Friday 15 June 2007

കിഴക്കേപ്രത്തെ ചക്രവര്‍ത്തി

ഞാനൊരു പുസ്തകപ്പുഴുവായിരുന്നു. എന്നു വെച്ചാല്‍, കണ്ട ബാലരമേം ബാലമംഗളോം പൂമ്പാറ്റേം മലര്‍വാടീം അമ്പിളിമാമനും അമര്‍ ചിത്രകഥേം ഇന്‍സ്പെക്ടര്‍ ഗുല്‍ഗുലുമാലും അങ്ങനെയങ്ങനെ കയ്യില്‍വന്നു ചേരുന്ന സകലമാന പുസ്തകാദികളും ഞാന്‍ വള്ളിപുള്ളി വിടാതെ വായിച്ചു സായൂജ്യമടഞ്ഞിരുന്നു. അങ്ങനെയിരിക്കെ 3-4 ക്ളാസ്സുകളില്‍ പഠിക്കുന്ന സമയത്ത് എനിക്ക് കുറേ റഷ്യന്‍ പുസ്തകങ്ങള്‍ കിട്ടി. അവിടത്തെ റാദുഗാ പബ്ളിക്കേഷന്‍സിന്‍റെ പുസ്തകങ്ങള്‍ പ്രഭാത് ബുക്സ് ഇവിടെ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. മനോഹരങ്ങളായ അവയിലെ കഥകളും, തനിമ ഒട്ടും ചോര്‍ന്നു പോവാത്ത രീതിയിലുള്ള, ഗോപാലകൃഷ്ണന്‍റെയും ഓമനയുടെയും വിവര്‍ത്തനവും, എന്നിലെ നിഷ്കളങ്കനായ ബാലനെ സ്വപ്നങ്ങളുടെയും ഭാവനകളുടെയും നെറുകയിലെത്തിച്ചു. "രത്നമല", "മായാജാലക്കഥകള്‍", "കുട്ടികളും കളിത്തോഴരും", അങ്ങനെയങ്ങനെ ഒരുപാടൊരുപാടു പുസ്തകങ്ങള്‍. KSRTC-യിലായിരുന്ന വല്യച്ഛന്‍റെ ശേഖരത്തില്‍ നിന്നായിരുന്നു അവ കിട്ടിയത്. അതൊക്കെ വായിച്ചു കഴിഞ്ഞതിനു ശേഷം, ഒഴിവുവേളകളില്‍ ഞാന്‍ രാജാവും പടയാളിയും ധീരയോദ്ധാവും രാജകുമാരനും ഒക്കെയായി.

മാമന്‍റോടെ പോവുമ്പോഴായിരുന്നു എനിക്ക് ഇത്തരം ബാധകള്‍ കൂടിയിരുന്നത്. അവിടെ സഹോദരലോബി ഇല്ലെങ്കില്‍ പിന്നെ ഞാന്‍ ഒറ്റക്കാണ്‌. അത്തരം സന്ദര്‍ഭങ്ങളില്‍ കിഴക്കേപ്രത്തെ വിശാലമായ തൊടിയിലേയ്ക്ക് ഞാനിറങ്ങും. ഉച്ചയ്ക്ക് ഊണു കഴിഞ്ഞതിനു ശേഷമായിരിക്കും കൂടുതലും. ആ സമയത്ത് ആരുടേം ശല്യമുണ്ടാവില്ലെന്നതു തന്നെ കാരണം. "തോട്ടിലൊന്നും എറങ്ങണ്ട്രാ" "ചെരിപ്പിടാണ്ട് അവടൊന്നും നടക്കണ്ട്രാ" "അമ്പും വില്ലും കൊണ്ട് കളിച്ച് കണ്ണു കളയണ്ട്രാ" എന്നൊന്നും ആരും അപ്പൊ വന്നു പറയുകയില്ല.

അങ്ങനെ കിഴക്കേപ്രത്തിറങ്ങിക്കഴിഞാല്‍, പിന്നെ കാലവും കഥയും മാറുകയായി. സൂര്യന്‍റെ സഹോദരി ഇലാന കോസിന്‍സാനയെ ജീവനു തുല്യം സ്നേഹിച്ച് അവളെ വീണ്ടെടുക്കാനിറങ്ങിപ്പുറപ്പെട്ട ബാസില്‍ ഫെറ്റ്ഫ്രൂമോസായി ഞാന്‍ മാറും. ആനറാഞ്ചിപ്പക്ഷികളും ഒമ്പതു തലകളുള്ള വ്യാളികളും നിറഞ്ഞ താഴ്വരകളിലൂടെ, പ്രിയസുഹൃത്തിന്റെ കാമുകിയെത്തേടി ഇറങ്ങിയ മൃഗകുമാരനായി ഞാന്‍ അലയും. അടക്കാരപ്പട്ടകള്‍ കുതിരകളായും കൊലഞ്ചലുകള്‍ കത്തികളായും ശീമക്കൊന്നകള്‍ അമ്പും വില്ലുമായും രൂപം മാറും. വഴി തടയുന്ന രാക്ഷസന്മാരും ആനകളുമൊക്കെയായി മാറുന്ന ചേമ്പിന്‍ കൂട്ടത്തിലേയ്ക്ക് ഉന്നം തെറ്റാതെ ഞാന്‍ ശരമാരി ചൊരിയും. ഓലപ്പട്ടയുടെ തണ്ടില്‍ നിന്ന് ചെത്തിയെടുത്ത പീസുകള്‍ ബാസിലിന്‍റെ വജ്രത്തേക്കാള്‍ മൂര്‍ച്ചയുള്ള ഖഡ്ഗമായി മാറും. അവ ഒമ്പതു തലയന്‍ വ്യാളിയുടെ തലകളെ, ചേമ്പിലകളെ, അരിഞ്ഞിടും ( കഥയിലെപ്പോലെ അതൊന്നും വീണ്ടും മുളച്ചു വരാത്തതിനാല്‍ ഞാന്‍ സിമ്പിളായി വേറെ ചേമ്പിന്‍റെ മെക്കട്ടു കേറും ;) ).

നെറ്റിയില്‍ വെളുത്ത പുള്ളികളുള്ള കുതിരകളായി മാറുന്ന അടക്കാരപ്പട്ടകളുടെ മുകളില്‍ക്കയറിയിരുന്ന് ഞാനെന്‍റെ സാമ്രാജ്യം മുഴുവനും ചുറ്റിയടിക്കും. ചിലപ്പോള്‍ ഏഴു ചിറകുള്ള, ഒറ്റക്കൊമ്പുള്ള, വെണ്മേഘത്തിന്‍റെ ശോഭയോടു കൂടിയ കുതിരയുടെ പുറത്തു കേറി, സമുദ്രം (കിഴക്കേപ്രത്തെ തോട് ;)) )ചാടിക്കടന്ന് ഞാന്‍ കുതികുതിക്കും. ഇടയ്ക്കു ചാട്ടം പിഴച്ച് സമുദ്രത്തിന്‍റെ അഗാധതയിലേയ്ക്ക് വീഴുമ്പോള്‍, വീണതു വിദ്യയാക്കി അതു വേറൊരു കഥയ്ക്ക് ഞാന്‍ വഴിയൊരുക്കും. ഒറ്റക്കോഴിക്കാലില്‍ തിരിയുന്ന കുടിലുകളില്‍ ചെന്ന് ഞാന്‍ നല്ല മന്ത്രവാദിനികളുടെ ആതിഥ്യം സ്വീകരിച്ചു. ദുര്‍മന്ത്രവാദിനികളെ ഞാന്‍ ശിക്ഷിച്ചു. രാജകല്‍പനയനുസരിച്ച്, "ആരും കാണുകയോ കേള്‍ക്കുകയോ അറിയുകയോ" ചെയ്യാത്ത സാധനം അന്വേഷിച്ച്, കൊടുംകാടുകളിലൂടെ, ഒറ്റ ചക്രച്ചാലുള്ള വഴികളിലൂടെ നടന്നു തളരുമ്പോള്‍ അദൃശ്യനായ മുര്‍സ എനിക്കു വിഭവസമൃദ്ധമായ സദ്യയൊരുക്കി. കറുത്ത വാത്തക്കൂട്ടങ്ങളും വെളുത്ത വാത്തക്കൂട്ടങ്ങളും ശിശിരത്തിന്‍റെ വരവറിയിച്ചു കൊണ്ട് ദൂരദേശങ്ങളിലേയ്ക്ക് പറന്നകന്നു. പിനീഷ്യയോടൊന്നിച്ച് അവന്‍റെ ചായമടിച്ച കളിവഞ്ചിയില്‍ ഞാനും മീന്‍ പിടിക്കാന്‍ പോയി.

നിരനിരയായി നില്‍ക്കുന്ന അടക്കാമരങ്ങളായിരുന്നു എന്‍റെ കുതിരലായവും ആനക്കൊട്ടിലുമൊക്കെ. അവിടെ ഞാനെന്‍റെ കുതിരകളെ കെട്ടിയിടുകയും ഇടയ്ക്കു പോയി തലോടുകയും ചെയ്തു. ആനകളെ ഞാന്‍ മര്യാദ പഠിപ്പിച്ചു. കടുവകളെയും മറ്റു കാട്ടുമൃഗങ്ങളെയും പുഴ (കിഴക്കേപ്രത്തെ തോട് തന്നെ) യ്ക്കപ്പുറത്തുള്ള വനാന്തരങ്ങളില്‍ നിന്നും ഞാന്‍ വേട്ടയാടിക്കൊണ്ടു വന്നു. അവയെ എന്‍റെ ലായത്തിലിട്ടു ഞാന്‍ മെരുക്കിയെടുത്തു. അങ്ങനെ, ദിയാന്‍കയും തോംചിക്കും ചുബാറിയും വാസ്കയും ഈല്‍ക്കയും മീല്‍ക്കയും മീഷ്കയുമൊക്കെ അവിടെ ഓട്സ് കഴിച്ചു വളര്‍ന്നു.

ധീരരും വീരരും ദയാപരരുമായ രാജാക്കന്‍മാരായി കളിച്ച് മടുക്കുമ്പൊ ഞാന്‍ ഇടയ്ക്ക് ഫൌള്‍ കാണിക്കും. ക്രൂരനും ദുഷ്ടനുമായ എതിര്‍രാജാവായി ഞാന്‍ പയറ്റും. അത്തരം തലയ്ക്ക് പിരിയിളകുന്ന നേരത്തെ എന്‍റെ വേണ്ടാതീനങ്ങള്‍ക്ക് മുഴുവന്‍ പണിയും ഏറ്റു വാങ്ങേണ്ടി വന്നത് ആ തോട്ടിലെ തവളകളും ഇടയ്ക്കു മാത്രം പിടികിട്ടുന്ന ബ്രാലുകളും മറ്റുമായിരുന്നു. അവരായിരുന്നു എന്‍റെ രാജ്യത്തെ പ്രധാന രാജ്യദ്രോഹികളും ചാരന്‍മാരും കൊള്ളക്കാരുമെല്ലാമായിരുന്നത്. തോട്ടിലിറങ്ങി കുറെയെണ്ണത്തിനെ പിടീച്ച് അടുത്തുണ്ടായിരുന്ന ചെമ്പരത്തിക്കൂട്ടങ്ങളില്‍ തലകീഴായി കെട്ടിയിട്ട് ഞാന്‍ നല്ല ചാമ്പ് ചാമ്പുമായിരുന്നു. പാവങ്ങള്‍!!

അങ്ങനെ അന്നന്നത്തെ അങ്കമെല്ലാം കഴിഞ്ഞ് വൈകുന്നേരം ചായ കുടിക്കാറാവുമ്പൊ ഞാനെന്‍റെ സാമ്രാജ്യത്തോട് വിട പറയും. വൈകീട്ട് പറമ്പ് നനയ്ക്കാന്‍ വരുന്ന പ്രസാദേട്ടനായിരിക്കും പിന്നീട് അടയ്ക്കാമരത്തിന്‍റെ കടയ്ക്കല്‍ കെട്ടിയിട്ടിരിക്കുന്ന "കുതിരകളെ"യും "ആനകളെ"യുമൊക്കെ അഴിച്ചു മാറ്റുക. അരിഞ്ഞിട്ടിരിയ്ക്കുന്ന ചേമ്പിന്‍റെ ഇലകളെല്ലാം ഞാന്‍ അതിനു മുമ്പു തന്നെ തോട്ടിലൊഴുക്കിയിട്ടുണ്ടാകുമായിരുന്നു. തല പോയ നിലയില്‍ ചേമ്പിന്‍തണ്ടുകളും കടപ്ളാവിന്‍റെ കൂമ്പുകളും കണ്ട്, "ആ ജേഷ്ടക്കോഴ്യോള്‌ ഇതിന്‍റെയൊക്കെ തല മുഴേനും കൊത്തിത്തിന്ന്‌ണ്ടാവും" എന്ന് അമ്മാമ്മ ആത്മഗതം ചെയ്യുമ്പൊ, ഞാനവിടെ പടീമെലിരുന്ന് ചായയും മിക്ചറുമൊക്കെ ശാപ്പിട്ടു കൊണ്ട് എന്‍റെ അടുത്ത ദിവസത്തെ വീരഗാഥയുടെ മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കുകയാവും....

****

പ്രിയബൂലോഗസുഹൃത്തുക്കളേ.. മേല്‍പ്പറഞ്ഞ ആ പുസ്തകങ്ങളെല്ലാം പിന്നീടെങ്ങനെയൊക്കെയോ കൈമാറി നഷ്ടപ്പെട്ടു. എനിക്കവയുടെ ഒരു ശേഖരം വേണമെന്ന് അതിയായ ആഗ്രഹമുണ്ട്. ആരുടെയെങ്കിലും കയ്യില്‍ അവയുണ്ടെങ്കില്‍, കൈ മാറാന്‍ തയ്യാറാണെങ്കില്‍, ദയവായി എന്നെ അറിയിയ്ക്കുക.

6 comments:

അനിയന്‍കുട്ടി | aniyankutti said...

മാമന്‍റോടെ പോവുമ്പോഴായിരുന്നു എനിക്ക് ഇത്തരം ബാധകള്‍ കൂടിയിരുന്നത്. അവിടെ സഹോദരലോബി ഇല്ലെങ്കില്‍ പിന്നെ ഞാന്‍ ഒറ്റക്കാണ്‌. അത്തരം സന്ദര്‍ഭങ്ങളില്‍ കിഴക്കേപ്രത്തെ വിശാലമായ തൊടിയിലേയ്ക്ക് ഞാനിറങ്ങും. ഉച്ചയ്ക്ക് ഊണു കഴിഞ്ഞതിനു ശേഷമായിരിക്കും കൂടുതലും. ആ സമയത്ത് ആരുടേം ശല്യമുണ്ടാവില്ലെന്നതു തന്നെ കാരണം.

സു | Su said...

കഥകളിലേക്കിറങ്ങിച്ചെന്ന് തൊടിയില്‍ പയറ്റിയതൊക്കെ കൊള്ളാം.

പുസ്തകം ഉണ്ടെങ്കില്‍ ആരെങ്കിലും കൊടുക്കുമോ? രണ്ട് കോപ്പികള്‍ ഉണ്ടെങ്കില്‍ കിട്ടുമായിരിക്കും അല്ലേ? പ്രഭാതില്‍ ഒന്ന് പോയി അന്വേഷിച്ചുനോക്കൂ.
എവിടെയെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാം കേട്ടോ.

അനിയന്‍കുട്ടി | aniyankutti said...

നല്ല മനസ്സിന്‌ നന്ദി സു.
ഇനി ആ പുസ്തകങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷ വളരെ കുറവാണ്‌. USSR-ന്‍റെ തകര്‍ച്ചയ്ക്കു ശേഷം അത്തരം പുസ്തകങ്ങള്‍ വരാറില്ലെന്നാണ്‌ ഒടുവില്‍ അറിഞ്ഞത്. അന്നു തിരുവനന്തപുരത്തു നിന്നാണ്‌ അവ വാങ്ങിയത്. എല്ലായിടത്തും അവ ലഭ്യമല്ലായിരുന്നു. ഞാനിന്ന് ഏറ്റവും ആസ്വദിയ്ക്കുന്ന, അയവിറക്കുന്ന ഓര്‍മ്മകളാണ്‌ അവയെനിയ്ക്ക് സമ്മാനിച്ചത്. അതു കൊണ്ടു തന്നെയാണ്‌ അവ കിട്ടിയിരുന്നെങ്കില്‍ എന്നെനിയ്ക്ക് തോന്നാനും കാരണം.

Anoop said...

കലക്കീട്ടിണ്ട്ട്ടോ......
പെട്ടെന്ന് ഒരു 10-20 കൊല്ലം ഞാന്‍ പുറകോട്ട് പോയി.....

ഒറ്റ്യ്ക്കു, പുറത്തു പോയി ഇങ്ങനെ മേഞ്ഞു നടക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതു കൊണ്ട്,.. ചെറുപ്പത്തില്‍  ഇത്തരം അര്‍മാദിക്കല്‍ കുറവായിരുന്നു........

സംഘം ചേര്‍ന്നുള്ള കലാപരിപാടികളായിരുന്നു അധികവും .....

പക്ഷെ അങ്ങനെയാവുമ്പൊ, പരിമിതികള്‍ ഉണ്ടാവുമല്ലോ....

Rajaram Vasudevan said...

You will get some of the russian books from www.arvindguptatoys.com
and if you type the key word SUTHEEV SCRIBd , then you can download the book "Kutti KAdhayum Chitrangalum" in Romaniyan language.....with the same beauthiful pictures on it

Rajaram Vasudevan said...

Please refer
www.booksofsovietunion.blogspot.com

to download books

rajaramvasudev@gmail.com

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...