Wednesday, 27 June 2007

കന്നിമോഷണം, കന്നിവാറന്‍റ്, കന്നിശിക്ഷ

കഴിമ്പ്രത്ത് സ്കൂളിന്‌ മതില്‌ പണിയുന്നതിനും മുമ്പ്, എന്നു വെച്ചാല്‍, എട്ടരയ്ക്ക് തൃശൂര്‍ക്ക് പതിവു തെറ്റാതെ ട്രിപ്പടിയ്ക്കുന്ന "വര്‍ഷ" യുടെ (ഇന്നത്തെ ഡീപ് ബ്ളൂ സീ) വരെ അടി മുട്ടുമാറാകും വണ്ണം, കഴിമ്പ്രം-എടമുട്ടം റോഡില്‍, എണ്ണം പറഞ്ഞ മൂന്നു ഹമ്പുകള്‍ പണിതുയര്‍ത്തുന്നതിനും വളരെ മുമ്പ്, ഗോപാലേട്ടന്‍ കട പുതുക്കിപ്പണിയുന്നതിനും റോയല്‍ സ്റ്റോഴ്സ് സ്കൂള്‍കുട്ടികളുടെ ജീവിതരീതി തന്നെ മാറ്റിമറിക്കുന്നതിനും വളരെ വളരെ മുമ്പ്, ഇന്‍റര്‍ബെല്ലിന്‌(അതെ, ഇന്‍റര്‍വെല്‍ തന്നെ) പുറത്തേയ്ക്ക് പായുന്ന കഴിമ്പ്രം സ്കൂളിലെ പിള്ളേരുടെ ആശ്രയമായിരുന്ന ശാന്തേട്ടന്‍റെയും ശേഖരശാന്തിയുടെയും ബൈജുച്ചേട്ടന്‍റെയും കടകള്‍ ഫുള്‍ ത്രോട്ടിലില്‍ ബിസിനസ്സ് നടത്തിക്കൊണ്ടിരുന്ന അന്ത സുവര്‍ണ്ണകാലം...

താരനാഥന്‍മാഷിന്‍റെ ഹിറ്റ്ലര്‍ ഭരണകാലമായിരുന്നു അന്ന്. വെള്ളയും വെള്ളയും ഇട്ട് കമ്പൌണ്ടര്‍മാരെപ്പോലെ നടന്നിരുന്ന ഞങ്ങളൊക്കെ അന്ന് മാഷിന്‍റെ ബുള്ളറ്റിന്‍റെ ശബ്ദം കേള്‍ക്കുമ്പൊത്തന്നെ ഓടിയൊളിക്കുമായിരുന്നു, എന്തിനാന്നറിഞ്ഞിട്ടല്ല, എല്ലാരും ചെയ്യുന്നു, അപ്പൊ ഞങ്ങളും ചെയ്തു പോന്നു. സ്കൂളിന്‍റെ പടിഞ്ഞാറേ ഭാഗത്തുള്ള കുഞ്ഞുഗേറ്റിലൂടെ പുറത്തു കടന്നാല്‍ മേല്‍പ്പറഞ്ഞ കടകള്‍ സ്ഥിതി ചെയ്യുന്ന, പ്രസിദ്ധമായ അന്നത്തെ കഴിമ്പ്രം സെന്‍ററിലെത്താം. പിന്നീട് സ്കൂളിന്‍റെ ഗേറ്റ് കിഴക്കോട്ടു മാറ്റിയപ്പൊ സെന്‍ററും കൂടെ അങ്ങോട്ടു മാറി. ചുരുക്കം പറഞ്ഞാല്‍ അത്രേ ഉള്ളൂ കഴിമ്പ്രംന്ന്...

അങ്ങനെ സെന്‍ററിലെത്തിയാപ്പിന്നെ പൊടിപൂരമല്ലേ... ശാന്തേട്ടന്‍റെ പെട്ടിക്കടയില്‍ നിന്ന് ഐസു കിട്ടും. 20 പൈസയായിരുന്നു അന്ന് വലിയ ഐസിന്‌. ഐസെന്നു പറഞ്ഞാല്‍, ശാന്തേട്ടന്‍റെ അന്നത്തെ ശിങ്കിടിയായിരുന്ന പാലക്കാട്ടുകാരന്‍ നാരായണേട്ടന്‍ കുറേ, മുന്തിരിയും പൈനാപ്പിളുമൊക്കെ ജൂസടിച്ചിട്ട് പ്ളാസ്റ്റിക് കവറിലാക്കി ഫ്രീസറില്‍ വെച്ച് ഷേപ്പാക്കി കൊടുക്കുന്നതായിരുന്നു ഞങ്ങടെ അന്നത്തെ ഐസ്. കഴിമ്പ്രത്തെ പാവപ്പെട്ട കൌമാരങ്ങളുടെ ബേബിവിറ്റയായിരുന്നു ആ "ശാന്തേട്ടന്‍ ബ്രാന്‍റഡ്, നാരായണന്‍ മെയ്ഡ് ഫ്രോസണ്‍ ജൂസ്". അങ്ങനെയുള്ള ഐസ് പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി ദയാപരനും ശുദ്ധനുമായ ശാന്തേട്ടന്‍ പൈന്‍റായും കൊടുത്തിരുന്നു. അതിനു പത്തു പൈസയായിരുന്നു വില. അതേ പരിപാടി തന്നെയായിരുന്നു ബൈജുച്ചേട്ടനും നടത്തിയിരുന്നതു. ഐസിന്‍റെ കൂടെ അന്നത്തെ ഫാസ്റ്റ്മൂവിങ്ങ് മുട്ടായി ഐറ്റംസായിരുന്ന ഡെക്കാണ്‍, തേന്‍നിലാവ്, പാരിസിന്‍റെ, നാരങ്ങേടെ ടേസ്റ്റുള്ള ചെമന്ന ഒരു തരം മുട്ടായി, പിന്നെ ജെനുവിന്‍ നാരങ്ങമുട്ടായി, ചുക്കുണ്ട, പൊരിയുണ്ട, കപ്പലണ്ടിമുട്ടായി എന്നിവയൊക്കെ വാങ്ങാന്‍ വേണ്ടി ഞാനുള്‍പ്പെടെയുള്ള പിള്ളേര്‍ക്കൂട്ടം അന്നൊക്കെ തള്ളിക്കയറുന്നതു കണ്ടിരുന്നെങ്കില്‍ സൊമാലിയയിലേയ്ക്ക് കൊണ്ടു പോകുന്ന ഭക്ഷണപ്പൊതികളെല്ലാം യു.എന്‍. ഹെലിക്കോപ്റ്ററുകള്‍ കഴിമ്പ്രത്തിട്ട് പോയേനെ.

ഒരു രൂപ ഉണ്ടെങ്കില്‍ അഞ്ചു ഡെക്കാണും ആറു്‌ നാരങ്ങമുട്ടായിയും രണ്ടുമൂന്ന് പൊരിയുണ്ടയുമായി സുഭിക്ഷം വാഴാമായിരുന്ന കാലം. എന്തു പറഞ്ഞിട്ടെന്താ, സ്കൂളിന്‍റെ തൊട്ടടുത്തായിരുന്നു വീട്‌ എന്നതിനാല്‍ എന്‍റെ കയ്യില്‍ പാഞ്ച് കാ നയാപൈസാ ഉണ്ടാവാറില്ലായിരുന്നു. ഭക്ഷണം ചോറുപാത്രത്തിലാക്കിക്കിട്ടും. പിന്നെ എന്തൂട്ടിനാണ്ടാ നീ പൊറത്തെറങ്ങണെ? എന്നായിരുന്നു ചോദ്യം. സംഭവം ശരിയായതു കൊണ്ട് ഞാനന്ന് തര്‍ക്കിക്കാനൊന്നും പോവാറില്ലായിരുന്നു. പക്ഷേ, എന്നു കരുതി നമുക്കു നമ്മുടെ വാസനകളെ നിയന്ത്രിക്കാന്‍ പറ്റുമോ, നല്ല കാര്യായി, ബാക്കി പിള്ളേരൊക്കെ ചുക്കുണ്ടയും തേന്‍നിലാവും ഐസുമൊക്കെ ചുമ്മാ വാങ്ങി അടിച്ചു കേറ്റുമ്പൊ ഞാനെന്തിനു വെറുതെയിരിക്കണം!! ഹും!
വീട്ടില്‍ ചോദിച്ചാല്‍ കാശു കിട്ടില്ല എന്ന്, ഏതൊരു നിഷ്കളങ്കന്‍റെയും പോലെ എനിക്കുമൊരു മുന്‍വിധി ഉണ്ടായിരുന്നു. അതു കൊണ്ട് അമ്മയുടെ ബാഗിന്‍റെ സൈഡില്‍ "അറിയാതെ" കയ്യിടുമ്പോള്‍ കിട്ടുന്ന ഇരുപതിന്‍റെയും അമ്പതിന്‍റെയും ഇടയ്ക്കൊക്കെ ഒറ്റക്കൊട്ടുറുപ്യേന്‍റേം നാണയങ്ങള്‍ ഞാന്‍ കൂട്ടി വെക്കാന്‍ തുടങ്ങി. ഈ ചില്ലറയെല്ലാം കൂടി താങ്ങിയെടുത്ത് വലപ്പാട് സ്കൂളു വരെ പോയി വരാന്‍ അമ്മയ്ക്കുണ്ടാവുന്ന ബുദ്ധിമുട്ടു കണ്ട് ഞാന്‍ ചെയ്യുന്ന ഒരു പുണ്യപ്രവൃത്തിയായി അവരതു കണ്ടോളുമെന്നു ഞാന്‍ സമാധാനിച്ചു. :(

അങ്ങനെ ഒരു മാസത്തോളമായപ്പോ എന്‍റെ കയ്യില്‍ ഏകദേശം ഇരുപത്തഞ്ചു രൂപയോളമായി. ഒരു കൊല്ലം മുഴുവനും എനിയ്ക്ക് ഐസുകടകളില്‍ പാറിപ്പറന്നു നടക്കാം. ഊണു കഴിച്ചെന്നു വരുത്തി പുറത്തിറങ്ങുമ്പോള്‍ കൂടെ കൂട്ടുകാരുടെ നീണ്ട നിര ഉണ്ടാവും. കടയില്‍ച്ചെന്ന് എല്ലാര്‍ക്കും ആവശ്യമുള്ളത് വാങ്ങിക്കോ എന്നു പറയുമ്പോളുണ്ടാവുന്ന വില, ഹൊ! എന്‍റെ ഉള്ളില്‍ ശിവമണി ഉടുക്കു കൊട്ടി ! ഞാനെന്‍റെ സമ്പാദ്യം ചെറിയ തോതില്‍ മാര്‍ക്കറ്റിലേക്കിറക്കിത്തുടങ്ങി. കച്ചവടം കൂടിയപ്പൊ ശാന്തേട്ടനും ബൈജുച്ചേട്ടനുമൊക്കെ എന്നോടു വലിയ ബഹുമാനം വന്നു തുടങ്ങി. കടയില്‍ ഞാന്‍ വരുമ്പോത്തന്നെ പിള്ളേരു വഴിമാറിത്തുടങ്ങി. ഹിഹി! അങ്ങനെ ഞാന്‍ അര്‍മാദിച്ചു നടന്നു.

പക്ഷേ, ആ അര്‍മ്മാദപ്രക്രിയക്ക് അധികം ആയുസ്സുണ്ടായില്ല, അമ്മേടെ ബന്ധുവായിരുന്ന ശേഖരശാന്തി എന്ന ശേഖരച്ഛാച്ഛന്‍റെ കണ്ണില്‍ വിപണിയിലെ എന്‍റെ ഈ ഇടപെടല്‍ കൃത്യമായി പതിഞ്ഞു. അടുത്ത ദിവസം അമ്മയെ കണ്ടപ്പോള്‍ മൂപ്പരത് വ്യക്തവും ശക്തവുമായ ഭാഷയില്‍ അമ്മയെ അറിയിക്കുകയും ചെയ്തു. "റാണ്യേ, ചെക്കനെ സൂക്ഷിച്ചോളോട്ടാ, എന്തോരം മുട്ടായ്‌യാ അവന്‍ വാങ്ങിത്തിന്ന്‌ണേ..നീയെന്തൂട്ട്‌ണാടീ അവനിങ്ങനെ കാശു കൊടുക്ക്‌ണേ..". അമ്മ കിടുങ്ങി. പാവപ്പെട്ട ഞാന്‍ ഈ സംഭവം അറിഞ്ഞില്ല. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍! പിറ്റേന്ന് വൈകീട്ട് പതിവുപോലെ സ്കൂളൊക്കെ വിട്ട് ജോളിയായി, സിങ്ങ്‌ച്ചേട്ടന്‍ വീടു പണിയുന്നതിനു മുമ്പ് ഒഴിഞ്ഞു കിടന്നിരുന്ന വടക്കേക്കാരുടെ വിശാലമായ പറമ്പിലൂടെ ആണിച്ചാലൊക്കെ ചാടിക്കടന്ന് ഞാന്‍ വീട്ടിലെത്തിയപ്പൊ അവിടെ ഒരു അസുഖകരമായ അന്തരീക്ഷം ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല. പക്ഷേ, കുടുംബപ്രശ്നങ്ങളില്‍ തലയിട്ട് അലമ്പാക്കാനുള്ള പ്രായമെനിക്കായിട്ടില്ലെന്ന് ബോധ്യമുണ്ടായിരുന്നതിനാലും എനിക്കെന്‍റെ 'പോസ്റ്റ് സ്കൂള്‍ സെഷന്‍' ലീലാവിലാസങ്ങള്‍ക്കു പോവേണ്ടതിനാലും കിട്ടിയതൊക്കെ വലിച്ചു വാരിത്തിന്ന് ഞാനെന്‍റെ സങ്കല്പക്കുതിരയുടെ പുറത്ത് കേറി "ഹൊയ് ഹൊയ്" വിളിച്ച് കുളമ്പടി മ്യൂസിക്കുമിട്ട് പുറത്തേക്കു പാഞ്ഞു പോയി.

വൈകീട്ട് വന്നു കേറിയപ്പോഴെക്കും അന്തരീക്ഷം ആകെ കലുഷിതമായിരുന്നു. അച്ഛനും അപ്പോളേക്കും വിവരമറിഞ്ഞിരുന്നു. വല്യമ്മായീടെ മോന്‍ സജിച്ചേട്ടനുള്‍പ്പെടെ ഒരു മൂന്നുനാലംഗ കമ്മീഷന്‍ അവിടെ ചോദ്യം ചെയ്യലിനു തയ്യാറായി നില്‍പ്പുണ്ടായിരുന്നു. ഞാനെത്തുമ്പോളേക്കും അവര്‍ എന്‍റെ ബാഗ് പരിശോധിച്ച് നമ്പൂതിരീസ് പല്‍പ്പൊടിയുടെ ഒഴിഞ്ഞ ഒരു അളക്കില്‍ (ചെറിയ ഡബ്ബ) സൂക്ഷിച്ചു വച്ചിരുന്ന തൊണ്ടിമുതലെല്ലാം പിടിച്ചിരുന്നു. കഷ്ടം! തൊണ്ടി പിടിക്കുമ്പോള്‍ ഒരു കള്ളനുണ്ടാകുന്ന ആത്മനൊമ്പരം എനിയ്ക്കന്നാണ്‌ ആദ്യമായി മനസ്സിലായത്. തറവാട്ടിലെ ഇടുങ്ങിയ തെക്കേമുറിയീല്‍ വച്ച്, കമ്മീഷന്‍ മുന്‍പാകെ എന്‍റെ ക്രോസ്സ് വിസ്താരം നടന്നു. ഞാന്‍ തല കുമ്പിട്ടു നിന്നു. ഒരു വശത്ത് അമ്മ കണ്ണീരൊഴുക്കുന്നു. അച്ഛന്‍ കണ്ണു തുറിപ്പിക്കുന്നു. കിട്ടിയ ചാന്‍സില്‍ സജിച്ചേട്ടന്‍ ഒരു പീറ ബാലനായ എന്‍റെ മുന്നില്‍ ഷൈന്‍ ചെയ്യുന്നു... എന്‍റെ പിഴ, എന്‍റെ വലിയ പിഴ!
വിസ്താരത്തിനും കയ്യും കാലും തല്ലിയൊടിക്കുമെന്നു തുടങ്ങുന്ന ചെറുഭീഷണികള്‍ക്കുമൊടുവില്‍, പ്രതിയുടെ പ്രായം കണക്കിലെടുത്ത് അവരെല്ലാം കൂടി എന്നെ വെറുതെ വിട്ടു, ഇനി മേലാല്‍ അച്ഛന്‍റെയോ അമ്മയുടെയോ സമ്മതം കൂടാതെ കാശ് നോക്കുക പോലുമില്ലെന്നും എല്ലാ ദിവസവും വൈകീട്ട് ബാഗ് അമ്മയെ കാണിച്ച് ഒപ്പു വാങ്ങിക്കൊള്ളാമെന്നുമുള്ള ഉപാധികളിന്‍മേല്‍.... അവസാനം കോടതി പിരിഞ്ഞ് വായിട്ടലച്ച ക്ഷീണത്തോടെ എല്ലാരും മുറി വിട്ടു പോയപ്പൊ, നിലത്ത് ഒഴിഞ്ഞു കിടന്നിരുന്ന പല്‍പ്പൊടി അളക്കിന്‍റെ പുറത്തെ പടത്തിലിരുന്ന് നമ്പൂതിരി മാത്രം എന്നെ നോക്കി ചിരിച്ചു.

9 comments:

അനിയന്‍കുട്ടി said...

അവസാനം കോടതി പിരിഞ്ഞ് വായിട്ടലച്ച ക്ഷീണത്തോടെ എല്ലാരും മുറി വിട്ടു പോയപ്പൊ, നിലത്ത് ഒഴിഞ്ഞു കിടന്നിരുന്ന എന്‍റെ പല്‍പ്പൊടി അളക്കിന്‍റെ പുറത്തെ പടത്തിലിരുന്ന് നമ്പൂതിരി മാത്രം എന്നെ നോക്കി ചിരിച്ചു.

Jasna said...

nanayitundu..kakkan poyitale;-)

Akbar Sadakhathulla said...

super...

Rajeesh || നമ്പ്യാര്‍ said...

രസായ്ട്ട്ണ്ട് !!!

സൂര്യോദയം said...

അനിയന്‍ കുട്ടീ.. പോസ്റ്റ്‌ കൊള്ളാം.. :-)

Anugraheethan said...

കുട്ടീ.......... നന്നായിട്ടുണ്ട് കുട്ടീ

മൂര്‍ത്തി said...

:)കൊള്ളാം...
ആന ചവിട്ടി എന്നൊരു മിട്ടായി പണ്ടുണ്ടായിരുന്നു..രാവിലെ ഒരെണ്ണം വാങ്ങി തിന്നാന്‍ തുടങ്ങിയാല്‍ രാത്രി വരെ ഇരിക്കും.അത്ര കട്ടിയാണതിന്‌.മിട്ടായി വാങ്ങാന്‍ കാശില്ലാത്ത കുട്ടികളുടെ ഫേവരൈറ്റ് സാധനം..

അനിയന്‍കുട്ടി said...

മൂര്‍ത്തേ മനസ്സിലായി. ഞങ്ങളതിനെ "കറപ്പു മുട്ടായി" "ടാറു മുട്ടായി" എന്നൊക്കെയാ പറഞ്ഞിരുന്നേ. കറുത്ത് ടാറു പോലെത്തന്നെ ഇരിക്കുന്ന ഐറ്റമല്ലേ? :) ഹൊ! അതു തിന്നാന്‍ എന്തുരു പാടായിരുന്നു!

asamsa said...

njanum entettanum koodi.......