Friday 23 March 2007

കുറ്റിക്കാട്ടൂരിലെ യുദ്ധകാഹളം

എനിക്ക് ആ നാട്ടുകാരോട് സഹതാപമുണ്ടു്‌...അവരെന്തു പിഴച്ചു? സ്വന്തം ഗ്രാമത്തില്‍ ഒരു എഞ്ചിനീറിങ് കോളേജ് വരുന്നതില്‍ അതിയായി സന്തോഷിച്ചതാണോ അവര്‍ ചെയ്ത തെറ്റ്...? എന്തായാലും, കോളേജിന്റെ കൂടെ "മെന്‍സ് ഹോസ്റ്റല്‍" എന്ന മാരണം കൂടി തോളത്തേറ്റെണ്ടി വരുമെന്നു അവര്‍ പ്രതീക്ഷിച്ചു കാണില്ല.....

എന്തൊക്കെ പറഞാലും 2001 കേരളപ്പിറവി കോഴിക്കോടിന്റെ അതിര്‍ത്തി കടന്നു വന്നത് കുറ്റിക്കാട്ടൂരെന്ന കൊച്ചു ഗ്രാമത്തില്‍ മാറ്റങളുടെ തുടക്കം കുറിച്ചുകൊണ്ടാണു്‌...പണ്ടാരോ എതോ സിനിമയില്‍ പറഞ്ഞ പോലെ, ഉജാലേടെ പരസ്യത്തിനെന്ന പോലെ വെള്ളേം വെള്ളേം ഇട്ട് നടക്കുന്ന സീനിയര്‍ പുലികള്‍.. അവരുടെ കുറവു കൂടി നികത്താനെന്ന പോലെ കണ്ണിന്റെ ഫ്യൂസ് അടിച്ചു പോകുന്ന തരത്തിലുള്ള കളറുകളില്‍ സപ്തവര്‍ണ്ണങള്‍ ചാലിച്ച കുട്ടിഷര്‍ട്ടും ബെല്‍ബോട്ടം പാന്റും ഇട്ട് ഉണങ്ങിയ ജയന്മാരെ പോലെ തേരാപാര നടക്കുന്ന യുവജനസഖ്യവും ഉള്ള കുറ്റിക്കാട്ടൂര്.... മലബാറിന്റെ(തൃശ്ശൂരിനെ ഞാന്‍ ഉള്‍പ്പെടുത്തീട്ടില്ല...വെറുതെ എന്തിനാ....!!) തനതായ ആ ആതിഥേയമര്യാദയോടെ ഞങ്ങളെ സ്വീകരിച്ച ആ പാവം നാട്ടുകാര്‍ പിന്നീട് അതിനൊക്കെ സ്വയം പ്‌രാകീട്ടുണ്ടാവും..എതായാലും മനസ്സമാധാനത്തോടെയുള്ള ഉറക്കം എന്നത് അവര്‍ക്ക് വല്ലപ്പോളുമൊക്കെ അമ്പതോ നൂറോ വീണു കിട്ടുന്ന ഒറ്റനമ്പര്‍ ലോട്ടറി പോലെയായി..

പാവം കുറെ മനുഷ്യരുടെ വീടുകളുടെ ഇടയില്‍ കെട്ടിപ്പൊക്കിയ ഞങ്ങളുടെ ഹോസ്റ്റെലിന്‌ മെന്‍സ് ഹോസ്റ്റെലിന്റെ തനതായ സദ്ഗുണങ്ങള്‍ കൊടുക്കേണ്ടത് ഞങ്ങളുടെ കടമയായതിനാലും ഞങ്ങള്‍ക്കത് വളരെ വളരെ താല്പര്യമുള്ള ഒരു കാര്യമായതിനാലും പ്രസ്തുത കെട്ടിടത്തിന്റെ ഒരു നാലയലത്തിന്റെ ചുറ്റളവില്‍ ഭൂമിയുടെ വില, മൂന്ന് വിക്കറ്റ് വീണ ഇന്ത്യന്‍ റ്റീമിന്റെ റണ്‍റേറ്റ് പോലെ അതിവേഗത്തില്‍ താഴേക്ക് പോരാന്‍ രണ്ട് മാസം പോലും എടുത്തില്ല...
മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഞങ്ങളുടെ സ്വന്തം മാളിയേക്കലിന്റെയും അതിലെ അന്തേവാസികളായിരുന്ന ഞങ്ങള്‍ എന്ന പുപ്പുലികളുടെയും തനി സ്വരൂപം നാട്ടുകാര്‍ ആദ്യം അറിഞ്ഞത് ക്രിസ്തുവര്‍ഷം രണ്ടായിരത്തി ഒന്ന് നവമ്പര്‍ മാസത്തിലെ ഒരു തണുത്ത രാത്രിയിലാണ്‌... ആദ്യമായി വീട് വിട്ട് വന്നതിന്റെ ജോളി ആക്കല്‍ ഒരു വശത്ത്.. നാളിതു വരെ ചെയ്തു കൂട്ടിയ പരാക്രമങ്ങള്‍ ഉപ്പും മുളകും കൂട്ടി അടിച്ചു വിട്ട് കയ്യടി വാങ്ങുന്നവരുടെ കഥാകഥനം വേറൊരു ഭാഗത്ത്... ഇതിനിടയില്‍ നമ്മുടെ ഐതിഹ്യമാലയില്‍ പറഞ്ഞ കോടന്‍ ഭരണിയിലെ ഉപ്പുമാങ്ങ പോലെ സമൂഹത്തിലെ അനാചാരങ്ങളെയും, നമ്മുടെ അഴീക്കോടിന്റെ സ്വന്തം ഡയലോഗായ മൂല്യച്യുതിയെക്കുറിച്ചും ഘോരഘോരം സംസാരിച്ചു കൊണ്ട് ഞങ്ങളുടെ ഒരു സംഘവും കൂടിചേര്‍ന്നപ്പോള്‍ അന്നേ വരെ പരിശുദ്ധയായിരുന്ന ആ ഗ്രാമത്തിന്റെ ജാതകം തന്നെ മാറിപ്പോവുകയായിരുന്നു....ചൂട് പിടിച്ച ചര്‍ച്ച സ്ത്രീകളുടെ പര്‍ദ്ദധാരണത്തിലെത്തി കുടുങ്ങി നിന്നു... പര്‍ദ്ദ വേണമെന്നും വേണ്ടെന്നുമുള്ള വാദപ്രതിവാദങ്ങള്‍ അരങ്ങു തകര്‍ക്കുന്നേന്റെ ഇടയില്‍ അന്തരീക്ഷം പൂരപ്പറമ്പിനേക്കാള്‍ അലമ്പാകുന്നത് ശ്രദ്ധിക്കാന്‍ ആര്‍ക്കും ടൈം കിട്ടീല്യ. ഖുറാനില്‍ കൂടുതല്‍ അറിവുള്ളവരെ വിളിച്ചു വന്നു കൊണ്ടും കൂടുതല്‍ പേരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ നെട്ടോട്ടമോടുന്നതിന്റെയും ഇടയില്‍ സമയം പതിനൊന്നും പന്ത്‌റണ്ടും കഴിഞ്ഞ് ഒന്നിലേക്കു പോയത് ഞാനും (ഹിഹി) ശ്രദ്ധിച്ചില്ല... ഒടുവില്‍ താഴെ ഞങ്ങളുടേതിനെക്കാള്‍ വലിയ എന്തോ ഒച്ച കേള്‍ക്കുന്നുണ്ടോ എന്നൊരു ഡൌട്ടടിച്ചപ്പോ "ആരെടാ അവിടെ ബഹളമുണ്ടാക്കുന്നത്" എന്ന മട്ടില്‍ ഞങ്ങള്‍ ഒന്നു രണ്ട് പേര്‍ പതുക്കെ ജനലിലൂടെ ഏന്തി വലിഞ്ഞു നോക്കി.... കൊലവിളിയും വിളിച്ച് നില്‍ക്കുന്ന മദയാനകളെപ്പോലെ താഴെ നാട്ടുകാരുടെ ഒരു ഗ്രൂപ്പിനെ കണ്ടപ്പോലാണ്‌ സംഗതി കൈ വിട്ടു പോയ വിവരം ഞങ്ങളറിഞ്ഞത്..... സമസ്താപരാധം പൊറുത്ത് മാപ്പു തരണേ ചേട്ടമ്മാരേ ഇക്കമാരേ ഏ ഏ ഏ എന്നുള്ള രീതിയിലുള്ള മാപ്പുപറയലുകളുടെ എക്കോ അടുത്തുള്ള പള്ളീടെ ബാങ്കുവിളി പോലെ പാറേക്കോട്ട് താഴത്തും പട്ടയില്‍കുന്നിന്റെ താഴ്വരകളിലും അലയടിച്ചു....നാടിന്റെ സാംസ്കാരികകാര്യങ്ങളില്‍ ഒരു താല്പര്യവുമില്ലാത്തവരും ഒഴിവുവേളകള്‍ ആനന്ദപ്രദമാക്കുന്നതില്‍ വിമുഖത കാണിക്കുന്നവരുമായ ഇത്തരം ആളുകള്‍ നമ്മുടെ ചര്‍ച്ച ആസ്വദിക്കാനുള്ള സൌഭാഗ്യം അര്‍ഹിക്കുന്നില്ലെന്ന് മനസ്സാ പറഞ്ഞ് സമാധാനിച്ച് ഞങ്ങള്‍ പതിയെ കിടക്കകളില്‍ അഭയം പ്രാപിച്ചു.

സംഗതി എന്തൊക്കെയായാലും പട്ടിയുടെ വാലിന്റെ കഥ പറഞ്ഞ പോലെയായിരുന്നു കാര്യങ്ങളുടെ പിന്നീടുള്ള ഗതിവിഗതികള്‍... കൂടുതല്‍ ഗൌരവമേറിയ ചര്‍ച്ചകളും വാഗ്വാദങ്ങളും, പിന്നെ 15*10 ഹാളിനുള്ളിലെ ക്രിക്കറ്റ് കളിയുമായി ഞങ്ങളെന്ന ചാത്തന്‍കൂട്ടം മുന്നേറിയപ്പോള്‍ സ്വന്തം ശീലങ്ങളെ മാറ്റിയെടുക്കുകയല്ലതെ നാട്ടുകാര്‍ക്കു വേരെ വഴിയുണ്ടായിരുന്നില്ല... ഹോസ്റ്റെലിനോട് ചേര്‍ന്നു നില്‍ക്കുന്ന വീട്ടുകാര്‍ അങ്ങോട്ടുള്ള ഞങ്ങളുടെ ദൃഷ്ടി മറക്കാന്‍ റ്റാര്‍പോളിന്‍ ഷീറ്റ് വെച്ച് മറച്ചതും കളികള്‍ക്കിടെ ആദ്യമായി ഫുട്ബോള്‍ അങ്ങോട്ട് പോയപ്പോളുണ്ടായ കൊലവിളികളും ഒന്നും തന്നെ പിന്നീടുള്ള ഞങ്ങളുടെ തല്ലുകൊള്ളിത്തരങ്ങള്‍ക്ക്, ഞങ്ങളുടെ ഭാഷയില്‍പറഞാല്‍ സ്വസ്ഥവും സ്വതന്ത്രവുമായ ഞങ്ങളുടെ ജീവിതത്തിന്‌, യാതൊരു വിധ മാറ്റവുമുണ്ടാക്കാനായില്ല...
പതിയെപതിയെ കുറ്റിക്കാട്ടൂര്‍ അതിന്റെ മുഖച്ഛായ മാറ്റി...അല്ലെങ്കില്‍ ഞങ്ങളെന്ന ഒഴിയാബാധകളും ഒരിക്കലും നിലക്കാത്ത ഞങ്ങളുടെ പിന്‍തലമുറയും ചേര്‍ന്ന് അതിനെ മാറ്റി.... അവിടം വിട്ടിട്ട് രണ്ട് കൊല്ലം കഴിഞ്ഞെങ്കിലും ഇടക്കൊന്നു അവിടെ ചെന്നപ്പോള്‍ പഴയതിലും ഹൃദ്യമായ പുഞ്ചിരിയോടെ നാട്ടുകാര്‍ വിശേഷങ്ങളൊക്കെ ചോദിച്ചപ്പോള്‍ മനസ്സിലെവിടെയോ ആരോ പറഞ്ഞു.."എന്തൂട്ടിന്ണ്ടാ ജേഷ്ടേ അവര്- രെ തൊയ്‌ര്യം നശിപ്പിച്ചേ?"

3 comments:

അനിയന്‍കുട്ടി | aniyankutti said...

ചില പഴയ ചെയ്തികളെ പൊടി തട്ടിയെടുത്ത് പൊടിപ്പും തൊങ്ങലും വേണ്ടുവോളം ചാമ്പി സമക്ഷം കൂട്ടി വെക്കുന്നു... സേവിച്ചാലും...

സു | Su said...

ഹിഹി. ഇനിയും ഇവിടെ സ്ഥിരതാമസത്തീനു വന്നതല്ലല്ലോന്നുള്ളൊരു ചോദ്യം മനസ്സില്‍ വെച്ചുകൊണ്ടാവും, ആ നാട്ടുകാര്‍, സ്നേഹത്തോടെ, ചോദ്യങ്ങള്‍ ചോദിച്ചത്.

Anoop said...

ഡാ.. ഘെടീ..... കലക്കീട്ടിണ്ട്ട്ടൊ

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...