Friday, 6 April 2007

6-6-6-6

ഇടിവാളിന്‍റെ പോസ്റ്റാണ്‌ എന്നെക്കൊണ്ട് ഈ പാതകം ചെയ്യിക്കുന്നത്. ഇടിവാളിന്‍റെ മേല്‍ എന്‍റെ കോപമുണ്ട്, എന്നെ ഇതോര്‍മ്മിപ്പിച്ചതിന്...ഇന്നലത്തെ എന്‍റെ ഉറക്കം കളഞ്ഞതിന്. അതിന്എല്ലാരും കൂടി ഇതനുഭവിച്ചേ പറ്റൂ...

കേരളത്തില്‍ കൂണു പൊലെ മുളച്ചു വന്ന അനേകം എഞ്ചിനീറിങ്ങ് കോളേജുകളിലൊന്നായിരുന്നു എന്‍റെയും. അവിടെ പൊട്ടക്കുളത്തിലെ തവളകളെ പോലെ ഞങ്ങള്‍ നൌഷാദിന്‍റെ കടയിലെ ആവി പറക്കുന്ന ഓംപ്ളേറ്റിനു (ഓംലെറ്റെന്നു വിവരമില്ലാത്തവര്‍ പറയും) വേണ്ടി വായില്‍ വെള്ളമൂറി കാത്തിരുന്നു കൊണ്ടും വേണ്ടി വന്നാല്‍ പോരടിച്ചും സസുഖം ഭരിച്ചു പോരുന്ന കാലം. സ്പോര്ട്സ് ഡെയുടെ ഭാഗമായി ക്ളാസ്സുകള്‍ തമ്മില്‍ ക്രിക്കറ്റ് മല്‍സരം നടത്താന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ ഏറ്റവും ശക്തരാരെന്ന മല്‍സരം ഇലക്രോണിക്സും കംപ്യൂട്ടറും തമ്മിലായിരുന്നു. പാവപ്പെട്ട ഐ ടി യായ ഞങ്ങള്‍ക്ക് ഒരു ടീം ഉണ്ടാക്കാനുള്ള ആളുകളെ ക്ളാസ്സില്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും അഭിമാനത്തിന്റെ പ്രശ്നമായതിനാല്‍ ബാറ്റോ ബോളോ എന്നെങ്കിലും കൈ കൊണ്ടു തൊടുകയോ കളി അറ്റ്ലീസ്റ്റ് കാണുകയോ ചെയ്തിട്ടുള്ളവരെ കൂട്ടി ഞങ്ങളും തയ്യാറായി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൌണ്ടിലായിരുന്നു മല്‍സരങ്ങളെല്ലാം തന്നെ നടന്നത്. ആദ്യമല്‍സരത്തില്‍ പൊതുവെ ഊപ്പകളായിരുന്ന ഇലക്ട്രിക്കലിനെ ഞങ്ങള്‍ അടിച്ചു പൊട്ടിച്ചു കയ്യില്‍ കൊടുത്തതോടെ ബെറ്റുകാരുടെ ഇടയില്‍ ഞങ്ങള്‍ക്കും വില കൂടി. അടുത്തത് കമ്പ്യൂട്ടറുമായി അതു ജയിച്ചാല്‍ ഫൈനല്‍. അശുക്കളെന്നു മുദ്ര കുത്തിയിരുന്ന ഐ ടി പിന്നെ കോളേജില്‍ നെഞ്ചു വിരിച്ചു നടക്കും. പക്ഷേ ഒരു ചെറിയ സാങ്കേതികതടസ്സം; വയനാടിന്‍റെ ജില്ലാ റ്റീമില്‍ കളിച്ചിരുന്ന ഫിറോസ്, അത്യുഗ്രന്‍ ഓള്‍ റൌണ്ടര്‍ സന്ദീപ്, ഹര്‍ഭജനെപ്പോലെ നടന്നു വന്ന് ബ്രെറ്റ് ലീയെപ്പോലെ പന്ത് മൂളിപ്പിച്ചു വിടുന്ന ആറടിയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കിച്ചു, പിന്നെ ചൊറിഞ്ഞു ചൊറിഞ്ഞു എതിര്‍റ്റീമിനെ വട്ട് പിടിപ്പിക്കുന്ന സതീശന്‍... ഇവരെയൊന്നു തോല്‍പ്പിക്കണം...

സകലമാന ദൈവങ്ങളേയും മനസ്സില്‍ വിചാരിച്ചു ഞങ്ങളിറങ്ങി. ഓപ്പണറായി ഒരു ജൂനിയര്‍ പയ്യനും, പിന്നെ ഞങ്ങളുടെ വിശ്വസ്തനായ ക്യാപ്റ്റന്‍ ആലപ്പു എന്ന ആലനും. കിച്ചുവിന്‍റെ സ്പെല്‍ എങ്ങനെയെങ്കിലും ആരോഗ്യത്തൊടെ പിടിച്ചു നില്‍ക്കുക എന്നതായിരുന്നു അവരുടെ പ്രഥമലക്‌ഷ്യം. പക്ഷേ പയ്യനു പാളി, ആദ്യഓവറില്‍ ലവന്‍ എനിക്കു പണി തന്നു. രണ്ടാമനായി ഇറങ്ങേണ്ട ഞാന്‍ സധൈര്യം വണ്‍ ഡൌണ്‍ ഇറങ്ങാന്‍ തീരുമാനിച്ചു. ഒരു ക്ളാസിന്‍റെ മുഴുവന്‍ പ്രതീക്ഷകളുമാണ്‌ പിന്നില്‍, ദയനീയമായെങ്ങാനും തോറ്റാല്‍... എന്‍റെ ചങ്കു പിടക്കുന്ന ശബ്ദം ഞാന്‍ ഡി ടി എസ്സില്‍ കേട്ടു തുടങ്ങി. കിച്ചുവിന്‍റെ ആദ്യപന്തു തന്നെ ഗുഡ്‌ലെങ്തില്‍ നിന്നും അരക്കൊപ്പം ഉയരത്തില്‍, ഭാവിയില്‍ ഒരു പിതാവെന്ന എന്റെ സ്വപ്നത്തിന്‍റെ നാശം ലക്‌ഷ്യമാക്കി കുതിച്ചു വന്നു. സകല ദൈവങ്ങളെയും വിളിച്ചു കൊണ്ട് ബാറ്റും പൊക്കി ഞാന്‍ ജംപ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌..... എന്‍റെ തുടയില്‍ ചുവന്ന ഒരു സീലും വച്ച് അന്ത പന്ത് കീപ്പറുടെ കയ്യിലോട്ട് പോയി....ആ സീല്‍ പറഞ്ഞു, ഇവന്‍ കിച്ചുവിനെ നേരിട്ടിട്ടുണ്ട്! എനിക്കഭിമാനം തോന്നിയോ...ഏയ്...

5-6 ഓവര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കു ക്ളച്ചു പിടിച്ചു. ഞങ്ങള്‍ പണി തുടങ്ങി. സമയമില്ലാത്തതിനാല്‍ 15 ഓവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ എല്ലാരും ആഞ്ഞു പിടിച്ചു. നാലു പാടും ബൌണ്ടറികള്‍ പാഞ്ഞു തുടങ്ങി. വിശ്വസ്തനായ ദാസനും സാനിയുമൊക്കെ ചേര്‍ന്ന് ഞങ്ങള്‍ സ്കോര്‍ 84 ല്‍ എത്തിച്ചു. ഹായ്... മോശല്യ.. ടീം ഹാപ്പി.... 34 റണ്‍സോടെ ഞമ്മള്‌ ടോപ്സ്കോറര്‍.. ഞമ്മളും ഹാപ്പി... ഇടവേളക്കിടയില്‍ ആലന്‍ പറഞ്ഞു, സുവര്‍ണ്ണാവസരമാണ്‌, ഇതു ജയിച്ചാല്‍... ഞങ്ങള്‍ സ്വപ്നം കണ്ടു തുടങ്ങി. ദാസാ..വി കേ ആറെ....ബാലാ....നമ്മള്‌ ജയിച്ചാല്‍....ഹൊ! ഫിറോസിന്‍റെ റൂംമേറ്റായിരുന്ന ഞങ്ങളുടെ ഒരേയൊരു അംഗീകൃത ബൌളര്‍ അച്ചായനെ സംബന്ധിച്ചിടത്തോളം ഇതു റൂമിലെ നിലനില്‍പ്പിന്‍റെയും സ്വൈര്യജീവിതത്തിന്‍റെയും പോരാട്ടം കൂടിയായി മാറിയിരുന്നു.

പട്ടയില്‍കുന്നിലപ്പനെ ധ്യാനിച്ചു ഞങ്ങളും പിന്നെ അവരുമിറങ്ങി. കളി തുടങ്ങി. ഞാനും അച്ചായനും തുടങ്ങി. അച്ചായന്‍ തകര്‍പ്പനേറ്. ഞാനും മോശമില്ലാതെ എറിഞ്ഞു. നമ്മുടെ ഒരു ജൂനിയര്‍ പയ്യന്‍ സകല സ്വപ്നങ്ങള്‍ക്കും ചിറകു നല്‍കിക്കൊണ്ട് അവിശ്വസനീയമായ പെര്‍ഫോര്‍മന്‍സ്. ഞങ്ങള്‍ ജയിക്കാണോ.... മുത്തപ്പാ...വിക്കറ്റുകള്‍ വീഴുന്നു... ഫിറോസ് റണ്സെടുക്കാന്‍ പാടു പെടുന്നു... കൂട്ടുകെട്ടുകള്‍ പൊളിയുന്നു...പക്ഷേ, ഫിറോസിനു കൂട്ട് സന്ദീപെത്തിയതോടെ കളി മാറിത്തുടങ്ങി... എന്നാല്‍ അമിതാവേശത്തില്‍ കയറിയടിച്ച സന്ദീപ് ബൌണ്ടറിയില്‍ നിന്ന എന്റെ കയ്യിലേക്കു വന്നു വീണു. സ്റ്റേഡിയം പൊട്ടിത്തെറിച്ചു !!(അങ്ങനെയൊന്നുമില്ല... എന്‍റെ അലര്‍ച്ച കേട്ട് അടുത്തെവിടെയോ പുല്ലു മേഞ്ഞിരുന്ന ഒരു പശു അമറി, ഒന്നു രണ്ട് കാക്കകള്‍ കരഞ്ഞു, എതോ പട്ടി കുരച്ചു...ദാറ്റ്സ് ഓള്‍)

ഒടുവില്‍ ഫിറോസും പുറത്ത്. അവര്‍ക്കു ജയിക്കാന്‍ രണ്ടോവറില്‍ 23 റണ്‍സ്. രണ്ട് വിക്കറ്റ് മാത്രം ബാക്കി. പക്ഷേ അപകടകാരിയാഅയ കിച്ചുവാണ്‌ സ്ട്രൈക്ക്. അവന്‍ ഒന്നു നിവര്‍ന്നാല്‍ പിന്നെ പന്ത് പുതിയതെടുക്കേണ്ടി വരും എന്നതിനാല്‍ കളിയുടെ ഭാരവാഹികള്‍ക്കും ചങ്കു പടച്ചു തുടങ്ങി. ആരെറിയും, കൂലങ്കുമായ ചര്‍ച്ച നടക്കുന്നു. ബാലനായിരുന്നു എറിയേണ്ടിയിരുന്നത്, പക്ഷേ, അവനെ കിച്ചുവിനിട്ടു കൊടുത്താല്‍...? ഇത്രയും എത്തിച്ചിട്ട് ഇനി കയ്യീന്നു പോയാല്‍...? അവസാന ഓവര്‍ എന്തായാലും അച്ചായന്‍ തന്നെ. പെട്ടെന്നു ഞാന്‍ തന്നെ പന്തെടുത്തു പറഞ്ഞു "അളിയാ ഞാന്‍ എറിയാം..."വണ്‍ ഡൌണ്‍ ഇറങ്ങാന്‍ കാണിച്ച അതേ ആവേശം...അതേ ഞാന്‍...അതേ കിച്ചു. ഓപ്പണര്‍ ഹരീഷിന്‍റെയുള്‍പ്പെടെ രണ്ട് വിക്കറ്റെടുത്ത ആത്മവിശ്വാസം, കഴിഞ്ഞ മല്‍സരത്തില്‍ ട്രിപ്പിള്‍ ഈയെ തകര്‍ത്തു വിട്ട സ്പെല്ലിന്റെ പിന്‍ബലം! എവിടുന്നോ ആരോ പറയുന്ന പോലെ എനിക്കു തോന്നി.."വേണ്ട്രാ..." എന്നാല്‍ ഞാന്‍ തീരുമാനിച്ചിരുന്നു.

കൂടുതല്‍ സ്പീഡിലെറിഞ്ഞാല്‍ അതു കിച്ചുവിന്റെ പണി കുറയ്ക്കുകയേ ഉള്ളൂ എന്നറിയാവുന്നതിനാല്‍ സ്ളോ ബോളുകള്‍ എറിയാന്‍ ഞാന്‍ തീരുമാനിച്ചു. അതിഭീകര ഫീല്‍ഡ് സെറ്റിങ് നടന്നു. കയ്യും കാലും ഒടിഞ്ഞാലും ഒറ്റ ബൌണ്ടറി പോലും കൊടുക്കരുതെന്നു എല്ലാര്‍ക്കും കര്‍ശനനിര്‍ദ്ദേശം കൈ മാറ്റപ്പെട്ടു. ചങ്കിടിപ്പോടെ ഓടി വന്നു ഞാന്‍ ആദ്യ അസ്ത്രം തൊടുത്തു. എന്തു വന്നാലും ഓഫില്‍ മാത്രമേ എറിയൂ എന്നു ഞാന്‍ തീരുമാനിച്ചിരുന്നു. എല്ലാം കിറുകൃത്യം. ഞാന്‍ വിചാരിച്ച സ്ഥലത്തു പന്ത് പിച്ച് ചെയ്യുന്നു. എന്നാല്‍...... എനിക്കെന്നെക്കുറിച്ചഭിമാനം തോന്നാന്‍ തുടങ്ങിയില്ല; ഷോലെ സിനിമയില്‍ വെടി പൊട്ടുമ്പോളുണ്ടാകുന്ന പോലത്തെ ഒരു ശബ്ദമാണ്‌ എല്ലാരും കേട്ടത്. റ്റിസ്‌സ്‌ക്യാങ്.... പന്തെങ്ങോട്ടാണു പോകുന്നതെന്നു മനസ്സിലായെങ്കിലും ഡീപ് മിഡ്‌വിക്കറ്റില്‍ നിന്നിരുന്ന വീ കേ ആറിനോട് ഞാന്‍ ഒരു സമാധാനത്തിനു വിളിച്ചു പറഞ്ഞു. "വീകേആറേ...ക്യാച്ചിറ്റ്..."...ലവന്‍ എന്നെ പുച്ഛവും രോഷവും ഇട കലര്‍ന്ന ഒരു നോട്ടം നോക്കി. പതിനഞ്ചു മിനിട്ട് കഴിഞ്ഞു എവിടെ നിന്നോ അവന്‍ പന്തുമായി തിരിച്ചെത്തി.

എന്തായാലും ഞാന്‍ തീരുമാനിച്ചു. ഒരാള്‍ക്ക് ഒരേ ഷോട്ട് രണ്ട് തവണ കളിക്കാന്‍ ചെറിയ ബുദ്ധിമുട്ടു കാണില്ലേ, കാണണമല്ലോ. അതേ ലൈനില്‍ ഞാന്‍ ലെംങ്ത് അല്പം കുറച്ചെറിഞ്ഞാല്‍? എന്‍റെ കുരുട്ടുബുദ്ധി പ്രവര്‍ത്തിച്ചു, കിച്ചൂന്‍റെയും. വെടിശബ്ദം ആവര്‍ത്തിച്ചു. മെന്‍സ് ഹോസ്റ്റലിനടുത്തെവിടെയോ ഒരു പട്ടിയുടെ ദയനീയമായ കരച്ചില്‍... "പൈ പൈ..." നമ്മടെ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ഏതു നേരം നോക്കിയാലും പറേണ പോലെ, "ഈവന്‍ ബെറ്റര്‍...."
പട്ടി ദേഷ്യം തീര്‍ത്തതോ എന്തോ, ആ പന്ത് കിട്ടീല. എല്ലാ ഐ ടി സന്താനങ്ങളുടെയും മുഖം വാടി. അവിടെ സീഎസ്സ് ആഘോഷിക്കുന്നു, കിച്ചു ഒരു ആരാച്ചാരെപ്പോലെ നില്‍ക്കുന്നു, ഗദയേന്തി നിക്കുന്ന ഹനുമാനെപ്പോലെ എനിക്കു തോന്നി. രണ്ടേ രണ്ട് വിക്കറ്റകലെ വിജയം കയ്യൊഴിയാന്‍ മനസ്സ് വരുന്നില്ല. "ഇല്ലാ ഇല്ലാ വിട്ടു തരില്ല", ശ്രീരാമ പോളിയിലെ പഴയ മുദ്രാവാക്യങ്ങള്‍ മനസ്സില്‍ ഫില്ലറുകളായി എത്തി. ഇവനെ ഞാന്‍ വീഴ്ത്തും. സ്ളോ ബോളെന്ന എന്റെ തന്ത്രം ഞാന്‍ മാറ്റാന്‍ തീരുമാനിച്ചു. സര്‍വ്വശക്തിയുമെടുത്തു ഞാനൊരു യോര്‍ക്കറിനു ശ്രമിച്ചു. എവടെ! ഒന്നു മുന്നോട്ടു വന്ന യെന്‍റെ കൌണ്ടര്‍പാര്‍ട്ട് അന്ത പന്തിനെ യെന്‍റെ സ്വന്തം തലക്കു മുകളിലൂടെ യെന്‍റെ സ്വന്തം കണ്ണുകളില്‍ ഇരുട്ടു കയറ്റിക്കൊണ്ട് പറപറപ്പിച്ചു. മുത്തപ്പാ...ഇങ്ങനെ ഒരു വിധി! സ്റ്റേഡിയം പൊട്ടിത്തെറിച്ചു. ഇത്തവണ ശരിക്കും. ദൈവമേ, എല്ലാരും ശോകമൂകരായി. ബാലനെ നോക്കാനെനിക്കു ശക്തിയുണ്ടായില്ല. ജയിക്കാന്‍ വെറും അഞ്ചു റണ്‍സ്. സപ്തനാഡികളും തളര്‍ന്നു നില്‍ക്കുന്ന ആലനെ ഞാന്‍ കണ്ടു. ദാസന്‍ വന്നു പറഞ്ഞു, "അളിയാ, എന്തെങ്കിലുമൊക്കെ ചെയ്യ്..."പക്ഷേ, എന്‍റെ കാറ്റ് പോയിരുന്നു. ഒരു AK 47 കിട്ടിയിരുന്നെങ്കിലെന്നു ഞാന്‍ വെറുതെ ആശിച്ചു. ഒരു വഴിപാടു പോലെ ഞാന്‍ അടുത്ത പന്തെറിഞ്ഞു കോടുത്തു. പറമ്പില്‍ കിളയ്ക്കാന്‍ വരാറുള്ള രജുച്ചേട്ടന്‍ തെങ്ങിനു തടമെടുക്കുമ്പൊ ഇടയ്ക്കു വല്ല ഇരുമ്പോ തുരുമ്പോ കിട്ടിയാല്‍ കൈക്കോട്ടു കൊണ്ട് അതെടുത്തു പുറത്തേയ്ക്കെറിയുന്ന ലാഘവത്തോടെ, ലവന്‍, അന്ത പടുപാപി, അന്ത പന്തിനേയും റ്റാറ്റ കൊടുത്തു പറഞ്ഞയച്ചു. പക്ഷേ അതെനിക്കു പുല്ലായിരുന്നു. അതു കിട്ടിയില്ലെങ്കിലേ എനിക്കു വിഷമമുണ്ടാകുമായിരുന്നുള്ളൂ. ഹല്ല പിന്നെ, വഴിയ്ക്കും വഴിയാലെ മൂന്നെണ്ണം വാങ്ങി നിക്കുന്നവനെയാണവന്‍ ഛക്ക കാണിച്ചു പ്യാടിപ്പിക്കുന്നത്. ഒന്നു പൊയേരെ ചെക്കാ എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു; വേറെന്തുട്ട് ചെയ്യാന്‍....!!!
എന്തായാലും ഞങ്ങള്‍ അന്ത കളിയും തോറ്റു. 34 റണ്‍സെടുത്ത ഞാന്‍ 34 റണ്‍സ് വിട്ടു കൊടുത്തു കൊണ്ട് കണക്കു ടാലിയാക്കി!

ലോട്ടറിയടിച്ച ടിക്കറ്റ് അറിയാതെ കീറിക്കളഞ്ഞ കുമാരേട്ടനെപ്പോലെ ന്തലയില്‍ കയ്യും കുത്തിയിരുന്ന എന്ന ആരൊക്കെയോ വന്നു സമാധാനിപ്പിച്ചു. ഇതെന്നോട് വേണ്ടിയിരുന്നില്ലെഡേ എന്ന മട്ടില്‍ ഞാന്‍ കിച്ചൂനെ ഒന്നു നോക്കി. ഒന്നില്ലെങ്കിലും ഞാനൊരു തരക്കേടില്ലാത്ത ബൌളറായിരുന്നില്ലെ, അന്നു വരെ. പണ്ട് ജഗതിയോട് ഉര്‍വ്വശി പറഞ്ഞ പോലെ "അടുത്ത കളിക്കെടുത്തോളാമെടാ എന്നു പറയാന്‍ ആ വര്‍ഷം പിന്നെ കളികളൊന്നും തന്നെ ഉണ്ടായിരുന്നില്ല". മൂഷികസ്ത്രീ പിന്നേം ലവളു തന്നെയായി....ഹാ....കാലം മായ്ച്ചു കളഞ്ഞ മുറിവുകളുടെ കൂട്ടത്തില്‍ ഇതും....


കടപ്പാടും രോഷവും: ഇടിവാളിനോട്.....

10 comments:

അനിയന്‍കുട്ടി | aniyankutty said...

കടപ്പാടും രോഷവും: ഇടിവാളിനോട്.....

വിശാല മനസ്കന്‍ said...

“അമിതാവേശത്തില്‍ കയറിയടിച്ച സന്ദീപ് ബൌണ്ടറിയില്‍ നിന്ന എന്റെ കയ്യിലേക്കു വന്നു വീണു...സ്റ്റേഡിയം പൊട്ടിത്തെറിച്ചു...

(അങ്ങനെയൊന്നുമില്ല... എന്റെ അലര്‍ച്ച കേട്ട് അടുത്തെവിടെയോ പുല്ലു മേഞ്ഞിരുന്ന ഒരു പശു അമറി..ഒന്നു രണ്ട് കാക്കകള്‍ കരഞ്ഞു....എതോ പട്ടി കുരച്ചു...ദാറ്റ്സ് ഓള്‍)

എന്തിറ്റാ പെട!!!!!!!!!!!!!!!

അനിയന്‍ കുട്ടീ നീ ആളൊരു മെഗാ ആണല്ലോ ഡീയര്‍. അലക്കി മറിച്ചിട്ടുണ്ട്. വിവരണം അത്യുഗ്രന്‍.

anoop said...

vishala manaskan ithinu comment post cheythu ennarinjathil athiyaya aahladam aadyame rekhapeduthatte...pinne aniyankuttiyodu randu vaaku..ninnodu enikku enthennilatha nandi undeda kutta...ente kaiyil irinnu pottumayirunna oru bomb balam prayogichu pidichu vangi swantham nikkarinte pocketil ittu pottikan nee kanicha ulsaahathinu, adhava vekrakku..oru kuruthiyil ninnu enne rakshichathinulla nandi njan ennelum prakadipikkum..pinne kichu..avanu athinu munpum KFA enna peril ladies hostel il oru fan club undayirunnu..athila ithinum athinum oru bandhavum illa, ninakko enikko oru fan polum undayirunilla swanthamayi...so mothathil kathayil hero aavendavan thanneyada hero aayathu...pinne hero kal undavan arengilumokke baliyadukal aavanallo...athelum aavan pattiyathil namakku samadhanikkam...:) lle da...swantham baalan

Moorthy said...

കൊള്ളാം നന്നായിട്ടുണ്ട്.

qw_er_ty

സങ്കുചിത മനസ്കന്‍ said...

അനിയങ്കുട്ടി സഖാവേ,
കലക്കി കടുകു വറുത്ത്,!!!

ആ സീല്‍ പറഞ്ഞു....ഇവന്‍ കിച്ചുവിനെ നേരിട്ടിട്ടുണ്ട്...

സ്റ്റേഡിയം പൊട്ടിത്തെറിച്ചു...(അങ്ങനെയൊന്നുമില്ല... എന്റെ അലര്‍ച്ച കേട്ട് അടുത്തെവിടെയോ പുല്ലു മേഞ്ഞിരുന്ന ഒരു പശു അമറി..ഒന്നു രണ്ട് കാക്കകള്‍ കരഞ്ഞു....എതോ പട്ടി കുരച്ചു...ദാറ്റ്സ് ഓള്‍)


ലോട്ടറിയടിച്ച ടിക്കറ്റ് അറിയാതെ കീറിക്കളഞ്ഞ കുമാരേട്ടനെപ്പോലെ ന്തലയില്‍ കയ്യും കുത്തിയിരുന്ന എന്ന....

ഹ ഹ ഹ

-സങ്കുചിതന്‍

അനിയന്‍കുട്ടി | aniyankutty said...

വിശാല്‍ പരമഹംസരേ...സന്തോഷായീട്ടാ...
സങ്കൂ....നന്ദീണ്ട്...മൂര്‍ത്തിക്കും.... :-)
ബാലാ...ഇന്നലെ അതൊക്കെ ഓര്‍ത്തു പോയെടാ....

ചക്കര said...

:)

ഇടിവാള്‍ said...

കൊള്ളാം.... ;)

ന്നാലും ക്ലൈമാക്സ് ! ഹോ.. ഊഹിക്കാം ആ വിഷമം !

അനിയന്‍കുട്ടി | aniyankutty said...

ഇടിവാളേ....പരമമായ സത്യം...അതൊരു വല്ലാത്ത അവസ്ഥ തന്നെയായിരുന്നു....ഹൊ! കളി കഴിഞ്ഞതും സ്കൂള്‍ വിട്ട പോലെ എല്ലാരും ഓരോരോ വഴിക്കു പോയി... ഒറ്റക്കു നടക്കാന്‍ സത്യം പറഞ്ഞാല്‍ എനിക്കു ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല....എന്നാലും...
ബാലന്‍ പറഞ്ഞ പോലെ ഹീറോ തന്നെയാണ്‌ കഥാന്ത്യത്തില്‍ ഹീറോ ആയതെങ്കിലും, ഉള്ളിന്റെ ഉള്ളില്‍ എവിടെയോ ആരോ ഒരു ക്വൊട്ടേഷന്‍ അടിച്ചു..."അപ്പഴേ പറഞ്ഞില്ലറാ കന്നാലീ..വേണ്ടാന്ന്..."..

Siji said...

അനിയന്‍ കുട്ടി ഒരു സത്യം..എഴുതി രസിപ്പിക്കാന്‍ അനിയന്‍ കുട്ടിക്ക്‌ കഴിയുന്നുണ്ട്‌. ;)