Tuesday, 22 May 2007

ബാലരമയ്ക്കു വാശി പിടിയ്ക്കുമ്പോള്‍

പക്വത വരാത്ത പ്രായത്തില്‍, ഒരു ബാലരമ വാങ്ങാന്‍ പോവാന്‍ വരെ അച്ഛന്‍റെ/അമ്മയുടെ കാശ് മാത്രമല്ല, അവരുടെ അകമ്പടി വരെ ആവശ്യമുള്ള ചെറുപ്പകാലങ്ങളില്‍, നിഷ്കളങ്കരായ ബാലന്മാരും ബാലികമാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍, ചില റ്റിപ്സ് ഫ്രം എക്സ്പീരിയന്സ്ഡ് ഹാന്‍ഡ്സ്.

  • പണം തരുന്ന രക്ഷിതാവ് അച്ഛനാണെങ്കില്‍ നിര്‍ബന്ധബുദ്ധി അല്‍പം കടിച്ചു പിടിച്ചു മാത്രം പ്രകടിപ്പിക്കുക. അച്ഛന്‍മാര്‍ക്കു പൊതുവെ ദേഷ്യം പതുക്കെയേ വരൂ എങ്കിലും വന്നാപ്പിന്നെ ചെന്നൈയില്‍ മഴ വന്ന പോലെ ആയിരിക്കാന്‍ സാധ്യത വളരെ കൂടുതലാണ്‌.
  • അച്ഛന്‍ അധ്യാപകനാണെങ്കില്‍ വളരെ സൂക്ഷിക്കണം, പ്രത്യേകിച്ച് അച്ഛന്‍റെ ഓഫീസ്റൂമില്‍ വച്ചും മറ്റും ബാലരമക്കു വേണ്ടി വാശി പിടിക്കുമ്പൊള്‍.
  • ആരും ചുറ്റിലും ഇല്ലാത്തപ്പോള്‍ വാശി പിടിക്കുന്നതാണ്‌ ഉത്തമം. വിശിഷ്യാ, അച്ഛന്‍റെ മേലുദ്യോഗസ്ഥര്‍ അടുത്തുണ്ടാവുമ്പോള്‍ സംയമനം പാലിക്കുക.
  • അച്ഛന്‍റെ ഓഫീസ്സില്‍ വച്ച് ഇനി ബാലരമ അത്രയ്ക്കും അത്യാവശ്യമായി തോന്നുകയാണെങ്കില്‍, സ്വന്തം വീടോ, ഏതെങ്കിലും ബന്ധുക്കളുടെ വീടോ അടുത്തില്ലെന്ന് ഉറപ്പു വരുത്തുക. ഓഫീസില്‍ വച്ച് കീറു കിട്ടാന്‍ സാധ്യത കുറവാണെങ്കിലും മേല്‍പ്പറഞ്ഞ വീടുകളുടെ സാമീപ്യം അപകടം ക്ഷണിച്ചു വരുത്താന്‍ സാധ്യതയുണ്ട്.
  • ഇനി വീടു തൊട്ടടുത്താണെങ്കില്‍, വീട്ടില്‍ തെങ്ങുകയറ്റം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. തേങ്ങക്കുട്ടികള്‍ കുലകളില്‍ കിടന്ന് ഊഞ്ഞാലാടാന്‍ ഉപയോഗിക്കുന്ന "ഞെട്ടി" എന്ന ഭാഗം, അതായത് "കൊലഞ്ചല്‍" എന്ന പേരില്‍ കഴിമ്പ്രം-എടമുട്ടം-തൃശ്ശൂര്‍ ഭാഗങ്ങളില്‍ അറിയപ്പെടുന്ന സാധനം അടുത്തൊന്നും ലഭ്യമല്ലെന്ന് വളരെ സത്യസന്ധമായി ഉറപ്പു വരുത്തുക.
  • നമ്മുടെ വാശി പിടിക്കലുകള്‍ക്കിടയില്‍ അച്ഛന്‍ മേലുദ്യോഗസ്ഥനെ നോക്കി ഒരു തരം വക്രിച്ച ചിരി ചിരിക്കുന്നുണ്ടെങ്കില്‍ വളരെ ശ്രദ്ധിക്കണം. കരച്ചിലും വാശിയും താല്‍ക്കാലികമായെങ്കിലും നിര്‍ത്തുന്നതാണ്‌ നല്ലത്. ഈ ഘട്ടത്തില്‍ നിങ്ങളുടെ മേല്‍ പിടുത്തം വീഴാന്‍ സാധ്യതയുള്ളതിനാല്‍ വളരെ സൂക്ഷിച്ചു വേണം പെരുമാറാന്‍.
  • ഇനി നമ്മുടെ കയ്യിലിരിപ്പു കൊണ്ടും തലയ്ക്കു മുകളില്‍ ചൊവ്വയും ശനിയും കൂടിയിരുന്നു ചീട്ടു കളിക്കുന്നതിന്‍റെ പ്രഭാവത്താലും, മേല്‍പ്പറഞ്ഞതെല്ലാം സംഭവിച്ചെന്നിരിക്കട്ടെ. ക്രൂശിക്കാന്‍ വേണ്ടി വലിച്ചിഴയ്ക്കപ്പെടുമ്പോള്‍ ബലം അധികം പിടിക്കരുത്. നമ്മള്‍ കൂടുതല്‍ ബലം പിടിക്കുമ്പോള്‍ അതിനു 1:100 എന്ന ആനുപാതത്തില്‍ പിടുത്തത്തിന്റെ ശക്തി കൂടാനും അതു വഴി കൈത്തണ്ടയില്‍ ചെമന്ന വളയിട്ടതു പോലെ ചില അടയാളങ്ങള്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ പതിയാനും സാധ്യതയുണ്ട്. പകരം മാക്സിമം വോളിയത്തില്‍ അകറിക്കരയുക. ആരെങ്കിലും ഓടി വന്ന് അച്ഛനെ പിടിച്ചു മാറ്റുന്നതു വരെ കാറല്‍ തുടരുക.
  • ഇനി ഒന്നും നടന്നില്ലെങ്കില്‍, അതായത് കിട്ടാനുള്ളതെല്ലാം ശരീരത്തിന്‍റെ പ്രധാന മര്‍ദ്ദനബാധിതപ്രദേശങ്ങളായ തുടകള്‍, നടുമ്പുറം, ഇളം ചന്തികള്‍ എന്നിവയില്‍ ഏറ്റു വാങ്ങിയ ശേഷം, കുറച്ചു ദിവസത്തേക്ക് അച്ഛനെ കാണുമ്പോള്‍ മൂപ്പരുടെ ചങ്കു പറിയുന്ന വിധത്തില്‍ നോക്കി തിരിഞ്ഞു നടക്കുക. രണ്ടു ദിവസത്തിനുള്ളില്‍ ബാലരമയും കൂടെ പ്രോല്‍സാഹനസമ്മാനങ്ങളും കിട്ടുന്നതായിരിക്കും.

    വാല്: കിട്ടിയ ലാത്തിച്ചാര്‍ജ്ജിന്‍റെ ഇഫക്റ്റില്‍ നടുമ്പുറം വച്ച് മലര്‍ന്നു കിടക്കാന്‍ പറ്റാതെ കമഴ്ന്നു കിടക്കുമ്പോ, ആരെങ്കിലും പുറത്തെ പാടുകളില്‍ തടവുന്ന പോലെ തോന്നിയാല്‍ ആരാണെന്നു തിരിഞ്ഞു നോക്കണ്ട. അച്ഛനായിരിക്കും. മൂപ്പരുടെ ഒരു സമാധാനത്തിനല്ലേ, അങ്ങേരു തടവിക്കോട്ടെ. ഭാവിയില്‍ വളര്‍ന്നു വലുതായി ഒരു ബ്ളോഗൊക്കെ തുടങ്ങീട്ട് ആ അനുഭവമൊക്കെ ഒരു പോസ്റ്റാക്കി ഇട്ടാ മതി.

30 പ്രതികരണങ്ങള്‍:

അനിയന്‍കുട്ടിsaid...

ബാലരമയ്ക്കു വാശി പിടിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...:-)

ദീപു : sandeepsaid...

അടുത്ത് മുല്ല, പിച്ചകം എന്നീ ചെടികള്‍ ഇല്ല എന്ന് ഉറപ്പുവരുത്തുക...

:)

നന്നായിട്ടുണ്ട് ട്ടോ..

വിപിന്‍‌ദാസ്said...

കൊള്ളാം മാഷെ, വളരേ നന്നായിട്ടുണ്ട്!.... ഒരു അനുഭവം അതില്‍ കാണുന്നുണ്ട്!:)

Dinkan-ഡിങ്കന്‍said...

അനിയങ്കുട്ട്യേ,
ദ് ഏട്ടന്‍കുട്ടി ഡിങ്കനാടേയ്.. ഫാലര്‍മ ഗൊള്ളാം കേട്ടാ.

പിന്നെ കടുക് വറുത്തിടുന്ന ചട്ടിയും ഒഴിവാക്കാം. അല്ലെങ്കില്‍ അതെടുത്ത് മുഖത്തൊഴിക്കും

അനിയന്‍കുട്ടിsaid...

ഹിഹി... ഡിങ്കന്‍ചേട്ടോ...ബൂലോഗത്തെല്ലാരും നമ്മടെ സ്വന്തം ചേട്ടമ്മാരല്ലേ...ല്ലേ...:)
വിപിന്‍ദാസേട്ടോ..അരനുഭവമോ, അതൊരൊന്നൊന്നര അനുഭവമായിരുന്നില്ലേ.. എന്റെ ഇപ്പോളത്തെ മോശം ഗ്ളാമറിന്റെ രഹസ്യം ആ ബാലരമസംഭവമാണോ എന്നൊരു സംശയവും ഇല്ലാതില്ല..
ദീപു പറഞ്ഞതു കറക്റ്റ്. മുല്ലവള്ളി കൊണ്ടുള്ള ചാര്‍ത്ത് വളരെ മൃഗീയവും പൈശാചികവുമാണ്‌.... :)
പക്ഷേ, അമ്മയാണേ, ഞാനൊരു തല്ലുകൊള്ളിയായിരുന്നില്ലാട്ടാ...

നിമിഷ::Nimishasaid...

നന്നായിട്ടുണ്ട് :) ആ “വാല്” എന്റ്റെ അച്ചനെ ഓര്‍മ്മിപ്പിച്ചു :(

സുനീഷ് തോമസ് / SUNISH THOMASsaid...

:)

അരീക്കോടന്‍said...

നന്നായി

തരികിടsaid...

ബാലരമ മാത്രമാക്കണ്ട..മിഠായി..പാവകള്‍ അങ്ങനെ ആവശ്യമില്ലാതതെന്തിനും ഈ രീതികള്‍ പരീക്ഷിക്കാം.

ഒ.ടൊ : ഈ മുല്ലവള്ളി അടി അത്രഭയങ്കരമാണോ.. എനിക്കു കൂടുതല്‍ ഈര്‍ക്കിലി, കാപ്പിവടി, പിന്നെ വേള്‍ഡ്‌ ഫെയിമസ്‌ ചൂരല്‍ കൊണ്ടായിരുന്നെ കീറുകിട്ടികൊണ്ടിരുന്നത്‌.

തമനുsaid...

കുട്ടിയനിയാ ....

തുടക്കം തന്നെ നല്ല ഭംഗിയായിട്ടുണ്ട്. വായിച്ച്‌ ശരിക്കും ചിരിച്ചു... പ്രത്യേകിച്ച്‌ തെങ്ങുകയറ്റം നടക്കുന്നില്ലാന്ന് ഉറപ്പു വരുത്തണം എന്ന പോയിന്റും, പിന്നെ ആ 1:100 ഉം ...

അലക്കിപ്പൊളിച്ചു. നല്ല ഭംഗിയുള്ള എഴുത്ത്‌.

Deepasaid...

Thank you for linking back to me...

ezhutthu kootii malayalam vaayikkan ariyaam... athukondu ethengilum avadhi kittumpol thirchayaayum ninglalude blog vaayikkum

Siju | സിജുsaid...

ഇതാണു അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്ന് എഴുതുകാന്നൊക്കെ പറയുന്നത്..

തറവാടിsaid...

ഉം ..ഉം ...രസിച്ചു :)

അനിയന്‍കുട്ടിsaid...

അനുഭവത്തിന്റെ വെളിച്ചമല്ല സിജുവേ.... തീപ്പൊരി തീപ്പൊരി!!

തറൂ, രസിച്ചോ രസിച്ചോ...ഒരു പാവം ബാലന്റെ പിഢാനുഭവങ്ങള്‍ വായിച്ചു രസിച്ചോ കശ്മലാ... ഹിഹി!!

അഗ്രജന്‍said...

അനിയന്‍കുട്ടീ...

ആ വാലിലാണ് ഈ പോസ്റ്റിന്‍റെ മധുരം കിനിയുന്നത്.

അതുകൊണ്ട് ബാലരമയ്ക്ക് വേണ്ടി വാശി പിടിയ്ക്കുമ്പോള്‍ ഈ കാര്യങ്ങളൊന്നും ശ്രദ്ധിക്കല്ലേ മക്കളേ... ആ തലോടല്‍ നിങ്ങള്‍ക്ക് മിസ്സാവും!

നന്നായിരിക്കുന്നു അനിയന്‍ കുട്ടി :)

വല്യമ്മായിsaid...

പോസ്റ്റും അതിലേറെ വാല്‍കഷ്ണവും ഇഷ്ടമായി

Vanajasaid...

വാല്‍ തകര്‍ത്തു കളഞ്ഞു. :))
സ്മൈലി കുഞ്ഞുങ്ങളെ പിടിച്ചിവിടിരുത്തിയല്ലേ.

അനിയന്‍കുട്ടിsaid...

ആ...വനജേച്ചീ.. അത് വനജേച്ചീടെ പോസ്റ്റില്‍ ഉണ്ടായിരുന്ന കണ്ണി വഴി തൂങ്ങിപ്പോയപ്പോ കിട്ടീതാ... ഒരു കഷ്ണം താങ്ക്സ്മുട്ടായി വനജേച്ചിക്കും തന്നിരിക്കുന്നു...ട്ടാ... :)

Sijisaid...

ഇതെന്തായാലും രസിക്കാത്ത വരുണ്ടാവില്ല. :)

ശാലിനിsaid...

എന്റെ മക്കള്‍ വാശിപിടിക്കുമ്പോള്‍ ഈ പഴയതൊന്നും ഓര്‍മ്മ വരില്ല, ഇപ്പോള്‍ ഞാനാണ് ആ അച്ഛന്റെ സ്ഥാനത്ത്.

എന്തായാലും പോസ്റ്റ് നന്നായി.

Anugraheethansaid...

അനുഭവം ഗുരു

അനിയന്‍കുട്ടിsaid...

ദീപു-വിപിന്‍ദാസ്-നിമിഷ-സുനീഷ്-ഡിങ്കന്‍-തരികിട-അരീക്കോടന്‍-തമനു-സിജു-തറവാടി-അഗ്രജന്‍-വല്യമ്മായി-വനജ-സിജിച്ചേച്ചി-ശാലിനി-അനുഗ്രഹീതന്‍ ടീം..... വന്ന് കണ്ട് വായിച്ച് കമന്റിയതിന്‌ ഒരുപാട് നന്ദി.... :-)

പിന്നെ ഒരു കാര്യം കൂടി പറഞ്ഞില്ലെങ്കില്‍ ഇതു പൂര്‍ണ്ണമാവില്ലെന്നു ഇപ്പൊ തോന്നണു. അന്നത്തെ ആ മാമാങ്കത്തിനു ശേഷം അച്ഛനെന്നെ ഒരു പാട് നാളേയ്ക്ക് തല്ലിയിട്ടില്ല. ഇവനിതൊന്നും താങ്ങൂല്ല എന്ന് തോന്നിയത് കൊണ്ടോ അതോ ഇവനെ തല്ലിയാ നന്നാവൂല്ല എന്ന് തോന്നിയത് കൊണ്ടോ എന്നറിയില്ല...എന്തായാലും നമ്മക്ക് കോളടിച്ചു..!

ആഷ | Ashasaid...

പെരുമരത്തിന്റെ കമ്പും അടുത്തില്ലായെന്നു ഉറപ്പു വരുത്തുന്നതു നന്നായിരിക്കും
ഓരോരോ അനുഭവങ്ങളേ...:)

ദേവന്‍said...

ആഹ. ഇതിപ്പോഴാ കണ്ടത് അനിയന്‍ കുട്ടീ. രസമായി വായിച്ചു,
എന്ന് ഇതുവരെ അച്ഛനും അമ്മയും എടുത്തിട്ട് അലക്കിയിട്ടില്ലാത, ഒരു കിഴുക്കു പോലും കിട്ടിയിട്ടില്ലാത്ത ഒരു ഭാഗ്യവാന്‍ (ഒപ്പ്)
(എന്റ്റെയൊക്കെ ചെറുപ്പത്തില്‍ പൂമ്പാറ്റയും അമ്പിളിയമ്മാവനും ആയിരുന്നു ബാലരമയെക്കാള്‍ സര്‍ക്കുലേഷനില്‍)

കുട്ടിച്ചാത്തന്‍said...

ചാത്തനേറ്:

അമ്മയോട് ചോദിച്ചാല്‍ അറിയാം... കളിപ്പാട്ടത്തിനോ കുഞ്ഞുടുപ്പിനോ കുട്ടിച്ചാത്തന്‍ വാശിപിടിച്ചിട്ടില്യാത്രെ..എന്നാ ഉള്ള പൂമ്പാറ്റേം ബാലരമേം അമ്പിളിഅമ്മാവനും ബാലമംഗളോം മുത്തശ്ശീം ലാലുലീലേം തത്തമ്മേം മലര്‍വാടീം അമര്‍ചിത്രകഥേം എസ്ടിആര്‍ ചിത്രകഥേം ചീത്രമഞ്ജുഷ ചിത്രകഥേം ബോബനും മോളിയും ഇത്തിരി കൂടി വളര്‍ന്നപ്പോള്‍ മലയാളം ഇന്ദ്രജാല്‍ കോമിക്സിനു വരെ ചാത്തന്‍ വാശി പിടിച്ചിരുന്നു...

ഓടോ: വല്ലതും വിട്ട് പോയാ?

അനിയന്‍കുട്ടിsaid...

പിന്നെ സീമാനേം (സീമയെ അല്ല) ഭയങ്കര ഇഷ്ടായിരുന്നു...റ്റൈം മെഷീന്‍ അന്നു വായിച്ചിട്ട് ഒന്നും മനസ്സിലായില്ല...:)

അനിയന്‍കുട്ടിsaid...

ഹായ്.. അമ്പിളിഅമ്മാവന്‍..എനിക്കു വല്യ ഇഷ്ടായിരുന്നു അത്.
വിക്രമാദിത്യന്റേം വേതാളത്തിന്റേം രൂപം അതില്‍ കണ്ടതാണ്‌ ഇപ്പഴും മനസ്സിലുള്ളത്. ആ കഥ വായിച്ചിട്ട് എനിക്ക്, രാത്രി വിക്രമാദിത്യന്‍ പറമ്പീല്‍ക്കൂടി വേതാളത്തിനേം തോളില്‍ തൂക്കിയിട്ട് പോണ പോലെ ഒക്കെ തോന്നീട്ട്‌ണ്ട്.

ചാത്തോ..മറന്നൂട്ടാ പാടെ മറന്നു...ഉണ്ണിക്കുട്ടനേം ബാബു സാലീനേം...പൂമ്പാറ്റേലെ വിക്കി(പീഡിയ അല്ല) ആയിരുന്നു സൂപ്പര്‍ ഹീറോ.. പിന്നെ ഒരു ആന ഉണ്ടായിരുന്നില്ലേ, ലോട്ടറിയടിച്ച പണം കഴുത്തില്‍ തൂക്കി നടക്കുന്നവന്‍..ഗജ്ജു...ഹോ!! ചാത്താ ഇതൊക്കെ അന്നത്തെ ഫേവറിറ്റ്സായിരുന്നേ... പിന്നെ പാടലീപുത്രം.... എന്റീശ്വരാ... എനിക്കതൊക്കെ ഇപ്പൊ സൂപ്പറായി ഓര്‍മ്മ വരുന്നു... ഓര്‍മ്മിപ്പിച്ചതിന്‌ താങ്ക്സ്മുട്ടായി പിടിച്ചോ...:-)

jasnasaid...

Kalakeetundu :)

asamsasaid...

bhaasha haasyasampushtam....aathmaarthhathayuLLa vaachakangaL pettennu uLkkoLLaan saadhikkunnu..
aniyan_kkuttiyude
swantham aniyaTHikkutti
( kalakki koCCEttaa......)

കെ പി | KPsaid...

ഹഹ നല്ല പോസ്റ്റ്‌..

 
ജാലകം