കൊരു അനക്കവും ഉണ്ടായില്ല. "എന്തൂട്ട്‌ പേട്ടക്കുറ്റ്യദ്‌.." എന്ന ഭാവത്തില്‍ എന്നെയൊന്നുനോക്കി. എന്നാല്‍ പിന്നീടൊരു പത്തു മിനിറ്റ്‌ നേരം അവന്‍ വളരേ മൃഗീയവും പൈശാചികവുമായി ആ കൊച്ചുകുട്ടിയില്‍ക്കിടന്നു തൂങ്ങിയാടിയിട്ടും അതിനൊരു അനക്കം പോലും ഉണ്ടായില്ല. "മാറി നിന്നേറ്റെടാ..ഒരു കുറ്റി തോറക്കാന്‍ പറ്റാത്ത പേട്ടകള്‍" എന്ന ഡയലോഗ്ഗോടെ കട്ടിലില്‍ നിന്നെണീറ്റു വന്ന വിനോഷിന്‌ അതിന്‍റെ മേലെക്കെട്ന്ന് ട്രപ്പീസാടീട്ടു പോലും മരുന്നിനു പോലും ഒന്നു നീക്കാന്‍ കഴിഞ്ഞില്ല. എല്ലാരുടേം മുഖത്ത്‌ പരിഭ്രാന്തിയുടെ, ടെന്‍ഷന്‍റെ ചെറിയ മുകുളങ്ങള്‍ പൊട്ടി മുളച്ച്‌ അവയെല്ലാം പൂക്കളായി ഇതള്‍ വിടര്‍ത്തുന്നത്‌ ഞാന്‍ കണ്ടു. എന്‍റെ മുഖം ഓള്‍റെഡി അങ്ങനെയായിരുന്നതിനാല്‍ പ്രത്യേകിച്ചൊരു വികാരം എനിക്കാ സന്ദര്‍ഭത്തില്‍ കാണിക്കുവാനുണ്ടായില്ല...

പതിയെ എന്‍റെ അടുത്തു വന്ന ഷനുച്ചേട്ടന്‍ എന്‍റെ കാതില്‍ മന്ത്രിച്ചു. "അപ്പ്രത്ത്‌ എല്ലാരൂണ്ട്‌. വാതില്‌ തൊറക്കാന്‍ ആരേങ്കിലും വിളിച്ചാല്‌ സംശയം തോന്നും. ഇവട്യെങ്ങാനും പരിശോധിച്ചാല്‍ നല്ല ചെപ്പിമൂളി കിട്ടും അവര്‌ടേന്ന്"...അപ്പഴാണ്‌ കാര്യങ്ങള്‍ടെ ഒരു കിടപ്പുവശം എന്‍റെ മൂളയിലൂടെ ഒന്നു മിന്നലു പോലേ ഓടിയത്‌. ഓ മൈ കടവുളേ...സംഗതി കൈ വിട്ട്വോ..കാല്‍ ഭാഗം അധ്വാനം കൊണ്ടും മുക്കാല്‍ ഭാഗം ടെന്‍ഷന്‍ കൊണ്ടും വിയര്‍ത്തു കുളിച്ചവര്‍ എനിക്കും ഷനുച്ചേട്ടനും വേണ്ടി കുറ്റി തുറക്കലിന്‍റെ ഷിഫ്റ്റ്‌ മാറിത്തന്നു. വലിച്ചു വലിച്ചു എന്‍റെ കൈവിരലുകളുടെ അടപ്പൂരാറായിട്ടു കൂടി, ഞാനാണ്‌ ഇട്ടതെന്ന നന്ദി പോലും കാട്ടാതെ ആ കുറ്റി അങ്ങനെത്തന്നെ കിടന്നു. ഒടുവില്‍ അധികം ടെന്‍ഷന്‍ കൊണ്ടുനടക്കേണ്ടപ്രായമല്ലാത്തതിനാല്‍ നയതന്ത്രജ്ഞനായ വിനോഷ്ഭായ്‌ പതുക്കെ ജനാല തുറന്ന് പുറത്തു വരാന്തയിലിരുന്ന് പരദൂഷണം പറഞ്ഞു രസിച്ചിരുന്ന അമ്മ-അമ്മാമ-അമ്മായി-വെല്ലിമ്മ സെറ്റിലൊരാളെ പതിയെ അടുത്തു വിളിച്ച്‌ വിവരം പറഞ്ഞു. കേട്ടവര്‍ കേട്ടവര്‍ ആദ്യം "കല്യാണരാമനില്‍ ഉരുളിപൊക്കാന്‍ വന്ന ഇന്നസെന്‍റിനെപ്പോലെ" വന്നെങ്കിലും കുറ്റി ജനലിലൂടെ കമ്പിയും കോലുമൊക്കെ ഇട്ടു കുത്തിയിട്ടും കുറ്റിക്കൊരനക്കവുമുണ്ടായില്ല. സംഗതി അല്‍ക്കുല്‍ത്താണെന്നു മനസ്സിലായ സ്ത്രീജനങ്ങള്‍ കുടുംബത്തിലെ പുരുഷകേസരികള്‍ക്ക്‌ വഴി മാറിക്കൊടുത്തു. കൂടുതല്‍ ഇന്നോവേറ്റിവ്‌ ആയ പല പരീക്ഷണങ്ങളും അവര്‍ ആവിഷ്കരിച്ചു നടപ്പാക്കിനോക്കി. ബട്ട്‌, കുറ്റി തുറക്കുക എന്നതൊഴിച്ചുള്ളവ മാത്രമേ അവിടെ വിജയം കൈവരിച്ചുള്ളൂ.

പുല്ലു പോലെ ഇരിക്കുന്ന വെറും രണ്ടിഞ്ചു പോലും നീളമില്ലാത്ത ആ കുറ്റിയോടുള്ള ദേഷ്യം മുഴുവനും പതിയെപ്പതിയെ ഞങ്ങളോടുള്ള ആക്രോശങ്ങളായി മാറുകയും തല്‍ഫലമായി, മുറി തുറക്കാതിരിക്കുകയാണ്‌ ഭേദം എന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും തോന്നിത്തുടങ്ങുകയുംചെയ്തു. പഴയ കാലത്തുണ്ടാക്കിയ നല്ല ഉഗ്രന്‍ വാതിലായതിനാല്‍ അതു പൊളിക്കാന്‍ അച്ഛാച്ഛന്‍ സമ്മതിച്ചില്ല. ഒടുവില്‍ അറ്റ കൈയ്ക്ക്‌ ജനല്‍ക്കമ്പികള്‍ മുറിച്ചു മാറ്റാന്‍ ജനലിനു പുറത്തെ പൗരാവലി തീരുമാനിച്ചു. അകത്തെ പൗരന്മാര്‍ മുജാഹീറുകളായതിനാല്‍ തല്‍ക്കാലം ഞങ്ങളുടെ വോയ്സിനു പ്രത്യേകിച്ച്‌ പ്രസക്തിയൊന്നുമില്ലായിരുന്നു, മാത്രമല്ല, ഞങ്ങള്‍ക്കാ സമയത്ത്‌, പുറത്തിറങ്ങിയാല്‍ നടക്കാന്‍ ‍പോവുന്ന പുറം പള്ളിപ്പുറമാകുന്ന ചടങ്ങുകളെക്കുറിച്ചോര്‍ത്ത് ഉള്ളം കൊള്ളൈ പോയിക്കൊണ്ടിരിക്കുകയായിരുന്നല്ലോ. തെക്കേലുണ്ടായിരുന്ന ഡ്രില്ലറും കട്ടറുമൊക്കെ രംഗപ്രവേശം ചെയ്തു. ധിരിമാമന്‍ എല്ലാവരുടെയും അനുവാദത്തോടെ ആദ്യ സെറ്റ്‌ ഓഫ്‌ കമ്പികളെ ജനല്‍പ്പട്ടയില്‍ നിന്ന് വേര്‍പെടുത്തി.

മറിഞ്ഞു കിടക്കുന്ന ബസ്സില്‍ നിന്നും നാട്ടുകാര്‌ ആളുകളെ എടുക്കുംപോലെ, കമ്പി മുറിച്ചുണ്ടാക്കിയ സ്മാള്‍ഗാപ്പിലൂടെ മാമമാരെല്ലാം കൂടി ഞങ്ങളെ ഓരോരുത്തരെയായി പുറത്തേക്കിറക്കാന്‍ തുടങ്ങി. അതിനിടയിലാരോ പുറത്തു നിന്നും വാതിലിലൊരു നല്ല ഊക്കനൊരു തള്ളു വെച്ചു കൊടുത്തു.ഇത്രനേരത്തെ പരിശ്രമം കണ്ടു ബോറടിച്ച്‌ "പൂവര്‍ ബോയ്സ്‌" എന്നു തോന്നിയിട്ടോ എന്തോ, കുറ്റിക്കൊരു ഇളക്കം വന്ന പോലെ എനിക്കു തോന്നി. സര്‍വ്വശക്തിയും (അങ്ങനെ പറയാന്‍ മാത്രമൊന്നുമുണ്ടായിരുന്നില്ലെങ്കിലും) എടുത്ത്‌ ഞാനാ കുറ്റിയില്‍ ഒന്നുകൂടി തൂങ്ങിയാടി. അതാ അന്ത കുറ്റി താഴോട്ടു പോരുന്നു. ഒട്ടൊന്നദ്ധാനിച്ചപ്പോള്‍ അന്ത പടുപാപി കുറ്റി കൂളായി ഊരിപ്പോന്നു. ദ്രോഹി...!! വാതില്‍ തുറന്നു വരുന്ന എന്നെക്കണ്ട്‌ പുറത്തുനിന്നവര്‍ അന്തിച്ചു നോക്കി. ഡ്രില്ലറും കയ്യില്‍പ്പിടിച്ച്‌ നിന്നിരുന്ന ധിരിമാമന്‍ ഭാഗ്യം കൊണ്ട്‌ കുറച്ചു ദൂരെയായതിനാല്‍ എനിക്കിന്നും ശരീരത്തില്‍ എക്സ്ട്രാ ദ്വാരങ്ങളൊന്നും വീണിട്ടില്ല. എന്തൊക്കെയായാലും, അന്നത്തെ പോസ്റ്റ്‌-ജനല്‍ ‍പൊളിക്കല്‍, ആക്രോശ-ഭീഷണി-തലയില്‍കിഴുക്ക്‌-മുഖത്തു തേമ്പ്‌ കലാപരിപാടികളേക്കാളും എന്നെ വേദനിപ്പിച്ച, ഇന്നും ഒരു നഷ്ടബോധത്തോടെ ഉള്ളില്‍ നിലകൊള്ളുന്ന മറ്റൊരു വിഷമമുണ്ടായിരുന്നു. ഷിജുവിനെപ്പോലെ, കിച്ചുവിനെപ്പോലെ, ഷനുച്ചേട്ടനെപ്പോലെ ജനല്‍ മുറിച്ച ആ ഗാപ്പിലൂടെ എനിക്കു പുറത്തിറങ്ങാനായില്ലല്ലോ....