Thursday, 24 May 2007

തീച്ചാമുണ്ഡി

കുടുംബത്തു നടന്ന ഒട്ടുമിക്ക വിശേഷചടങ്ങുകളിലും എനിക്കു പൂര്‍ണ്ണാരോഗ്യത്തോടെ പങ്കെടുക്കാന്‍ പറ്റീട്ടില്ല, പ്രത്യേകിച്ച് കല്യാണങ്ങള്‍ക്ക്. എന്തെങ്കിലുമൊക്കെ കൊസ്രാംകൊള്ളികള്‍ കല്യാണത്തോടടുത്ത ദിവസങ്ങളില്‍ എനിക്കു പണി തരാറുണ്ട്. ആ സീരീസിലെ എന്‍റെ ആദ്യത്തെ പെര്‍ഫോമന്‍സാണ്‌ തീച്ചാമുണ്ഡി.

* * *

വെല്ലിമാമന്റെ കല്യാണമാണ്‌ ഓര്‍മ്മയിലെ ആദ്യത്തെ വലിയ ആഘോഷം. ഞങ്ങള്‍ സഹോദരന്മാര്‍ക്കെല്ലാം കൂടെ ഒരേ ഡിസൈനില്‍ പല കളറിലുള്ള ഷര്‍ട്ടും, പിന്നെ ബെല്‍റ്റും വിസിലുമൊക്കെ ഡിഫോള്‍ട്ടായി കൂടെയുള്ള പാന്റുമൊക്കെ ഇട്ട് ചെത്തി മിനുങ്ങി നടക്കാന്‍ ചാന്‍സ് കിട്ടിയ ആദ്യത്തെ സുരഭില സുന്ദര മൂഹൂര്‍ത്തം. അമ്മവീട്ടിലെ സഹോദരര്‍ക്കിടയില്‍ ഏറ്റവും ജൂനിയറായിപ്പോയതു കൊണ്ട് എനിക്കു വിധിയുടെ വിളയാട്ടത്തിന്റെ ക്വാട്ടയില്‍ കിട്ടുന്നതു കൂടാതെ സഹോദരപക്ഷത്തു നിന്നും കൂടി സാമാന്യം നല്ല രീതിയില്‍ പണികള്‍ കിട്ടിക്കൊണ്ടിരുന്ന കാലം.

കല്യാണത്തിനു വേണ്ടി രണ്ടു മൂന്നു ദിവസം മുമ്പ് പറമ്പു മുഴുവന്‍ വൃത്തിയാക്കി, അടിച്ചു കൂട്ടിയ ചവറെല്ലാം കൂടെ പറമ്പിന്‍റെ ഒരു മൂലയ്ക്ക്, ഇടയ്ക്കൂടെ ഒഴുകുന്ന തോടിന്‍റെ കരയിലായി തീയിട്ടിരുന്നു. ഏകദേശം പത്തടി നീളത്തിലും ആറടി വീതിയിലും ആ കത്തിതീര്‍ന്ന ചാരം കിടപ്പുണ്ടായിരുന്നു. കല്യാണത്തലേന്ന് സഹോദരന്മാരുടെ കൂടെ അര്‍മ്മാദിച്ച് അലമ്പാക്കി നടക്കുന്ന ഒരു ഏര്‍പ്പാടുണ്ടല്ലോ. സത്യം പറഞ്ഞാല്‍, അവരു കൂട്ടത്തില്‍ കൂട്ടീട്ടൊന്നുമല്ലെങ്കിലും, വ്യക്തിഹത്യയുടെ അങ്ങേയറ്റം വരെ ഏറ്റു വാങ്ങിയാലും നമ്മളു കൂടെപ്പോയല്ലേ പറ്റൂ. അല്ലെങ്കില്‍ കുറ്റിപ്പാടത്ത് കളിക്കാന്‍ പോവുമ്പഴും സ്കൂള്‍ വിട്ട് തിരിച്ച് വരുമ്പോഴും നൂറാംകോല്‍-കവടി-പുള്ളികുത്ത്-അമ്പസ്താനി തുടങ്ങിയ കര്‍മ്മപദ്ധതികളിലും നമ്മള്‍ സഹോദരരുടെ "സിന്‍ഡിക്കേറ്റ്" പ്രവര്‍ത്തനങ്ങള്‍ക്കിരയാകേണ്ടി വരുമായിരുന്ന കാലഘട്ടമായിരുന്നു. അതിപ്പൊ കാലാകാലങ്ങളായി അടിസ്ഥാനഅനിയന്‍സ് വര്‍ഗ്ഗം അനുഭവിച്ചു പോരുന്ന പീഢനമുറകളാണല്ലോ! എന്തായാലും അന്നു ആ കനല്‍ക്കൂമ്പാരത്തിനടുത്ത് ഞങ്ങള്‍ തമ്മില്‍ ഒരു വാദപ്രതിവാദം നടന്നു.

പരിചയമില്ലാത്തതോ കൌതുകമുണര്‍ത്തുന്നതോ എന്തെങ്കിലും നിലത്തു കണ്ടാല്‍ ഒന്നു ചവിട്ടി നോക്കുക എന്ന, പൊതുവെ മനുഷ്യസഹജമായ, ആ ആ ആ വാസന എനിക്കുമുണ്ടായി. കനലില്‍ ചവിട്ടി ധീരത തെളിയിക്കാന്‍ തുനിഞ്ഞ എന്നെ പതിവു പോലെ എന്നേക്കാള്‍ തൊട്ടു മൂത്തവന്‍ തടഞ്ഞു.
"വേണ്ട്ര കെഴങ്ങാ...അത് കത്തിത്തീര്‍ന്നിട്ട്‌ണ്ടാവുല്യ"...
എനിക്കങ്ങോട്ട് തരിച്ചു വന്നു. ഹല്ല പിന്നെ, രണ്ടൂസം മുമ്പ് ഇട്ട തീയാണ്‌. ഇതിപ്പൊ മൂന്നാംപൊക്കമായി.പോരാത്തതിന്‌ കാലത്ത് മഴേം ചാറിയിരിക്കുന്നു. അപ്പഴാണ്‌ ലവന്‍റെ ഒരു ഉപദേശം.സംഭവം, അന്ത സഹോദരനു ഇളയതായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. മൂത്തവരു പറയുന്നതുസഹിക്കാം, പക്ഷേ, ഇതിപ്പൊ നീര്‍ക്കോലികള്‍ വരെ വിടൂല്ലാന്നു വെച്ചാല്...
LSS-ഇലും USS-ഇലും യുറീക്കാപ്പരീക്ഷകളിലും അങ്ങനെ പങ്കെടുക്കാന്‍ പറ്റിയവയിലെല്ലാം തോറ്റുമടങ്ങാന്‍ എന്നെ പ്രാപ്തനാക്കിയ എന്റെ ശാസ്ത്രീയവിജ്ഞാനത്തിന്‍റെ പിന്‍ബലത്തെ സാക്ഷിയാക്കി ഞാന്‍ പ്രഖ്യാപിച്ചു.
"ഇതിലെ തീ കെട്ടിട്ടുണ്ടാവും. തീയൊന്നും രണ്ട് ദൂസത്തീക്കൂടല്‍ കത്തിനിക്കൂല്യ. ഞാന്‍ പുട്ടു പോലെ ഇതു ക്രോസ്സ് ചെയ്തു വരും.. കാണണാ?"
സഹോദരലോബി ചിരിച്ചു..പുച്ഛിച്ച് ചിരിച്ചു..
"ഡ ചെക്കാ, വെറ്തെ കാല്‌ പൊള്ളിക്കണ്ട്രാ..."
എനിക്കു വാശി കൂടുകയല്ലേ ഉള്ളൂ എന്നവരെന്താണവോ മനസ്സിലാക്കാഞ്ഞത്. അങ്ങനെ പുട്ടാലു ദേഹത്ത് കൂടിയ ആ നട്ടുച്ച നേരത്ത് ഞാന്‍ ആ ചാരക്കൂമ്പാരത്തിലേക്ക് വലതു കാലു വെച്ച് ജംപ്ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌... ആദ്യത്തെ രണ്ട് സ്റ്റെപ്പില്‍ എനിക്കൊന്നും തോന്നീല. ആ തോന്നല്‍ പകര്‍ന്നു തന്ന ധൈര്യത്തില്‍ ഞാന്‍ അഭിമാനത്തോടെ വിളിച്ചു പറഞ്ഞു. "ഞാന്‍ പറഞ്ഞില്ലെറാ" . അതു പറഞ്ഞു തീര്‍ന്ന അതേ നിമിഷം തന്നെ പാദത്തിനടിയില്‍ ഒരുഗ്രന്‍ ഷോക്കടിച്ച പോലെ എനിക്കു തോന്നി. ഈശ്വരാ...അതെ പൊള്ളല്‍ തന്നെ..നല്ല എണ്ണം പറഞ്ഞ പൊള്ളല്‍. വലതുകാലാണോ ഇടതുകാലാണോ ആദ്യം എന്നോര്‍മ്മയില്ലെങ്കിലും രണ്ടും പൊള്ളി. നല്ല അസ്സലായി, വൃത്തിയായി പൊള്ളി. ഞാന്‍ അപ്രത്തേക്കും ഇപ്രത്തേക്കുമൊക്കെ ചാടി മറഞ്ഞു. ഏവടെ? കാലു വെക്കുന്നിടത്തൊക്കെ ഉഗ്രന്‍ ചൂട്. കളിയാട്ടത്തിലെ സുരേഷ്ഗോപിയെപ്പോലെ ഞാനാ കനല്‍ക്കൂനയില്‍ക്കൂടെ അങ്ങടുമിങ്ങടും പാഞ്ഞു നടന്നു. ഒപ്പം വലിയ വായില്‍ നിലവിളിച്ചും കൊണ്ടിരുന്നു. സംഭവം നമ്മടെ സ്വന്തം കയ്യിലിരുപ്പിന്‍റെ ഔട്ട്‌പുട്ടായിരുന്നെങ്കിലും പൊള്ളിക്കൊണ്ടിരുന്നത് എന്റെ സ്വന്തം കാലുകളായിരുന്നല്ലോ...:(

ഒരു പറമ്പപ്രത്ത് കല്യാണപ്പണികളിലായിരുന്ന എല്ലാരുടെയും ചെവികളിലേയ്ക്ക് എന്‍റെ കാറലിന്‍റെ ഒച്ച സൈറണ്‍ പോലെ അടിച്ചെത്തി. എല്ലാരും പാഞ്ഞെത്തുമ്പോ ഞാന്‍ ആ കനല്‍ക്കൂട്ടത്തില്‍ക്കിടന്ന് അങ്ങോട്ടുമിങ്ങോട്ടും ഓടുകയായിരുന്നു. ഒടുവിലെങ്ങനെയോ ഞാന്‍ പുറത്തെത്തി. സഹോദരലോബി ഐസൊക്കെയായി റെഡിയായി നില്‍പ്പുണ്ടായിരുന്നു. കാല്‍വിരലുകള്‍ക്കുള്ളിലേക്കൊക്കെ ഐസുകട്ടയൊക്കെ വച്ച് അന്നവിടെയൊരു കമുങ്ങിന്‍റെ ചോട്ടില്‍ ഞാന്‍ ബോധം കെട്ടു കിടന്നു...കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു...

പിറ്റേന്ന് കല്യാണത്തിന്‌, പ്രത്യേകം വാങ്ങിയ ഷൂവൊന്നും ഇടാന്‍ പറ്റാതെ, കാലില്‍ പൊള്ളലിലൊന്നും അനക്കം തട്ടാതിരിക്കാന്‍ ടാര്‍പണിക്കാരിടുന്ന പോലത്തെ ഒരു സാധനമൊക്കെ വലിച്ചു കേറ്റി, വികലാംഗരെപ്പോലെ മുടന്തിമുടന്തി, കല്യാണത്തിന്‌ കൂടാന്‍ വന്ന ചീള്പിള്ളേര്‍ വരെ ഓടിനടന്ന് ജോളിയടിക്കുമ്പോ ഗേറ്റുമ്മേല്‍ പിടിച്ചു നിന്ന്, "ഇതിലൊന്നും എനിക്ക് താല്‍പര്യമില്ല" എന്ന മട്ടില്‍ ചുമ്മാ സീരിയസ്സ്‌ചെക്കനായി അഭിനയിച്ച്....ഹാ! പാവം ഞാന്‍....

അന്ന് ആ തീയില്‍ച്ചാടാന്‍ എനിക്ക് തലക്ക് നല്ല സുഖമുണ്ടായിരുന്നില്ലേ എന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്... അതിനു ശേഷവും പല തവണ ഇതേ രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പണികള്‍ കിട്ടാന്‍ തുടങ്ങിയപ്പൊഴാണ്‌ എനിക്ക് കാര്യം പിടികിട്ടിയത്, ഇത് നമ്മടെ കുഴപ്പമല്ല. മറ്റേതിന്‍റെ കൊഴപ്പാണ്‌, വരേടെ, നമ്മടെ ഗ്ളാമറിലും ജോളിലൈഫിലും അസൂയ മൂത്ത് മോളിലൊള്ള ആള്‍ മാറ്റിവരച്ച അതേ വരേടെ.

വാല്‍ :
വിശേഷദിവസങ്ങള്‍ക്ക് കൃത്യമായി പണി വാങ്ങുന്ന ഈ ശീലം ഞാന്‍ തുടങ്ങിയതെന്നാണെന്നു കൃത്യമായി പറയാന്‍ പറ്റില്ല, എന്തായാലും അങ്ങേ അറ്റത്ത് വെല്ലിമാമന്‍റെ കല്യാണത്തലേന്ന് നടത്തിയ തീച്ചാമുണ്ഡി മുതല്‍ ഇങ്ങേയറ്റത്ത് ധിരിമാമന്‍റെ ജാതകംവാങ്ങലിനു, കുളി കഴിഞ്ഞ് തോര്‍ത്തുമ്പൊ കഴുത്തുളുക്കി രണ്ടു ദിവസം "ലൌ ഇന്‍ സിങ്കപ്പൂര്‍"-ന്‍റെ പോസ്റ്ററില്‍ ജയന്‍ മുകളിലോട്ട് നോക്കി നിക്കുന്ന പോലെ കഴിഞ്ഞു കൂടിയതുള്‍പ്പെടെ .... ഓര്‍ക്കാപ്പുറത്തെ അടികളേറ്റു വാങ്ങാന്‍ അനിയന്‍റെ ജീവിതം ഇനിയും ബാക്കി....

10 comments:

അനിയന്‍കുട്ടി said...

അങ്ങേ അറ്റത്ത് വെല്ലിമാമന്റെ കല്യാണത്തലേന്ന് നടത്തിയ തീച്ചാമുണ്ഡി മുതല്‍ ഇങ്ങേയറ്റത്ത് ധിരിമാമന്റെ ജാതകംവാങ്ങലിനു, കുളി കഴിഞ്ഞ് തോര്‍ത്തുമ്പൊ കഴുത്തുളുക്കി രണ്ടു ദിവസം "ലൌ ഇന്‍ സിങ്കപ്പൂര്"-ന്റെ പോസ്റ്ററില്‍ ജയന്‍ മുകളിലോട്ട് നോക്കി നിക്കുന്ന പോലെ കഴിഞ്ഞു കൂടിയതുള്‍പ്പെടെ .... ഓര്‍ക്കാപ്പുറത്തെ അടികളേറ്റു വാങ്ങാന്‍ അനിയന്റെ ജീവിതം ഇനിയും ബാക്കി....

വല്യമ്മായി said...

:)

മൂര്‍ത്തി said...

നന്നായിട്ടുണ്ട്ऽ...പേരു ചേട്ടന്‍‌കുട്ടി എന്നു മാറ്റണോ? ലവ് ഇന്‍ സിംഗപ്പൂരിലെ ജയന്റെ നോട്ടം...ഉഗ്രന്‍...:)

Jasna said...

kalaki mashe....:)

Anugraheethan said...

ഇതു പോലത്തെ ചിരിയുടെ അനേകം മാലപ്പടക്കങ്ങള്‍  ഇനിയും കൊളുത്തുമാറാകട്ടെ.............

...പാപ്പരാസി... said...

ശെര്യന്ന്യാ,ശെര്യന്ന്യാ അനിയന്‍ കുട്ട്യേ,ഞാനും ഈ എട്ടന്‍ മേലാളന്മാര്‍ടെ ഒരുപാട്‌ പീഡനങ്ങള്‍ക്ക്‌ ഇരയായിട്ടുള്ളവനാ!എന്നാലും മ്മ ക്ക്‌ പറ്റണ പോലെ എന്തേലും അവര്‍ക്കും കാര്‍ന്നോന്മാരേന്ന് വാങ്ങിച്ചു കൊടുക്കാനും നോക്കീട്ടുണ്ട്‌.അതോണ്ട്ന്നെ മാക്സിമം അവരേന്ന് കിട്ടീട്ടുമുണ്ട്‌.പിന്നെ ആ മറ്റേ പറഞ്ഞത്‌,വിധിയുടെ കളി അത്‌ ഇപ്പോ തൊട്ടാ തുടങ്ങിട്ടുള്ളതെന്ന് തോന്നുന്നു....പഴയ ആ കാലം ഒാര്‍മ്മിപ്പിച്ചതിന്‌ നന്ദി..

തറവാടി said...

:)

അനിയന്‍കുട്ടി said...

വല്യമ്മായി-മൂര്‍ത്തി-പാപ്പരാസി(എന്തൂട്ട് പേരാസ്റ്റാ ദ്?)-ജസ്ന-ടിയു-തറവാടി ടീം... വായിച്ചു കമന്റിയതിന്‌ ഒരു പാട് നന്ദി.. :)

Siji said...

;)

Eccentric said...

aliya kalakki