Saturday 17 March 2007

അനിയന്‍റെ ഒന്നാം തിരുപ്രണയം

സംഭവം ഞാനൊരു നുണയനാണെങ്കിലും, താഴെപറയുന്ന കഥ വാസ്തവമാണ്... പ്രേമം എന്നാല്‍, ഷനുച്ചേട്ടനും കൂട്ടുകാരും ചെയ്തിരുന്ന പോലെ സ്കൂളിലെ കാണാന്‍ കൊള്ളാവുന്ന ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ കൂട്ടത്തില്‍ ശുദ്ധനും തിരിച്ചടിക്കാന്‍ സാധ്യത ഇല്ലാത്തവനും ആയവന്‍റെ തലയില്‍ കെട്ടിവെച്ചു കൊടുക്കുകയും, തല്ഫലമായി, ഇല്ലാത്തതും എന്നാല്‍ ഉണ്ടായാല്‍ കൊള്ളാമെന്നു പ്രസ്തുത ശുദ്ധനു തോന്നുകയും ചെയ്യുന്ന ഒരു വികാരമാണെന്നായിരുന്നു എന്‍റെ പൊതുവെയുള്ള ഒരു ധാരണ. പിന്നീടെപ്പൊഴെങ്കിലും അന്ത പെണ്‍കുട്ടിയില്‍ നിന്നും നമ്മുടെ ശുദ്ധനു വഴക്കു കിട്ടുകയും അതിന്‍റെ ബോണസ്, ഗ്രാറ്റുവിറ്റി എന്നിവയായി കൂടെ നടന്നു ഒടുവില്‍ പാലം വലിച്ച ആത്മാക്കളുടെ ഒടുക്കത്തെ തേജോവധവും, കൂനിന്മേല്‍ കുരു എന്ന കണക്കു വീട്ടുകാരുടെ കയ്യില്‍ നിന്നും കിഴുക്കു കിട്ടുകയും ചെയ്യുന്നതോടെ ലാസ്റ്റ് കര്‍ട്ടന്‍ വീഴുന്ന അത്തരം ഒരു നാടകത്തിന്‍റെ നായകനാകാന്‍ എനിക്കു കൈ വന്ന മഹാസൌഭാഗ്യമാണു കഥാതന്തു...പാവം ഞാന്‍...

ഞാന്‍ വെറും ഒരു നാലാം ക്ലാസ്സ് വിദ്യാര്‍ഥി ആയിരുന്നു അന്ന്‌...സ്കൂള്‍ വിട്ട് ഷനുചേട്ടന്‍റെയും ചേട്ടന്‍റെ പട്ടാളത്തിന്‍റെയും കൂടി നടന്ന് വന്ന പാവം ഞാന്‍ വൈദ്യരുദെ കടയ്ക്കു മുന്‍പുള്ള വളവില്‍ എനിക്കുള്ള പണി കാത്തു നില്ക്കുന്നുണ്ടെന്നു എങ്ങനെ അറിയാന്‍....!വളവിലെ വീടിന്‍റെ ഗേറ്റില്‍ പിദിച്ചു നിന്നിരുന്ന എന്‍റെ പഴയ ഒരു സഹപാഠി എന്നെ കണ്ട് ഒന്നു ചിരിച്ചു. യുവര്‍ ഓണര്‍, അതാണു ഞാന്‍ ചെയ്ത അപരാധം...! ആ ഒരു ചിരിക്കു കിട്ടിയ വ്യാഖ്യാനങ്ങള്‍ കേട്ടു എനിക്കു തന്നെ തോന്നിപ്പോയി, എല്‍.കെ.ജിയില്‍ ഒരു വര്‍ഷം മാത്രം കൂടെ പഠിച്ച എന്നെ അവള്‍ അതിഭയങ്കരമായി പ്രേമിക്കുന്നുണ്ടോ എന്നു....

കാര്യം എന്തൊക്കെയായാലും അനിയന്‍റെ പ്രേമം എല്ലാരും കൂടെ ആഘോഷിച്ചു..പ്രണയലേഖനങ്ങള്‍ തയ്യാറായി...ഇന്‍ത്യന്‍ പ്രസിഡണ്ട്‌ നിയമത്തില്‍ ഒപ്പു വെക്കുന്നതു പോലെ എനിക്ക് അതിലെല്ലാം എന്‍റെ കയ്യൊപ്പ് വയ്ക്കേണ്ടി വന്നു. "നീ പേടിക്കണ്ട്രാ..അവള്‍ക്കു നിന്നോടു ഉരു ജ്ജാതി പ്രേമാണ്ടാ.." എന്നൊക്കെ ഒടുക്കത്തെ സഹോദരസ്നേഹം നടിച്ചു പറഞ്ഞ് അവരൊക്കെ എന്നിലെ നാലാംക്ലാസ്സ് കാമുകനു കരുത്തു നല്കി. ഒടുവില്‍ എന്‍റെ സ്വന്തം കൈപ്പടയില്‍ എന്‍റെ ആദ്യത്തെ പ്രണയലേഖനം ഞാന്‍ എഴുതി....
ഒരു പക്ഷേ, എം.ടി യെക്കാളും പ്രസവവേദന അനുഭവിച്ചു വെള്ളക്കടലാസില്‍ ഞാന്‍ തയ്യാറാക്കിയ എന്‍റെ ആദ്യത്തെ കത്തിലെ അക്ഷരങ്ങള്‍ക്ക് മഞ നിറം ഉപയോഗിച്ചാല്‍ എളുപ്പം ആര്‍ക്കും മനസ്സിലാവില്ലെന്നു ഉപദേശിച്ചതു വെല്ലിയമ്മേടെ മോന്‍ കിച്ചു ആയിരുന്നു. പാപി!ഒടുവില്‍ വെറും ഒരു പാവമായ ഞാന്‍ എന്ന കാമുകന്‍റെ ജീവിതത്തിലെ ആ പരിപാവനമായ ദിനം വന്നെത്തി... ഇന്നാണു ഞാന്‍ എന്ന റോമിയോ എന്‍റെ ജൂലിയറ്റിനു കത്തു കൊടുക്കുന്നത്‌. കത്തു കാമുകനു നേരിട്ടു കൊടുക്കാന്‍ ധൈര്യമില്ലാതതിനാല്‍ ആ ദൌത്യം എറ്റെടുക്കാനും ആളുണ്ടായി. അങ്ങനെ എന്‍റെ കത്ത് ഞാന്‍ ദൂതനു കൈമാറി.

കാലം ഹാര്‍ലി ഡേവിഡ്സണില്‍ കേറി പറന്നു പോയി. എന്‍റെ കത്തിനു ഒരു മറുപടിയും വന്നില്ല. പിന്നീടു പലപ്പോഴും ഞാന്‍ എന്‍റെ അഭിനവകാമുകിയെ കണ്ടെങ്കിലും പതിവു ചിരിയില്‍കവിഞ ഒന്നും ലവള്‍ പ്രകടിപ്പിച്ചില്ല. എന്‍റെ ആകാംക്ഷയും ആകുലതയും ആക്രാന്തവും അപസ്മാരവുമെല്ലാം കൂടിക്കൂടി വന്നു. എന്‍റെ കത്തു അവള്‍ വായിച്ചിരിക്കുമോ, അവള്‍ മറുപടി എഴുതിയിരിക്കുമോ, ഇനി അവള്‍ കൊടുത്ത മറുപടി എന്‍റെ സഹോദരലോബി മുക്കിയതായിരിക്കുമോ എന്നൊക്കെ ഓര്‍ത്ത് എന്‍റെ കുറേ രാത്രികള്‍ പടുവേസ്റ്റായി. പതുക്കെ പതുക്കെ ഞാന്‍ ആ കത്തിനെയും പിന്നീടു അവളെത്തന്നെയും മറന്നു. പാവം ഞാന്‍. എന്നോടു ചെയ്ത പാപത്തിന്‍റെ ഫലമായിട്ടോ എന്തോ, ചേട്ടനെ പിന്നീടു കാലടിയില്‍ ശ്രീ ശങ്കരാചാര്യ മഠത്തിലാണു പഠിപ്പിക്കാന്‍ വിട്ടത്.

എതാണ്ട് രണ്ടു വര്‍ഷത്തിനു ശേഷം എല്ലാരും കൂടി ചേട്ടനെ കാണാന്‍ വേണ്ടി കാലടിയിലേക്കു പോയി. അവിടെ വച്ചാണു ഞാന്‍ ഹൃദയഭേദകമായ ആ കാഴ്ച കണ്ടത്. ഊണും ഉറക്കവും ഉപേക്ഷിച്ച് അച്ഛനും അമ്മയും ഒന്നും കാണാതെ ഞാന്‍ സൃഷ്ടിച്ചെടുത്ത എന്‍റെ സ്വന്തം പ്രേമലേഖനം കിച്ചു പുറത്തെടുത്ത് ഷനുച്ചേട്ടനുമൊത്തു വായിച്ചു ചിരിക്കുന്നു. ആ സാമദ്രോഹികളെയെല്ലാം കൂടി അപ്പൊള്‍ത്തന്നെ മുതലക്കടവില്‍ മുക്കിക്കൊല്ലാനുള്ള സങ്കടവും നിരാശയും എല്ലാം കൂടി എനിക്കു വന്നെങ്കിലും എന്‍റെ ആരോഗ്യസ്ഥിതി അതിഭീകരമായിരുന്നതിനാലും, മമ്മൂട്ടിയുടെ "യാത്ര" കണ്ടതു മുതല്‍ എനിക്കു ജയിലിന്‍റെ അക്കോമഡേഷനെ പറ്റി അത്ര അഭിപ്രായം ഇല്ലാഞ്ഞതിനാലും, അന്നവര്‍ രണ്ടും രക്ഷപെട്ടു. മതിലില്മേല്‍ പറ്റിപിടിച്ചിരുന്ന പൂപ്പായിമേലെല്ലാം എന്‍റെ പ്രസ്തുത സഹോദരങളുടെ പേരിനു നേരെ അന്നത്തെ എന്‍റെ അതിഭീകരതെറികളായിരുന്ന "പട്ടി", "ചെറ്റ" , "എരപ്പ", "വ്രികോദരന്‍" ഇത്യാദികള്‍ എഴുതിയിട്ട് ഞാനും എന്‍റെ നിരാശ തീര്‍ത്തു. ഹാര്‍ലി ഡേവിഡ്സണില്‍ എന്നേം കേറ്റി പോയ കാലം എന്‍റെ മുറിവ് പതിയെ ഉണക്കി....

എങ്കിലും ഇപ്പോഴും വൈദ്യരുടെ കടയുടെ അടുത്തുള്ള വളവിലെത്തുമ്പോള്‍ വെള്ളക്കടലാസില്‍ മഞ്ഞയിലെഴുതിയ ആ പ്രണയലേഖനമാണ്‌ എനിക്കോര്‍മ്മ വരിക. അപ്പോഴൊക്കെ ഞാന്‍ മനസ്സില്‍ പറയും...സഹപാഠീ.....പാവം ഞാന്‍.....

6 comments:

Kaithamullu said...

ലേബല്‍: എന്നെപ്പറ്റിയുള്ള നുണക്കഥകള്‍.

തുടക്കം:“സംഭവം ഞാനൊരു നുണയനാണെങ്കിലും, താഴെപറയുന്ന കഥ വാസ്തവമാണ്“...

ഇനി പറ, ഞങ്ങളിത് വായിക്കണോ?

സുല്‍ |Sul said...

ഹൊ ഒരു കൊച്ചുപ്രേമന്‍ വന്നിരിക്കുന്നു.
എന്നാലും അവളെ മറന്നൂന്നൊക്കെ അറുത്തു മുറിച്ചു പറഞ്ഞു കളഞ്ഞല്ലോ.

-സുല്‍

അനിയന്‍കുട്ടി | aniyankutti said...

കൈതമുള്ളേ...കെവലം നാലാം ക്ലാസ്സില്‍ പഠിച്ചീര്‍ന്ന ഒരു ശരാശരി ഇന്‍ത്യന്‍ പൌരനായിരുന്ന ന്റെ അന്നത്തെ മാനസികാവസ്ഥ ജ്ജൊന്നു മനസ്സിലാക്കണം.... :-)

പിന്നെ സുല്ലേ, അവളെ മറക്കാന്‍ കാരണങള്‍ വേറെയും ഉണ്ടായിരുന്നു... ജീവിതം തുടങുന്നല്ലേ ഉണ്ടായിരുന്നുള്ളൂ... ഹിഹിഹിഹി.... എല്ലാം വഴിയേ പറയാം..... പക്ഷേ, എല്ലാം നുണക്കഥകളാണു കേട്ടോ... ഒരു വെറും പാവമായ ന്നെപ്പറ്റിയുള്ള നുണകഥകള്.... വല്ല കേസും വന്നാല്‍ ഞാന്‍ മൊത്തം നിഷേധിച്ചു കളയും .... ഞങള്‍ അഴിമതിക്കാര്‍ അങനാ..... :-)

Unknown said...

ആ മഞയില്‍ ചാലിചു എഴുതിയ ആ വരികല്‍ വയനക്കരുമയി പങുവചുകൂദെ..
അതിനായി കാതിരിക്കുന്നു..
എന്നു സ്വന്തമ്
തദു

അനിയന്‍കുട്ടി | aniyankutti said...

അതേഷ്ടാ...ഇനി ആ മഞ്ഞ ഒന്നൂടെ വായിച്ചു തന്നിട്ടു വേണം കഴിമ്പ്രത്ത് അടുത്ത കലാപം നടക്കാന്‍... ഇതൊന്നും അറിയാത്ത ആ പാവം സഹപാഠീടെ കല്യാണായിരിക്കണു....അതിന്റെടേല്‍ എന്തിനാ വെറ്തെ.... :)
അത്യാവശ്യത്തിന്‌ എനിക്കൊരു സെറ്റപ്പുണ്ടല്ലോ...അടുത്ത മാസം അതങ്ങോട്ട് ഒറപ്പിക്കാനും പോവാണ്‌...അതു പോരെ..:)

Anonymous said...

Aniyankuttide kathakal valare nannayittundu.english kathakalude kuthochukkulla innathe kalatu,nalla malayalam vayikkumbol ulla oru sukham vere thanneyanu
nandu

ക്വിൻസിയന്യേറ

രണ്ടുമൂന്നു മാസം മുൻപേ പുത്രൻ വന്നിട്ട് പറയുന്നു, അവന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്-ന്ന്. ‘ആയിക്കോട്ടെ’, ന്നല്ലാതെ നമുക്കത...